മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
രണ്ടായിരാമാണ്ടിലാണ് ‘പരസ്യക്കോലം’ എന്ന കഥ ‘സമകാലിക മലയാളം’ വാരികയിൽ പ്രസിദ്ധീകരിച്ചത്. അക്കാലത്ത് കോർപറേറ്റുകളുടെ പിടിമുറുക്കവും പരസ്യങ്ങളുടെ ആധിക്യവും ജീവനുകളുടെ മേലുള്ള അവയുടെ അധിനിവേശങ്ങളും ഇത്രമാത്രം ശക്തവും വ്യാപകവുമായിരുന്നില്ല. കുറച്ചു നാളുകൾക്കു ശേഷം എറണാകുളം വൈറ്റില ജങ്ഷനിൽ തിരക്കേറും സായാഹ്നങ്ങളിൽ പരസ്യക്കോലം ആടുന്നു എന്നറിഞ്ഞ് താൽപര്യത്തോടെ എത്തിച്ചേർന്ന എനിക്ക് പരസ്യവേഷം ധരിച്ച മനുഷ്യക്കോലം താളത്തിൽ ചുവടുകൾവെച്ച് കാണികളെ ആകർഷിക്കുന്നതു കാണാനായി.
‘പരസ്യക്കോല’ത്തിലെ എട്ടു വയസ്സുകാരൻ ഉണ്ണിക്കുട്ടൻ ഒരു നാൾ കണ്ടപ്പോൾ തന്‍റെ അച്ഛന്‍റെ ദേഹത്തിന് പച്ചനിറമായിരുന്നു. മറ്റൊരു ദിനം നീലയും. പതിവായി ഷർട്ട് ധരിച്ചിരുന്നെങ്കിലും എപ്പോഴോ ഇടാൻ വിട്ടുപോയ ബട്ടൻസിന്‍റെ വിടവിലൂടെ കണ്ടുപോയതാണ്. മാഞ്ഞുപോകാത്ത അക്ഷരങ്ങളും പ്രത്യക്ഷമായിരുന്നു. അച്ഛന് പെയിന്റിന്‍റെ ഗന്ധമാണെന്ന് ഉണ്ണിക്കറിയാമായിരുന്നു. സ്കൂളിലെ സഹപാഠിയുടെ പിതാവിന്‍റെ ബിസിനസ് പരസ്യമായി ഉണ്ണിയുടെ അച്ഛൻ കോലമാടുന്നു എന്ന് അവൻ കൂട്ടുകാരുടെ മുന്നിൽവെച്ച് പ്രഖ്യാപിച്ചതു കേട്ടപ്പോഴാണ് ഉണ്ണി അച്ഛനെ കാണാനായി വീടു വിട്ടിറങ്ങിയത്.
‘പരസ്യക്കോലം’ കഥ പ്രസിദ്ധീകരിച്ചതിനുശേഷം ഒരിക്കൽ രാത്രി സ്വപ്നത്തിൽ അജ്ഞാതയായ ഒരു പെൺകുട്ടിയുടെ നിവർത്തിവെച്ച കൈത്തലത്തിൽ ഒരു കാരിരുമ്പു മുദ്ര കരുത്തോടെ അമരുന്നതു കണ്ട് ഞാൻ ഞെട്ടിയെഴുന്നേറ്റത് മറക്കാനാവില്ല. അസാധാരണമായൊരു ദുഃസ്വപ്നം എന്നതിലുപരി അതൊരു നിമിത്തമോ സൂചനയോ ആണെന്ന് അപ്പോഴെനിക്ക് തോന്നിയില്ല. ആ ദിവസങ്ങളിലൊന്നിൽ നല്ലൊരു വായനക്കാരനും വാഗ്മിയുമായ സുഹൃത്ത് സി.ബി. വേണുഗോപാലിനെ കണ്ടപ്പോൾ അദ്ദേഹമാണ് ജൂൈല രണ്ടിലെ ‘ഹിന്ദു’ പത്രത്തിൽ വന്ന വാർത്തയെക്കുറിച്ചു പറഞ്ഞത്. ‘‘സാറിനത് ഒരു കഥയ്ക്കുള്ള വിഷയമാക്കാൻ കഴിയും’’ എന്നുകൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഉടനെ തന്നെ പത്രം സംഘടിപ്പിച്ചു വായിച്ചു. ലോസ് ആഞ്ജലസിൽനിന്നുള്ള ഒരു വാർത്തയായിരുന്നു അത്. ‘Golden Palace.com’ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ പരസ്യം നെറ്റിയിൽ പതിച്ച സുന്ദരിയായൊരു പെൺകുട്ടിയുടെ ചിത്രത്തോടൊപ്പമുണ്ടായിരുന്ന വാർത്തയുടെ തലക്കെട്ട് ‘Sell forehead space to pay college fees’ എന്നായിരുന്നു.
അത് വല്ലാത്തൊരു നടുക്കമാണ് എന്നിലുണ്ടാക്കിയത്. ആ പത്രവാർത്ത വായിച്ച് എന്‍റെ കൈകൾ വിറച്ചു. നെഞ്ച് ക്രമാതീതമായി മിടിക്കാൻ തുടങ്ങി. അപ്പോൾ എനിക്ക്, വൈറ്റില ജങ്ഷനിൽ പരസ്യവേഷം കെട്ടിയാടിയ പരസ്യക്കോലത്തെ ഓർമവന്നു. സ്വന്തം ദേഹത്ത് കമ്പനിക്കാർ പെയിന്റിൽ എഴുതിവെച്ച പരസ്യാക്ഷരങ്ങളെ മൂർച്ചയുള്ള ബ്ലേഡുകൊണ്ട് ചെത്തിമാറ്റിക്കൊണ്ട് ശരീരത്തെ സ്വന്തമാക്കാൻ കൊതിച്ച ഉണ്ണിക്കുട്ടന്‍റെ അച്ഛൻ മനസ്സിലേക്ക് കടന്നുവന്നു.
