ഇത് ജനങ്ങളുടെ ഗാരന്റി

കുതറിയോടുന്ന കുതിരക്കുട്ടിയെ സൂര്യാഭിമുഖം നിർത്തി മെരുക്കിയെടുത്ത അലക്സാണ്ടറുടെ കഥ കേട്ടിട്ടുണ്ട്. സമാനമായ കൗശലത്തോടെയാണ് ഇന്ത്യൻ വോട്ടർ നരേന്ദ്ര മോദിയെ നിയന്ത്രിതനാക്കിയിരിക്കുന്നത്. ബി.ജെ.പി ആണയിട്ടതുപോലെ നാനൂറ് നേടിയാൽ എന്താണ് സംഭവിക്കുകയെന്ന് രാഷ്ട്രീയ വിവേകത്തിന്റെ വെളിച്ചത്തിൽ ജനങ്ങൾ കണ്ടു. അതുകൊണ്ട് 2019ലെ 303ൽനിന്ന് 63 സീറ്റ് താഴേക്കിറക്കി ബി.ജെ.പിയെ 240ൽ തളച്ചു. തോറ്റ കുട്ടി മോഡറേഷനിൽ ജയിക്കുന്നതുപോലെ സഖ്യത്തിലുള്ളവരുടെയും സഖ്യത്തിലില്ലാത്തവരുടെയും അക്കൗണ്ടുകൂടി കൂട്ടിച്ചേർത്ത് എൻ.ഡി.എ 290ന്റെ ബലത്തിൽ മന്ത്രിസഭയുണ്ടാക്കി എന്നുമാത്രം. കേവല ഭൂരിപക്ഷത്തിന്...

കുതറിയോടുന്ന കുതിരക്കുട്ടിയെ സൂര്യാഭിമുഖം നിർത്തി മെരുക്കിയെടുത്ത അലക്സാണ്ടറുടെ കഥ കേട്ടിട്ടുണ്ട്. സമാനമായ കൗശലത്തോടെയാണ് ഇന്ത്യൻ വോട്ടർ നരേന്ദ്ര മോദിയെ നിയന്ത്രിതനാക്കിയിരിക്കുന്നത്. ബി.ജെ.പി ആണയിട്ടതുപോലെ നാനൂറ് നേടിയാൽ എന്താണ് സംഭവിക്കുകയെന്ന് രാഷ്ട്രീയ വിവേകത്തിന്റെ വെളിച്ചത്തിൽ ജനങ്ങൾ കണ്ടു. അതുകൊണ്ട് 2019ലെ 303ൽനിന്ന് 63 സീറ്റ് താഴേക്കിറക്കി ബി.ജെ.പിയെ 240ൽ തളച്ചു.

തോറ്റ കുട്ടി മോഡറേഷനിൽ ജയിക്കുന്നതുപോലെ സഖ്യത്തിലുള്ളവരുടെയും സഖ്യത്തിലില്ലാത്തവരുടെയും അക്കൗണ്ടുകൂടി കൂട്ടിച്ചേർത്ത് എൻ.ഡി.എ 290ന്റെ ബലത്തിൽ മന്ത്രിസഭയുണ്ടാക്കി എന്നുമാത്രം. കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിനേക്കാൾ 18 സീറ്റ് മാത്രം കൂടുതലെന്നു പറയുമ്പോൾ നിതീഷ് കുമാറിന്റെ പന്ത്രണ്ടും ചന്ദ്രബാബു നായിഡുവിന്റെ പതിനാറും മോദിയുടെമേൽ മുറുകുന്ന കടിഞ്ഞാണായി മാറും. ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ ദുഷ്ചെയ്തികൾക്കുമെതിരെ ആദ്യത്തെ പ്രതിരോധനിര അവരിൽനിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ജനാധിപത്യത്തിൽ ഭരണത്തുടർച്ച അപവാദവും ഭരണമാറ്റം പൊതുതത്ത്വവുമാണ്. മോദി മൂന്നാം വട്ടം പ്രധാനമന്ത്രിയാകുമ്പോൾ പക്വതയെത്തിയെന്ന് അന്യഥാ പ്രകീർത്തിതമായ ഇന്ത്യൻ ജനാധിപത്യം ചില പാഠങ്ങൾകൂടി പഠിക്കാനുണ്ടെന്ന് തോന്നിപ്പോകുന്നു. 1977ൽനിന്ന് വ്യത്യസ്തമായി ഒരു നവജാത മുന്നണിയിൽ പൂർണമായ വിശ്വാസം അർപ്പിക്കാൻ ജനങ്ങൾ തയാറായില്ല. 1989ലും പ്രധാനമന്ത്രിയുടെ പാർട്ടിയെ പരാജയപ്പെടുത്താൻ അവർക്ക് മടിയുണ്ടായില്ല. 1977ൽ ജയപ്രകാശ് നാരായണനിലും 1989ൽ വി.പി. സിങ്ങിലും വിശ്വാസം അർപ്പിച്ചതുപോലെ വിശ്വസിക്കാൻ 2024ൽ അവർക്കൊരു നേതാവില്ലെന്നതും ശ്രദ്ധേയമായ നിരീക്ഷണമാണ്.

