ഒ​മ്പ​ത് ഫീ​ച്ച​ര്‍ സി​നി​മ​ക​ൾ മാ​ത്ര​മാ​ണ് 32 വ​ര്‍ഷ​ത്തെ​ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​നി​ട​യി​ൽ ഹം​ഗേ​റി​യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യ ബേ​ലാ താ​ർ സം​വി​ധാ​നം ചെ​യ്ത​ത്. 'ഫാ​മി​ലി​നെ​സ്റ്റ്' 1979ലും '​ടൂ​റി​ന്‍ ഹോ​ര്‍സ്' 2011ലു​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ചു​രു​ക്കം സി​നി​മ​ക​ള്‍കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹം ലോ​ക സി​നി​മാ ഭൂ​പ​ട​ത്തി​ൽ സ്വ​ന്ത​മാ​യ സ്ഥാ​നം ക​ണ്ടെ​ത്തി. പ്ര​ശ​സ്ത​ങ്ങ​ളാ​യ പ​ല മേ​ള​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും ബ​ഹു​മ​തി​ക​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. ക​ള്‍ട്ട്, ഇ​തി​ഹാ​സം, ദാ​ര്‍ശ​നി​ക​ൻ എ​ന്നി​ങ്ങ​നെ​യാ​ണ്...

​മ്പ​ത് ഫീ​ച്ച​ര്‍ സി​നി​മ​ക​ൾ മാ​ത്ര​മാ​ണ് 32 വ​ര്‍ഷ​ത്തെ​ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​നി​ട​യി​ൽ ഹം​ഗേ​റി​യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യ ബേ​ലാ താ​ർ സം​വി​ധാ​നം ചെ​യ്ത​ത്. 'ഫാ​മി​ലി​നെ​സ്റ്റ്' 1979ലും '​ടൂ​റി​ന്‍ ഹോ​ര്‍സ്' 2011ലു​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ചു​രു​ക്കം സി​നി​മ​ക​ള്‍കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹം ലോ​ക സി​നി​മാ ഭൂ​പ​ട​ത്തി​ൽ സ്വ​ന്ത​മാ​യ സ്ഥാ​നം ക​ണ്ടെ​ത്തി. പ്ര​ശ​സ്ത​ങ്ങ​ളാ​യ പ​ല മേ​ള​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും ബ​ഹു​മ​തി​ക​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. ക​ള്‍ട്ട്, ഇ​തി​ഹാ​സം, ദാ​ര്‍ശ​നി​ക​ൻ എ​ന്നി​ങ്ങ​നെ​യാ​ണ് താ​ർ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

താ​റി​ന്റെ 'സാ​ത്താ​ന്‍ ടാം​ഗോ' എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ച് സൂ​സ​ന്‍ സൊ​ന്റാ​ഗ് ഇ​പ്ര​കാ​രം പ​റ​ഞ്ഞു: "സി​നി​മ​യു​ടെ ഏ​ഴു മ​ണി​ക്കൂ​റി​ലെ ഓ​രോ നി​മി​ഷ​വും ആ​ക​ര്‍ഷ​ക​മാ​ണ്. എ​ന്റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ എ​ല്ലാ വ​ർ​ഷ​വും ഈ ​സി​നി​മ കാ​ണാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു." "സി​നി​മ​യി​ലെ ഏ​റ്റ​വും സാ​ഹ​സി​ക​രാ​യ ക​ലാ​കാ​ര​ന്മാ​രി​ൽ ഒ​രാ​ൾ'' എ​ന്നാ​ണ് മാ​ർ​ട്ടി​ൻ സ്കോ​ർ​സെ​സ് താ​റി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. സ​മ​കാ​ലി​ക ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രാ​യ ഗു​സ് വാ​ൻ സാ​ന്റ് (Gus Van Sant), ജിം ​ജാ​ർ​മു​ഷ് (Jim Jarmusch) തു​ട​ങ്ങി​യ​വ​രി​ൽ താ​ര്‍ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്.

മ​നു​ഷ്യ​നാ​യി​രി​ക്കു​ക എ​ന്ന​തി​ന്റെ അ​ർ​ഥ​മെ​ന്താ​ണ്? എ​പ്പോ​ഴാ​ണ് ന​മ്മ​ൾ മ​നു​ഷ്യ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നി​ർ​ത്തു​ന്ന​ത്? മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്ന ശ​ക്തി​ക​ൾ ഏ​താ​ണ്? ലോ​ക​ത്ത് ഒ​ന്നും അ​വ​ശേ​ഷി​ക്കാ​ത്ത​പ്പോ​ൾ, എ​ല്ലാം ന​ഷ്ട​പ്പെ​ട്ട്, പൂ​ർ​ണ​മാ​യി ത​ക​ർ​ക്ക​പ്പെ​ടു​ക​യും അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യും ചൂ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്യു​മ്പോ​ൾ, ന​മ്മു​ടെ മ​നു​ഷ്യ​ത്വം എ​ങ്ങ​നെ നി​ല​നി​ർ​ത്തും? – ത​ന്റെ സി​നി​മ​ക​ളി​ലൂ​ടെ താ​ര്‍ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്നു.


ബ്ലാ​ക്ക് ആ​ന്‍ഡ് വൈ​റ്റി​ലു​ള്ള വ​ള​രെ​യേ​റെ ദൈ​ര്‍ഘ്യ​മു​ള്ള ഷോ​ട്ടു​ക​ളാ​ണ് താ​റി​ന്റെ പ്ര​ത്യേ​ക​ത. ദ്രു​ത​ഗ​തി​യി​ലു​ള്ള കാ​മ​റാ ച​ല​ന​ങ്ങ​ളി​ല്ലാ​ത്ത, പ​തി​ഞ്ഞ​താ​ള​ത്തി​ലു​ള്ള, ചി​ല​പ്പോ​ള്‍ നി​ശ്ച​ല​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ടേ​ക്കു​ക​ള്‍. ഏ​ഴു മ​ണി​ക്കൂ​ർ ദൈ​ര്‍ഘ്യ​മു​ള്ള 'സാ​ത്താ​ന്‍ ടാം​ഗോ' (Satantango, 1994) എ​ന്ന സി​നി​മ​യി​ല്‍ ഏ​ക​ദേ​ശം 150 ഷോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ കാ​മ​റ പ​ല​പ്പോ​ഴും അ​പ്ര​ധാ​ന​മെ​ന്ന് തോ​ന്നു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലോ വി​ശ​ദാം​ശ​ങ്ങ​ളി​ലോ നോ​ട്ടം ഉ​റ​പ്പി​ക്കു​ക​യും ആ​ഖ്യാ​ന​ത്തി​ലേ​ക്കു​ള്ള അ​തി​ന്റെ സം​ഭാ​വ​ന അ​വ​സാ​നി​ച്ച​തി​നു​ശേ​ഷ​വും സീ​ന്‍ മാ​റാ​ന്‍ ത​യാ​റാ​വാ​തി​രി​ക്കു​ക​യും​ചെ​യ്യു​ന്നു. അ​തി​ന​ർ​ഥം, ഇ​ത്ത​രം ഷോ​ട്ടു​ക​ളു​ടെ ല​ക്ഷ്യം, പ്രേ​ക്ഷ​ക​രെ 'ഉ​ദ്ദേ​ശ്യ'​ത്തി​ന​പ്പു​റം നോ​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക എ​ന്ന​താ​ണ്. ഷോ​ട്ട് അ​ടു​ത്ത​തി​ലേ​ക്ക് പോ​യി 'ക​ഥ' വി​ക​സി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പ്രേ​ക്ഷ​ക​ര്‍ യ​ഥാ​ർ​ഥ​ത്തി​ൽ നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങു​ന്ന​ത്. ടി.​വി​ക്കു​വേ​ണ്ടി അ​ദ്ദേ​ഹം 1982ല്‍ ​നി​ർ​മി​ച്ച 'മാ​ക്ബ​ത്തി'​ന്റെ അ​നു​ക​ല്‍പ​ന​ത്തി​ൽ ര​ണ്ടു ഷോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. ആ​ദ്യ ഷോ​ട്ടി​ന് (പ്ര​ധാ​ന ശീ​ർ​ഷ​ക​ത്തി​ന് മു​മ്പ്) അ​ഞ്ച് മി​നി​റ്റ് ദൈ​ർ​ഘ്യ​വും ര​ണ്ടാ​മ​ത്തെ ഷോ​ട്ടി​ന് 67 മി​നി​റ്റ് ദൈ​ർ​ഘ്യ​വു​മാ​ണ്.

