ഹബീബ് ഹംസയും കുടുംബവും
കോവിഡ് എന്ന മഹാവ്യാധി ലോകം സ്തംഭിപ്പിച്ച ദിനങ്ങൾ. ഒരു എത്തുംപിടിയുമില്ലാതെ ലോക്ഡോണുകൾ അരങ്ങുവാണിരുന്ന സമയം. താളം തെറ്റിയെത്തിയ കെടുതിയിൽ എക്കണോമികൾ കൂപ്പുകുത്തിയ സാഹചര്യത്തിൽ, യാതൊരു വഴിയുമില്ലാതെ യാത്രാവിലക്കുകൾ എടുത്തുകളഞ്ഞ രാജ്യങ്ങളിൽ അർമീനിയയും ഉണ്ടായിരുന്നു. അന്ന് കുടുംബവവുമൊത്ത് രോഗാതുരതയുടെ മടുപ്പിൽനിന്നും മോചനത്തിനായി അർമീനിയയിലേക്ക് ഒരു ചെറിയ യാത്ര നടത്തി. യൂറേഷ്യയിലെ ഒരു കുഞ്ഞു രാജ്യം. മൂന്ന് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു യാത്ര പോകാൻ പ്രിയതമക്ക് ഒരാഗ്രഹം. എനിക്കാണെങ്കിൽ ലീവ് കുറച്ച് ബാക്കിയുണ്ട്. മാത്രമല്ല, ജോലിയിലെ പ്രഷറിൽ നിന്നും ഒരു ബ്രേക്കും ആവശ്യമായി തോന്നി. എങ്കിൽപിന്നെ പോയി കളയാമെന്ന് കരുതി അസർബൈജൻ ഡെസ്റ്റിനേഷൻ ആക്കി യു.എ.ഇ കേന്ദ്രമാക്കിയ ചില ടൂർ ഓപ്പറേറ്റർമാരെ ബന്ധപ്പെട്ടു. ആകെയൊരു ഡിമാൻഡ് ആയി ഞാൻ പറഞ്ഞത് കുട്ടികൾക്ക് മഞ്ഞിൽ കളിക്കാൻ പറ്റണം എന്നതാണ്. പക്ഷേ അന്വേഷിച്ചു പിടിച്ചു വന്നപ്പോഴാണ് മനസ്സിലാവുന്നത് അസർബൈജാനിൽ മഞ്ഞുപെയ്യുന്നത് അല്ലെങ്കിൽ മഞ്ഞുവീഴ്ച ആരംഭിക്കുന്നത് ഡിസംബർ പകുതിയോടെയാണ് എന്നുള്ളത്. ആ സമയത്താണെങ്കിൽ എനിക്ക് ലീവ് കിട്ടില്ല എന്നുള്ളത് ഏകദേശം ഉറപ്പായിരുന്നു. അങ്ങനെ മഞ്ഞിനുവേണ്ടി അസർബൈജാൻ മാറ്റി വേറെ ഒരു സ്ഥലം അന്വേഷിച്ചു, ഏറെനേരത്തെ തിരച്ചിലിനൊടുവിൽ പ്രിയതമ നമുക്ക് ജോർജിക്ക് പോയാലോ എന്നൊരു ചോദ്യം. വൈ നോട്ട്? യല്ലാഹ് ഹബീബി ലെറ്റ്സ് ഗോ. അങ്ങനെ ജോർജിയൻ ട്രിപ്പ് ഓൺ ആയി.
