ആദ്യമായെത്തിയ സഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ സ്വീകരണം നൽകുന്നു

അതിരപ്പിള്ളിയും തുമ്പൂർമുഴിയും തുറന്നു; സഞ്ചാരികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ച്​ അധികൃതർ

അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രവും തുമ്പൂർമുഴി ഉദ്യാനവും സഞ്ചാരികൾക്കായി തുറന്നു. ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ മേഖലയിലേക്ക് യാത്രക്കാരെ കടത്തി വിട്ടില്ല. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ചെറിയ മ്ളാനത അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നുവെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടവും തുമ്പൂർമുഴിയും മൺസൂൺ കാലത്തിൻ്റെ വർധിച്ച മനോഹാരിതയിൽ തന്നെയായിരുന്നു.

അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിൻ്റെ ആരവവും തുമ്പൂർമുഴിയിലെ തൂക്കുപാലത്തിൽ നിന്നുള്ള ദൃശ്യങ്ങളും സഞ്ചാരികളുടെ മനസ്സിനെ ഉണർത്തി. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ രണ്ടിടത്തും സഞ്ചാരികളുടെ എണ്ണം പതിവിലും കുറവായിരുന്നു. അതിരപ്പിള്ളിയിൽ ഓൺലൈൻ വഴി ടിക്കറ്റുകൾ ആരും എടുത്തിരുന്നില്ല. ആദ്യ ദിവസമായ ചൊവ്വാഴ്ച നേരിട്ട് കൗണ്ടറിൽ നിന്ന് 549 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സഞ്ചാരികളുമായി ടൂറിസ്റ്റ് ബസ്സുകൾ ഒന്നും എത്തിയില്ല. എല്ലാം കാറുകളും ടൂവീലറുകളും മാത്രം. 126 കാറുകളും 92 ടൂവീലറുമാണ് എത്തിയത്.

ലക്ഷകണക്കിന് രൂപ വരുമാനം ലഭിക്കുന്ന സ്ഥാനത്ത് ചൊവ്വാഴ്ച 25,800 രൂപ മാത്രമാണ് വനം വകുപ്പിന് ലഭിച്ചത്. തുമ്പൂർമുഴിയിൽ 200 ഓളം സന്ദർശകരാണ് ഉണ്ടായിരുന്നത്. സാധാരണ ഗതിയിൽ 500 ൽ പരം സന്ദർശകർ പ്രതിദിനം ഇവിടെ എത്താറുണ്ട്​. രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രവേശനം നൽകിയത്. ആർ.ടി.പി.സി.ആർ, അതത് ദിവസത്തെ ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയവയുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിന് ശേഷമാണ് സഞ്ചാരികളെ കടത്തി വിട്ടത്.

തുമ്പൂർമുഴി ഉദ്യാനത്തിൽ രാവിലെ എത്തിയ സഞ്ചാരികൾക്ക് ലളിതമായ സ്വീകരണമൊരുക്കിയിരുന്നു. നിലമ്പൂരിൽ നിന്നെത്തിയ നൂഹിനെയും കുടുംബത്തെയും പൂച്ചെണ്ടുകൾ നൽകി ആദ്യമായി പ്രവേശിപ്പിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.റിജേഷ്, അഡ്വ. വിജു വാഴക്കാല, മനേജർ മനേഷ് എന്നിവർ സഞ്ചാരികൾക്ക് സ്വീകരണം നൽകാൻ എത്തിയിരുന്നു. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തുമ്പൂർമുഴി മുതൽ അതിരപ്പിള്ളി വരെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതെന്ന് അദ്ദേഹം അറിയിച്ചു. മലപ്പുറം മേഖലയിൽ നിന്നുള്ള സഞ്ചാരികളാണ് ആദ്യ ദിവസം കൂടുതലായി അതിരപ്പിള്ളിയിലും തുമ്പൂർമുഴിയിലും വന്നെത്തിയത്. 

Tags:    
News Summary - Athirappilly and Thumburmuzhi opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.