ജോഡോയാത്രകൊണ്ടു മാത്രം രാഹുൽ ഗാന്ധിയെ ദേശീയ നേതാവായി കാണാൻ ജനം തയാറായില്ല. പത്തു വർഷം പ്രതിപക്ഷ നേതാവും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാതെ പ്രവർത്തിച്ച ലോക്സഭയാണ് നമ്മുടേത്. രണ്ടും കോൺഗ്രസിന് അവകാശപ്പെട്ട പദവികളായിരുന്നു. സഭാസംഖ്യയുടെ പത്തു ശതമാനം അംഗങ്ങൾ ഉള്ള പാർട്ടിയെ ആണ് പ്രതിപക്ഷനേതാവായി അംഗീകരിക്കുന്നത്. പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയുടെ പ്രകടനം കാണട്ടെ എന്ന മട്ടിലാണ് ഇക്കുറി കോൺഗ്രസിന് 99 സീറ്റ് നൽകിയിരിക്കുന്നത്. ഇതാകട്ടെ കഴിഞ്ഞ സഭയിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ്.

ലളിതമായ ഗണിതവിശകലനങ്ങൾക്കപ്പുറം ഗൗരവമുള്ള വ്യാഖ്യാനങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം വിധേയമാകേണ്ടതാണ്. പ്രാർഥിക്കാനെന്നപോലെ വോട്ട് ചെയ്യുന്നതിനും ഓരോരുത്തർക്കും ഒരു കാരണമുണ്ടാകും. ബി.ജെ.പിക്ക് വോട്ടു ചെയ്യാതിരിക്കുന്നതിന് നിർധാരണം ചെയ്തെടുക്കാവുന്ന കാരണങ്ങൾ പലതുണ്ടായിരുന്നു. അവ പ്രവർത്തിച്ചിട്ടുണ്ട്. അവയേക്കാൾ പ്രധാനപ്പെട്ടത് ഗോചരമല്ലെങ്കിലും അനുഭവവേദ്യമായ അന്തർധാര സമ്മതിദാനാവകാശത്തിന്റെ വിനിയോഗത്തിൽ സംഭവിച്ചു എന്നതാണ്. നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ കഴിയാത്ത അമൂല്യമായ എന്തോ ഒന്ന് സംരക്ഷിക്കപ്പെടാനുണ്ട് എന്ന തിരിച്ചറിവിൽനിന്നാണ് അതുണ്ടായത്.