‘പരസ്യക്കോലം’ എഴുതുന്ന കാലത്ത് ആ വിഷയം പുതുമയുള്ളതായിരുന്നു. പ്രത്യേകിച്ച് കഥയിൽ. എന്നാൽ, പിന്നീട് പരസ്യങ്ങളുടെ പുതുയുഗം പിറക്കുകയായിരുന്നു. ഉപഭോക്താക്കളെ വിഭ്രമിപ്പിച്ചുകൊണ്ടുള്ള പരസ്യസൂത്രങ്ങളുടെ ജാലം വ്യാപകമായി. അതുമായി ബന്ധപ്പെട്ട വലിയൊരു സാമ്രാജ്യംതന്നെ സൃഷ്ടിക്കപ്പെട്ടു. പ്രപഞ്ചം നിറച്ചുകൊണ്ടുള്ള പരസ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു എവിടെയും. പരസ്യവിദ്യ കിടമത്സര വാശിയിൽ വളരുകയും നിയന്ത്രണങ്ങൾ ഭേദിക്കുകയുംചെയ്തു. ഉൽപന്നങ്ങളെ കൂടുതൽ ആകർഷകമാക്കാനുള്ള ശ്രമങ്ങളിൽ പരസ്യങ്ങൾ ആയുധങ്ങളായി. പോരാട്ടങ്ങളുണ്ടായി. പരസ്യങ്ങൾക്ക് എവിടെയും അനുവാദമില്ലാതെ കടന്നുചെല്ലാമെന്നു വന്നു. സ്വാതന്ത്ര്യത്തോടെ ഏതു കണ്ണുകൾക്കു മുന്നിലും പ്രത്യക്ഷപ്പെടാം. കാതുകളിലേക്ക് തുളച്ചുകയറാം. സ്വകാര്യതകളിലേക്ക് വരെ ചെന്നെത്താം. അവ വർധിച്ചു വന്ന
തോടെ പരസ്യദല്ലാൾമാർ അവശേഷിച്ച ഒഴിവിടങ്ങൾ തേടി നടന്നു. വായു, ജലം, ഭൂമി, ആകാശം, കെട്ടിടം, വൃക്ഷങ്ങൾ, മൃഗശരീരങ്ങൾ... ഇവയിൽ പലതും താങ്ങാവുന്നതിലേറെ പരസ്യങ്ങൾ താങ്ങി തളർന്നു. പിന്നീടാണ് തൊഴിൽ തേടി നടക്കുന്ന ചെറുപ്പക്കാരിലേക്ക് അവർ തിരിഞ്ഞത്. ആ യുവാക്കളുടെ ഉടലുകൾ വലിയ മുതൽമുടക്കില്ലാതെ വാടകക്കെടുക്കാനാവും എന്നവർ കണക്കുകൂട്ടി. അപ്പോഴും ചിലയിടങ്ങളിൽ പരസ്യങ്ങൾ സർഗാത്മകമായി. അവ പരസ്യകലയായി. സർഗസാഹിത്യവും സംഗീതവും മറ്റു കലകളും അവയിൽ ഒളിഞ്ഞും തെളിഞ്ഞും കടന്നുവന്നു. മാറ്റങ്ങൾ അതിവേഗമാണ് കടന്നുവന്നത്. പ്രത്യേകിച്ചും ആഗോളവത്കരണാനന്തര കാലത്ത്. സാങ്കേതികവിദ്യയുടെ അസാധാരണ വികാസവും അതിന് ആക്കംകൂട്ടി. ഉപഭോക്തൃ മനോഭാവം അധികരിച്ച സമൂഹങ്ങൾക്കായിട്ടാണ് കോർപറേറ്റുകൾ ആകർഷണമൊരുക്കുന്നത്. അതിനായി അവർ പരസ്യത്തെ പ്രധാന ചൂണ്ടയാക്കി ഉപയോഗിക്കുന്നു. അതിൽ മയങ്ങി വിധേയരാവുന്നവരുടെ സമൂഹങ്ങൾ വർധിക്കുന്നതോടെ പരസ്യ ശരീരങ്ങൾക്ക് സാധ്യത കൂടുന്നു.
നെറ്റിയിൽ പരസ്യം പതിച്ച പെൺകുട്ടിയുടെ ചിത്രം തുടർന്നുള്ള അനേകം ദിവസങ്ങളിൽ വ്യഥയായി മനസ്സിനെ ഉലച്ചു. അസ്വസ്ഥതക്കു കാരണം തേടിയ സഹധർമിണിയോടുപോലും യാഥാർഥ്യം പറയാനാവാതെ ഞാൻ വലഞ്ഞു. അതിനിടയിൽ പലപ്രാവശ്യം ഗൂഗ്ൾ എടുത്ത് തെറ്റായൊരു കൃത്യം ചെയ്യുന്നപോലെ ഞാൻ Golden palace.comൽ ആ പെൺകുട്ടിയെ തിരഞ്ഞു. എന്നാൽ, അത് ഫലവത്തായില്ല. പ്രക്ഷുബ്ധമായ എന്‍റെ മനസ്സിന്‍റെ ശമനസാധ്യത അകലെയാണെന്ന് എനിക്കു തോന്നി. എപ്പോഴോ ഒരു കഥയുടെ സാധ്യത എന്‍റെ മനസ്സിൽ തെളിഞ്ഞുവന്നെങ്കിലും അത് വളരാൻ ഞാൻ മനഃപൂർവം അനുവദിച്ചില്ല. കാരണം, നേരത്തേ ‘പരസ്യക്കോലം’ എഴുതിവെച്ചിട്ടുണ്ടല്ലോ. പരസ്യം പ്രമേയമാക്കി രണ്ടാമതൊന്ന് സാധുവാകില്ലെന്ന് മനസ്സ് വിലക്കി. അതോടെ ആ സമയത്ത് കഥയെഴുതാമെന്ന ചിന്ത ഞാൻ ഉപേക്ഷിച്ചു.
എന്നാൽ മനസ്സ് കലങ്ങിക്കിടന്നു. പത്രത്തിലെ പെൺകുട്ടിയുടെ ഭാവിയെ സംബന്ധിച്ച് ശുഭകരമല്ലാത്ത സങ്കൽപങ്ങൾ വളർത്തി ഞാൻ ഉത്കണ്ഠപ്പെട്ടു. ഇപ്രകാരം ഒരു വാർത്ത മനസ്സിനെ മഥിക്കുന്ന ഒരു അവസ്ഥ അതിനു മുമ്പോ പിമ്പോ എനിക്കുണ്ടായിട്ടില്ല. അങ്ങനെ സമാധാനമില്ലാത്ത മനസ്സുമായി കഴിഞ്ഞ നാളുകളിൽ എപ്പോഴോ, ഈ വിഷയം നിനക്കുള്ളതാണ്, നിനക്കുമാത്രം എഴുതാനായി മാറ്റിവെച്ചിട്ടുള്ളതാണ് എന്നൊരു ഉൾവിളിയുണ്ടായി എനിക്ക്. അങ്ങനെ, പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിൽ വേണ്ട, എഴുതാതിരിക്കാൻ നിവൃത്തിയില്ല എന്ന അവസ്ഥയിൽ എത്തിച്ചേർന്ന ഞാൻ എനിക്കുവേണ്ടി കഥ കുറിച്ചു തുടങ്ങുകയായിരുന്നു.
ലൂസിയാനോ ഗൊബെറ്റി എന്ന് അവൾക്ക് പേരിടുകയായിരുന്നു ഞാൻ ആദ്യം ചെയ്തത്. തുടർന്ന് കീഴെ ഒരു വാചകം എഴുതി: ‘‘പെൺകുട്ടി തന്‍റെ നെറ്റിത്തടം ലേലംചെയ്ത് ബഹുരാഷ്ട്ര കമ്പനിക്ക് പരസ്യം പതിക്കാൻ വിറ്റു, പഠനത്തിനുള്ള പണം കണ്ടെത്താൻ.’’ ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയും ഒപ്പം പരസ്യം നെറ്റിയിൽ പച്ചകുത്തിയ പെൺകുട്ടിയുടെ പുഞ്ചിരിക്കുന്ന ചിത്രവും അതുപോലെ ചേർത്തുകൊണ്ടായിരുന്നു കഥയുടെ തുടക്കം. കഥയുടെ വികാസത്തിനായി ആ വിദ്യാർഥിനിയുമായുള്ള അഭിമുഖ സംഭാഷണം ഒരു വിദേശ പ്രസിദ്ധീകരണത്തിൽ വായിച്ചുവെന്ന് ഞാൻ വിഭാവനംചെയ്തു. അതിലവൾ പറഞ്ഞത് മാതാപിതാക്കൾ വിവാഹമോചനം നടത്തിയതും മമ്മി ബോയ് ഫ്രൻഡിന്‍റെ കൂട്ടുകൂടി പോയതുമായിരുന്നു...
