ലണ്ടൻ: ക്രിക്കറ്റിൽ തോറ്റതിന് ഇന്ത്യ ഹോക്കിയിൽ കണക്കുതീർത്തു. ലോക ഹോക്കി ലീഗ് സെമിഫൈനലിൽ പാകിസ്താനെ 7-1ന് നാണംകെടുത്തിയാണ് ഇന്ത്യ ജൈത്രയാത്ര തുടർന്നത്. ഗ്രൂപ് ‘ബി’യിൽ അവസാന സ്ഥാനക്കാരായ എതിരാളികൾക്കെതിരെ അനായാസമായിരുന്നു ഇന്ത്യയുടെ ജയം. തുടർച്ചയായ മൂന്നാം ജയത്തോടെ ലീഗ് സെമിഫൈനലിൽ ഇന്ത്യൻ സംഘം ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ് ‘ബി’യിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ കുതിപ്പ്. നെതർലൻഡ്സിനെതിരെയാണ് ഇന്ത്യക്ക് അവസാന മത്സരം. മൂന്നു മത്സരത്തിലും തോറ്റ പാകിസ്താന് ഇതോടെ ക്വാർട്ടർ പ്രവേശനവഴി പൂർണമായും അടഞ്ഞു. സ്കോട്ട്ലൻഡിനെതിരെയാണ് പാകിസ്താെൻറ അവസാന മത്സരം.
സ്കോട്ട്ലൻഡിനെയും കാനഡയെയും തകർത്തെറിഞ്ഞ് മുന്നേറിയിരുന്ന ഇന്ത്യക്ക് പാകിസ്താൻ എതിരാളികളേ ആയിരുന്നില്ല. ഇന്ത്യക്കായി ഹർമൻപ്രീത് സിങ്, തൽവീന്ദർ സിങ്, ആകാശ്ദീപ് സിങ് എന്നിവർ രണ്ടു ഗോളുകളുമായി തിളങ്ങിയപ്പോൾ പ്രദീപ് മോർ ഒരു ഗോൾ നേടി. ആദ്യ പത്തു മിനിറ്റ് മാത്രമേ പാകിസ്താൻ ഇന്ത്യക്കെതിരെ കളത്തിലുണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും തലനാരിഴക്ക് പന്ത് പുറത്തുപോയി. പിന്നീട് കളിയിൽ ഇന്ത്യ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്.
13ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങാണ് ആദ്യം വലകുലുക്കിയത്. പെനാൽറ്റി കോർണർ ലോ ഗ്രൗണ്ട് ഫ്ലിക്കിലൂടെ വലയിലെത്തിക്കുകയായിരുന്നു. തൽവീന്ദർ സിങ്ങാണ് രണ്ടാം ഗോൾ നേടുന്നത്. എസ്.വി. സുനിൽ, സത്ബീർ സിങ് എന്നിവരുടെ പാസിലാണ് തൽവീന്ദർ ഗോൾ നേടുന്നത്. മിനിറ്റുകൾക്കുള്ളിൽ തൽവീന്ദർ തെൻറ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിലും ഇന്ത്യയുെട ഗോൾദാഹം അവസാനിച്ചിരുന്നില്ല.
ഇത്തവണ ഹർമൻപ്രീത് സിങ് രണ്ടാം ഗോൾ നേടിയതോടെ ഇന്ത്യ നാലു ഗോളുകൾക്ക് മുന്നിലെത്തി. ആകാശ് ദീപാണ് ഇന്ത്യയുടെ അഞ്ചാം ഗോൾ നേടിയത്. സുന്ദരമായ ഫീൽഡ് ഗോളിലാണ് താരം സ്കോർ കണ്ടെത്തിയത്. പ്രതീപ് മോർ 49ാം മിനിറ്റിൽ ആറാം ഗോളും ആകാശ് സിങ് അവസാന ഗോളും നേടി. 57ാം മിനിറ്റിൽ ഉമർ ഭട്ടാണ് പാകിസ്താെൻറ ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.