മലനിരകളുടെ രാജകുമാരിയാണ് കൊടൈക്കനാല്‍. കണ്ടാലും കണ്ടാലും തീരാത്ത യാത്രാനൂഭൂതികളാണ് ഓരോ വരവിലും കൊടൈക്കനാല്‍ സമ്മാനിക്കുന്നത്. പുനിതമായ സൗഹൃദയാത്രകള്‍ക്ക് കൊടൈക്കനാല്‍ നല്‍കുന്ന റീ ചാര്‍ജ് ചെറുതല്ല. തണുപ്പാസ്വദിച്ചുള്ള വൈബില്‍ ഓരോ യാത്രകളും മടുപ്പിക്കാറില്ല. കൊടൈക്കനാല്‍ 20 കിഡ്‌സിനു മുന്‍പുള്ളവരുടെ പതിവ് ഡെസ്റ്റിനേഷനായിരുന്നു. മധ്യവേനവധി കാലത്തു സഞ്ചാരികള്‍ ഒഴുകിയെത്തുന്ന സ്ഥലം. സ്‌കൂള്‍ എസ്‌കര്‍ഷന്‍ മുതല്‍ ഹണിമൂണ്‍ വരെ. ടൂറിസ്റ്റു ബസുകളും ട്രാവലറുകളും ക്വാളിസുകളും പതിവായി ചുരം കയറി. പുതിയ സഞ്ചാരദേശങ്ങള്‍ തേടിപ്പിച്ചപ്പോള്‍ കൊടൈക്കനാല്‍ പുതുമയില്ലാതായി. എന്നാൽ, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ന്‍റെ ഹിറ്റോടെ ക്ലീഷേയായിപ്പോയിരുന്ന കൊടൈക്കനാല്‍ യാത്രകൾ റീലോഡാകുകയാണ്.
തിരുമ്പിവന്തീട്ടേന്ത് സൊല്ല് എന്ന് പറഞ്ഞ് പളനി വഴി കൊടൈക്കനാല്‍ ടൂറുകളുടെ ഘോഷം തുടങ്ങി, സീന്‍ മാറുകയാണ്. കാഴ്ചകളുടെ വിരുന്നാണ് കൊടൈക്കനാല്‍ ഒരുക്കിവച്ചിരിക്കുന്നത്. വിനോദയാത്രകളിലും സിനിമകളിലും അടുത്തറിഞ്ഞിരുന്നെങ്കിലും മദര്‍ തെരേസ യൂനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡിക്ക് പ്രവേശനം ലഭിച്ചപ്പോഴാണ് കൊടൈക്കനാലിലെ ദൃശ്യവൈവിധ്യം ശരിക്കും ആസ്വദിച്ചത്. പുരാതന ക്ഷേത്രങ്ങള്‍ മുതല്‍ പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങള്‍ വരെ. കാടിന് നടുവിലെ വെള്ളച്ചാട്ടങ്ങള്‍, കോക്കേഴ്‌സ് വാക്ക്, പൈന്‍ തോട്ടങ്ങള്‍, ഗുണ ഗുഹ, തടാകങ്ങള്‍, ആത്മഹത്യാ മുനമ്പായ ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുകക്ഷേത്രം തുടങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൊണ്ടു സമ്പന്നം. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരം. ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്‌വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്. നോസ്റ്റാള്‍ജിക് മെമ്മറികള്‍ക്കായി സഞ്ചാരികളെ കൊടൈക്കനാലിലേക്ക് മാടിവിളിക്കുന്നു.
