വെറും ആയിരം ദിർഹം മുടക്കി ഒരു അന്താരാഷ്ട്ര യാത്ര. വിസ് എയറിൽനിന്നും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകളുടെ നിരന്തരമായ അറിയിപ്പുകൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ആപ്പ് തുറന്ന് പരിശോധിച്ചത്. കിർഗിസ്ഥാന്റെ തലസ്ഥാന നഗരിയായ ബിഷ്കെക്കിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് 400 ദിർഹം. ആലോചനകൾക്കൊന്നും ഇടം കൊടുക്കാതെ ചുരുങ്ങിയ ദിവസത്തേക്കുള്ള യാത്ര ആസൂത്രണം ചെയ്ത് വിമാനം ബുക്ക് ചെയ്തു. വിസ് എയറിൽ നിരക്കുകൾക്ക് അനുസൃതമായാണ് യാത്രാ സൗകര്യങ്ങൾ. ഹാൻഡ് ബാഗേജിനും സീറ്റ് തിരഞ്ഞെടുക്കുന്നതിനും പ്രത്യേകം പണം അടക്കണം. ഒപ്പം യാത്രാ രേഖകളും സ്വയം ചെക്കിൻ ചെയ്ത് പ്രിന്റ് ഔട്ടും കയ്യിൽ കരുതണം. അത്യാവശ്യ സാധനങ്ങൾ കരുതാൻ ഒരു ബാക് പാക്ക് അനുവദനീയമാണ്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് അബൂദബിയിൽനിന്നാണ് വിമാനം. നാല് മണിക്കൂറാണ് ബിഷ്കെകിലേക്കുള്ള യാത്രാ ദൈർഘ്യം. അബൂദബിയിലെ പുതിയ ടെർമിനൽ വഴിയാണ് യാത്ര. ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ചെക്കിൻ കൗണ്ടറില് റിപ്പോർട്ട് ചെയ്തത്. കൗണ്ടറിലെ സൗമ്യമായ പെരുമാറ്റം ആശ്വാസമേകി. അൽപം വൈകിയാണ് വിമാനം പറന്നുയർന്നത്.
യാത്രയിൽ എനിക്ക് ഉറക്കം പതിവില്ല. വായന ഒരു ഒഴിവ് സമയ വിനോദമല്ലെങ്കിലും താളുകളിൽ സമയം ചിലവഴിക്കാനാണെനിക്കിഷ്ടം. മൂന്നര മണിക്കൂർ യാത്രക്ക് ശേഷം വിമാനം ബിഷ്കെകിൽ നിലം തൊടാനുള്ള തെയ്യാറെടുപ്പിലാണെന്നുള്ള അറിയിപ്പ് വന്നു. പ്രാദേശിക സമയം 21.5 ന് വിമാനം തലസ്ഥാന നഗരിയിലെ മനാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അറൈവൽ ഫോം ഫിൽ ചെയ്ത് വിസ കരസ്ഥമാക്കി. ബിഷ്കെകിൽ താപനില വളരെ കുറവാണ്. മഞ്ഞ് പെയ്യുന്ന രാവിൽ കുളിരണിഞ്ഞു നിൽക്കുന്ന പട്ടണം. 2000 സോം കൊടുത്താൽ താമസ സ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് എറിൻ പിന്നാലെ കൂടിയിട്ടുണ്ട്. ദിർഹം ഒന്നിന് 25 സോമാണ് ലഭിക്കുക. ഒടുവിൽ 1000 സോമിൻ എറിൻ ഞങ്ങളെ താമസ സ്ഥലത്തെത്തിച്ചു. സുഖ നിദ്രക്ക് ശേഷം കുളിച്ചു ഫ്രഷ് ആയി. ഹോട്ടലിൽത്തന്നെ പ്രഭാത ഭക്ഷണം കഴിച്ചു. പത്തു മണിക്ക് എറിൻ വരാമെന്നേറ്റിട്ടുണ്ട്. വിനോദ സഞ്ചാരികൾക്കാവശ്യമായനിർദേശങ്ങളൊന്നും എവിടെയും കാണാൻ കഴിഞ്ഞില്ല.
