സിനിമാ മാതൃകകളെ സാഹസികമായി അതിലംഘിച്ചൊരാൾ
അടുത്ത ദിവസങ്ങളിൽ തുടങ്ങാനിരിക്കുന്ന 27ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐ.എഫ്.എഫ്.കെ) സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരിക്കുന്നത് ഹംഗേറിയൻ സംവിധായകനായ ബേലാ താർ ആണ്. ചലച്ചിത്രരംഗത്തുതന്നെ വേറിട്ട ജീനിയസുകളിൽ ഒരാളാണ് അദ്ദേഹം. ഒമ്പത് ഫീച്ചർ സിനിമകളുമായി അദ്ദേഹം മാറ്റിമറിച്ച സിനിമാ ഭാഷകളെയും ചരിത്രത്തെയും പറ്റി എഴുതുകയാണ് നിരൂപകൻകൂടിയായ ലേഖകൻ.
ഒമ്പത് ഫീച്ചര്‍ സിനിമകൾ മാത്രമാണ് 32 വര്ഷത്തെചലച്ചിത്ര ജീവിതത്തിനിടയിൽ ഹംഗേറിയൻ ചലച്ചിത്ര സംവിധായകനായ ബേലാ താർ സംവിധാനം ചെയ്തത്. 'ഫാമിലിനെസ്റ്റ്' 1979ലും 'ടൂറിന് ഹോര്‍സ്' 2011ലുമാണ് പുറത്തുവന്നത്. ചുരുക്കം സിനിമകള്‍കൊണ്ടുതന്നെ അദ്ദേഹം ലോക സിനിമാ ഭൂപടത്തിൽ സ്വന്തമായ സ്ഥാനം കണ്ടെത്തി. പ്രശസ്തങ്ങളായ പല മേളകളിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തു. കള്‍ട്ട്, ഇതിഹാസം, ദാര്ശനികൻ എന്നിങ്ങനെയാണ്...
Your Subscription Supports Independent Journalism
View Plansഒമ്പത് ഫീച്ചര്‍ സിനിമകൾ മാത്രമാണ് 32 വര്ഷത്തെചലച്ചിത്ര ജീവിതത്തിനിടയിൽ ഹംഗേറിയൻ ചലച്ചിത്ര സംവിധായകനായ ബേലാ താർ സംവിധാനം ചെയ്തത്. 'ഫാമിലിനെസ്റ്റ്' 1979ലും 'ടൂറിന് ഹോര്‍സ്' 2011ലുമാണ് പുറത്തുവന്നത്. ചുരുക്കം സിനിമകള്‍കൊണ്ടുതന്നെ അദ്ദേഹം ലോക സിനിമാ ഭൂപടത്തിൽ സ്വന്തമായ സ്ഥാനം കണ്ടെത്തി. പ്രശസ്തങ്ങളായ പല മേളകളിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തു. കള്‍ട്ട്, ഇതിഹാസം, ദാര്ശനികൻ എന്നിങ്ങനെയാണ് താർ വിശേഷിപ്പിക്കപ്പെടുന്നത്.
താറിന്റെ 'സാത്താന് ടാംഗോ' എന്ന സിനിമയെക്കുറിച്ച് സൂസന് സൊന്റാഗ് ഇപ്രകാരം പറഞ്ഞു: "സിനിമയുടെ ഏഴു മണിക്കൂറിലെ ഓരോ നിമിഷവും ആകര്‍ഷകമാണ്. എന്റെ ജീവിതകാലം മുഴുവൻ എല്ലാ വർഷവും ഈ സിനിമ കാണാൻ ഞാൻ ആഗ്രഹിക്കുന്നു." "സിനിമയിലെ ഏറ്റവും സാഹസികരായ കലാകാരന്മാരിൽ ഒരാൾ'' എന്നാണ് മാർട്ടിൻ സ്കോർസെസ് താറിനെക്കുറിച്ച് പറഞ്ഞത്. സമകാലിക ചലച്ചിത്ര സംവിധായകരായ ഗുസ് വാൻ സാന്റ് (Gus Van Sant), ജിം ജാർമുഷ് (Jim Jarmusch) തുടങ്ങിയവരിൽ താര് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മനുഷ്യനായിരിക്കുക എന്നതിന്റെ അർഥമെന്താണ്? എപ്പോഴാണ് നമ്മൾ മനുഷ്യരായി പ്രവർത്തിക്കുന്നത് നിർത്തുന്നത്? മനുഷ്യത്വരഹിതമായ രീതിയിൽ പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ശക്തികൾ ഏതാണ്? ലോകത്ത് ഒന്നും അവശേഷിക്കാത്തപ്പോൾ, എല്ലാം നഷ്ടപ്പെട്ട്, പൂർണമായി തകർക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചൂഷണം ചെയ്യുകയും ചെയ്യുമ്പോൾ, നമ്മുടെ മനുഷ്യത്വം എങ്ങനെ നിലനിർത്തും? – തന്റെ സിനിമകളിലൂടെ താര് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നു.
ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള വളരെയേറെ ദൈര്‍ഘ്യമുള്ള ഷോട്ടുകളാണ് താറിന്റെ പ്രത്യേകത. ദ്രുതഗതിയിലുള്ള കാമറാ ചലനങ്ങളില്ലാത്ത, പതിഞ്ഞതാളത്തിലുള്ള, ചിലപ്പോള്‍ നിശ്ചലമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ടേക്കുകള്‍. ഏഴു മണിക്കൂർ ദൈര്‍ഘ്യമുള്ള 'സാത്താന് ടാംഗോ' (Satantango, 1994) എന്ന സിനിമയില്‍ ഏകദേശം 150 ഷോട്ടുകള്‍ മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന്റെ കാമറ പലപ്പോഴും അപ്രധാനമെന്ന് തോന്നുന്ന കഥാപാത്രങ്ങളിലോ വിശദാംശങ്ങളിലോ നോട്ടം ഉറപ്പിക്കുകയും ആഖ്യാനത്തിലേക്കുള്ള അതിന്റെ സംഭാവന അവസാനിച്ചതിനുശേഷവും സീന്‍ മാറാന്‍ തയാറാവാതിരിക്കുകയുംചെയ്യുന്നു. അതിനർഥം, ഇത്തരം ഷോട്ടുകളുടെ ലക്ഷ്യം, പ്രേക്ഷകരെ 'ഉദ്ദേശ്യ'ത്തിനപ്പുറം നോക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ്. ഷോട്ട് അടുത്തതിലേക്ക് പോയി 'കഥ' വികസിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണ് പ്രേക്ഷകര്‍ യഥാർഥത്തിൽ നിരീക്ഷിക്കാൻ തുടങ്ങുന്നത്. ടി.വിക്കുവേണ്ടി അദ്ദേഹം 1982ല്‍ നിർമിച്ച 'മാക്ബത്തി'ന്റെ അനുകല്പനത്തിൽ രണ്ടു ഷോട്ടുകള്‍ മാത്രമാണുള്ളത്. ആദ്യ ഷോട്ടിന് (പ്രധാന ശീർഷകത്തിന് മുമ്പ്) അഞ്ച് മിനിറ്റ് ദൈർഘ്യവും രണ്ടാമത്തെ ഷോട്ടിന് 67 മിനിറ്റ് ദൈർഘ്യവുമാണ്.