ടെമ്പിള്‍ ടൗണിലൂടെ ഹില്‍ സ്റ്റേഷനിലേക്ക്
ക്ഷേത്രനഗരമായ പഴനി വഴിയാണ് കൊടൈക്കനാലിലേക്കുള്ള യാത്ര. പഴനി വിട്ട്, പച്ചപ്പ് നിറഞ്ഞ ഗ്രാമപ്രദേശങ്ങളിലൂടെ... ഭൂപ്രകൃതി ക്രമേണ മാറുന്നു. പച്ചപ്പ് നിറഞ്ഞ വയലുകള്‍ ഉരുണ്ടുകൂടുന്ന കുന്നുകള്‍ക്ക് വഴിമാറുന്നു. ഓരോ തിരിവിലും അന്തരീക്ഷം ശാന്തം. താമസിയാതെ, കുന്നുകളുടെ അടിവാരത്ത് എത്തുന്നു. മുകളിലേക്ക് കയറുന്തോറും അതിമനോഹരമായ കാഴ്ചകള്‍. സന്ദരമായ ഗ്രാമങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മരതക താഴ്വരകള്‍ താഴെ. മലഞ്ചെരുവിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ചകള്‍. റോഡ് വളവുകളും തിരിവുകളും. വെള്ളച്ചാട്ടങ്ങളില്‍ നനഞ്ഞൊഴുകാന്‍ വ്യൂപോയിന്റുകളില്‍ നിര്‍ത്തുന്നു. തണുത്ത പര്‍വതക്കാറ്റ് മുഖങ്ങളെ തഴുകുന്നു. ത്രില്ലിങ് ഡ്രൈവിന് ശേഷം കൊടൈക്കനാലില്‍.
മേഘങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹില്‍സ്റ്റേഷന്‍. കൊളോണിയല്‍ കാലഘട്ടത്തിലെ വാസ്തുവിദ്യ.... കാപ്പിയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും സുഗന്ധം ആസ്വദിച്ചുകൊണ്ട് തിരക്കേറിയ മാര്‍ക്കറ്റിലൂടെ സഞ്ചാരം. കോടൈ തടാകത്തില്‍ ബോട്ട് വാടകയ്ക്കെടുത്ത് തുഴയാം. 700-ലേറെ ഇനം മരങ്ങളും പൂക്കളുമുള്ള പച്ചപ്പ് നിറഞ്ഞ സങ്കേതമായ ബ്രയാന്റ് പാര്‍ക്കിലൂടെ അലഞ്ഞുതിരിയാം. ഉയര്‍ന്നുനില്‍ക്കുന്ന പൈന്‍ മരങ്ങള്‍, സുഗന്ധമുള്ള മഗ്‌നോളിയകള്‍ എന്നിവ പ്രകൃതി സൗന്ദര്യത്തിന്റെ ചിത്രം വരയ്ക്കുന്നു. നഗരത്തിന്റെ ആരവങ്ങളില്‍നിന്ന് ശാന്തതയുടെ കൊടൈക്കനാല്‍ സിംഫണിയില്‍ അലിയാം. അമേരിക്കന്‍ മിഷനറിമാരുടെ മുന്‍ വേനല്‍ക്കാല വസതിയായ ഗ്രീന്‍ ഗേബിള്‍സ് സന്ദര്‍ശിക്കാം. കൊളോണിയല്‍ കാലഘട്ടത്തിലെ ഈ ബംഗ്ലാവ് അതിന്റെ ഭംഗിയുള്ള പുല്‍ത്തകിടികളും പൗരാണികകാഴ്ചകളും പട്ടണത്തിന്റെ കൊളോണിയല്‍ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു. ശേഷം സോളാര്‍ ഒബ്‌സര്‍വേറ്ററിയിലേക്ക് പോകാം. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് സോളാര്‍ ഒബ്‌സര്‍വേറ്ററി.
