ഇന്ത്യയുടെ ആത്മാവ്​ തേടി   സബർമതിയിൽ

ഇന്ത്യയുടെ ആത്മാവ്​ തേടി സബർമതിയിൽ

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന സ്ഥലമാണ് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബർമതി ആശ്രമം.

“This is the right place for our activities to carry on the search for truth and develop fearlessness, for on one side are the iron bolts of the foreigners, and on the other the thunderbolts of Mother Nature.” (Gandhiji)

മഹാത്മജി സബർമതി ആശ്രമത്തെ ആത്മാന്വേഷണത്തിനുള്ള ഒരു ലക്ഷ്യസ്ഥാനം കൂടിയാണ് എന്നാണ് വിശേഷിപ്പിച്ചത്‌.

ജോലിയുടെ ഭാഗമായി അഹമ്മദാബാദിലെ ഒരു ഫാക്ടറി സന്ദർശിക്കുന്നതിനായിട്ടാണ് ദോഹയിൽനിന്ന് ഇവിടെ എത്തിയത്. ഫാക്ടറി സന്ദർശനത്തിനുശേഷം അടുത്ത ദിവസം രാവിലെയാണ് സബര്‍മതി ആശ്രമത്തിലേക്ക് പോയത്. കുട്ടിക്കാലം മുതലുള്ള ഒരു ആഗ്രഹമായിരുന്നു ഗാന്ധിജിയുടെ സബര്‍മതി ആശ്രമം ഒന്ന് സന്ദര്‍ശിക്കണം എന്നുള്ളത്.

1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിൽ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ലളിത ജീവിതം നയിച്ച് പൊതുപ്രവത്തകര്‍ക്ക് മാതൃകയായി. നല്ല മനുഷ്യനാവുക, സത്യസന്ധനാവുക, ശുചിത്വമുള്ളവനാവുക, സഹജീവികളോട് കരുണയുള്ളവനാവുക എന്ന അടിസ്ഥാന മൂല്യങ്ങൾ ഗാന്ധിജിയോളം പ്രാവർത്തികമാക്കിയ മറ്റൊരാളില്ല. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തി​ന്റേത്. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശനികനായാണ് ഗാന്ധിജി ലോകമെമ്പാടും അറിയപ്പെടുന്നത്. അഹിംസയിലൂടെയും സത്യഗ്രഹത്തിലൂടെയും ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക്​ നയിച്ച മഹാത്മാവ്​.

ഗാന്ധിജി ഉപയോഗിച്ചിരുന്ന ചർക്ക

ഗുജറാത്തിലെ സബർമതി നദീതീരത്ത് 1917ലായിരുന്നു ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത്. തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിൽ ചെലവഴിച്ചു. സബർമതി ആശ്രമത്തെ ഭാരത സർക്കാർ ഒരു ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്യസമരത്തിലെ സുപ്രധാന നാഴികക്കല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമത്തില്‍ നിന്നായിരുന്നു. 1917 മുതല്‍ ഗാന്ധിജി കൊല്ലപ്പെടുന്ന വര്‍ഷം വരെ രാഷ്ട്രപിതാവിന്‍റെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും പ്രധാനപ്പെട്ട പല സംഭവങ്ങളുടെയും നേര്‍സാക്ഷിയാണ് ഈ ആശ്രമം. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിന് ഇവിടം കേന്ദ്രീകരിച്ചാണ് തുടക്കമിട്ടത്.

ജാതിയും മതവും പ്രദേശവും കൊണ്ട് വേർപിരിഞ്ഞ ഒരു രാജ്യമാണല്ലോ ഇന്ത്യ. ഗാന്ധിജിയും നേരിട്ട യാഥാർഥ്യമായിരുന്നു അത്. എന്നാൽ, എല്ലാവരുടെയും അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും, ഏവരും പങ്കിടുന്ന ഒരു വലിയ ലക്ഷ്യത്തിനായി ജനലക്ഷങ്ങളെ ഒന്നിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വാതന്ത്ര്യത്തിനായി തോളോട് തോൾ ചേർന്ന് പോരാടുന്ന ഒരു ഐക്യജനതയെ സൃഷ്ടിച്ചെടുത്തു. തന്റെ എല്ലാ ചുവടുകളിലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ശക്തിക്ക് നേരെ ആസൂത്രിതമായ ബഹുമുഖ ആക്രമണമായിരുന്നു.

