'ജനഗണമന' ആലപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബുക്കും പുസ്തകങ്ങളും ബാഗിനുള്ളിലേക്ക് തിരുകി വെച്ച് തുടങ്ങും. ബെല്ലടിക്കേണ്ട താമസം, കൂട്ടമായി ഒറ്റയോട്ടം... സ്കൂളിനെ കുറിച്ചോർക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്റെ ആദ്യ സിനിമയായ 'മഹേഷിന്റെ പ്രതികാര'ത്തിലെ ഈ രംഗമാണ്. ഞങ്ങളും അങ്ങനെയായിരുന്നു. സ്കൂൾ വിടുമ്പോൾ തന്നെ ബാഗെടുത്ത് ഒറ്റയോട്ടമാണ്. കുറേ ദൂരം ഓടിയിട്ടേ നിൽക്കൂ. പിന്നെ കിതപ്പ് മാറ്റി പതിയെ നടന്ന് വീട്ടിലേക്ക്...
മനസ്സിൽ മഞ്ഞു പെയ്യുന്ന സുഖം പകരുന്ന ഓർമ്മകളാണ് സ്കൂൾ ദിനങ്ങളെ കുറിച്ചുള്ളത്. എന്നും രാവിലെ മഞ്ഞിന്റെ കുളിർമ്മ വിശേഷം ചോദിച്ചെത്തുന്ന കട്ടപ്പനക്കടുത്തുള്ള ലബ്ബക്കടയിലാണ് ഞാൻ ജനിച്ചത്. അവിടെയുള്ള ലൂർദ് മാതാ എൽ.പി സ്കൂളിൽ നിന്ന് തുടങ്ങുന്നു സ്കൂളോർമ്മകൾ. സ്കൂളിലെ ആദ്യ ദിനത്തെക്കുറിച്ച് വലിയ ഓർമ്മയില്ല. അമ്മ ലിസാമ്മയുടെ വിരൽത്തുമ്പിൽ പിടിച്ച് നടന്നുപോയത് പക്ഷേ, മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും ഞാൻ കരഞ്ഞില്ല എന്നുറപ്പാണ്. എന്തൊക്കെയാണ് സ്കൂളിൽ സംഭവിക്കുക എന്ന് അറിയാത്തതിന്റെ ഒരു പേടിയും പകപ്പുമൊക്കെ ഉണ്ടായിരുന്നേക്കാം.
വെളുപ്പാൻ കാലത്ത് നല്ല തണുപ്പും മഴയുമൊക്കെയുള്ള ദിവസങ്ങളിൽ സ്കൂളിൽ പോകാൻ മടിയൊക്കെ തോന്നും. പക്ഷേ, കൂട്ടുകാരെ കാണാമല്ലോയെന്നോർക്കുമ്പോൾ ഈ മടിയൊക്കെ മാറും. ഇന്നത്തെ പോലെ സ്കൂൾ ബസൊന്നും അധികമില്ലാത്ത കാലമല്ലേ? അടുത്തുള്ള വീടുകളിലെ കുട്ടികളെല്ലാം ഒന്നിച്ചാണ് നടന്ന് പോകുക. മഞ്ഞുപോലെ നിഷ്കളങ്കമായി വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചുമൊക്കെയുള്ള ആ നടത്തം എന്നും സുഖം പകരുന്ന ഓർമ്മയാണ്. അതുപോലെ തന്നെയാണ് സ്കൂൾ വിടുമ്പോഴുള്ള ഓട്ടവും നടത്തവും. സ്കൂളിൽ ഇൻറർവെൽ സമയങ്ങൾ കഞ്ഞിയും കറിയും വെച്ച് കളിക്കലും സാറ്റ്, അക്ക് തുടക്കിയ കളികളുമൊക്കെയായി ആഘോഷമാക്കും. ഇപ്പോൾ കുട്ടികൾക്ക് അതിനൊക്കെയുള്ള സമയം കിട്ടുമോയെന്ന കാര്യം സംശയമാണ്.
നാലിൽ പഠിപ്പിച്ച സിസ്റ്റർ ലിസ്ബ ആയിരുന്നു എന്റെ പ്രിയപ്പെട്ട അധ്യാപിക. വടി കാണിച്ച് പേടിപ്പിക്കാതെ കുട്ടികളെയെല്ലാം ഏറെ സ്നേഹിച്ചിരുന്നയാളാണ് സിസ്റ്റർ ലിസ്ബ. അതുകൊണ്ടു തന്നെ സ്ട്രിക്ട് ആയ മറ്റ് ടീച്ചർമാരുടെയൊക്കെ ക്ലാസിൽ ഉഴപ്പുന്ന കുട്ടികൾ പോലും സിസ്റ്റർ ലിസ്ബയുടെ മുന്നിൽ പൂച്ചക്കുട്ടികളാകും. ആകാശം കാണാതെ പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചാൽ മയിൽപ്പീലി പെറ്റുപെരുകുമെന്ന 'വിശ്വാസ'മൊക്കെ മനസ്സിൽ കടന്നുകൂടുന്ന കാലമാണല്ലോ അത്. 'മഹേഷിന്റെ പ്രതികാര'ത്തിൽ ക്രിക്കറ്റ് കളി കാണുന്ന സീനിൽ ഞാൻ അവതരിപ്പിച്ച സോണിയ 'ചാച്ചൻ എഴുന്നേൽക്കേണ്ട, വിക്കറ്റ് പോകും' എന്ന ഡയലോഗ് പറയുന്ന സമയത്ത് ഞാനിതൊക്കെ ഓർത്തു. സ്കൂളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നത് ഗ്രൂപ്പുകൾ തിരിച്ചായിരുന്നു. ഗ്രൂപ്പിലെ ഏതെങ്കിലും കുട്ടിയുടെ വീട്ടിൽ ആയിരിക്കും ഓരോ ദിവസവും പരിശീലനം. അവിടെ തന്നെയാകും താമസമൊക്കെ. ഇന്ന് ഒരാളുടെ വീട്ടിൽ ആണെങ്കിൽ നാളെ എന്റെ വീട്ടിൽ...അങ്ങിനെയങ്ങിനെ... കൂട്ടുകാരുടെ വീട്ടിൽ ഒന്നിച്ചു പോകാം, ഒന്നിച്ചു കഴിക്കാം, കളിക്കാം, കിടക്കാം എന്നതിനാൽ ഏറെ സന്തോഷം തോന്നുന്ന നാളുകഇയിരുന്നു അവ.
പേടിയും നാണവും സഭാകമ്പവും ഒന്നുമില്ലാത്തതിനാൽ അഞ്ചാം ക്ലാസ് വരെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. ഒന്നിൽ നിന്നും മാറി നിന്നിരുന്നില്ല. പാട്ട്, ചിത്രരചനാ മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. 'കട്ടപ്പനയിലെ ഹൃത്വിക് റോഷനി'ലെ കനി മയിൽപ്പീലി എംബ്രോയിഡറി ചെയ്തത് ഓലമടൽ പോലെയെന്ന് നായകൻ കളിയാക്കുമ്പോൾ എനിക്കോർമ്മ വന്നത് പഴയ ചിത്രരചനാ മത്സരങ്ങളാണ്. നൃത്ത മത്സരത്തിനൊന്നും കയറിയിരുന്നില്ല. പക്ഷേ, ആനിവേഴ്സറിക്കൊക്കെ പരിപാടി അവതരിപ്പിക്കുമായിരുന്നു. അഞ്ചാം ക്ലാസിനു ശേഷം ഞാൻ എങ്ങിനെയോ അന്തർമുഖി ആയി. പിന്നെ പഠിച്ച മരിയഗിരി സെന്റ് മേരീസ് യു.പി സ്കൂളിലും മരിയഗിരി ഇ.എം.എച്ച്.എസ് സ്കൂളിലുമൊന്നും ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല.
'ജയ് ഭീ'മിലെ സെൻഗിന്നിയെ അവതരിപ്പിക്കാൻ ഇരുളർ ആദിവാസികളുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് വിദ്യാഭ്യാസ കാര്യത്തിൽ നമ്മളൊക്കെ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞത്. ഈ സൗഭാഗ്യം ഫലപ്രദമായി വിനിയോഗിക്കണമെന്നാണ് എല്ലാ വിദ്യാർഥികളോടും എനിക്ക് പറയാനുള്ളത്. പഠിച്ച് നന്നാകണം, നന്നായി പഠിക്കണമെന്നൊക്കെയാണ് എല്ലാവരും കുട്ടികളോട് പറയുക. ഞാനും അത് സമ്മതിക്കുന്നു. പക്ഷേ, പഠനം ഒരു സ്ട്രെസ് ആയി എടുക്കരുത്. നമ്മൾ കഴിവിന്റെ പരമാവധി പരിശ്രമിക്കുക. അത്രയേ വേണ്ടൂ. സ്കൂൾ ജീവിതം പരമാവധി ആസ്വദിക്കുക. ആ നാളുകൾ ഒരിക്കലും തിരിച്ചു വരില്ല. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുക, നല്ല നല്ല ഓർമ്മകൾ സ്വന്തമാക്കുക, വായിച്ചും കണ്ടും കേട്ടും കളിച്ചും പഠിച്ചും വളരുക...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.