ദൈ​നം​ദി​ന യാ​ഥാ​ർ​ഥ്യ​ത്തെക്കു​റി​ച്ച് പ​റ​യാ​ൻ താ​റി​നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ​ത് ഈ ​ദൈ​ർ​ഘ്യ​മേ​റി​യ ഷോ​ട്ടു​ക​ളാ​ണ്. നി​ങ്ങ​ൾ ഒ​രു കോ​ണി​ൽ ഇ​രു​ന്ന് ഒ​രു സാ​ഹ​ച​ര്യം എ​ങ്ങ​നെ വി​ക​സി​ക്കു​ന്നു​വെ​ന്ന് വീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ഇ​ത്. ഇ​തി​ല്‍നി​ന്ന് ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം പ്രേ​ക്ഷ​ക​ര്‍ക്കി​ല്ല. ക​ഥാ​പാ​ത്ര​ങ്ങ​ൾ സ​ഹി​ച്ച അ​തേ നി​സ്സ​ഹാ​യ​ത​യി​ലൂ​ടെ​യും മ​ടു​പ്പി​ലൂ​ടെ​യും പ്രേ​ക്ഷ​ക​രും ക​ട​ന്നു​പോ​വു​ന്നു. പീ​റ്റ​ർ ബ്രൂ​ഗ​ലി​ന്റെ പെ​യി​ന്റി​ങ്ങു​ക​ൾ പോ​ലെ​യാ​ണ് താ​റി​ന്റെ ദൈ​ർ​ഘ്യ​മേ​റി​യ ഷോ​ട്ടു​ക​ൾ. ഈ ​ചി​ത്ര​ങ്ങ​ളി​ല്‍ ഓ​രോ രൂ​പ​ത്തി​നും ആ​ൾ​ക്കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ വ്യ​ക്തി​ക്കും​പോ​ലും ഒ​രു പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്.

സാ​ധാ​ര​ണ വി​വ​ക്ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള​തും ആ ​രീ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യും ചെ​യ്യു​ന്ന ക​ഥ താ​റി​ന്റെ സി​നി​മ​ക​ളി​ല്‍ ഇ​ല്ല. താ​ര്‍ ഒ​രി​ക്ക​ൽ ഒ​ര​ഭി​മു​ഖ​ത്തി​ൽ ഇ​പ്ര​കാ​രം പ​റ​യു​ക​യു​ണ്ടാ​യി: ''എ​ന്തോ സം​ഭ​വി​ച്ചു​വെ​ന്ന് ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ക​ഥ​ക​ളെ ഞാ​ൻ പു​ച്ഛി​ക്കു​ന്നു. വാ​സ്ത​വ​ത്തി​ൽ, ന​മ്മ​ൾ ഒ​ര​വ​സ്ഥ​യി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്കു പോ​വു​മ്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ഒ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. കാ​ല​മാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. വ​ർ​ഷ​ങ്ങ​ളും ദി​വ​സ​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ളും മി​നി​റ്റു​ക​ളും സെ​ക്ക​ൻ​ഡു​ക​ളും'' –ഈ ​വാ​ക്കു​ക​ൾ സി​നി​മ​യോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ സ​മീ​പ​ന​ത്തി​ന്റെ ആ​ത്മാ​വി​നെ സം​ഗ്ര​ഹി​ക്കു​ന്നു.

ത​ന്റെ പ​തി​നാ​ലാം ജ​ന്മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ പി​താ​വ് ഒ​രു 8 എം​.എം കാ​മ​റ സ​മ്മാ​നി​ച്ച​തോ​ടെ​യാ​ണ് താ​ര്‍ ഹ്ര​സ്വ സി​നി​മ​ക​ൾ ഉ​ണ്ടാ​ക്കി​ത്തു​ട​ങ്ങി​യ​ത്. ഇ​വ ഹം​ഗ​റി ന​ഗ​ര​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്റ​റി​ക​ളാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ ദൈ​നം​ദി​ന ജീ​വി​തം കാമറക്കണ്ണുകളിലൂടെ എല്ലാവരുടെയും മുന്നിലെത്തിച്ചു. ഈ ​സി​നി​മ​ക​ൾ ബേ​ല ബ​ലാ​സ് സ്റ്റു​ഡി​യോ​യു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. തു​ട​ര്‍ന്ന്, താ​റി​ന്റെ ആ​ദ്യ ഫീ​ച്ച​ർ ഫി​ലി​മാ​യ ഫാ​മി​ലി നെ​സ്‌​റ്റി​ന് (Family Nest, 1979) ധ​ന​സ​ഹാ​യം ന​ൽ​കി. (ഹം​ഗേ​റി​യ​ൻ സി​നി​മാ സൈ​ദ്ധാ​ന്തി​ക​നാ​യി​രു​ന്നു ബേ​ലാ ബ​ലാ​സ്. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥ​മാ​ണ് സ്റ്റു​ഡി​യോ​ക്ക് ഈ ​പേ​ര് ന​ല്‍കി​യ​ത്).

ഹം​ഗ​റി​യി​ലെ യു​വ ച​ല​ച്ചി​ത്ര പ്ര​വ​ര്‍ത്ത​ക​രെ ഒ​ന്നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ചു​രു​ങ്ങി​യ ബ​ജ​റ്റി​ൽ സി​നി​മ​ക​ൾ നി​ർ​മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബേ​ലാ ബ​ലാ​സ് സ്റ്റു​ഡി​യോ പ്ര​വ​ര്‍ത്തി​ച്ച​ത്. പൊ​തു​വെ വ​ലി​യ ആ​ര്‍ഭാ​ട​ങ്ങ​ൾ ഇ​ല്ലാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ഹാ​ന്‍ഡ് ഹെ​ല്‍ഡ് കാ​മ​റ, പ്ര​ഫ​ഷ​ന​ല്‍ അ​ല്ലാ​ത്ത അ​ഭി​നേ​താ​ക്ക​ൾ, യ​ഥാ​ർ​ഥ ലൊ​ക്കേ​ഷ​ൻ –ഇ​താ​യി​രു​ന്നു ഈ ​സി​നി​മ​ക​ളു​ടെ മു​ഖ​മു​ദ്ര. സ​ര്‍ക്കാ​ർ സെ​ൻ​സ​ർ​ഷി​പ്പി​ല്ലാ​തെ പ​രീ​ക്ഷ​ണാ​ത്മ​ക സി​നി​മ​ക​ൾ നി​ർ​മി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഉ​ട​ലെ​ടു​ത്ത പ്ര​സ്ഥാ​ന​മാ​ണ് 'ബു​ഡാ​പെ​സ്റ്റ് സ്കൂ​ൾ', അ​ല്ലെ​ങ്കി​ൽ ഡോ​ക്യു​മെ​ന്റ​റി​സം. 1972 മു​ത​ൽ 1984 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​പ്ര​സ്ഥാ​നം ത​ഴ​ച്ചു​വ​ള​ർ​ന്നു. ബ​ലാ​സ്‌ സ്റ്റു​ഡി​യോ ര​ണ്ട് പ്ര​ധാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി: ഒ​ന്ന് പ​രീ​ക്ഷ​ണാ​ത്മ​ക-​അ​വാ​ങ് ഗാ​ർ​ദ് ഗ്രൂ​പ്, മ​റ്റൊ​ന്ന് ഡോ​ക്യു​മെ​ന്റ​റി ഗ്രൂ​പ്. ര​ണ്ടാ​മ​ത്തെ ഗ്രൂ​പ്പി​ന്റെ പ്ര​ധാ​ന ല​ക്ഷ്യം സി​നി​മ​യി​ൽ സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ത്തി​ന്റെ ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു. താ​റി​ന്റെ ആ​ദ്യ​കാ​ല സി​നി​മ​ക​ൾ ഈ ​ശൈ​ലി പി​ന്തു​ട​രു​ന്ന​വ​യാ​യി​രു​ന്നു. ഇം​പ്രോ​വൈ​സ് ചെ​യ്ത സീ​നു​ക​ളും അ​ഭി​ന​യ​വും ​ൈക​യി​ലേ​ന്തി​യ കാ​മ​റ​യു​ടെ ദ്രു​ത​ച​ല​ന​ങ്ങ​ളും ഈ ​സി​നി​മ​ക​ളി​ൽ കാ​ണാം. അ​ല​ങ്കാ​ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത, ചാ​രു​ത ഇ​ല്ലാ​ത്ത ദൃ​ശ്യ​ങ്ങ​ള്‍ ഹം​ഗ​റി​യി​ലെ തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തി​ന്റെ ഇ​രു​ണ്ട യാ​ഥാ​ർ​ഥ്യ​ത്തെ സാ​മൂ​ഹി​ക രോ​ഷ​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്നു.