പിന്നീട് എന്‍റെ സങ്കൽപത്തിൽ കഥ വളരുകയായിരുന്നു. കോളജ് ലൈബ്രറിയിലെ വായനക്കിടക്കാണ് ലൂസിയാനോ ‘പരസ്യക്കോലം’ എന്ന കഥയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കുന്നതും അതിൽനിന്നും ഉടൽ പരസ്യത്തിന്‍റെ വിപണനസാധ്യത അവളിൽ തെളിയുന്നതും. തുടർന്ന് അവൾ തന്‍റെ നെറ്റി വെച്ച് ലേലപ്പരസ്യം നൽകുകയായിരുന്നു.
ഞാൻ പോലുമറിയാതെ കഥ കടലാസിലേക്ക് അനായാസം ഒഴുകിവന്നത് അത്ഭുതത്തോടെ ഞാൻ നോക്കിയിരുന്നു. കൃത്യമായി പഠിച്ചുവെച്ച ഒരു ഉത്തരം ആവേശത്തോടെ പരീക്ഷാ കടലാസിൽ എഴുതിവെക്കുന്ന പോലെയായിരുന്നു അത്. ചില കഥകൾ അങ്ങനെയാണ്. മനസ്സിൽപോലും തോന്നിക്കാതെ മസ്തിഷ്കത്തിന്റെ നിഗൂഢതകളിൽ ഒളിഞ്ഞിരിക്കും, അനുകൂല സാഹചര്യമെത്തുമ്പോൾ നിശ്ശബ്ദമായി ഉയർന്നുവരും. ഇതറിയാതെ എഴുത്തുകാരന്‍റെ ബോധമനസ്സ് കഥ വരുന്നതും കാത്തുനിൽക്കും.
കേവലം ഒരു പത്രവാർത്തയിലെ പെൺകുട്ടിയുടെ, അതും ഒരു വിദേശിയുടെ ഭാവിയെക്കുറിച്ച് താൻ എന്തിന് അനാവശ്യമായി ഇത്രയേറെ വേവലാതിപ്പെടുന്നുവെന്ന് ഞാൻ പലവട്ടം ചിന്തിച്ചു. അപ്പോഴൊക്കെ ഉത്തരമായി കൺമണി മനസ്സിലേക്ക് കടന്നുവന്നു. മാത്രമല്ല, പരസ്യക്കോലത്തിലെ ഉണ്ണിക്കുട്ടൻ കോലത്തിന്‍റെ വേഷം കെട്ടിയത് എഴുതിയപ്പോളുണ്ടായ നീറ്റൽ മറക്കാനാവാതെ തെളിഞ്ഞുനിൽക്കുകയുംചെയ്തു. അതേ അവസ്ഥയിൽപെട്ട് പരസ്യം ചുമക്കാൻ വിധിക്കപ്പെട്ട ശരീരമായി ലൂസിയാനോ ഉടമ്പടിയുടെ കെട്ടുപാടിൽ എെന്നന്നേക്കുമായി കുടുങ്ങിക്കിടക്കുകയാണല്ലോ എന്ന് ഞാൻ ആശങ്കപ്പെടുകയും അടുത്ത നിമിഷത്തിൽ, ആ സ്ഥാനത്ത് കൺമണിയായിരുന്നെങ്കിലോ എന്നു ചിന്തിച്ച് നടുങ്ങുകയുംചെയ്തു.
‘‘മോളേ, നിന്‍റെ നെറ്റിയിലെ പരസ്യാക്ഷരങ്ങൾ കുരുക്കാണ്. ജീവിതത്തിന്‍റെ സ്വാതന്ത്ര്യം കവർന്ന് വിധേയമാക്കുന്ന കെണി’’ എന്ന് ഞാൻ ലൂസിയാനോവിന് അക്ഷരസന്ദേശമയച്ചു. ‘‘നിവൃത്തികെട്ടിട്ടാണങ്കിൾ, പണത്തിനു വേറെ മാർഗമില്ലെനിക്ക്’’ എന്നവൾ മറുകുറിപ്പയച്ചപ്പോൾ എനിക്ക് മറുപടിയില്ലാതായി. കമ്പനി പരസ്യമായി, ഗർഭനിരോധന സൂത്രവാക്യം പതിച്ച സ്വന്തം നെറ്റി ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ വിധിക്കപ്പെട്ട സർവകലാശാല വിദ്യാർഥിനിയുടെ ജന്മശാപത്തെ നിസ്സഹായമായി കണ്ടുനിൽക്കാനേ ആവൂ എന്നു ഞാൻ തിരിച്ചറിഞ്ഞു.
തന്‍റെ ബാങ്ക് കരുതൽ നിക്ഷേപം ഉപയോഗിച്ച് കമ്പനിയിൽ നിന്നുള്ള ലൂസിയാനോവിന്‍റെ കടബാധ്യത അവസാനിപ്പിച്ചാൽ പരസ്യക്കുരുക്കഴിക്കാം. ഒഴിഞ്ഞ നെറ്റിയിലപ്പോൾ പൊട്ടു തൊടാം. ആ മോചനദ്രവ്യം പക്ഷേ, കൺമണിയുടെ ഉന്നത വിദ്യാഭ്യാസത്തിന്, ബഹിരാകാശ ഗവേഷണ സ്വപ്നത്തിന് മാറ്റിവെച്ചതായിരുന്നു. രണ്ടിൽ ഒരാളുടെ പഠനത്തിനു മാത്രമേ അത് തികയൂ. പഠിക്കാനുള്ള ആസക്തി ഇരുവർക്കും ഒരേ പോലെയായിരുന്നല്ലോ...
ഒരു പത്രവാർത്തയിലൂടെ ഉയർന്നു വന്ന പെൺകുട്ടിയെക്കുറിച്ചുള്ള നിരന്തര ചിന്ത ഉണ്ടാക്കിയ അസ്വാഭാവിക ഉത്കണ്ഠയിൽനിന്ന് ഒരു കഥാപാത്രം പിറക്കുകയായിരുന്നു. കഥ വരുന്ന വഴികളെക്കുറിച്ചുള്ള എന്‍റെ അത്ഭുതങ്ങളിൽ ഒന്നുകൂടി കൂട്ടിച്ചേർക്കുകയായിരുന്നു ഇവിടെ. മനുഷ്യജീവിത യാത്രകളുടെ ഗതികൾ തിരുത്തുന്ന അനിശ്ചിതത്വങ്ങളും അപ്രതീക്ഷിത സംഭവ വികാസങ്ങളും പോലെതന്നെ കഥയുടെ സഞ്ചാരങ്ങളെ തിരിച്ചുവിടുന്ന മനസ്സിന്‍റെ പ്രവചനാതീതങ്ങളായ ചാഞ്ചാട്ടങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന് അറിയാനാവാതെ സഹ എഴുത്തുകാരെപ്പോലെ ഞാനും പരിതപിച്ചു.
