ഇന്ത്യയുടെ ആത്മാവ് തേടിയിറങ്ങിയ യാത്രക്കിടയിലാണ് ഹിമാചൽ പ്രദേശിലെ ഗ്രഹൺ എന്ന ഗ്രാമത്തിൽ എത്തുന്നത്. കുട്ടികളുടെ രണ്ട് ദിവസത്തെ അധ്യാപകനായിട്ടും നാട്ടുകാരുമൊത്ത് വിറകുശേഖരിക്കാൻ മലകൾ കയറിയും തോട്ടത്തിൽനിന്ന് ആപ്പിൾ പറിച്ചും മുത്തശ്ശിയുടെ പേരക്കുട്ടിയായി താമസിച്ചും ഗ്രാമത്തിൽ ഒരാളായി ചെലവഴിച്ച മൂന്ന് ദിവസങ്ങൾ. വിടപറയുന്ന സമയം ഗ്രാമത്തലവൻ പൂക്കൾ കൊണ്ടലങ്കരിച്ച തലപ്പാവ് തന്ന് യാത്രാക്കുേമ്പാൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അതെല്ലാം ഇപ്പോഴും എെൻറ മനസ്സിെൻറ അകത്തളത്തിൽ അലയടിക്കുന്നു. പ്രത്യേകിച്ച് ഇൗ കോവിഡ് കാലത്ത് വരികളിലൂടെയും ചിത്രങ്ങളിലൂടെയും വീണ്ടും യാത്രകൾ പോകുേമ്പാൾ...
ആദ്യം ഗ്രഹൺ എന്ന ഗ്രാമത്തെ പരിചയപ്പെടാം. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കസോളിൽനിന്ന് 15 കിലോമീറ്റർ ട്രക്ക് ചെയ്ത് എത്തിച്ചേരാൻ പറ്റുന്നയിടം. പാർവതി താഴ്വരകളുടെ സൗന്ദര്യവും വശ്യതയും കൂടിക്കലർന്ന ഭാവങ്ങൾ. വാഹനങ്ങളുടെ ബഹളങ്ങളോ വായുമലിനീകരണമോ ഒന്നുമില്ല. സമാധാനവും സ്വസ്ഥതയും തണലേകുന്ന കൊച്ചുഗ്രാമം. വൈദ്യുതിയാെണങ്കിൽ ഇടക്ക് വന്നാൽ വന്നു. മൊബൈലിൽ േറഞ്ച് കണികാണാൻ പോലും കിട്ടില്ല. രണ്ടിടത്ത് മാത്രമാണ് ഫോണുള്ളത്. ഗ്രാമത്തിൽനിന്ന് കുറച്ച് കൂടി ട്രക്ക് ചെയ്താൽ ഇത്തിരി റേഞ്ച് കിട്ടിയാലായി.
ഇവിടത്തെ ജനങ്ങളെ എപ്പോഴും ചിരിച്ചുകൊണ്ടേ നിങ്ങൾക്ക് കാണാനാകൂ. എല്ലാവരും വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നു. ആപ്പിൾ കൃഷി ചെയ്തും ചെമ്മരിയാടുകളെ വളർത്തിയും അതിെൻറ തോലുകൊണ്ട് വീട്ടിൽനിന്ന് തന്നെ സ്ത്രീകൾ കൈകൊണ്ട് കമ്പിളി വസ്ത്രങ്ങൾ തുന്നി പട്ടണങ്ങളിൽ കൊണ്ടുപോയി വിറ്റും കാടുകൾ കയറി വിറകുകൾ ശേഖരിച്ചും വീടിന് സമീപം തേനീച്ചകളെ വളർത്തിയും ജീവിതം മുന്നോട്ടു കൊണ്ടുപേകുന്നവർ.