ഡോള്‍ഫിന്റെ തലയോടിനോട് സാമ്യമുള്ള പ്രകൃതിദത്ത പാറക്കൂട്ടമായ ഡോള്‍ഫിന്റെ നോസില്‍ കയറാം. താഴെയുള്ള താഴ്വരയുടെയും വിദൂര സമതലങ്ങളുടെയും വിശാലദൃശ്യങ്ങള്‍ നമ്മെ വിസ്മയിപ്പിക്കുന്നു. പ്രാദേശിക ജീവിതത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചക്കായി മന്നവനൂര്‍ ഗ്രാമം സന്ദര്‍ശിക്കാം. ഗ്രാമീണരുമായി ഇടപഴകുകയും അവരുടെ പരമ്പരാഗത ജീവിതരീതിയെക്കുറിച്ച് പഠിക്കുകയും ചെയ്യാം. ഇടതൂര്‍ന്ന ഷോല വനങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്താല്‍ മനംമയങ്ങും. ഉന്മേഷദായകമായ അന്തരീക്ഷവും ഉയരത്തില്‍നിന്ന് വീഴുന്ന വെള്ളത്തിന്റെ ഇരമ്പലും ശരിക്കും മാന്ത്രിക അന്തരീക്ഷം സൃഷ്ടിക്കുന്നു. സൂര്യന്‍ കൊടൈക്കനാലിനു മുകളിലൂടെ അസ്തമിക്കുമ്പോള്‍ കുന്നുകളില്‍ സ്വര്‍ണ്ണ പ്രകാശം വീശുമ്പോള്‍, സഞ്ചാരികള്‍ക്ക്പ്രകൃതിയിലും സംസ്‌കാരത്തിലും ചരിത്രത്തിലും മുഴുകിയിരിക്കാം.
ജനപ്രിയ ഡെസ്റ്റിനേഷന്‍
ഇന്ത്യയിലെ ജനപ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് കൊടൈക്കനാല്‍. പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹില്‍സ്റ്റേഷന്‍. കൊടൈക്കനാലിന് മഞ്ഞുകാലം ആഘോഷമാണ്. ഡിസംബര്‍ മുതല്‍ ജനുവരി കഴിയുന്നത് വരെയും ഈ മലയുടെ മുകളില്‍ സഞ്ചാരികളുടെ തിരക്കാണ്. രണ്ട് കുന്നുകളുടെ നെറുകയിലായാണ് കൊടൈക്കനാല്‍ നഗരം. ചുരം വളവുകളും കുത്തനെയുള്ള കയറ്റങ്ങളും കടന്നുതണുപ്പിന്റെ തീവ്രതയിലേക്കാണ്. സബര്‍ജെല്‍ മരങ്ങളും ബട്ടര്‍ മരങ്ങളുമെല്ലാമായി കോടമഞ്ഞ് ആസ്വദിച്ചു സഞ്ചരിക്കാം. ടൂറിസം വരുമാനവും കച്ചവടവുമാക്കിയ നാട്. കുറുഞ്ഞി പൂക്കള്‍ക്കായി ഒരു ക്ഷേത്രവും ഇവിടെ കാണാം. 1936ലാണ് കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രം പണി കഴിപ്പിക്കുന്നത്. തോഡരും മുതുവരുമാണ് ഈ മലനെറുകയിലെ ആദിമ നിവാസികള്‍. കൊടൈക്കനാലിലേക്കുള്ള വഴിയിലെ ആദ്യ പോയിന്റ് സില്‍വര്‍ കാസ്‌കേഡാണ്. 80 അടി ഉയരത്തില്‍ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം. പില്ലര്‍ റോക്ക് മുതല്‍ ആത്മഹത്യാ മുനമ്പു വരെയും സുരക്ഷയുടെ ഭാഗമായി കൂറ്റന്‍ ഇരുമ്പുവേലികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വാച്ച്ടവറും ഗോള്‍ഫ് പോയിന്റുമെല്ലാം സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളാണ്.