ദൈനംദിന യാഥാർഥ്യത്തെക്കുറിച്ച് പറയാൻ താറിനെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായത് ഈ ദൈർഘ്യമേറിയ ഷോട്ടുകളാണ്. നിങ്ങൾ ഒരു കോണിൽ ഇരുന്ന് ഒരു സാഹചര്യം എങ്ങനെ വികസിക്കുന്നുവെന്ന് വീക്ഷിക്കുന്നതുപോലെയാണ് ഇത്. ഇതില്‍നിന്ന് രസകരമായ നിമിഷങ്ങൾ മാത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കില്ല. കഥാപാത്രങ്ങൾ സഹിച്ച അതേ നിസ്സഹായതയിലൂടെയും മടുപ്പിലൂടെയും പ്രേക്ഷകരും കടന്നുപോവുന്നു. പീറ്റർ ബ്രൂഗലിന്റെ പെയിന്റിങ്ങുകൾ പോലെയാണ് താറിന്റെ ദൈർഘ്യമേറിയ ഷോട്ടുകൾ. ഈ ചിത്രങ്ങളില്‍ ഓരോ രൂപത്തിനും ആൾക്കൂട്ടത്തിലെ ഏറ്റവും ചെറിയ വ്യക്തിക്കുംപോലും ഒരു പ്രത്യേക പ്രാധാന്യമുണ്ട്.
സാധാരണ വിവക്ഷിക്കുന്ന രീതിയിലുള്ളതും ആ രീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്ന കഥ താറിന്റെ സിനിമകളില്‍ ഇല്ല. താര് ഒരിക്കൽ ഒരഭിമുഖത്തിൽ ഇപ്രകാരം പറയുകയുണ്ടായി: ''എന്തോ സംഭവിച്ചുവെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന കഥകളെ ഞാൻ പുച്ഛിക്കുന്നു. വാസ്തവത്തിൽ, നമ്മൾ ഒരവസ്ഥയിൽനിന്ന് മറ്റൊന്നിലേക്കു പോവുമ്പോൾ യഥാർഥത്തിൽ ഒന്നും സംഭവിക്കുന്നില്ല. കാലമാണ് ഇതില്‍ പ്രധാനം. വർഷങ്ങളും ദിവസങ്ങളും മണിക്കൂറുകളും മിനിറ്റുകളും സെക്കൻഡുകളും'' –ഈ വാക്കുകൾ സിനിമയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ ആത്മാവിനെ സംഗ്രഹിക്കുന്നു.
തന്റെ പതിനാലാം ജന്മവാർഷികദിനത്തിൽ പിതാവ് ഒരു 8 എം.എം കാമറ സമ്മാനിച്ചതോടെയാണ് താര് ഹ്രസ്വ സിനിമകൾ ഉണ്ടാക്കിത്തുടങ്ങിയത്. ഇവ ഹംഗറി നഗരത്തിലെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളായിരുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതം കാമറക്കണ്ണുകളിലൂടെ എല്ലാവരുടെയും മുന്നിലെത്തിച്ചു. ഈ സിനിമകൾ ബേല ബലാസ് സ്റ്റുഡിയോയുടെ ശ്രദ്ധ ആകർഷിച്ചു. തുടര്‍ന്ന്, താറിന്റെ ആദ്യ ഫീച്ചർ ഫിലിമായ ഫാമിലി നെസ്റ്റിന് (Family Nest, 1979) ധനസഹായം നൽകി. (ഹംഗേറിയൻ സിനിമാ സൈദ്ധാന്തികനായിരുന്നു ബേലാ ബലാസ്. അദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് സ്റ്റുഡിയോക്ക് ഈ പേര് നല്‍കിയത്).
ഹംഗറിയിലെ യുവ ചലച്ചിത്ര പ്രവര്‍ത്തകരെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ട് ചുരുങ്ങിയ ബജറ്റിൽ സിനിമകൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബേലാ ബലാസ് സ്റ്റുഡിയോ പ്രവര്‍ത്തിച്ചത്. പൊതുവെ വലിയ ആര്‍ഭാടങ്ങൾ ഇല്ലാത്ത രീതിയിലായിരുന്നു ചിത്രീകരണം. ഹാന്‍ഡ് ഹെല്‍ഡ് കാമറ, പ്രഫഷനല്‍ അല്ലാത്ത അഭിനേതാക്കൾ, യഥാർഥ ലൊക്കേഷൻ –ഇതായിരുന്നു ഈ സിനിമകളുടെ മുഖമുദ്ര. സര്‍ക്കാർ സെൻസർഷിപ്പില്ലാതെ പരീക്ഷണാത്മക സിനിമകൾ നിർമിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉടലെടുത്ത പ്രസ്ഥാനമാണ് 'ബുഡാപെസ്റ്റ് സ്കൂൾ', അല്ലെങ്കിൽ ഡോക്യുമെന്ററിസം. 1972 മുതൽ 1984 വരെയുള്ള കാലഘട്ടത്തിൽ ഈ പ്രസ്ഥാനം തഴച്ചുവളർന്നു. ബലാസ് സ്റ്റുഡിയോ രണ്ട് പ്രധാന പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകി: ഒന്ന് പരീക്ഷണാത്മക-അവാങ് ഗാർദ് ഗ്രൂപ്, മറ്റൊന്ന് ഡോക്യുമെന്ററി ഗ്രൂപ്. രണ്ടാമത്തെ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം സിനിമയിൽ സാമൂഹിക യാഥാർഥ്യത്തിന്റെ ചിത്രീകരണമായിരുന്നു. താറിന്റെ ആദ്യകാല സിനിമകൾ ഈ ശൈലി പിന്തുടരുന്നവയായിരുന്നു. ഇംപ്രോവൈസ് ചെയ്ത സീനുകളും അഭിനയവും ൈകയിലേന്തിയ കാമറയുടെ ദ്രുതചലനങ്ങളും ഈ സിനിമകളിൽ കാണാം. അലങ്കാരങ്ങള്‍ ഇല്ലാത്ത, ചാരുത ഇല്ലാത്ത ദൃശ്യങ്ങള്‍ ഹംഗറിയിലെ തൊഴിലാളിവർഗത്തിന്റെ ഇരുണ്ട യാഥാർഥ്യത്തെ സാമൂഹിക രോഷത്തോടെ രേഖപ്പെടുത്തുന്നു.
