വള്ളം തുഴയുന്നവരുടെ അധ്വാനഭാരം കുറക്കുന്നതിനുവേണ്ടി പ്രത്യേക താളത്തിൽ പാടിയിരുന്ന പാട്ടുകളാണിത്. ഇങ്ങനെയൊരു കാവ്യശാഖ മലയാളഭാഷാ സാഹിത്യത്തിലല്ലാതെ മറ്റൊരിടത്തുമില്ല. താളനിബദ്ധമായി ആലപിക്കപ്പെടുന്ന ഈ പാട്ടുകൾ വള്ളംകളിക്ക് ഉത്സാഹം പകരുന്നു.
'കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ്തെയ് തോം'
വളരെ പ്രസിദ്ധമായ വഞ്ചിപ്പാട്ടാണിത്. രാമപുരത്തു വാര്യർ നതോന്നത വൃത്തത്തിലെഴുതിയ 'കുചേലവൃത്തം' വഞ്ചിപ്പാട്ടാണ് വഞ്ചിപ്പാട്ടുശാഖയിലെ ആദ്യത്തെ കൃതിയെന്ന് കരുതപ്പെടുന്നു. രാമപുരത്തു വാര്യർ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. കവിയുടെ പേരിനെക്കുറിച്ചും ജീവിത കാലഘട്ടത്തെക്കുറിച്ചും പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. 1703നും 1763നും ഇടക്കുള്ള കാലമാണ് രാമപുരത്തു വാര്യരുടെ ജീവിതകാലമെന്ന് കണക്കാക്കപ്പെടുന്നു.
മലയാളത്തിലെ സഞ്ചാരസാഹിത്യത്തിന് ഏകദേശം ഒന്നര നൂറ്റാണ്ടോളം പഴക്കം വരും. പാറേമ്മാക്കൽ തോമാ കത്തനാർ എഴുതിയ 'വർത്തമാനപ്പുസ്തക'മാണ് (റോമാ യാത്ര) ഈ വിഭാഗത്തിലെ ആദ്യകൃതി. പിന്നീട് 40 വർഷത്തിനുശേഷം കെ.പി. കേശവമേനോെൻറ 'ബിലാത്തി വിശേഷം' പുറത്തുവന്നു.
18ാം നൂറ്റാണ്ടിൽ 1398 വരികളിലായി കുഞ്ചൻ നമ്പ്യാർ രചിച്ച കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളലാണ് ആദ്യ തുള്ളൽ കൃതി. കൂത്ത് പറയുന്ന ചാക്യാരുടെ സംഘത്തിൽനിന്ന് പിണങ്ങിപ്പിരിഞ്ഞ നമ്പ്യാർ ഒരൊറ്റ രാത്രികൊണ്ട് കല്യാണസൗഗന്ധികം എഴുതി തുള്ളലിനുവേണ്ടി ചിട്ടപ്പെടുത്തി പിറ്റേന്ന് അത് രംഗത്ത് അവതരിപ്പിച്ചു എന്നാണ് ഐതിഹ്യം. ഫലിതവും പരിഹാസവും യോജിപ്പിച്ച് നമ്പ്യാർ രൂപംകൊടുത്ത പുതിയ കലാരൂപമായ തുള്ളലിന് സമൂഹത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അഹന്തക്കുമെതിരെ നിലനിൽക്കാൻ സാധിച്ചു. സാധാരണക്കാരുടെ ഭാഷയിൽ കേരളത്തിെൻറ പ്രകൃതിയും ജീവിതവുമെല്ലാം നമ്പ്യാരുടെ തുള്ളലിന് വിഷയമായി. അങ്ങനെ ജനങ്ങൾ ആ ദൃശ്യകലയെ ഇഷ്ടപ്പെട്ടു.
ചരിത്ര നോവലുകളിലൂടെ മലയാള നോവൽ സാഹിത്യത്തിൽ ഇടംനേടിയ പ്രതിഭാധനനാണ് സി.വി. രാമൻപിള്ള. ആദ്യ ചരിത്രനോവലായ 'മാർത്താണ്ഡവർമ്മ' എഴുതിയത് അദ്ദേഹമാണ്. 1891ലാണ് ആ നോവൽ പുറത്തിറങ്ങിയത്. തിരുവിതാംകൂറിെൻറ സ്ഥാപകനായ മാർത്താണ്ഡവർമ മഹാരാജാവിെൻറ ഭരണാരംഭത്തിലെ (1729–1758) ചില സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ കൃതിയിൽ ഭാവനാവിലാസത്തിനാണ് പ്രാധാന്യം. സർ വാൾട്ടർ സ്കോട്ടിെൻറ ഐവാനോ എന്ന കൃതിയുടെ സ്വാധീനം ഈ നോവലിൽ പ്രകടമാണ്.
കഥകളിക്കുവേണ്ടി രചിച്ച സാഹിത്യമാണ് ആട്ടക്കഥ. കൊട്ടാരക്കരത്തമ്പുരാെൻറ രാമനാട്ടത്തോടുകൂടിയാണ് കഥകളി സാഹിത്യരൂപം കൊണ്ടത്. രാമനാട്ടത്തിനാധാരമായ എട്ട് രാമായണ കഥകളാണ് ആട്ടക്കഥാ സാഹിത്യത്തിെൻറ ഉത്ഭവകാരണമെന്ന് കരുതുന്നു. രാമനാട്ടത്തിെൻറ ഉപജ്ഞാതാവെന്ന നിലയിൽ പ്രസിദ്ധനായിത്തീർന്ന കൊട്ടാരക്കരത്തമ്പുരാൻ 17ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാലകേരളവർമയാണെന്നും വിശ്വസിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.