ഇവിടുത്തെ വീടുകളുടെ രൂപകൽപ്പനയാണ് മറ്റൊരു പ്രത്യേകത. മരങ്ങൾ കൊണ്ട് നിർമിച്ച രണ്ടുനില വീടുകൾ. അടിയിൽ ആടുകളെയും മറ്റു കൃഷിയുമായി ബന്ധപ്പെട്ട സാധനങ്ങളും സൂക്ഷിക്കാനുള്ള തരത്തിലും മുകളിൽ താമസിക്കാനുമുള്ള രീതിയിലാണ് രൂപകൽപ്പന. പുല്ലുകൾ കൊണ്ടും മരക്കഷ്ണങ്ങൾ കൊണ്ടും മേൽക്കൂര മനോഹരമാക്കും. ഗ്രഹൺ കൂടാതെ മറ്റു രണ്ട് ചെറിയ ഗ്രാമങ്ങൾ കൂടി ഇവിടെയുണ്ട്. തുഞ്ചയും കൽഗയും. കൽഗയും ഗ്രഹണും അടുത്തടുത്താണ്. തുഞ്ചയിലേക്ക് ഒരു മണിക്കൂർ ട്രക്ക് ചെയ്യണം. ഒരു തനി ഹിമാലയൻ ഗ്രാമീണ അന്തരീക്ഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഇവിടം തിരഞ്ഞെടുക്കാവുന്നതാണ്.
കൂട്ടുകാരൻ വഴിയാണ് ഗ്രഹൺ എന്ന ഗ്രാമത്തെക്കുറിച്ച് അറിയുന്നത്. ഷിംലയിൽനിന്ന് കസോളിൽ എത്തുേമ്പാൾ സൂര്യൻ മലനിരകൾക്കിടയിൽനിന്ന് പുറത്തുവരാൻ മടിച്ചുനിൽക്കുകയാണ്. പതിവുപോലെ ആദ്യം കയറിയത് ചായക്കടയിലേക്ക്. നല്ല ചൂടുചായ. കൂടെ ബിസ്ക്കറ്റും വാങ്ങിക്കഴിച്ചു. കടക്കാരനോടു റൂട്ട് ചോദിച്ച് മനസ്സിലാക്കി. പാലത്തിന് സമീപം ഇടത്തോട്ടുള്ള വഴി ഗ്രാമത്തിലേക്കാണെന്ന് പറഞ്ഞുതന്നു. ഞാൻ ഒറ്റക്കാണെന്ന് മനസ്സിലാക്കിയ കടക്കാരൻ, ആരെയെങ്കിലും കൂട്ട് കിട്ടുമോ എന്ന് അന്വേഷിക്കാനും പറഞ്ഞു.
കടയിൽനിന്നും ഇറങ്ങി. കസോൾ 'ഇന്ത്യയുടെ മിനി ഇസ്രയേൽ' എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം ഇവിടെയെത്തുന്ന അധിക സഞ്ചാരികളും ഇസ്രയേലിൽനിന്നുള്ളവരാണ്. പാർവതി നദിക്ക് കുറകെയുള്ള പാലത്തിനടിയിലൂടെ കുറച്ചുനേരം നടന്നപ്പോഴേക്കും ഗ്രഹണിലേക്കുള്ള പ്രവേശന കവാടം മുന്നിൽ തെളിഞ്ഞു. ദൂരെ പാർവതി മലകൾ തലയുയർത്തി നിൽക്കുന്നു. അതിനിടയിലൂടെ പുഴ കുത്തിയൊഴുകുന്നു. ആകാശമാണങ്കിൽ ഇരുണ്ട അവസ്ഥ. നല്ല മഴക്ക് സാധ്യതയുണ്ട്. ആരെെയങ്കിലും കൂട്ടിനുകിട്ടും എന്ന പ്രതീക്ഷയിൽ നടത്തം തുടർന്നു.
