അമ്പതു വർഷം മുമ്പുള്ള, ഇനി സംഭവിക്കാനിടയില്ലാത്ത ഒന്നാേണാ അടിയന്തരാവസ്ഥ? ഭരണകൂടനിർമിതവും ഭരണകൂട ബാഹ്യവുമായ സ്വാതന്ത്ര്യനിഷേധങ്ങൾ എങ്ങനെയൊക്കെയാണ് ഇപ്പോഴും തുടരുന്നത്? അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നാളുകളിലേതിന് സമാനമോ അതിനേക്കാൾ സങ്കടകരമോ ആയ അവസ്ഥയിലൂടെയാണ് നമ്മൾ ഇന്ന് കടന്നുപോകുന്നത് എന്ന് ലേഖകൻ വാദിക്കുന്നു.2025 ജൂൺ 25ന് അടിയന്തരാവസ്ഥക്ക് അമ്പതു വർഷം തികയും. ഇന്ത്യൻ ഭരണഘടന നിലവിൽവന്ന ശേഷം നടന്ന ഏറ്റവും വലിയ പരീക്ഷണകാലത്തിന്റെ ഓർമകൂടിയാണ് അടിയന്തരാവസ്ഥ...
അമ്പതു വർഷം മുമ്പുള്ള, ഇനി സംഭവിക്കാനിടയില്ലാത്ത ഒന്നാേണാ അടിയന്തരാവസ്ഥ? ഭരണകൂടനിർമിതവും ഭരണകൂട ബാഹ്യവുമായ സ്വാതന്ത്ര്യനിഷേധങ്ങൾ എങ്ങനെയൊക്കെയാണ് ഇപ്പോഴും തുടരുന്നത്? അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നാളുകളിലേതിന് സമാനമോ അതിനേക്കാൾ സങ്കടകരമോ ആയ അവസ്ഥയിലൂടെയാണ് നമ്മൾ ഇന്ന് കടന്നുപോകുന്നത് എന്ന് ലേഖകൻ വാദിക്കുന്നു.
2025 ജൂൺ 25ന് അടിയന്തരാവസ്ഥക്ക് അമ്പതു വർഷം തികയും. ഇന്ത്യൻ ഭരണഘടന നിലവിൽവന്ന ശേഷം നടന്ന ഏറ്റവും വലിയ പരീക്ഷണകാലത്തിന്റെ ഓർമകൂടിയാണ് അടിയന്തരാവസ്ഥ സ്മരണകൾ. ജനാധിപത്യത്തിന്റെ ആഴം വിലയിരുത്തപ്പെടുന്നത് വിമർശനങ്ങളോടും വിയോജിപ്പുകളോടും അവിടത്തെ ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നു എന്നുകൂടി നോക്കിയിട്ടാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നാളുകളിലേതിന് സമാനമോ അതിനേക്കാൾ സങ്കടകരമോ ആയ അവസ്ഥയിലൂടെയാണ് നമ്മൾ ഇന്ന് കടന്നുപോകുന്നത്.
2010 ഒക്ടോബറില്‍ ഡല്‍ഹിയില്‍ ‘ആസാദി സെമിനാർ’ സംഘടിപ്പിച്ചതിനാണ് അരുന്ധതി റോയിക്കും സയ്യിദ് അലിഷാ ഗീലാനിക്കും എതിരെ രാജ്യദ്രോഹ കുറ്റങ്ങൾക്കുള്ള ക്രിമിനൽ വകുപ്പ് പ്രകാരം കേസെടുത്തത്. ഇത് എഴുതുമ്പോൾ വർഷങ്ങൾക്കുശേഷം അരുന്ധതി റോയിക്കെതിരെ ഏറ്റവും കിരാതമായ യു.എ.പി.എ ചുമത്താൻ ഭരണകൂടം അനുമതി നൽകിയിരിക്കുകയാണ്. ഇത് ഇന്ത്യയിലെ അഭിപ്രായപ്രകടനത്തിനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകൾക്ക് വഴിവെക്കുന്നു. ഒപ്പം, നമ്മുടെ ഭരണഘടനാ ജനാധിപത്യ വ്യവസ്ഥയിലുള്ള ആന്തരിക ദൗർബല്യങ്ങളെ വെളിപ്പെടുത്തുക കൂടി ചെയ്യുന്നു.