യൂട്യൂബും ഫേസ്ബുക്കും വഴികാണിച്ച യാത്ര
ഏതൊരു യാത്രികനെയും കൊതിപ്പിക്കുന്ന വിധം വീഡിയോ ചെയ്യുന്ന നമ്മുടെ മലയാളക്കരയുടെ സ്വന്തം സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം ചാനൽ തന്നെ പ്രധാന ഗൈഡാക്കി. കൂടാതെ പുട്ടിന് പീര എന്നപോലെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും അങ്ങനെ ജോർജിയയെ സെർച്ച് ചെയ്തുകിട്ടിയ ഒരുവിധം എല്ലാ ബ്ലോഗും കണ്ടു. നമുക്ക് പോകണം കാണണം എന്ന് തോന്നിയ സ്ഥലങ്ങൾ മാത്രം പിക്ക് ചെയ്ത ഒരു കസ്റ്റമയ്സ്ഡ് ഐടിനേറി രൂപപ്പെടുത്തി. ഗൂഗിളിൽ എന്തെങ്കിലും സെർച്ച് ചെയ്താൽ പിന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കേറിവരുന്നത് അതിന്റെ റിലേറ്റഡ് ഫീഡുകൾ ആണല്ലോ. അങ്ങനെ കിട്ടിയ ട്രാവൽസിനൊക്കെ നമ്മുടെ ഐടിനേറി അയച്ചുകൊടുത്തു കോട്ട് എടുത്തു. അങ്ങനെ സാമാന്യം ബേധപ്പെട്ട ഒരു ടൂർ ഓപ്പറേറ്ററെ തിരഞ്ഞെടുത്തു.
ആൾ ഫോർ യു എന്ന ടൂർ ഓപ്പറേറ്ററായിരുന്നു തെരഞ്ഞെടുത്തത്. ജോർജിയ ആസ്ഥാനമാക്കി റാഹിൽ എന്ന യുവാവ് 8 വർഷം മുമ്പ് പടുത്തുയർത്തിയ ആ സ്ഥാപനത്തിൽ ഇന്ന് ജോർജിയൻ വംശജർ ഉൾപ്പെടെ 50ന് മുകളിൽ ഉദ്യോഗസ്ഥർ ദിനരാത്രം പണിയെടുക്കുന്നുണ്ട്. സാധ്യതകളുടെ ലോകം പരിശ്രമകാരികൾക്ക് എന്നും തുറന്നു കിടക്കുന്നു എന്ന ചൊല്ലിന് ഒരു റിയൽ ലൈഫ് എക്സാമ്പിൾ ആണ് റാഹിൽ. യു.എ.ഇ ദേശീയദിനം പ്രമാണിച്ച് ധാരാളം ടൂറുകൾ അവർ കോർഡിനേറ്റ് ചെയ്തിരുന്ന സമയമായിട്ടും ഞങ്ങളുടെ കാര്യങ്ങളും ഗൗരവത്തോടെ തന്നെ യാത്രയിലുടനീളം നോക്കാൻ റാഹിലോ സ്റ്റാഫോ മറന്നിരുന്നില്ല. അതിനാൽ തന്നെ നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഫീൽ ചെയ്തില്ല എന്നത് പരമാർത്ഥം.
ആദ്യലക്ഷ്യം കുത്തയ്സി നഗരം
കുത്തയ്സി ആണ് ഫസ്റ്റ് ലൊക്കേഷൻ ആയി ഞങ്ങൾ തിരഞ്ഞെടുത്തത്. എന്നാൽ കുത്തയ്സിയിലേക്ക് ഷാർജയിൽ നിന്നും നേരിട്ട് വിമാനം ഇല്ലാത്തതിനാൽ അബൂദബിയിൽ നിന്നുമുള്ള വിസ് എയർ വിമാനമാണ് തെരഞ്ഞെടുത്തത്. അബൂദബി എയർപോർട്ടിൽ പോക്കറ്റ് ഫ്രണ്ട്ലി ബഡ്ജറ്റിൽ ദീർഘസമയ പാർക്കിങ് സൗകര്യമുള്ളത് ഒരു അനുഗ്രഹമാണ്. അങ്ങനെ വണ്ടി പാർക്ക് ചെയ്തു കുത്തയ്സിയിലേക്ക് പറന്നു. കുത്തയ്സി എയർപോർട്ട് ചെറുതാണ്. രാത്രി ആയതിനാലോ എന്നറിയില്ല, ഏകദേശം 2 മണിക്കൂർ എടുത്തു ക്ലിയറൻസ് കഴിഞ്ഞു പുറത്തിറങ്ങാൻ. ലാറി ആണ് ജോർജിയൻ കറൻസി. 