ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഇൻറർ മയാമിയിലേക്ക് ചേക്കേറിയത് ഇന്റർ മയാമി ക്ലബ്ബിന് മാത്രമല്ല ഗുണം ചെയ്തിരിക്കുന്നത്, അമേരിക്കൻ ടെക് ഭീമനായ ആപ്പിളും അതിന്റെ നേട്ടം കൊയ്യുകയാണ്. മെസ്സി പിങ്ക് ജഴ്സി അണിഞ്ഞ് കളത്തിലിറങ്ങിയതോടെ, ആപ്പിൾ ടിവി പ്ലസ് (Apple TV+) വഴി കമ്പനി ഒരു ദശലക്ഷം പുതിയ എം.എൽ.എസ് സീസൺ പാസ് സബ്‌സ്‌ക്രിപ്‌ഷനുകളാണ് ഈ ആഴ്ച നേടിയത്.
ജൂണിൽ മെസ്സി ഇന്റർ മയാമിയുമായി കരാർ ഒപ്പിട്ട ഉടൻ തന്നെ, ആപ്പിൾ ടിവി 300,000-ത്തിലധികം പുതിയ വരിക്കാരെ ചേർത്തിരുന്നു. കൂടാതെ, ലീഗിന്റെ സ്ട്രീമിങ് പാക്കേജായ എം.എൽ.എസ് സീസൺ പാസിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം എം.എൽ.എസും ആപ്പിളും മെസ്സിക്ക് വാഗ്ദാനം ചെയ്തിരുന്നു.
അടുത്ത 10 വർഷത്തേക്ക് മേജർ ലീഗ് സോക്കർ (എം.എൽ.എസ്) മത്സരങ്ങൾ സ്ട്രീം ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത് ആപ്പിൾ ടിവി പ്ലസാണ്. 2.5 ബില്യൺ ഡോളറാണ് ആപ്പിൾ അതിനായി ചിലവാക്കിയത്. യുഎസ് ലീഗും ഇ.എസ്.പി.എന്നും (ESPN) തമ്മിലുള്ള 30 വർഷത്തെ പങ്കാളിത്തത്തിനാണ് ആപ്പിൾ വമ്പൻ നിക്ഷേപത്തിലൂടെ അവസാനം കുറിച്ചത്.
12.99 ഡോളർ മുതലുള്ള പ്രതിമാസ പ്ലാനും മുഴുവൻ സീസണിനായുള്ള 39 ഡോളർ മുതലുള്ള പ്ലാനുകളുമാണ് ആപ്പിൾ ടിവി പ്ലസ് ഓഫർ ചെയ്യുന്നത്. അതേസമയം, ആപ്പിൾ ടിവി സബ്‌സ്‌ക്രൈബർമാരല്ലാത്തവർക്ക് എം.എൽ.എസ് ഗെയിമുകൾ മാത്രം കാണാൻ അൽപ്പം കൂടുതൽ പണം മുടക്കേണ്ടി വരും, പ്രതിമാസം $14.99 മുതൽ മുഴുവൻ സീസണിന് $49.00 വരെയാണ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.