നമുക്ക് അറിയാവുന്നതുപോലെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ (പുതിയ സംസ്കൃത നിയമങ്ങളും അതിലെ വകുപ്പുകളും പഠിച്ചു വരുന്നേയുള്ളൂ എന്നതുകൊണ്ടും ഇവിടെ പരാമർശിക്കുന്ന കേസുകൾ എല്ലാം നേരത്തേ നിലവിലുണ്ടായിരുന്ന നിയമത്തിന് കീഴിലായിരുന്നു എന്നതുകൊണ്ടും പഴയ നിയമവും വകുപ്പുകളുംതന്നെ ഇവിടെ ഉപയോഗിച്ചിരിക്കുന്നു) അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ കൊളോണിയൽ കാലത്തിലെ നിയമങ്ങൾ തന്നെയാണ്. ഇന്ത്യൻ ഭരണഘടനക്ക് രണ്ടു തലങ്ങളുണ്ടെന്ന് പറയാറുണ്ട്. ഒന്ന് അതിന്റെ പരിവർത്തനോന്മുഖമായ ഭാഗവും മറ്റൊന്ന് നിലവിലുള്ള നിയമവ്യവസ്ഥയുടെ ഒരു തുടർച്ച ഉറപ്പുവരുത്തുന്ന തലവും. ഇതിൽ പൗരരുടെ സ്വാതന്ത്ര്യത്തെ ഉറപ്പുവരുത്തുന്ന അനുച്ഛേദം 19 (1) ഭരണഘടനയുടെ പരിവർത്തനോന്മുഖ തലത്തെയാണ് പ്രതിനിധാനംചെയ്യുന്നത്.
എന്നാൽ, ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന അനുച്ഛേദം 21 പോലെയോ തുല്യത പ്രദാനംചെയ്യുന്ന അനുച്ഛേദം 14 പോലെയോ വലിയ പരിവർത്തനത്തിന് വഴിവെച്ച ഒന്നായി നമുക്ക് അനുച്ഛേദം 19 (1 )നെ കാണാൻ കഴിയില്ല. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഒരു ഔദ്യോഗിക രേഖയുണ്ടായിരുന്നില്ലെങ്കിൽപോലും ചില കോമൺ ലോ അവകാശങ്ങൾ ഇവിടത്തെ‘പ്രജകൾക്ക്’ ഉണ്ടായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ രാജ്യദ്രോഹം, അശ്ലീലം, കോടതിയലക്ഷ്യം, അപകീർത്തി എന്നിവയായിരുന്നു. ഇത് ഭരണഘടന നിലവിൽ വന്നതിനുശേഷവും മാറ്റങ്ങളില്ലാതെ തുടരുന്നതായി കാണാം.
ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന രാജ്യദ്രോഹം എന്ന കുറ്റം അതേ സമയത്ത് ഇംഗ്ലണ്ടിൽ നിലവിലുണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായിരുന്നു. ഇംഗ്ലണ്ടിൽ രാജ്യദ്രോഹം എന്നത് ജാമ്യം അവകാശമായി ലഭിക്കുമായിരുന്നതും ശിക്ഷിക്കപ്പെടാൻ സാധ്യത തുലോം കുറഞ്ഞതുമായ ഒരു കുറ്റമായിരുന്നു. അതേസമയം, ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഏറക്കുറെ എല്ലാം ജാമ്യം ലഭിക്കാതെ തടവിലാക്കപ്പെടുകയും അവസാനം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതായിരുന്നു. ബാലഗംഗാധര തിലക് മൂന്നുതവണയാണ് രാജ്യദ്രോഹത്തിന് വിചാരണ നേരിട്ടത്. തിലകിന്റെ ചില പ്രസംഗങ്ങള്‍ ഭരണകൂടത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന ആരോപണത്തില്‍ 1897ലാണ് ആദ്യത്തെ വിചാരണ. ഈ കേസില്‍ തിലക് ശിക്ഷിക്കപ്പെട്ടു എങ്കിലും ഭരണകൂടത്തിനെതിരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അവമതിപ്പ് ഉണ്ടാക്കാന്‍ പാടില്ല എന്ന വ്യവസ്ഥയില്‍ 1898ല്‍ മോചിപ്പിക്കപ്പെട്ടിരുന്നു.