10 ജോർജിയൻ ലാറി(ജൽ എന്ന് അബ്ബ്രെവേഷൻ) കൊടുത്താൽ സിം കാർഡ് എടുക്കാം, ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റും 50മിനുറ്റ് ലോക്കൽ കാളും ഇതിൽ കിട്ടും. എടുത്തു, ഒന്ന് എനിക്കും ഒന്ന് ഭാര്യക്കും. ടൂർ ഗൈഡായി ‘ആൾ ഫോർ യു’ പ്രതിനിധി മെർലിൻ ബനിസ്റ്റോ. ആള് നെയ്യാറ്റിൻകരക്കാരനാണ്. ബി.ബി.എ പഠനത്തിനായി വിദേശത്തേക്ക് ചേക്കേറിയ യുവാവ്. മാർത്താണ്ഡം ബേസ്ഡ് ആയ ബനിസ്റ്റോ കുടുംബത്തിൽപെട്ട ഒരു ചുറുചുറുക്കുള്ള പയ്യൻ. കാർ പാർക്കിങ്ങിൽനിന്ന് എക്സിറ്റ് ആവുന്ന സമയം പൈസ കൊടുത്തിട്ട് മെർലിൻ സെക്യൂരിറ്റിയോട് പറഞ്ഞു ‘മദ്ലോബ, ദിദി മദ്ലോബ‘.. ഇതെന്ത് സാധനം എന്ന് അന്താളിച്ചു ഇരുന്നപ്പോ മെർലിൻ പറഞ്ഞു. ഇതാണ് ജോർജിയൻ ഭാഷയിലെ ‘താങ്ക് യു’ എന്ന്. കൊള്ളാം ഈ വാക്ക് പിള്ളേർക്കും സ്ട്രൈക്ക് ആയി. സേവ്ഡ്!
ഇനി കുറച്ചു ദിവസത്തേക്ക് മെർലിൻ ആണ് ഞങ്ങളുടെ ലോക്കൽ ഗൈഡും സാരഥിയും. നാട്ടുകാര്യങ്ങളും ജോർജിയൻ കഥകളുമൊക്കെ പറഞ്ഞു ഞങ്ങളെങ്ങനെ ജോർജിയൻ തെരുവുകളിൽ കൂടി യാത്ര ആരംഭിച്ചു. അന്ന് രാത്രി കുത്തയ്സി ഇൻ എന്ന ഹോട്ടലിൽ തങ്ങി. ഒരു ഊട്ടി കൊടൈക്കനാൽ വൈബ് ആണ് ഈ പ്രദേശം. വല്യ പുരോഗതി ആയിട്ടില്ല. എന്നാലും ഒരു ഹാങ്ങ് ഔട്ടിനു കൊള്ളാം.
കുത്തയ്സിയിലെ ഗുഹ
കുത്തയ്സിയിലെ മെയിൻ കലാപരിപാടി എന്ന് പറയുന്നത് മാർട്ടിവില്ലി ക്യാൻയോണിലെ റാഫ്റ്റിങ്ങും പ്രോമെത്യസ്സ് കേവ്സുമാണ്. കാലത്തുതന്നെ ചെറിയ ചാറ്റൽമഴ ഉണ്ടായിരുന്നതിനാൽ റഫ്റ്റിംഗ് പ്ലാൻ മാറ്റേണ്ടി വന്നു. എന്നാലും പ്രോമെത്യൂസ് കേവ് കണ്ടു. കേവിനുള്ളിൽ പർവതമുകളിൽ നിന്നും ഉറവയിലൂടെ ഒലിച്ചു വരുന്ന വെള്ളം ചളിയുമായി മിക്സ് ആയി ഓരോ രൂപങ്ങളായി മാറിയിരിക്കുന്നു. ഈ രൂപങ്ങൾക്ക് നമുക്ക് മാധ്യമങ്ങളിലൂടെ കണ്ടു പരിചയമുള്ള ഏതോ എലിയൻ ഡോമിനേറ്റഡ് ലാന്റുമായോ എലിയനുമായോ സാമ്യം തോന്നിയാൽ തെറ്റുപറയാനാവില്ല. ഏകദേശം 1.5കി.മീറ്റർ നടക്കാം ഇതിലൂടെ. മൊത്തം ഡിസ്റ്റൻസ് 2.5കി.മീറ്ററിനു മുകളിൽ വരും. ഏതാനും അറ്റകുറ്റ പണികൾക്കായി കുറച്ചു ഭാഗം ഇപ്പോൾ അടച്ചിരിക്കുകയാണ്. അങ്ങനെ ഗുഹക്കുള്ളിലെ കയറ്റവും ഇറക്കവും ഒക്കെ താണ്ടി ക്ഷീണിച്ചു ഒരുവിധം മറ്റേ സൈഡിലെത്തി. അവിടുന്ന് ബസ് എടുത്തു വേണം നമ്മൾ തുടങ്ങിയിടത്തേക്ക് എത്താൻ. അവിടെ ആണ് മെർലിൻ കാറുമായി കാത്തുകിടക്കുന്നത്. എക്സിറ്റിൽ കണ്ട യുവതിയോട് പിള്ളേർസ് പറഞ്ഞു ‘മദ്ലോബ’.
