ആപ്പിൾ ഐഫോണിന്റെ അടുത്ത തലമുറയായ, ഐഫോൺ 16 സീരീസ്, ഈ വർഷം അവസാനം പുറത്തിറങ്ങാനിരിക്കുകയാണ്. വരാനിരിക്കുന്ന ലൈനപ്പിൽ പ്രതീക്ഷിക്കുന്ന ആവേശകരമായ അപ്‌ഗ്രേഡുകൾ പല ലീക്കുകളിലായി ഇപ്പോൾ പുറത്തുവരുന്നുണ്ട്. ചിപ്‌സെറ്റ്, ഡിസ്‌പ്ലേ, ക്യാമറ, ബാറ്ററി ലൈഫ് തുടങ്ങി നിരവധി മേഖലകളിൽ കമ്പനി മെച്ചപ്പെടുത്തലുകൾ വരുത്തുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ, ഇത്തവണ ഐഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്താൻ പോകുന്ന പ്രധാന മാറ്റം ഫോണിന്റെ ഡിസൈനിലാണ്.
അതെ, വർഷങ്ങൾക്ക് ശേഷം ആപ്പിൾ ഐഫോണിൽ കാര്യമായ ഡിസൈൻ മാറ്റം വരാൻ പോവുകയാണ്. സ്‌ക്വയർ ക്യാമറ ഡിസൈൻ മാറ്റി പഴയ വെർട്ടിക്കിൾ പിൽ ആകൃതിയിലേക്ക് തന്നെ ക്യാമറ യൂണിറ്റ് മാറ്റാൻ പോകുന്നു എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ട മാറ്റം. കേവലം റൂമറുകൾ മാത്രമായി പലരും ഇതിനെ തള്ളിയെങ്കിലും, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആ മാറ്റങ്ങൾ ശരിവെക്കുന്നുണ്ട്.
ആപ്പിൾ ഉത്പന്നങ്ങളെ കുറിച്ച് ആധികാരിക വിവരങ്ങൾ നൽകുന്ന ടെക് വിദഗ്ധന്‍ സോണി ഡിക്‌സൺ പങ്കുവെച്ച ഒരു സ്മാർട്ട്‌ഫോൺ കവറാണ് പുതിയ ഡിസൈൻ മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയിരിക്കുന്നത്.
അദ്ദേഹം മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത് രണ്ട് സ്മാർട്ട്‌ഫോൺ കവറുകളാണ്. അതിൽ ഇടതുവശത്തെ കവറിന് വലിപ്പം അൽപ്പം കൂടുതലാണ്. ഐഫോൺ 16 പ്ലസിന്റെതാണ് ആ കവറെന്നാണ് സൂചന. രണ്ടാമത്തേത് ബേസിക് മോഡലായ ഐഫോൺ 16-ന്റേതും. ഈ രണ്ട് കവർ ഡിസൈനും കുത്തനെയുള്ള ക്യാമറ മൊഡ്യൂളിന് യോജിച്ചതാണ്. ക്യാമറ മൊഡ്യൂളിന് തൊട്ടടുത്തായി ഫ്‌ളാഷ് ലൈറ്റിനുള്ള സ്‍പേസും കാണാം. ഐഫോണ്‍ 16നുള്ള ആദ്യ ബാക്ക് കവറുകള്‍ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
15 പ്രോ സീരിസുകളിൽ ഉൾപ്പെടുത്തിയിരുന്ന ആക്ഷൻ ബട്ടൺ, എല്ലാം 16 മോഡലുകളിലേക്കും എത്തും എന്നാണ് മറ്റൊരു മാറ്റം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിതമായ ഫീച്ചറുകളും ഇത്തവണ പുതിയ ഐഫോണുകളിൽ ധാരാളമായി പ്രതീക്ഷിക്കാം. അതിനായി കൂടുതല്‍ റാമും സ്റ്റോറേജുമായിട്ടാകും ഐഫോണ്‍ 16 മോഡലുകള്‍ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.