1908ല്‍ ‘കേസരി’യില്‍ എഴുതിയ മുഖപ്രസംഗത്തിന്റെ പേരില്‍ തിലക് വീണ്ടും വിചാരണ ചെയ്യപ്പെട്ടു. മുഹമ്മദലി ജിന്നയാണ് തിലകിനുവേണ്ടി കോടതിയില്‍ ഹാജരായി കേസ് വാദിച്ചത്. പക്ഷേ, തിലകിനെ ആറു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു കോടതി. 1916ല്‍ ബെല്‍ഗം, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് തിലകിനെതിരെ രാജ്യദ്രോഹ കുറ്റം വന്നത്. ‘യങ് ഇന്ത്യ’യില്‍ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങളുടെ പേരിലാണ് മഹാത്മാ ഗാന്ധിക്കെതിരെ 124 എ കൊളോണിയല്‍ ഭരണകൂടം പ്രയോഗിച്ചത്. എന്തുകൊണ്ട് നിയമം ലംഘിക്കുക എന്നത് തന്റെ ധാർമിക ബാധ്യതയായിരിക്കുന്നു എന്ന് വിശദീകരിച്ച ഗാന്ധി തനിക്ക് പരമാവധി ശിക്ഷ നൽകാനും ജഡ്ജിയോട് ആവശ്യപ്പെട്ടു. ആറു വര്‍ഷത്തെ തടവിനാണ് ഗാന്ധിജിയെ ശിക്ഷിച്ചത്.
ഈ വ്യത്യാസത്തിന് കാരണം ഇംഗ്ലണ്ടിലും ഇന്ത്യയിലും നിയമം നടപ്പാക്കുന്ന രീതിയിലെ വ്യത്യാസം മൂലമാണ്. ഇത് താരതമ്യേന ജാമ്യം ലഭിക്കാവുന്ന ലഘുവായ ഒരു കുറ്റം ആവുകയും ജൂറി ഇംഗ്ലീഷുകാർതന്നെയായതുകൊണ്ട് മിക്കവാറും തങ്ങളുടെതന്നെ സോദരരെ രക്ഷപ്പെടുത്തുന്ന വിധിയിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു . എന്നാൽ ഇന്ത്യയിൽ അന്ന് അത്തരം ഒരു അവസ്ഥയുണ്ടായിരുന്നില്ല എന്നതാണ്. തിലകിനെ വിചാരണ ചെയ്ത ബോംബെ ഹൈകോടതിയിലെ ഒമ്പതംഗ ജൂറിയിൽ ഏഴുപേർ വെള്ളക്കാരും രണ്ടുപേർ പാഴ്സികളുമായിരുന്നു. അവർ 7 -2 അനുപാതത്തിൽ തിലകിനെ കുറ്റക്കാരനായി കണ്ടു എന്ന് പറയുമ്പോൾ നേരത്തേ പരാമർശിച്ചത് കൂടുതൽ വ്യക്തമാകും.
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ)യിലാണ് അഭിപ്രായപ്രകടന സ്വാതന്ത്ര്യവും ആശയാവിഷ്കാര സ്വാതന്ത്ര്യവും പറയുന്നത്. 19 (2)ല്‍ അതിനുമേല്‍ രാഷ്ട്രത്തിനുള്ള നിയന്ത്രണങ്ങളും. പൗരന്റെ/ പൗരിയുടെ ആത്മാവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനൊപ്പം രാഷ്ട്രത്തിന്റെ ഏകതയും സുരക്ഷയും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന വൈരുധ്യം അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭരണഘടനാ നിർമാണസഭ ചര്‍ച്ചകളിലും ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ പിന്നീടു വന്ന ഭേദഗതിയിലും കാണാം. സത്യത്തില്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ ആവശ്യം പത്തൊമ്പതാം നൂറ്റാണ്ട് മുതലെങ്കിലും കാണാം. 1895ലെ ഇന്ത്യന്‍ ഭരണഘടനാ ബില്ലില്‍ത്തന്നെ (Indian Constitutional Bill, 1895) അതുണ്ട്.
അതില്‍ അനുച്ഛേദം 16ല്‍ നിരവധി അവകാശങ്ങളുടെ കൂട്ടത്തില്‍ മുന്നോട്ടുവെക്കുന്ന ഒരു അവകാശം അഭിപ്രായസ്വാതന്ത്ര്യമാണ്. പിന്നീടിങ്ങോട്ട് നിരവധിയായ കോണ്‍ഗ്രസ് പ്രമേയങ്ങളില്‍ ഈ ആവശ്യം ആവര്‍ത്തിക്കുന്നുണ്ട്. 1925ലെ കോമണ്‍ വെല്‍ത്ത് ഓഫ് ഇന്ത്യ ബില്ലിലെ ഏഴ് മൗലികാവകാശങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വതന്ത്രമായ ആശയപ്രകാശനവുമുണ്ട്. അതുകൊണ്ടുതന്നെ ഭരണഘടനാ നിർമാണസഭയുടെ സബ്കമ്മിറ്റി അവകാശങ്ങളുടെ കരടു രൂപപ്പെടുത്തുമ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ തര്‍ക്കങ്ങളും വിയോജിപ്പുകളും ഉണ്ടായില്ല. അവയുടെ മേല്‍ രാഷ്ട്രത്തിനുള്ള നിയന്ത്രണങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടാവുകയുംചെയ്തു.
1800കള്‍ മുതല്‍ ഇന്ത്യക്കാരുടെ മനസ്സില്‍ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും വേണ്ടിയുള്ള അഭിവാഞ്ഛ പ്രകടമായിരുന്നുവെങ്കില്‍ ഭരണഘടനാ നിർമാണസഭ ഭരണഘടനയുടെ കരട് തയാറാക്കുന്ന സമയത്തെ യാഥാർഥ്യങ്ങള്‍ അതിലെ അംഗങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയുന്നതായിരുന്നില്ല. വിഭജനം മനുഷ്യമനസ്സില്‍ സൃഷ്ടിച്ച തീരാ മുറിവുകള്‍ ഇന്ത്യന്‍ ജനതയെ വർഗീയമായി വിഭജിച്ചിരുന്നു. വലിയൊരു അഭയാർഥി സമൂഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഭരണകൂടത്തിനെ തുറിച്ചുനോക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലുണ്ടായിരുന്ന പല നാട്ടുരാജ്യങ്ങളെയും പലവിധ ശ്രമങ്ങളിലൂടെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുമ്പോഴും ചില നാട്ടുരാജ്യങ്ങള്‍ ഇതിനോട് ചേരാതെ സ്വതന്ത്ര അസ്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അനിയന്ത്രിതമായ അഭിപ്രായ ആശയാവിഷ്കാര സ്വാതന്ത്ര്യം എന്നത് രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനവും കൂടി കാംക്ഷിക്കുന്ന ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല.
