ചില പരിസ്​ഥിതി വ്യവഹാരങ്ങൾ

ചെറുപ്പം മുതൽ പരിസ്​ഥിതി വിഷയങ്ങളോട്​ താൽപര്യം കാട്ടിയ ലേഖകൻ കോടതിയിൽ ചില പരിസ്​ഥിതി സംബന്ധമായ വ്യവഹാരങ്ങളിൽ ഏർപ്പെടുന്നു. പരിസ്​ഥിതി വിഷയങ്ങൾ കോടതിയും അഭിഭാഷകരും എങ്ങനെയാണ്​ കൈകാര്യം ചെയ്യുന്നത്​? ഒരർഥത്തിൽ കേരളത്തിലെ പരിസ്​ഥിതി സമരങ്ങളുടെ ചരിത്രത്തെക്കുറിച്ച്​ കൂടിയാണ്​ ഇൗ ലക്കം.കേവലം പ്രാദേശികമായി നേടിയ തൊഴിലവസരങ്ങൾകൊണ്ടാണ് ഹൈകോടതിയിലെ പ്രാക്ടിസിന് അടിത്തറ ലഭിച്ചതെന്ന് പറയാനാവില്ല. തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് പുസ്തകങ്ങളും അനുഭവങ്ങളും വ്യക്തിബന്ധങ്ങളും സാമൂഹിക പ്രവർത്തനവുമെല്ലാം ചേർന്നപ്പോഴാണ് തൊഴിൽ ‘‘പറിച്ചുനടാനുള്ള’’ ധൈര്യം ഉണ്ടായതെന്ന്...

ചെറുപ്പം മുതൽ പരിസ്​ഥിതി വിഷയങ്ങളോട്​ താൽപര്യം കാട്ടിയ ലേഖകൻ കോടതിയിൽ ചില പരിസ്​ഥിതി സംബന്ധമായ വ്യവഹാരങ്ങളിൽ ഏർപ്പെടുന്നു. പരിസ്​ഥിതി വിഷയങ്ങൾ കോടതിയും അഭിഭാഷകരും എങ്ങനെയാണ്​ കൈകാര്യം ചെയ്യുന്നത്​? ഒരർഥത്തിൽ കേരളത്തിലെ പരിസ്​ഥിതി സമരങ്ങളുടെ ചരിത്രത്തെക്കുറിച്ച്​ കൂടിയാണ്​ ഇൗ ലക്കം.

കേവലം പ്രാദേശികമായി നേടിയ തൊഴിലവസരങ്ങൾകൊണ്ടാണ് ഹൈകോടതിയിലെ പ്രാക്ടിസിന് അടിത്തറ ലഭിച്ചതെന്ന് പറയാനാവില്ല. തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് പുസ്തകങ്ങളും അനുഭവങ്ങളും വ്യക്തിബന്ധങ്ങളും സാമൂഹിക പ്രവർത്തനവുമെല്ലാം ചേർന്നപ്പോഴാണ് തൊഴിൽ ‘‘പറിച്ചുനടാനുള്ള’’ ധൈര്യം ഉണ്ടായതെന്ന് തോന്നുന്നു.

ചെറുപ്പംതൊട്ട് സ്വാധീനിച്ച പുസ്തകങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ബൈബിൾ -പ്രത്യേകിച്ച് പുതിയ നിയമം- ആയിരുന്നു. പുതിയ നിയമത്തിന്റെ ഒരു സവിശേഷത അത് ഒറ്റപ്പെട്ട മനുഷ്യരോട് അടുത്തിരുന്ന് സംവദിക്കുന്നുവെന്നതാണ്. ക്രിസ്തു സ്നേഹത്തെ വിപ്ലവവുമായി ബന്ധിപ്പിക്കുക മാത്രമല്ല, സമീകരിക്കുകകൂടിയാണ് ചെയ്തത്. ദൈവത്തിന്റെ ആലയങ്ങളെ വാണിഭത്തിനുള്ള കേന്ദ്രങ്ങളാക്കിത്തീർത്തതിനെതിരായ ക്രിസ്തുവിന്റെ രോഷം മതത്തിനപ്പുറത്തുള്ള ക്രിസ്തുവിനെയാണ് കാണിക്കുന്നത്.

അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ മനുഷ്യർക്ക് നൽകിയ സമാശ്വാസത്തിൽ സ്വാഭാവികമായിത്തന്നെ തിളങ്ങിനിൽക്കുന്ന ഒന്നാണ് വിമോചന ദൈവശാസ്ത്രം. ഭൂമിയിൽ ആരെയും പിതാവെന്നു വിളിക്കരുതെന്നും ഒരേയൊരു പിതാവ് സ്വർഗസ്ഥനായ ദൈവം മാത്രമാണെന്നുമുള്ള പുതിയ നിയമത്തിന്റെ സന്ദേശം എല്ലാവിധ സ്ഥാപനവത്കരണങ്ങൾക്കും വിഗ്രഹവത്കരണങ്ങൾക്കും എതിരായ താക്കീതായിരുന്നു. ഇതിനെയെല്ലാം നിഷേധിക്കുന്നവിധത്തിലായിരുന്നു, പിന്നീട് മതത്തിന്റെ പേരിൽ ഉയർന്ന സംവിധാനങ്ങൾ പ്രവർത്തിച്ചതെന്നത് മറ്റൊരു വിപര്യയം. അതിനാൽകൂടിയാണല്ലോ, ഒരേയൊരു ക്രിസ്ത്യാനിയുണ്ടായിരുന്നത് കുരിശിൽ മരിച്ചുവെന്ന് ഫ്രഡറിക് നീത്ഷെ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്.

