കോൺഗ്രസിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് ട്വിറ്ററിനോട് കോടതി; കാരണം, കെ.ജി.എഫിലെ ഗാനം

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ ട്വിറ്റർ ഇന്ത്യയോട് നിർദ്ദേശിച്ച് ബെംഗളൂരു ഹൈകോടതി. സൂപ്പർഹിറ്റ് കന്നഡ ചിത്രം കെ.ജി.എഫ്-2ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് അനുമതിയില്ലാതെ ഉപയോഗിച്ചെന്നാരോപിച്ചാണ് നടപടി.

പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായ എം.ആര്‍.ടി മ്യൂസിക്ക് ലേബലായിരുന്നു രാഹുല്‍ ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ കേസ് കൊടുത്തത്. അതിൻമേലാണ് കോടതിയുടെ നടപടി.

എം.ആര്‍.ടി മ്യൂസിക്കിന്റെ പരാതിയില്‍ പാര്‍ട്ടിക്കെതിരെയും മൂന്ന് നേതാക്കള്‍ക്കെതിരേയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ കമ്പനി വാർത്താകുറിപ്പും പുറത്തിറക്കി.

'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടി നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ്. 'ഗാനങ്ങളുടെ അവകാശം സ്വന്തമാക്കാന്‍ ഞങ്ങൾ വലിയ തുക മുടക്കിയിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അനുവാദമില്ലാതെ സിനിമയില്‍ നിന്ന് ഗാനങ്ങള്‍ എടുക്കുകയും ഭാരത് ജോഡോ യാത്രയുടെ മാര്‍ക്കറ്റിങ് വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു'. -വാർത്താകുറിപ്പിൽ പറയുന്നു. നിയമപരമായ അവകാശം ഉറപ്പാക്കാന്‍ വേണ്ടിയാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എംആർടി മ്യൂസിക് വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേർത്തു.

Tags:    
News Summary - Bengaluru court asks Twitter to temporarily block account of Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.