തിരുവനന്തപുരം: ചന്ദ്രയാൻ-2 പരാജയം പരിഹരിക്കാൻ ശ്രീഹരിക്കോട്ടയിൽനിന്ന് പറന്നുയർന്ന ചന്ദ്രയാൻ-3ന്റെ ശക്തിയും ബുദ്ധിയും വഴികാട്ടിയും മലയാളികൾ. കേരളത്തിന് വാനോളം അഭിമാനമായി ഇസ്രോ മേധാവിയും ഇന്ത്യൻ ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ എസ്. സോമനാഥാണ് ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. 2022ൽ അദ്ദേഹം ഇസ്രോ തലപ്പത്തെത്തിയ ശേഷം നടക്കുന്ന ദൗത്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ചന്ദ്രയാൻ-3.
റോക്കറ്റിന്റെ രൂപകൽപന മുതൽ ലാൻഡറിന്റെ പ്രവേഗം നിയന്ത്രിക്കുന്ന സെൻസറുകൾ വരെ നിർമിച്ചത് കോട്ടയം സ്വദേശിയും വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവിയുമായ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എസ്. മോഹനകുമാറാണ് ദൗത്യത്തിന്റെ ഡയറക്ടർ. രണ്ടാം ചന്ദ്രയാൻ ദൗത്യത്തിൽ ലാൻഡിങ്ങിലുണ്ടായ പിഴവ് പരിഹരിക്കാൻ ഇത്തവണ ലാൻഡറിലെ പ്രവേഗം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സെൻസർ തയാറാക്കിയത് തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഇസ്രോ ഇനേർഷ്യൽ സിസ്റ്റംസ് യൂനിറ്റ് മേധാവി ഇ.എസ്. പത്മകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു.
ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനിലയും മറ്റും പഠിക്കുന്നതിനുള്ള ചാസ്തേ, വൈദ്യുതി കാന്തിക സ്വഭാവവും പ്ലാസ്മ സാന്ദ്രതയും പഠിക്കുന്നതിനുള്ള ലാഗ്മിർ പ്രോബ് എന്നീ പേലോഡുകൾ നിർമിച്ചത് സ്പേസ് ഫിസിക്സ് ലബോറട്ടറി ഡയറക്ടർ ഡോ.കെ. രാജീവിന്റെ നേതൃത്വത്തിലായിരുന്നു. ചന്ദ്രയാന്റെ വെഹിക്കിൾ ഡയറക്ടർ ബിജു തോമസും മലയാളിയാണ്.
മുളങ്കുന്നത്തുകാവ് (തൃശൂർ): ചന്ദ്രോപരിതലത്തിലേക്കുള്ള ചന്ദ്രയാൻ -3ന്റെ വിക്ഷേപണത്തിൽ പങ്കാളിയായി സംസ്ഥാന പൊതുമേഖല സ്ഥാപനമായ തൃശൂർ അത്താണിയിലെ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് (എസ്.ഐ.എഫ്.എൽ). വിക്ഷേപണ പേടകത്തിന് ആവശ്യമായ അതിസങ്കീർണമായ വിവിധയിനം ഫോർജിങ്ങുകൾ ഇവിടെയാണ് നിർമിച്ചത്. 1983ൽ സ്ഥാപിതമായ എസ്.ഐ.എഫ്.എൽ രാജ്യത്ത് ഈ മേഖലയിലെ ഏക പൊതുമേഖല സ്ഥാപനമാണ്. ലോകോത്തര ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒയുടെ പ്രോജക്ടുകളിലേക്ക് ടൈറ്റാനിയം ഇൻകോണൽ, അലൂമിനിയം അലോയ്, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയ വിവിധയിനം ലോഹസങ്കര ഫോർജിങ്ങുകൾ എസ്.ഐ.എഫ്.എൽ വികസിപ്പിച്ചിട്ടുണ്ട്.
ചന്ദ്രയാൻ-3 വിക്ഷേപണ വാഹനമായ എൽ.വി.എം-3ലേക്ക് എൽ-110 പ്രൊപ്പല്ലർ ടാങ്കിന് ആവശ്യമായ ടൈറ്റാനിയം ആൽഫ അലോയ് ഫോർജിങ്സ്, സെപറേഷൻ സിസ്റ്റത്തിന് വേണ്ടിയുള്ള വി ടി-14 ബോഡി ഫോർജിങ്സ്, പ്രൊപ്പല്ലർ ടാങ്കുകൾ, ഫീഡ് ലൈൻസ്, ഡക്ട്സ് എന്നിവ നിർമിക്കാനുള്ള വിവിധയിനം അലൂമിനിയം ഫോർജിങ്ങുകൾ എസ്.ഐ.എഫ്.എലാണ് നൽകിയത്. വികാസ് എൻജിന്റെ അനുബന്ധ സാമഗ്രികളായ പ്രിൻസിപ്പൽ ഷാഫ്റ്റ്, ഇലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇലിബിറിയം റെഗുലേറ്റർ ബോഡി തുടങ്ങിയവ ഇവിടെ വികസിപ്പിച്ചതാണ്.
ഐ.സ്.ആർ.ഒയുടെ പുതിയ പ്രോജക്ടായ, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ‘ഗഗൻയാനി’ന് സങ്കീർണങ്ങളായ ഫോർജിങ്ങുകൾ എസ്.ഐ.എഫ്.എൽ ആണ് നിർമിച്ചത്. അത്താണിയിൽ വിവിധ ഉൽപാദന പ്രക്രിയയിലൂടെ 10 മുതൽ 850 കിലോ വരെ ഭാരമുള്ള ഫോർജിങ് ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. എയർ ക്രാഫ്റ്റ് എൻജിൻ ഭാഗങ്ങൾ, മിസൈൽ ഭാഗങ്ങൾ, റെയിൽവേ എൻജിൻ ഭാഗങ്ങൾ, അന്തർവാഹിനി ഫിറ്റിങ്ങുകൾ, യുദ്ധടാങ്കുകളുടെ ഭാഗങ്ങൾ, എണ്ണ-വാതക വ്യവസായത്തിൽ ആവശ്യമായ വാൽവുകൾ എന്നിവ നൽകി എസ്.ഐ.എഫ്.എൽ നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.