1979ലെ ഫാമിലി നെസ്റ്റ് (Family Nest) ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം ഒറ്റമുറി ഫ്ലാറ്റില്‍ താമസിക്കാൻ നിർബന്ധിതരായ യുവദമ്പതികളെക്കുറിച്ചാണ്. 1981ലെ 'ഔട്ട്സൈഡർ' (Outsider) ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഷിഫ്റ്റില്ലാതെ ജോലിചെയ്യുന്ന അമിത മദ്യപാനിയായ ഒരു വയലിനിസ്റ്റിലാണ്. ഒരു ഫാക്ടറിയിലും ആശുപത്രിയിലും ജോലിചെയ്യുന്ന അയാള്‍ തന്റെ കുട്ടിയുടെ മാതാവായ സ്ത്രീയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നു. പിന്നീട് സൈനിക സേവനത്തിനായി പോകുന്നു. അയാള്‍ സൈനിക സേവനത്തിൽനിന്ന് മടങ്ങിയെത്തുമ്പോൾ അയാളുടെ അഭാവത്തിൽ ഭാര്യ അയാളോട് 'വിശ്വസ്തത' പുലർത്തിയിരുന്നോ എന്ന വിഷയത്തിലാണ് ചിത്രം ഭാഗികമായി കേന്ദ്രീകരിക്കുന്നത്. അവന്റെ പിതാവ് ആ 'വേശ്യ'യെ പുറത്താക്കുന്നതിനെ അനുകൂലിക്കുന്നു. 1982ലെ 'ദ പ്രീഫാബ് പീപ്ൾ (The Prefab People) നാലുപേര്‍ അടങ്ങുന്ന ഒരു അസന്തുഷ്ടമായ കുടുംബത്തെ കുറിച്ചാണ്. നിരാശയായ ഭാര്യ, രണ്ട് കുട്ടികൾ, ഭാര്യയുടെ ദുരിതം വർധിപ്പിച്ചുകൊണ്ട് റുമേനിയയിൽ രണ്ട് വർഷത്തെ ജോലിക്ക് പദ്ധതിയിടുന്ന ഭര്‍ത്താവ്. പിന്നെ അയാളുടെ പിതാവ്. ഈ തൊഴിലാളിവര്‍ഗ ദമ്പതികളുടെ ജീവിതത്തിലെ സമ്മർദങ്ങളാണ് സിനിമ.
സമ്പന്നയായ ഒരു വൃദ്ധയുടെ ഉടമസ്ഥതയിലുള്ള ശ്വാസം മുട്ടിക്കുന്ന രീതിയിലുള്ള അപ്പാർട്മെന്റാണ് അല്‍മനാക്ക് ഫാൾ (Almanac Fall, 1984) എന്ന സിനിമയുടെ പശ്ചാത്തലം. വൃദ്ധയുടെ മകൻ, അവളുടെ നഴ്സ്, അവളുടെ നഴ്സിന്റെ അതൃപ്തനായ കാമുകൻ, ഒരു പുതിയ താമസക്കാരൻ എന്നിവരാണ് ഇതിനകത്ത് താമസിക്കുന്നവര്‍. ഇവര്‍ അവരുടെ ഇരുണ്ട രഹസ്യങ്ങളും ഭയങ്ങളും ആസക്തികളും ശത്രുതകളും വെളിപ്പെടുത്തിക്കൊണ്ട് ഇടവിടാതെ വഴക്കിട്ടുകൊണ്ട് ജീവിക്കുന്നു. നിരൂപകര്‍ ഈ സിനിമയുടെ ഛായാഗ്രഹണത്തെ പുകഴ്ത്തി. വിശദമായി കൊറിയോഗ്രാഫ് ചെയ്ത മിസ്-എൻ-സീൻ, വളരെ അസാമ്പ്രദായികമായ കാമറാ ആംഗിളുകള്‍ എന്നിവ ഈ സിനിമയെ താറിന്റെ മുൻ സിനിമകളിൽനിന്ന് വ്യത്യസ്തമാക്കുന്നു. മുന്‍ സിനിമകളിലെ ഡോക്യുമെന്ററി റിയലിസത്തിനു പകരം മിനിമലിസത്തോടുള്ള ആഭിമുഖ്യവും ശൈലീകരണവും കൃത്രിമ വെളിച്ചവും ഉപയോഗിക്കുന്നതിലൂടെ അസ്തിത്വപരമായ കാര്യങ്ങളോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുന്നു. 'Claustrophobic existential hell' എന്നാണ് സിനിമയെ ഒരു നിരൂപകൻ വിശേഷിപ്പിച്ചത്. ഈ സിനിമയെ താറിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായി കണക്കാക്കുന്നു. എന്നാല്‍, തന്റെ സിനിമകളെ ശൈലീപരമായി ഈ രീതിയിൽ വേര്‍തിരിക്കുന്നതിനോട് താര് യോജിക്കുന്നില്ല. ഇത് പതിയെയുള്ള പരിണാമമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ''നിങ്ങൾ ഈ സിനിമകളെല്ലാം ഒരുമിച്ച് കണ്ടാൽ എല്ലാം ഒരേ മനുഷ്യന്റെ സൃഷ്ടികളാണെന്ന് മനസ്സിലാകും" – താർ പറയുന്നു.
'ടൈറ്റാനിക്' എന്ന പ്രാദേശിക ബാറിലെ ഗായികയുമായി പ്രണയത്തിലായ കാരർ എന്ന വിഷാദരോഗിയാണ് 'ഡാംനേഷൻ' (Damnation, 1988) എന്ന സിനിമയിലെ പ്രധാന കഥാപാത്രം. ഗായിക ഈ ബന്ധം വിച്ഛേദിക്കുന്നു. കാരണം, അവൾ പ്രശസ്തയാകാൻ ആഗ്രഹിക്കുന്നു. പ്രാദേശിക മദ്യശാലക്കാരനായ വില്ലാർസ്കി കാരറിന് കള്ളക്കടത്ത് ജോലി വാഗ്ദാനം ചെയ്യുന്നു. ഗായികയുടെ ഭർത്താവ് സെബെസ്റ്റിയന് കാരർ ഈ ജോലി വാഗ്ദാനം ചെയ്യുന്നു. ഇത് അവനെ തന്റെയും ഗായികയുടെയും വഴിയിൽനിന്ന് നീക്കും എന്നാണ് കാരർ വിചാരിച്ചത്. പക്ഷേ, കാരർ ആസൂത്രണം ചെയ്യുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല. വഞ്ചനകൾ തുടരുന്നു. കാരർ നിരാശനാവുന്നു.