ആശ്രമത്തിനകത്ത് സ്ഥിതിചെയ്യുന്ന ഗാന്ധി സ്മാരക സംഗ്രഹാലയമാണ് ഞങ്ങൾ ആദ്യം സന്ദർശിച്ചത്. ഹൃദയകുഞ്ജ്, മഗന്‍ നിവാസ്, ഉപാസനാ മന്ദിര്‍, വിനോബ മീരാ കുടിര്‍, നന്ദിനി, ഉദ്യോഗ് മന്ദിര്‍, സോമനാഥ് ഛത്രാലയ തുടങ്ങി ആശ്രമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്ദര്‍ശനം ഗാന്ധിജിയുടെ ജീവിതവും ലക്ഷ്യവും മനസ്സിലാക്കുന്നതിനുള്ള വഴി കൂടിയാണ്. ഗാന്ധിജി എഴുതിയ കത്തുകളും മറ്റു രേഖകളും ചിത്രങ്ങളും, ഗാന്ധിജിയുടെ എണ്ണച്ചായ ചിത്രങ്ങൾ, ഗാന്ധിജിയുടെ ജീവൻ തുടിക്കുന്ന ശിൽപങ്ങൾ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുള്ള മിനി മ്യൂസിയമാണ് ഗാന്ധി സ്മാരക് സംഗ്രഹാലയ.

ലേഖകൻ സബർമതി ആശ്രമത്തിൽ

ഹൃദയകുഞ്ജ് എന്നറിയപ്പെടുന്ന ഭാഗത്താണ് മഹാത്മാഗാന്ധിയും കസ്തൂര്‍ബയും താമസിച്ചിരുന്നത്. ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ പ്രദർശനകേന്ദ്രം, അവിടെ ചര്‍ക്കയില്‍ നൂല്‍ നൂൽക്കുന്നത് എങ്ങനെ എന്ന് നമ്മളെ കാണിച്ചു തരുന്നതിനോടൊപ്പം നൂൽ നൂൽക്കാൻ നമ്മെ പരിശീലിപ്പിക്കുകയും ചെയ്തത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. ആചാര്യ വിനോബഭാവെയും മീരാബെന്നും പലതവണ താമസിച്ച സ്ഥലമാണ് വിനോബ മീരാ കുടിര്‍. ആശ്രമ നിവാസികള്‍ പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്നിരുന്ന സ്ഥലമാണ് ഉപാസനാ മന്ദിര്‍. പിന്നീട് ഗാന്ധിജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥാലയം, ഗാന്ധിവാക്യങ്ങളുടെയും, എഴുത്തുകളുടെയും വിൽപന കേന്ദ്രം എന്നിവയും എല്ലാം വിശദമായി സന്ദര്‍ശിച്ചു. ആശ്രമവും മ്യൂസിയവും ഗാന്ധിജിയോടുള്ള ആദരവ് മാത്രമല്ല, നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്‍റെ ശക്തമായ ഓർമപ്പെടുത്തൽ കൂടിയാണ്.

സബർമതി നദീതീരം

ആശ്രമം സന്ദർശിച്ചതിനു ശേഷം സമീപമുള്ള സബർമതി നദിയുടെ തീരത്തേക്കാണ് ഞാൻ പോയത്. വൃത്തിയുള്ള പടവുകള്‍ അവിടെ വിശ്രമിക്കാന്‍ കസേരകള്‍ എല്ലാം ഭംഗിയായി ഇട്ടിട്ടുണ്ടായിരുന്നു.

നിശ്ശബ്ദത തളംകെട്ടിനില്‍ക്കുന്ന സബർമതി ആശ്രമത്തിന്‍റെ ഒരു കോണിൽ ധ്യാനമഗ്നനാകുകയും, ആ നിശ്ശബ്ദത തരുന്ന ഊർജം നേരിട്ടനുഭവിക്കുകയും ചെയ്യാൻ സാധിച്ചു. പുണ്യം പേറുന്ന ആ മണ്ണിൽ പോകാനായത് വലിയ ഒരു ഭാഗ്യമായി കരുതുന്നു.

ഒരുപക്ഷേ ശാന്തവും സമാധാനപരവുമായ അന്തരീക്ഷവും, മിഴിവുറ്റ മ്യൂസിയവും, ശാന്തമായ നദീതീരവും ഒരുപാട് ആള്‍ക്കാരെ ഈ സ്ഥലത്തേക്ക് ആകർഷിക്കുന്നു. എവിടെയും ഗാന്ധി ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ആശ്രമത്തോട്‌ നിറഞ്ഞ മനസ്സോടെ യാത്രപറഞ്ഞു.

Tags:    
News Summary - sabarmati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-26 08:23 GMT