രണ്ട് ഇന്നിങ്സുകളിലായി ബാറ്റുകൊണ്ട് സച്ചിൻ ബേബി നൽകിയ ഊർജം വിജയത്തിനരികെയെത്തിച്ച് ജലജ് സക്സേന. അവസാന ദിവസം ജയിക്കാൻ 321 റൺസ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ സർവീസസ് ജലജ് സക്സേനക്കു മുന്നിൽ കറങ്ങിവീണതോടെയാണ് ലഞ്ചിന് പിരിയുമ്പോൾ ആതിഥേയർ വിജയത്തോളമെത്തിയത്. സ്കോർ 327, 242/7, സർവീസസ് 229, 110/7.
വിജയ പ്രതീക്ഷയുമായി പന്തെറിഞ്ഞ കേരള നിരയിൽ 13 ഓവർ മാത്രമെറിഞ്ഞ് 26 റൺസ് വഴങ്ങി അഞ്ചു വിക്കറ്റാണ് സക്സേന എടുത്തത്. ഗംഭീര തുടക്കവുമായി കളി നയിച്ച സർവീസസ് ഓപണർമാരിൽ ശുഭം റൊഹീലിയയെ വീഴ്ത്തി വൈശാഖ് ചന്ദ്രനാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീടെല്ലാം ജലജ് സക്സേന മാത്രമായിരുന്നു. രണ്ടക്കം കടക്കാൻ വിടാതെ രവി ചൗഹാൻ, രാഹുൽ സിങ്, രജത് പൽവാൽ, ലോവ്കേഷ് കുമാർ, പുൽകിറ്റ് നാരംഗ് എന്നിവരെ തിരിച്ചയച്ച സക്സേന ഓപണർ സുഫിയാൻ ആലം 52ൽ നിൽക്കെ റണ്ണൗട്ടാക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്സിൽ 159 റൺസെടുത്ത് കേരള ബാറ്റിങ് നയിച്ച സച്ചിൻ ബേബി തന്നെയാണ് രണ്ടാം ഇന്നിങ്സിലും കേരളത്തിന് കരുത്തായിരുന്നത്. 93 റൺസെടുത്ത താരത്തിന്റെ ബാറ്റിങ് മികവിൽ കേരളം രണ്ടാം ഇന്നിങ്സിൽ കുറിച്ചത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 242 റൺസ്. ഹിമാലയൻ ദൗത്യം മുന്നിൽ നിർത്തി കളിക്കാനിറങ്ങിയ സർവീസസ് പക്ഷേ, അവസാന ദിവസത്തിൽ വെറുതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ബൗളർമാരിൽ ജലജ് സക്സേന ആദ്യ ഇന്നിങ്സിലും മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.