വഴിയരികിൽ പടുകൂറ്റൻ മരങ്ങൾ അതിരിടുന്നു. നല്ല തണുപ്പുമുണ്ട്. ഗ്രാമത്തിൽനിന്ന് വരുന്ന സഞ്ചാരികളോട് ആരെങ്കിലും മുന്നിൽ പോവുന്നുണ്ടോ എന്നു ചോദിച്ചു കൊണ്ടിരുന്നു. എന്നാൽ, ആരെയും കണ്ണെത്തുംദൂരത്ത് കാണാനാകുന്നില്ല. പിറകിൽനിന്നും ആരും വരുന്നുമില്ല. എന്തായാലും വെച്ചകാല് മുന്നോട്ടുതന്നെ. ഇതിനിടയിൽ മഴയും കൂട്ടിനെത്തി. ആദ്യം ചെറിയ രീതിയിൽ തുടങ്ങി പിന്നീട് കൊട്ടിക്കയറാൻ തുടങ്ങി. കൈയിൽ കുടയുള്ളത് ഭാഗ്യം. ഇതിനിടയിൽ അടുത്ത കടമ്പയെത്തി. പുഴ കടക്കണം. കുറുകെയിട്ട രണ്ട് മരങ്ങളാണുള്ളത്. സാഹസികത മുറുകെ പിടിച്ച് അപ്പുറത്തെത്തി. ഇനിയങ്ങോട്ട് മല കയറുകയാണ്.
കൂട്ടിന് ആരയും കാണുന്നുമില്ല. ആകെ ഒരു എകാന്തത. ധൈര്യം സമാഹരിച്ച് മലകയറുകയാണ്. ആ സമയം എനിക്ക് Man vs wild എന്ന സിനിമയിലെ രംഗമാണ് ഓർമ വന്നത്. കുറച്ചു സഞ്ചരിച്ചപ്പോൾ രണ്ടു വഴികൾ കണ്ടു. പെട്ടന്നെത്തുന്ന വഴി നല്ല കയറ്റമാണ്. മറ്റേത് കുറച്ചുദൂരം സഞ്ചരിക്കണം.
വേഗം എത്തുന്ന വഴി തന്നെ തിരഞ്ഞെടുത്തു. കുത്തനെയുള്ള കയറ്റം. നല്ല ക്ഷീണം അനുഭവപ്പെട്ടു. പേടിയുമുണ്ട്. കുറച്ചു കയറിയപ്പോൾ മുന്നിലുള്ള വഴി കാണാൻ പറ്റാത്ത വിധം കോട മൂടിയ അവസ്ഥ. ഉയർന്ന സ്ഥലമായത് കൊണ്ടുതന്നെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടുന്നു. ഏറെ ബുദ്ധിമുട്ടി മൂന്ന് മണിക്കൂർ കൊണ്ട് ഗ്രഹണിൽ എത്തിച്ചേർന്നു.
കുറച്ച് കഷ്ടപ്പാടനുഭവിെച്ചങ്കിലും ലക്ഷ്യത്തിൽ എത്തിയല്ലോ. വല്ലാത്തൊരു സന്തോഷം മനസ്സിൽ അലയടിച്ചു. ഒരു തനി ഗ്രാമീണ അന്തരീക്ഷമാണ് ഗ്രഹണിൽ എന്നെ സ്വാഗതം ചെയ്തത്. തിങ്ങിനിറഞ്ഞ വീടുകൾ. മഴക്കാലമായത് കൊണ്ട് വെള്ളം അരുവികളിലൂടെ ശക്തമായി ഒഴുകുന്നു. കൂട്ടുകാരൻ പറഞ്ഞതനുസരിച്ച് രവി ഭായ് എന്നാളുടെ ഹോം സ്‌റ്റയിൽ താമസിക്കുകയാണ് ലക്ഷ്യം. ഒരു സ്ത്രീയോട് ആ വീടിനെക്കുറിച്ച് അന്വേഷിച്ചു. അവർക്ക് ഹിന്ദി കുറച്ചെക്കെ അറിയാം. കൂടുതലും അവർ തമ്മിൽ സംസാരിക്കുന്നത് ഹിമാചലി ഭാഷയാണ്. അടുത്ത ഗ്രാമമായ കൽഗയിലാണ് വീടെന്ന് അവർ പറഞ്ഞു. എങ്ങനെയെക്കെയോ ആണ് ഞാനത് മനസ്സിലാക്കിയെടുത്തത്. നടത്തം തുടർന്നു. വീടുകൾക്കിടയിലൂടെ വഴി. രണ്ടുനില വീടുകൾ. ചെറിയ ഒന്നു രണ്ടു കടകൾ കണ്ടു. സാധങ്ങൾക്കെല്ലാം ഇരട്ടി വിലയാണ്.