ധർമപദം മുതൽ ഉപനിഷത്തുകൾവരെ നിരവധി പുസ്തകങ്ങൾ വ്യക്തിപരവും ആത്മീയവുമായ അനുഭവം പകർന്നു തന്നു. എന്നാൽ, മറ്റു പുസ്തകങ്ങൾ സാമൂഹിക ജീവിതത്തിന് ദി​ശാബോധം പകർന്നു.

പ്രകൃതിയോടും രാഷ്ട്രീയ​േത്താടും സാ​ങ്കേതികവിദ്യയോടുമുള്ള സമീപനത്തെ മാറ്റിമറിക്കാൻ പോന്നതായിരുന്നു, ഫ്രഞ്ച് ചിന്തകനായ ആന്ദ്രെ ഗോർസിന്റെ ‘ഇക്കോളജി ആസ് പൊളിറ്റിക്സ്’ എന്ന പുസ്തകം എന്ന് മുമ്പെഴുതിയിരുന്നല്ലോ. തിരിഞ്ഞുനോക്കുമ്പോൾ, ഈ പുസ്തകത്തിന്റെ പ്രവചനാത്മക സ്വഭാവംകൂടി എടുത്തുപറയണമെന്നു തോന്നുന്നു. അതിജീവനത്തിന്റെ രാഷ്ട്രീയം (Politics of Survival) ഗോർസിന്റെ ഒരു സുപ്രധാന പരികൽപനയായിരുന്നുവെന്ന് പറയാം. സാമൂഹികനീതിക്കും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ള സമരങ്ങൾപോലും പ്രധാനമാകുന്നത്, മനുഷ്യരാശിയുടെ അതിജീവനം ഉറപ്പിക്കപ്പെടുമ്പോൾ മാത്രമാണ്.

അതിനാൽ അതിജീവനം ഉറപ്പിക്കാവുന്ന വിധത്തിൽ ഭൂമിയുടെ, പ്രകൃതിയുടെ, മനുഷ്യന്റെ ഭാഗധേയം നിശ്ചയിക്കാനുള്ള പദ്ധതികൾ രാഷ്ട്രീയത്തിന്റെ അടിസ്ഥാന പ്രമാണമാകണമെന്ന് ഗോർസ് സൂചിപ്പിച്ചത് പതിറ്റാണ്ടുകൾക്കു മുമ്പാണ്. ഇന്ന് കാലാവസ്ഥാവ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ഭീഷണി നേരിടുമ്പോൾ ഔപചാരികവും അനൗപചാരികവുമായ, ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള രാഷ്ട്രീയചിന്ത നിലനിൽപിന്റെ അടിസ്ഥാനപരതയെത്തന്നെയാണ് തിരിച്ചറിയുന്നത്.

വിചിത്രമായൊരു അനുഭവംകൂടി ഗോർസിന്റെ പുസ്തകം എനിക്ക് സമ്മാനിച്ചു. ഒരു സുഹൃത്തിന് വായിക്കാൻ നൽകിയ ഈ പുസ്തകത്തിന്റെ കോപ്പി എനിക്ക് നഷ്ടപ്പെടുകയും അത് വലിയ മനഃപ്രയാസത്തിനിടയാക്കുകയുംചെയ്തു. ആഴത്തിൽ സ്വാധീനിക്കുന്ന പുസ്തകങ്ങളുടെ ‘വേർപാട്’ വലിയ ദുഃഖമാണ് സൃഷ്ടിക്കുക. എന്നാൽ, വിചിത്രമെന്നു പറയട്ടെ, ഏതാണ്ട് 30 വർഷങ്ങൾക്കുശേഷം ഈ പുസ്തകവും വാങ്ങിെക്കാണ്ട് മകൾ തുളസിയുടെ ഭർത്താവ് ബാസ്റ്റ്യൻ വന്നു. യൂറോപ്പിലെ ഏതോ നഗരത്തിൽനിന്നും നാമമാത്രമായ വിലയ്ക്കു വാങ്ങിയ ഈ ഗ്രന്ഥം ഇപ്പോഴും അലമാരയിലുണ്ട് -ഇനിയും ആർക്കും എടുത്തുകൊണ്ടുപോകാൻ കഴിയാത്ത വിധത്തിൽ!

 

ഈയിടെ ഏതോ പുസ്തകോത്സവത്തിൽവെച്ചാണ് ഗോർസിന്റെ മറ്റൊരു കൃതി കാണാനായത്. വിവര സാ​ങ്കേതികവിദ്യ സൃഷ്ടിച്ച ഡിജിറ്റൽ ലോകം എങ്ങനെ രാഷ്ട്രീയ ഘടനകളെയും മനുഷ്യരാശിയെയും ബാധിക്കുന്നുവെന്നതിന്റെ മൗലികമായ വിലയിരുത്തൽ ‘ദ ഇമ്മെറ്റീരിയൽ’ (The Immaterial -സീഗൾ ബുക്സ്) എന്ന ഈ കൃതിയിൽ കാണാം. ആദ്യ നോട്ടത്തിൽതന്നെ ഗോർസിന്റെ ധിഷണ നമ്മെ കീഴ്പ്പെടുത്തുമെന്നു പറഞ്ഞത് സാക്ഷാൽ ജീൻ പോൾ സാർതൃ് തന്നെയാണ്. ആ നിരീക്ഷണം ശരിവെക്കുന്നതാണ് ‘ദ ഇമ്മെറ്റീരിയൽ’ എന്ന കൃതിയും.

