ഗൂഗ്ളിന്‍റെ ജനപ്രിയ ഇ-മെയില്‍ സംവിധാനമായ ജിമെയിലിന് വെല്ലുവിളി ഉയർത്താൻ സ്വന്തം പ്ലാറ്റ്ഫോം ഒരുക്കുമെന്ന സൂചനയുമായി വീണ്ടും ടെസ്ല, സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക് രംഗത്ത്. ഒരു എക്സ് ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് എക്സ്മെയിലിനെ കുറിച്ച് മസ്‌ക് സൂചന നല്‍കിയത്.
ജിമെയില്‍ ഉപയോഗിക്കുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാനുള്ള ഏക മാര്‍ഗം @x.comൽ അവസാനിക്കുന്ന ഇ-മെയിൽ അഡ്രസ് ആണെന്ന നിമ ഓവ്ജിയെന്ന ഉപയോക്താവിന്റെ പോസ്റ്റിനാണ് മസ്‌ക് മറുപടി നല്‍കിയത്. നല്ല സന്ദേശമാണിതെന്നും ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും മസ്‌ക് മറുപടിയായി പറഞ്ഞു. ഇ-മെയിലിങ് ഉൾപ്പെടെ മെസേജിങ് സംവിധാനത്തെക്കുറിച്ച് പുനരാലോചിക്കേണ്ടതുണ്ടെന്നും മസ്ക് റീട്വീറ്റിൽ കുറിച്ചു.
പുതിയ ഇ-മെയിൽ സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരിയില്‍ മസ്‌ക് ആദ്യ സൂചനകള്‍ നല്‍കിയിരുന്നു. ‘നമ്മള്‍ എന്ന് എക്സ് മെയില്‍ നിര്‍മിക്കും?’ എന്ന ഒരു എക്സ് ഉപയോക്താവിന്റെ ചോദ്യത്തിന് ‘അത് വരുന്നുണ്ട്’ എന്നായിരുന്നു മസ്‌ക് നല്‍കിയ മറുപടി. എക്സിനെ ‘എവരിതിങ് ആപ്പ്’ ആക്കി മാറ്റുക എന്ന മസ്‌കിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന കാല്‍വെപ്പായാണ് എക്‌സ് ഇ-മെയില്‍ പ്ലാറ്റ്‌ഫോമിനെ ടെക് ലോകം വിലയിരുത്തുന്നത്.
ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.ടിയെ വെല്ലുവിളിച്ച് നേരത്തേ ഗ്രോക്ക് എന്ന സ്വന്തം ചാറ്റ് ബോട്ടും ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചിരുന്നു. ഫോബ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ലോകവ്യാപകമായി ഏകദേശം 250 കോടി ഉപയോക്താക്കളാണ് ജിമെയിലിനുള്ളത്. ഇ-മെയിൽ രംഗത്തേക്കു കൂടി ടെക് ജയന്‍റായ മസ്ക് കാലെടുത്തുവെച്ചാൽ അത് ഗൂഗ്ളിന്‍റെ ആഗോള ബിസിനസിനെ ബാധിച്ചേക്കാമെന്ന് ടെക് വിദഗ്ധർ വിലയിരുത്തുന്നു. എന്തായാലും മസ്കിന്‍റെ ട്വീറ്റിനെ അനുകൂലിച്ച് നിരവധി എക്സ് ഉപയോക്താക്കളാണ് എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.