ധാരാളം ആപ്പിൾ തോട്ടങ്ങൾ കാണാം വഴിയരികിൽ. ഗ്രാമീണരുടെ സമ്മതപ്രകാരം കുറച്ച് ആപ്പിളുകൾ പറിച്ചുതിന്ന് ക്ഷീണമകറ്റി. പച്ചയും പഴുത്തതുമായ ഭംഗിയുള്ള ആപ്പിളുകൾ. നല്ല രുചിയുമുണ്ട്. അവിടെനിന്ന് രണ്ടു കുട്ടികൾ എെൻറ കൂടെകൂടി. മിഠായി വാങ്ങിത്തരുമോ എന്നു ചോദിച്ചു. ഇരു കൈകളിലും ഞാൻ മിഠായി നിറച്ചുകൊടുത്തു. രവി ഭായിയുടെ വീടുവരെ അവരും കൂട്ടിനുണ്ടായിരുന്നു. മനോഹരമായ ഒരു സ്ഥലത്താണ് ഹോംസ്റ്റേ. ചുറ്റും മലനിരകൾ. അതിെൻറ താഴ്വാരത്ത് നിരനിരയായി കൂർത്തമരങ്ങൾ. സമാധാനം കുളിർകാറ്റായി ഒഴുകുന്നു.
ചെറിയ രീതിയിൽ ചോളം കൃഷിയുണ്ട് സമീപം. വീടിന് മുന്നിൽ ഒരു നായയാണ് എതിരേറ്റത്. ഞാനൊന്ന് പേടിച്ചെങ്കിലും അത് ഒന്നും ചെയ്യില്ലന്ന് ഒരു ഇസ്രായേലി പറഞ്ഞു. മൂപ്പരും അവിടെ താമസിക്കുന്നതാണ്. ഞാനും റൂമെടുത്തു. രണ്ട് ദിവസത്തിന് വെറും 200 രൂപ!
രണ്ട് നില വീട് നല്ല രീതിയിൽ ഇൻറീരിയർ ചെയ്ത് മോടികൂട്ടിയിട്ടുണ്ട്. മരങ്ങൾ കൊണ്ട് മുറി അലങ്കരിച്ചിരിക്കുന്നു. ഒരു വലിയ ബെഡും മറ്റു സൗകര്യങ്ങളുമാണുള്ളത്. ബാത്ത്റൂം പുറത്താണ്. ഞാനും ഇസ്രായേലിയുമാണ് അന്ന് അവിടത്തെ താമസക്കാർ. നല്ല കമ്പനിയാണ് രവി ഭായ്. സംസാരപ്രിയൻ. ഒരു ചായ പറഞ്ഞു. ഞാൻ വീട്ടിൽനിന്ന് അവിൽ കൊണ്ടുപോയിരുന്നു. ചായക്കൊപ്പം അതും കൂട്ടികഴിച്ചു. അടിപൊളി ചായ. പക്ഷെ, 30 രൂപയാണ് വില. ഉയരം കൂടുംതോറും ചായയുടെ സ്വാദ് മാത്രമല്ല വിലയും കൂടും.