ലൂസിയാനോവിനെ നേരിൽ കാണണമെന്നും അവളോട് സംസാരിക്കണമെന്നും ഞാൻ അതിയായി ആശിച്ചു. ‘ഹിന്ദു’ പത്രത്തിലെ വാർത്തയുടെ ഉത്ഭവസ്ഥാനത്തു തന്നെ അന്വേഷിച്ച് വിവരങ്ങൾ സമ്പാദിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ആ ശ്രമം വിജയിച്ച് അവളെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഈ കഥ ഇങ്ങനെയാവുമായിരുന്നില്ല. ചിലപ്പോൾ എഴുതുകപോലുമുണ്ടാവില്ലായിരുന്നു. യാഥാർഥ്യം എന്‍റെ സങ്കൽപനങ്ങൾക്കപ്പുറം സങ്കീർണമായിരുന്നെങ്കിൽ അവിശ്വസനീയമായ മറ്റൊരു കഥയാവുമായിരുന്നു പിറന്നിരിക്കുക. പക്ഷേ, ഉറവിടത്തിൽനിന്നും ഉദ്ദേശിച്ച വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ ഞാൻ ഭാവന വളർത്തിയെടുത്ത് അതിലൂടെ അവളെ തിരയാൻ തുടങ്ങി. അങ്ങനെയാണ് ‘പരസ്യ ശരീരം’ എന്ന കഥാശരീരം വികസിച്ചുവന്നത്. അതിനിടയിൽ, അമേരിക്കയിലുള്ള സുഹൃത്തിന് ഞാൻ ഒരു സന്ദേശമയച്ചു, പത്രത്തിൽ പ്രസിദ്ധീകരിച്ച പെൺകുട്ടിയുടെ ചിത്രം സഹിതം. പെൺകുട്ടിയെ കണ്ടെത്താൻ ശ്രമിക്കാനായിരുന്നു എന്‍റെ അപേക്ഷ.
വലിയ ശ്രമങ്ങൾക്കു ശേഷം, സ്വന്തം നെറ്റി കമ്പനിക്കാർക്ക് പരസ്യം പതിക്കാൻ വിറ്റ് ചരിത്രം സൃഷ്ടിച്ച അമേരിക്കൻ പെൺകുട്ടിയുമായി അഭിമുഖ സംഭാഷണം നടത്തിയ ലേഖകനുമായി ബന്ധപ്പെട്ട് അവളുടെ ഇ-മെയിൽ ഐഡി സംഘടിപ്പിക്കാൻ കഴിഞ്ഞതായി ഞാൻ കഥയിലെഴുതി. അതിലൂടെ പരസ്പരം സന്ദേശങ്ങൾ കൈമാറി. അവൾ എന്‍റെ കുടുംബാംഗമായി മാറിയത് വേഗത്തിലായിരുന്നു. സമപ്രായക്കാരിയായ മകൾ കൺമണിയുമായി കൂട്ടുകൂടി അവൾ. മകൾക്കൊപ്പം വാത്സല്യം ലൂസിയാനോവിനും നൽകി ഞങ്ങൾ കുടുംബാംഗങ്ങൾ.
വിദേശ സർവകലാശാലയുടെ പുരസ്കാരവും ക്ഷണവും സ്വീകരിച്ച് അമേരിക്കയിലേക്ക് യാത്ര പുറപ്പെടാൻ തയാറാവുന്ന സ്ഥിതിയിലായിരുന്നില്ല എന്‍റെ അവസ്ഥ, ഒരു മലയാളി എഴുത്തുകാരനെ സംബന്ധിച്ച് അത് വലിയൊരു അംഗീകാരമാവുന്നുണ്ടെങ്കിലും. എന്നാൽ, ലൂസിയാനോയെ കാണാനും അവളെ സമാശ്വസിപ്പിച്ച്, പരസ്യക്കരാർ വ്യവസ്ഥകളിൽനിന്നും വിമോചനത്തിന്‍റെ വഴി തുറക്കാനുമുള്ള അവസരമായി കരുതി മാത്രം ഞാനത് സ്വീകരിച്ചു.
അമേരിക്കൻ സർവകലാശാലയിൽ വെച്ച് ഞാനവളെ കണ്ടു. അവളുടെ നെറ്റിയിൽ വേരുപിടിച്ച പരസ്യാക്ഷരങ്ങൾ കണ്ടു. പരസ്യ തായ് വേരും ശിഖോപശാഖകളും അവളെ അദൃശ്യമായി ചുറ്റിവരിഞ്ഞിരിക്കുന്നതു കണ്ടു. അപ്പോൾ ഞാനവളെ വിളിച്ചു:
‘‘മോളേ...’’
‘‘അങ്കിൾ...’’ അവൾ എന്‍റെ മേൽ ഒട്ടിനിന്നു.
അൽപനേരം മാത്രമേ അവൾ കൂടെയുണ്ടായിരുന്നുള്ളൂ. പുരസ്കാര ചടങ്ങുകൾ കഴിഞ്ഞ ശേഷം സൗകര്യപൂർവം കാണാമെന്നു കരുതിയ എന്‍റെ ധാരണ തെറ്റി. അവൾ പോയിരുന്നു, കമ്പനി േപ്രാഗ്രാം പ്രകാരമുള്ള പരസ്യയാത്രക്കായി. അപ്പോൾ അവിടെ വിദ്യാർഥികളുടെ സംഘമെത്തി. അവരുടെ ശരീരഭാഗങ്ങളിൽ പച്ചകുത്തിയ പരസ്യങ്ങളുണ്ടായിരുന്നു! അപ്പോൾ ഞാനറിഞ്ഞു, പരസ്യശരീരങ്ങളിൽ സ്വകാര്യതകളില്ല. പരസ്യങ്ങൾക്കു മരണമില്ല. അവ പുതുവേഷങ്ങളിലും രൂപങ്ങളിലും ഇടങ്ങളിലും ഉണ്ടായിക്കൊണ്ടേയിരിക്കും.
‘പരസ്യശരീര’മെന്ന കഥ മലയാള മനോരമയുടെ ഞായറാഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. പത്രത്തിന്‍റെ ഒരു മുഴുവൻ പേജ് പൂർണമായി നിറച്ചുകൊണ്ട് കഥക്ക് പരമാവധി ഇടവും പ്രാധാന്യവും നൽകിയത് പത്രാധിപർ ജോസ് പനച്ചിപ്പുറമായിരുന്നു. അതുമൂലം കഥ അറിയപ്പെടുകയും മാത്രമല്ല, എന്‍റെ എഴുത്തു ജീവിതത്തെ പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. വൈകാതെ അതേ പേരിൽ കഥാസമാഹാരം ഇറങ്ങുകയും അതിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ പല അംഗീകാരങ്ങളും ലഭിക്കുകയുംചെയ്തു. കൂടാതെ കഥ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി.