ഞങ്ങൾ കാഴ്ചകൾ തേടി യാത്ര തുടങ്ങി. സമുദ്രാർതിർത്തികളില്ലാത്തതും കുന്നുകൾ നിറഞ്ഞതുമായ മനോഹര രാജ്യം. സുപ്പാറ ചെങ്കുർ ചാക്കിലേക്കാണ് ആദ്യം പോയത്. ദുർഘടമായ മലമ്പാതയിലൂടെ 50 കിലോമീറ്റർ സഞ്ചരിക്കണം സുപാറയിലേക്ക്. ഓർമകളുടെ ഏടുകളിൽ എന്നും സ്മരണകൾ നിലനിർത്താൻ കടന്നുപോയവർക്കായി ഒരുക്കിയ ശ്മാശാന ഭൂമി കണ്ടപ്പോൾ എറിനോട് വണ്ടിയൊന്ന് ഒതുക്കാൻ പറഞ്ഞു. ഫോട്ടോ പതിച്ച കല്ലറകൾക്കരികിൽ നിത്യവും പൂക്കൾ സമർപ്പിക്കുന്നത് ഇവിടുത്തെ പതിവ് രീതിയാണ്. നിത്യ ശാന്തി നേർന്നും പ്രാർത്ഥിച്ചും യാത്ര തുടർന്നു. മലഞ്ചേരിവുകളും പാറക്കെട്ടുകളും മഞ്ഞിൽ മൂടി മനോഹരമായി കിടക്കുന്നു. ആൽ പേയിൻ മരങ്ങളും പുൽമെടുകളും അരുവികളും മനം കവരുന്ന കാഴ്ചകളാണ്. സുപാറയിലെത്തിയാൽ ഏതോ ഹിമയുഗത്തിലെത്തിയ പ്രതീതിയാണ്. അപൂർവമായ കാഴ്ചകൾ കാണാനും ചിത്രങ്ങൾ പകർത്താനും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിയത്. മുകളിലെ അതിശൈത്യ പെട്ടെന്ന് മലയിറങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചു.
തവെർണയിലേക്കാണ് അടുത്ത യാത്ര. മഞ്ഞുരുകി രൂപം കൊള്ളുന്ന അരുവികളും അതിന്റെ തീരത്തിരുന്ന് ഭക്ഷണം ആസ്വദിക്കുന്നതിനും പേരുകേട്ട ഇടം. കിർഗിസ്ഥാന്റെ ദേശീയ ഭക്ഷണമായ കുതിരയിറച്ചി ചേർത്ത ബേഷ്ബാർമാക് തനത് സ്വാദിൽ ഇവിടെ ലഭ്യമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള തണൽ മരങ്ങൾ നട്ടു പിടിപ്പിച്ച തെരുവുകൾ എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഭരണ സിരാ കേന്ദ്രം കണ്ട് ഞങ്ങൾ അല അർച്ച പാർക്കിലേക്ക് തിരിച്ചു. പാർക്കിനുള്ളിൽ പ്രവേശന ഫീസായി 700 സോം കൊടുക്കണം. മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന ചെരിവുകളും, അരുവികളും അല അർച്ചയെ മനോഹരമാക്കുന്നു. ആവാസ വ്യവസ്ഥകളുടെ വൈവിധ്യങ്ങൾ ഇവിടെ കാണാൻ കഴിയും.1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം കിർഗിസ്ഥാൻ ഒരു ദേശീയ രാഷ്ട്രമെന്ന നിലയിൽ പരമാധികാരം കൈവരിച്ചു. 2000 വർഷത്തോളം നീണ്ടു നിൽക്കുന്ന ചരിത്രമാണ് കിർഗിസ്താനുള്ളത്. അതിർത്തി രാജ്യങ്ങളായ ഉസ്ബെകിസ്ഥാനിലും, കാസകിസ്ഥാനിലും മുമ്പ് ഞാൻ പോയിട്ടുണ്ട്. മഹാഭാരതത്തിലും പുരാണങ്ങളിലും പറയുന്നതും ബുദ്ധ ജൈന പുസ്തകങ്ങളിലും പറയുന്ന ഉത്തര കുരു എന്ന പ്രദേശവും ഗ്രീക്ക് കഥകളിൽ പറയുന്ന അറ്റക്കോരിയും ഇന്നത്തെ കിർഗിസ്ഥാനാണെന്നാണ് ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്. യാത്രകൾക്ക് മുമ്പ് കാര്യമായ ഗവേഷണങ്ങൾ എനിക്ക് പതിവില്ല. അവിടെ ചെന്നിറങ്ങി കാര്യങ്ങൾ മനസ്സിലാക്കി യാത്ര ചെയ്യുന്നതിന്റെ ത്രില്ല് അതിന് കിട്ടില്ല. മഞ്ഞ് പെയ്യുന്ന മലനിരകളാലും ആകർഷകമായ തടകങ്ങളാലും പേര് കേട്ട വിനോദസഞ്ചാര കേന്ദ്രം. അതെ കിർഗിസ്ഥാൻ. ഹൃദയഹാരിയായ ദൃശ്യ വിരുന്നുകൾ സമ്മാനിച്ച നിന്റെ മടിത്തട്ടിലേക്ക് മറ്റൊരു യാത്രയിലൂടെ എത്തിച്ചേരും. ബിഷ്കെകിന് വിട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.