റോമൻ റിപ്പബ്ലിക്കിന്റെ ആസന്നമരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ സിസെറോയെ ഞാൻ പലപ്പോഴും പ്രസംഗങ്ങളിലും ലേഖനങ്ങളിലും സ്മരിക്കാറുണ്ട്. മുന്നറിയിപ്പ് അവഗണിക്കപ്പെട്ടപ്പോൾ റിപ്പബ്ലിക്കിന്റെ അസ്തമയമായി. സിസെറോയെപ്പോലെ പ്രവാചകതുല്യമായ മുന്നറിയിപ്പുകൾ നമുക്ക് നൽകിക്കൊണ്ടിരുന്ന ആളായിരുന്നു കൃഷ്ണയ്യർ. അവസാനകാലത്ത് എല്ലാ പ്രസംഗങ്ങളിലും ജനങ്ങളായ നമ്മൾ എന്ന ആശയം അദ്ദേഹം ഉയർത്തിക്കാട്ടുമായിരുന്നു. കേൾക്കേണ്ടവർ കേൾക്കുന്നില്ലെങ്കിലും പറയേണ്ടവർ പറഞ്ഞുകൊണ്ടിരിക്കണം. സീറ്റിലും വോട്ടിലും ഇടതുപക്ഷം നാമാവശേഷമായി എന്ന് തോന്നിയേക്കാമെങ്കിലും ഭരണഘടനയുടെ സംരക്ഷണാർഥം ഇടതുപക്ഷ ചിന്തകരും കക്ഷികളും നിസ്തുലമായ സേവനം അർപ്പിച്ചിട്ടുണ്ട്.

1950ൽ ഭരണഘടനയെ തള്ളിപ്പറഞ്ഞതിനുള്ള പ്രായശ്ചിത്തംകൂടിയാവാം അത്. സജി ചെറിയാനെപ്പോലെ അന്നത്തെ മാനസികാവസ്ഥയിൽ കഴിയുന്നവർ ഇന്നുമുണ്ടെങ്കിലും അത് ഉപേക്ഷണീയമായ ന്യൂനപക്ഷമാണ്. നിരവധിയായ ഭരണഘടനാ സംരക്ഷണ സദസ്സുകളിലൂടെ ഭരണഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജനം ബോധവത്കരിക്കപ്പെട്ടു.

ജനങ്ങളുടെ പേരിൽ അവരറിയാതെ സംഭവിച്ച വ്യാജനിർമിതിയല്ല നമ്മുടെ ഭരണഘടന. ഇരുപത് വർഷമെങ്കിലും നീണ്ടുനിന്ന വിപുലവും വ്യാപകവുമായ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ ജനകീയ ഉൽപന്നമാണ് ഇന്ത്യയുടെ ഭരണഘടന. അതിന് ഔപചാരികമായ രൂപവും നിയമത്തിന്റെ സാധുതയും നൽകുക മാത്രമാണ് ഭരണഘടനാ നിർമാണസഭ ചെയ്തത്. അതുകൊണ്ടാണ് ഭരണഘടന വായിച്ചിട്ടില്ലാത്ത ഉത്തരേന്ത്യൻ സാധുക്കൾ ഭരണഘടന അപകടത്തിൽ എന്നു കേൾക്കുമ്പോൾ ശത്രുസംഹാരദണ്ഡുമായി എഴുന്നേൽക്കുന്നത്. ഭരണഘടനയുടെ അന്തകവൃന്ദത്തെ പരിപൂർണമായും സംഹരിക്കുന്ന കാർപെറ്റ് ബോംബിങ്ങാണ് 1977ൽ അവർ നടത്തിയത്. ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അത്ര മനോഹരമായ ചിത്രം എവിടെയും കാണാൻ കിട്ടില്ല.

ഫില​െഡൽഫിയ കൺവെൻഷൻ കഴിഞ്ഞ് പുറത്തേക്കു വന്ന ജഫേഴ്സണോട് ഒരു സ്ത്രീ ചോദിച്ചു:

എന്താണ് ഞങ്ങൾക്ക് കിട്ടുന്നത്?

ജഫേഴ്സന്റെ മറുപടി: റിപ്പബ്ലിക്. നിങ്ങൾക്കത് സംരക്ഷിക്കാൻ കഴിയുമെങ്കിൽ.