മുഹമ്മദലി ജിന്ന,ശ്യാമപ്രസാദ് മുഖർജി
അഭിപ്രായപ്രകടനത്തിനും ആശയാവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം എന്നതിനോടൊപ്പംതന്നെ അതിനുമേലുള്ള രാഷ്ട്ര നിയന്ത്രണം എന്നതും വളരെ സ്വാഭാവികമായിരുന്നു അന്നത്തെ ചരിത്ര സന്ദര്‍ഭത്തില്‍. നിയന്ത്രണങ്ങള്‍ എന്തായിരിക്കണം എന്നതില്‍ മാത്രമായിരുന്നു വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തത്. 1947 ഏപ്രിലില്‍ ആദ്യ കരട് തയാറാക്കി 1949 നവംബറില്‍ അവസാനമായി അംഗീകരിക്കുന്നതിനിടയില്‍ ചുരുങ്ങിയത് ആറു തവണയെങ്കിലും ഈ അനുച്ഛേദത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. പക്ഷേ, ഭരണഘടന നിലവില്‍ വന്ന രണ്ടു വര്‍ഷത്തിനകംതന്നെ 1951ല്‍ ഒന്നാം ഭരണഘടന ഭേദഗതിയിലൂടെ വീണ്ടും ഇതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു എന്നാണ് ചരിത്രം. അതിന് വഴിെവച്ചത് കോടതി ഇടപെടലുകളും.
ഭരണഘടന നിലവില്‍ വന്ന് പതിനഞ്ച് മാസങ്ങള്‍ക്കകം സുപ്രീംകോടതിയും സംസ്ഥാന ഹൈകോടതികളും നിരവധി ‘പൊതു സുരക്ഷ’ നിയമങ്ങള്‍ (Public Safety Act) അനുച്ഛേദം 19 (1) (എ)യുടെ ലംഘനമാണെന്ന് പറഞ്ഞ് റദ്ദാക്കിയിരുന്നു. മാധ്യമ അടിയന്തര അധികാര നിയമം 1931, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ, 153 എന്നിവ ഇങ്ങനെ റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. ഈ ഒരു വിഷമസന്ധിയില്‍നിന്നും രക്ഷപ്പെടുന്നതിനാണ് ഒന്നാം ഭരണഘടനാ ഭേദഗതി അനിവാര്യമായിത്തീര്‍ന്നത്. Romesh Thapar v State Of Madras, Brij Bhushan v State of Delhi എന്നീ കേസുകളില്‍ യഥാക്രമം മദ്രാസ് പൊതു ക്രമ പരിപാലന നിയമം, 1949 (Madras Maintenance of Public Order Act, 1949), കിഴക്കന്‍ പഞ്ചാബ് പൊതു സുരക്ഷ നിയമം, 1949 (East Punjab Public Safety Act, 1949) എന്നിവയുടെ ഭരണഘടനാ സാധുതയാണ് സുപ്രീംകോടതി പരിശോധിച്ചതും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതും.
റൊമേഷ് ഥാപ്പര്‍ ‘ക്രോസ് റോഡ്’ എന്ന ഇടതുപക്ഷാഭിമുഖ്യമുള്ള കമ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ ആയിരുന്നു. ‘ക്രോസ് റോഡ്’ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്ന 1949 ഏപ്രിലില്‍ തമിഴ്നാട്, കേരള, ആന്ധ്ര, കർണാടക എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നു. മദ്രാസ് നിയമത്തിന്റെ കീഴില്‍ ‘ക്രോസ് റോഡ്’ തമിഴ്നാട്ടില്‍ നിരോധിച്ചതിനെയാണ് റൊമേഷ് ഥാപ്പര്‍ ചോദ്യംചെയ്തത്. ബ്രിജ് ഭൂഷൺ ‘ഓര്‍ഗനൈസര്‍’ എന്ന ആര്.എസ്.എസ് മുഖമാസികയുടെ പ്രിന്ററും പ്രസാധകനുമായിരുന്നു. ‘ഓര്‍ഗനൈസറി’ല്‍ പ്രസിദ്ധീകരിക്കുന്ന വർഗീയ സ്വഭാവമുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍, കാര്ട്ടൂണുകള്, പാകിസ്താനെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നിവക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഡല്‍ഹി ചീഫ് കമീഷണറുടെ ഉത്തരവാണ് ബ്രിജ് ഭൂഷൺ ചോദ്യം ചെയ്തത്. ഈ ഉത്തരവുകളും സുപ്രീംകോടതിയിലെ ഭരണഘടനാപരീക്ഷയെ അതിജീവിച്ചില്ല എന്നത് ഭരണഘടനാ ഭേദഗതി അനിവാര്യമാക്കി.
