ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് (ട്വിറ്റർ) രണ്ട് ലക്ഷത്തിലേറെ ഇന്ത്യൻ അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഈ വർഷം ഫെബ്രുവരി 26നും മാര്‍ച്ച് 25നും ഇടയിലായി 212,627 അക്കൗണ്ടുകളാണ് ബാൻ ചെയ്തത്.
നിരോധിച്ച അക്കൗണ്ടുകളിൽ ഭൂരിഭാഗവും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളും സമ്മതമില്ലാതെ പങ്കുവെക്കപ്പെട്ട നഗ്ന ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചവയാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇന്ത്യയിലെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ തീവ്രവാദം പ്രോത്സാഹിപ്പിച്ചതിന് 1,235 അക്കൗണ്ടുകൾ എക്‌സ് കോർപ് നീക്കം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 26 നും മാര്‍ച്ച് 25 നും ഇടയിലായി കമ്പനിയുടെ പരാതി പരിഹാര സംവിധാനത്തിലൂടെ 5158 പരാതികള്‍ ലഭിച്ചതായി ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടില്‍ എക്‌സ് അറിയിച്ചു. പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 86 അക്കൗണ്ടുകള്‍ കമ്പനി വിലക്കുകയും ചെയ്തിട്ടുണ്ട്.
പരാതികളില്‍ 3074 എണ്ണം വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു, 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതിയായിരുന്നു. 412 എണ്ണം വിദ്വേഷ പ്രചാരണം സംബന്ധിച്ചും 359 എണ്ണം ചൂഷണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.