ചണ്ഡിഗഢ്: പഞ്ചാബിൽ അമരീന്ദർ സിങ്ങിെൻറ പിൻഗാമിയായി ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും. പാർട്ടിയുടെ ദലിത് മുഖമായ ചന്നിയെ പഞ്ചാബ് കോൺഗ്രസ് നിയമസഭകക്ഷി നേതാവായി ഞായറാഴ്ച ചേർന്ന എം.എൽ.എമാരുടെ യോഗം നിർദേശിച്ചു. ഇതോടെ ചരൺജിത് സിങ് ചന്നി പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേൽക്കും. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ് ചന്നി.
സംസ്ഥാനത്ത് കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി ചരൺജിത് സിങ് ചന്നിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ട്വിറ്ററിൽ കുറിച്ചു. ഗവർണർ ബൻവാരിലാൽ പുരോഹിതിനെ സന്ദർശിച്ച ചന്നി, സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിച്ചു. കോൺഗ്രസ് ദേശീയനേതാക്കളായ അജയ് മാക്കൻ, ഹരീഷ് റാവത്ത് തുടങ്ങിയവരും ചന്നിക്കൊപ്പമുണ്ടായിരുന്നു.
നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചതോടെ വിളിച്ചുചേർത്ത നിയമസഭകക്ഷി യോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. അമരീന്ദർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കോൺഗ്രസ് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചത്.
അമ്പത്തെട്ടുകാരനായ ചരൺജിത് സിങ് ചന്നി, അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്നു. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പു വരുന്ന സംസ്ഥാനത്ത് ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് വിശ്വാസം. അധികാരത്തിലെത്തിയാൽ ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പിയും ദലിത് ഉപമുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് ശിരോമണി അകാലിദളും പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിലായിരുന്നു അമരീന്ദർ സിങ് രാജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ അമരീന്ദർ സിങ് ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച ശേഷം അമരീന്ദർ സിങ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.