ഓൺലൈൻ വായ്പ തിരിച്ചടവ് മുടങ്ങി; യുവാവിന്‍റെ പേരിൽ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശം

കോഴിക്കോട്: മൊബൈൽ ആപ് വഴിയെടുത്ത ഓൺലൈൻ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ യുവാവിന്‍റെ പേരിൽ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശം അയക്കുന്നു. വായ്പയെടുത്ത കോഴിക്കോട് സ്വദേശിയുടെ പേരും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്തിയാണ് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളിൽ പലർക്കും സന്ദേശം ലഭിച്ചത്.

വായ്പക്കാരന്‍റെ ഭാര്യയെയും അമ്മയേയും പരാമർശിച്ചാണ് 91 9844255649 എന്ന മൊബൈൽ നമ്പറിൽനിന്ന് വാട്സ് ആപ് സന്ദേശങ്ങൾ വന്നത്. ഈ നമ്പറിലേക്ക് തിരിച്ചുവിളിക്കുമ്പോൾ ആദ്യം ഹിന്ദിയിലും പിന്നീട് തെലുഗുവിലും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും പിന്നീട് ഫോൺ കട്ടാക്കുകയുമാണ് ചെയ്യുന്നത്.

ഞായറാഴ്ചയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ യുവാവ് 'കാഷ് വേൾഡ്' എന്ന ആപ്പിൽ കയറി ഓൺലൈനായി പ്രത്യേക സ്കീമിലെ 6099 രൂപയുടെ വായ്പക്ക് അപേക്ഷിക്കുകയായിരുന്നു. ഇതിന് പ്രൊസസിങ് ചാർജ് ഉൾപ്പെടെ ഈടാക്കിയശേഷം 3500 രൂപയാണ് അക്കൗണ്ടിലേക്ക് വന്നത്. ഒരാഴ്ചക്കുള്ളിൽ പലിശ സഹിതം 6099 രൂപ തിരിച്ചടക്കാനായിരുന്നു നിർദേശം. ഈ തുക നിശ്ചിത സമയപരിധിക്കുള്ളിൽ അടക്കാൻ കഴിയാഞ്ഞതോടെ യുവാവിന് മറ്റൊരു വായ്പ തരപ്പെടുത്തി നൽകി. ഇതിന്‍റെ അടവ് അടക്കേണ്ടത് ഞായറാഴ്ചയായിരുന്നു.

ബാങ്ക് അക്കൗണ്ടിൽ പണം ഇല്ലാത്തതോടെ ഇത് അടക്കാനായില്ല. തുടർന്നാണ് ഇദ്ദേഹത്തിന്‍റെ മൊബൈൽ ഫോൺ വിവരങ്ങൾ ചോർത്തി സേവ് ചെയ്തുവെച്ച നമ്പറുകൾ ശേഖരിച്ച് സുഹൃത്തുക്കൾക്ക് യുവാവിന്‍റെ പേരിൽ അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയത്. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് അടക്കം വിവരങ്ങൾ നൽകിയാണ് വായ്പ എടുത്തത്. നേരത്തേയും ഓൺലൈൻ വായ്പയുടെ അടവുകൾ മുടങ്ങിയതിന് സമാന തരത്തിലുള്ള ഭീഷണികൾ മറ്റുപലരും നേരിട്ടിരുന്നു. ആപ്പുകൾ മുഖേനെ ഓൺലൈൻ വായ്പകൾ നൽകുന്നവർ പലരും വൻ തട്ടിപ്പുസംഘങ്ങളാണെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിചയമില്ലാത്തവർക്ക് കൈമാറിയാൽ പണം നഷ്ടമാവാനുള്ള സാധ്യത കൂടുതലാണെന്നുമാണ് സൈബർ സെൽ പറയുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT