ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ മലേഷ്യയെ 2-1ന് തോല്‍പിച്ചു

കൗണ്ടന്‍: ഡ്രാഗ് ഫ്ളിക്കര്‍ രുപീന്ദര്‍പാല്‍ സിങ്ങിന്‍െറ ഇരട്ട ഗോള്‍ മികവില്‍ ആതിഥേയരായ മലേഷ്യയെ തകര്‍ത്ത് ഇന്ത്യന്‍ ജൈത്രയാത്ര. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ അവസാന ലീഗ് മത്സരത്തിനിറങ്ങിയ ഇന്ത്യ 2-1ന്‍െറ ജയവുമായി ഒന്നാം സ്ഥാനമുറപ്പിച്ച് സെമിഫൈനലില്‍. റൗണ്ട് റോബിന്‍ ലീഗിലെ നാലാം സ്ഥാനക്കാരാവും സെമിയില്‍ ഇന്ത്യയുടെ എതിരാളി. 

ഒരു മത്സരം ബാക്കിയുള്ള പാകിസ്താനോ ദക്ഷിണ കൊറിയയോ ആവും അത്. കളിയുടെ 12ാം മിനിറ്റില്‍ രുപീന്ദര്‍ പാല്‍ സിങ് പെനാല്‍റ്റി കോര്‍ണര്‍ ഷോട്ട് വലയിലാക്കി ഇന്ത്യയെ മുന്നിലത്തെിച്ചാണ് ആദ്യ ക്വാര്‍ട്ടര്‍ തുടങ്ങിയത്. എന്നാല്‍, രണ്ടാം ക്വാര്‍ട്ടറില്‍ (18) റാസി റഹീമിലൂടെ അതേ നാണയത്തില്‍ മലേഷ്യ തിരിച്ചടിച്ചു. ആദ്യ പകുതി പിരിയുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പം. മൂന്നാം ക്വാര്‍ട്ടറില്‍ ഇരു പകുതിയിലും ആവേശകരമായ മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ഗോള്‍കീപ്പര്‍മാരുടെ അതിശയ പ്രകടനത്തിനു മുന്നില്‍ എല്ലാം വിഫലമായി. ഇന്ത്യയുടെ ആകാശ് ചിക്തെയും മലേഷ്യയുടെ കുമാര്‍ സുബ്രഹ്മണ്യവും അരഡസനോളം ഗോളവസരങ്ങളാണ് അക്രോബാറ്റിക് പ്രകടനങ്ങളിലൂടെ തട്ടിയകറ്റിയത്. 

അവസാന ക്വാര്‍ട്ടറിലും ഇതുതന്നെയായിരുന്നു കാഴ്ച. പക്ഷേ, ലോങ് വിസിലിന് രണ്ടു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ രുപീന്ദര്‍ തന്നെ വിജയമത്തെിച്ചു. പെനാല്‍റ്റി കോര്‍ണര്‍ ഡ്രാഗ് ഫ്ളിക്കിലൂടെ വലയുടെ മേല്‍ക്കൂരയിലേക്ക് അടിച്ചുകയറ്റിയായിരുന്നു പൂളിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച വിജയമത്തെിയത്.
ശ്രീജേഷിന് പകരക്കാരനായിറങ്ങിയ ഗോള്‍കീപ്പര്‍ ആകാശ് ചിക്തെ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മിന്നുന്ന ഫോമിലായിരുന്നു. ആകാശ്ദീപ്, നികിന്‍ തിമ്മയ്യ, സര്‍ദാര്‍ സിങ് എന്നിവരും വിയര്‍ത്തുകളിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യയുടെ ആദ്യ തോല്‍വികൂടിയാണിത്. അഞ്ചു കളിയില്‍ നാലു ജയവും ഒരു സമനിലയുമായി ഇന്ത്യക്ക് 13ഉം നാലു കളിയില്‍ മലേഷ്യക്ക് ഒമ്പതും പോയന്‍റാണുള്ളത്.
Tags:    
News Summary - champions trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.