അധ്യാപകനായി സ്കൂളിൽ
പുറത്തുള്ള കാഴ്ചകൾ കാണാൻ ഇറങ്ങി. ഡാൻ എന്ന രവി ഭായിയുടെ നായ നല്ല കമ്പനിയായി. അങ്ങനെ അവനയും കൂടെകൂട്ടി ഗ്രാമത്തിലൂടെ സഞ്ചാരം തുടങ്ങി. സഞ്ചാരികളെയും പ്രതീക്ഷിച്ച് ധാരാളം ഹോം സ്റ്റേകൾ കാണാം. സ്റ്റോബറിയും മൾബറികളും പൂത്തുനിൽക്കുന്ന മനോഹരമായ കാഴച എെൻറ കണ്ണുതള്ളിച്ചു. പലതരം പൂക്കൾ ഗ്രാമത്തിെൻറ ഭംഗി കൂട്ടുന്നു. ഗ്രാമീണരുമായി നല്ല സൗഹൃദ ബന്ധം പെെട്ടന്നുതന്നെ സ്ഥാപിച്ചെടുക്കാൻ സാധിച്ചു. എല്ലാവരും നല്ല സ്വഭാവക്കാർ, സ്നേഹമുള്ളവർ. വഴിയിൽ കണ്ട ഒരു ഗ്രാമീണൻ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം തന്നു. ചൂടുള്ള ചപ്പാത്തിയും സാൽനയും ആട്ടിൻ പാലും സൂപ്പുമെല്ലാം തീൻമേശയിൽ നിറഞ്ഞു. എല്ലാം കൊണ്ടും ഏറെ രുചികരവും ഗംഭീരവുമായ സൽക്കാരം.
പിന്നീടങ്ങോട്ട് ആ നാട്ടുകാരനായി ജീവിക്കുകയായിരുന്നു ഞാൻ. ആളുകളുടെ കൂടെ തോട്ടത്തിൽ പോയി ആപ്പിളുകൾ ശേഖരിച്ചു. മലഞ്ചെരുവിൽ ആടുകളെ മേയ്ക്കാനിറങ്ങി. മലമുകളിൽ കയറി വിറുകകൾ പൊറുക്കിയെടുത്ത് വീടുകളിലെത്തിച്ചു നൽകി. ഇതിനിടയിലാണ് അവിടത്തെ വിദ്യാലയത്തെ കുറിച്ച് അറിയുന്നത്. രാവിലെ അസംബ്ലിക്കുള്ള ഒരുക്കം നടക്കുന്ന സമയത്താണ് അവിടെ എത്തുന്നത്. ഏഴാം തരം വരെയാണ് വിദ്യാലയം. രണ്ട് ചെറിയ െകട്ടിടങ്ങൾ. അഞ്ച് ക്ലാസ് മുറികളിലായി ആകെ പഠിക്കുന്നത് 25ഓളം കുട്ടികൾ. കാണാൻ നല്ല ഭംഗിയുള്ള കുഞ്ഞുകുഞ്ഞുകുട്ടികൾ. രണ്ടു അധ്യാപകരാണ് അവിടെയുള്ളത്. ഏഴാം ക്ലാസ് കഴിഞ്ഞാൽ പിന്നെ കസോളിലും മറ്റും പഠിക്കാൻ പറഞ്ഞയക്കലാണ് പതിവ്. ഏറ്റവും കൗതുകമായി തോന്നിയത് ഇപ്പോഴും കുട്ടികൾ വരാന്തയിൽ ഇരുന്നിട്ടാണ് പഠിക്കുന്നത്, പഴയ സിനിമ കാണുന്ന പ്രതീതി.
കുറെ കുട്ടികൾ മൾബറി പറിക്കുന്നത് കണ്ടു. ഞാനും അവരുടെ കൂടെകൂടി. അവർ എനിക്കും പറിച്ചുതന്നു. ബാൻഡെല്ലാം മുട്ടിയിട്ടാണ് അസംബ്ലി തുടങ്ങുന്നത്. എല്ലാവരും ഒരുമിച്ചുകൂടി നല്ല ഒരു ഗാനം ആലപിച്ചു. എല്ലാം ഫോണിൽ പകർത്തി ഞാൻ അവിടെ നിന്നു. അസംബ്ലി കഴിഞ്ഞ ഉടനെ അധ്യപകനോട് അവിടത്തെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഒരു മണിക്കൂർ ട്രക്ക് ചെയ്താൽ തുഞ്ച ഗ്രാമത്തിൽ എത്താമെന്നും അവിടെ ചെറിയ വിദ്യാലയമുണ്ടെന്നും ആ അധ്യാപകൻ പറഞ്ഞുതന്നു.