ബ്രിട്ടീഷ് പരിസ്ഥിതിശാസ്ത്രജ്ഞനായ നോർമൺ മയേഴ്സിന്റെ രചനകളും ജോയ് ആഡംസണിന്റെ ​‘ബോൺ ഫ്രീ’ പോലുള്ള അനുഭവകഥകളും പരിസ്ഥിതി ദർശനത്തെ മാറ്റിപ്പണിയാൻ പോന്നവയായിരുന്നു. ഇന്ത്യൻ കോടതിമുറികളിൽ ഒരു പുതിയതരം പാരിസ്ഥിതികാവബോധം ഉദിച്ചുയർന്ന കാലഘട്ടംകൂടിയായിരുന്നു, 1980കൾ. അത് 90കളിലേക്കും പടർന്നെത്തിയ പ്രവണതയായിരുന്നു. ഒരുപാട് പൊതുതാൽപര്യ വ്യവഹാരങ്ങളിലൂടെ താജ് മഹൽ സംരക്ഷണം മുതൽ ഫാക്ടറി മലിനീകരണത്തിൽനിന്നുള്ള പരിരക്ഷവരെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതി ഇടപെട്ടു.

80കളുടെ തുടക്കത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ തുടക്കമിട്ട പൊതുതാൽപര്യ വ്യവഹാര പ്രസ്ഥാനത്തിന്റെ ഒരു പ്രധാന മേഖലതന്നെ പരിസ്ഥിതി സംരക്ഷണത്തിന്റേതായിരുന്നു. 1996ൽ സുപ്രീംകോടതിയിൽനിന്ന് റിട്ടയർ ചെയ്ത ജസ്റ്റിസ് കുൽദീപ് സിങ് ഹരിത ന്യായാധിപൻ (The green judge) എന്നറിയപ്പെട്ടു. കേരളത്തിലും ഒട്ടേറെ ഹരിതവിധികൾ ഹൈകോടതിയിൽനിന്നും ഉണ്ടായി. എം.സി. മേത്തയെപ്പോലുള്ള നിരവധി അഭിഭാഷകർ പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ വ്യവഹാരരൂപത്തിൽ കോടതിയിൽ എത്തിച്ച കാലഘട്ടമായിരുന്നു അത്.

ഒരിക്കൽ ദീർഘമായ വാദത്തിനുശേഷം പിറ്റത്തെ ദിവസത്തെ നടപടിക്രമങ്ങളിൽ പങ്കുചേരാൻ അഭിഭാഷകനായ എം.സി. മേത്തക്ക് പ്രയാസമുണ്ടാകുമോ എന്ന് കരുതി ഡിവിഷൻ ബെഞ്ചിലിരുന്ന ജസ്റ്റിസ് തുളസിദാസ് പറയുന്നതു കേട്ടു: ‘‘നിങ്ങൾ നാളെ ഇവിടെയുണ്ടെങ്കിൽ ഞങ്ങൾക്ക് സന്തോഷം. ഇനി വരാൻ കഴിയാതെ വന്നാൽ ഞങ്ങൾ അസന്തുഷ്ടരാവുകയുമില്ല.’’ (‘‘we shall be happy if you are here; but shall not be unhappy if you are not here’’) ഹൈകോടതിയിൽ പ്രാക്ടിസ് പതുക്കെ തുടങ്ങിവന്ന കാലമായിരുന്നു, അത്. പൊതുതാൽപര്യ വ്യവഹാരങ്ങൾക്ക് പൊതുവെയും, പരിസ്ഥിതിസംബന്ധമായ കേസുകൾക്ക് പ്രത്യേകിച്ചും വലിയ ബഹുമാന്യത കൽപിക്കപ്പെട്ട കാലംകൂടിയായിരുന്നു അത്. ഹൈകോടതിയിൽ എ.എക്സ്. വർഗീസും കെ.എസ്. മധുസൂദനനും മറ്റും അത്തരം വ്യവഹാരങ്ങൾക്ക് ചുക്കാൻപിടിച്ചു.

എന്നാൽ, അ​ക്കാ​ല​ത്ത് കോ​ട​തി​ക​ൾ കാ​ണി​ച്ച പാ​രി​സ്ഥി​തി​ക നീ​തി​ബോ​ധം പി​ൽ​ക്കാ​ല​ത്ത് പ​തു​ക്കെ​പ്പ​തു​ക്കെ നേ​ർ​ത്തു​നേ​ർ​ത്തു വ​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. സം​രം​ഭ​ങ്ങ​ൾ​ക്കാ​യി പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​രു​ടെ താ​ൽ​പ​ര്യ​ത്തി​നാ​ണ്, പ​രി​സ്ഥി​തിനാ​ശ​ത്തി​ന്റെ അ​ഥ​വാ മ​ലി​നീ​ക​ര​ണ​ത്തി​ന്റെ വി​പ​ത്ത​നു​ഭ​വി​ക്കു​ന്നവർ​ക്ക​ല്ല പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന​താ​ണ് പ​ല​രും ഇ​ന്ന് ക​രു​തു​ന്ന​ത്. ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് പ​ല​പ്പോ​ഴും കേ​ര​ള ഹൈ​കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ൽ​ത്ത​ന്നെ​യും കാ​ണു​ന്ന​ത്. യ​ഥാ​ർ​ഥ നി​ക്ഷേ​പം, മ​ലി​നീ​ക​ര​ണം ന​ടത്തു​ന്ന ഫാ​ക്ട​റി​ക്കാ​യി ഉ​ട​മ ന​ട​ത്തു​ന്ന നി​ക്ഷേ​പം മാ​ത്ര​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ന്ന​തി​നെ​തി​രെ പ്ര​മു​ഖ പ​രി​സ്ഥിതി പ്ര​വ​ർ​ത്ത​ക മേ​ധ പ​ട്ക​ർ പ​റ​ഞ്ഞ​ത് ഓ​ർ​മി​ക്കു​ന്നു.

മ​ലി​നീ​ക​ര​ണം ഏ​റ്റു​വാ​ങ്ങു​ന്ന ഒ​രു ഗ്രാ​മീ​ണ​ൻ ത​ന്റെ ജീ​വി​ത​ത്തി​ലെ മു​ഴു​വ​ൻ അ​ധ്വാ​ന​വും ചെ​ല​വ​ഴി​ച്ചു​ണ്ടാ​ക്കി​യ കു​ടി​ലും ചു​റ്റു​പാ​ടു​ക​ളും കൃ​ഷി​യു​മെ​ല്ലാം ത​ന്നെ ‘നി​ക്ഷേ​പ’​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കു​ന്ന ഒ​രു നീതി​ന്യായ സ​മീ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും അവർ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ​മീ​പ​കാ​ല​ത്തെ എ​ത്ര വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ ഇ​ത്ത​രം സ​മീ​പ​നം വെ​ച്ചുപു​ല​ർ​ത്താ​ൻ ന​മ്മു​ടെ കോ​ട​തി​ക​ൾ​ക്കാ​യി​ട്ടു​ണ്ട്? പ​ല​പ്പോ​ഴും ക്വ​ാറി ഉ​ട​മ​ക​ൾ​ക്കും വ​ൻ​കി​ട ഫാ​ക്ട​റി ഉ​ട​മ​ക​ൾ​ക്കും എ​തി​രാ​യി വ​രു​ന്ന കേ​സു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളും പെ​ർ​മി​റ്റുക​ളും ഉ​ട​മ​ക​ൾ നേ​ടി​യി​ട്ടു​ണ്ടോ, നി​ശ്ചി​ത ദൂ​ര​പ​രി​ധി പാ​ലി​ച്ചി​ട്ടു​ണ്ടോ തു​ട​ങ്ങിയ സാ​​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് കോ​ട​തി​ക​ൾ നോ​ക്കു​ന്ന​ത്.

മി​ക്ക​പ്പോ​ഴും ഇ​ത്ത​രം പെ​ർ​മി​റ്റു​ക​ളു​ം സ​മ്മ​ത​പ​ത്ര​ങ്ങ​ളും ഉ​ട​മ​ക​ൾ നേ​ടി​യെ​ടു​ക്കു​ന്ന​ത് നി​യ​മേ​ത​ര​മാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​ണ് എ​ന്ന വാ​ദം ഉ​ന്ന​യി​ക്ക​പ്പെ​ട്ടാ​ലും അ​വ തെ​ളി​യി​ക്കു​ക എ​ളു​പ്പ​മ​ല്ല. അ​വ​സാ​നം, ഘോ​ര​മാ​യ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും​ വി​ഭ​വ​ചൂ​ഷ​ണ​വും തു​ട​രാ​ൻ ഉ​ട​മ​ക​ൾ​ക്ക് ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്നു. കേ​ര​ള​ത്തി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ര​ക്ഷ​ക്കെ​ത്താൻ എ​ത്ര കോ​ട​തി​വി​ധി​ക​ൾ​ക്ക് ക​ഴി​ഞ്ഞു? അ​തു​പോ​ലെ വ്യ​വ​സാ​യ മ​ലി​നീ​ക​ര​ണ​ത്തി​നും മു​നി​സി​പ്പ​ൽ മാ​ലി​ന്യം സൃ​ഷ്ടി​ക്കു​ന്ന വി​പ​ത്തി​നു​മെ​തി​രെ ന​മ്മു​ടെ കോ​ട​തി​ക​ൾ എ​ത്ര​മാ​ത്രം ഇ​ട​പെ​ട്ടി​ട്ടു​ണ്ട്? -ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ഉ​ത്ത​ര​ങ്ങ​ൾ നി​രാ​ശ​ഭ​രി​ത​മാ​ണ്.

കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ചെ​ന്നൈ ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ (പി​ന്നീ​ടും അ​ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടു) അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​യി മ​ദ്രാ​സ് ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ​ക്ക് പ്ര​ള​യ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ഒ​രു നി​രീ​ക്ഷ​ണം ‘ഇ​ക്​ണോ​മി​ക് ആ​ൻഡ് പൊ​ളി​റ്റി​ക്ക​ൽ വി​ക്ക്‍ലി​’യി​ൽ വാ​യി​ക്കു​ക​യു​ണ്ടാ​യി.

പ​റ​ഞ്ഞു​വ​രു​ന്ന​ത്, കാ​ലാ​ന്ത​ര​ത്തി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച പ​രി​ണാ​മ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. പ​ഴ​യ ത​ല​മു​റ​യി​ലെ ന്യാ​യാ​ധി​പ​രു​ം അ​ഭി​ഭാ​ഷ​ക​രും കാ​ണി​ച്ച അ​വ​ബോ​ധം ഇ​ക്കാ​ര്യ​ത്തി​ൽ ബെ​ഞ്ചി​ലും ബാ​റി​ലു​മു​ള്ള പു​ത്ത​ൻ ത​ല​മു​റ​ക്കാ​ർ കാ​ണി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യം സ്വ​യം വി​മ​ർ​ശ​ന​രൂ​പ​ത്തിൽ ഉ​യ​ര​ണം.