സംരക്ഷണം പ്രധാനപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ആരാണ് സംരക്ഷിക്കേണ്ടത്. ആരാണ് ഭരണഘടനയുടെ സംരക്ഷകർ? ഭരണഘടനയെ നിലനിർത്തുകയും രക്ഷിക്കുകയും പാലിക്കുകയും ചെയ്യുമെന്ന പ്രതിജ്ഞയോടെയാണ് രാഷ്ട്രപതി ചുമതലയേൽക്കുന്നത്. ഭരണഘടനയും നിയമവും അനുസരിച്ച് പ്രവർത്തിക്കുമെന്നതാണ് പ്രധാനമന്ത്രിയുടെ പ്രതിജ്ഞ. ഒരു പ്രധാനമന്ത്രി നഗ്നമായ ഭരണഘടനാലംഘനം നടത്തുകയും ഭരണഘടനയെത്തന്നെ നിർവീര്യമാക്കി വികലമാക്കുകയും ചെയ്തപ്പോൾ 1975ൽ ഒരു രാഷ്ട്രപതിക്ക് നിസ്സഹായനായി വഴങ്ങേണ്ടിവന്നു. ഒടുവിൽ രാഷ്ട്രപതിക്കും സുപ്രീംകോടതിക്കും മേലേ ജനശക്തിയുടെ ഇടി മുഴങ്ങിയപ്പോൾ ഭരണഘടനയുടെ ആദിമവിശുദ്ധി വീണ്ടെടുക്കപ്പെട്ടു.

ഭരണഘടനയുടെ ബലം അതിനെ പ്രതിരോധിക്കാനുള്ള ജനങ്ങളുടെ കരുത്താണെന്ന് ആൽബർട്ട് ഐൻ​ൈസ്റ്റൻ പറഞ്ഞു. അദ്ദേഹം കണ്ടെത്തിയ ശാസ്ത്രതത്ത്വങ്ങളെക്കാൾ മൂല്യവത്താണ് ഈ ജനാധിപത്യ തത്ത്വം. ഐവർ ജെന്നിങ്സ് ശൈശവമരണത്തിനു വിധിച്ച നമ്മുടെ ഭരണഘടന ഏഴരപ്പതിറ്റാണ്ട് നിലനിന്നത് ഐൻ​ൈസ്റ്റൻ കണ്ടെത്തിയ ജനകീയ പ്രതിരോധത്തിന്റെ കരുത്തിലാണ്.

നരേന്ദ്ര മോദിയുടെ നാനൂറിന്റെ അർഥം ജനങ്ങൾക്കു മനസ്സിലായി. ഭരണഘടനയിൽ മാരകമായി കൈവെക്കുന്നതിനാവശ്യമായ മൂന്നിൽ രണ്ടായിരുന്നു മോദിയുടെ ലക്ഷ്യം. 362 കാംക്ഷിച്ചവരെ കേവലഭൂരിപക്ഷത്തിനും താഴെ 240ൽ ജനം തളച്ചു. സഖ്യത്തിലുള്ളവരുടെയും സഖ്യത്തിലില്ലാത്തവരുടെയും പോക്കറ്റിന്റെ കനത്തിലാണ് എൻ.ഡി.എ 290ൽ എത്തിയത്. ഭരണഘടനാപരമായ നൃശംസതക്ക് നിതീഷും നായിഡുവും ഒരു പരിധി വിട്ട് കൂട്ടുനിൽക്കില്ല. വിനാശകരമായ ഹിന്ദു ദേശീയതക്കു മേലെ മണ്ഡൽ അടയാളപ്പെടുത്തിയ സാമൂഹികനീതിയുടെ പതാക പറക്കുന്നത് നിതീഷിന് കാണാതിരിക്കാനാകുമോ? മോദി ഗാരന്റിക്കു പകരം ജനത്തിന്റെ ഗാരന്റിയാണിത്. അതാണ് ജനാധിപത്യത്തിലെ ഈടുള്ള ഗാരന്റി.

 

ഈ അവസ്ഥക്കു പകരം മോദി ആവശ്യപ്പെട്ട നാനൂറ് ജനം നൽകിയിരുന്നെങ്കിലോ? ആർ.എസ്.എസിന്റെ ശതാബ്ദി വർഷത്തിലേക്ക് അവർ കരുതി​െവച്ചിരുന്ന വെടിക്കെട്ട് പൊട്ടിത്തിമിർക്കുമായിരുന്നു. ഭരണഘടനയുടെ പൊളിച്ചെഴുത്തല്ല, സമ്പൂർണ നിരാസമാണ് ബി.ജെ.പിയുടെ ലക്ഷ്യം. മാനവികതയിൽ അധിഷ്ഠിതമായ ഭരണഘടനക്കു പകരം മനുസ്മൃതിയെ ആധാരമാക്കിയുള്ള ഭരണഘടന നാഗ്പൂരിൽ തയാറായിക്കഴിഞ്ഞു. ഹിന്ദു രാഷ്ട്രത്തിന്റെ ശിലാന്യാസമാണ് ജനുവരി 22ന് അയോധ്യയിൽ നരേന്ദ്ര മോദി നടത്തിയത്. നിർദിഷ്ട പരിവർത്തനം വിനാശകരമായി പൂർത്തിയാകുമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രച്ഛന്നവേഷത്തിൽ വ്യാപരിക്കുന്ന ഹിന്ദുരാഷ്ട്രത്തിലെ പൂജാരി മാത്രമാണ് നരേന്ദ്ര മോദി.

ഇതൊക്കെയും അത്ഭുതകരമായ വിവേകത്തിന്റെ വെളിച്ചത്തിൽ ജനം തിരിച്ചറിഞ്ഞു. ബി.ജെ.പിയുടെ നമ്പർ വൺ അജണ്ടയായിരുന്നു അയോധ്യ. മതനിരപേക്ഷ ഭാരതത്തിന്റെ നാണക്കേടും കുറ്റബോധവും ഇനിയും മാറിയിട്ടില്ല. 1992ൽ തുടങ്ങിയത് പൂർത്തീകരിച്ചുകൊണ്ട് 2024ൽ അവിടെ പ്രാണപ്രതിഷ്ഠ നടന്നു. അയോധ്യയെ ഹിന്ദു രാഷ്ട്രത്തിന്റെ വത്തിക്കാനാക്കുകയായിരുന്നു. ജനം ബി.ജെ.പി കരുതിയതുപോലെ അഭിമാനത്താൽ വിജൃംഭിതരായില്ല. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ അവർ ബി.ജെ.പിയെ തള്ളി.

കൊല്ലുന്നതിനു മുമ്പ് എലിയെ കളിപ്പിക്കുന്നത് പൂച്ചയുടെ സ്വഭാവമാണ്. ജനത്തിന്റെ കളിയുടെ തുടക്കമാണ് നാം കണ്ടത്. വോട്ടെണ്ണിയപ്പോൾ നൈമിഷികമാണെങ്കിലും അൽപനേരം നരേന്ദ്ര മോദിയെ പിന്നിൽ നിർത്തി ജനം രസിച്ചതു കണ്ടില്ലേ? മുന്നറിയിപ്പുകൾ സമൃദ്ധമായുണ്ട്. ചുവരെഴുത്തുകൾ തെളിഞ്ഞു കിടക്കുന്നു. അവ കോൺഗ്രസിനു വേണ്ടിക്കൂടിയുള്ളതാണ്. പാർലമെന്റിൽ നല്ല പ്രതിപക്ഷമായി കാര്യക്ഷമതയും വിശ്വാസ്യതയും തെളിയിക്കുന്നതിനുള്ള അവസരമാണ് കോൺഗ്രസിനു മുന്നിലുള്ളത്​. ബി.ജെ.പിയുടെ കോൺഗ്രസ് വിമുക്ത ഭാരതം എന്ന മലീമസമായ മുദ്രാവാക്യത്തെ തള്ളിക്കളഞ്ഞാണ് കോൺഗ്രസിന് 100 സീറ്റും പ്രതിപക്ഷ നേതൃസ്ഥാനവും ജനം നൽകിയിരിക്കുന്നത്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT