ജകാർത്ത: ഹോക്കി ഗ്രൂപ് റൗണ്ടിൽ ഗോളടിച്ചുകൂട്ടി കുതിച്ച ഇന്ത്യൻ പുരുഷന്മാർക്ക് സെമിഫൈനലിൽ മലേഷ്യ കൂച്ചുവിലങ്ങിട്ടു. സഡൻഡെത്തിെൻറ അനിശ്ചിതത്വത്തിലേക്ക് നീണ്ട പോരാട്ടത്തിൽ 6-7നായിരുന്നു ഇന്ത്യയുടെ തോൽവി. നിശ്ചിത സമയത്ത് സ്കോർ 2-2ന് തുല്യതയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ട് ഒാഫിലേക്കും പിന്നീട് സഡൻഡെത്തിലേക്കും നീണ്ടത്.
നിശ്ചിത സമയം തീരുന്നതിന് രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ 2-1ന് മുന്നിലായിരുന്ന ഇന്ത്യക്ക് അവസാനഘട്ടത്തിൽ വഴങ്ങിയ ഗോളാണ് തിരിച്ചടിയായത്. 33ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങിെൻറ പെനാൽറ്റി കോർണർ ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യക്കെതിരെ 39ാം മിനിറ്റിൽ ഫൈസൽ സാറിയിലൂടെ മലേഷ്യ സമനിലപിടിച്ചു.
തൊട്ടടുത്ത മിനിറ്റിൽ വീണ്ടും പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് വരുൺകുമാർ ഇന്ത്യക്ക് ജയപ്രതീക്ഷ നൽകിയെങ്കിലും 58ാം മിനിറ്റിൽ മുഹമ്മദ് റാസി പെനാൽറ്റി കോർണറിൽനിന്ന് ഗോൾ നേടിയതോടെ മത്സരം ഷൂട്ട് ഒാഫിലേക്ക് നീളുകയായിരുന്നു.
ഷൂട്ട് ഒാഫിൽ രണ്ട് ടീമുകൾക്കും രണ്ട് തവണ വീതമേ ലക്ഷ്യം കാണാനായുള്ളൂ. ഇന്ത്യയുടെ ആകാശ്ദീപ് സിങ്ങും ഹർമൻപ്രീത് സിങ്ങും ഗോൾ നേടിയപ്പോൾ മൻപ്രീത് സിങ്, ദിൽപ്രീത് സിങ്, എസ്.വി. സുനിൽ എന്നിവർക്ക് പിഴച്ചു.
സഡൻഡെത്തിൽ ഇരുടീമുകളും ആദ്യ നാല് ശ്രമങ്ങളും ഗോളാക്കിയപ്പോൾ പരിചയസമ്പന്നനായ സുനിലിന് ഒരിക്കൽകൂടി പിഴച്ചപ്പോൾ ഇന്ത്യക്ക് മരണമണി മുഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.