കുത്തയ്സിയിൽ ഒരു 4x4 ട്രിപ്പ് ഉണ്ട്. അത് ഒരു കിടിലൻ അനുഭവമാണ്. ഒരു ആറിലൂടെ കുത്തിയൊലിച്ചു വരുന്ന മലവെള്ളം. അതിനിരുവശവും ഭീമാകാരമായ ഉരുളൻ പാറകൾ. ഈ ആറ് 4x4 കാറിൽ നമ്മൾ ഓടിച്ചു താണ്ടണം. കുട്ടികളൊക്കെ ഉള്ളതിനാൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. എന്നാലും ജീപ്പ് ഡ്രൈവർ ഒരു പുപ്പുലി ആയിരുന്നു.. പുള്ളി നിഷ്പ്രയാസം വണ്ടി ആറിലേക്ക് ഇറക്കി. ഡോറിൽ വന്നടിക്കുന്ന വെള്ളത്തിന്റെ സൗണ്ടും വണ്ടിയിൽ ഫീൽ ചെയ്യുന്ന വൈബ്രേഷനും. ഡ്രൈവർ ഒരു അപ്പൂപ്പൻ ആയിരുന്നെങ്കിലും ചങ്കൂറ്റം വേറെ ലെവൽ. പുള്ളിക്ക് ആരോ മലയാളം പഠിപ്പിച്ചു കൊടുത്തിരുന്നു. എന്നത്തേയും പോലെ മലയാളി ഫസ്റ്റ് പഠിപ്പിക്കുന്ന വാക്കുകൾ. വഴിയരികിൽ കണ്ട മൃഗങ്ങളെ അയാൾ ഞങ്ങൾക്ക് കാണിച്ചു തന്നിട്ട് പറഞ്ഞു ‘പന്നി, പട്ടി, പശു’.. ജോർജിയൻ സ്ലാങ്ൽ ഇത് കേട്ടപ്പോൾ ഞങ്ങൾ ശെരിക്കും പൊട്ടിച്ചിരിച്ചു.. യാത്ര പറയുന്നേരം പിള്ളേർസ് പുള്ളിനോട് പറഞ്ഞു ‘മദ്ലോബ’.
മഴയും മഞ്ഞും കടന്ന് ടിബിലിസിലേക്ക്
കുത്തയ്സിയോട് വിട പറഞ്ഞു ടിബിലിസിയിലേക്ക് യാത്ര ആരംഭിച്ചു. നേരം ഇരുട്ടിതുടങ്ങിയിരുന്നു. ലൈറ്റ് ഒന്നും ഇല്ലാത്ത വിജനമായ ഒരു ചെറിയ കാനനപാത. ഹൈവേ എത്തുന്നത് വരെ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നല്ല ഗംഭീര മഴ. വിന്ററിലേക്ക് കടക്കുന്നതിനു മുന്നോടിയായി പെയ്യുന്നതാണെന്ന് മെർലിൻ പറഞ്ഞു. കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ മഴ മാറി മഞ്ഞുവീഴ്ച തുടങ്ങി. ആ സ്ഥലത്ത് ഇത് സാധാരണ നടക്കാറില്ലാത്ത ഒരു പ്രതിഭാസമാണെന്ന് മെർലിൻ പറയുകയുണ്ടായി. എന്തായാലും ഹിൽസ്റ്റേഷനിൽ മഞ്ഞു ആസ്വദിക്കാൻ ആഗ്രഹിച്ച ട്രിപ്പിൽ ഫ്ലാറ്റ് ലാൻഡിൽ മഞ്ഞു കിട്ടിയത് പിള്ളേർക്ക് ഒരു ആശ്വാസമായി. കാർ വിൻഡോസ് തുറന്നിട്ട് ജോർജിയയിലെ ആദ്യത്തെ മഞ്ഞു ഞങ്ങൾ ഒരു ഓർമയാക്കി.