കുട്ടികളെ ഞാൻ ഒന്നു പഠിപ്പിച്ചൊട്ടെ എന്ന് ചോദിച്ചു. 'ഓ..അതിനെന്താ..' എന്നായിരുന്നു മറുപടി. പിന്നെ ഒന്നും നോക്കിയില്ല. കൈയിൽ ഉണ്ടായിരുന്ന കളർ പെൻസിലുകൾ എടുത്ത് അവരുടെ അടുത്തുപോയി. ചിത്രങ്ങൾ വരപ്പിച്ചും കഥകൾ പറഞ്ഞും അവരുമെത്ത് ചെലവഴിച്ച നിമിഷങ്ങൾ. ജീവിതത്തിൽ എന്നും മറക്കാൻ പറ്റാത്ത ഒരനുഭവം തന്നെയാണ് ആ പിഞ്ചുമക്കൾ സമ്മാനിച്ചത്. പുറത്തുനിന്നും കുട്ടികൾ എന്നെ കാണുേമ്പാൾ 'ടീച്ചർ' എന്നാണ് വിളിച്ചിരുന്നത്. അതുകേൾക്കുേമ്പാൾ മനസ്സിൽ വല്ലാത്തൊരു കുളിര് കോരിയിടും.
അധ്യാപകെൻറ വാക്കുകേട്ട് ഞാൻ തുഞ്ച ഗ്രാമത്തിലേക്ക് പോവാൻ തീരുമാനിച്ചു. വഴികാണിച്ച് ഒരു നാട്ടുകാരനും കൂടെപ്പോന്നു. അദ്ദേഹത്തിെൻറ പിന്നിൽ കുന്നുകൾക്കിടയിലൂടെ ആപ്പിൾ തോട്ടങ്ങളും കടന്ന് മലകയറുകയാണ്. കുന്നിൽ മുകളിലായി ഒരു ചെറിയ സ്കൂൾ കാണാൻ തുടങ്ങി. ഞാൻ അവിടേക്ക് ഓടിക്കയറി. നാല് ഭാഗത്തും നീണ്ടുനിവർന്നു കിടക്കുന്ന മലനിരകൾ. പച്ചപ്പിനാൽ തിളക്കമർന്ന കാഴ്ചകൾ. ഏതാനും കുട്ടികൾ പുറത്ത് കളിക്കുന്നുണ്ട്. അധ്യാപകൻ കസേരയിലിരുന്ന് അതെല്ലാം വീക്ഷിക്കുന്നു.
ഞാൻ അദ്ദേഹത്തിനടുത്തക്ക് ചെന്നു. രാംമിൽ എന്നാണ് പേര്. എന്നെ പരിചയപ്പെട്ടതോടെ നല്ല ചായയുണ്ട്, ഞാൻ എടുത്തിട്ടു വരാമെന്നും പറഞ്ഞു അദ്ദേഹം ഉള്ളിൽ കയറി. കുട്ടികൾ എല്ലാം മണ്ണപ്പം ചുട്ട് കളിക്കുന്ന തിരക്കിലാണ്. അധ്യാപകൻ നല്ല ചൂടുള്ള സുലൈമാനിയും എടുത്തുവരുന്നു. നല്ല സ്വദ്. ഗ്രാമത്തിൽ തന്നെ ഉണ്ടാക്കുന്ന ഒരു തരം ചായപ്പൊടി ഉപയോഗിച്ചാണ് തയാറാക്കിയിട്ടുള്ളത്. അതിെൻറ ഗുണം വേറെത്തന്നെ അറിയാം.
ചെറിയ ഒരു ഗ്രാമമാണ് തുഞ്ച. അഞ്ചാംതരം വരെയെ ഉള്ളൂ സ്കൂൾ. അത് കഴിഞ്ഞാൽ ഗ്രഹണിൽ പോയി പഠിക്കണം. പത്തിന് താഴെയാണ് വീടുകൾ. ആൾക്കാരും കുറവാണ്. അവിടെനിന്ന് കുറച്ച് മലയാളികളെ പരിചയപ്പെട്ടു. കണ്ണൂരുകാരാണ്. അവരും ഗ്രഹൺ ഗ്രാമം കാണാനിറങ്ങിയവർ. ഒരടിപൊളി കമ്പനി. അവരുടെ കൂടെ സംസാരിച്ചിരുന്നു. മരംകോച്ചുന്ന തണുപ്പുണ്ട്. അതിനെ മറികടക്കാൻ നല്ല ചൂടുള്ള മസാല പൊറോട്ടയും ചായയും ഒാർഡർ ചെയ്തു. രണ്ടാമത്തെ ചായയാണ്. മടുപ്പു തോന്നിയില്ല.
