ശൈത്യകാലവും ഒഴിവുദിനങ്ങളും മാത്രമല്ല, വര്‍ഷം മുഴുവന്‍ വിനോദങ്ങളിലേര്‍പ്പെടാനുള്ള നിരവധി പദ്ധതികള്‍ ജനങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കുകയാണ് അബൂദബി. കുടുംബങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ പാര്‍ക്കുകളും വിനോദവും അറിവും നുകരാനുള്ള സംവിധാനങ്ങളുമെല്ലാം അടങ്ങുന്നതാണ് എമിറേറ്റിന്‍റെ പദ്ധതികള്‍. അത്തരത്തിലൊന്നാണ് അബൂദബി ജുബൈല്‍ ദ്വീപിലെ കണ്ടല്‍ പാര്‍ക്ക്. പ്രകൃതിയോട് ചേര്‍ന്നുനിന്നുകൊണ്ട് വിനോദങ്ങളിലേര്‍പ്പെടാനുള്ളതെല്ലാം ഇവിടെ സജ്ജമാണ്. 19 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ജുബൈല്‍ കണ്ടല്‍ പാര്‍ക്കിനെ മരുഭൂമിയിലെ മരുപ്പച്ചയെന്നും വിശേഷിപ്പിക്കാം.
അബൂദബി എമിറേറ്റിലെ ആദ്യത്തെ സ്വാശ്രയ വിദ്യാഭ്യാസ, പ്രകൃതി, വിനോദ കേന്ദ്രമാണ് 2800 ഹെക്ടറില്‍ ഒരുക്കിയ ജുബൈല്‍ കണ്ടല്‍ പാര്‍ക്ക്. പ്രാഥമികമായി കണ്ടല്‍ സങ്കേതമാണെങ്കിലും മത്സ്യങ്ങളും പക്ഷികളും ഉള്‍പ്പെടെ വിവിധതരം വന്യജീവികളുടെ ആവാസ കേന്ദ്രം കൂടിയാണിത്. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ പ്രത്യേകം സജ്ജീകരിച്ച നടപ്പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പക്ഷികളെയും മല്‍സ്യങ്ങളെയുമെല്ലാം അടുത്ത് കാണാന്‍ സാധിക്കും. 2020 ജനുവരി 30നാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇപ്പോള്‍ പ്രകൃതി സ്‌നേഹികളുടെയും കുടുംബങ്ങളുടെയും ഇഷ്ടയിടമാണിവിടം.
ജുബൈല്‍ മാംഗ്രോവ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം മൂന്ന് വ്യത്യസ്ത റൂട്ടുകള്‍ ഉള്ള നടപ്പാതയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയത് രണ്ട് കിലോമീറ്ററാണ്. 1.6, 1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാതകളുമുണ്ട്. േഫ്ലട്ടിങ് പ്ലാറ്റ്‌ഫോം, കണ്ടല്‍ക്കാടിന്‍റെ വേരുകള്‍ കാണാവുന്ന സംവിധാനം, വ്യൂവിങ. ടവര്‍, വേലിയേറ്റങ്ങളെ കുറിച്ച് അറിയാനുള്ള വാട്ടര്‍ കളക്ടര്‍ നോഡ്, ബീച്ച് ടവര്‍ തുടങ്ങിയവും ആകര്‍ഷണങ്ങളാണ്. സംശയ നിവാരണത്തിനും മറ്റ് വിനോദങ്ങളില്‍ സഹായിക്കാനും നിരവധി ഗൈഡുമാരെയും റേഞ്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
കണ്ടല്‍ പാർക്കലേക്ക് പോകും മുൻപ്
ലൊക്കേഷൻ: അബൂദബിയിലെ അല്‍ ജുബൈല്‍ ദ്വീപിലാണ് ജുബൈല്‍ കണ്ടല്‍ പാര്‍ക്ക്. അബൂദബി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 22 മിനിറ്റും യാസ് ദ്വീപ്, റീം ദ്വീപ്, ഖാലിദിയ എന്നിവിടങ്ങളില്‍ നിന്ന് 25 മിനിറ്റില്‍ താഴെയുമാണ് ഇവിടേക്കുള്ള യാത്ര. ദുബൈ മറീനയില്‍ നിന്ന് 60 മിനിറ്റ് സഞ്ചരിക്കണം.സമയവും പാര്‍ക്കിങ്ങും: ദിവസവും രാവിലെ ഏഴിന് തുറക്കും. അവസാന പ്രവേശനം രാത്രി ഒമ്പതിനാണ്. രാത്രി 10ന് അടയ്ക്കും. സൗജന്യ പാര്‍ക്കിങ് ലഭ്യമാണ്.
