ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ഹോക്കി വേൾഡ് ലീഗ് ഫൈനൽ റൗണ്ടിൽ ഇന്ത്യക്ക് സമനിലത്തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെയാണ് ഇന്ത്യ 1-1ന് തളച്ചത്. കലിംഗ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ബി മത്സരത്തിൽ ആതിഥേയർ കരുത്തരായ എതിരാളികൾക്കെതിരെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ പിടിച്ചുകെട്ടുകയായിരുന്നു.
രണ്ടാം ക്വാർട്ടറിൽ ഒരു മിനിറ്റിെൻറ വ്യത്യാസത്തിലാണ് രണ്ടു ഗോളുകളും പിറന്നത്. 20ാം മിനിറ്റിൽ ഇന്ത്യക്കായി മനോഹരമായ ഫീൽഡ് ഗോളിലൂടെ മന്ദീപ് സിങ് ലക്ഷ്യം കണ്ടപ്പോൾ തൊട്ടടുത്ത നിമിഷം ലഭിച്ച പെനാൽറ്റി കോർണറിൽനിന്ന് ജെറമി ഹെയ്വാർഡിെൻറ വകയായിരുന്നു ആസ്ട്രേലിയയുടെ മറുപടി.
ക്യാപ്റ്റൻ മൻപ്രീത് സിങ് തുടക്കമിട്ട അതിവേഗ മുന്നേറ്റത്തിനൊടുവിൽ ലളിത് ഉപാധ്യായയുടെ പാസിൽനിന്ന് റിവേഴ്സ് ഫ്ലിക്കിലൂടെയായിരുന്നു മന്ദീപിെൻറ ഗോൾ. പരിചയസമ്പന്നരായ മലയാളിതാരം പി.ആർ. ശ്രീജേഷ്, സർദാർ സിങ് എന്നിവരില്ലാതെ ടൂർണമെൻറിനെത്തിയ ഇന്ത്യ മികച്ച കളിയാണ് ആദ്യ മത്സരത്തിൽ കെട്ടഴിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ജർമനി 2-0ത്തിന് ഇംഗ്ലണ്ടിനെ തോൽപിച്ചു. മാറ്റ്സ് ഗ്രാബുഷ്ക് (19), ക്രിസ്റ്റഫർ റൂഹർ (25) എന്നിവരാണ് ഗോളുകൾ നേടിയത്. ശനിയാഴ്ച ഗ്രൂപ് ബിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും ജർമനി ആസ്ട്രേലിയയെയും നേരിടും. ഗ്രൂപ് എയിൽ അർജൻറീന, െബൽജിയവുമായും നെതർലൻഡ്സ്, സ്പെയിനുമായും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.