തിരുവനന്തപുരം: സംഘ്പരിവാർ അനുകൂല സർവിസ് സംഘടനയുടെ പേരിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ നോട്ടീസ് പ്രചരിപ്പിച്ചതിന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ആകാശ് രവിക്ക് സസ്പെൻഷൻ. നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ആകാശ് രവി കാസർകോട് ജില്ല നിയമ ഓഫിസറാണ്.
പാലക്കാട് ജില്ല നിയമ ഓഫിസറായിരുന്നപ്പോള് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സ്ഥലംമാറ്റ നടപടി നേരിട്ടാണ് കാസർകോട് എത്തിയത്. ഈ പരാതിയിൽ കഠിന ശിക്ഷക്കുള്ള അച്ചടക്ക നടപടി നേരിടുന്നതിനിടെയാണ് സസ്പെൻഷൻ.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെ പേരിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നോട്ടീസ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ആകാശിനെതിരെ 2023 ഫെബ്രുവരി 28ന് കുറ്റാരോപണ മെമ്മോയും കുറ്റാരോപണ പത്രികയും നൽകിയിരുന്നു.
വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോയി. 2023 നവംബർ 10ന് പൊതുഭരണവകുപ്പ് അഡീഷനൽ സെക്രട്ടറി ജി. ഹരികുമാറിനെ അന്വേഷണ അധികാരിയായി നിയമിച്ചു. 2023 ഡിസംബർ 12ന് ഹരികുമാർ ആകാശിൽനിന്ന് നേരിട്ട് വിശദീകരണം തേടി.
50000 രൂപ നൽകുകയും ദേശാഭിമാനി വരിക്കാരനാവുകയും ചെയ്താൽ അച്ചടക്ക നടപടിയിൽനിന്ന് ഒഴിവാക്കിക്കൊടുക്കാമെന്ന് ഹരികുമാർ വാഗ്ദാനം ചെയ്തതായി അഞ്ചുമാസം കഴിഞ്ഞ് ആകാശ് രവി രേഖാമൂലം ആരോപണമുന്നയിച്ചു. ഇതിനാണ് സസ്പെൻഷൻ.
കറ പുരളാത്ത സർവിസ് ജീവിതത്തിനുടമയായ ഉദ്യോഗസ്ഥനെതിരെ ഹിയറിങ് കഴിഞ്ഞ് അഞ്ചുമാസത്തിനുശേഷം തികച്ചും അവാസ്തവമായ കാര്യങ്ങൾ രേഖാമൂലം നൽകി അദ്ദേഹത്തിന്റെ സത്യസന്ധതക്കും ധാർമികതക്കും കർമോത്സുകതക്കും കളങ്കമുണ്ടാക്കുന്ന രീതിയിൽ ആരോപണമുന്നയിച്ച് അച്ചടക്ക നടപടി വഴിതിരിച്ചുവിടാൻ ശ്രമിച്ച ആകാശ് രവി തികഞ്ഞ അച്ചടക്ക ലംഘനം നടത്തി 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റത്തിന് വിരുദ്ധമായി പ്രവർത്തിച്ചതായി ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.