തുടർന്നും പരസ്യപ്പെൺകുട്ടിയുടെ മുഖം മാറാവ്യഥയായി എന്നോടൊപ്പമുണ്ടായിരുന്നു. അതിനിടയിൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കഥ പലവട്ടം വായിച്ച സുഹൃത്ത് ആർട്ടിസ്റ്റ് ടി.എ. മോഹനൻ ഒരു സമ്മാനവുമായി എന്‍റെ വീട്ടിൽ വന്നു. സമ്മാനപ്പൊതി തുറന്നപ്പോൾ കണ്ടത് എന്‍റെ മനസ്സിലുള്ള ലൂസിയാേനായുടെ ചിത്രമായിരുന്നു! എന്‍റെ വീട്ടിലെ സ്വീകരണമുറിയിലെ ചുമരിൽ ഇന്നും അത് ഒരു ഓർമപ്പെടുത്തലായി നിലകൊള്ളുന്നുണ്ട്.
ആ ദിവസങ്ങളിൽ അമേരിക്കയിൽനിന്നും എന്‍റെ സുഹൃത്ത് വിളിച്ചു. മുമ്പ് അന്വേഷിച്ചറിയാൻ ഏൽപിച്ചിരുന്ന പെൺകുട്ടിയെക്കുറിച്ച് വിവരമെന്തെങ്കിലും ലഭിച്ചോ എന്ന് അക്കാലങ്ങളിൽ കൂടെക്കൂടെ ആരാഞ്ഞിരുന്നുവെങ്കിലും പ്രതീക്ഷയില്ലാത്ത കാര്യത്തെക്കുറിച്ച് വീണ്ടും ചോദിക്കുന്നതിൽ അർഥമില്ലെന്ന ചിന്തയിൽ അത് ഞാൻ വിട്ടുകളഞ്ഞിരുന്നു. വിശേഷങ്ങൾ പലത് പറഞ്ഞ കൂട്ടത്തിൽ താനത് മറന്നിട്ടില്ലെന്ന് സൂചിപ്പിച്ചു സ്നേഹിതൻ. എന്നിട്ടു പറഞ്ഞു: ‘‘കുറെ തിരക്കി. പക്ഷേ...’’
ഒരു നിമിഷം നിർത്തിയശേഷം അയാൾ തുടർന്നു പറഞ്ഞു: ‘‘ഇത്തരം അവസ്ഥകളിൽപെട്ടു പോകുന്നവർ സ്വാഭാവികമായി എത്തിച്ചേരാനിടയുള്ളിടത്ത് ചെന്ന് അത് അവസാനിച്ചിരിക്കാനാണ് സാധ്യത.’’
അയാൾ ഉദ്ദേശിച്ചതെന്താണെന്ന് ഞാൻ ചോദിച്ചില്ല.
8. ഫോർബിഡൻ ബംഗ്ലാവ്
പത്തു പതിനഞ്ചു വർഷം മുമ്പ് അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ തൊഴിൽ വിഭവമായി ഒഴുകിയെത്തിയ കാലത്ത് അവരുടെ തൊഴിലും തൊഴിലിടവും സജീവമായി ചർച്ചചെയ്യപ്പെട്ടിരുന്നു. തിങ്ങിനിറഞ്ഞ ഷാലിമാർ എക്സ്പ്രസ് തീവണ്ടിയിൽ വന്നിറങ്ങിയവർ ഏജന്റുമാരുടെയും തൊഴിൽ ദാതാക്കളുടെയും തൊഴിൽ കച്ചവടത്തിനു വിധേയമാവുകയായിരുന്നു. കരിങ്കൽ മടയിലെ കഠിനമായ പണി, ലേബർ ക്യാമ്പിലെ കൊതുകും കൂത്താടിയും കക്കൂസ് മാലിന്യവും നിറഞ്ഞ പരിസരം, അതിനുള്ളിൽ നടത്തുന്ന പാചകം, ഒഴിവാക്കാനാവാത്ത ലഹരി... ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം പത്രങ്ങളിൽ പരമ്പരകളായി പ്രസിദ്ധീകരിക്കപ്പെട്ടു.
കേരളം അതുവരെ കാണാത്ത പുതിയ തൊഴിൽ അന്തരീക്ഷം അവയിൽ വിശദീകരിക്കപ്പെട്ടു. ഭായി ബസാറിലെ ഞായറാഴ്ചക്കച്ചവടം, വിപണിയുടെ ഉണർവ്, തെരുവുകളിൽ പല ഭാഷകളിൽ സ്ഥാപിക്കപ്പെട്ട ബോർഡുകൾ... മലയാളിയുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അതിവേഗം പടർന്നു കയറി തൊഴിൽ പിടിച്ചെടുക്കുകയും ഒടുവിൽ ആ തൊഴിലിന്‍റെ പര്യായമായി മാറുകയുംചെയ്തു അവർ. വായിച്ച റിപ്പോർട്ടുകളെല്ലാം മനസ്സിൽ പതിഞ്ഞു. അന്യനാട്ടിൽ വന്ന് യാതനകളുടെ പണിജീവിതം ഉല്ലാസമാക്കി വരുമാന നേട്ടത്തിൽ കുടുംബം പുലർത്തുന്ന യുവത്വത്തെക്കുറിച്ച് എഴുതാൻ മനസ്സ് വെമ്പി. അങ്ങനെ ഉണ്ടായ ‘മാനവവിഭവം’ എന്ന കഥ 2014 ജൂൈലയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ‘അധ്വാനവേട്ട’ എന്ന കഥാസമാഹാരത്തിൽ ചേർക്കുകയുംചെയ്തു.
വീട്ടിൽ ചെടി പരിപാലനത്തിനെത്തിയ ബംഗാളി തൊഴിലാളികളിൽനിന്നും ശേഖരിച്ച പേരുകളാണ് ‘മാനവവിഭവം’ എന്ന കഥയിലെ കഥാപാത്രങ്ങൾക്ക് നൽകിയ ബബ്ലു, കാജ തുടങ്ങിയവ. അവർ ബംഗാളിലെ കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ കഴിഞ്ഞുവന്നവരായിരുന്നു. അത് കഥയിലെ രണ്ടാം ഘട്ടത്തോട് യോജിക്കുന്നതായിരുന്നു. അക്കാര്യം സ്ഥാപിക്കുവാനാണ് കൂട്ടുകാരൻ കാജയുടെ മരണം നടന്ന ദിനം മൃതദേഹം കാണാൻപോലും അനുവദിക്കാതെ പണിക്കു കയറാൻ കരാറുകാരൻ ഭീഷണിപ്പെടുത്തിയപ്പോൾ തപൻ ‘ഇങ്കിലാബ്’ വിളിച്ചത്. എഴുപതടി ഉയരത്തിൽനിന്ന് പാറ പൊട്ടിക്കുന്നതിനിടക്ക് കാലുതെറ്റി വീണ് തലച്ചോർ ചിന്നിച്ചിതറിയ ബബ്ലുവിനെ ലഭിച്ചതും പത്രങ്ങളിൽനിന്നുതന്നെ.