1979ലെ ​ഫാ​മി​ലി നെ​സ്റ്റ് (Family Nest) ഭ​ർ​ത്താ​വി​ന്റെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഒ​റ്റ​മു​റി ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ യു​വ​ദ​മ്പ​തി​ക​ളെ​ക്കു​റി​ച്ചാ​ണ്. 1981ലെ '​ഔ​ട്ട്‌​സൈ​ഡ​ർ' (Outsider) ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ഷി​ഫ്റ്റി​ല്ലാ​തെ ജോ​ലി​ചെ​യ്യു​ന്ന അ​മി​ത മ​ദ്യ​പാ​നി​യാ​യ ഒ​രു വ​യ​ലി​നി​സ്റ്റി​ലാ​ണ്. ഒ​രു ഫാ​ക്ട​റി​യി​ലും ആ​ശു​പ​ത്രി​യി​ലും ജോ​ലി​ചെ​യ്യു​ന്ന അ​യാ​ള്‍ ത​ന്റെ കു​ട്ടി​യു​ടെ മാ​താ​വാ​യ സ്ത്രീ​യെ ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ക്കു​ന്നു. പി​ന്നീ​ട് സൈ​നി​ക സേ​വ​ന​ത്തി​നാ​യി പോ​കു​ന്നു. അ​യാ​ള്‍ സൈ​നി​ക സേ​വ​ന​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ അ​യാ​ളു​ടെ അ​ഭാ​വ​ത്തി​ൽ ഭാ​ര്യ അ​യാ​ളോ​ട് 'വി​ശ്വ​സ്ത​ത' പു​ല​ർ​ത്തി​യി​രു​ന്നോ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ചി​ത്രം ഭാ​ഗി​ക​മാ​യി കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. അ​വ​ന്റെ പി​താ​വ് ആ '​വേ​ശ്യ'​യെ പു​റ​ത്താ​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്നു. 1982ലെ '​ദ പ്രീ​ഫാ​ബ് പീ​പ്ൾ (The Prefab People) നാ​ലു​പേ​ര്‍ അ​ട​ങ്ങു​ന്ന ഒ​രു അ​സ​ന്തു​ഷ്ട​മാ​യ കു​ടും​ബ​ത്തെ കു​റി​ച്ചാ​ണ്. നി​രാ​ശ​യാ​യ ഭാ​ര്യ, ര​ണ്ട് കു​ട്ടി​ക​ൾ, ഭാ​ര്യ​യു​ടെ ദു​രി​തം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് റു​മേ​നി​യ​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ ജോ​ലി​ക്ക് പ​ദ്ധ​തി​യി​ടു​ന്ന ഭ​ര്‍ത്താ​വ്. പി​ന്നെ അ​യാ​ളു​ടെ പി​താ​വ്. ഈ ​തൊ​ഴി​ലാ​ളി​വ​ര്‍ഗ ദ​മ്പ​തി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ സ​മ്മ​ർ​ദ​ങ്ങ​ളാ​ണ് സി​നി​മ.

സ​മ്പ​ന്ന​യാ​യ ഒ​രു വൃ​ദ്ധ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്വാ​സം മു​ട്ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​പ്പാ​ർ​ട്മെ​ന്റാ​ണ് അ​ല്‍മ​നാ​ക്ക് ഫാ​ൾ (Almanac Fall, 1984) എ​ന്ന സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം. വൃ​ദ്ധ​യു​ടെ മ​ക​ൻ, അ​വ​ളു​ടെ ന​ഴ്സ്, അ​വ​ളു​ടെ ന​ഴ്സി​ന്റെ അ​തൃ​പ്ത​നാ​യ കാ​മു​ക​ൻ, ഒ​രു പു​തി​യ താ​മ​സ​ക്കാ​ര​ൻ എ​ന്നി​വ​രാ​ണ് ഇ​തി​ന​ക​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍. ഇ​വ​ര്‍ അ​വ​രു​ടെ ഇ​രു​ണ്ട ര​ഹ​സ്യ​ങ്ങ​ളും ഭ​യ​ങ്ങ​ളും ആ​സ​ക്തി​ക​ളും ശ​ത്രു​ത​ക​ളും വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​ട​വി​ടാ​തെ വ​ഴ​ക്കി​ട്ടു​കൊ​ണ്ട് ജീ​വി​ക്കു​ന്നു. നി​രൂ​പ​ക​ര്‍ ഈ ​സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണ​ത്തെ പു​ക​ഴ്ത്തി. വി​ശ​ദ​മാ​യി കൊ​റി​യോ​ഗ്രാ​ഫ് ചെ​യ്ത മി​സ്‌-​എ​ൻ-​സീ​ൻ, വ​ള​രെ അ​സാ​മ്പ്ര​ദാ​യി​ക​മാ​യ കാ​മ​റാ ആം​ഗി​ളു​ക​ള്‍ എ​ന്നി​വ ഈ ​സി​നി​മ​യെ താ​റി​ന്റെ മു​ൻ സി​നി​മ​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. മു​ന്‍ സി​നി​മ​ക​ളി​ലെ ഡോ​ക്യു​മെ​ന്റ​റി റി​യ​ലി​സ​ത്തി​നു പ​ക​രം മി​നി​മ​ലി​സ​ത്തോ​ടു​ള്ള ആ​ഭി​മു​ഖ്യ​വും ശൈ​ലീ​ക​ര​ണ​വും കൃ​ത്രി​മ വെ​ളി​ച്ച​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ അ​സ്തി​ത്വ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളോ​ടു​ള്ള ആ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ക്കു​ന്നു. 'Claustrophobic existential hell' എ​ന്നാ​ണ് സി​നി​മ​യെ ഒ​രു നി​രൂ​പ​ക​ൻ വി​ശേ​ഷി​പ്പി​ച്ച​ത്‌. ഈ ​സി​നി​മ​യെ താ​റി​ന്റെ സി​നി​മാ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി ക​ണ​ക്കാ​ക്കു​ന്നു. എ​ന്നാ​ല്‍, ത​ന്റെ സി​നി​മ​ക​ളെ ശൈ​ലീ​പ​ര​മാ​യി ഈ ​രീ​തി​യി​ൽ വേ​ര്‍തി​രി​ക്കു​ന്ന​തി​നോ​ട് താ​ര്‍ യോ​ജി​ക്കു​ന്നി​ല്ല. ഇ​ത് പ​തി​യെ​യു​ള്ള പ​രി​ണാ​മ​മാ​ണ് എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ''നി​ങ്ങ​ൾ ഈ ​സി​നി​മ​ക​ളെ​ല്ലാം ഒ​രു​മി​ച്ച് ക​ണ്ടാ​ൽ എ​ല്ലാം ഒ​രേ മ​നു​ഷ്യ​ന്റെ സൃ​ഷ്ടി​ക​ളാ​ണെ​ന്ന് മ​ന​സ്സി​ലാ​കും" – താ​ർ പ​റ​യു​ന്നു.

'ടൈ​റ്റാ​നി​ക്' എ​ന്ന പ്രാ​ദേ​ശി​ക ബാ​റി​ലെ ഗാ​യി​ക​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ കാ​ര​ർ എ​ന്ന വി​ഷാ​ദ​രോ​ഗി​യാ​ണ് 'ഡാം​നേ​ഷ​ൻ' (Damnation, 1988) എ​ന്ന സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം. ഗാ​യി​ക ഈ ​ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്നു. കാ​ര​ണം, അ​വ​ൾ പ്ര​ശ​സ്ത​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. പ്രാ​ദേ​ശി​ക മ​ദ്യ​ശാ​ല​ക്കാ​ര​നാ​യ വി​ല്ലാ​ർ​സ്‌​കി കാ​ര​റി​ന് ക​ള്ള​ക്ക​ട​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഗാ​യി​ക​യു​ടെ ഭ​ർ​ത്താ​വ് സെ​ബെ​സ്റ്റി​യ​ന് കാ​ര​ർ ഈ ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഇ​ത് അ​വ​നെ ത​ന്റെ​യും ഗാ​യി​ക​യു​ടെ​യും വ​ഴി​യി​ൽനി​ന്ന് നീ​ക്കും എ​ന്നാ​ണ് കാ​ര​ർ വി​ചാ​രി​ച്ച​ത്. പ​ക്ഷേ, കാ​ര​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല. വ​ഞ്ച​ന​ക​ൾ തു​ട​രു​ന്നു. കാ​ര​ർ നി​രാ​ശ​നാ​വു​ന്നു.

ഹം​ഗ​റി​യി​ലെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ലെ നി​വാ​സി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണ്​ 'സാ​ത്താ​ൻ ടാം​ഗോ' (Satantango, 1994) എ​ന്ന സി​നി​മ. ഇ​വ​രു​ടെ വ​രു​മാ​നസ്രോ​ത​സ്സാ​യ ഒ​രു ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി. ഒ​രു ഡോ​ക്ട​റും മൂ​ന്ന് ദ​മ്പ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ഗ്ദാ​നം ചെ​യ്ത പ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. മ​രി​ച്ചെ​ന്ന് ക​രു​തു​ന്ന ഗ്രാ​മ​വാ​സി​യാ​യ ഇ​രി​മി​യാ​സ് തി​രി​ച്ചെ​ത്തി അ​വ​ര്‍ക്ക് ര​ക്ഷ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ത​ന്നോ​ടൊ​പ്പം ഒ​രു ക​മ്യൂ​ൺ രൂ​പ​വ​ത്ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ഗ്രാ​മ​വാ​സി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്നു. ഗ്രാ​മീ​ണ​രെ ത​ന്റെ കെ​ണി​യി​ലേ​ക്ക് ന​യി​ക്കാ​നും പ​ണം ത​ട്ടി​യെ​ടു​ക്കാ​നു​മു​ള്ള ഇ​രി​മി​യാ​സി​ന്റെ പ​ദ്ധ​തി​ക​ളാ​യി​രു​ന്നു ഇ​തെ​ല്ലാം. 12 ഭാ​ഗ​ങ്ങ​ളാ​യു​ള്ള സി​നി​മ ടാം​ഗോ നൃ​ത്ത​ത്തി​ന്റെ ഘ​ട​ന (ആ​റ് ചു​വ​ട് മു​ന്നോ​ട്ട്, ആ​റ് ചു​വ​ട് പി​റ​കോ​ട്ട്) പി​ന്തു​ട​രു​ന്നു. ലാ​സ്ലോ ക്രാ​സ്ന​ഹോ​ർ​ക്കാ​യി​യു​ടെ നോ​വ​ലാ​ണ്‌ സി​നി​മ​ക്ക് ആ​ധാ​രം. നോ​വ​ലി​സ്റ്റി​നെ സൂ​സ​ൻ സൊ​ന്റാ​ഗ് "Hungarian master of the apocalypse" എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്‌.