ഹംഗറിയിലെ ഒരു ചെറിയ ഗ്രാമത്തിലെ നിവാസികളെ കേന്ദ്രീകരിച്ചുള്ളതാണ് 'സാത്താൻ ടാംഗോ' (Satantango, 1994) എന്ന സിനിമ. ഇവരുടെ വരുമാനസ്രോതസ്സായ ഒരു ഫാക്ടറി അടച്ചുപൂട്ടി. ഒരു ഡോക്ടറും മൂന്ന് ദമ്പതികളും ഉൾപ്പെടുന്ന പ്രദേശവാസികൾ അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിൽ വാഗ്ദാനം ചെയ്ത പണത്തിനായി കാത്തിരിക്കുന്നു. മരിച്ചെന്ന് കരുതുന്ന ഗ്രാമവാസിയായ ഇരിമിയാസ് തിരിച്ചെത്തി അവര്‍ക്ക് രക്ഷ വാഗ്ദാനം ചെയ്യുന്നു. തന്നോടൊപ്പം ഒരു കമ്യൂൺ രൂപവത്കരിക്കാൻ അദ്ദേഹം ഗ്രാമവാസികളെ പ്രേരിപ്പിക്കുന്നു. ഗ്രാമീണരെ തന്റെ കെണിയിലേക്ക് നയിക്കാനും പണം തട്ടിയെടുക്കാനുമുള്ള ഇരിമിയാസിന്റെ പദ്ധതികളായിരുന്നു ഇതെല്ലാം. 12 ഭാഗങ്ങളായുള്ള സിനിമ ടാംഗോ നൃത്തത്തിന്റെ ഘടന (ആറ് ചുവട് മുന്നോട്ട്, ആറ് ചുവട് പിറകോട്ട്) പിന്തുടരുന്നു. ലാസ്ലോ ക്രാസ്നഹോർക്കായിയുടെ നോവലാണ് സിനിമക്ക് ആധാരം. നോവലിസ്റ്റിനെ സൂസൻ സൊന്റാഗ് "Hungarian master of the apocalypse" എന്നാണ് വിശേഷിപ്പിച്ചത്.
'വെർക്ക്മീസ്റ്റർ ഹാർമണീസ്' (Werckmeister Harmonies, 2000) എന്ന സിനിമയുടെ പശ്ചാത്തലം കമ്യൂണിസ്റ്റ് കാലത്തെ ഹംഗറിയിലെ വിജനമായ ചെറിയ പട്ടണമാണ്. ഒരു വലിയ തിമിംഗലവും ഇരുണ്ട ശക്തികളുള്ള 'രാജകുമാരനും' അവിടേക്ക് വരുന്നു. തകർന്നുകൊണ്ടിരിക്കുന്ന ഒരു കമ്യൂണിസ്റ്റ് വ്യവസ്ഥിതിക്ക് കീഴിൽ മല്ലിടുന്ന അവിടത്തെ ജനങ്ങൾ സർക്കസിനെ സംശയത്തോടെയാണ് കാണുന്നത്. മുൻ പ്രദര്‍ശനങ്ങളിൽ സര്‍ക്കസ് ഉണ്ടാക്കിയതായി പറയപ്പെടുന്ന കുഴപ്പങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ അവർ വിശ്വസിച്ചു. തുടര്‍ന്ന് അവിടെ അക്രമം വർധിക്കുന്നതിന് നിഷ്കളങ്കനായ ഒരു യുവാവ് സാക്ഷ്യം വഹിക്കുന്നു. വിനാശകരമായ, നിശ്ശബ്ദതയും സങ്കടവും നിറഞ്ഞ ലോകം. തിന്മ അതിന്റെ എല്ലാ ഭീകരതയോടെയും ശാന്തമായ ചെറിയ പട്ടണത്തിലേക്ക് തുളച്ചുകയറുന്നു.
ദി മാന്‍ ഫ്രം ലണ്ടൻ (The Man from London, 2007) എന്ന സിനിമയിൽ ഒരു റെയില്‍വേ തൊഴിലാളിയായ മലോയിൻ ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കുന്നു. എന്നാൽ, കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് പണം നിറച്ച ഒരു സ്യൂട്ട്കേസ് കണ്ടെത്തിയതിന് ശേഷം അയാള്‍ അത് റിപ്പോർട്ട് ചെയ്യുന്നില്ല. കുറ്റബോധവും കണ്ടുപിടിക്കപ്പെടുമോ എന്ന ഭയവുംമൂലം മലോയിൻ വേവലാതിപ്പെടുന്നു. ഇത് അവന് വലിയ പ്രശ്നമാവുന്നു, കുടുംബാന്തരീക്ഷം അക്രമാസക്തമാവുന്നു. അതിനിടെ, ഒരു പൊലീസ് ഡിറ്റക്ടിവ് പണത്തിന്റെ തിരോധാനവും കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആളുകളെ അന്വേഷിക്കുന്നു. പ്രധാന കഥാപാത്രത്തിലൂടെ താര് പ്രലോഭനവും കുറ്റബോധവും അവതരിപ്പിക്കുന്നു.
നീത്ഷേയുടെ ചിന്തകളെ പ്രത്യക്ഷത്തില്‍ത്തന്നെ അവതരിപ്പിക്കുന്ന 'ടൂറിന് ഹോര്‍സ്' (Turin Horse, 2011) എന്ന സിനിമ ഒരു വൃദ്ധനിലും മകളിലും കേന്ദ്രീകരിക്കുന്നു. പുറം ലോകത്തില്‍നിന്ന് വളരെ അകന്ന് വിസ്തൃതമായ തരിശിന്റെ മധ്യത്തിലുള്ള കല്ലുകൊണ്ട് നിർമിച്ച ഒരു പഴകി ജീര്‍ണിച്ച കുടിലിൽ ജീവിക്കുന്ന അച്ഛനും മകളും അവരുടെ കുതിരയും മാത്രമേ സിനിമയില്‍ ഉള്ളൂ എന്നു പറയാം. ബ്രാണ്ടി വാങ്ങിക്കാനായി ഒരിക്കൽ മാത്രം വരുന്ന വായാടിയായ അയല്‍ക്കാരനും കിണറിനരികില്‍ വെള്ളത്തിനായി അൽപനേരം തങ്ങുന്ന ഒരു കൂട്ടം നാടോടികളും മാത്രമേ ഈ രണ്ടു കഥാപാത്രങ്ങൾക്ക് പുറമെ സിനിമയിലുള്ളൂ. ശക്തമായ കാറ്റ് എപ്പോഴും വീശിക്കൊണ്ടേയിരിക്കുന്നു. ഇവരുടെ ജീവിതത്തിലെ ആറ് ദിവസങ്ങളാണ് സിനിമ. സംഭവങ്ങള്‍ എന്നു പറയാനായി ഒന്നുമില്ല. വിരസമായ, ഏകതാനമായ ദിനചര്യകളുടെ ആവര്‍ത്തനം മാത്രം. ദൈവം ഉപേക്ഷിച്ച ലോകം.