നേരം ഇരുട്ടി തുടങ്ങാറായി. ഗ്രഹണിലേക്ക് തിരിച്ചുനടത്തം ആരംഭിച്ചു. കൂട്ടിനൊരു പട്ടിയെയും കിട്ടി. ഇങ്ങോട്ട് വന്നതിനേക്കാൾ പെെട്ടന്ന് തന്നെ ഗ്രാമത്തിലെത്താനായി. അവിടെ ഒരു മുത്തശ്ശിയെ പരിചയപ്പെട്ടു. ഒറ്റക്കാണ് താമസം. ചെറിയ ഒരു വീട്. ദാഹം ഉള്ളതുകൊണ്ട് കുറച്ച് വെള്ളം കൊണ്ടുവന്നു തന്നു. അതും കുടിച്ച് കുറച്ചുനേരം സംസാരിച്ചിരുന്നു.
മുത്തശ്ശിയുടെ വീട്ടിൽ ഞാനിന്ന് താമസിച്ചോട്ടെ എന്ന് ചോദിച്ചു. ഒരുപാട് സന്തോഷം അവർക്ക്. പുറത്തു നല്ല തണുപ്പണങ്കിലും വീട്ടിനുള്ളിൽ നല്ല ചൂടാണ്. എനിക്ക് അദ്ഭുതം തോന്നി. മരങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു കൂര. തറയിൽ നല്ല കട്ടിയുള്ള തുണി കൊണ്ട് വിരിച്ചിരിക്കുന്നു. ഇതുകാരണം തണുപ്പു അറിയുന്നില്ല. വൈദ്യുതിയൊന്നുമില്ല. ചെറിയ ഒരു എണ്ണവിളക്കുണ്ട്. തനി നാടൻ രീതിയിലെ വീട്. ഗ്രാമത്തെക്കുറിച്ചും തെൻറ ജീവിതത്തെക്കുറിച്ചുമെല്ലാം മുത്തശ്ശി വാചാലയായി.
കുറെ വർഷങ്ങളായി തങ്ങൾ ഇവിടെ തന്നെ താമസിച്ചുവരികയാണെന്നും ഈയടുത്തകാലത്താണ് പുറത്തുനിന്ന് സഞ്ചാരികൾ വരാൻ തുടങ്ങിയതെന്നും അവർ പറഞ്ഞു. ഇവിടുത്തെ ആളുകൾ പുറത്തുന്നുള്ളവരെ വിവാഹം കഴിക്കില്ലത്രെ. അവരുടെ മക്കൾ പട്ടണത്തിലാണ്. ഇടക്ക് കാണാൻ വരും. അവിടെ അടുത്തു മൂന്നു വെള്ളച്ചാട്ടങ്ങൾ ഉണ്ടെന്നും അറിഞ്ഞു. രാത്രി നല്ല സൂപ്പും റൊട്ടിയും തയാറാക്കി തന്നു. അതിനുശേഷം കമ്പിളി പുതപ്പ് തന്നിട്ടു മുത്തശ്ശി ഉറങ്ങാൻ കിടന്നു.
രാവിലെ എഴുന്നേറ്റ് ആ വെള്ളച്ചാട്ടങ്ങൾ കാണാൻ തീരുമാനിച്ചു. മുത്തശ്ശി തന്ന ചായയും കുടിച്ചു യാത്ര തുടർന്നു. അര മണിക്കൂർ യാത്രയുണ്ട്. അങ്ങനെ നടത്തം തുടങ്ങിയപ്പോയാണ് പിറകിൽ ഒരാൾ നിൽക്കുന്നത് കണ്ടത്-രവി ഭായിയുടെ നായ. അവനും കൂടെക്കൂടി. വഴി കാണിച്ചു അവൻ മുന്നിലുണ്ട്. ആദ്യം ഒരു കുഞ്ഞുവെള്ളച്ചാട്ടം. പിന്നെ കുറച്ച് നടന്നപ്പോൾ കുറച്ചു വലുത്. പിെന്നയും നടന്നപ്പോയാണ് ഒരു വലിയ വെള്ളച്ചാട്ടം കണ്ടത്. അടിപൊളി കാഴ്ച. ചുറ്റും മലകളാൽ മൂടപ്പെട്ട ഒരു സ്ഥലം.
പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിവരുന്ന തണുത്ത വെള്ളം. മഴക്കാലമായത് കൊണ്ട് തന്നെ നല്ല ശക്തിയിലാണ് ഒഴുക്ക്. അവിടേക്കുള്ള വഴിയും എറെ മനോഹരം. കുന്നിൽ ചെരുവിലൂടെ ഒരു ചെറിയ നടപ്പാത. വഴിയിൽ മരങ്ങൾ പൊട്ടിവീണ് കിടപ്പുണ്ട്. ഇത്തിരി പ്രയാസപ്പെട്ട് വെള്ളച്ചാട്ടത്തിന് അടുത്തെത്തി. നായ തണുപ്പൊന്നും നോക്കാതെ നല്ല ഒരു കുളി പാസാക്കി. കുറച്ചുനേരം ആ വെള്ളച്ചാട്ടവും മുന്നിലെ മലയിടുക്കും ദൂരെക്കാണുന്ന മഞ്ഞുമലയും നോക്കി ഫോണിൽ അതിമനോഹരമായ പാട്ടും െവച്ച് അങ്ങനെ ഇരുന്നു. പ്രകൃതിയുടെ ഹൃദയതാളം മനസ്സിനെ മായികലോകത്തെത്തിക്കുന്നു. കുളി കഴിഞ്ഞ് നായ ഒന്നു മയങ്ങിയിരുന്നു. കുറച്ചുകഴിഞ്ഞ് അവെനയും തട്ടിവിളിച്ച് ഞങ്ങൾ തിരിച്ചുനടന്നു.
ഗ്രാമത്തോട് വിടപറയാൻ സമയമായി. എല്ലാവരോടും യാത്ര ചോദിക്കണം. കുട്ടികളെക്കെ അരികിൽനിന്ന് മാറാതെ കൂടെയുണ്ട്. എനിക്ക് ആകെ ഒരു മൂഡ് ഓഫ് ആയ അവസ്ഥ. ഗ്രാമത്തിലെ മുതിർന്നയാൾ പലതരം പൂക്കൾ കൊണ്ടലങ്കരിച്ച നാടൻതെപ്പി തലയിൽ െവച്ചുതന്നു. പൂക്കളൊക്കെ പറിച്ചത് കുട്ടികളാണ്. എല്ലാവരും ഒരുമിച്ചുകൂടിയ നിമിഷം. മുത്തശ്ശി ഒരു കവറിൽ ആപ്പിൾ തന്നു. കണ്ണു നിറഞ്ഞുപോയി. ഇനി ഒരു വട്ടം കൂടി കാണാം.. തീർച്ചയായും വരും എന്നു പറഞ്ഞ് യാത്രതിരിച്ചു.
ട്രക്ക് ചെയ്ത് തിരിച്ചുവരുന്ന വഴിക്ക് കുറച്ചു മലയാളികളെ കിട്ടി. പിന്നെ അവരോടൊപ്പം കഥകൾ പറഞ്ഞ് മുന്നോട്ടുതന്നെ. ഓരോ യാത്രകളും ഇങ്ങനെയാണ്. ഒരുപാട് അനുഭവങ്ങൾ, ഒരുപാട് മുഖങ്ങൾ, സ്നേഹങ്ങൾ, ജീവിതങ്ങൾ... എല്ലാം നമുക്ക് കാണിച്ചു തരും. എന്നും ഓർത്തെടുക്കാൻ പറ്റുന്ന ഒരു ഓർമക്കുറിപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.