ന്യൂഡൽഹി: അടുത്തമാസം ഇന്ത്യയിൽ നടക്കുന്ന ഹോക്കി വേൾഡ് ലീഗിനുള്ള ഇന്ത്യൻ ടീമിൽ സീനിയർ താരങ്ങളായ പി.ആർ. ശ്രീജേഷും സർദാർ സിങ്ങുമില്ല. പരിക്ക് ഭേദമാവാത്തതാണ് മലയാളി താരത്തിന് വിനയായതെങ്കിൽ മോശം ഫോമാണ് സർദാറിന് തിരിച്ചടിയായത്. ഇൗ വർഷത്തെ ഖേൽരത്ന ജേതാവ് കൂടിയായ സർദാറിെൻറ ക്യാപ്റ്റൻ സ്ഥാനം നേരത്തേ തെറിച്ചിരുന്നു. ശ്രീജേഷും മലയാളി താരത്തിെൻറ അഭാവത്തിൽ മൻപ്രീത് സിങ്ങുമാണ് സമീപകാലത്ത് ടീമിനെ നയിച്ചിരുന്നത്.
ധാക്കയിൽ ഇന്ത്യ ജേതാക്കളായ ഏഷ്യ കപ്പിൽ മൻപ്രീതിനുവേണ്ടി തെൻറ സ്ഥിരം പൊസിഷനായ പ്ലേമേക്കർ റോളിൽനിന്ന് മാറിയ സർദാർ ഫ്രീ ഡിഫൻഡർ റോളിലാണ് കളിച്ചത്. എന്നാൽ, ആ റോളിലും പുതിയ കോച്ച് സ്യോഡ് മറീനെയുടെ പദ്ധതിയിൽ സർദാർ ഇല്ലെന്ന് വ്യക്തമാക്കുന്നതായി ഇപ്പോഴത്തെ തഴയൽ. ഇതോടെ സർദാറിെൻറ രാജ്യാന്തര കരിയറിന് അന്ത്യമാവുമെന്നാണ് സൂചന. ഡിഫൻഡർമാരായ രൂപീന്ദർപാൽ സിങ്ങും ബീരേന്ദ്ര ലാക്രയും 18 അംഗ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനത്ത് മൻപ്രീത് തുടരും. ചിൻഗ്ലൻസേന സിങ്ങാണ് ഉപനായകൻ. ലീഗിൽ നിലവിലെ ജേതാക്കളായ ആസ്ട്രേലിയ, ഇംഗ്ലണ്ട്, ജർമനി എന്നിവർക്കൊപ്പം ഗ്രൂപ് ബിയിലാണ് ഇന്ത്യ.
ടീം: ആകാശ് ചിക്തെ, സൂരജ് കർകേര (ഗോൾ കീപ്പർമാർ), ഹർമൻപ്രീത് സിങ്, അമിത് രോഹിദാസ്, ദിപ്സൻ തിർക്കി, വരുൺ കുമാർ, രൂപീന്ദർപാൽ സിങ്, ബീരേന്ദ്ര ലാക്ര (ഡിഫൻഡർമാർ), ചിൻഗ്ലൻസേന സിങ്, എസ്.കെ. ഉത്തപ്പ, സുമിത്, കോതജീത് സിങ് (മിഡ്ഫീൽഡർമാർ), എസ്.വി. സുനിൽ, ആകാശ്ദീപ് സിങ്, മൻദീപ് സിങ്, ലളിത് കുമാർ ഉപാധ്യയ്, ഗുർജന്ദ് സിങ് (ഫോർവേഡുകൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.