വ്യത്യസ്തമായ ഡിസൈൻ കാരണം സമീപകാലത്ത് ഏറ്റവും വലിയ ചർച്ചക്ക് വഴിവെച്ച സ്മാർട്ട്ഫോൺ ബ്രാൻഡായിരുന്നു നത്തിങ്. വൺപ്ലസിൽ നിന്ന് രാജിവെച്ച കാൾ പേയ് ആണ് നത്തിങ്ങിന് പിന്നിൽ. ട്രാൻസ്പരന്റ് ബാക്കും ഗ്ലിഫ് ഇൻർഫേസ് എന്ന് നത്തിങ് വിളിക്കുന്ന എൽ.ഇ.ഡി സ്ട്രിപ്പുകളുമാണ് യു.കെ ആസ്ഥാനമായ കമ്പനിയുടെ സ്മാർട്ട്ഫോണുകളെ വേറിട്ട് നിർത്തുന്നത്. നത്തിങ് ഫോണുകൾക്ക് മികച്ച സ്വീകരണമാണ് ടെക് കമ്യൂണിറ്റി നൽകിയത്.
എന്നാൽ, കാൾ പേയുടെ നത്തിങ്ങിന്റെ ഡിസൈൻ കോപ്പിയടിച്ചിരിക്കുകയാണ് ചൈനീസ് ബ്രാൻഡായ ഇൻഫിനിക്സ്. അവരുടെ ഏറ്റവും പുതിയ ലൈനപ്പായ ജിടി സീരീസിലെ ആദ്യ ഫോണായ ഇന്‍ഫിനിക്‌സ് ജിടി10 പ്രോ നത്തിങ്ങിന് സമാനമായ ഡിസൈനുമായാണ് എത്തുന്നത്. സെമി-ട്രാൻസ്പരന്റ് ഡിസൈനും എൽ.ഇ.ഡി ലൈറ്റും പുതിയ ഇൻഫിനിക്സ് ഫോണിന്റെ ബാക് പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടിപ്സ്റ്ററായ മുകുൾ ശർമ ഇൻഫിനിക്സ് ഫോണിന്റെ റെൻഡറുകൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിൽ വരുംദിവസങ്ങളിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് കരുതുന്ന ജിടി10 പ്രോ ഇപ്പോൾ തന്നെ ടെക് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഫോണിന്റെ ചില ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നത്തിങ്ങിൽ രണ്ട് കാമറയാണ് നൽകിയതെങ്കിൽ ജിടി10 പ്രോയിൽ നാല് കാമറകളുണ്ട്. ഗെയിമിങ് ഫോണായി എത്തുന്നതിനാൽ മികച്ച പ്രൊസസറും ഇൻഫിനിക്സ് ഫോണിൽ പ്രതീക്ഷിക്കാമെന്നാണ് സൂചന.
എന്നാൽ, മുകുൾ ശർമയുടെ ‘റെൻഡർ ലീക്’ പോസ്റ്റിൽ നത്തിങ് സി.ഇ.ഒ കാൾ പേയ് പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞങ്ങളുടെ അഭിഭാഷകരെ തയ്യാറാക്കി നിർത്താൻ സമയമായി’ എന്നായിരുന്നു അദ്ദേഹം ചിരിക്കുന്ന സ്മൈലിക്കൊപ്പം ട്വീറ്റ് ചെയ്തത്. നത്തിങ് ഫോണിലെ ഗ്ലിഫ് ഇന്റർഫേസിന് പാറ്റന്റുണ്ടോ..? എന്ന ചോദ്യത്തിനും കാൾ പേയ് മറുപടി നൽകി. ‘ഞങ്ങളുടെ കണ്ടുപിടുത്തങ്ങളെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്..’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും നത്തിങ്ങിനെ അനുകരിച്ച് ഡിസൈൻ ചെയ്ത ഇൻഫിനിക്സ് ഫോൺ പുറത്തിറങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് ടെക് ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.