ഗെയിമിങ്ങിന് പ്രാധാന്യം നൽകി തായ്വാനീസ് കമ്പനി അസ്യൂസ് നിർമിക്കുന്ന റോഗ് ഫോൺ സീരീസിലെ പുതിയ അവതാരം ഇന്ന് ലോഞ്ച് ചെയ്തു. റോഗ് ഫോൺ 3-ന്‍റെ വൻ വിജയത്തിന് ശേഷം റോഗ് ഫോൺ 5 സീരീസാണ് ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. റോഗ്ഫോൺ 5, റോഗ്ഫോൺ 5 പ്രോ, റോഗ്ഫോൺ 5 അൾട്ടിമേറ്റ് എന്നീ മോഡലുകളാണ് ലോഞ്ച് ചെയ്തത്. 6.78 ഇഞ്ചുള്ള ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയോടെ എത്തുന്ന ഫോണിന് മികച്ച ഗെയിമിങ് അനുഭവമേകാനായി 144Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാംപ്ലിങ് റേറ്റും കമ്പനി നൽകിയിട്ടുണ്ട്. 24.3ms ടച്ച് ലേറ്റൻസി കൂടി ചേരുന്നതോടെ ഒരു ലക്ഷണമൊത്ത ഗെയിമിങ് ഡിസ്പ്ലേയുള്ള ഫോണായി റോഗ്ഫോണിനെ പരിഗണിക്കാൻ സാധിച്ചേക്കും.
ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5ജി എന്ന ഫ്ലാഗ്ഷിപ്പ് പ്രൊസസറാണ് റോഗ്ഫോൺ 5ന് കരുത്തുപകരുന്നത്. ഗ്രാഫിക്സിനായി അഡ്രിനോ 660 ജിപിയു ആണ് ഈ ചിപ്സെറ്റ് ഉപയോഗിക്കുന്നത്. മികച്ച പ്രകടനവും കൂളിങ്ങും സമ്മാനിക്കുന്നതിനായി ചില പൊടിക്കൈകൾ അസ്യൂസ് റോഗ്ഫോൺ 5ൽ പ്രയോഗിച്ചിട്ടുണ്ട്. വാപ്പർ ചേമ്പറിന്‍റെ സ്ഥാനം മാറ്റിയതും ആക്ടീവ് കൂളിങ്ങിനായി ഏറോ ആക്ടീവ് കൂളർ 5 ഉപയോഗിക്കുന്നതും അതിന്‍റെ ഭാഗമായിട്ടാണ്.
DIRAC ട്യൂൺ ചെയ്ത ഇരട്ട ഫ്രണ്ട്-ഫേസിങ് ഡ്യുവൽ സ്പീക്കറുകളും ഗെയിമിങ് അനുഭവം ഗംഭീരമാക്കും. വയേർഡ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നവർക്കായി 3.5 എംഎം ഹെഡ്ഫോൺ ജാക്കും അസ്യൂസ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൻഫോൺ 7 പ്രോയിൽ ഉപയോഗിച്ച അതേ 64MP ട്രിപിൾ കാമറ സെറ്റപ്പാണ് റോഗ്ഫോണിൽ അസ്യൂസ് ഉപയോഗിച്ചിരിക്കുന്നത്. 64MP-യുടെ സോണി IMX686 പ്രൈമറി സെൻസർ, 13MP അൾട്രാ വൈഡ് ലെൻസ്, 5MP മാക്രോ കാമറ, സെൽഫിക്കായി 24MP മുൻകാമറ എന്നിവയാണ് പ്രത്യേകതകൾ.
6000mAh ഉള്ള ഡ്യുവൽ സെൽ ബാറ്ററിയും അത് ചാർജ് ചെയ്യാനായി 65W ഹൈപ്പർ ചാർജ് സംവിധാനവുമുണ്ട്. 15 മിനിറ്റ് കൊണ്ട് 0 ശതമാനം ചാർജിൽ നിന്ന് 50 ശതമാനത്തിലേക്ക് കുതിക്കും എന്നതാണ് ഹൈപ്പർ ചാർജിന്‍റെ പ്രത്യേകത. എന്നാൽ, ഫോണിന്‍റെ ബോക്സിൽ 30W ഉള്ള ഹൈപ്പർ ചാർജർ ആയിരിക്കും കമ്പനി നൽകുക. പതിവുപോലെ ഫോണിന്‍റെ സൈഡിലായിരിക്കും ചാർജ് ചെയ്യാനുള്ള യു.എസ്.ബി ടൈപ്പ്-സി പോർട്ട്.
റോഗ്ഫോൺ 5
റോഗ്ഫോൺ 5 പ്രോ
റോഗ്ഫോൺ 5 അൾടിമേറ്റ്ൃൃ
ഫോണിന്‍റെ കൂടെ ചില അധിക ഉപകരണങ്ങളും അസ്യൂസ് വിപണിയിൽ എത്തിക്കും. റോഗ്ഫോൺ 5 ലൈറ്റിങ് കേസ് (2,999 രൂപ), റോഗ് കുനായ് 3 ഗെയിംപാഡ് (9,999), ഏറോആക്ടീവ് കൂളർ 5 (2,999), റോഗ് സെട്ര II കോർ ഹെഡ്സെറ്റ് (4,599) എന്നിവയാണവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.