ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിലെ സൂപ്പർ പോരാട്ടത്തിന് ആവേശ സമനില. രണ്ട് പകുതികൾ രണ്ട് ടീമുകളും ചേർത്ത് പകുത്തെടുത്ത പോരാട്ടത്തിൽ ഇന്ത്യയും ബെൽജിയവും 2-2ന് കരുത്തുകാട്ടി പിരിഞ്ഞു. മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തെ പിടിച്ചുകെട്ടി അഞ്ചാം റാങ്കുകാരായ ഇന്ത്യ ലോകകപ്പ് ഹോക്കി പൂൾ ‘സി’യിൽ ഒന്നാം സ്ഥാനം നിലനിർത്തി. പേരും പെരുമയുംപോലെ തന്നെയായിരുന്നു കളിയും. ആദ്യ രണ്ടു ക്വാർട്ടറുകൾ ബെൽജിയം നിറഞ്ഞുകളിച്ചപ്പോൾ, അവസാന രണ്ടു ക്വാർട്ടറുകൾ ഇന്ത്യ പകുത്തെടുത്തു.
ഉജ്ജ്വലമായ മുന്നേറ്റങ്ങളും കനത്ത പ്രതിരോധവുമായി രണ്ടു ലോേകാത്തര നിരകൾ വെല്ലുവിളിച്ചപ്പോൾ കലിംഗ സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിക്കും അതൊരു സുന്ദരക്കാഴ്ചയായി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ചു ഗോളിന് തകർത്ത ഇന്ത്യ തന്നെയാണ് പൂളിൽ ഒന്നാമത്. ഇന്ത്യക്കും ബെൽജിയത്തിനും നാലു പോയൻറാണെങ്കിലും ഗോൾ ശരാശരിയുടെ മുൻതൂക്കം ഇന്ത്യക്കൊപ്പം. ഇനി, ഡിസംബർ എട്ടിെൻറ പോരാട്ടം പൂളിലെ വിധി നിർണയിക്കും. ബെൽജിയം ദക്ഷിണാഫ്രിക്കയെയും ഇന്ത്യ കാനഡയെയും നേരിടും.
അടി, തിരിച്ചടി വിസിലിനു പിന്നാലെ രണ്ടാം മിനിറ്റിൽ തന്നെ പെനാൽറ്റി കോർണർ നേടി ഇന്ത്യയെ ഞെട്ടിച്ച ബെൽജിയത്തിൽനിന്ന് അപകടം നീക്കിയത് കഷ്ടപ്പെട്ടായിരുന്നു. എന്നാൽ, ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. തുടർച്ചയായി വീണ പെനാൽറ്റി കോർണറുകൾക്കൊടുവിൽ എട്ടാം മിനിറ്റിൽ ബെൽജിയം സ്കോർ ചെയ്തു. അലക്സാണ്ടർ ഹെൻറിക്സായിരുന്നു സ്കോറർ. ഭയപ്പാടോടെ കളിച്ച ഇന്ത്യൻ ഗോൾമുഖത്തേക്ക് ചെമ്പട ഇരമ്പിയാർത്തു. ശ്രീജേഷും പ്രതിരോധത്തിൽ വരുൺ കുമാറും ഹർമൻപ്രീതും ബിരേന്ദ്ര ലക്രയുമെല്ലാം തീർത്ത മതിലായിരുന്നു ഇന്ത്യയുടെ രക്ഷ. എന്നാൽ, രണ്ടാം ക്വാർട്ടർ പിരിയും മുേമ്പ തിരിച്ചടിക്കാൻ ഇന്ത്യക്കായി. പെനാൽറ്റി കോർണറിലൂടെയുള്ള ഷോട്ട് ബെൽജിയം താരം ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റി സ്ട്രോക്ക് ഹർമൻ പ്രീത് സിങ് ലക്ഷ്യം തെറ്റിക്കാതെ ഗോളാക്കി (30).
രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ഇന്ത്യ ഒരുപിടി അവസരങ്ങൾ തന്നെ സൃഷ്ടിച്ചെങ്കിലും അവസാന ക്വാർട്ടറിലാണ് ഗോളെത്തിയത്. 47ാം മിനിറ്റിൽ ഇടതു പാർശ്വത്തിലൂടെ കോതജിത് നടത്തിയ മുന്നേറ്റം സിമ്രാൻജിത് മനോഹരമായി ഫിനിഷ് ചെയ്ത് ആതിഥേയരെ മുന്നിലെത്തിച്ചു. അവസാന മിനിറ്റിൽ ഗോളിയെ പിൻവലിച്ച് മുന്നേറ്റത്തിലേക്ക് ഒരാളെ കൂടിയെത്തിച്ചാണ് ബെൽജിയം പോരാടിയത്. അതിന് ഫലവുംകണ്ടു. സിമൺ ഗൗഗ്നാഡ് സമനില ഗോളടിച്ച് ഇന്ത്യയിൽനിന്ന് വിജയം തട്ടിപ്പറിച്ചു. പ്രതിരോധ താരം വരുൺ കുമാറാണ് മാൻ ഒാഫ് ദ മാച്ച്.
കാനഡയും ദക്ഷിണാഫ്രിക്കയും 1-1ന് സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.