'വെ​ർ​ക്ക്മീ​സ്റ്റ​ർ ഹാ​ർ​മ​ണീ​സ്' (Werckmeister Harmonies, 2000) എ​ന്ന സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം ക​മ്യൂ​ണി​സ്റ്റ് കാ​ല​ത്തെ ഹം​ഗ​റി​യി​ലെ വി​ജ​ന​മാ​യ ചെ​റി​യ പ​ട്ട​ണ​മാ​ണ്. ഒ​രു വ​ലി​യ തി​മിം​ഗ​ല​വും ഇ​രു​ണ്ട ശ​ക്തി​ക​ളു​ള്ള 'രാ​ജ​കു​മാ​ര​നും' അ​വി​ടേ​ക്ക് വ​രു​ന്നു. ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ക​മ്യൂ​ണി​സ്റ്റ് വ്യ​വ​സ്ഥി​തി​ക്ക് കീ​ഴി​ൽ മ​ല്ലി​ടു​ന്ന അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ സ​ർ​ക്ക​സി​നെ സം​ശ​യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. മു​ൻ പ്ര​ദ​ര്‍ശ​ന​ങ്ങ​ളി​ൽ സ​ര്‍ക്ക​സ് ഉ​ണ്ടാ​ക്കി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന കു​ഴ​പ്പ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കിം​വ​ദ​ന്തി​ക​ൾ അ​വ​ർ വി​ശ്വ​സി​ച്ചു. തു​ട​ര്‍ന്ന് അ​വി​ടെ അ​ക്ര​മം വ​ർ​ധി​ക്കു​ന്ന​തി​ന് നി​ഷ്ക​ള​ങ്ക​നാ​യ ഒ​രു യു​വാ​വ് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. വി​നാ​ശ​ക​ര​മാ​യ, നി​ശ്ശ​ബ്ദ​ത​യും സ​ങ്ക​ട​വും നി​റ​ഞ്ഞ ലോ​കം. തി​ന്മ അ​തി​ന്റെ എ​ല്ലാ ഭീ​ക​ര​ത​യോ​ടെ​യും ശാ​ന്ത​മാ​യ ചെ​റി​യ പ​ട്ട​ണ​ത്തി​ലേ​ക്ക് തു​ള​ച്ചു​ക​യ​റു​ന്നു.

ദി ​മാ​ന്‍ ഫ്രം ​ല​ണ്ട​ൻ (The Man from London, 2007) എ​ന്ന സി​നി​മ​യി​ൽ ഒ​രു റെ​യി​ല്‍വേ തൊ​ഴി​ലാ​ളി​യാ​യ മ​ലോ​യി​ൻ ഒ​രു കൊ​ല​പാ​ത​ക​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. എ​ന്നാ​ൽ, കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് പ​ണം നി​റ​ച്ച ഒ​രു സ്യൂ​ട്ട്കേ​സ് ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷം അ​യാ​ള്‍ അ​ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ല. കു​റ്റ​ബോ​ധ​വും ക​ണ്ടു​പി​ടി​ക്ക​പ്പെ​ടു​മോ എ​ന്ന ഭ​യ​വും​മൂ​ലം മ​ലോ​യി​ൻ വേ​വ​ലാ​തി​പ്പെ​ടു​ന്നു. ഇ​ത് അ​വ​ന് വ​ലി​യ പ്ര​ശ്ന​മാ​വു​ന്നു, കു​ടും​ബാ​ന്ത​രീ​ക്ഷം അ​ക്ര​മാ​സ​ക്ത​മാ​വു​ന്നു. അ​തി​നി​ടെ, ഒ​രു പൊ​ലീ​സ് ഡി​റ്റ​ക്ടി​വ് പ​ണ​ത്തി​ന്റെ തി​രോ​ധാ​ന​വും കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളെ അ​ന്വേ​ഷി​ക്കു​ന്നു. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ താ​ര്‍ പ്ര​ലോ​ഭ​ന​വും കു​റ്റ​ബോ​ധ​വും അ​വ​ത​രി​പ്പി​ക്കു​ന്നു.

നീ​ത്ഷേ​യു​ടെ ചി​ന്ത​ക​ളെ പ്ര​ത്യ​ക്ഷ​ത്തി​ല്‍ത്ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്ന 'ടൂ​റി​ന്‍ ഹോ​ര്‍സ്' (Turin Horse, 2011) എ​ന്ന സി​നി​മ ഒ​രു വൃ​ദ്ധ​നി​ലും മ​ക​ളി​ലും കേ​ന്ദ്രീ​ക​രി​ക്കു​ന്നു. പു​റം ലോ​ക​ത്തി​ല്‍നി​ന്ന് വ​ള​രെ അ​ക​ന്ന് വി​സ്തൃ​ത​മാ​യ ത​രി​ശി​ന്റെ മ​ധ്യ​ത്തി​ലു​ള്ള ക​ല്ലു​കൊ​ണ്ട് നി​ർ​മി​ച്ച ഒ​രു പ​ഴ​കി ജീ​ര്‍ണി​ച്ച കു​ടി​ലി​ൽ ജീ​വി​ക്കു​ന്ന അ​ച്ഛ​നും മ​ക​ളും അ​വ​രു​ടെ കു​തി​ര​യും മാ​ത്ര​മേ സി​നി​മ​യി​ല്‍ ഉ​ള്ളൂ എ​ന്നു പ​റ​യാം. ബ്രാ​ണ്ടി വാ​ങ്ങി​ക്കാ​നാ​യി ഒ​രി​ക്ക​ൽ മാ​ത്രം വ​രു​ന്ന വാ​യാ​ടി​യാ​യ അ​യ​ല്‍ക്കാ​ര​നും കി​ണ​റി​ന​രി​കി​ല്‍ വെ​ള്ള​ത്തി​നാ​യി അ​ൽ​പ​നേ​രം ത​ങ്ങു​ന്ന ഒ​രു കൂ​ട്ടം നാ​ടോ​ടി​ക​ളും മാ​ത്ര​മേ ഈ ​ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പു​റ​മെ സി​നി​മ​യി​ലു​ള്ളൂ. ശ​ക്ത​മാ​യ കാ​റ്റ് എ​പ്പോ​ഴും വീ​ശി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ആ​റ് ദി​വ​സ​ങ്ങ​ളാ​ണ് സി​നി​മ. സം​ഭ​വ​ങ്ങ​ള്‍ എ​ന്നു പ​റ​യാ​നാ​യി ഒ​ന്നു​മി​ല്ല. വി​ര​സ​മാ​യ, ഏ​ക​താ​ന​മാ​യ ദി​ന​ച​ര്യ​ക​ളു​ടെ ആ​വ​ര്‍ത്ത​നം മാ​ത്രം. ദൈ​വം ഉ​പേ​ക്ഷി​ച്ച ലോ​കം.