മേയ് 12ന് നെഹ്റുവാണ് ഭേദഗതി നിർദേശങ്ങള്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ അഭിപ്രായ ആശയാവിഷ്കാര സ്വാതന്ത്യത്തെ നിയന്ത്രിക്കാനുള്ള ഭേദഗതി നീക്കത്തെ ഏറ്റവും ശക്തിയായി എതിര്‍ത്തത് ഹിന്ദു മഹാസഭ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയും. 20ന് എതിരെ 228 വോട്ടുകള്‍ക്ക് ഭേദഗതി ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചു. നേരത്തേ ഉണ്ടായിരുന്ന “tend to overthrow the state”എന്നതിനു പകരം “in the interests of the security of the state” എന്നും Libel, Slander എന്നതിനുപകരം Defamation എന്നതും ഉള്‍പ്പെടെ മുന്‍കാല പ്രാബല്യത്തോടെയും പില്ക്കാല പ്രാബല്യത്തിലും യുക്തിസഹമായ നിയന്ത്രണങ്ങള്‍ (Reasonable Restrictions) ഏര്‍പ്പെടുത്തുന്നതിന് രാഷ്ട്രത്തിന് അധികാരം നൽകി. പിന്നീട് ഈ അനുച്ഛേദത്തില്‍ ഭേദഗതി വരുന്നത് 1963ല്‍ 16ാം ഭരണഘടന ഭേദഗതിയിലൂടെയാണ്. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയുംകൂടി 19 (2)ല്‍ കൂട്ടിച്ചേര്‍ക്കുന്നു.(Sovereignty and Integrity).
ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം എഴുതിയ ഗ്രാൻവലെ ഓസ്റ്റിൻ ചൂണ്ടിക്കാണിക്കുന്ന കൗതുകകരമായ കാര്യം ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യയിൽ മുസ്ലിം ലീഗിന് ഒരു സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെങ്കിൽ സ്വതന്ത്ര ഇന്ത്യയിൽ തമിഴ്നാട്ടിൽനിന്നുള്ള ഡി.എം.കെ എന്ന കക്ഷിക്ക് തമിഴ്നാടിന്റെ അവകാശങ്ങൾക്ക് വാദിക്കുന്നതിൽ ഭരണഘടനാപരമായ പരിമിതികൾ ഉണ്ടെന്നാണ്. അതുകൊണ്ടാണ് രാജീവ് ധവാൻ സ്വാതന്ത്ര്യത്തിന് എതിരെയുള്ള 124 എ ഉൾപ്പെടെയുള്ള നിയമങ്ങളെക്കുറിച്ച് ‘‘ഒരു വിദേശ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ അധികാരങ്ങൾ ഒരു സ്വതന്ത്ര പരമാധികാര ഭരണസംവിധാനത്തിന്റെ സ്വാഭാവിക അധികാരങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു’’ എന്ന് എഴുതിയത്.
എം.എഫ്. ഹുസൈൻ,പെരുമാൾ മുരുകൻ,അസീം ത്രിവേദി
അടിയന്തരാവസ്ഥയിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്തുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യവും പൗരരുടെ അഭിപ്രായ ആശയപ്രകാശന സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടത് എങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ, മൗലികാവകാശങ്ങൾ റദ്ദുചെയ്യാതെ തന്നെയാണ് മീഡിയവൺ ചാനലിന്റെ പ്രവർത്തനം ഇവിടെ തടയപ്പെട്ടത്. ‘മീശ’ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന വാരികയിൽ അത് നിർത്തേണ്ടിവന്നത് അത് നിയമംമൂലം നിരോധിച്ചിട്ടല്ല. ‘മാധ്യമം ആഴ്ചപ്പതിപ്പി’ന്റെ കഴിഞ്ഞ ലക്കങ്ങളിൽ പെരുമാൾ മുരുകൻ പറഞ്ഞ അഭിപ്രായവും ഡോ. എം.എം. ബഷീറിന്റെ രാമായണപഠനം ‘മാതൃഭൂമി’ പത്രത്തിൽ നിർത്തേണ്ടിവന്നത് പ്രേംചന്ദ് അനുഭവ പരമ്പരയിൽ എഴുതിയതും ഇവിടെ ഓർമിക്കാം. പെരുമാൾ മുരുകൻ പറഞ്ഞത് എഴുതുമ്പോൾ എഴുത്തുകാരൻ അറിയാതെതന്നെ ഒരു സ്വയം സെൻസർഷിപ്പിന് വിധേയനാകുന്നു എന്നാണ്.