താര്, യാന്‍ചോ, താര്‍കോവസ്കി
ലോങ് ടേക്കുകൾ ധാരാളമായി ഉപയോഗിക്കുന്ന ഹംഗറിയിൽനിന്നുതന്നെയുള്ള ചലച്ചിത്ര സംവിധായകനാണ് മിക് ലോസ് യാന്‍ചോ. അദ്ദേഹത്തിന്റെ 70 മിനിറ്റ് ദൈര്‍ഘ്യമുള്ള എലക്ട്ര, മൈ ലവ് (Electra, My Love, 1974) എന്ന സിനിമയിൽ 12 ഷോട്ടുകളേ ഉള്ളൂ. കാമറ പെൻഡുലംപോലെ ചലിക്കുന്നു. ഡോളി ഷോട്ടില്‍ കാമറ ഇടത്തോട്ടും വലത്തോട്ടും നീങ്ങുക മാത്രമല്ല, അത് മുന്നോട്ടും പിന്നോട്ടും സൂം ചെയ്യുകയും ചെയ്യുന്നു. മുഖത്തിന്റെ ക്ലോസപ്പില്‍ വ്യക്തിയുടെ ഭാവങ്ങൾ പിടിച്ചെടുക്കുകയും പിന്നീട് രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണങ്ങളില്‍ കേന്ദ്രീകരിക്കുകയും, പിന്നീട് ചക്രവാളത്തോളം പരന്നുകിടക്കുന്ന ഭൂവിഭാഗത്തില്‍ ഒറ്റക്കും കൂട്ടമായും സംഭവിക്കുന്ന ആക്ഷനുകൾ പിടിച്ചെടുത്ത് മുന്നേറുന്നു. കാമറ ചിലപ്പോൾ നിശ്ചലമാവുന്നുണ്ടെങ്കിലും നിരന്തര ചലനമാണ് യാന്‍ചോ സിനിമകളുടെ പ്രത്യേകത. കാമറയുടെയും കഥാപാത്രങ്ങളുടെയും കോറിയോഗ്രാഫ് ചെയ്ത ചലനങ്ങള്‍. ഒപ്പം, നാടന്സംസ്കൃതിയിൽ അധിഷ്ഠിതമായ ഗാന-നൃത്തങ്ങള്‍. അദ്ദേഹത്തിന്റെ സിനിമകളിൽ കോറസ് പോലെ ധാരാളം അഭിനേതാക്കളുണ്ട്.
താറിന്റെ 'ടൂറിന് ഹോര്‍സ്' ഉദാഹരണമായി എടുത്താൽ, കാമറ വളരെ വിശദമോ ചടുലമോ അല്ല. പകരം, അദ്ദേഹം ഭൗതികതക്ക് കൂടുതൽ ഊന്നൽ നൽകുന്നു. ശക്തമായി വീഴുന്ന കാറ്റ്, പറക്കുന്ന ഇലകള്‍. യാന്‍ചോയുടെ ഡോളി ഷോട്ടിൽനിന്ന് വ്യത്യസ്തമായി, താർ ഹാൻഡ്ഹെൽഡ് കാമറയാണ് ഉപയോഗിക്കുന്നത്. അപ്പോൾ യാന്‍ചോയുടെ കൃത്യതക്ക് പകരം അസ്ഥിരതയാണ് താര് സിനിമകളിൽ അനുഭവപ്പെടുക. ''മനുഷ്യരാശിയെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നു'' എന്ന് യാന്‍ചോ പറയുകയുണ്ടായി. എന്നാല്‍, താറിന്റേത് അശുഭാപ്തിവിശ്വാസം നിറഞ്ഞുനില്ക്കുന്ന സിനിമകളാണ്.
നീണ്ട ലോങ് ടേക്ക് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കും പലപ്പോഴും താറിനെയും താര്കോവസ്കിയെയും പലരും താരതമ്യം ചെയ്യുന്നത്. ലോങ് ടേക്ക്-ട്രാക്കിങ് ഷോട്ട് സമന്വയം വഴിയുള്ള പതിഞ്ഞ താളത്തിലൂടെ കാലത്തിന്റെ കടന്നുപോക്കിൽ ഇരുവരും ഊന്നുന്നുണ്ടെങ്കിലും, ഇവരുടെ ടേക്കുകൾ വളരെ വ്യത്യസ്തമാണ്. താര്‍കോവസ്കി സിനിമകളില്‍ കാമറ താളാത്മകമായി സ്ഥിരതയുള്ള ടെമ്പോയിൽ ചലിക്കുന്നു. ഇത് ഫ്രെയിമിനുള്ളിലെ വസ്തുക്കളും കഥാപാത്രങ്ങളും പലപ്പോഴും പിന്തുടരുന്ന താളമാണ്. എന്നാല്‍, താറിന്റെ സിനിമകളിൽ ടേക്കുകൾ ദൈർഘ്യമേറിയതാണെങ്കിലും, കാമറ മന്ദഗതിയിൽ ആവുമ്പോൾപോലും ഫ്രെയിമിലെ വസ്തുക്കളും കഥാപാത്രങ്ങളും അതിന്റെ ടെമ്പോയുമായി പൊരുത്തപ്പെടുന്നില്ല. കാമറ ഒരു വസ്തുവില്‍ത്തന്നെ ദീര്‍ഘനേരം തങ്ങിനില്‍ക്കുന്നതിലൂടെ താര്‍കോവസ്കി ആ വസ്തുവിന്റെ ഉദാത്തമായ സൗന്ദര്യം വെളിപ്പെടുത്തുകയാണ് ചെയ്യുന്നതെങ്കിൽ, താര് അതിന്റെ 'സാധാരണത്വം' അവതരിപ്പിക്കുകയാണ്. താര്കോവസ്കിയുമായുള്ള താരതമ്യത്തെ കുറിച്ച് താർ ഇപ്രകാരം പറയുകയുണ്ടായി: ''താര്കോവസ്കിയും ഞാനും തമ്മിലുള്ള പ്രധാന വ്യത്യാസം അദ്ദേഹത്തിന്റെ മതമാണ്, ഞാന്‍ അങ്ങനെയല്ല. പക്ഷേ, അദ്ദേഹത്തിന് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു; അദ്ദേഹം ദൈവത്തിൽ വിശ്വസിച്ചു. അദ്ദേഹം എന്നെക്കാള്‍ വളരെ നിഷ്കളങ്കനാണ്. അദ്ദേഹം വളരെ അലിവുള്ളവനും കൂടുതൽ നല്ലവനുമാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്... അദ്ദേഹത്തിന്റെ സിനിമകളിലെ മഴ ആളുകളെ ശുദ്ധീകരിക്കുന്നു. എന്നാല്‍, എന്റേതിൽ അത് വെറും ചളി ഉണ്ടാക്കുന്നു."
സിനിമാ കുടുംബം
സിനിമാ ചിത്രീകരണത്തില്‍ താറും സംഘവും ഒരു കുടുംബംപോലെയാണ് പ്രവര്‍ത്തിക്കുന്നത്. താർ, ഭാര്യയും താറിന്റെ പല സിനിമകളും എഡിറ്റ് ചെയ്ത ആഗ്നസ് ഹ്രാനിറ്റ്സ്കി (ഇവര്‍ക്ക് സംവിധാനത്തിലും താർ ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്), 'അല്‍മനാക് ഫാള്‍', 'ഡാംനേഷൻ', 'സാത്താൻ ടാംഗോ', 'വെർക്ക്മീസ്റ്റർ ഹാർമണീസ്', 'ദി മാന്‍ ഓഫ് ലണ്ടന്‍' എന്നീ സിനിമകളുടെ സംഗീതം കൈകാര്യം ചെയ്ത മിഹാലി വിഗ് (Mihaly Vig) (ഇദ്ദേഹം 'സാത്താൻ ടാംഗോ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്), 'ലാസ്ലോ ക്രാസ്നഹോർകായി ('ടൂറിന് ഹോര്‍സ്', 'ദി മാന്‍ ഓഫ് ലണ്ടന്‍', 'വെർക്ക്മീസ്റ്റർ ഹാർമണീസ്', 'സാത്താന് ടാംഗോ', 'ഡാംനേഷൻ' എന്നീ സിനിമകള്‍ ഇദ്ദേഹത്തിന്റെ രചനകളെ ആധാരമാക്കിയാണ്), 'ടൂറിന് ഹോര്‍സ്', 'ദി മാൻ ഫ്രം ലണ്ടൻ' മുതലായ സിനിമകളുടെ ഛായാഗ്രാഹകൻ ഫ്രെഡ് കേലെമെൻ (Fred Kelemen), അഭിനേതാക്കളായ എറീക്ക ബോക് (Erika Bok), ജാനോസ് ദര്‍സി (Janos Derzi) എന്നിവരാണ് ഈ കുടുംബത്തിലെ അംഗങ്ങൾ. ഇതേക്കുറിച്ച് താര് പറയുന്നു: "സിനിമ ഒരു കൂട്ടായ പ്രവൃത്തിയാണ്. ഒന്നിച്ചുള്ള എല്ലാവരുടെയും പ്രതിഭയും പാടവവും ഇതിൽ ആവശ്യമാണ്. മാത്രവുമല്ല, ശാരീരിക സാന്നിധ്യവും ഇച്ഛാശക്തിയും ബുദ്ധിയും സംവേദനശക്തിയും തന്മയീഭാവവും ഒക്കെ ആവശ്യമാണ്. തീര്‍ച്ചയായും ഒരു സംവിധായകൻ എന്നനിലയിൽ എനിക്ക് ചില അധികാരങ്ങളുണ്ട്. അവസാന വാക്ക് എന്റേതാണ്. പൂര്‍ത്തീകരിക്കപ്പെട്ട സിനിമ എന്റേതാണ്. അതേസമയം അതൊരു ഫ്യൂഡൽ വ്യവസ്ഥയുമാണ്. കാരണം, കാമറ എവിടെ പ്രതിഷ്ഠിക്കണമെന്ന് ഒരാള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു. കലയുടെ ലോകത്തില്‍ ജനാധിപത്യത്തിന് സ്ഥാനമില്ല. ജീവിതത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ ജനാധിപത്യം സിനിമയിൽ ഇല്ല."
ദീര്‍ഘകാലമായി കുടുംബാംഗങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഈ സിനിമാ കുടുംബത്തിന്റെ ആത്മബന്ധവും പരസ്പരവിശ്വാസവും ധാരണയും ബഹുമാനവും ബന്ധത്തിന്റെ ഊഷ്മളതയും, ചിത്രീകരണത്തിനിടയിലെ ചെറിയ ചെറിയ കാര്യങ്ങളിലൂടെയും ചില അംഗങ്ങളുടെ മനസ്സ് തുറക്കലിലൂടെയും 'Tarr Bela – I Used to be a Filmmaker' (സംവിധാനം: Jean Marc Lamoure) എന്ന ഡോക്യുമെന്ററി അവതരിപ്പിക്കുന്നു. ഇതില്‍ നമ്മെ വളരെയധികം സ്പര്‍ശിക്കുന്നത് 'ടൂറിൻ ഹോര്‍സ്' എന്ന സിനിമയിൽ മകളായി അഭിനയിച്ച എറീക്ക ബോക്കിന്റെ സംസാരമാണ്. ഒരു അനാഥാലയത്തിൽ വളര്‍ന്ന ബോക് താറിന്റെ സിനിമയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭം ഓര്‍ക്കുന്നു: നിരവധി കുട്ടികളിൽനിന്ന് താര് ബോക് ഉള്‍പ്പെടെ നാല് കുട്ടികളെ മാറ്റിനിര്‍ത്തി. പിന്നീട് സ്ക്രീന്‍ ടെസ്റ്റ്. അവസാനം ബോക് തിരഞ്ഞെടുക്കപ്പെട്ടു. പൂച്ചയെയും എടുത്തുകൊണ്ട് നടക്കുന്ന ആ സിനിമയിലെ ഫോട്ടോ നോക്കി ഓർമകൾ അയവിറക്കിക്കൊണ്ട് അവര്‍ ഓര്‍ക്കുന്നു: ''ചിരിക്കരുത്'' എന്ന് ചിത്രീകരണ സമയത്ത് ബേല പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ, ഞാന്‍ എപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു, മരണരംഗത്തിൽ ഒഴികെ. മരണസമയത്ത് ചിരിക്കുന്നത് ഔചിത്യമല്ലല്ലോ. എന്നാല്‍ സെറ്റിലുള്ളവർ, പ്രത്യേകിച്ച് ബേലയും ഭാര്യയും നല്കിയ സ്നേഹം ബോക്കിനെ വളരെയധികം സ്പര്‍ശിച്ചു. അൽപം അതിശയോക്തി കലര്‍ന്നതായി തോന്നുമെങ്കിലും അവർ പറയുന്നത് ജീവിതത്തില്‍ ഏറ്റവുമധികം സ്നേഹം ലഭിച്ചത് ഇവരില്‍നിന്നാണ് എന്നാണ്. "ഇവര്‍ എന്റെ കുടുംബാംഗങ്ങളാണ്" എന്നാണ് ബോക് പറയുന്നത്.
സിനിമയില്‍നിന്ന് വിരമിച്ചതിനുശേഷം
ടൂറിന് ഹോര്‍സ് എന്ന സിനിമക്കുശേഷം താര് സിനിമാ സംവിധാനത്തില്‍നിന്ന് വിരമിച്ചു. പിന്നീട് അദ്ദേഹം Sarajevo School of Science and Technology Academyയുടെ ഫിലിം ഫാക്ടറി എന്ന സ്ഥാപനത്തിന്റെ ഡീൻ ആയി പ്രവര്‍ത്തനം തുടര്‍ന്നു. ഇവിടെയും താര് തന്റെ സിനിമാ കുടുംബത്തിലെ അംഗങ്ങളെ പങ്കെടുപ്പിച്ചു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാലര വര്‍ഷങ്ങള്‍ക്കുശേഷം ഈ സ്ഥാപനം അടച്ചുപൂട്ടി. "ഞാനിപ്പോഴും ഒരു ചലച്ചിത്രകാരനാണ്. ഫിലിം മേക്കിങ് ഒരു മയക്കുമരുന്നാണ്, നിങ്ങൾക്ക് അത് നിർത്താൻ കഴിയില്ല. പേക്ഷ, ഞാൻ ഇപ്പോഴും ജീവിതത്തിലെ സാഹചര്യങ്ങൾ കാണുന്നു, ഞാൻ ഇപ്പോഴും ചിന്തിക്കുന്നു. എന്റെ തലച്ചോറും ഭാവനയും നിലച്ചിട്ടില്ല" –ഇക്കാര്യത്തെക്കുറിച്ച് താര് പറയുകയുണ്ടായി.