ബാങ്ക് ജീവിതത്തിൽ എനിക്കുണ്ടായിരുന്ന അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു മലപ്പുറത്തുകാരനും ധനാഢ്യനുമായ നാസർ. ബാങ്ക് ഉദ്യോഗസ്ഥതല കൂട്ടായ്മയുടെ ഭാരവാഹികളായിരുന്നു ഞങ്ങൾ. ഒരിക്കൽ എറണാകുളത്തെത്തിയ നാസർ എന്നെ നയിച്ചത് ടൗണിന്‍റെ ഹൃദയഭാഗത്തുള്ള ഒരു ഒഴിഞ്ഞ രമ്യഹർമ്യത്തിലേക്കായിരുന്നു. അവിടെ ഒരു വാച്ച്മാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ ഞങ്ങളെ ഹൃദ്യമായി വരവേറ്റു. അവിടെവെച്ച് നാസർ പറഞ്ഞു:
‘‘ഈ വീട് വലിയൊരു രാഷ്ട്രീയ നേതാവിന്റേതാണ്.’’
നാസർ ആ നേതാവിന്‍റെ പേരു പറഞ്ഞു. എം.എൽ.എ ആണ്.
‘‘ഏതു നഗരത്തിൽ പോയാലും ഞാൻ ഹോട്ടലിൽ താമസിക്കാറില്ല.’’ നാസർ പറഞ്ഞു. ‘‘മിക്കവാറും നഗരങ്ങളിലൊക്കെ അദ്ദേഹത്തിന് ഒഴിഞ്ഞ വീടുകളുണ്ട്.’’
എനിക്കത് അത്ഭുതമായിരുന്നു. അയാൾ തുടർന്നു: ‘‘ അതുപോലെ പല സമ്പന്നർക്കുമുണ്ട് ടൗണുകളിൽ ഒന്നിലധികം വീടുകൾ.’’
ഈ കാര്യം എന്‍റെ മനസ്സിൽ പതിഞ്ഞുകിടന്നു. കാലമേറെ കഴിഞ്ഞാണ് അത് കഥക്കുള്ള ഒരു വിഷയമായി ഉള്ളിൽ വളർന്നത്. പിന്നീട്, അന്യദേശ തൊഴിലാളികളുടെ സഹനജീവിതം നൽകിയ േപ്രരണയിൽ തുടങ്ങിയ കഥാസംരംഭത്തിൽ ആളില്ലാ വീടുകൾ കയറിപ്പറ്റുകയായിരുന്നു. ഉപബോധ മനസ്സിലെ സംഭരണശാലയിൽനിന്നും ചേരുംപടി ചേർത്ത രണ്ട് കഥാതന്തുക്കൾ ഒരുമിക്കുന്ന രസതന്ത്രം വിശദീകരിക്കാനാവാത്ത ഒന്നാണ്. അങ്ങനെയാണ് കഥയിൽ ഫോർബിഡൻ ബംഗ്ലാവ് കടന്നുവരുന്നത്. ചൈനീസ് വാസ്തുശിൽപ ശൈലിയിൽ നിർമിച്ച ബംഗ്ലാവിന്‍റെ ഉടമയെ ആർക്കുമറിയില്ല. അഫ്സൽ കോൺട്രാക്ടർപോലും കണ്ടിട്ടില്ല. പക്ഷേ, അയാൾ ചൈനീസ് സംസ്കാരത്തിന്റെ ആരാധകനാണ്. ചൈനയിൽ ബിസിനസ് ചെയ്യുന്നയാളാണ്. ചൈനാ ഫ്രൻഡ് വ്യാപാരിയെന്ന് പരക്കെ അറിയപ്പെടുന്നു.
ബംഗ്ലാവിനു ചുറ്റും വൻമതിലാണ്. ഉരുക്കുകോട്ടയിലേക്കുള്ള പ്രവേശനത്തിന് അജ്ഞാതരായ ആരുടെയൊക്കെയോ അനുവാദം വേണ്ടിയിരുന്നു. ആ സൗധത്തിലെ മറ്റൊരു പ്രത്യേകത വീടു മുഴുവൻ കാമറ സംവിധാനത്തിൽ നിരീക്ഷിക്കപ്പെടുന്നു എന്നതാണ്. ഈ ബംഗ്ലാവിനെക്കുറിച്ച് എന്നോട് പറയുന്നത് ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് വർഗീസ് കോൺട്രാക്ടറാണ്. ചെറിയ വീടുകളുടെ നിർമാണം ഏറ്റെടുത്തു വളർന്ന അയാൾ പിന്നീട് പ്രശസ്തമായൊരു ഫ്ലാറ്റ് നിർമാണ കമ്പനിയിലെത്തി. ക്രമേണ അയാളുടെ പേര് ആ കമ്പനിയുടെ പേരിനോടൊപ്പം ചേർത്ത് പറയപ്പെടാൻ തുടങ്ങി. തുടർന്ന് അതിസമ്പന്നരായ പ്രവാസികളുടെ വീടു പണി കോൺട്രാക്ട് ലഭിക്കാൻ തുടങ്ങി അയാൾക്ക്.
ആ സന്ദർഭത്തിലാണ് വർഗീസ് കോൺട്രാക്ടർ ബാങ്ക് വായ്പക്കായി എന്നെ സമീപിക്കുന്നത്. അയാളുടെ െക്രഡിറ്റ് പ്രപ്പോസൽ പരിശോധിക്കുന്നതിന്‍റെ ഭാഗമായി വിവരങ്ങൾ തിരക്കി വന്നപ്പോഴാണ് വർഗീസ്, ആയിടെ താൻ മിഡിൽ ഈസ്റ്റിലെ ബിസിനസുകാരനുവേണ്ടി ആ ബംഗ്ലാവ് പണിതീർത്ത വിവരം പറയുന്നത്. ഉടമയെ വർഗീസ് കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കും. പണി തീർത്ത ശേഷവും അവകാശി വന്നില്ല. വർഗീസിനായിരുന്നു ബംഗ്ലാവിന്‍റെ മേൽനോട്ട ചുമതല. അതിഥിയും ആതിഥേയനുമില്ലാത്ത, ഒളികാമറകളുടെ ദുർലക്ഷണത്തിലും ദുരൂഹതയിലും നിലകൊള്ളുന്ന ആ വീടിന് ‘ഫോർബിഡൻ ബംഗ്ലാവ്’ എന്ന് ഞാൻ പേരിട്ടു.