പ്രധാനമായും വേലിയേറ്റ സമയത്തെ സന്ദര്‍ശനം കാഴ്ചക്കാര്‍ക്ക് വേറിട്ട ജലകാഴ്ചകള്‍ സമ്മാനിക്കും. വേലിയിറക്ക സമയം കാഴ്ചകള്‍ അല്‍പ്പം വരണ്ടതായി അനുഭവപ്പെടാം.പ്രവേശന ഫീസ്: പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ് അഞ്ച് ദിര്‍ഹമാണ്. 40 ദിര്‍ഹം മുതല്‍ ഫീസ് ഈടാക്കുന്ന ഗൈഡിനൊപ്പമുള്ള നടത്തം കൂടുതല്‍ അറിവ് നേടാന്‍ സഹായകമാവും. സാഹസികരായ അതിഥികള്‍ക്ക് ഇലക്ട്രിക് ഡ്രാഗണ്‍ ബോട്ട് അനുഭവം വേറിട്ടതാണ്.
കയാക്കിങ്, രാത്രികാല കയാക്കിങ്, സൂര്യാസ്തമയ കയാക്കിംഗ്, സ്റ്റാന്‍ഡ്അപ്പ് പാഡില്‍ ബോര്‍ഡിങ്, യോഗ തുടങ്ങിയവയുണ്ട്. ഓരോന്നിനും പ്രത്യേകം ഫീസാണ് ഈടാക്കുന്നത്. അഞ്ച് മുതല്‍ 130 ദിര്‍ഹം വരെ ഫീസ് അടയ്‌ക്കേണ്ട വിനോദ പരിപാടികളാണുള്ളത്. ആറ് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് നടപ്പാതയിലൂടെ യാത്ര സൗജന്യമാണ്.
12 വയസ്സിൽ താഴെയുള്ള കുട്ടികള്‍ മുതിര്‍ന്നവരോടൊപ്പം വേണം പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍. എത്തിയതിനു ശേഷം ടിക്കറ്റ് എടുക്കുന്നത് ഒഴിവാക്കി, വെബ്‌സൈറ്റില്‍ നിന്ന് ആവശ്യമായ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് അഭികാമ്യം. തിരക്ക് പരിഗണിച്ച് ക്യൂ പാലിച്ചായിരിക്കും നടപ്പാതയിലേക്കുള്ള പ്രവേശനം. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തു മാറ്റിയതിനാല്‍ അതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങളില്ല.സൗകര്യങ്ങള്‍ സന്ദര്‍ശക കേന്ദ്രം, ടോയ്‌ലറ്റ്, ഷവര്‍ സൗകര്യങ്ങള്‍ എന്നിവയും ചായ, കാപ്പി, സ്‌നാക്‌സ് തുടങ്ങിയവ നല്‍കുന്ന കഫേയും പ്രവര്‍ത്തിക്കുന്നുണ്ട്.
●നീന്തല്‍ അനുവദിനീയമല്ല
● മാലിന്യം ഇടരുത്
● പുകവലിക്കരുത്
● നടപ്പാതയില്‍ ഭക്ഷണ-പാനീയം പാടില്ല
● വളര്‍ത്തുമൃഗങ്ങളെ അനുവദിക്കില്ല
● മത്സ്യബന്ധനമില്ല
●കളിപ്പാട്ടങ്ങളോ സ്‌കേറ്റിംഗോ സ്‌കൂട്ടറുകളോ സൈക്കിളുകളോ ഉപയോഗിക്കരുത്
●സസ്യങ്ങളെയും വന്യജീവികളെയും സ്പര്‍ശിക്കരുത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.