ആംസ്റ്റർഡാമിലെ ഒരു പ്രദർശനത്തിനായി ഒരു രംഗം ചിത്രീകരിക്കാൻ അദ്ദേഹം വീണ്ടും കാമറ എടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ ചലച്ചിത്ര സ്ഥാപനങ്ങളിലൊന്നായ ആംസ്റ്റർഡാമിലെ ഐ ഫിലിം മ്യൂസിയമാണ് ഈ പ്രദർശനത്തിന് ആതിഥേയത്വം വഹിച്ചത്. പ്രദര്‍ശനത്തിലേക്ക് പ്രവേശിച്ചാൽ ശക്തമായ രണ്ട് സ്പോട്ട്ലൈറ്റുകൾ സ്വാഗതം ചെയ്യുന്നു; അത് എന്താണെന്ന് മനസ്സിലാക്കാൻ സമയമെടുക്കും. വെളിച്ചവുമായി പതിയെ പൊരുത്തപ്പെടുമ്പോൾ നിങ്ങൾ അതിർത്തികൾക്കിടയിലാണെന്ന് വ്യക്തമാകും, അതൊരു 'നോ മാന്‍സ് ലാന്‍ഡ്' ആണ്. അവിടെ മൂര്‍ച്ചയേറിയ യഥാർഥ കമ്പികൊണ്ട് നിർമിച്ച അതിര്‍ത്തികളെ വേര്‍തിരിക്കുന്ന വേലി കാണാം. മുറിക്കകത്തുകൂടി നടക്കാൻ തുടങ്ങുമ്പോൾ ഭയം, ഞെട്ടൽ, ദുഃഖം എന്നിവ അനുഭവിക്കാൻ കഴിയുന്ന ഒരു ഇടമായി മുറി മാറുന്നു. ഈ വേലികൾക്കു പിന്നിൽ അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും ഫോട്ടോഗ്രാഫുകൾ കാണാം.
യഥാർഥത്തിൽ നിലനില്‍ക്കുന്ന സംഗതികളിലൂടെ കാഴ്ചക്കാരെ അഭിമുഖീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ഇവിടെ നാം ഭയാനകമായ വേലികൾക്കിടയിൽ പ്രവേശിക്കുകയും ഒരു സന്ദർശകനെന്ന നിലയിൽ അഭയാർഥികളുടെ അവസ്ഥ എന്താണെന്ന് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം നാം സിറിയൻ നഗരമായ അലപ്പോയുടെ ചിത്രങ്ങൾ കാണുന്നു. ഇതിലൂടെ അഭയാർഥികൾ എന്തിൽനിന്നാണ് പലായനം ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലാവും. കൂടെ അദ്ദേഹത്തിന്റെ സിനിമകളിൽനിന്നുള്ള ക്ലിപ്പിങ്ങുകളും പ്രോപ്പുകളും കാണാം.
ഒരു തീവ്ര ആഭ്യന്തര മാവോവാദി ഗ്രൂപ്പുമായി ബന്ധമുള്ളതിനാലും തന്റെ ആദ്യ സിനിമക്കായി കപ്പൽശാലയിലെ തൊഴിലാളികളുടെ നിരാശാജനകമായ ദൈനംദിന ജീവിത യാഥാർഥ്യം വെളിപ്പെടുത്തുന്ന നിരവധി അഭിമുഖങ്ങൾ റെക്കോഡ് ചെയ്തതിനാലും കൗമാരപ്രായത്തിൽ അദ്ദേഹത്തിന് പാര്‍ട്ടി അധികൃതരിൽനിന്ന് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. തൽഫലമായി, സെക്കൻഡറി സ്കൂളിൽനിന്ന് ബിരുദം നേടിയശേഷം ഒരു സർവകലാശാലയിലേക്കുള്ള പ്രവേശനം താറിന് നിഷേധിക്കപ്പെട്ടു. എന്നിരുന്നാലും, ഒരു തൊഴിലാളിയായി ജോലിചെയ്യുന്നതിനിടയിൽ അദ്ദേഹം ചെറിയ ബജറ്റ് സിനിമകൾ നിർമിക്കുന്നത് തുടർന്നു. ഒടുവിൽ ബേല ബലാസ് ഫിലിം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. അങ്ങനെ, മുഴുനീള ഫീച്ചർ സിനിമ സംവിധാനം ചെയ്ത പ്രായം കുറഞ്ഞ ഹംഗേറിയൻ ചലച്ചിത്ര സംവിധായകരിൽ ഒരാളായി അദ്ദേഹം മാറി.
ബര്‍ലിൻ മേളയില്‍ ടൂറിന് ഹോര്‍സ് വെള്ളിക്കരടി പുരസ്കാരം നേടിയപ്പോൾ താര് ഈ അംഗീകാരം ആഘോഷിക്കുന്നില്ല എന്ന് ഒരു ജർമൻ പത്രം റിപ്പോട്ട് ചെയ്തു. ഇതിനു കാരണമായി താർ പറഞ്ഞത് താനും മറ്റ് ബുദ്ധിജീവികളും സര്‍ക്കാറിന്റെ നോട്ടപ്പുള്ളികളാണ് എന്നായിരുന്നു. ''ബുദ്ധിജീവികളെ സർക്കാർ വെറുക്കുന്നു. കാരണം അവർ ഉല്പതിഷ്ണുക്കളാണ്, പ്രതിപക്ഷവുമാണ്'' –അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി. മറ്റൊരു സന്ദര്‍ഭത്തിൽ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''സര്‍ക്കാർ ഞങ്ങളെ രാജ്യദ്രോഹികളായി അപമാനിച്ചു.'' ദേശീയവാദിയായ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ഭരണകൂടം കലക്കുള്ള പിന്തുണ കുറക്കുകയും സിനിമാ നിർമാണ കമ്പനികളെ പാപ്പരത്തത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. സബ്സിഡികൾ ഇപ്പോൾ ടോയ്ലറ്റ് പേപ്പറിനെക്കാൾ വിലമതിക്കുന്നില്ലെന്ന് താർ അഭിപ്രായപ്പെട്ടു. പ്രസ്താവന പുനഃപരിശോധിക്കാൻ താറിനു മേൽ സമ്മർദം ഉണ്ടായതായി സൂചനയുണ്ട്.