പിന്നീട് മുതലാളിയുടെ നിർദേശപ്രകാരം ബംഗ്ലാവിന്‍റെ പരിപാലനത്തിനായി ഒരു ബംഗാളി തൊഴിലാളിയെ അവിടെ താമസിപ്പിച്ചു. അവിടം അടിച്ചു തുടച്ച് വൃത്തിയാക്കി സൂക്ഷിക്കുക മാത്രമായിരുന്നു അയാളുടെ ജോലി. ബംഗ്ലാവിലെ ചില മുറികൾ ഒഴിച്ച് മറ്റെല്ലായിടവും ഉപയോഗിക്കാൻ അയാൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ വീടിന്‍റെ വൻ മതിൽക്കെട്ടിനു വെളിയിലിറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. ഭക്ഷണം സ്വയം പാചകം ചെയ്യണം. ഭക്ഷ്യവസ്തുക്കൾ വർഗീസ് എത്തിച്ചു കൊടുക്കും. ശമ്പളത്തിൽനിന്നും താൽപര്യപ്രകാരമുള്ള സംഖ്യ വീട്ടിലേക്ക് അയച്ചുകൊടുക്കുന്നതും കോൺട്രാക്ടർ. എന്താവശ്യം വന്നാലും ചെറുപ്പക്കാരന് വർഗീസ് കോൺട്രാക്ടറെ ലാൻഡ് ഫോണിൽ ബന്ധപ്പെടാം. മറ്റൊരാളെയും അയാൾക്ക് ഫോണിൽ ലഭിക്കില്ല. യുവാവിന്‍റെ മൊബൈൽ ഫോൺ കോൺട്രാക്ടർ വാങ്ങി സൂക്ഷിച്ചിരുന്നു. കോൺട്രാക്ടറെയല്ലാതെ മറ്റൊരാളെയും ബംഗ്ലാവിൽ പ്രവേശിപ്പിക്കരുത്. ഇടക്കിടെ ബംഗ്ലാവിൽ എത്തുന്ന അദ്ദേഹത്തിന്‍റെ മൊബൈൽ ഫോണിൽ ചെറുപ്പക്കാരന് തന്‍റെ വീട്ടുകാരോട് സംസാരിക്കാം. ഇവയൊക്കെയായിരുന്നു വ്യവസ്ഥകൾ.
ബംഗാളി യുവാവിന്‍റെ ചലനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നത് രണ്ടു പേർക്കായിരുന്നു. കോൺട്രാക്ടർക്കും ഗൾഫിലുള്ള മുതലാളിക്കും. നിരീക്ഷണക്കണ്ണുകളെക്കുറിച്ച് സൂക്ഷിപ്പുകാരനെ ഇടക്കിടെ കോൺട്രാക്ടർ ഓർമിപ്പിക്കുമായിരുന്നു. അക്കാലത്ത് ഇതുപോലൊരു കാമറാ സംവിധാനം അപൂർവമായിരുന്നു. അതുകൊണ്ടുതന്നെ വർഗീസ് പറയുന്നത് ഞാൻ കൗതുകത്തോടെ കേട്ടിരുന്നു. എഴുത്തിനുള്ള വിഭവങ്ങൾ സമൃദ്ധമായി വിളമ്പുന്ന വർഗീസിനെ ഞാൻ േപ്രാത്സാഹിപ്പിച്ചു. പിന്നീട് എത്രയോ കാലങ്ങൾക്കു ശേഷമാണ് ‘ബിഗ് ബോസ്’ എന്ന പ്രശസ്തമായ ടി.വി പരിപാടിയിൽ ചുറ്റിലും കാമറകൾ നിറഞ്ഞ വീട്ടിൽ ഒരുപറ്റം സ്ത്രീ പുരുഷന്മാരെ നൂറു ദിവസം താമസിപ്പിച്ച് ഷോ നടത്തിയത്.
അനുവദിച്ച വായ്പ വാങ്ങാനായി വർഗീസ് ബാങ്കിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തോടു ചോദിച്ചു: ‘‘താങ്കൾ പണിത ആ ബംഗ്ലാവ് കാണാൻ എനിക്ക് താൽപര്യമുണ്ട്. എവിടെയാണ് അത്?’’
‘‘ജോസ് ജങ്ഷനു സമീപമാണത്. സാറിന്‍റെ സമയം പറഞ്ഞാൽ ഞാൻ കൊണ്ടുപോകാം.’’
വർഗീസ് പറഞ്ഞു. ഞാൻ ജോസ് ജങ്ഷനിൽ എത്താമെന്നും ശേഷം വിളിക്കാമെന്നും പറഞ്ഞ് സമയം നിശ്ചയിച്ചു. സമയത്തു തന്നെ വർഗീസ് എത്തി എന്നെ ബംഗ്ലാവിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഗേറ്റിനോടു ചേർന്ന് മറയ്ക്കപ്പെട്ട ഒരു ഫോൺ സംവിധാനമുണ്ട്. അതിൽ പരിപാലകനെ വിളിച്ച് വർഗീസ് അവനു മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചു. ചെറുപ്പക്കാരൻ അകത്തുനിന്നും ഓടിയെത്തി വിക്കറ്റ് ഗേറ്റ് തുറന്നു. ഞങ്ങൾ അകത്തു കയറി. വർഗീസ് പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു. ഒരു അത്യാഡംബര രമ്യഹർമ്യമായിരുന്നു അത്. തരിമ്പോളം പൊടിയോ ചളിയോ ഇല്ലാതെ അത് സൂക്ഷിച്ചിരുന്നു. വർഗീസിനു മുന്നിൽ പരിപാലകൻ ഭയഭക്തി ബഹുമാനങ്ങളോടെ നിന്നു.
‘‘തന്‍റെ പേരെന്താ’’, ഞാൻ ചോദിച്ചു.
‘‘തപൻ’’ -അയാൾ മറുപടി പറഞ്ഞു.
അപ്പോൾ തപൻ എന്ന കഥാപാത്രം എന്‍റെ മനസ്സിൽ സ്ഥാപിക്കപ്പെട്ടു.
അവിടെയിരുന്ന് വർഗീസ് കൂടുതൽ കാര്യങ്ങൾ പറഞ്ഞു:
‘‘പ്രവാസി മുതലാളിമാരുടെ ഇപ്പോഴത്തെ വിനോദം ഇത്തരത്തിൽ ഉടമകൾ വാഴാത്ത പാർപ്പിടങ്ങൾ ഉണ്ടാക്കിയിടലാണ്, സ്റ്റാമ്പ് കലക്ഷൻ പോലെ. അത്തരം ഫോർബിഡൻ ബംഗ്ലാവുകളിൽ അവർക്ക് താമസിക്കണമെന്നില്ല. ഒരിക്കലെങ്കിലും കാണുവാൻ വരുമോ എന്നുപോലും നിശ്ചയമില്ല. വിവിധ സ്ഥലങ്ങളിൽ ബംഗ്ലാവുകൾ പലത് സ്വന്തമായുണ്ട് എന്ന ആത്മസംതൃപ്തി മതി അവർക്ക്. പിന്നെ, ഭാവിയിൽ എന്നെങ്കിലും ഇതുവഴി പോകേണ്ടിവന്നാൽ തനിക്കും കുടുംബാംഗങ്ങൾക്കും താമസിക്കാൻ ഒരു കരുതലായി അവർ ഈ ബംഗ്ലാവിനെ കാണുന്നു.’’
തുടർന്ന് വർഗീസ് തപനെ കണ്ടെത്തിയതിനെക്കുറിച്ച് പറഞ്ഞു:
‘‘നിബന്ധനകൾ പലതുണ്ടായിരുന്നു. വിധേയനായിരിക്കണം, അവിവാഹിതനും. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവനാവരുത്. അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിൽനിന്നും തിരഞ്ഞും തിരക്കിയുമാണ് തപനെ കണ്ടെത്തിയത്.’’