400 അടിയിലധികം ഉയരത്തില്‍ നില്‍ക്കുന്ന മൂന്ന് ഗ്രാനൈറ്റ് തൂണുകള്‍ ഉള്‍ക്കൊള്ളുന്ന പ്രകൃതിദത്ത പാറക്കൂട്ടമായ പില്ലര്‍ റോക്ക്‌സില്‍ എത്തിച്ചേരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പാത നിര്‍മ്മിച്ച ലെഫ്റ്റനന്റ് കോക്കറുടെ പേരിലുള്ള കുത്തനെയുള്ള പാറക്കെട്ടുകളുടെ അരികിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന നടപ്പാത. അതിനു താഴെയുള്ള സമതലങ്ങളുടെയും ദൂരെ കോടമഞ്ഞ് മൂടിയ കുന്നുകളുടെയും വിശാലദൃശ്യങ്ങള്‍ നയനമനോഹരം.
ബ്രയാന്റ് പാര്‍ക്കിലേക്ക് പോയാല്‍ 20 ഏക്കറില്‍ പരന്നുകിടക്കുന്ന ലാന്‍ഡ്‌സ്‌കേപ്പ് കാണാം. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. പൂക്കള്‍, പുല്‍ത്തകിടികള്‍, അപൂര്‍വയിനം സസ്യങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ച പാര്‍ക്ക്. പ്രകൃതിയുടെ പ്രൗഢിക്ക് നടുവില്‍ ശാന്തമായ വിശ്രമം. കൊടൈക്കനാല്‍ തടാകത്തിന്റെ ശാന്തമായ സൗന്ദര്യം അനുഭവിക്കാതെ കൊടൈക്കനാല്‍ സന്ദര്‍ശനം പൂര്‍ത്തിയാകില്ല. സമൃദ്ധമായ പച്ചപ്പുകളാല്‍ ചുറ്റപ്പെട്ടതും മനോഹരമായ തടാകം ബോട്ടിങ് സൗകര്യങ്ങളും കുതിര സവാരികളും സുന്ദരമായ സൂര്യാസ്തമയ കാഴ്ചകളും സമ്മാനിക്കുന്നു. കൊടൈക്കനാലിലെ പ്രസിദ്ധമായ നക്ഷത്ര തടാകക്കരയില്‍ എപ്പോഴും ടൂറിസ്റ്റുകളുടെ തിരക്കാണ്. 1867ല്‍ അന്നത്തെ മധുരൈ കലക്ടറായിരുന്ന സര്‍വോയറാണ് ഈ ചതുപ്പിനെ തടാകമാക്കി മാറ്റിയത്. തടാകത്തിന് ചുറ്റും സഞ്ചരിക്കാന്‍ പലതരത്തിലുള്ള സൈക്കിളുകള്‍ വാടകയ്ക്ക് കിട്ടും. ഒരേ വരിയില്‍ മൂന്നും നാലും പെഡലുകള്‍ ചേര്‍ത്ത നീളന്‍ സൈക്കിളുകളും ഇവിടുത്തെ ആകര്‍ഷണമാണ്.
മണ്‍സൂണ്‍ കാലത്താണ് കൊടൈക്കനാല്‍ സന്ദര്‍ശിക്കേണ്ടത്. ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും ഒരു വരവുകൂടി വരണ്ട വരുമെന്ന ഫീല്‍. വിതതിരക്കുകള്‍ക്കിടയിലും അതയും താണ്ടി ഗുണയിലെ കണ്മണി അന്‍പോട് കാതലന്‍ പാട്ടുപാടി സഞ്ചാരികളെത്തുന്നു.
ബെരിജാം തടാകം
കൊടൈക്കനാല്‍ നിന്ന് 22 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബെരിജാം തടാകം. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രകൃതിദത്ത ശുദ്ധജല തടാകമാണ്. പക്ഷിസ്‌നേഹികള്‍ക്ക് പ്രിയപ്പെട്ട സ്ഥലം. മുകളിലെ പഴനി ഷോല റിസര്‍വ് ഫോറസ്റ്റില്‍ അപൂര്‍വയിനം പക്ഷികളെ കാണാന്‍ കഴിയും.