താറിന്റെ സിനിമകളെ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതരും അതുപോലെ വലതുപക്ഷ ചായ്വുള്ള ഫിഡെസ് സർക്കാറും അതിന്റെ സാംസ്കാരിക അംബാസഡർമാരും 'ഉചിതമല്ലാത്തതും യോഗ്യമല്ലാത്തതും' ആയി കണക്കാക്കി. 'ഡാംനേഷൻ' കാന്‍ മേളയിലും മറ്റും പുരസ്കാരം നേടിയെങ്കിലും, 32ാം ഹംഗേറിയൻ ദേശീയ ചലച്ചിത്ര വാരത്തിൽ അന്താരാഷ്ട്ര ജൂറിയുടെ പുരസ്കാരം മാത്രമാണ് ലഭിച്ചത്. 2001ലെ ഹംഗേറിയൻ ഫിലിം വീക്കിൽ 'വെർക്ക്മീസ്റ്റർ ഹാർമണി'ക്ക് ഗ്രാൻഡ് പ്രൈസ് ലഭിച്ചെങ്കിലും ചില പത്രപ്രവർത്തകർ അതിനെ ''ഇരുണ്ട, നിരാശാജനകമായ ലോകം, യാഥാർഥ്യബോധത്തിന്റെ അഭാവം'' എന്നിങ്ങനെ അപലപിച്ചു.
സിനിമക്കുള്ള ഹംഗറിയിലെ ധനസഹായം, വിതരണം എന്നിവയില്‍ താറിന്റെ പോരാട്ടത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണം അദ്ദേഹത്തിന്റെ 'സാത്താന് ടാംഗോ'യുമായി ബന്ധപ്പെട്ടതാണ്. ഈ േപ്രാജക്ട് 1985ൽ വിഭാവനം ചെയ്തിരുന്നുവെങ്കിലും 1993 വരെ നിർത്തിവെച്ചിരുന്നു. കാരണം, അദ്ദേഹത്തിന്റെ വിമത സ്ഥാനവും കർശനമായ രാഷ്ട്രീയ സെൻസർഷിപ്പും കാരണം പ്രധാന സ്റ്റുഡിയോകളിൽനിന്ന് ചിത്രത്തിന് ഫണ്ടിങ് നേടാൻ താറിന് കഴിഞ്ഞില്ല. ഒടുവിൽ 1993ൽ ബർലിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ 'കാലിഗാരി' അവാർഡും ബ്രസൽസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ 'ഏജ് ഡി ഓർ' സമ്മാനവും ഈ സിനിമക്ക് ലഭിച്ചു. എന്നിരുന്നാലും, 1994ലെ 25ാമത് ഹംഗേറിയൻ ദേശീയ ചലച്ചിത്ര വാരത്തിന്റെ സംഘാടകർ ഒരു ചെറിയ സിനിമാ തിയറ്ററിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. നൂറുകണക്കിന് പ്രേക്ഷകർ ഈ ഇതിഹാസ ദൈർഘ്യമുള്ള സിനിമ കാണാൻ എത്തിയത് കണ്ട് അധികൃതര്‍ ആശ്ചര്യപ്പെട്ടു. അവസാനം, 'സാത്താന് ടാംഗോക്ക്' ചടങ്ങിൽ ഒരു 'പ്രത്യേക സമ്മാനം' ലഭിച്ചു. ഒരുപക്ഷേ, ഇത് വിദേശത്ത് വളർന്നുവരുന്ന ആരാധനയും ഒരു ചെറിയകൂട്ടം ഹംഗേറിയൻ നിരൂപകരുടെയും സിനിമാപ്രേമികളുടെയും ആവേശകരമായ സ്വീകരണംമൂലമാവാം.
ഒരു നിർമാതാവ് എന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിക്കാനും ഔദ്യോഗിക സംസ്ഥാന ധനകാര്യ സംവിധാനത്തിന് പുറത്ത് ഫണ്ടിങ് കണ്ടെത്താനും അദ്ദേഹം ശ്രമിച്ചു. നിലനിൽപിനായുള്ള തുടർച്ചയായ പോരാട്ടം ഒടുവിൽ 2003ൽ സ്വന്തം നിർമാണ കമ്പനി –TT ഫിലിം വർക്ക്ഷോപ്പ്– സ്ഥാപിക്കാൻ താറിനെ പ്രേരിപ്പിച്ചു. യഥാർഥത്തിൽ തന്റെ 'ദി മാന്‍ ഫ്രം ലണ്ടൻ' എന്ന സിനിമക്ക് ധനസഹായം നൽകാൻ ഉദ്ദേശിച്ചിരുന്ന കമ്പനി, ചെറുപ്പക്കാർക്കും അധികൃതരുടെ കണ്ണിൽ കരടായ ഹംഗേറിയൻ ചലച്ചിത്ര പ്രവർത്തകർക്കും പിന്തുണ നൽകുന്ന ഒരു നിർണായക സ്രോതസ്സായി മാറി.
ഹംഗേറിയൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായി, 2013ലെ 44ാമത് ദേശീയ ചലച്ചിത്രവാരം ഫണ്ടിന്റെ അഭാവവും പ്രദർശിപ്പിക്കാനുള്ള സിനിമകളുടെ അഭാവവും കാരണം റദ്ദാക്കപ്പെട്ടു. ഹംഗേറിയൻ ചലച്ചിത്രനിർമാണത്തിന്റെ ഏറ്റവും ഭയാനകമായ കാലഘട്ടങ്ങളിലൊന്നായി കണക്കാക്കാവുന്ന ഈ സമയത്ത് പുതിയ ഗവൺമെന്റ് നിയന്ത്രണങ്ങളാൽ സിനിമാ നിർമാണം അസാധ്യമാക്കിയ നിരവധി ചലച്ചിത്ര സംവിധായകരുടെ രോഷവും നിരാശയും താറിന്റെ വാക്കുകളിൽ പ്രകടമാണ്. ഒരു അഭിമുഖത്തിൽ, തന്റെ ദൗത്യത്തെ ആവശ്യമായതും എന്നാൽ നിരാശാജനകവുമായ യുദ്ധമായി അദ്ദേഹം വിവരിക്കുന്നു: ''ഹംഗറിയിലെ സ്ഥിതി ഭയാനകമാണ്, ജനാധിപത്യം അപകടത്തിലാണെന്ന് എനിക്ക് തോന്നുന്നു... ഞങ്ങളുടെ താൽപര്യങ്ങളെ പ്രതിനിധാനംചെയ്യുന്നതിനും ഹംഗേറിയൻ സിനിമയെ സജീവമായി നിലനിർത്തുന്നതിനുമായി 700 ചലച്ചിത്ര പ്രവർത്തകർ എന്നെ ഹംഗേറിയൻ ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എന്നാല്‍, അതിന്റെ അവസ്ഥ പരിതാപകരമാണ്. ഞാൻ എന്റെ പരമാവധി ചെയ്യുന്നു, പക്ഷേ എനിക്ക് വലിയ വിജയമൊന്നും ഉണ്ടായിട്ടില്ലെന്ന് ഞാൻ സമ്മതിക്കുന്നു. ഞങ്ങൾ തോറ്റ പോരാട്ടമാണ് നടത്തുന്നത്. ഹംഗറിയില്‍ സിനിമ നിർമിക്കണമെങ്കിൽ വ്യവസ്ഥിതിയോട് വിട്ടുവീഴ്ച ചെയ്യണം.'' (The Outsider Within: Bela Tarr and Hungarian National Cinema).