യുവാവിന് മെയ്യനങ്ങാത്ത പരിപാലനപ്പണിയെക്കുറിച്ച് കേട്ടിട്ട് വിശ്വാസം വന്നില്ല. ബംഗ്ലാവിനകത്തേക്ക് കയറാൻ അവൻ മടിച്ചുനിന്നു. മുറികളും സംവിധാനങ്ങളും കണ്ട് അവൻ മാറാത്ത അമ്പരപ്പിലായി. മെത്തയും സോഫയും തൊടാതെ അവൻ നിലത്തിരുന്നു. ബംഗ്ലാവിൽ കഴിയേണ്ടതിനുള്ള വ്യവസ്ഥകൾ അവൻ ഒരിക്കൽക്കൂടി കേട്ടു. നിത്യക്കൂലിയുടെ ഇരട്ടിയിലധികം വരും പുതിയ പ്രതിഫലം. ചെലവുകളൊന്നുമില്ല. അടുക്കളയാവട്ടെ സമൃദ്ധമാണ്. ഉല്ലാസത്തിന് ടെലിവിഷൻ. യാഥാർഥ്യവുമായി പൊരുത്തപ്പെടാനാവാതെ അവൻ അപരിചിത ലോകത്ത് സ്തബ്ധനായി നിന്നു.
കഥയിൽ, കടുത്ത ശാരീരികാധ്വാനിയായിരുന്ന തപൻ ക്രമേണ ബംഗ്ലാവിലെ ആലസ്യജീവിതം ആസ്വദിക്കുകയാണ്. സ്വാതന്ത്ര്യക്കുറവു തോന്നിയില്ല അവന്. പകരം ഏകാന്തതയുടെ സ്വാതന്ത്ര്യവും സുഖവും അയാൾ സ്വാദോടെ അനുഭവിക്കുകയായിരുന്നു. മുർഷിദാബാദിലെ പാർട്ടി ഗ്രാമത്തിലെ തൊഴിലാളി ശീലങ്ങളുടെ ഓർമയിൽ, ആദ്യമായി ഭായി ബസാറിൽ ചെങ്കൊടി ജാഥ കണ്ട് ഭാഷയറിയാതെയും എന്തെന്നറിയാതെയും ഓടിയെത്തി അതിൽ അണിചേർന്നവനാണ് തപൻ. ബംഗ്ലാവിലെ ജീവിതം അയാൾക്ക് കൊഴുപ്പ് നൽകി. തടിച്ചു കുറുകിയ ശരീരവും വെളുത്ത നിറവും കഷണ്ടി കയറിയ ശിരസ്സുമായപ്പോൾ അയാൾക്ക് നഷ്ടമായത് മസിലുകളുള്ള തൊഴിലാളി ശരീരമാണ്. പിന്നീട് എപ്പോഴോ ഒരു ചിന്താ വിഭ്രാന്തിയിൽ അയാൾ തന്‍റെ കഴുത്തിൽ നീണ്ട സ്വർണമാല തിളങ്ങുന്നതായി വിഭാവനംചെയ്തു.
എന്നാൽ, യാഥാർഥ്യം കഥയിൽനിന്നും വ്യത്യസ്തമായിരുന്നു. വർഗീസ് കോൺട്രാക്ടർ മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായി. അപ്പോഴാണ് തന്‍റെ അസാന്നിധ്യത്തിന്‍റെ ഗൗരവം അയാൾക്കു മനസ്സിലായത്. ആശുപത്രിയിൽനിന്നും രണ്ടു മണിക്കൂർ നേരത്തേക്ക് പുറത്തുപോകാൻ അനുവാദം വാങ്ങി, കമ്പിളിപ്പുതപ്പിൽ ശരീരമാകെ മൂടിക്കെട്ടി, തപനുള്ള ഭക്ഷ്യവസ്തുക്കളുമായി വർഗീസ് ഫോർബിഡൻ ബംഗ്ലാവിലെത്തി. ഗേറ്റിലെ സ്പീക്കർ ഫോണിലൂടെ വർഗീസിന്‍റെ ശബ്ദം അകത്തു മുഴങ്ങാതെ തപൻ തുറക്കില്ല. ഓടിയെത്തിയ തപനെ സാധനങ്ങൾ ഏൽപിച്ച്, അകത്തു കയറാതെ തന്നെ കാര്യങ്ങൾ പറഞ്ഞ് അയാൾ മടങ്ങി. പിറ്റേന്ന് അയാളുടെ അസുഖം വർധിച്ചു.
പിൽക്കാലത്ത് വർഗീസ് കോൺട്രാക്ടർ തുടർസംഭവങ്ങൾ പറഞ്ഞ നേരത്ത് ഞാൻ തപന്‍റെ മറ്റൊരു മുഖം മനസ്സിൽ കണ്ടു. അതിൽ അയാൾ കാമറയെ ദുർലക്ഷണമായി കാണുകയാണ്. തന്നെ തടവിലിട്ടിരിക്കുന്ന, സദാ നിരീക്ഷിക്കുന്ന, പിന്തുടരുന്ന അജ്ഞാതരെ ബൂർഷ്വാ മുതലാളിത്തത്തെ എന്നപോലെ അയാൾ ഭയക്കുകയാണ്. സ്വാതന്ത്ര്യം എന്ന സംജ്ഞയെക്കുറിച്ച് അയാൾ ചിന്തിക്കുകയാണ്. രണ്ടു ദിവസങ്ങൾക്കു ശേഷം ഗൾഫിൽനിന്ന് ബംഗ്ലാവിന്‍റെ ഉടമ വർഗീസിനെ വിളിച്ചു.
‘‘ബംഗ്ലാവിലെ കാമറ കണക്ഷൻ ഇന്നലെ വൈകിട്ടു മുതൽ വിട്ടുപോയിരിക്കുകയാണ്. അറിഞ്ഞില്ലേ?’’
വീഴ്ച അറിയാൻ കഴിയാതെപോയ വർഗീസ് ഒരു തെറ്റുകാരനെപ്പോലെ പതറി. ഐ.സി.യുവിൽ ആയിരുന്ന തന്‍റെ രോഗാവസ്ഥ അറിയിക്കാൻ മാത്രമേ അയാൾക്കായുള്ളൂ.
രോഗം പൂർണമായി ഭേദപ്പെടും മുമ്പേ വർഗീസ് ഡിസ്ചാർജ് വാങ്ങി ആശുപത്രിയിൽനിന്നും പുറത്തിറങ്ങി. അയാൾക്കും ബംഗ്ലാവിലെ കാമറ കണക്ഷൻ കിട്ടുന്നുണ്ടായിരുന്നില്ല. അവിടത്തെ ലാൻഡ് ഫോണിൽ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല. ഭയന്നുപോയ വർഗീസ് നേരെ ഫോർബിഡൻ ബംഗ്ലാവിലേക്കു പോയി. അവിടെ ഗേറ്റിലെ സ്പീക്കർ ഫോണിൽ എത്ര വിളിച്ചിട്ടും ഫോണെടുത്തില്ല. പൂട്ടിയിട്ടില്ലാത്ത വിക്കറ്റ് ഗേറ്റ് തള്ളിത്തുറന്ന് വർഗീസ് അകത്തു കയറി. പ്രധാന വാതിൽ പൂട്ടി താക്കോൽ ജനൽപടിയിൽ വെച്ചിട്ടുണ്ടായിരുന്നു. ബംഗ്ലാവിൽ തപൻ ഉണ്ടായിരുന്നില്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.