അപകടകരമായ സ്‌പൈലോൺ ആപ്പുകളാൽ നിറഞ്ഞിരിക്കുകയാണ് ഇന്റർനെറ്റ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിടുന്ന തട്ടിപ്പ് ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷനുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബർ സുരക്ഷാ സ്ഥാപനമായ ESET-ലെ ഗവേഷകർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ അത്തരം ആപ്പുകൾക്ക് 12 ദശലക്ഷത്തിലധികം ഡൗൺലോഡുകളുണ്ട്.
നിയമാനുസൃതമായ വായ്പാദാതാക്കളിൽ ഉപയോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും ചെയ്യുകയാണ് ഇവയുടെ ലക്ഷ്യം.
പുതുതായി കണ്ടെത്തിയ വ്യാജ ആൻഡ്രോയിഡ് വായ്പാ ആപ്പുകൾ നീക്കം ചെയതിരിക്കുകയാണ് ഗൂഗിൾ. അത്തരത്തിലുള്ള 17 ആപ്പുകളാണ് ഗൂഗിൾ നീക്കം ചെയ്തത്.
വധ ഭീഷണി മുഴക്കാനും സ്വകാര്യ വിവരങ്ങൾ ചോർത്തി അവ ഉപയോഗിച്ച് ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്ത് ഉപദ്രവിക്കാനും ഇതിന് പിന്നിലുള്ള സൈബർ കുറ്റവാളികൾ മടിക്കില്ല. കൂടാതെ വായ്പകൾക്ക് അമിതമായ പലിശ ഈടാക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും മെക്‌സിക്കോ, ഇന്തോനേഷ്യ, തായലൻഡ്, വിയറ്റ്‌നാം, ഇന്ത്യ, പാക്കിസ്താൻ, കൊളംബിയ, പെറു, ഫിലിപ്പീൻസ്, ഈജിപ്ത്, കെനിയ, നൈജീരിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്.
ഇത്തരം ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂസർമാരുടെ ഫോണിലുളള സ്വകാര്യ വിവരങ്ങൾ ആക്സ്സ് ചെയ്യാനുള്ള അനുമതികൾ നൽകേണ്ടിവരും. ഈ ആപ്പുകളുടെ പ്രൈവസി പോളിസി അനുസരിച്ച് ഈ അനുമതികൾ നൽകിയില്ലെങ്കിൽ വായ്പാ ലഭിക്കില്ല. മാത്രമല്ല ലോൺ അപേക്ഷാ പൂർത്തിയാക്കുന്നതിന് വിപുലമായ വ്യക്തിഗത വിവരങ്ങൾ നൽകാനും ഉപയോക്താക്കൾ നിർബന്ധിതരാകുന്നുണ്ട്. ഫോണിലുളള ഡാറ്റ അവർക്ക് ലഭിക്കുന്നതോടെ ബ്ലാക്മെയിൽ ചെയ്യുന്നത് എളുപ്പമാകുന്നു. 2020 മുതലാണ് ഇത്തരം വ്യാജ ലോൺ ആപ്പുകൾ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.