ഹൈ​കോ​ട​തി​യി​ലേ​ക്ക് പ്രാ​ക്ടിസ് മാ​റ്റി ഏ​റെ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് പ​യ്യ​ന്നൂർ മു​നി​സി​പ്പാ​ലി​റ്റി പാ​ർ​ശ്വ പ്ര​ദേ​ശ​മാ​യ മൂ​രി​ക്കൊ​വ്വ​ലി​ൽ നി​ർ​ബാ​ധം മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ കേ​സ് വ​ന്ന​ത്. ഒ​രുദി​വ​സം നാ​ട്ട​ിൽ പോ​യ​പ്പോ​ൾ മൂ​രി​ക്കൊ​വ്വ​ൽ ഗ്രൗ​ണ്ടി​ൽനി​ന്നും ഉ​യ​ർ​ന്ന ക​ട്ടി​യാ​യ പു​ക എ​ന്തെ​ന്ന​ന്വേ​ഷി​ച്ച​പ്പോ​ൾ ആ ​പ്ര​ദേ​ശ​ത്തു​കാ​ർ ഭാ​വ​ഭേ​ദ​മൊ​ന്നും കൂ​ടാ​തെ പ​റ​ഞ്ഞു, അ​ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ം ഇ​ത​ര മാ​ലി​ന്യ​ങ്ങ​ളും ക​ത്തി​ക്കു​ന്ന​താ​ണെ​ന്ന്! അ​വ​ർ​ക്ക​തി​ൽ പു​തു​മ​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ട​ക്കി​ടെ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ​രാ​തി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ന്റെ മി​ക്ക ന​ഗ​ര​പാ​ർ​ശ്വ​ങ്ങ​ളി​ലെ​യും മാ​ലി​ന്യം ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന മൈ​താ​ന​ങ്ങ​ൾ നോ​ക്കി​യാ​ൽ മ​ന​സ്സി​ലാ​കും, ചു​റ്റും ജീ​വി​ക്കു​ന്ന പ​ല​രും പാ​വ​ങ്ങളും പാ​ർ​ശ്വ​വ​ത്കൃത​രും സ്വാ​ധീ​ന​ശ​ക്തി​യി​ല്ലാ​ത്ത​വ​രും ആ​ണെ​ന്ന്. ​​െഞ​ളി​യ​ൻ​പ​റ​മ്പാ​യാ​ലും ബ്രഹ്മ​പു​ര​മാ​യാ​ലും മ​റ്റെ​വി​ടെ​യാ​യാ​ലും ഇ​താ​ണ് പൊ​തു​വാ​യ സ്ഥി​തി. മൂ​രി​ക്കൊ​വ്വ​ലും ഇ​തി​ന​പ​വാ​ദ​മ​ല്ല. അ​തി​ന​ടു​ത്ത കോ​ള​നി​യി​ലെ പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ർ​ക്ക് പ്ര​ശ്ന​ത്തി​ന്റെ ഗൗ​ര​വ​മ​റി​യി​ല്ല.

വി​ഷ​പ്പു​ക ശ്വ​സി​ച്ചു​കൊ​ണ്ടും മാ​ലി​ന്യ​ങ്ങ​ളു​െട ദു​​ർ​ഗ​ന്ധം സ​ഹി​ച്ചു​കൊ​ണ്ടും വേ​ണം ജീ​വി​ക്കാ​ൻ. പ​ല​പ്പോ​ഴും പ​ട്ടി​ക​ളും പ​ക്ഷി​ക​ളും മാ​ലി​ന്യം ക​ടി​ച്ച് പ​റ​മ്പി​ലും കി​ണ​റു​ക​ളി​ലും ഇ​ടും. എ​ത്ര​യോ പ​തി​റ്റാ​ണ്ടു​ക​ളാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പം തോ​ന്നി​യ​തു​പോ​ലെ തു​ട​രാ​ൻ തങ്ങൾ​ക്ക് അ​ധി​കാ​ര​മു​ണ്ട് എ​ന്ന​താ​ണ് പ​ല മു​നി​സി​പ്പാ​ലി​റ്റി​ക​ളും ചി​ന്തി​ക്കു​ന്ന​ത്. അ​തേ നി​ല​പാ​ടാ​യി​രു​ന്നു, അ​ന്ന് പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റിക്കും.

പ​ണി​പ്പെ​ട്ടാ​ണെ​ങ്കി​ലും ഒ​രുകൂ​ട്ടം യു​വാ​ക്ക​ൾ മൂ​രി​ക്കൊ​വ്വ​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ മാ​ലി​ന്യകേ​ന്ദ്ര​ത്തി​നെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രംചെ​യ്യാ​ൻ വേ​ണ്ടി സം​ഘ​ടി​പ്പി​ച്ചു. ര​ഞ്ജി​ത്ത്, സു​മി​ത്, കു​ട്ട​ൻ തു​ട​ങ്ങിയ​വ​ർ സ​മ​ര​ത്തി​ന്റെ നേ​തൃ​ത്വ​മേ​റ്റെ​ടു​ത്തു. കേ​ര​ള​ത്തി​ലെ ഏ​താ​ണ്ടെ​ല്ലാ ന​ഗ​ര​ങ്ങ​ളു​ടെ​യും പാ​ർ​ശ്വ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം പേ​റി ജീ​വി​ക്കു​ന്ന നി​സ്വ​രാ​യ മ​നു​ഷ്യ​രു​ണ്ടെ​ന്ന അ​റി​വ് നി​യ​മ​ങ്ങ​ളെ മു​ഴു​വ​ൻ പ​രി​ഹ​സി​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു. ഒ​ന്നോ​ർ​ത്താ​ൽ, പാ​രി​സ്ഥി​തി​ക​മാ​യ ഒ​രു​ത​രം വ​ർ​ഗ​സം​ഘ​ർ​ഷ​മാ​ണ​വി​ട​ങ്ങ​ളി​ൽ. 1986ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ലി​ന്യ മാ​നേ​ജ്മെ​ന്റി​നു​വേ​ണ്ടി​യു​ള്ള ച​ട്ട​ങ്ങ​ൾ നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​നി​സി​പ്പാ​ലി​റ്റി​ക്ക് മാ​ലി​ന്യം​ ശ​രി​യാ​യി മാ​നേ​ജ് ചെ​യ്യാനും സം​സ്ക​രി​ക്കാ​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നു പ​റ​യു​ന്ന ഈ ​ച​ട്ട​ങ്ങ​ളു​െട ഉ​ദ്ദേ​ശ്യം ത​ന്നെ ‘മാ​ലി​ന്യ​സം​സ്ക​ര​ണം’​ മ​റ്റൊ​രു മ​ലി​നീ​ക​ര​ണ സ്രോ​ത​സ്സാ​യി മാ​റാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ്. മാ​ലി​ന്യശേ​ഖ​ര​ണം, വേ​ർ​പെ​ടു​ത്ത​ൽ, സം​ഭ​ര​ണം, ക​ട​ത്ത​ൽ, സം​സ്ക​ര​ണം എ​ന്നി​വ​യെ​ല്ലാം ചെ​യ്യു​ന്ന​തി​ന് നി​യ​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നും നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടു​വേ​ണം, മാ​ലി​ന്യ​സം​സ്ക​ര​ണം നി​ർ​വ​ഹി​ക്കാ​ൻ. ഒ​രു ത​ര​ത്തി​ലും അ​ത് മ​റ്റൊ​രു മ​ലി​നീ​ക​ര​ണ പ്ര​ക്രി​യ​യാ​ക​രു​ത് എ​ന്ന​താ​ണ് ച​ട്ട​ങ്ങ​ളു​ടെ താ​ൽ​പ​ര്യം.