താ​ര്‍, യാ​ന്‍ചോ, താ​ര്‍കോ​വ​സ്കി

ലോ​ങ് ടേ​ക്കു​ക​ൾ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഹം​ഗ​റി​യി​ൽ​നി​ന്നു​ത​ന്നെ​യു​ള്ള ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​ണ് മി​ക് ലോ​സ് യാ​ന്‍ചോ. അ​ദ്ദേ​ഹ​ത്തി​ന്റെ 70 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള എ​ല​ക്ട്ര, മൈ ​ല​വ് (Electra, My Love, 1974) എ​ന്ന സി​നി​മ​യി​ൽ 12 ഷോ​ട്ടു​ക​ളേ ഉ​ള്ളൂ. കാ​മ​റ പെ​ൻ​ഡു​ലം​പോ​ലെ ച​ലി​ക്കു​ന്നു. ഡോ​ളി ഷോ​ട്ടി​ല്‍ കാ​മ​റ ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും നീ​ങ്ങു​ക മാ​ത്ര​മ​ല്ല, അ​ത് മു​ന്നോ​ട്ടും പി​ന്നോ​ട്ടും സൂം ​ചെ​യ്യു​ക​യും ചെ​യ്യു​ന്നു. മു​ഖ​ത്തി​ന്റെ ക്ലോ​സ​പ്പി​ല്‍ വ്യ​ക്തി​യു​ടെ ഭാ​വ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും പി​ന്നീ​ട് ര​ണ്ടുപേ​ര്‍ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​ക​രി​ക്കു​ക​യും, പി​ന്നീ​ട് ച​ക്ര​വാ​ള​ത്തോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന ഭൂ​വി​ഭാ​ഗ​ത്തി​ല്‍ ഒ​റ്റ​ക്കും കൂ​ട്ട​മാ​യും സം​ഭ​വി​ക്കു​ന്ന ആ​ക്ഷ​നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് മു​ന്നേ​റു​ന്നു. കാ​മ​റ ചി​ല​പ്പോ​ൾ നി​ശ്ച​ല​മാ​വു​ന്നു​ണ്ടെ​ങ്കി​ലും നി​ര​ന്ത​ര ച​ല​ന​മാ​ണ് യാ​ന്‍ചോ സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക​ത. കാ​മ​റ​യു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും കോ​റി​യോ​ഗ്രാ​ഫ് ചെ​യ്ത ച​ല​ന​ങ്ങ​ള്‍. ഒ​പ്പം, നാ​ട​ന്‍സം​സ്കൃ​തി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഗാ​ന-​നൃ​ത്ത​ങ്ങ​ള്‍. അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ളി​ൽ കോ​റ​സ് പോ​ലെ ധാ​രാ​ളം അ​ഭി​നേ​താ​ക്ക​ളു​ണ്ട്.

താ​റി​ന്റെ 'ടൂ​റി​ന്‍ ഹോ​ര്‍സ്' ഉ​ദാ​ഹ​ര​ണ​മാ​യി എ​ടു​ത്താ​ൽ, കാ​മ​റ വ​ള​രെ വി​ശ​ദ​മോ ച​ടു​ല​മോ അ​ല്ല. പ​ക​രം, അ​ദ്ദേ​ഹം ഭൗ​തി​ക​ത​ക്ക് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്നു. ശ​ക്ത​മാ​യി വീ​ഴു​ന്ന കാ​റ്റ്, പ​റ​ക്കു​ന്ന ഇ​ല​ക​ള്‍. യാ​ന്‍ചോ​യു​ടെ ഡോ​ളി ഷോ​ട്ടി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, താ​ർ ഹാ​ൻ​ഡ്‌​ഹെ​ൽ​ഡ് കാ​മ​റ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​പ്പോ​ൾ യാ​ന്‍ചോ​യു​ടെ കൃ​ത്യ​ത​ക്ക് പ​ക​രം അ​സ്ഥി​ര​ത​യാ​ണ് താ​ര്‍ സി​നി​മ​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക. ''മ​നു​ഷ്യ​രാ​ശി​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്നു'' എ​ന്ന് യാ​ന്‍ചോ പ​റ​യു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍, താ​റി​ന്റേ​ത് അ​ശു​ഭാ​പ്തി​വി​ശ്വാ​സം നി​റ​ഞ്ഞു​നി​ല്‍ക്കു​ന്ന സി​നി​മ​ക​ളാ​ണ്.

ആ​ഗ്ന​സ് ഹ്രാ​നി​റ്റ്‌​സ്‌​കിയും ബേലാ താറും

നീ​ണ്ട ലോ​ങ് ടേ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കും പ​ല​പ്പോ​ഴും താ​റി​നെ​യും താ​ര്‍കോ​വ​സ്കി​യെ​യും പ​ല​രും താ​ര​ത​മ്യം ചെ​യ്യു​ന്ന​ത്. ലോ​ങ് ടേ​ക്ക്-​ട്രാ​ക്കി​ങ് ഷോ​ട്ട് സ​മ​ന്വ​യം വ​ഴി​യു​ള്ള പ​തി​ഞ്ഞ താ​ള​ത്തി​ലൂ​ടെ കാ​ല​ത്തി​ന്റെ ക​ട​ന്നു​പോ​ക്കി​ൽ ഇ​രു​വ​രും ഊ​ന്നു​ന്നു​ണ്ടെ​ങ്കി​ലും, ഇ​വ​രു​ടെ ടേ​ക്കു​ക​ൾ വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. താ​ര്‍കോ​വ​സ്കി സി​നി​മ​ക​ളി​ല്‍ കാ​മ​റ താ​ളാ​ത്മ​ക​മാ​യി സ്ഥി​ര​ത​യു​ള്ള ടെ​മ്പോ​യി​ൽ ച​ലി​ക്കു​ന്നു. ഇ​ത് ഫ്രെ​യി​മി​നു​ള്ളി​ലെ വ​സ്തു​ക്ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും പ​ല​പ്പോ​ഴും പി​ന്തു​ട​രു​ന്ന താ​ള​മാ​ണ്. എ​ന്നാ​ല്‍, താ​റി​ന്റെ സി​നി​മ​ക​ളി​ൽ ടേ​ക്കു​ക​ൾ ദൈ​ർ​ഘ്യ​മേ​റി​യ​താ​ണെ​ങ്കി​ലും, കാ​മ​റ മ​ന്ദ​ഗ​തി​യി​ൽ ആ​വു​മ്പോ​ൾപോ​ലും ഫ്രെ​യി​മി​ലെ വ​സ്തു​ക്ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും അ​തി​ന്റെ ടെ​മ്പോ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. കാ​മ​റ ഒ​രു വ​സ്തു​വി​ല്‍ത്ത​ന്നെ ദീ​ര്‍ഘ​നേ​രം ത​ങ്ങി​നി​ല്‍ക്കു​ന്ന​തി​ലൂ​ടെ താ​ര്‍കോ​വ​സ്കി ആ ​വ​സ്തു​വി​ന്റെ ഉ​ദാ​ത്ത​മാ​യ സൗ​ന്ദ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ, താ​ര്‍ അ​തി​ന്റെ 'സാ​ധാ​ര​ണ​ത്വം' അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. താ​ര്‍കോ​വ​സ്കി​യു​മാ​യു​ള്ള താ​ര​ത​മ്യ​ത്തെ കു​റി​ച്ച് താ​ർ ഇ​പ്ര​കാ​രം പ​റ​യു​ക​യു​ണ്ടാ​യി: ''താ​ര്‍കോ​വ​സ്കി​യും ഞാ​നും ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സം അ​ദ്ദേ​ഹ​ത്തി​ന്റെ മ​ത​മാ​ണ്, ഞാ​ന്‍ അ​ങ്ങ​നെ​യ​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന് എ​പ്പോ​ഴും പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു; അ​ദ്ദേ​ഹം ദൈ​വ​ത്തി​ൽ വി​ശ്വ​സി​ച്ചു. അ​ദ്ദേ​ഹം എ​ന്നെ​ക്കാ​ള്‍ വ​ള​രെ നി​ഷ്ക​ള​ങ്ക​നാ​ണ്. അ​ദ്ദേ​ഹം വ​ള​രെ അ​ലി​വു​ള്ള​വ​നും കൂ​ടു​ത​ൽ ന​ല്ല​വ​നു​മാ​ണെ​ന്നും എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്... അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ളി​ലെ മ​ഴ ആ​ളു​ക​ളെ ശു​ദ്ധീ​ക​രി​ക്കു​ന്നു. എ​ന്നാ​ല്‍, എ​ന്റേ​തി​ൽ അ​ത് വെ​റും ചളി ഉ​ണ്ടാ​ക്കു​ന്നു."