പ്രേംചന്ദ് അനുസ്മരിച്ചതാകട്ടെ ഹിന്ദുത്വ രാഷ്ട്രീയ ഭീഷണിയിൽ ഒരു മുസ്ലിം നാമധാരിയുടെ രാമായണ പഠനം പ്രസിദ്ധീകരണം നിർത്തേണ്ടിവന്നതും. ഇതിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നുമാത്രം വിശദീകരിച്ചാൽ അത് പൂർണമാകില്ല. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം ഭരണകൂടത്തിന് എതിരെ മാത്രമാണ്. ഭരണകൂടം നടത്തുന്ന സ്വാതന്ത്ര്യനിഷേധങ്ങൾ മാത്രമേ നിങ്ങൾക്ക് ഭരണഘടനാപരമായി ചോദ്യംചെയ്യാൻ കഴിയൂ. അതേസമയം ഇന്ന് നിലനിൽക്കുന്നത്, ഇവിടെ പ്രവർത്തിക്കുന്നത് ഭരണകൂട ബാഹ്യമായ അധികാര കേന്ദ്രങ്ങളാണ്. അവയിൽനിന്ന് സംരക്ഷണം നൽകാനോ സ്വാതന്ത്ര്യം സംരക്ഷിക്കാനോ ഇന്നത്തെ ഭരണഘടനാ വ്യവസ്ഥയിൽ സാധ്യമല്ല. അത് ഇന്ത്യയിൽ നിലനിൽക്കുന്ന ഭരണഘടനാപരമായ ഒരു പരിമിതിയോ ദൗർബല്യമോ ആണ്.
ചുരുക്കത്തിൽ അരുന്ധതി റോയിയെപ്പോലെ, ബിനായക് സെന്നിനെപ്പോലെ, കശ്മീര്‍ താഴ്വരയിലെ അസ്വസ്ഥതകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍കൂടി ചോദ്യ പേപ്പറില്‍ ഉൾപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ജമ്മു-കശ്മീരില്‍ ശ്രീനഗര്‍ ഗാന്ധി മെമ്മോറിയല്‍ കോളജില്‍ അധ്യാപകനായ നൂര്‍ മുഹമ്മദ് ഭട്ടിനെപ്പോലെ, കാര്‍ട്ടൂണ്‍ വരച്ചതിന് രാജ്യദ്രോഹം ചുമത്തപ്പെട്ട കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയെപ്പോലെയുള്ളവർ ഭരണഘടനാ നിയമ വ്യവസ്ഥക്കുള്ളിൽനിന്നുകൊണ്ടുതന്നെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ എം.എഫ്. ഹുസൈൻ മുതൽ പെരുമാൾ മുരുകനും എസ്. ഹരീഷും വരെ ഭരണകൂട ബാഹ്യമായ അധികാര കേന്ദ്രങ്ങളിൽനിന്ന് സ്വാതന്ത്ര്യനിഷേധത്തെ നേരിടേണ്ടിവരുന്നു. ഇത് രണ്ടിനെയും ഒരുപോലെ നേരിടണമെങ്കിൽ ആഴത്തിലുള്ള ജനാധിപത്യവത്കരണംകൊണ്ട് മാത്രമേ സാധ്യമാകൂ. പ്രഖ്യാപിത അടിയന്തരാവസ്ഥ കാലഘട്ടത്തിലെ സ്വാതന്ത്ര്യനിഷേധത്തെക്കുറിച്ചുള്ള ഓർമകൾ അത്തരം ഒരു പ്രതിരോധ പ്രവർത്തനത്തിന് ഊർജം പകരാതിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.