എ​ന്നാ​ൽ, ഇ​വ​യെ​യെ​ല്ലാം​ നോ​ക്കു​കു​ത്തി​യാ​ക്കി​ക്കൊ​ണ്ടാ​ണ് പ​യ്യ​ന്നൂ​ർ അ​ട​ക്കം പ​ല മു​നി​സി​പ്പാ​ലി​റ്റി​ക​ളും മാ​ലി​ന്യം കൈകാ​ര്യംചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ത് അ​ന​ന്ത​കാ​ല​​ത്തേ​ക്ക് തു​ട​രാം എ​ന്ന നി​ല​പാ​ടു​പോ​ലും ശാ​സ്ത്രീ​യ​മ​ല്ല. ദീ​ർ​ഘ​കാ​ലം മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു​വെ​ന്ന​ത് അ​ത് തു​ട​രു​ന്ന​തി​നു​ള്ള ന്യാ​യ​മ​ല്ല, മ​റി​ച്ച് ആ ​ഭൂഭാ​ഗം ശു​ദ്ധീ​ക​രി​ച്ച് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ര​ണ​മാ​ക​ണം എ​ന്ന​താ​ണ് ഇ​ക്കാ​ര്യ​ത്തി​ലെ ശാ​സ്ത്രീ​യ സ​മീ​പ​നം. ‘‘ച​രി​ത്ര​പ​ര​മാ​യ മ​ലി​നീ​ക​ര​ണം’’ (historical contamination) എ​ന്നാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

മൂ​രി​ക്കൊ​വ്വ​ലി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കുന്ന​തി​നെ​തി​രെ ഹൈ​കോട​തി​യി​ൽ കേ​സ് ഫ​യ​ൽചെ​യ്തു; വാ​ദി​ച്ചു. ന​ഗ​ര​മാ​ലി​ന്യം മൂ​രി​ക്കൊ​വ്വ​ലി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് ചീ​ഫ് ജ​സ്റ്റി​സ് ജ​വ​ഹ​ർ​ലാ​ൽ ഗു​പ്ത അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ട​ഞ്ഞു. ന​ഗ​ര​സ​ഭ സ്റ്റേ ​വെ​ക്കേ​റ്റ് ചെ​യ്യാ​ൻ ക​ണ്ടു​പി​ടി​ച്ച വ​ഴി വി​ചി​ത്ര​മാ​യി​രു​ന്നു- ന​ഗ​ര​ത്തി​ൽനി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത് നി​ർ​ത്തു​ക! ന​ഗ​ര​മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​ത്തിൽ​ത്ത​ന്നെ കു​മി​ഞ്ഞു​കൂ​ടി. ഇ​തി​നി​ടെ കേ​സ് മ​റ്റൊ​രു ​െബ​ഞ്ചി​ൽ വ​ന്നു. താ​ൽ​ക്കാ​ലി​ക സ്റ്റേ ​ആ ​െബ​ഞ്ച് ​വെ​ക്കേ​റ്റ് ചെ​യ്തു.

ആ ​ന​ട​പ​ടി​യും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു. പു​തി​യൊ​രു ബെഞ്ച് വേ​ണം ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ എ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഉ​ത്ത​ര​വി​ട്ടു. ഒ​ടു​വി​ൽ ജ​സ്റ്റി​സ് ശ​ങ്ക​ര​സു​ബ്ബ​നും ജ​സ്റ്റി​സ് കെ.​കെ.​ ദി​നേ​ശ​നും അ​ട​ങ്ങി​യ ഡി​വി​ഷ​ൻ ​െബ​ഞ്ച് കേ​സ് പ​രി​ഗ​ണി​ച്ചു. വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണ​ം എ​ന്ന ആ​ശ​യ​ത്തോ​ട് യോ​ജി​ച്ചു​വെ​ങ്കി​ലും കോ​ട​തി അ​തി​ന്റെ പ്രാ​യേ​ാഗി​ക​ത​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ, ച​രി​ത്ര​പ​ര​മാ​യ മ​ലി​നീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് സ്റ്റു​വ​ർ​ട്ട്​ ബെ​ല്ലും ഡൊ​ണാൾ​ഡ് മെ​ക് ഗി​ൽ വാ​രി​യും ചേ​ർ​ന്ന് ന​ട​ത്തിയ നി​രീ​ക്ഷ​ണ​ങ്ങ​ൾ വി​ധി​യി​ൽ ഇ​ടം​പി​ടി​ച്ചു. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​ം ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കോ​ട​തി പ​യ്യ​ന്നൂർ മു​നിസി​പ്പാ​ലി​റ്റി​ക്ക് ന​ൽ​കി.