മൂന്ന് ദിവസത്തെ നിലക്കാത്ത മഴയിൽ കുതിർന്നമർന്ന ടൗൺ. രാത്രി ഏകദേശം 9 മണിയോട് കൂടി ഞങ്ങൾ ടിബിലിസിയിൽ എത്തി. മലയാളികളായ വിദ്യാർഥികൾ തുടക്കം കുറിച്ചതും നടത്തിവരുന്നതുമായ ഒരു റെസ്റ്റോറന്റിൽ കയറി ഡിന്നർ കഴിച്ചു. മോശം പറയാനില്ലാത്ത ഫുഡ്. അവിടുന്ന് നേരെ ഹോട്ടലിലേക്ക്. അന്ന് രാത്രി ടിബിലിസിയിൽ ക്ലോക്സ് ഹോട്ടലിൽ.
പിറ്റേ ദിവസം ടിബിലിസിയിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു കാലത്തെ ഗുദൗരി ലക്ഷ്യമാക്കി ഇറങ്ങി. പോകുന്ന വഴിക്ക് വേറെ കുറച്ചു ടൂറിസ്റ്റ് സ്പോട്സ് കൂടെയുണ്ടെന്നു മെർലിൻ പറഞ്ഞിരുന്നു. എന്നാലും അപ്രതീക്ഷിതമായെത്തിയ മഴയും മഞ്ഞും ഒരു കരടായി തോന്നി. ഗുദൗരി മലമുകളിലാണ്. മല കയറിത്തുടങ്ങിയതും മഞ്ഞുവീഴ്ചയുടെ വ്യാപ്തി കൂടി. മഞ്ഞുതുള്ളികൾ വളർന്നു മഞ്ഞുകട്ടകളായി വീഴാൻ തുടങ്ങിയപ്പോൾ മെർലിൻ സ്പീഡ് കുറച്ചു കൂടുതൽ ശ്രദ്ധാലുവായി. ഇന്ത്യയിൽ നിന്നും കൊണ്ട് വന്ന ഇന്റർനാഷണൽ ലൈസൻസ് ആണ് മെർലിൻ അവിടെ ഉപയോഗിക്കുന്നത്. അത് അവിടെ ആക്സെപ്റ്റബിൾ ആണത്രേ. പോകുന്നവഴിക്ക് 2,3 സ്ഥലത്ത് നിറുത്തി കാഴ്ചകൾ ആസ്വദിച്ചു ഞങ്ങൾ യാത്ര തുർടന്നു. ഈ മല ചെന്നെത്തുന്നത് റഷ്യൻ ബോർഡറിൽ ആണ്. മഞ്ഞുവീഴ്ച കൂടിയപ്പോൾ സുരക്ഷാ കാരണങ്ങൾ കാരണം ബോർഡർ അടച്ചു.. റോഡ്സൈഡിൽ കി.മീറ്റർ കണക്കിന് ട്രക്കുകൾ നിരനിരയായി കിടക്കുന്നു..ഇവയെല്ലാം റഷ്യയിലേക്ക് പോകാൻ ഉള്ളവയാണ്..ഇതൊക്കെ താണ്ടി വേണം ഞങ്ങൾക്ക് മലമുകളിൽ എത്താൻ.. ഒരുവിധം ഓടികിതച്ചു കുന്നും മലയും താണ്ടി ഹെയർപിനുകൾ കേറി ഒടുക്കം ഞങ്ങൾ ഗുദൗരിയിൽ എത്തി. സുഹൃത്തായ ഷെബിൽ നിർദേശിച്ചിരുന്ന ഒരു പഞ്ചാബി റെസ്റ്ററന്റിൽ കയറി ലഞ്ച് കഴിച്ചു..
മഞ്ഞുമലയിൽ ഒരു സാഹസം
കസ്ബെഗി എന്ന റഷ്യൻ ബോർഡറിനോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലത്താണ് യഥാർത്ഥത്തിൽ അന്ന് രാത്രിയും പിറ്റേന്നും ഞങ്ങൾക്ക് കോട്ടജ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ വഴി അടച്ചതോടെ ആ പ്ലാൻ റദ്ദാക്കേണ്ടി വന്നു..റാഹിൽ ബന്ധപ്പെട്ടു ഗുദൗരിയിൽ മാർക്കോ പോളോ എന്ന ഹോട്ടലിലേക്ക് ബുക്കിങ് മാറ്റിത്തന്നു. ഇതിനിടക്ക് ഒരു ഷോപ്പിൽ ഇളയമകൾക്ക് സ്നോ ബൂട്ട് വാങ്ങാൻ കേറി. കടക്കാരിയോട് പിള്ളേർസ് പറഞ്ഞു ‘മദ്ലോബ’. അവർ ഞങ്ങളോട് ചോദിച്ചിട്ട് മക്കൾക്ക് കുറച്ചു ജോർജിയൻ സ്വീറ്റസ് കൊടുത്തു. അത് കണ്ടു ഞങ്ങളും പറഞ്ഞു ‘മദ്ലോബ’. ഹിൽസ്റ്റേഷനിൽ താമസിക്കാൻ പറ്റിയ മികച്ച ഹോട്ടലിന്റെ ലിസ്റ്റ് എടുത്തു നോക്കിയാൽ അതിൽ കാണും മാർക്കോ പോളോ. കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഒരു ഔട്ട്ഡോർ പ്ലെയിങ് ഏരിയ ഉണ്ട് അവിടെ. അവിടെയാണ് അധികസമയവും മഞ്ഞിൽ കളിച്ചും ഫോട്ടോസ് എടുത്തും സ്നോ മാനെ ഉണ്ടാക്കിയും അവർ ആസ്വദിച്ചത്. കാറുമായി പുറത്തേക്ക് ഇറങ്ങിയാൽ അപ്പോൾ തന്നെ പിള്ളേര് പറയും തിരിച്ചു ഹോട്ടലിൽ പോയി കളിക്കാമെന്നു. അങ്ങനെ ആയിരുന്നു അവർക്ക് സ്നോവിനോടുള്ള പ്രണയം. ഇതിനിടക്ക് വൈഫ് ഹോട്ടൽ ലോബിയോട് ചേർന്നുള്ള ഡെസ്കിൽ ഒരു അപ്പാപ്പനെ കണ്ടു. പുള്ളിടെ കയ്യിൽ ഒരു പുട്ടുകുറ്റിയെക്കാളും വലിപ്പമുള്ള ലെൻസ് ഉള്ള ഒരു കാനോൻ ക്യാമറ. വൈഫ് പോയി എന്തൊക്കെയോ സംസാരിച്ചു വന്നു. അതായത് പുള്ളി നമ്മളുടെ ഫോട്ടോസ് എടുക്കും. അത് ഡിജിറ്റൽ ആയി വേണമെങ്കിൽ ഇത്ര രൂപ, പ്രിന്റ് ആയി വേണമെങ്കിൽ അതിനു എക്സ്ട്രാ..വൻ ചാർജ് ആണ് പുള്ളി ഡിഫാൾട് ആയി സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്.. അതിൽ വിലപേശൽ നടക്കില്ല.. എന്തായാലും കുറച്ചു ഫോട്ടോസ് എടുപ്പിക്കാം എന്ന് ഞങ്ങളും കരുതി.
പിറ്റേ ദിവസവും എങ്ങോട്ടും പോവാൻ പറ്റാത്ത രീതിയിൽ മഞ്ഞു തന്നെ.. സർവത്ര മഞ്ഞു.. ഒരു നേർത്ത സൺറൈസ് കണ്ടു കാലത്ത് തന്നെ പുറത്തേക്കിറങ്ങി.. മഞ്ഞുമലയിൽ കൂടി സനൗ ബൈക്ക് ഓടിക്കുന്ന ഒരു സ്ഥലമുണ്ട്.. അങ്ങോട്ട് വെച്ച് പിടിച്ചു മെർലിൻ.. മകളടക്കം 5 പേരുള്ളത് കൊണ്ട് ഒരു റൂഫ് കവർഡ് ആയ ബഗ്ഗി റെന്റിനു എടുത്തു. കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു. മല കയറുന്നേരം ഞാൻ ഓടിച്ചു തിരിച്ചു വൈഫും.. യു.എ.ഇ ലൈസൻസ് കിട്ടിയതിന്റെ ത്രില്ലിൽ പുള്ളിക്കാരി അല്പം അഡ്വൻചറസ് ആയിരുന്നു..അപ്പോഴേക്കും മഞ്ഞുവീഴ്ച നിന്ന് മാനം വെളുത്തിരുന്നു.. ഇന്നലെ കോടമഞ്ഞിൽ കാണാതിരുന്ന പ്രകൃതി ഭംഗി ഇന്ന് വളരെ വ്യെക്തമായും വിശാലമായും കാണാൻ കഴിഞ്ഞു.. ഞങ്ങൾ താണ്ടിവന്ന ഗർത്തങ്ങൾ നിറഞ്ഞ റോഡിന്റെ ഭീകരത ഇന്നാണ് ശെരിക്കും മനസ്സിലാകുന്നത്. വെറുതെയല്ല അവർ ഹെവി സ്നോയിൽ റോഡുകൾ ക്ലോസ് ചെയ്യുന്നത് എന്ന് അപ്പോൾ മനസ്സിലായി. കടുക്മണി വ്യത്യാസത്തിൽ അഗാത ഗർത്തമാണ്. തിരിച്ചു ഹോട്ടലിലേക്ക് വരുന്ന സമയം ഒരു മലയാളി റെസ്റ്റോറന്റിൽ കയറി. മോശമില്ലാത്ത ഫുഡ്. അതിനു ശേഷം താമസിക്കുന്ന ഹോട്ടലിലെത്തി ഫോട്ടോ ഗ്രാഫർ അപ്പാപ്പനെ കൊണ്ട് ഒരു 500 ഫോട്ടോ എടുപ്പിച്ചു. വൈകുന്നേരം എഡിറ്റിങ് കഴിഞ്ഞു റെഡി ആക്കിവെക്കാം എന്ന് പുള്ളി പറഞ്ഞു. മെർലിൻ ഒരു കുതിരക്കാരനെ വിളിച്ചു നോക്കി. ക്ലൈമറ്റ് ചേഞ്ച് ആയതിനാൽ ഈ സമയത്ത് അധികം കസ്റ്റമേഴ്സ് ഇല്ലാത്തതിനാൽ മിക്കവാറും ഉണ്ടാവില്ല എന്ന് മുന്നേ പറഞ്ഞിരുന്നു. എന്നാലും ഒരു ട്രൈ.. കിട്ടിയാ കിട്ടി..ഭാഗ്യത്തിന് അയാൾ വരാമെന്നേറ്റു. മൂത്ത മകൾക്ക് മൃഗങ്ങളോട് വലിയ വാത്സല്യമാണ്. എന്തിനെ കണ്ടാലും തൊടണം.. അതിപ്പോ ആന ആയാലും കാട്ടുപോത്തു ആയാലും ശെരി.. അങ്ങനെ ഹോർസ് റൈഡിങ് കൂടെ കഴിഞ്ഞു അടുത്ത സനൗമാൻ ഉണ്ടാക്കാൻ തിരിച്ചു ഹോട്ടലിലേക്ക്. കേറുന്നതിനു മുൻപേ ഫോട്ടോഗ്രാഫർ അപ്പാപ്പൻറെ അടുത്ത് പോയി ഫോട്ടോസ് കണ്ടു.. എടുത്തതെല്ലാം കിടിലം.. പുള്ളി കുറെ കാശുണ്ടാക്കും.. ഒടുവിൽ മനസ്സില്ലമനസ്സോടെ കുറേ ഡിലീറ്റ് ചെയ്തു ഒരു 20 എണ്ണത്തിൽ ഒതുക്കി. ചിലത് ഫ്രെയിം ചെയ്തു വെക്കണം, വീട്ടിലും നാട്ടിലും ഓഫീസിലും.. ഞങ്ങൾ ഒന്നായി അദ്ദേഹത്തോട് പറഞ്ഞു ‘മദ്ലോബ’.
ഗുദൗരിയിൽ മലയിറക്കം
പിറ്റേദിവസം ഗുദൗരിയോട് യാത്രപറഞ്ഞു ഞങ്ങൾ മലയിറങ്ങി. തലേരാത്രി മഞ്ഞു പെയ്തിട്ടില്ല. മനോഹരമായ ഒരു സൂര്യോദയം കാണാൻ കഴിഞ്ഞു. ഇടയിൽ ഒരു റാഫ്റ്റിങ് സ്പോട് ഉണ്ട്. പക്ഷെ എന്തോ അത് സേഫ് ആയി തോന്നാത്ത കാരണം പോയില്ല. തിരിച്ചു ടിബിലിസിയിലേക്ക് കുറച്ചു ദൂരമുണ്ട്.. വീണ്ടും ക്ലോക്സ് ഹോട്ടലിലേക്ക്. ലഗേജ് ഹോട്ടലിൽ വെച്ച് ഞങ്ങൾ സിറ്റി ടൂറിലേക്ക് കടന്നു. ക്രോണിക്ൽസ് ഓഫ് ജോർജിയ, ഫ്രീഡം സ്ക്വയർ, ലവ് ലോക്ക്, പീസ് ബ്രിഡ്ജ്, കേബിൾ കാർ, ഫ്യൂണിക്കുലർ റൈഡ്, ക്ലോക്ക് ടവർ പിന്നെ ഏതൊക്കെയോ സ്ഥലങ്ങൾ. എല്ലാം അടുത്തടുത്താണ്. ജോർജിയൻ നാടൻ ഫുഡ് കഴിക്കണമെന്ന ആഗ്രഹത്താൽ സിറ്റിയിൽ നടക്കുന്നതിനിടയിൽ ‘പസനുരി’ എന്ന ഒരു റെസ്റ്റോറന്റിൽ കയറി. ജോർജിയ പോവുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ എന്നോട് ‘കച്ചാപുരിയും ബീൻ ഇൻ ദി പോട്’ ഉം മസ്റ്റ് ട്രൈ ആണെന്ന് ബോസ് പറഞ്ഞതനുസരിച്ച് അത് തന്നെ ഓർഡർ ചെയ്തു. കൂടാതെ ‘കിങ്കാലി’ എന്ന ജോർജിയൻ മോമോസും പിന്നെ ‘അച്ചാറുലി’ എന്ന ഒരു ഐറ്റവും. ബീൻ ഇൻ ദി പോട് വിത്ത് ജോർജിയൻ ബ്രെഡ് ഒരു വണ്ടർഫുൾ കോമ്പോ ആണ്.. കുടിക്കാനായി പീച് ലെമനൈഡ്.. അങ്ങനെ വിശാലമായ ഒരു ലഞ്ച്ന് ശേഷം ഒരു ചില്ലറ ഷോപ്പിങ് നടത്തി തിരിച്ചു ഹോട്ടലിലേക്ക്.
പിറ്റേദിവസം 12മണിയോടെ ഹോട്ടലിൽനിന്ന് ചെക്ക്കോട്ട് ചെയ്തു അടുത്തുള്ള ഒരു ചർച്ച് സന്ദർശിച്ചു. ജോർജിയയിലെ ഏറ്റവും വലിയ ഓർത്തഡോക്സ് ചർച്ചാണ് അതെന്ന് മെർലിൻ പറഞ്ഞു. ശേഷം ഒരു ഷോപ്പിങ് മാൾ സന്ദർശനവും ഫൈനൽ ഷോപ്പിങ്ങും. മറ്റൊരു ജോർജിയൻ വിഭവമായ ചിമ്മിനി കേക്ക് മെർലിന്റെ നിർദേശപ്രകാരം ട്രൈ ചെയ്തു. അരെ വാഹ്! പൊളി സാനം! അങ്ങനെ അതും പിടിച്ചു മാളിൽ നിന്നും ഇറങ്ങി എയർപോർട്ട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. പോകുന്നേരം മെർലിനോട് കടം മേടിച്ച ആ വാക്ക് തിരിച്ചു പറഞ്ഞു ‘മദ്ലോബ മെർലിൻ, ദിദി മദ്ലോബ’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.