ന്യൂഡൽഹി: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി വിമാനത്താവളങ്ങളിലെ എയറോബ്രിഡ്ജുകൾ വിമാനക്കമ്പനികൾ ഉപയോഗിക്കാത്തതിനെതിരെ പാർലമെന്‍ററി സമിതി. ഇവ ലഭ്യമാക്കാത്തതിനാൽ പ്രായമായ ആളുകൾക്ക് പടികൾ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ഇത് ഇവരിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്ക്കുള്ള പാർലമെന്ററി സമിതി തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ എയർലൈനുകളുടെ നിസ്സംഗവും യുക്തിരഹിതവുമായ മനോഭാവത്തെ കമ്മിറ്റി അപലപിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇത്തരം കമ്പനികൾക്ക് പിഴ ചുമത്തണമെന്നും കൂട്ടിച്ചേർത്തു.
എയർപോർട്ടിൽനിന്ന് വിമാനത്തിലേക്ക് കയറാനും ഇറങ്ങാനും ഉപയോഗിക്കുന്ന സംവിധാനമാണ് എയറോബ്രിഡ്ജ്. ഈ സൗകര്യം ഉപയോഗിക്കാൻ എയർലൈനുകൾ വിമാനത്താവളത്തിന് ഒരു നിശ്ചിത നിരക്ക് നൽകണം.
ചില വിമാനത്താവളങ്ങളിൽ എയ്‌റോബ്രിഡ്ജുകൾ ഉണ്ടെങ്കിലും വിമാനക്കമ്പനികൾ അത് ഉപയോഗിക്കുന്നില്ലെന്ന് പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരിൽനിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും പ്രവർത്തനച്ചെലവ് കുറക്കാൻ സ്വകാര്യ എയർലൈനുകൾ എയ്‌റോബ്രിഡ്ജ് സൗകര്യങ്ങൾ ഉപയോഗിക്കുന്നില്ല. ഇക്കാരണത്താൽ യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രായമായവർക്ക് വിമാനത്തിൽ കയറാൻ പടികൾ ഉപയോഗിക്കേണ്ടി വരുന്നു
'സ്വകാര്യ എയർലൈനുകളുടെ ഈ നിസ്സംഗവും യുക്തിരഹിതവുമായ മനോഭാവത്തെ കമ്മിറ്റി അപലപിക്കുന്നു. മേൽപ്പറഞ്ഞ വിഷയത്തെക്കുറിച്ചുള്ള സർക്കുലർ കർശനമായി നടപ്പാക്കണമെന്ന് ശക്തമായി ശുപാർശ ചെയ്യുന്നു' -റിപ്പോർട്ടിൽ പരാമർശിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് 2018ൽ സിവിൽ ഏവിയേഷൻ മന്ത്രാലയം എല്ലാ ഇന്ത്യൻ എയർപോർട്ട് ഓപ്പറേറ്റർമാർക്കും സർക്കുലർ പുറപ്പെടുവിച്ചിരുന്നു. യാത്രക്കാർക്ക് വിമാനത്തിൽ കയറാനും ഇറങ്ങാനും എയറോബ്രിഡ്ജ് ലഭ്യമാണെങ്കിൽ, അത് അവരുടെ സൗകര്യത്തിനായി ഉപയോഗിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഈ സർക്കുലർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പതിവായി പരിശോധന നടത്തണമെന്നും ലംഘനങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സ്വകാര്യ എയർലൈനുകൾക്ക് പിഴ ചുമത്തണമെന്നും പാർലമെന്‍ററി സമിതി ശുപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.