മാ​ലി​ന്യം ക​ത്തി​ക്കു​ക​യ​ല്ല; ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ മു​നിസി​പ്പാ​ലി​റ്റി നി​യ​മ​​ത്തെ​ക്കൂ​ടി വ്യ​ാഖ്യാ​നി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു, കോ​ട​തിവി​ധി. (സു​മി​ത്തും പ​യ്യ​ന്നൂ​ർ മു​നിസി​പ്പാ​ലി​റ്റി​യും ത​മ്മി​ലു​ള്ള കേ​സ്. 2004 (1) കെ.​എ​ൽ.​ടി 438) വി​ധി അം​ഗീ​ക​രി​ച്ച് ന​ട​പ്പാ​ക്കാ​ൻ അ​ൽ​പം കാ​ല​താ​മ​സം നേ​രി​ട്ടുവെ​ങ്കി​ലും പി​ൽ​ക്കാ​ല​ത്ത് ന​ഗ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ മി​ക​ച്ച മാ​തൃ​ക കാ​ണി​ക്കാ​ൻ പ​യ്യ​ന്നൂ​ർ മു​നിസി​പ്പാ​ലി​റ്റി​ക്ക് ക​ഴി​ഞ്ഞു. ന​ഗ​ര​സ​ഭാ നേ​തൃ​ത്വം പ​ഴ​യ​കാ​ല സ​മീ​പ​ന​ങ്ങ​ളി​ലെ തെ​റ്റു​തി​രു​ത്തു​ക​യും മ​റ്റ് ന​ഗ​ര​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ത് സ​ന്തോ​ഷം പ​ക​രു​ന്ന കാ​ര്യ​മാ​ണ്.

പ​യ്യ​ന്നൂ​രി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് തി​രു​വ​ന​ന്ത​പു​രം​ ജി​ല്ല​യി​ലെ വി​ള​പ്പി​ൽശാ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച മാ​ലി​ന്യ കേ​ന്ദ്ര​ത്തി​നെ​തി​രാ​യ നി​യ​മവ്യ​വ​ഹാ​രം. അ​വി​ടെ മാ​ലിന്യം നി​ക്ഷേ​പി​ക്കാ​ൻ പൊ​ലീ​സി​ന്റെ സ​ഹാ​യം ഉ​ത്ത​ര​വി​ടു​ക​യാ​ണ് കോ​ട​തി ചെ​യ്ത​ത്. എ​ന്നാ​ൽ, ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​മാ​ണ് ഒ​ടു​വി​ൽ വി​ജ​യം ക​ണ്ട​ത്. അ​തൊ​രു ഗാ​ന്ധി​യ​ൻ രീ​തി​യി​ലു​ള്ള ബഹു​ജ​ന​ പ്രക്ഷോ​ഭ​മാ​യി​രു​ന്നു.

ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി​യാ​യി​രു​ന്നു വി​ള​പ്പി​ൽ​ശാ​ല​യിലെ മാ​ലി​ന്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ബു​ർ​ഹാ​ൻ മു​ത​ൽ വേ​ണു​ഗോ​പാ​ൽ വ​രെ നി​ര​വ​ധി പേ​രു​ടെ കൂ​ട്ടാ​യ നേ​തൃ​ത്വ​മാ​യി​രു​ന്നു, അ​ത്. ര​മ​യെ​പ്പോ​ലു​ള്ള വ​നി​താ നേ​താക്ക​ളും സ​മ​ര​ത്തി​ന്റെ മു​ൻ​നി​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​ഹ​ന​സ​മ​ര​ങ്ങൾ​ക്ക് നി​യ​മ​ദൃ​ഷ്ട്യാ​പോ​ലും പ്ര​സ​ക്തി​യു​ണ്ടെ​ന്ന് നി​യ​മ​ചി​ന്ത​ക​രെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ജ​സ്റ്റി​സ് കൃ​ഷ്ണ​യ്യ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഹാ​രി​സ​ൺ മ​ല​യാ​ളം​ കേ​സ്, എ​സ്.​ആ​ർ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ കേ​സ് എ​ന്നി​വ​യി​ൽ കേ​ര​ള ഹൈ​കോ​ട​തി ഇ​ത്ത​രം ചി​ന്ത​ക​ൾ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

 

വി​ള​പ്പി​ൽ​ശാ​ല കേ​വ​ലം ഒ​രു നി​യ​മ​വ്യ​വ​ഹാ​രം മാ​ത്ര​മ​ല്ല; ഒ​രു സ​ഹ​ന​സ​മ​ര​ത്തി​ന്റെ പേ​രു​കൂ​ടി​യാ​ണ​ത്. നേ​ര​ത്തേ പ​റ​ഞ്ഞ പ​യ്യ​ന്നൂ​ർ സം​ഭ​വം കേ​വ​ലം ഒ​രു നി​യ​മ​വ്യ​വ​ഹാ​രം മാ​ത്ര​മാ​യി​രു​ന്നു​വെ​ങ്കി​ൽ, വി​ള​പ്പിൽശാ​ല​യി​ലെ ജ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് ​ഒ​രു പോ​ര​ാട്ടംകൂ​ടി​യാ​യി​രു​ന്നു. അ​വ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളെ​യും മാ​ലി​ന്യ നി​ക്ഷേ​പ​ത്തെ​യും നി​യ​മ​പ​ര​മാ​യി ചോ​ദ്യംചെ​യ്തു​വെ​ങ്കി​ലു​ം അ​തി​ലു​പ​രി, ആ ​നാ​ടാ​കെ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷന്റെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് സ്വ​ന്തം പ്ര​ദേ​ശ​ത്തി​ന് കാ​വ​ൽനി​ന്നു​വെ​ന്ന​താ​ണ് സ​ത്യം. ഒ​ടു​വി​ൽ വ​മ്പി​ച്ച ജ​ന​ശ​ക്തി​ക്കു​ മു​ന്നി​ൽ പൊ​ലീ​സി​നും ഭ​ര​ണ​കൂ​ട​ത്തി​നും മു​ട്ടുമ​ട​ക്കേ​ണ്ടി​വ​ന്നു.

വി​ള​പ്പി​ൽ​ശാ​ലയി​ൽനി​ന്നും മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്രം മാ​റ്റി ഇ​ന്ന​വി​ടെ ശു​ദ്ധ​വാ​യു​വും ശു​ദ്ധ​ജ​ല​വും ശു​ദ്ധ​മ​ന​സ്സു​ള്ള മ​നു​ഷ്യ​രും ചേ​ർ​ന്ന് ഒ​രു ന​വ​ലോ​കം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ആ ​മ​നു​ഷ്യ​ർ​ക്കുവേ​ണ്ടി ചി​ല​തെ​ല്ലാം ഹൈ​കോ​ട​തി​യി​ൽ ചെ​യ്യാ​ൻ സാ​ധി​ച്ച​ത് ഒ​രു സൗ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. പി​ന്നീ​ടൊരിക്ക​ൽ ആ ​നാ​ട് സ​ന്ദ​ർ​ശി​ക്കാ​നും അ​വി​ട​ത്തെ മ​നു​ഷ്യ​രു​ടെ സ്നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​നും അ​വ​സ​ര​മു​ണ്ടാ​യി. പ്ര​സി​ദ്ധ ശി​ൽ​പി​യാ​യ കാ​നാ​യി കു​ഞ്ഞി​രാ​മ​നായിരു​ന്നു അ​പ്പോ​ൾ ജ​ന​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സം​സാ​രി​ച്ച​ത്. അ​വി​സ്മ​ര​ണീ​യ​മാ​ണ് വി​ള​പ്പി​ൽശാ​ല​ക്കാ​ർ കാ​ണി​ച്ച സ്നേ​ഹവാ​യ്പ​്.

ഏതായാലും പരിസ്ഥിതി സംരക്ഷണ വ്യവഹാരങ്ങൾ പൊതുവെ നൽകുന്ന ഒരു പാഠമുണ്ട്. വ്യവസായമാലിന്യമാകട്ടെ, ക്വാറികൾ സൃഷ്ടിക്കുന്ന വിപത്തുകളാവട്ടെ, മാലിന്യസംസ്കരണത്തിന്റെ പ്രശ്നങ്ങളാകട്ടെ, ജീവിതം അസഹനീയമാക്കുന്നു. ന്യായാധിപരാകട്ടെ, അഭിഭാഷകരാവട്ടെ, പലപ്പോഴും ഇത്തരം വിപത്തുകൾ നേരിട്ടനുഭവിച്ചവരല്ല. ഇത്തരം പ്രദേശങ്ങളിലൂടെ യാത്രചെയ്തവർപോലും കുറവായിരിക്കാം. അതിനാൽ ഇവ്വിധം കേസുകളിൽ ഇരകളുടേതായ ഒരു നീതിശാസ്ത്രം -victimology- പടുത്തുയർത്തേണ്ടതുണ്ട്.

മാലിന്യസംസ്കരണംതന്നെ മാലിന്യസ്രോതസ്സാകുന്ന സമകാലിക യാഥാർഥ്യം ഒരിക്കൽകൂടി ആന്ദ്രെ ഗോർസിന്റെ ചിന്തകളെ മനസ്സിലേക്കെത്തിക്കും. നേരത്തേ സൂചിപ്പിച്ചപോലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ദരിദ്രരാണ് മാലിന്യം പേറാൻ വിധിക്കപ്പെട്ടവരായിത്തീരുക. ധനികർ മെച്ചപ്പെട്ട സ്ഥലങ്ങൾ തേടി​പ്പോകും; അഥവാ അവരുടെ മെച്ചപ്പെട്ട സ്ഥലങ്ങളിൽ ക്വാറിയും മാലിന്യംകൂട്ടിയിടലും നടക്കുകയില്ല.

സുമിത്തിന്റെ കേസിൽ വികേന്ദ്രീകരണ സംസ്കരണം എന്ന ആശയത്തെ മിക​ച്ചതെങ്കിലും അപ്രായോഗികം എന്നാണ് ഡിവിഷൻ ബെഞ്ച് പറഞ്ഞത്. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം, കൊച്ചിയും തിരുവനന്തപുരവുമടക്കം വികേന്ദ്രീകരണ സംസ്കരണത്തിന്റെ പാതയിലേക്കു തിരിയുന്നതു കാണുമ്പോൾ ആശ്വാസം തോന്നുന്നു. സത്യത്തിൽ അത് വിഷമകരമെങ്കിലും പ്രായോഗികംതന്നെയാണ്.

സ്വന്തം മാലിന്യങ്ങൾ മറ്റൊരു സ്ഥലത്തുതന്നെ കുന്നുകൂട്ടണമെന്ന സമീപനത്തിൽതന്നെ ഒരുതരം മര്യാദയില്ലായ്മയും ചൂഷകഭാവവും ഉണ്ട്. അതിനാൽ വികേന്ദ്രീകരണ സംസ്കരണമെന്നത് ഈ വിഷയത്തിലെ ഒരു ഗാന്ധിയൻ നീതിശാസ്ത്രംകൂടിയാണ്. നാളെ കൂടുതൽ മെച്ചപ്പെട്ട സ​ാ​ങ്കേതികവിദ്യ ഇതിനായി ഉരുത്തിരിയുംവരെ ഈ ഗാന്ധിമാർഗത്തിന് പ്രസക്തിയുണ്ട്.

(തു​ട​രും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-11 02:30 GMT
access_time 2024-11-04 05:30 GMT