മൂവാറ്റുപുഴ: മണിയന്ത്രംമുടിയിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. മലനിരകൾക്കിടയിലൂടെയുള്ള ഒഴുകുന്ന ചെറിയ അരുവിയും തൊടുപുഴ ടൗണിെൻറ ദൂരക്കാഴ്ചയും കുളിർക്കാറ്റും ആസ്വദിക്കാനാണ് യാത്രികർ എത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ രസതന്ത്രം പാറക്ക് മുകളിൽ കയറാനും ഇളംകാറ്റും കുളിരും ആസ്വദിക്കാനും നിരവധിപേരാണ് എത്തുന്നത്.പ്രകൃതിസൗന്ദര്യം നിറഞ്ഞ മണിയന്ത്രംമുടിയും മഞ്ഞള്ളൂർ പഞ്ചായത്തിന് സ്വന്തമാണ്.
എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് മണിയന്ത്രംമുടി. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ കദളിക്കാട് മണിയന്ത്രം കവലയിൽനിന്ന് ഇടത്തോട്ട് മൂന്ന് കി.മീ. സഞ്ചരിച്ചാലും ഇതേ റൂട്ടിൽ മടക്കത്താനത്തുനിന്ന് രണ്ടര കി.മീ. സഞ്ചരിച്ചാലും ഇവിടെയെത്താം. തൊടുപുഴ-ഉൗന്നുകൽ റോഡിൽ പാലക്കുഴി ജങ്ഷനിൽനിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാലും മുടിയിലെത്താം. മൂന്നുസ്ഥലത്തുനിന്നും മലയിലേക്ക് കയറുമ്പോൾതന്നെ കാഴ്ചകൾ ആരംഭിക്കുകയായി. മലയുടെ മുടിയിലേക്ക് നടന്നുതന്നെ കയറണം.
അപൂർവയിനം ഔഷധച്ചെടികൾ, പൂക്കൾ, പക്ഷികൾ എന്നിവ ആരെയും ആകർഷിക്കും. മലയുടെ മുകളിൽനിന്ന് നോക്കിയാൽ എറണാകുളം ജില്ലയുടെ പ്രധാന ഭാഗങ്ങൾ കാണാനാകും. 'രസതന്ത്രം', 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങി നിരവധി സിനിമകളുടെയും നിരവധി സീരിയലുകളുടെയും ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. രസതന്ത്രം സിനിമ ഷൂട്ടിങ് കഴിഞ്ഞതിനുശേഷം ഇവിടത്തെ വിശാല പാറ രസതന്ത്രം പാറ എന്നാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.