സി​നി​മാ കു​ടും​ബം

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ല്‍ താ​റും സം​ഘ​വും ഒ​രു കു​ടും​ബം​പോ​ലെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. താ​ർ, ഭാ​ര്യ​യും താ​റി​ന്റെ പ​ല സി​നി​മ​ക​ളും എ​ഡി​റ്റ് ചെ​യ്ത ആ​ഗ്ന​സ് ഹ്രാ​നി​റ്റ്‌​സ്‌​കി (ഇ​വ​ര്‍ക്ക് സം​വി​ധാ​ന​ത്തി​ലും താ​ർ ക്രെ​ഡി​റ്റ് കൊ​ടു​ത്തി​ട്ടു​ണ്ട്), 'അ​ല്‍മ​നാ​ക് ഫാ​ള്‍', 'ഡാം​നേ​ഷ​ൻ', 'സാ​ത്താ​ൻ ടാം​ഗോ', 'വെ​ർ​ക്ക്മീ​സ്റ്റ​ർ ഹാ​ർ​മ​ണീ​സ്', 'ദി ​മാ​ന്‍ ഓ​ഫ് ല​ണ്ട​ന്‍' എ​ന്നീ സി​നി​മ​ക​ളു​ടെ സം​ഗീ​തം കൈ​കാ​ര്യം ചെ​യ്ത മി​ഹാ​ലി വി​ഗ് (Mihaly Vig) (ഇ​ദ്ദേ​ഹം 'സാ​ത്താ​ൻ ടാം​ഗോ' എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്), 'ലാ​സ്ലോ ക്രാ​സ്ന​ഹോ​ർ​കാ​യി ('ടൂ​റി​ന്‍ ഹോ​ര്‍സ്', 'ദി ​മാ​ന്‍ ഓ​ഫ് ല​ണ്ട​ന്‍', 'വെ​ർ​ക്ക്മീ​സ്റ്റ​ർ ഹാ​ർ​മ​ണീ​സ്', 'സാ​ത്താ​ന്‍ ടാം​ഗോ', 'ഡാം​നേ​ഷ​ൻ' എ​ന്നീ സി​നി​മ​ക​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ്), 'ടൂ​റി​ന്‍ ഹോ​ര്‍സ്', 'ദി ​മാ​ൻ ഫ്രം ​ല​ണ്ട​ൻ' മു​ത​ലാ​യ സി​നി​മ​ക​ളു​ടെ ഛായാ​ഗ്രാ​ഹ​ക​ൻ ഫ്രെ​ഡ് കേ​ലെ​മെ​ൻ (Fred Kelemen), അ​ഭി​നേ​താ​ക്ക​ളാ​യ എ​റീ​ക്ക ബോ​ക് (Erika Bok), ജാ​നോ​സ് ദ​ര്‍സി (Janos Derzi) എ​ന്നി​വ​രാ​ണ് ഈ ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ. ഇ​തേ​ക്കു​റി​ച്ച് താ​ര്‍ പ​റ​യു​ന്നു: "സി​നി​മ ഒ​രു കൂ​ട്ടാ​യ പ്ര​വൃ​ത്തി​യാ​ണ്. ഒ​ന്നി​ച്ചു​ള്ള എ​ല്ലാ​വ​രു​ടെ​യും പ്ര​തി​ഭ​യും പാ​ട​വ​വും ഇ​തി​ൽ ആ​വ​ശ്യ​മാ​ണ്. മാ​ത്ര​വു​മ​ല്ല, ശാ​രീ​രി​ക സാ​ന്നി​ധ്യ​വും ഇ​ച്ഛാ​ശ​ക്തി​യും ബു​ദ്ധി​യും സം​വേ​ദ​ന​ശ​ക്തി​യും ത​ന്‍മ​യീ​ഭാ​വ​വും ഒ​ക്കെ ആ​വ​ശ്യ​മാ​ണ്. തീ​ര്‍ച്ച​യാ​യും ഒ​രു സം​വി​ധാ​യ​ക​ൻ എ​ന്ന​നി​ല​യി​ൽ എ​നി​ക്ക് ചി​ല അ​ധി​കാ​ര​ങ്ങ​ളു​ണ്ട്. അ​വ​സാ​ന വാ​ക്ക് എ​ന്‍റേ​താ​ണ്. പൂ​ര്‍ത്തീ​ക​രി​ക്ക​പ്പെ​ട്ട സി​നി​മ എ​ന്‍റേ​താ​ണ്. അ​തേ​സ​മ​യം അ​തൊ​രു ഫ്യൂ​ഡ​ൽ വ്യ​വ​സ്ഥ​യു​മാ​ണ്. കാ​ര​ണം, കാ​മ​റ എ​വി​ടെ പ്ര​തി​ഷ്ഠി​ക്ക​ണ​മെ​ന്ന് ഒ​രാ​ള്‍ തീ​രു​മാ​നി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ക​ല​യു​ടെ ലോ​ക​ത്തി​ല്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് സ്ഥാ​ന​മി​ല്ല. ജീ​വി​ത​ത്തി​ൽ ഉ​ള്ള​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ ജ​നാ​ധി​പ​ത്യം സി​നി​മ​യി​ൽ ഇ​ല്ല."

ദീ​ര്‍ഘ​കാ​ല​മാ​യി കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഈ ​സി​നി​മാ കു​ടും​ബ​ത്തി​ന്റെ ആ​ത്മ​ബ​ന്ധ​വും പ​ര​സ്പ​ര​വി​ശ്വാ​സ​വും ധാ​ര​ണ​യും ബ​ഹു​മാ​ന​വും ബ​ന്ധ​ത്തി​ന്റെ ഊ​ഷ്മ​ള​ത​യും, ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യും ചി​ല അം​ഗ​ങ്ങ​ളു​ടെ മ​ന​സ്സ് തു​റ​ക്ക​ലി​ലൂ​ടെ​യും 'Tarr Bela – I Used to be a Filmmaker' (സം​വി​ധാ​നം: Jean Marc Lamoure) എ​ന്ന ഡോ​ക്യു​മെ​ന്റ​റി അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​തി​ല്‍ ന​മ്മെ വ​ള​രെ​യ​ധി​കം സ്പ​ര്‍ശി​ക്കു​ന്ന​ത് 'ടൂ​റി​ൻ ഹോ​ര്‍സ്' എ​ന്ന സി​നി​മ​യി​ൽ മ​ക​ളാ​യി അ​ഭി​ന​യി​ച്ച എ​റീ​ക്ക ബോ​ക്കി​ന്റെ സം​സാ​ര​മാ​ണ്. ഒ​രു അ​നാ​ഥാ​ല​യ​ത്തി​ൽ വ​ള​ര്‍ന്ന ബോ​ക് താ​റി​ന്റെ സി​നി​മ​യി​ലേ​ക്ക് അ​വ​ര്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ന്ദ​ര്‍ഭം ഓ​ര്‍ക്കു​ന്നു: നി​ര​വ​ധി കു​ട്ടി​ക​ളി​ൽ​നി​ന്ന് താ​ര്‍ ബോ​ക് ഉ​ള്‍പ്പെ​ടെ നാ​ല് കു​ട്ടി​ക​ളെ മാ​റ്റി​നി​ര്‍ത്തി. പി​ന്നീ​ട് സ്ക്രീ​ന്‍ ടെ​സ്റ്റ്. അ​വ​സാ​നം ബോ​ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പൂ​ച്ച​യെ​യും എ​ടു​ത്തു​കൊ​ണ്ട് ന​ട​ക്കു​ന്ന ആ ​സി​നി​മ​യി​ലെ ഫോ​ട്ടോ നോ​ക്കി ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി​ക്കൊ​ണ്ട് അ​വ​ര്‍ ഓ​ര്‍ക്കു​ന്നു: ''ചി​രി​ക്ക​രു​ത്'' എ​ന്ന് ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ബേ​ല പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും. പ​ക്ഷേ, ഞാ​ന്‍ എ​പ്പോ​ഴും ചി​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു, മ​ര​ണ​രം​ഗ​ത്തി​ൽ ഒ​ഴി​കെ. മ​ര​ണസ​മ​യ​ത്ത് ചി​രി​ക്കു​ന്ന​ത് ഔ​ചി​ത്യ​മ​ല്ല​ല്ലോ. എ​ന്നാ​ല്‍ സെ​റ്റി​ലു​ള്ള​വ​ർ, പ്ര​ത്യേ​കി​ച്ച് ബേ​ല​യും ഭാ​ര്യ​യും ന​ല്‍കി​യ സ്നേ​ഹം ബോ​ക്കി​നെ വ​ള​രെ​യ​ധി​കം സ്പ​ര്‍ശി​ച്ചു. അ​ൽ​പം അ​തി​ശ​യോ​ക്തി ക​ല​ര്‍ന്ന​താ​യി തോ​ന്നു​മെ​ങ്കി​ലും അ​വ​ർ പ​റ​യു​ന്ന​ത് ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം സ്നേ​ഹം ല​ഭി​ച്ച​ത് ഇ​വ​രി​ല്‍നി​ന്നാ​ണ് എ​ന്നാ​ണ്. "ഇ​വ​ര്‍ എ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്" എ​ന്നാ​ണ് ബോ​ക് പ​റ​യു​ന്ന​ത്.

സി​നി​മ​യി​ല്‍നി​ന്ന് വി​ര​മി​ച്ച​തി​നു​ശേ​ഷം

ടൂ​റി​ന്‍ ഹോ​ര്‍സ് എ​ന്ന സി​നി​മ​ക്കു​ശേ​ഷം താ​ര്‍ സി​നി​മാ സം​വി​ധാ​ന​ത്തി​ല്‍നി​ന്ന് വി​ര​മി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹം Sarajevo School of Science and Technology Academyയു​ടെ ഫി​ലിം ഫാ​ക്ട​റി എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഡീ​ൻ ആ​യി പ്ര​വ​ര്‍ത്ത​നം തു​ട​ര്‍ന്നു. ഇ​വി​ടെ​യും താ​ര്‍ ത​ന്റെ സി​നി​മാ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു. എ​ന്നാ​ല്‍, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം നാ​ല​ര വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം ഈ ​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി. "ഞാ​നി​പ്പോ​ഴും ഒ​രു ച​ല​ച്ചി​ത്ര​കാ​ര​നാ​ണ്. ഫി​ലിം മേ​ക്കി​ങ് ഒ​രു മ​യ​ക്കു​മ​രു​ന്നാ​ണ്, നി​ങ്ങ​ൾ​ക്ക് അ​ത് നി​ർ​ത്താ​ൻ ക​ഴി​യി​ല്ല. പ​േ​ക്ഷ, ഞാ​ൻ ഇ​പ്പോ​ഴും ജീ​വി​ത​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ണു​ന്നു, ഞാ​ൻ ഇ​പ്പോ​ഴും ചി​ന്തി​ക്കു​ന്നു. എ​ന്റെ ത​ല​ച്ചോ​റും ഭാ​വ​ന​യും നി​ല​ച്ചി​ട്ടി​ല്ല" –ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് താ​ര്‍ പ​റ​യു​ക​യു​ണ്ടാ​യി.

