ഇതാണ് 'ഫോൾഡബിൾ ഐഫോൺ'; പേര് 'ഐഫോൺ വി', വൈറൽ വിഡിയോ കാണാം...

ഫോൾഡബിൾ ഫോണുകളുടെ കാലമാണ് വരാൻ പോകുന്നത്. വരും വർഷങ്ങളിൽ മടക്കാവുന്ന ഫോണുകൾക്കാണ് കൂടുതൽ പ്രധാന്യം കൊടുക്കുകയെന്ന് ഈ മേഖലയിലെ നമ്പർ വണ്ണായ സാംസങ് സൂചന നൽകിക്കഴിഞ്ഞു. അവരുടെ പാത പിന്തുടർന്ന് ഹ്വാവേയും ഷവോമിയും ഒപ്പോ, വിവോ, മോട്ടോ തുടങ്ങിയ ബ്രാൻഡുകളും തങ്ങളുടെ ഫോൾഡബിൾ ഫോണുകളുമായി പിന്നാലെയുണ്ട്. ഗൂഗിൾ തങ്ങളുടെ പിക്സൽ ശ്രേണിയിൽ ഒരു ഫോൾഡബിൾ ഫോൺ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇക്കാര്യത്തിൽ ഔദ്യോഗികമായ സൂചനകളൊന്നും ഇതുവരെ തന്നിട്ടില്ല. എന്നാൽ, ആപ്പിളിന് മുമ്പേ ഫോൾഡബിൾ ഐഫോൺ നിർമിച്ചിരിക്കുകയാണ് ഒരാൾ. ഫോൺ നിർമിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ ടെക് ലോകത്ത് വൈറലാണ്.

ഒരു ചൈനക്കാരനാണ് പണി പറ്റിച്ചത്. സാധാരണ ഐഫോൺ മോഡൽ ഉപയോഗിച്ചാണ് ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ നിർമിച്ചത്. പരീക്ഷണത്തിനായി ഏത് ഐഫോൺ വകഭേദത്തിനാണ് ത്യാഗം സഹിക്കേണ്ടി വന്നതെന്നത് വ്യക്തമല്ല, ( ഐഫോൺ 12 / ഐഫോൺ 13 ആകാനാണ് സാധ്യത). അതേസമയം, മോട്ടറോളയുടെ ഫ്ലിപ് ഫോണായ മോട്ടോ റേസർ ഫോണിന്റെ (2020 മോഡൽ) ഹിഞ്ചാണ് മടക്കാവുന്ന ഐഫോൺ നിർമിക്കാനായി ഉപയോഗിച്ചത്.


സാംസങ് ഗാലക്‌സി സെഡ് ഫ്ലിപ്പ് 4, മോട്ടറോള റേസർ എന്നിവ പോലെ മടക്കാനും തുറക്കാനും കഴിയുന്ന പ്രവർത്തനക്ഷമമായ ഐഫോൺ യൂട്യൂബിൽ പങ്കിട്ട വീഡിയോയിൽ കാണാം. 'മടക്കാവുന്ന ഐഫോൺ എങ്ങനെ ഉണ്ടായി' എന്ന പ്രക്രിയയിലൂടെയാണ് വീഡിയോ നമ്മെ കൊണ്ടുപോകുന്നത്.


ഫോൾഡബിൾ ഡിസ്‍പ്ലേയാക്കാനായി ഉപയോഗിച്ചത് ഐഫോൺ എക്‌സിന്റെ ഡിസ്‌പ്ലേ ആയിരുന്നു. മടക്കാവുന്ന തരത്തിലാക്കാനായി ഡിസ്‍പ്ലേയുടെ കാഠിന്യം കുറച്ചാലും അത് പ്രവർത്തനക്ഷമമാക്കലായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിഡിയോയിൽ പറയുന്നു.


'ഐഫോൺ വി' എന്ന് വിളിക്കപ്പെടുന്ന പുതിയ ഫോൾഡബിൾ ഫോൺ നിലവിൽ മടക്കാവുന്ന മറ്റ് ഫോണുകൾ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. എങ്കിലും അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ പിന്നിലുള്ളവർക്ക് കഴിഞ്ഞിട്ടില്ല. ​പ്രത്യേകിച്ച്, സാംസങ്, മോട്ടോ ഫ്ലിപ് ഫോണുകളെ പോലെ രസകരമായ രീതിയിൽ മടക്കാനും തുറക്കാനും കഴിയില്ല. കൂടാതെ, ഫോൺ വളയാനായി ഉപയോഗിച്ച ഹിഞ്ചിനും ഡിസ്‍പ്ലേയ്ക്കും കാലക്രമേണ കേടുപാടുകൾ വരാനും സാധ്യതയുണ്ട്.


'ഐഫോൺ വി' സാധാരണ ഫോണുകൾ പോലെ ഉപയോഗിക്കാൻ കഴിയുമെന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി, ഫോണിൽ വെറും 1000 എം.എ.എച്ച് ബാറ്ററി മാത്രമാണുള്ളത്, ഫോണിനെ മടക്കാവുന്ന തരത്തിലാക്കണമെങ്കിൽ, അത്രയും ചെറിയ ബാറ്ററിക്ക് മാത്രമേ, ഇടം കൊടുക്കാൻ കഴിയുകയുള്ളൂ.


ഇങ്ങനെയൊക്കെ ആണെങ്കിലും, യൂട്യൂബ് വിഡിയോ കണ്ടവരെല്ലാം അന്തം വിട്ട് നിൽക്കുകയാണ്. ആപ്പിളിന് മുമ്പേ ഇത്തരമൊരു സാഹസത്തിന് മുതിർന്ന ചൈനക്കാരന് വലിയൊരു കൈയ്യടി കൊടുത്തേ മതിയാകൂ എന്ന് അവർ പറയുന്നു. 

'ഐഫോൺ വി' വന്നതോടെ, ആപ്പിൾ ഫാൻസ് ഔദ്യോഗിക ഫോൾഡബ്ൾ ഐഫോണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്നാൽ, അതിനായി രണ്ടോ മൂന്നോ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും. അതേസമയം, അതിന് മുമ്പായി ഒരു ഫോൾബ്ൾ ഐപാഡ് നമുക്ക് പ്രതീക്ഷിക്കാം. 

Full View


Tags:    
News Summary - The 'foldable iPhone' is here named iPhone 'V' - watch viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.