കൊടൈക്കനാലിലെ പൈന്‍ വനങ്ങള്‍ ടൂറിസ്റ്റുകളുടെ പ്രധാനആകര്‍ഷണമാണ്. എച്ച്.ഡി ബ്രയാന്റ് എന്ന ബ്രിട്ടീഷ് ഫോറസ്റ്റ് ഓഫീസറാണ് ഇതിനു പിന്നില്‍. സോളാര്‍ ഒബ്‌സര്‍വേറ്ററിക്ക് സമീപം സ്ഥിതിചെയ്യുന്ന പൈന്‍ ഫോറസ്റ്റും മോയര്‍ പോയിന്റിന് സമീപം കാണപ്പെടുന്ന പൈന്‍ ഫോറസ്റ്റും ശ്രദ്ധേയമാണ്. ഈ വനങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പ്രിയപ്പെട്ട സ്ഥലം.
1992ല്‍ റിലീസായ കമല്‍ഹാസന്‍ നായകനായ ഗുണയും സിനിമയിലെ കണ്മണി അന്‍പോട് കാതലന്‍ എന്ന ഗാനവും ചിത്രീകരിച്ചിരിക്കുന്നത് കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെടുന്ന ഗുഹയിലാണ്. സിനിമയ്ക്ക് ശേഷം ഈ ഗുഹ അറിയപ്പെടുന്നത് ഗുണ ഗുഹയെന്നാണ്. 1821ല്‍ ഇംഗ്ലീഷ് ഓഫീസര്‍ ആയിരുന്ന ബി.എസ്. വാര്‍ഡ് ആണ് ഈ അതിപുരാതന ഗുഹ കണ്ടെത്തിയത്. ഭീമാകാരമായ മൂന്നു പാറകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു നിലവറ പോലെ തോന്നിക്കും. സ്തംഭാകൃതിയില്‍ കിഴുക്കാംതൂക്കായി നില്‍ക്കുന്ന ഇരുപാറകളാണ് ഈ ഗുഹയുടെ പ്രവേശനഭാഗത്തുള്ളത്.
അഗാധമായ ഗര്‍ത്തത്തിലേക്ക് വീണ് പതിമൂന്നോളം പേര് മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഈ ആഴങ്ങളിലേക്ക് വീണതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്. അതിനെക്കുറിച്ചുള്ള കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നത്. ആഴമേറിയ ഭാഗമാണ് ഡെവിള്‍സ് കിച്ചന്‍ അഥവാ പിശാചിന്റെ അടുക്കള എന്നറിയപ്പെടുന്നത്. അജ്ഞാതവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെയും വന്നു താമസിച്ചിട്ടുണ്ടെന്നതാണ് ഒരു കഥ. ഗുഹയിലെ ഏറ്റവും ആഴമേറിയ ഭാഗം പൊതുജങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു. കമ്പിവേലിക്കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടത്തില്‍ നിന്നുകൊണ്ട് ഇപ്പോള്‍ ഗുണാഗുഹയുടെ കാഴ്ചകള്‍ ആസ്വദിക്കാം. ഗുഹയ്ക്കു സമീപത്തായി ഒരു വാച്ച് ടവറുമുണ്ട്. കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും 8.5കിലോമീറ്ററാണ് ഈ ഗുഹയിലേക്കുള്ള ദൂരം.
1863ല്‍ അന്നത്തെ മധുര കലക്ടറായിരുന്ന സര്‍ വെരെ ഹെന്റി ലെവിങ്ങിന്റെ മേല്‍നോട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട നക്ഷത്രാകൃതിയിലുള്ള തടാകം. സന്ദര്‍ശകര്‍ക്ക് തടാകത്തില്‍ ബോട്ടിങ് ആസ്വദിക്കാം, ആഡംബര ബോട്ടുകള്‍, തുഴയല്‍, പെഡലിങ് ബോട്ടുകള്‍ എന്നിവയാണുള്ളത്. വിവിധ മത്സ്യങ്ങളും ജലസസ്യങ്ങളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് തടാകം. കുട്ടികള്‍ക്കുള്ള വിനോദ പരിപാടികളും സമീപത്തുണ്ട്. തടാകത്തിന്റെ വൃഷ്ടിപ്രദേശത്ത 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന അപൂര്‍വമായ കുറിഞ്ഞി കാണാം.
സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ വിനോദസഞ്ചാരികള്‍ ഈ സ്ഥലത്തേക്ക് ഒഴുകുന്നു. വാന്‍ അലന്‍ ഹോസ്പിറ്റലില്‍ നിന്ന് ആരംഭിച്ച് സെന്റ് പീറ്റേഴ്‌സ് പള്ളിയിലൂടെ കടന്നുപോകുന്ന പാത ഇരുവശത്തും സംരക്ഷണ വേലികളുണ്ട്. കുത്തനെയുള്ള മലഞ്ചെരുവില്‍ ലെഫനന്റ് കോക്കര്‍ 1872ല്‍ നിര്‍മ്മിച്ച ഈ നടപ്പാത തെക്കുകിഴക്കായി പാമ്പാര്‍ നദീതടത്തിന്റെ കാഴ്ചകള്‍ ഒരുക്കുന്നു. സന്ദര്‍ശകര്‍ക്ക് തെക്ക് ഡോള്‍ഫിന്റെ നോസ് പോയിന്റും പെരിയകുളം പട്ടണവും മധുര നഗരവും വ്യൂ പോയിന്റില്‍ നിന്ന് കാണാന്‍ കഴിയും.
വെല്ലഗവി, പഴമ്പുത്തൂര്‍ ഗ്രാമങ്ങള്‍
കൊടൈക്കാനലിനു അടത്തുള്ള പഴമ്പുത്തൂര്‍ ഗ്രാമം ടൂറിസ്റ്റുകളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. തണുത്തുറഞ്ഞികിടക്കുന്ന ഗ്രാമം പൂമ്പാറ ഗ്രാമത്തിന്റെ അറ്റത്താണ് പഴമ്പുത്തൂര്‍. മലമടക്കുകള്‍ക്കിടയില്‍ തട്ടുതട്ടായി കിടക്കുന്ന ഭൂപ്രകൃതം. കൊടൈക്കനാലിന്റെ കാര്‍ഷികമേഖലയില്‍ നെടുംതൂണായി നിലകൊള്ളുന്ന സ്ഥലം. ക്യാരറ്റും ബീറ്റ്‌റൂട്ടും കാബേജും ഉരുളക്കിഴങ്ങും വിളയുന്ന സുന്ദരഗ്രാമം. വെല്ലഗവി ഗ്രാമവും ഏറെ പ്രത്യേകത നിറഞ്ഞ ഗ്രാമമാണ്. ആരും ചെരുപ്പ് ധരിക്കാത്ത, വാഹനങ്ങള്‍ എത്താത്ത ഗ്രാമം. കഴുതയുടെ പുറത്താണ് സാധനങ്ങള്‍ ഇവിടെ എത്തിക്കുന്നത്. കൊടൈക്കനാല്‍ വനമേഖലയില്‍ 300 കൊല്ലമായി വാസമുറപ്പിച്ച ജനതയാണ് ഇവിടെയുള്ളത്. ക്യാമ്പിങ്ങിനും ട്രക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്.
കൊളോണിയല്‍ രീതിയിലുള്ള കെട്ടിടങ്ങള്‍ കൊടൈക്കനാലിന്റെ പ്രത്യേകതയാണ്. ഇവിടുത്ത തണുപ്പിനെ മോഹിച്ചാണ് ഒരു കാലത്ത് ബ്രിട്ടീഷുകാര്‍ ഈ മലനിരകളിലേക്ക് വഴി വെട്ടിയത്. 1845ല്‍ ബ്രിട്ടീഷുകാരും യു.എസ്. മിഷനറിമാരുമാണ് കൊടൈക്കനാല്‍ നഗരം പണിതുയര്‍ത്തിയത്. കൊടൈക്കനാലിലെ ഓരോ ടൂറിസം കേന്ദ്രത്തിനു പിന്നിലും ബ്രിട്ടീഷുകാരുടെ കരവിരുതാണ്. നിരവധി സിനിമകളില്‍ കണ്ട ലൊക്കേഷനാണ് കെടൈക്കനാല്‍. അമ്പതിനായിരത്തിലധികം തദ്ദേശീയ വാസികളുള്ള കൊടൈക്കനാലില്‍ തണുപ്പ് മുതലാക്കി സ്വന്തം കൃഷിയിടങ്ങളുമുണ്ട്. ചോളവും കാരറ്റും പച്ചക്കറിയുമെല്ലാം ധാരാളമായി വിപണിയിലുണ്ട്. സമൃദ്ധമായ പച്ചപ്പും പ്രകൃതിരമണീയമായ കാഴ്ചകളും ഇടതൂര്‍ന്ന വനങ്ങളും മലനിരകളും തണുത്ത പര്‍വതക്കാറ്റ് ആസ്വദിച്ച് എല്ലാ സീസണുകളിലും ഒരു യാത്ര ഇടവേളകളിട്ടു പദ്ധതിയിടുന്ന ബക്കറ്റ് ലിസ്റ്റില്‍ കൊടൈക്കനാല്‍ മുന്‍നിരയിലാണ്. പ്രാദേശിക ഭക്ഷണശാലകളിലും ഹില്‍സൈഡ് റെസ്റ്റോറന്റുകളിലെയും പരമ്പരാഗത തമിഴ് വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാം. ചോക്ലേറ്റും നുണയാം.
കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാല മാസങ്ങളിലോ (മാര്‍ച്ച് - മേയ്) ശീതകാല മാസങ്ങളിലോ ആണ് (ഒക്ടോബര്‍-ഫെബ്രുവരി). മാര്‍ച്ച് മുതല്‍ ജൂലൈ വരെയാണ് മികച്ച സമയം. മഞ്ഞുകാലം നവംബറില്‍ തുടങ്ങും.
റോഡ് മാര്‍ഗം: മധുര ആറപ്പാളയം, ബട്‌ലഗുണ്ടു, പഴനി, ഒഡഞ്ചതാരം, കൊടൈ റോഡ്, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ നിന്നും തിരിച്ചും സ്ഥിരമായി ബസ് സര്‍വീസുകള്‍ ഉണ്ട്.
വിമാനമാര്‍ഗം: മധുര വിമാനത്താവളം കൊടൈക്കനാലില്‍ നിന്ന് ഏകദേശം 115 കിലോമീറ്റര്‍ അകലെയാണ്. കോയമ്പത്തൂര്‍ വിമാനത്താവളം 170 കിലോമീറ്റര്‍ അകലെയാണ്.
ട്രെയിന്‍ മാര്‍ഗം: പഴനി റെയില്‍വേ സ്റ്റേഷന്‍ 64 കി.മീ അകലെയാണ് .കോടൈ റോഡ് സ്റ്റേഷന്‍ 80 കി.മീ.
നിരവധി ബസ് സര്‍വീസുകളും ഇവിടേയ്ക്കുണ്ട്. താമസത്തിന് ചെറുതും വലുതുമായ ഹോട്ടലുകളും കോട്ടേജുകളും ലഭ്യമാണ്. പ്രാദേശിക വിഭവങ്ങള്‍, പ്രത്യേകിച്ച് പുതിയ പഴങ്ങളും പച്ചക്കറികളും പരീക്ഷിക്കാന്‍ മറക്കരുത്. ബാക്ക് പാക്ക് ചെയ്ത് ഹില്‍ സ്റ്റേഷനിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ക്കായി വണ്ടി കയറുക...
കൊടൈക്കനാല്‍ മദര്‍ തെരേസ വിമണ്‍ യൂനിവേഴ്‌സിറ്റിയിൽ പി.എച്ച്.ഡി സ്‌കോളറാണ് ലേഖിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.