ആം​സ്റ്റ​ർ​ഡാ​മി​ലെ ഒ​രു പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു രം​ഗം ചി​ത്രീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം വീ​ണ്ടും കാ​മ​റ എ​ടു​ത്തു. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ആം​സ്റ്റ​ർ​ഡാ​മി​ലെ ഐ ​ഫി​ലിം മ്യൂ​സി​യ​മാ​ണ് ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. പ്ര​ദ​ര്‍ശ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചാ​ൽ ശ​ക്ത​മാ​യ ര​ണ്ട് സ്പോ​ട്ട്ലൈ​റ്റു​ക​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു; അ​ത് എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ സ​മ​യ​മെ​ടു​ക്കും. വെ​ളി​ച്ച​വു​മാ​യി പ​തി​യെ പൊ​രു​ത്ത​പ്പെ​ടു​മ്പോ​ൾ നി​ങ്ങ​ൾ അ​തി​ർ​ത്തി​ക​ൾ​ക്കി​ട​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​കും, അ​തൊ​രു 'നോ ​മാ​ന്‍സ് ലാ​ന്‍ഡ്' ആ​ണ്. അ​വി​ടെ മൂ​ര്‍ച്ച​യേ​റി​യ യ​ഥാ​ർ​ഥ ക​മ്പി​കൊ​ണ്ട് നി​ർ​മി​ച്ച അ​തി​ര്‍ത്തി​ക​ളെ വേ​ര്‍തി​രി​ക്കു​ന്ന വേ​ലി കാ​ണാം. മു​റി​ക്ക​ക​ത്തു​കൂ​ടി ന​ട​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ൾ ഭ​യം, ഞെ​ട്ട​ൽ, ദുഃ​ഖം എ​ന്നി​വ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു ഇ​ട​മാ​യി മു​റി മാ​റു​ന്നു. ഈ ​വേ​ലി​ക​ൾ​ക്കു പി​ന്നി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ കാ​ണാം.

യ​ഥാ​ർ​ഥ​ത്തി​ൽ നി​ല​നി​ല്‍ക്കു​ന്ന സം​ഗ​തി​ക​ളി​ലൂ​ടെ കാ​ഴ്ച​ക്കാ​രെ അ​ഭി​മു​ഖീ​ക​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ശ​യം. ഇ​വി​ടെ നാം ​ഭ​യാ​ന​ക​മാ​യ വേ​ലി​ക​ൾ​ക്കി​ട​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ഒ​രു സ​ന്ദ​ർ​ശ​ക​നെ​ന്ന നി​ല​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് കാ​ഴ്ച​ക്കാ​ര്‍ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​തോ​ടൊ​പ്പം നാം ​സി​റി​യ​ൻ ന​ഗ​ര​മാ​യ അ​ല​പ്പോ​യു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണു​ന്നു. ഇ​തി​ലൂ​ടെ അ​ഭ​യാ​ർ​ഥി​ക​ൾ എ​ന്തി​ൽനി​ന്നാ​ണ് പ​ലാ​യ​നം ചെ​യ്യു​ന്ന​തെ​ന്ന് ന​മു​ക്ക് മ​ന​സ്സി​ലാ​വും. കൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ളി​ൽ​നി​ന്നു​ള്ള ക്ലി​പ്പി​ങ്ങു​ക​ളും പ്രോ​പ്പു​ക​ളും കാ​ണാം.

ഒ​രു തീ​വ്ര ആ​ഭ്യ​ന്ത​ര മാ​വോ​വാ​ദി ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ള്ള​തി​നാ​ലും ത​ന്റെ ആ​ദ്യ സി​നി​മ​ക്കാ​യി ക​പ്പ​ൽ​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ നി​രാ​ശാ​ജ​ന​ക​മാ​യ ദൈ​നം​ദി​ന ജീ​വി​ത യാ​ഥാ​ർ​ഥ്യം വെ​ളി​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി അ​ഭി​മു​ഖ​ങ്ങ​ൾ റെ​ക്കോ​ഡ് ചെ​യ്ത​തി​നാ​ലും കൗ​മാ​ര​പ്രാ​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പാ​ര്‍ട്ടി അ​ധി​കൃ​ത​രി​ൽ​നി​ന്ന് പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു. ത​ൽ​ഫ​ല​മാ​യി, സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ​ശേ​ഷം ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം താ​റി​ന് നി​ഷേ​ധി​ക്ക​പ്പെ​ട്ടു. എ​ന്നി​രു​ന്നാ​ലും, ഒ​രു തൊ​ഴി​ലാ​ളി​യാ​യി ജോ​ലി​ചെ​യ്യു​ന്ന​തി​നി​ട​യി​ൽ അ​ദ്ദേ​ഹം ചെ​റി​യ ബ​ജ​റ്റ് സി​നി​മ​ക​ൾ നി​ർ​മി​ക്കു​ന്ന​ത് തു​ട​ർ​ന്നു. ഒ​ടു​വി​ൽ ബേ​ല ബ​ലാ​സ് ഫി​ലിം സ്റ്റു​ഡി​യോ​യി​ൽ ജോ​ലി ല​ഭി​ച്ചു. അ​ങ്ങ​നെ, മു​ഴു​നീ​ള ഫീ​ച്ച​ർ സി​നി​മ സം​വി​ധാ​നം ചെ​യ്ത പ്രാ​യം കു​റ​ഞ്ഞ ഹം​ഗേ​റി​യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യി അ​ദ്ദേ​ഹം മാ​റി.

ബ​ര്‍ലി​ൻ മേ​ള​യി​ല്‍ ടൂ​റി​ന്‍ ഹോ​ര്‍സ് വെ​ള്ളി​ക്ക​ര​ടി പു​ര​സ്കാ​രം നേ​ടി​യ​പ്പോ​ൾ താ​ര്‍ ഈ ​അം​ഗീ​കാ​രം ആ​ഘോ​ഷി​ക്കു​ന്നി​ല്ല എ​ന്ന് ഒ​രു ജ​ർ​മ​ൻ പ​ത്രം റി​പ്പോ​ട്ട് ചെ​യ്തു. ഇ​തി​നു കാ​ര​ണ​മാ​യി താ​ർ പ​റ​ഞ്ഞ​ത് താ​നും മ​റ്റ് ബു​ദ്ധി​ജീ​വി​ക​ളും സ​ര്‍ക്കാ​റി​ന്റെ നോ​ട്ട​പ്പു​ള്ളി​ക​ളാ​ണ് എ​ന്നാ​യി​രു​ന്നു. ''ബു​ദ്ധി​ജീ​വി​ക​ളെ സ​ർ​ക്കാ​ർ വെ​റു​ക്കു​ന്നു. കാ​ര​ണം അ​വ​ർ ഉ​ല്‍പ​തി​ഷ്‌​ണു​ക്ക​ളാ​ണ്, പ്ര​തി​പ​ക്ഷ​വു​മാ​ണ്'' –അ​ദ്ദേ​ഹം ഇ​പ്ര​കാ​രം പ​റ​യു​ക​യു​ണ്ടാ​യി. മ​റ്റൊ​രു സ​ന്ദ​ര്‍ഭ​ത്തി​ൽ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു: ''സ​ര്‍ക്കാ​ർ ഞ​ങ്ങ​ളെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി അ​പ​മാ​നി​ച്ചു.'' ദേ​ശീ​യ​വാ​ദി​യാ​യ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ന്റെ ഭ​ര​ണ​കൂ​ടം ക​ല​ക്കു​ള്ള പി​ന്തു​ണ കു​റ​ക്കു​ക​യും സി​നി​മാ നി​ർ​മാ​ണ ക​മ്പ​നി​ക​ളെ പാ​പ്പ​ര​ത്ത​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. സ​ബ്‌​സി​ഡി​ക​ൾ ഇ​പ്പോ​ൾ ടോ​യ്‌​ല​റ്റ് പേ​പ്പ​റി​നെ​ക്കാ​ൾ വി​ല​മ​തി​ക്കു​ന്നി​ല്ലെ​ന്ന് താ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സ്താ​വ​ന പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ താ​റി​നു മേ​ൽ സ​മ്മ​ർ​ദം ഉ​ണ്ടാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

താ​റി​ന്റെ സി​നി​മ​ക​ളെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത​രും അ​തു​പോ​ലെ വ​ല​തു​പ​ക്ഷ ചാ​യ്‌​വു​ള്ള ഫി​ഡെ​സ് സ​ർ​ക്കാ​റും അ​തി​ന്റെ സാം​സ്കാ​രി​ക അം​ബാ​സ​ഡ​ർ​മാ​രും 'ഉ​ചി​ത​മ​ല്ലാ​ത്ത​തും യോ​ഗ്യ​മ​ല്ലാ​ത്ത​തും' ആ​യി ക​ണ​ക്കാ​ക്കി. 'ഡാം​നേ​ഷ​ൻ' കാ​ന്‍ മേ​ള​യി​ലും മ​റ്റും പു​ര​സ്കാ​രം നേ​ടി​യെ​ങ്കി​ലും, 32ാം ഹം​ഗേ​റി​യ​ൻ ദേ​ശീ​യ ച​ല​ച്ചി​ത്ര വാ​ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ജൂ​റി​യു​ടെ പു​ര​സ്കാ​രം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 2001ലെ ​ഹം​ഗേ​റി​യ​ൻ ഫി​ലിം വീ​ക്കി​ൽ 'വെ​ർ​ക്ക്‌​മീ​സ്റ്റ​ർ ഹാ​ർ​മ​ണി'​ക്ക് ഗ്രാ​ൻ​ഡ് പ്രൈ​സ് ല​ഭി​ച്ചെ​ങ്കി​ലും ചി​ല പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ അ​തി​നെ ''ഇ​രു​ണ്ട, നി​രാ​ശാ​ജ​ന​ക​മാ​യ ലോ​കം, യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തി​ന്റെ അ​ഭാ​വം'' എ​ന്നി​ങ്ങ​നെ അ​പ​ല​പി​ച്ചു.

സി​നി​മ​ക്കു​ള്ള ഹം​ഗ​റി​യി​ലെ ധ​ന​സ​ഹാ​യം, വി​ത​ര​ണം എ​ന്നി​വ​യി​ല്‍ താ​റി​ന്റെ പോ​രാ​ട്ട​ത്തി​ന്റെ ഏ​റ്റ​വും കു​പ്ര​സി​ദ്ധ​മാ​യ ഉ​ദാ​ഹ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്റെ 'സാ​ത്താ​ന്‍ ടാം​ഗോ'​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഈ ​േ​പ്രാ​ജ​ക്ട് 1985ൽ ​വി​ഭാ​വ​നം ചെ​യ്‌​തി​രു​ന്നു​വെ​ങ്കി​ലും 1993 വ​രെ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. കാ​ര​ണം, അ​ദ്ദേ​ഹ​ത്തി​ന്റെ വി​മ​ത സ്ഥാ​ന​വും ക​ർ​ശ​ന​മാ​യ രാ​ഷ്ട്രീ​യ സെ​ൻ​സ​ർ​ഷി​പ്പും കാ​ര​ണം പ്ര​ധാ​ന സ്റ്റു​ഡി​യോ​ക​ളി​ൽ​നി​ന്ന് ചി​ത്ര​ത്തി​ന് ഫ​ണ്ടി​ങ് നേ​ടാ​ൻ താ​റി​ന് ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ 1993ൽ ​ബ​ർ​ലി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ 'കാ​ലി​ഗാ​രി' അ​വാ​ർ​ഡും ബ്ര​സ​ൽ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ 'ഏ​ജ് ഡി ​ഓ​ർ' സ​മ്മാ​ന​വും ഈ ​സി​നി​മ​ക്ക് ല​ഭി​ച്ചു. എ​ന്നി​രു​ന്നാ​ലും, 1994ലെ 25ാ​മ​ത് ഹം​ഗേ​റി​യ​ൻ ദേ​ശീ​യ ച​ല​ച്ചി​ത്ര വാ​ര​ത്തി​ന്റെ സം​ഘാ​ട​ക​ർ ഒ​രു ചെ​റി​യ സി​നി​മാ തി​യ​റ്റ​റി​ൽ ഈ ​സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. നൂ​റു​ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​ർ ഈ ​ഇ​തി​ഹാ​സ ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ കാ​ണാ​ൻ എ​ത്തി​യ​ത് ക​ണ്ട് അ​ധി​കൃ​ത​ര്‍ ആ​ശ്ച​ര്യ​പ്പെ​ട്ടു. അ​വ​സാ​നം, 'സാ​ത്താ​ന്‍ ടാം​ഗോ​ക്ക്' ച​ട​ങ്ങി​ൽ ഒ​രു 'പ്ര​ത്യേ​ക സ​മ്മാ​നം' ല​ഭി​ച്ചു. ഒ​രു​പ​ക്ഷേ, ഇ​ത് വി​ദേ​ശ​ത്ത് വ​ള​ർ​ന്നു​വ​രു​ന്ന ആ​രാ​ധ​ന​യും ഒ​രു ചെ​റി​യ​കൂ​ട്ടം ഹം​ഗേ​റി​യ​ൻ നി​രൂ​പ​ക​രു​ടെ​യും സി​നി​മാ​പ്രേ​മി​ക​ളു​ടെ​യും ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം​മൂ​ല​മാ​വാം.

ഫാ​മി​ലി നെ​സ്റ്റിൽനിന്നൊരു രംഗം

ഒ​രു നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ൽ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന ധ​ന​കാ​ര്യ സം​വി​ധാ​ന​ത്തി​ന് പു​റ​ത്ത് ഫ​ണ്ടി​ങ് ക​ണ്ടെ​ത്താ​നും അ​ദ്ദേ​ഹം ശ്ര​മി​ച്ചു. നി​ല​നി​ൽ​പി​നാ​യു​ള്ള തു​ട​ർ​ച്ച​യാ​യ പോ​രാ​ട്ടം ഒ​ടു​വി​ൽ 2003ൽ ​സ്വ​ന്തം നി​ർ​മാ​ണ ക​മ്പ​നി –TT ഫി​ലിം വ​ർ​ക്ക്ഷോ​പ്പ്– സ്ഥാ​പി​ക്കാ​ൻ താ​റി​നെ പ്രേ​രി​പ്പി​ച്ചു. യ​ഥാ​ർ​ഥ​ത്തി​ൽ ത​ന്റെ 'ദി ​മാ​ന്‍ ഫ്രം ​ല​ണ്ട​ൻ' എ​ന്ന സി​നി​മ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ക​മ്പ​നി, ചെ​റു​പ്പ​ക്കാ​ർ​ക്കും അ​ധി​കൃ​ത​രു​ടെ ക​ണ്ണി​ൽ ക​ര​ടാ​യ ഹം​ഗേ​റി​യ​ൻ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന ഒ​രു നി​ർ​ണാ​യ​ക സ്രോ​ത​സ്സാ​യി മാ​റി.

ഹം​ഗേ​റി​യ​ൻ ച​ല​ച്ചി​ത്ര ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി, 2013ലെ 44ാ​മത് ദേ​ശീ​യ ച​ല​ച്ചി​ത്രവാ​രം ഫ​ണ്ടി​ന്റെ അ​ഭാ​വ​വും പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള സി​നി​മ​ക​ളു​ടെ അ​ഭാ​വ​വും കാ​ര​ണം റ​ദ്ദാ​ക്ക​പ്പെ​ട്ടു. ഹം​ഗേ​റി​യ​ൻ ച​ല​ച്ചി​ത്ര​നി​ർ​മാ​ണ​ത്തി​ന്റെ ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ കാ​ല​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്കാ​വു​ന്ന ഈ ​സ​മ​യ​ത്ത് പു​തി​യ ഗ​വ​ൺ​മെ​ന്റ് നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ സി​നി​മാ നി​ർ​മാ​ണം അ​സാ​ധ്യ​മാ​ക്കി​യ നി​ര​വ​ധി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രു​ടെ രോ​ഷ​വും നി​രാ​ശ​യും താ​റി​ന്റെ വാ​ക്കു​ക​ളി​ൽ പ്ര​ക​ട​മാ​ണ്. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ, ത​ന്റെ ദൗ​ത്യ​ത്തെ ആ​വ​ശ്യ​മാ​യ​തും എ​ന്നാ​ൽ നി​രാ​ശാ​ജ​ന​ക​വു​മാ​യ യു​ദ്ധ​മാ​യി അ​ദ്ദേ​ഹം വി​വ​രി​ക്കു​ന്നു: ''ഹം​ഗ​റി​യി​ലെ സ്ഥി​തി ഭ​യാ​ന​ക​മാ​ണ്, ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു... ഞ​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​തി​നും ഹം​ഗേ​റി​യ​ൻ സി​നി​മ​യെ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി 700 ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ എ​ന്നെ ഹം​ഗേ​റി​യ​ൻ ഫി​ലിം മേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്റെ പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ല്‍, അ​തി​ന്റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. ഞാ​ൻ എ​ന്റെ പ​ര​മാ​വ​ധി ചെ​യ്യു​ന്നു, പ​ക്ഷേ എ​നി​ക്ക് വ​ലി​യ വി​ജ​യ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഞാ​ൻ സ​മ്മ​തി​ക്കു​ന്നു. ഞ​ങ്ങ​ൾ തോ​റ്റ പോ​രാ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​ത്. ഹം​ഗ​റി​യി​ല്‍ സി​നി​മ നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ വ്യ​വ​സ്ഥി​തി​യോ​ട് വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണം.'' (The Outsider Within: Bela Tarr and Hungarian National Cinema).

Tags:    
News Summary - pk surendran bela tarr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT