മലയാള സിനിമയിൽ പലതരത്തിലുള്ള മാറ്റം സാധ്യമാക്കിയ സംവിധായകനും കാമറാമാനുമാണ് അമൽ നീരദ്. 'ബിഗ്ബി' മുതൽ 'ഭീഷ്മപർവ്വം' വരെ പോപുലർ സിനിമകളിൽ നിന്ന് അദ്ദേഹം ഒരുക്കിയ സിനിമകൾ എന്താണ് മലയാളിക്ക് നൽകിയത്? മലയാളികളുടെ ഏത് കാലത്തോട്, വികാരത്തോടാണ് സംവദിക്കുന്നത്? തന്റെ സിനിമകളെയും ചലച്ചിത്ര നിലപാടുകളെയും കുറിച്ച് ഡോക്യുമെന്ററി സംവിധായകൻകൂടിയായ രൂപേഷ് കുമാറിനോട് സംസാരിക്കുന്നു.
പതിനഞ്ചു വർഷം മുമ്പ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി കുറച്ചു ചെറുപ്പക്കാര്‍ ഒരു സിനിമയെടുത്തു. മലയാള സിനിമ അവരെ കളിയാക്കി വിളിച്ചത് ''ഒരു തടിയനും കുറെ പിള്ളേരും മമ്മൂട്ടിയെ വെച്ചു സിനിമ എടുക്കാന്‍ വന്നിരിക്കുന്നു'' എന്നാണ്. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ബിലാലിന്റെയും പിള്ളാരുടെയും സിനിമ എടുത്തു. അന്നുവരെ നെടുനീളന്‍ ഡയലോഗ് പറഞ്ഞ് 'തന്തക്കു പിറന്നവരുടെ' മാഹാത്മ്യം പറഞ്ഞ നായകന്മാരില്‍നിന്ന് വ്യത്യസ്തമായി പതിഞ്ഞ താളത്തില്‍ അതിലെ നായകന് സംസാരിച്ചു. വളരെ സർട്ടില്‍ ആയി വളരെ കുറച്ച് മാത്രം ഡയലോഗ് പറഞ്ഞ നായകന്റെ സിനിമ. ഡാര്‍ക്ക് മോഡില്‍ ലൈറ്റ് ചെയ്ത സിനിമ ആയിരുന്നു അത്. വരിക്കാശ്ശേരി മന, ഒറ്റപ്പാലം, പൊള്ളാച്ചി, തിരുവനന്തപുരം തുടങ്ങിയ ജിയോഗ്രഫിക്കൽ സ്പേസുകള്‍ വിട്ടു 'മലയാളിത്തത്തി'ന്റെ നിര്‍വചനത്തിനു പുറത്ത് നില്ക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ അവരുടെ കഥാപാത്രങ്ങളെക്കൊണ്ട് പ്ലേസ് ചെയ്തു. മലയാളിക്ക് അത്തരം ഒരു സിനിമ ഒരു കള്‍ച്ചറല്‍ ഷോക്ക് ആയിരുന്നു. പതിനഞ്ചു വർഷം മുമ്പ് മലയാളി ആ സിനിമ സ്വീകരിച്ചോ എന്ന് സംശയം.
കാലം മുന്നോട്ടുപോയി. ഇന്റര്‍നെറ്റിന്റെ വികാസത്തിലൂടെ മലയാളിയുടെ വിഷ്വല്‍ കള്‍ച്ചര്‍ മാറാൻ തുടങ്ങി. യൂ ട്യൂബ് വികസിച്ചു, പുതിയ തലമുറ പല ഇടങ്ങളിലേക്ക് യാത്ര ചെയ്തുതുടങ്ങി. പുതിയ വിഷ്വല്‍ ഭാഷകളെ അംഗീകരിച്ചുതുടങ്ങി. അങ്ങനെ ലോകസിനിമയും ഇന്ത്യക്ക് പുറത്തുള്ള ദൃശ്യങ്ങളും കണ്ട മലയാളി, പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം 'ബിഗ് ബി' ആഘോഷിച്ചു.
'ബിഗ് ബി' മലയാളിയുടെ ഒരു കള്‍ട്ട് ആയി മാറി. ആ സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടി പ്രേക്ഷകർ കാത്തിരുന്നു. 'ബിഗ് ബി'യിലെ ഫോര്‍ട്ട്കൊച്ചി കള്‍ച്ചര്‍ ലാറ്റിനമേരിക്കന്‍ സംസ്കാരംപോലെ മലയാളി നോക്കികണ്ടു. അതിനെ മോഹിച്ചു. അത് മലയാളിയുടെ വിഷ്വല്‍ കള്‍ച്ചറില്‍ ഒരു ഷിഫ്റ്റ് ആയി.
മലയാള സിനിമയില്‍ നിൽക്കക്കള്ളി ഇല്ലാതെ ബോംബെയിലേക്ക് പോയി അവിടെ നിന്ന് തിരിച്ചുവന്നു അമല്‍ നീരദ് എന്ന ചെറുപ്പക്കാരനും കൂട്ടരും ചെയ്ത സിനിമ ആയിരുന്നു അത്. പിന്നീട് അമല്‍ നീരദ് പോപുലര്‍ സിനിമയില്‍ പലതരം പരീക്ഷണങ്ങൾ നടത്തി. കൈയടികളും വിമര്‍ശനങ്ങളും നേടി. സിനിമകളിലെ സ്ലോ മോഷനുകളെ കുറിച്ചുവരെ ചര്‍ച്ചകളും ട്രോളുകളും വന്നു. സിനിമകളുടെ പൊളിറ്റിക്കല്‍ കറക്റ്റ്നസിനെ കുറിച്ചു വിമര്‍ശനങ്ങള്‍ വന്നു. പലതരം വിരുദ്ധതകളെയും കുറിച്ചു നിരൂപണങ്ങള്‍ വന്നു. ഇപ്പോൾ 'ഭീഷ്മപര്‍വ്വം' ഇറങ്ങിയപ്പോള്‍ മലയാളിസമൂഹത്തിനെ നൂറുശതമാനമാക്കി തിയറ്ററുകളിൽ നിറച്ചു. 'ഭീഷ്മപര്‍വ്വം' മറ്റൊരു കള്‍ട്ട് ആയി. അമല്‍ നീരദ് എന്ന സംവിധായകനൊപ്പം അൽപനേരം നമുക്കിരിക്കാം. അദ്ദേഹത്തിന്റെ സിനിമകളിലൂടെ നമുക്ക് യാത്രചെയ്തുവരാം.
മലയാള പോപുലര്‍ സിനിമയുടെ ഗ്രാമര്‍ മാറ്റിക്കുറിച്ച ചിത്രമായിരുന്നു 'ബിഗ് ബി'. സിനിമ ഇറങ്ങിയ ഉടനെയല്ല പിന്നീട് ആണ് മലയാളി സമൂഹം 'ബിഗ് ബി'യെ ആഘോഷിച്ചത്. 'ബിഗ് ബി'യുടെ അനുഭവങ്ങള്‍ എന്തായിരുന്നു?
ഫിലിം സ്കൂളില്‍ പഠിക്കുമ്പോഴും പുറത്ത് പോയി പോപുലര്‍ സിനിമ കാണുന്ന ആളായിരുന്നു ഞാന്‍. പോപുലര്‍ സിനിമ കണ്ടുകൊണ്ടാണ് വളര്‍ന്നതും. ചെറുപ്പത്തില്‍ വി.എച്ച്.എസില്‍ കിട്ടുന്ന ക്ലാസിക്കുകളും കൊച്ചിൻ ഫിലിം സൊസൈറ്റി കാണിച്ച സിനിമകളും ആസ്വദിച്ചുവെങ്കിൽ ഏറ്റവും കൂടുതല്‍ കണ്ടത് പോപുലര്‍ സിനിമ ആയിരുന്നു. 'ബിഗ് ബി'യില്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചു വലിയ ധാരണ ഇല്ലായിരുന്നു. ഞാന്‍ സുഹൃത്തുക്കളോടു പറയാറ്, 'ബിഗ് ബി'യുടെ ഒരു ഉപകാരം, ഒരുപാട് വിവരമില്ലായ്മ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്. അത് പതിനഞ്ചു വർഷം കഴിഞ്ഞു എങ്ങനെ നിലനിര്‍ത്തും എന്നതാണ് ഇന്നത്തെ എന്റെ ഏറ്റവും വലിയ ടാസ്ക്. ഞാന്‍ വാഗ്മിയും ബുദ്ധിമാനുമായും മാറി എന്ന മട്ടിലല്ല ഈ പറയുന്നത്. അന്ന് ഞാന്‍ തിയറ്ററില്‍ ഫസ്റ്റ് ഡേ പോയി കണ്ട ഏക സിനിമ 'ബിഗ് ബി' ആയിരുന്നു. അതിനുശേഷം ഒരു പടവും ആദ്യ ദിവസം പോയി കാണാന്‍ ധൈര്യം ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത സിനിമ ആയിരുന്നു 'ബിഗ് ബി'. ഞങ്ങള്‍ക്ക് അന്ന് ധൈര്യവും അതിനൊപ്പം അറിവില്ലായ്മയും ഉണ്ടായിരുന്നു. അതേ അവസ്ഥ എങ്ങനെ കൊണ്ടുവരും എന്നതാണ് 'ബിഗ് ബി'യുടെ സെക്കൻഡ് പാര്‍ട്ട് എടുക്കുമ്പോഴുള്ള ഞങ്ങളുടെ ടാസ്ക്.
'ബിഗ് ബി' ഷൂട്ട് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ വേണം എന്ന കാര്യത്തില്‍ ധാരണ ഇല്ലെങ്കിലും എന്തൊക്കെ വേണ്ട എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യത ഉണ്ടായിരുന്നു. അതില്‍ ഒന്നാണ് സിനിമകളില്‍ കാണുന്ന എല്ലാം വെളുത്തു കാണുന്ന ലൈറ്റിങ് വേണ്ട എന്ന തീരുമാനം. അന്ന് സൂപ്പര്‍ സ്റ്റാർ സിനിമ ഷൂട്ട് ചെയ്യുന്ന സെറ്റ് അപ്പിൽ ഒന്നും അല്ല ആ സിനിമ മേക്ക് ചെയ്തത്. സൂപ്പര്‍ സിക്സ്ടീന്‍ കാമറയില്‍ ഫിലിമില്‍ ആയിരുന്നു ഷൂട്ട്. സൂപ്പര്‍ സിക്സ്ടീന്‍ കാമറ ചെറിയ കാമറ ആണ്. ടോപ് ആങ്കിള്‍ എടുക്കാന്‍ സാധിക്കാത്തിടത്ത് ഞാന്‍ കാമറ പൊക്കിപ്പിടിച്ച് നടന്നു ഷൂട്ട് ചെയ്തിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ഗലികളിലൂടെ ഒക്കെ നടന്നു ഷൂട്ട് ചെയ്തപ്പോള്‍ ഒരു അമച്വര്‍ ഷോര്‍ട്ട് ഫിലിമിന്റെ സ്വഭാവം 'ബിഗ് ബി'യുടെ ഷൂട്ടിങ്ങില്‍ ഉണ്ടായിരുന്നു. അതുവരെ പോപുലര്‍ സിനിമയില്‍ ഉണ്ടായിരുന്ന ഒരു ഗ്ലാമര്‍ കോഷ്യന്സില് ആയിരുന്നില്ല ആ സിനിമ ഷൂട്ട് ചെയ്തത്.
അന്നത്തെ സിനിമകളില്‍ നായകനും വില്ലനും കണ്ടുമുട്ടുമ്പോള്‍ നായകന് വില്ലന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടക്കം കഥകള്‍ പറയുന്ന രീതി ഉണ്ടായിരുന്നു. അവര്‍ ഡയലോഗ് പറയാന്‍ തുടങ്ങി ഒരു പോയന്റ് കഴിയുമ്പോള്‍ അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നമ്മള് തന്നെ മറന്നുപോകും. നായകന്മാര് ഒരുപാടു സംസാരിക്കരുത് എന്ന നിര്‍ബന്ധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. കുടുംബ മാഹാത്മ്യങ്ങളും കുടുംബ പേരുകളും പറഞ്ഞായിരുന്നു അവര്‍ സ്വയം വലുതായത്. അങ്ങനെ ഒന്നും പറയാനില്ലാത്ത അനാഥര്‍ ആയിരുന്നു 'ബിഗ് ബി'യിലെ കഥാപാത്രങ്ങള്‍. ''ബിലാലിക്ക...മുരുകനിക്കയും ഉണ്ടല്ലോ..'' എന്നതരത്തിലുള്ള കോമഡികളില്‍ ആയിരുന്നു ഞങ്ങള്‍ക്ക് താൽപര്യം. അതിലെ ചെറിയ അനിയനെകൊണ്ട് ചായ എടുപ്പിക്കുമ്പോള്‍ ''എന്താടാ... പെണ്ണ് കാണലാണോ?'' എന്ന് ചോദിക്കുന്ന സർട്ടില്‍ ആയ കോമഡികള്‍ മാത്രമേ 'ബിഗ് ബി'യില്‍ ഉണ്ടായിരുന്നുള്ളൂ.
'ബിഗ് ബി' കഴിഞ്ഞപ്പോള്‍ സിനിമയില്‍ തന്നെ ഉള്ള ഒരാള്‍ എന്നോട് ഇങ്ങനെ ആണ് നിരൂപിച്ചത്: ബിഗ് ബിയില്‍ ഞാന്‍ ചെയ്ത തെറ്റ്; അവസാനം ബിലാല്‍ സായിപ്പ് ടോണിയെ കണ്ടിട്ട് സായിപ്പ് ടോണിയുടെ അടുത്ത് സര്‍ക്കുലര്‍ ട്രാക്കില്‍ കുറച്ചു ഡയലോഗ് പറയിച്ചില്ല എന്നതാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ സിനിമ ഹിറ്റ് ആയേനെ. പക്ഷേ നെടു നീളന്‍ ഡയലോഗ് പറയിക്കില്ല എന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അന്ന് മലയാള സിനിമയില്‍ 'തന്തക്കു പിറന്നവരെ' തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. പക്ഷേ ബിഗ് ബി യില്‍ തങ്ങളെ ബുദ്ധിയുള്ള ഒരു അമ്മയാണ് വളര്‍ത്തിയത് എന്ന സ്റ്റേറ്റ്മെന്റ് ആണ് അവര്‍ നടത്തുന്നത്. ''അങ്ങനെ ഒരു അമ്മ ടോണിക്ക് ഇല്ലാതെ പോയതാണ് അയാളുടെ പ്രശ്നം'' എന്നാണ് അവര്‍ ഡിസ്കസ് ചെയ്തത്.
മ്യൂസിക് ആണെങ്കിലും എഡിറ്റ് ആണെങ്കിലും ഞങ്ങള്‍ക്ക് താൽപര്യം തോന്നിയ രീതിയില്‍ തന്നെയാണ് ചെയ്തത്. എഡിറ്റര്‍ ആയ വിവേക് ഹര്ഷനും മ്യൂസിക് ഡയറക്ടര്‍ ഗോപി സുന്ദറും എല്ലാവരും അടുത്ത് അറിയാവുന്നവര്‍ ആയിരുന്നു. അന്ന് എന്തൊക്കെയോ സംഘടനാ പ്രശ്നങ്ങള്‍ കാരണം ടൈറ്റിലില്‍ എഡിറ്റര്‍ വിവേക് ഹര്ഷന് എന്നതിന് പകരം കട്ട്സ് വിവേക് ഹര്ഷന് എന്നായിരുന്നു ഇട്ടിരുന്നത്. ബിഗ് ബി യെക്കുറിച്ച് പറഞ്ഞ ഏറ്റവും വലിയ കുറ്റങ്ങളില്‍ ഒന്ന്, മലയാളിത്തം ഇല്ല എന്നായിരുന്നു. പക്ഷേ അന്നത്തെ വിവരമില്ലായ്മയില്‍ ഞാന്‍ പ്രതികരിച്ചത് ''നിങ്ങളുടെ പൊള്ളാച്ചി സിനിമയേക്കാള്‍ മലയാളിത്തം എന്റെ ഫോര്‍ട്ട് കൊച്ചി സിനിമക്ക് ഉണ്ട്'' എന്നാണ്. പിന്നെ ആ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ കുറിച്ചു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ പിടിച്ച ഒരു ഇന്ററസ്റ്റിങ് മീറ്റര്‍ ആണ് ബിഗ് ബിയുടെ പെര്‍ഫോമന്‍സ്. അേദ്ദഹത്തെപോലെ അനുഭവപരിചയവും ഫിലിമോഗ്രഫിയും ഉള്ള ഒരാളുടെ അടുത്ത് ഞാന്‍ അഭിനയം കാണിച്ചുകൊടുത്തിട്ടില്ല. അദ്ദേഹത്തിനോടല്ല, ഒരാളുടെ അടുത്തും ഞാന്‍ അഭിനയം കാണിച്ചുകൊടുത്തിട്ടില്ല. കഥാപാത്രങ്ങള്‍ എവിടെ നിന്ന് വരുന്നു അവരുടെ സ്വഭാവം എന്താണ് എന്ന് മാത്രമാണ് ഞാന്‍ അഭിനേതാക്കളോട് സംസാരിക്കാറ്. മമ്മൂക്ക പിടിച്ച ആ കാരക്ടറില്‍ ഞാന്‍ സൂപ്പര്‍ എക്സൈറ്റഡ് ആയിരുന്നു. പക്ഷേ അന്ന് അതിനു വന്ന വിമര്‍ശനം ഞാന്‍ മമ്മൂക്കയെ മരമാക്കി വെച്ചു അഭിനയിക്കാന്‍ സമ്മതിച്ചില്ല എന്നായിരുന്നു. പിന്നീട് അഞ്ചാറു വർഷം കഴിഞ്ഞുവന്ന തലമുറ ആണ് അത് ഭയങ്കര ബ്രില്യന്റ് ആയ ആക്ടിങ്ങോ പെർഫോമന്‍സോ ആണെന്ന് പറഞ്ഞുതുടങ്ങിയത്. ''ആറാടേണ്ട'' മമ്മൂക്കയെ ഞങ്ങള്‍ ഇല്ലാണ്ടാക്കിക്കളഞ്ഞു എന്ന ചര്‍ച്ചയാണ് ആ സിനിമയുടെ കാലത്തു വന്നത്.
മമ്മൂക്ക ഒരുപാടു പേരുടെ കൂടെ ഇങ്ങനെ വര്‍ക്ക് ചെയ്യുന്നത് ഒരു ബേസിക് വിശ്വാസത്തിലാണ്. ഈയിടെ 'ഭീഷ്മപര്വ്വ'ത്തിന്റെ കാര്യത്തില്‍ ''ഒന്ന് ടിക്കറ്റ് എടുത്തു നോക്ക്'' എന്ന് പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിട്ടുണ്ടായിരുന്നില്ല. അത് പടത്തിന്റെ മുകളില്‍ ഉള്ള വിശ്വാസത്തിന്റെ പുറത്താണ്. ആ വിശ്വാസം അദ്ദേഹം എല്ലാവർക്കും കൊടുത്തിട്ടുമുണ്ട്. ആ വിശ്വാസം ഒരുപാടു ചെറുപ്പക്കാര്‍ ആയ സംവിധായകര്‍ വളരെ പോസിറ്റിവ് ആയി ഉപയോഗിച്ചിട്ടും ഉണ്ട്. ഞങ്ങളുടെ ആ സമയത്ത് ഒരു പുതിയ ഫിലിം മേക്കര്‍ വരുമ്പോള്‍ ആ ഫിലിം മേക്കര്‍ മാത്രം പുതിയതായിരിക്കും. പക്ഷേ ബാക്കി കാമറാമാന് മുതലുള്ള ക്രൂ പഴയ ആള്ക്കാര് ആയിരിക്കും. പക്ഷേ ബിഗ് ബി എന്ന സിനിമയിലെ എല്ലാവരും പുതിയവര്‍ ആയിരുന്നു.
താങ്കളുടെ 'ബിഗ് ബി' ആയാലും തുടർന്നുള്ള മറ്റ് സിനിമകളിലും ജ്യോഗ്രഫിക്കലി കേരളത്തില്‍ സ്പേസ് ചെയ്തപോലെ തോന്നാറില്ല. പകരം ഒരു ലാറ്റിനമേരിക്കന്‍ കാഴ്ചയിലേക്ക് പ്ലേസ് ചെയ്തപോലെയാണ് തോന്നാറ്. ഒരുതരം 'മലയാളിത്തം' ഇല്ലാത്ത സ്പേസ് എന്നൊക്കെ പറയാം..?
ചെറുപ്പത്തില്‍ കൊച്ചിയില്‍ ഉണ്ടായിരുന്നത് കൊച്ചിന് ഫിലിം സൊസൈറ്റി മാത്രമാണ്. മഹാരാജാസില്‍ ക്ലാസ് കഴിഞ്ഞിട്ട് ഫോർട്ട് കൊച്ചിയില്‍ ഹെര്‍സോഗിന്റെ വ്രാത്ത് ഓഫ് ഗോഡ് കാണാന്‍ പോയിട്ടുണ്ട്. തിരിച്ചു നടന്നു ഹോസ്റ്റലില്‍ എത്തി കിടന്നുറങ്ങിയിട്ടുണ്ട്. പണ്ട് ആറു നീന്തിക്കടന്നു സ്കൂളില്‍ പോയിട്ടുണ്ട് എന്ന് നമ്മടെ മുന്‍ തലമുറ പറയുമ്പോള്‍ പിള്ളേര് ചിരിക്കുന്നതുപോലെ തന്നെ കോമഡി ആയി കണ്ടാല്‍ മതി. അന്ന് കൊച്ചിയിലെ വിഡിയോ ഹൗസ് എന്നൊരു ലൈബ്രറിയില്‍ ഒരുപാടു ക്ലാസിക്കുകളുടെ വിഡിയോകള്‍ ഉണ്ടായിരുന്നു. അങ്ങനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നതിനു മുമ്പ് തന്നെ ബെര്‍ഗ്മാന്റെയും ഗൊദാർദിന്റെയും ഫെല്ലിനിയുടെയും സിനിമകള്‍ ഞാന്‍ കണ്ടിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞു ഞാന്‍ ബോംബെയില്‍ കാമറാമാന് ആയി ജോലി ചെയ്യുന്ന സമയത്ത് അവിടെയും ഡി.വി.ഡി ലൈബ്രറികള്‍ ഉണ്ടായിരുന്നു. ഞാന്‍ എല്ലാത്തരം സിനിമകളും കണ്ടു. എന്നെക്കുറിച്ച് സുഹൃത്തുക്കള്‍ കുറ്റം പറഞ്ഞത് എനിക്ക് സിനിമ അല്ലാതെ വേറെ ഒന്നും സംസാരിക്കാന്‍ കഴിയില്ല എന്നായിരുന്നു. ഫിലിം സ്കൂള്‍ ഗേള്‍ഫ്രണ്ട് വരെ അങ്ങനെ പറഞ്ഞിട്ടുണ്ട്. അവള് ഫിലിം സ്കൂളില്‍ നിന്നുള്ള ഗേള്‍ ഫ്രണ്ട് ആയതുകൊണ്ട് എനിക്ക് അതില്‍ ചെറിയ വിഷമവും ഉണ്ടായിരുന്നു. എനിക്ക് അന്ന് എല്ലാത്തരം സിനിമകളും കാണാന്‍ പറ്റുമായിരുന്നു. ഇന്ന് എനിക്ക് അത് പറ്റില്ല. ആ കഴിവ് പോയി. അന്ന് കൊച്ചിയില്‍ ഇറങ്ങുന്ന ഒരു സിനിമയും ഞാന്‍ മിസ് ചെയ്യാറില്ല. ഇപ്പൊ നമ്മള് ഒ.ടി.ടിയിൽ ഒരുപാടു സിനിമകള്‍ കാണുമ്പോള്‍ പഴയ ദാരിദ്ര്യത്തില്നിന്നാണല്ലോ നമ്മള് ഈ ബിരിയാണിയിലേക്ക് വന്നത് എന്നാണ് ചിന്തിക്കുക.
ഞാന്‍ ഒരുപാടു സിനിമകളില്‍ ഇൻഫ്ലുവന്‍സ്ഡ് ആണ്. അതിനകത്ത് ജാപ്പനീസ് ഫിലിം മേക്കേഴ്സ് ഉണ്ട്. കൊറിയന്‍ ഫിലിം മേക്കേഴ്സ് ഉണ്ട്. ലോകത്തുള്ള പലതരം സിനിമകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. വന്‍ കോര്വായി എന്നെ സ്വാധീനിച്ചിട്ടുണ്ട്. തകേശി കിറ്റാണോ ഉണ്ട്. അദ്ദേഹത്തെ തല്ലു തകേശി എന്നാണ് അദ്ദേഹത്തിന്റെ ജാപ്പനീസ് ഫാൻസ് വിളിച്ചത്. അത്രയധികം തല്ലുപടങ്ങള് ചെയ്ത ആളായിരുന്നു. ലാറ്റിന്‍ സ്പാനിഷ് എന്ന് മാത്രമല്ല മറ്റു പല സിനിമകളിലും ഞാന്‍ ഇൻഫ്ലുവന്‍സ്ഡ് ആയിട്ടുണ്ട്. ഞാന്‍ സി.ഐ.ഇയുടെ ഷൂട്ടും ആയി സൗത്ത് അമേരിക്കയില്‍ പോയിട്ടുണ്ട്. നമ്മളുടെ സ്കിന്‍ ടോനിലും രൂപത്തിലും നമ്മള് ഒരു സൗത്ത് അമേരിക്കന്‍ ആണ്. ഞങ്ങള്‍ മെക്സികോയില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. മലയാളികള്‍ക്ക് യൂനിറ്റില്‍ ചോറും മീന്‍കറിയും ഒക്കെ വേണമല്ലോ. ഒരു കണ്ണമാലിക്കാരന് എല്ജിന് ആണ് ഞങ്ങള്‍ക്ക് ടെക്സസില്‍നിന്ന് ഭക്ഷണം കൊണ്ടുവരിക. എല്ജിന് കുറെ മെക്സിക്കൻസും ആയാണ് വന്നിറങ്ങുക. പക്ഷേ ആരാണ് മെക്സിക്കന്‍ ആരാണ് എല്ജിന് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ''മച്ചാനെ...സുഖമല്ലേ?'' എന്ന് പറയുമ്പോഴാണ് എൽജിനെ നമ്മള് തിരിച്ചറിയുക. നമ്മള് സൗത്ത് അമേരിക്കയില്‍ പോയാല്‍ അവിടത്തെ ജനത ആയി മാത്രമേ തിരിച്ചറിയുകയുള്ളൂ. അത്രക്ക് സാമ്യത ലാറ്റിനമേരിക്കക്കാരും മലയാളികളും തമ്മില്‍ ഉണ്ട്. എസ്.കെ. പൊെറ്റക്കാട്ട് തന്റെ യാത്രാവിവരണത്തില്‍ പറയുന്നുണ്ട്, അദ്ദേഹം ഒരിക്കല്‍ ആഫ്രിക്കയില്കൂടി ദാഹിച്ച് ഒരു ചായക്കടയുടെ മുന്നില്‍ എത്തിയപ്പോള്‍ അപ്പോഴാണ് ''ആ വന്നിരിക്കുന്ന കറമ്പന് എന്താണ് വേണ്ടതെന്നു ചോദിക്ക്'' എന്ന വര്‍ത്തമാനം ചായക്കടയുടെ ഉള്ളില്‍നിന്നു കേള്‍ക്കുന്നത്. ഫോര്‍ട്ട് കൊച്ചിയുടെ ബാക്ക് ഡ്രോപ്പില്‍ മലയാളിയെ നിര്‍ത്തുമ്പോള്‍ മലയാളിക്ക് തന്നെ തോന്നുകയാണ് താന്‍ ലാറ്റിനമേരിക്കയിലാണ് നില്‍ക്കുന്നത് എന്ന്. ബാക്കാറാവു എന്ന ലാറ്റിനമേരിക്കന്‍ സിനിമയാണ് എന്റെ ഡ്രീം. അത്തരം ഒരു സിനിമ എടുത്താല്‍ ഞാന്‍ സിനിമ എടുപ്പ് നിര്‍ത്തും. നാര്‍കോസ് മെക്സികോയില്‍ രണ്ടു സുഹൃത്തുക്കള്‍ ഉണ്ട്. അതില്‍ ഒരാളെ കണ്ടാല്‍ ഏതോ തമിഴ് പടത്തിലുള്ള നായകനായാണ് തോന്നുക. നമ്മടെ പ്രാന്തന് കുരിയച്ചന് പോലും ലാറ്റിനോ ആണ്. ജോര്‍ജ് സാന്റിയാഗോ എന്ന ഞങ്ങളുടെ ഒരു സുഹൃത്തിനെ സൗത്ത് അമേരിക്കയില്‍ എവിടെ കൊണ്ടിട്ടാലും സുഖമായിട്ടു ഒളിച്ചിരിക്കാന്‍ പറ്റും.
'ബിഗ് ബി'യിലെ ബിലാലും 'ഭീഷ്മപർവ്വ'ത്തിലെ മൈക്കിളും വളരെ വ്യത്യസ്തങ്ങളായ രണ്ട് ഐഡൻറിറ്റികള്‍ ആണ്. മമ്മൂട്ടി എന്ന നടന് രണ്ടു വ്യത്യസ്തങ്ങളായ ബോഡി മോഡുലേഷനുകളിലൂടെയും ശബ്ദങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും ആണ് രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എങ്ങനെ നോക്കിക്കാണുന്നു?
ബിലാല്‍ എന്നെ സംബന്ധിച്ചു ഒരു ഏകാകിയും ട്രാവലറും ആണ്. അങ്ങനെയാണ് ഞങ്ങള്‍ അയാളുടെ കാരക്റ്റര്‍ ക്ലോത്ത് ചെയ്തത്. അയാളുടെ ആക്സസറീസ് പോലും അത്തരം സാധനങ്ങള്‍ ആയിരുന്നു. ഞാന്‍ മമ്മൂക്കയോട് പറഞ്ഞത് പോലും അങ്ങനെയാണ്. അയാള്‍ സംസാരിക്കുന്ന ഭാഷപോലും അങ്ങനെയാണ്. അയാള്‍ ചിക്കമഗളൂരുവില്‍ നിന്നാണ് ഇങ്ങോട്ട് വന്നത്. ബിലാലിന് ഒരു തുടർച്ച ഉണ്ടെങ്കില്‍ അയാള്‍ എവിടെ ആണെന്ന് പറഞ്ഞാലും എനിക്ക് ഒരു കൺഫ്യൂഷന് ഇല്ല. ബിലാല്‍ ഒരു ജിപ്സി ആണ്. അതിന്റെ സോഫിസ്റ്റിക്കേഷനും അയാള്‍ക്ക് ഉണ്ട്. പക്ഷേ മൈക്കിള്‍ കൊച്ചിയില്‍ നില്ക്കുന്ന ഒരാളാണ്. മൈക്കിളിന്റെ ബാക്ക് ഗ്രൗണ്ട് കൊച്ചിയിലോ കണ്ണമാലിയിലോ എഴുപുന്നയിലോ ആണ്. അദ്ദേഹത്തിനു ഒരു മുംബൈ കണക്ഷന് ഉണ്ടെന്നു പറയുന്നത് അത് കാണികളുടെ റീഡിങ്ങിന്റെ ഭാഗമാണ്. അയാള്‍ അയാളുടെ രീതിയില്‍ എജുക്കേറ്റഡ് ആണ്. അദ്ദേഹത്തിനു അദ്ദേഹത്തിന്റേതായ ലൈബ്രറി ഉണ്ട്. ആ സ്പേസില്‍ ആണ് അയാള്‍ ശ്രീനാഥ് ഭാസിയെയും ആലീസിനെയും കാണുന്നത്. അദ്ദേഹം നല്ല സംഗീതം കേള്‍ക്കുന്ന ആളാണ്. വിസ്കി അടിക്കാന്‍ സാധ്യത ഉള്ള ആളാണ്. പുള്ളിക്ക് ഏതെങ്കിലും തരത്തില്‍ ഉള്ളു തുറന്നു സംസാരിക്കാന്‍ കഴിയുന്നത് ആലീസും ആയാണ്. ബിലാലിന് തന്റെ സഹോദരങ്ങളോട് എല്ലാ തരത്തിലുള്ള ഇമോഷൻസും പുറത്ത് എടുക്കാന്‍ കഴിയും. പക്ഷേ മൈക്കിളിന് ആരോടും സംസാരിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ചേട്ടന് ആയ മത്തായിയോടു പോലും ''ഭക്ഷണം കഴിക്കാന്‍ വാ'', ''ചേട്ടായി ഈ കപ്പല്‍ മുങ്ങാതിരിക്കാന്‍ വേണ്ടിയാണ്'' എന്ന രീതിയിലുള്ള ഒഫിഷ്യല്‍ കമ്യൂണിക്കേഷനുകള്‍ മാത്രമേ ഉള്ളൂ. പക്ഷേ മത്തായി പുത്രവാത്സല്യം കാരണം കണ്ണടിച്ചു പോയി കൊണ്ടിരിക്കുകയാണ് എന്ന കാര്യം തുറന്നു ചര്‍ച്ച ചെയ്യാനുള്ള ഒരു സ്പേസ് ആണ് മൈക്കിളിന് ആലീസ്. മൈക്കിളും ആലീസും തമ്മില്‍ ഒരു ഫിസിക്കല്‍ റിലേഷൻഷിപ്പ് ഉണ്ടെന്ന രീതിയില്‍പോലും ആണ് പോകുന്നത്. മോളി എന്ന കഥാപാത്രം എന്തിനാണ് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍ ഇങ്ങോട്ട് വരുന്നത് എന്ന് ആലീസിനോട് ചോദിക്കുന്നുണ്ട്. അതിനു ആലീസ് പറയുന്ന മറുപടി ''മൈക്കിള്‍ തരുന്ന ബിരിയാണിപോലെ ആകില്ലല്ലോ'' എന്നാണ്. മൈക്കിള്‍ വരുമ്പോള്‍ ആലീസിന്റെ മകള്‍ അയാളോട് വര്‍ക്കീസ് പാക്കറ്റും വാങ്ങി സാധാരണ രീതിയില്‍ തന്നെ പോകുന്നുമുണ്ട്. അത്ര ചെറുപ്പം മുതല്‍ അറിയാവുന്ന രണ്ടു പേരാണ് ആലീസും മൈക്കിളും. ഇയാളുടെ ഇമോഷണല്‍ ജീവിതം നങ്കൂരമിടുന്ന പോയന്റ് ആണ് ആലീസ്. ബിലാല്‍ ഒരു ജിപ്സിയും മൈക്കിൾ ഒരു കുടുംബത്തിന്റെ കപ്പിത്താനും ആണ്. മേരി ടീച്ചര്‍ക്ക് അങ്ങനെ ഒരു സിറ്റുവേഷന് വന്നതുകൊണ്ട് മാത്രമാണ് ബിലാല്‍ അവിടെ അങ്ങനെ നില്‍ക്കുന്നത്. ഏറ്റവും മോശം സെക്കൻഡ് പാര്‍ട്ട് മനസ്സില്‍ കാണുന്ന ഒരാള്‍പോലും ബിലാല്‍ ഫോർട്ട് കൊച്ചിയിലെ ആ വീട്ടില്‍ താമസിക്കും എന്ന് വിചാരിക്കില്ല. ബിലാല്‍ ഒരു വാണ്ടറര്‍ ആണ്. എനിക്ക് അങ്ങനെ ഉള്ള ആള്ക്കാർ സുഹൃത്തുക്കളായും പരിചയക്കാരായും ഉണ്ട്. എനിക്ക് അവര്‍ ഇന്ററസ്റ്റിങ് ആയിട്ട് തോന്നുന്ന മനുഷ്യര്‍ ആണ്. ബിലാലിന്റെ സെക്ഷ്വാലിറ്റി ചികയാത്തത് പോലെ ഞാന്‍ അവരുടെയും സെക്ഷ്വാലിറ്റി ചികയാറില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അത് ഒരു വിഷയമല്ല. ബിലാലിന് ഒരു പാര്‍ട്ണര്‍ ആയി ആരെങ്കിലും എവിടെയെങ്കിലും ഉണ്ടോ എന്നത് ഒന്നും നമ്മളുടെ വിഷയമല്ല.
മമ്മൂക്കയെ വെച്ചു ഒരു സിനിമ ചെയ്യുമ്പോള്‍ മമ്മൂക്കയുടെ ഇതുവരെയുള്ള സിനിമകളെ മറന്നുകൊണ്ടൊന്നും സിനിമ ചെയ്യാന്‍ കഴിയില്ല. ''താളികളെ എന്റടുത്ത് താളിക്കാന്‍ വന്നാല്‍ പ്രാന്തൻ കുരിയാച്ചനാണേ വെട്ടിക്കീറി പട്ടിക്കിട്ടു കൊടുക്കും ഞാൻ'' എന്നൊരു ഡയലോഗ് പറയുമ്പോള്‍ മമ്മൂക്കയില്‍ ഒരു തരത്തില്‍ ഒരു സൈക്കോ സ്ഫുരണം ഉണ്ട്. അത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടി ആണ്. അത് ഞാന്‍ ആയിട്ട് ഉണ്ടാക്കിയതല്ല, മമ്മൂക്കക്ക് ചെയ്യണം എന്ന് തോന്നിയിട്ട് വന്നതാണ്. മമ്മൂക്ക എന്ന ആക്ടറിനു ഇനിയും എക്സ് േപ്ലാര്‍ ചെയ്യാന്‍ ഒരുപാടു സ്പേസുകള്‍ ഉണ്ട് എന്നതാണ്. അത് അദ്ദേഹത്തിന്റെ ഒരു എക്സ് െപ്ലാറേഷന് കൂടെ ആണ്. നദിയാ മാമിനോടു ഫാതിക്ക് എന്താണ് പറയാന്‍ ഉള്ളത് എന്ന് ചോദിക്കുമ്പോള്‍ അവര്‍ ''ഞാനും ഇവിടെ വന്നു ഇങ്ങനെ നിന്നിട്ടുള്ളതാണ്. ഇവിടത്തെ അപ്പനും അമ്മയും എന്നോടു കാണിച്ചിട്ടുള്ളത് ഒരുപാടു സ്നേഹമാണ്. അത് തന്നെയാണ് എന്റെ ഉത്തരവും'' എന്ന് അവര്‍ പറയുന്നുണ്ട്. ആ സംസാരത്തില്‍ ഫാത്തിമയുടെ മുഖത്തുള്ള ഒരു അക്ഷോഭ്യത ഉണ്ട്. അത് വേറൊരു ആക്ടറിന്റെ അടുത്ത് എനിക്ക് ആ അക്ഷോഭ്യത ആണ് വേണ്ടത് എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ആ വാക്ക് എന്താണെന്ന് പോലും മനസ്സിലായില്ല. അക്ഷോഭ്യത എന്നതിന് ഒരു ഡോണ്‍ കെയര്‍ സ്വഭാവം കൂടെ ഉണ്ട്. അതുതന്നെയാണ് എന്റെ സത്യവും അതുതന്നെയാണ് എന്റെ ഉത്തരവും എന്ന് പറയുന്ന ഒരു കാര്യം ഉണ്ട്.
'ഇരുപതാം നൂറ്റാണ്ട്' എന്ന സിനിമയില്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന അണ്ടര്‍ വേള്‍ഡ് ഡോണിന് ജനകീയമായ അടിത്തറയും സാധാരണക്കാരുടെ സപ്പോര്‍ട്ടും ഉണ്ടായിരുന്നു. അയാള്‍ക്ക് ബന്ധങ്ങളും ഇമോഷണല്‍ ആയ ഒരു സ്റ്റോറി ലൈനും ഉണ്ടായിരുന്നു. പക്ഷേ 'ഇരുപതാം നൂറ്റാണ്ടു' കണ്ട ഞങ്ങളെയൊക്കെ 'സാഗര്‍ ഏലിയാസ് ജാക്കി' നിരാശപ്പെടുത്തിക്കളഞ്ഞു..?
'സാഗര്‍ ഏലിയാസ് ജാക്കി' നൂറുദിവസം പോസ്റ്റര്‍ ഒട്ടിച്ച സിനിമ ആയിരുന്നു. അത് സാമ്പത്തികമായി വിജയിച്ച, പ്രോഡ്യൂസര്‍ ഹാപ്പി ആയ സിനിമ ആയിരുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ കണ്ട തലമുറക്ക് ആയിരിക്കാം ഈ സിനിമ ഇഷ്ടപ്പെടാതെ പോയത്. ഞാന്‍ ആ സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവിടെ കുറെ കുട്ടികള്‍ യൂനിറ്റ് ബസില്‍ 'സാഗര്‍ ഏലിയാസ് ജാക്കി'യുടെ പോസ്റ്റര്‍ കണ്ടു ''അത് ടി.വിയില്‍ കാണിക്കുന്ന സ്വർണ ബിസ്ക്കറ്റ് ഒക്കെ കടത്തുന്ന ആ കാരക്ടര്‍ ആണ് എന്ന് തോന്നുന്നു'' എന്ന രീതിയില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയുടെ ഇമോഷണല്‍ വൈബ്രന്‍സ് മനസ്സിലാക്കുന്ന അമ്മയും നായികയും ആരും ഇല്ലായിരുന്നു അയാള്‍ക്ക്. സാഗര്‍ ഏലിയാസ് ജാക്കിക്ക് ഇരുപതാം നൂറ്റാണ്ടിനുശേഷം അധികം ആരും ഉണ്ടായിരുന്നില്ല. തിരിച്ചു വരുമ്പോള്‍ ഒരു വില്ലന്‍ പോലും ഇല്ലാതെ സാഗര്‍ ഏലിയാസ് ജാക്കി മാത്രം വരുന്ന ഒരു സീന്‍ ആണ് ഉണ്ടായിരുന്നത്.
'ബാച്ചിലേഴ്സ് പാര്‍ട്ടി'യിലെ വിനായകനും കലാഭവന്‍ മണിയും മറ്റും ബിഗ് ബി യെ പോലെ 'മലയാളി'യില്‍ നിന്ന് വ്യത്യസ്തമായ മാസ്കുലിനിറ്റികളെ ആണ് സ്ക്രീനില്‍ അവതരിപ്പിച്ചത്. നല്ല സ്റ്റൈല്‍ ഉള്ള മനുഷ്യര്‍ ആയിരുന്നു അവര്‍. മലയാളിത്തത്തിനെ എടുത്തു കുലുക്കുന്നുമുണ്ട് അവര്‍?
എന്റെ എല്ലാ സിനിമകളിലും എനിക്ക് വിനായകനെ എങ്ങനെ കാണണം എന്ന രീതിയില്‍ മാത്രമേ ഞാന്‍ വിനായകനെ പിടിച്ചിട്ടുള്ളൂ. ആ സിനിമയില്‍ മണി ചേട്ടനെ ആണെങ്കിലും റഹ്മാന് ഭായിയെ ആണെങ്കിലും ഞാന്‍ അങ്ങനെയാണ് പിടിച്ചിട്ടുള്ളത്. അവരുടെ വേഷങ്ങളില്‍ അങ്ങനെ ആണെങ്കിലും അവര്‍ സംസാരിക്കുന്ന രീതികള്‍ എല്ലാം ടിപ്പിക്കല്‍ മലയാളി രീതിയില്‍ ആയിരുന്നു. ഗീവര്‍ സുവിശേഷം വായിക്കുകയും പ്രാർഥനാ പരിപാടികള്‍ക്ക് പോവുകയും ചെയ്യുന്ന ഗുണ്ട ആണ്. അതിന്റേതായ രീതികളില്‍ ഉള്ള കോമഡികളും ഉണ്ട്. ഗീവറും ഫക്കീറും അതായത് റഹ്മാന് ഭായിയും വിനായകനും കൂടെ മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍ റഹ്മാന് പറയുന്നു, എനിക്ക് ഇവിടെ നില്ക്കുമ്പോള് ഒരു ഗാഗുല്‍ത മലയില്‍ നില്ക്കുന്ന ഫീല്‍ വരുന്നു എന്നാണ്. അപ്പോള്‍ എനിക്ക് ഒരു അൽകുലുത്ത് മലയിലും നില്ക്കുന്ന ഫീലും ഇല്ല എന്നാണു വിനായകന് പറയുന്നത്. അപ്പൊ റഹ്മാന് ഭായിയുടെ ഗീവര്‍ നിന്റെ ഈ ഇങ്ങനത്തെ കാര്യങ്ങള്‍ കാരണം ആണ് നീയിങ്ങനെ കറുത്ത് പോയത് എന്ന് പറയുന്നു. അവിടെ ഇയാള്‍ എന്താണ് ഈ പറയുന്നത് എന്ന് വിനായകന് നോക്കിനിൽക്കുന്നിടത്താണ് ഒരു കട്ട് വരുന്നത്. അങ്ങനെ ഒക്കെ ഉള്ള രീതികളില്‍ ടിപ്പിക്കല്‍ മലയാളികള്‍ തന്നെ ആണ് ആ കഥാപാത്രങ്ങള്‍. ' 'നീ കറുത്ത് പോയത്'' എന്ന സ്റ്റേറ്റ്മെന്റ് ആണെങ്കിലും റഹ്മാൻ എന്ത് മണ്ടത്തരം ആണ് പറയുന്നത് എന്ന വിനായകന്റെ നോട്ടത്തില്‍ ആണ് എനിക്ക് കോമഡി ഫീല്‍ ചെയ്തത്. ആ സിനിമയിലെ ഡിസ്ക്ലൈമറില്‍ കഥാപാത്രങ്ങളുടെ സംസാരം സംവിധായകന്റെ വീക്ഷണം അല്ല എന്ന് നമ്മള് പറഞ്ഞിട്ടുണ്ട്. അത്തരം സ്റ്റേറ്റ്മെന്റുകള്‍ വരുമ്പോള്‍ അത് സംവിധായകന്റെ കളറിസം/ദലിത് വിരുദ്ധത എന്നൊക്കെ വായിച്ചെടുക്കുമ്പോള്‍ വല്ലാത്ത പേടി തോന്നാറുണ്ട്. സൈരാത് എന്ന മറാത്തി സിനിമയില്‍ പ്രേമിക്കുന്ന രണ്ടു പേരില്‍ പെണ്‍കുട്ടി ഉന്നത ജാതിയും പയ്യന് കീഴ് ജാതിയും ആണ്. അതില്‍ പക്ഷേ പയ്യന് വെളുത്തിട്ടും പെണ്‍കുട്ടി കറുത്തിട്ടും ആണ്. കേരളത്തില്‍ കളര്‍ വെച്ചു ജാതി തിരിച്ചറിയാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. ഒരുപാടു പരിണാമങ്ങളിലൂടെ പോയിട്ടുള്ള ഒരുപാടു പേരാണ് കേരളത്തില്‍ ഉള്ളത്. അത് കളര്‍ വെച്ചു തരംതിരിക്കാന്‍ പറ്റുമോ എന്ന കാര്യം എനിക്ക് സംശയമാണ്. എനിക്ക് അറിയാവുന്ന ഒരു മേനോന്റെ ഏറ്റവും വലിയ വിഷമം അയാള്‍ കറുത്തിട്ടാണ് ഇരിക്കുന്നത്, അയാളെ മേനോന് ആയിട്ട് ആരും കാണുന്നില്ല എന്നായിരുന്നു. 'ബാച്ചിലേഴ്സ് പാര്‍ട്ടി'യിലെ ഗീവറിനെ പോലെ ഉള്ളവരുടെ സെന്‍സ് ഓഫ് ഹ്യൂമറില്‍ എന്ത് രാഷ്ട്രീയം പറയാന്‍ ആണ് എന്നതാണ്. ഗീവറിന്റെ വിവരമില്ലായ്മയിലാണ് വിനായകന്റെ റിയാക്ഷന്. ഗീവര്‍ പറയുന്നതല്ല, വിനായകന് ഇവനെന്തൊരു മണ്ടന്‍ ആണ് എന്ന രീതിയിലുള്ള റിയാക്ഷന് ആണ് പൊളിറ്റിക്കല്‍ ആകുന്നത്. നിനക്ക് ഇത്രയും വിവരമേ ഉള്ളൂ എന്ന രീതിയില്‍ ആണ് വിനായകന് നില്‍ക്കുന്നത്.
നിരൂപണങ്ങള്‍ സിനിമകളെ പലതരം രീതിയില്‍ വായിച്ചെടുക്കാറുണ്ട്. കളറിസം/ദലിത് വിരുദ്ധത എന്ന രീതിയില്‍ വായിക്കാവുന്ന നേരത്തേ പറഞ്ഞ കറുപ്പിനെ കളിയാക്കുന്ന സീനിനെ വിനായകന്റെ പുച്ഛം എന്ന രീതിയിലാണ് താങ്കള്‍ കാണുന്നത്. താങ്കളുടെ സിനിമകള്‍ക്ക് അത്തരം പലതരം വായനകള്‍ ഉണ്ടായിട്ടുണ്ടാകുമല്ലോ?
ബിഗ് ബി എന്ന സിനിമക്ക് ഒരുപാടു കുറ്റവും കുറവുകളും ഉണ്ട്. പക്ഷേ അതിനെ കുറിച്ച് ഒരു നിരൂപകന്റെ വാദം എന്നെ ഞെട്ടിച്ചു കളഞ്ഞു. അയാള്‍ പറഞ്ഞത് ഇത് പുതിയ ആള്ക്കാര് ചെയ്ത് ഒട്ടും പുതുമ ഇല്ലാത്ത സിനിമ എന്നായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞത് ഞാന്‍ ഭയങ്കര ഒരു റേസിസ്റ്റ് ആണ് എന്നാണ്. ഇന്ത്യന്‍ എക്സ്പ്രസില്‍ ആണ് അങ്ങനെ എഴുതിയത്. എന്റെ റേസിസത്തിന്റെ ഭാഗമായി മേരി ടീച്ചര്‍ എന്ന മദാമ്മ, സായിപ്പ് ടോണി എന്ന മറ്റൊരു സായിപ്പ് അവരുടെ ഇടയില്പെടുന്ന കുറെ കറുമ്പന്മാരുടെയും ഇന്ത്യക്കാരുടെയും കഥയാണ് ഈ സിനിമ. സായിപ്പിനോടും മദാമ്മയോടും ഉള്ള സ്നേഹമാണ് എന്റെ ആ സിനിമ. ബിഗ് ബി യെക്കുറിച്ച് എനിക്ക് ആദ്യമായി ഓർമയുള്ള റിവ്യൂ അതായിരുന്നു. ഒരു ദിവസം രാവിലെ വന്നു നിങ്ങളെ ഒരാള്‍ റേസിസ്റ്റ് എന്ന് വിളിക്കുക ആണ്. ആദ്യകാലങ്ങളില്‍ അത് നമുക്ക് വേദന ഉണ്ടാക്കുന്ന ഷോക്കിങ് ആയ സംഗതി ആയി. എന്തൊക്കെ ആയാലും റേസിസ്റ്റ് എന്ന പേര് വരരുത് എന്ന് ജീവിച്ച് വരുമ്പോഴാണ് ഇങ്ങനെ ഒരു വിളി വരുന്നത്. ഞാന്‍ ഒരിക്കലും ബിഗ് ബി എന്ന് പടത്തിനു ഇങ്ങനെ ഒരു റീഡിങ് ഉണ്ടാകുമോ എന്ന് പ്രതീക്ഷിച്ചിട്ടില്ല.
വിനായകന് എന്ന നടന് ഒരുപക്ഷേ ഫ്രാന്‍സിലോ മറ്റോ ജനിച്ചിരുന്നെങ്കില്‍ പാരിസിലെയും ലോകത്തെയും ഏറ്റവും സ്റ്റൈലന്‍ ആയ ഒരു മോഡല്‍ ആകുമായിരുന്നു എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. വിനായകന് എന്ന നടന് താങ്കളുടെ സുഹൃത്ത്കൂടി ആണ്..?
വിനായകനെ ഞാന്‍ പടങ്ങളില്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കുറെ സ്റ്റില്‍സ് എടുത്തിട്ടുണ്ട്. അതില്‍നിന്നാണ് ഞാന്‍ പാരിസ് ഫാഷന്‍ വീക്കില്‍ വിനായകനെ ഇറക്കിയാല്‍ അവിടത്തെ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും എന്ന് പറഞ്ഞത്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അദ്ദേഹം സ്വയം കള്‍ട്ടിവേറ്റ് ചെയ്തതാണ്. വിനായകന് നല്ല ഡാന്‍സര്‍ ആണ്. ആദ്യകാല കണ്ടംപററി ഡാൻസേഴ്സില്‍ കൊച്ചിയില്‍ അറിയാവുന്ന ആളായിരുന്നു വിനായകന്. എനിക്ക് ഡാന്‍സ് ഭയങ്കര ഇഷ്ടമാണ്. എല്ലാ കാലത്തും ഞാന്‍ ഡാൻസേഴ്സിന്റെ ഫാന്‍ ആണ്. കുറെ പേരെ കൊണ്ട് വന്നു നിരത്തിനിര്ത്തിയിട്ട് വെറുതെ കാമറ അവരുടെ മുന്നില്‍ കൂടെ പാന്‍ ചെയ്തു കഴിഞ്ഞാല്‍ ചില ആള്‍ക്കാരും കാമറയും തമ്മിലുള്ളതു കാന്തം പോലുള്ള കണക്റ്റ് ആണ്. അത്തരം ഒരു ആളാണ് വിനായകന്. വിനായകന് എന്റെ ആദ്യ ഹിന്ദി പടത്തില്‍ വരെ അഭിനയിച്ചിട്ടുണ്ട്. അവിടെ ഒരുപാടു പേരെ ഇങ്ങനെ നിരത്തിനിര്ത്തിയിട്ടു ചില സാധനങ്ങളുടെ റിയാക്ഷന്‍സ് ഒക്കെ ഇങ്ങനെ എടുക്കും. പലര്‍ക്കും എപ്പോഴാണ് കാമറ അവരെ ഷൂട്ട് ചെയ്യുന്നത് എന്ന് അറിയാന്‍ പറ്റില്ല. പക്ഷേ വിനായകന് കാമറ തന്നെ 'തൊടുന്നത്' കൃത്യമായി അറിയാന്‍ പറ്റും.
'ഇയ്യോബിന്റെ പുസ്തക'ത്തില്‍ ഫഹദ് അവസാനം ജയസൂര്യയെ വെടി വെച്ചതിനു ശേഷം ആ വെള്ളത്തില്‍ നിന്ന് പോയ ഒരു ഷോട്ട് ഉണ്ട്. അവിടെ നില്‍ക്കുന്നത് ഇഷ ഷര്വാനിയും വിനായകനും ആണ്. അവർ ആ പിരിയേഡ് ക്ലോത്തില്‍ നില്ക്കുമ്പോള് എനിക്ക് അത് ഒരു ഇന്റർനാഷനല്‍ പടത്തിന്റെ ഇമേജ് ആയിട്ടാണ് തോന്നിയത്. ആ നില്‍പ്പ് കണ്ടാല്‍ വിനായകനെ നേരെ കൊണ്ട് പോയി വല്ല അവഞ്ചെഴ്സിലും കൊണ്ടുനിര്‍ത്തുകയാണ് വേണ്ടത്. ഫഹദും വിനായകനും അതേ സിനിമയില്‍ ഓടുന്ന ഒരു ഷോട്ട് ഉണ്ട്. അവര്‍ തമ്മില്‍ വളരെയധികം പ്രായവ്യത്യാസം ഉണ്ട്. പേക്ഷ വിനായകന്റെ ആ ഓട്ടം ഭയങ്കര ഇന്റര്‍നാഷനല്‍ ആണ്. എനിക്ക് ഇന്ന് വരെ വിനായകനെ വെച്ച് ഒരു കള്ളിമുണ്ട് കഥാപാത്രം ആലോചിക്കാന്‍ കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്നല്ല പറഞ്ഞതിന്റെ അർഥം. പേക്ഷ എന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തുകഴിഞ്ഞിട്ടില്ല. 'സാഗര്‍ ഏലിയാസ് ജാക്കി' എന്ന സിനിമയില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ 'സ്റ്റൈല്‍' എന്നാണ്. ആ സ്കില്ലും ആറ്റിറ്റ്യൂഡും ഇന്റർനാഷനല്‍ ആണ്, അത് വിനായകന് സ്വയം നട്ടുവളര്‍ത്തി ഉണ്ടാക്കിയെടുത്തതും ആണ്.
'ട്രാന്‍സ്' എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതില്‍ വിനായകന് ഒരു ആറുമാസം വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെയധികം സത്യസന്ധതയോടെ ആണ് അദ്ദേഹം വര്‍ക്ക് ചെയ്ത് എടുക്കുന്നത്. അത് ആ ട്രാക്ക് കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. അതുപോലെ തന്നെയാണ് ബോഡിലാംഗ്വേജും ആറ്റിറ്റ്യൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത്.
മലയാളികള്‍ നാടന്പാട്ടുകാരന്, കോമഡി നടന്, ചാലക്കുടിക്കാരന്‍ എന്നൊക്കെ ഇമേജ് കൊടുത്ത കലാഭവന്‍ മണിയെ വളരെ വ്യത്യസ്തമായി ക്ലോത്ത് ചെയ്ത സിനിമ ആണ് 'ബാച്ചിലേഴ്സ് പാർട്ടി'. കഥാപാത്രങ്ങള്‍ക്ക് ഇൻറർനാഷനൽ ലുക്ക് കൊടുക്കുന്ന സംവിധായകനാണ്. എങ്ങനെ ആണ് ഇത് സംഭവിക്കുന്നത്?
ശരീരം തടിച്ചതുകൊണ്ട് എന്റെ വസ്ത്രങ്ങള്‍ ഞാന്‍ തയ്പ്പിച്ച് എടുക്കുന്നതാണ്. എനിക്ക് ശരിക്കും ആള്‍ക്കാരെ ക്ലോത്ത് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. എന്തെങ്കിലും രീതിയില്‍ സ്റ്റൈല്‍ ചെയ്യുക, കാരക്ടര്‍ ആക്കുക എന്നത് രസമുള്ള കാര്യമാണ്. ഞാന്‍ ഒരാളെ കാസ്റ്റ് ചെയ്താല്‍ ആദ്യം ചെയ്യുന്ന കാര്യം ഫോട്ടോ ഷൂട്ട് ആണ്. അതെന്റെ ഹോംവര്‍ക്ക് ആണ്. അത് മണിചേട്ടന് ആണെങ്കിലും പത്മപ്രിയ ആണെങ്കിലും. അത് പരസ്പരധാരണയോടുകൂടി ചെയ്യുന്നതാണ്. പത്മപ്രിയ ബ്രില്യന്റ് ആക്ടർ ആയതുകൊണ്ട് തന്നെ 'ഇയ്യോബിന്റെ പുസ്തക'ത്തില്‍ അവരുടെ സ്റ്റൈലിങ് ചെയ്തിരുന്നു. എനിക്ക് 'ഭീഷ്മപര്‍വ്വം' എന്ന സിനിമയില്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് നിസ്താര്‍ അഹമ്മദ് എന്ന നടനെ ആണ്. നിസ്താര്ക്ക കോവിഡ് സമയത്ത് താടിയും മീശയും വളർത്തിയപ്പോള്‍ ''എനിക്ക് വേണം ഇക്ക, വേറെ ആര്‍ക്കും കൊടുക്കരുത്'' എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ഭീഷ്മയിലെ മത്തായി ആയി നിസ്താര്‍ ഇക്ക മാറുന്നത്. അങ്ങനെയുള്ള കാസ്റ്റിങ്ങും അതിന്റെ സ്റ്റൈലിങ്ങും എല്ലാം എന്നെ സംബന്ധിച്ചിടത്തോളം രസമുള്ള കാര്യമാണ്. അതൊക്കെ സംവിധായകന് എൻജോയ് ചെയ്യുന്ന ഒരു ഈസ്തെറ്റിക് പ്രോസസ് കൂടെ ആണ്.
താങ്കളുടെ സിനിമകളിലെ സ്ത്രീകളില്‍ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് 'ഇയ്യോബിന്റെ പുസ്തക'ത്തിലെ പത്മ പ്രിയയുടെ രാഹേല്‍ എന്ന കഥാപാത്രം. വിശദീകരിക്കാമോ?
ഞാന്‍ മൂന്നാറിലേക്ക് സ്ഥിരം യാത്ര ചെയ്യുകയും ആ കാലത്തെ മൂന്നാറിന്റെ ഫോട്ടോഗ്രാഫുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പഴയ കാലത്തെ മൂന്നാറിലെ സിനിമ ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. കിങ് ലിയര്‍ പോലുള്ള സംഭവം മൂന്നാറിന്റെ ലൊക്കേഷനിലേക്ക് ഞങ്ങള്‍ പ്ലേസ് ചെയ്തു. ഗോപന് ചിദംബരം ആണ് ആ സിനിമയുടെ കഥയും തിരക്കഥയും വര്‍ക്ക് ചെയ്തത്. കിങ് ലിയറും ലേഡി മാക്ബത്തും ഒക്കെ ആ സിനിമയില്‍ ഡിസ്കഷന് ആയിട്ട് വന്നു. കിങ് ലിയറിലെ ലേഡി മാക്ബത്ത് ആണ് പത്മപ്രിയയുടെ രാഹേല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചുകൊണ്ടാണ് നമ്മള് അവരെ കാണിക്കുന്നത്. അവരുടെ മുറിയില്‍ ഉള്ളത് ഗോണ് വിത്ത് ദ വിന്റിന്റെയും ഒരു ഫ്രഞ്ച് പടത്തിന്റെയും പോസ്റ്ററുകള്‍ ആണ്. അവര്‍ ആ വീട്ടിലെ ആണുങ്ങളില്‍നിന്നും വ്യത്യസ്തമായി വളരെ വിദ്യാഭ്യാസമുള്ള സ്ത്രീ ആണ്. അത് ഞങ്ങള്‍ ആ സിനിമയിലെ ജയസൂര്യയുടെ അങ്കൂര്‍ രാവുത്തറിലും ആലോചിച്ചിരുന്നു. അയാള്‍ അന്നേ മരക്കച്ചവടവും ആയി കോട്ടൊക്കെ ഇട്ടു മലേഷ്യയിലും സിംഗപ്പൂരിലും പോയ ആളായിരുന്നു. അങ്കൂര്‍ റാവുത്തര്‍ വരുന്നത് നല്ല കാറിലും നല്ല വസ്ത്രങ്ങളിലും ആണ്. അങ്കൂര്‍ റാവുത്തറില്‍ ഇയ്യൂബിന്റെ മക്കള്‍ ഇന്‍സ്പയര്‍ ആയിപ്പോവുകയാണ്. അങ്കൂര്‍ റാവുത്തര്‍ അവരുടെ സ്വന്തം അപ്പനെ കൊന്നയാള്‍ ആണെന്ന് പറഞ്ഞപ്പോള്‍ അതിലും അവര്‍ ആവേശം കൊണ്ടു. അവര്‍ സ്വന്തം അപ്പനെ ഇല്ലാതാക്കാന്‍ നടക്കുക ആയിരുന്നു. അതുപോലെ പടത്തിന്റെ അവസാനം അങ്കൂര്‍ റാവുത്തരും രാഹേലും ഒരു ദമ്പതികളെ പോലെ ആയി അവസാനം മാറുന്നുണ്ട്. രണ്ടു അവസാനങ്ങള്‍ ആണ് ഞങ്ങള്‍ രാഹേലിന് ആലോചിച്ചത്. ഒന്ന് രാഹേലിന്റെ ഭര്‍ത്താവായ ചെമ്പന്‍ വിനോദിന്റെ കാറും എടുത്തു ഒരു കൂളിങ് ഗ്ലാസും വെച്ചു പോകുന്ന രാഹേലും, മറ്റൊന്ന് സ്വയം വെടിവെച്ചു മരിക്കുന്ന ഒരു രാഹേലും. പിന്നെ പത്മപ്രിയയോടു ഇതിനകത്ത് ഏതു അവസാനം ആണ് അവര്‍ തിരഞ്ഞെടുക്കുക എന്ന് ചോദിച്ചപ്പോള്‍ അവര്‍ സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുന്നതാണ് വേണ്ടതു എന്നു പറഞ്ഞു. 'ഇയ്യോബിന്റെ പുസ്തക'ത്തില്‍ എനിക്ക് ഭയങ്കര ആകര്‍ഷണം തോന്നിയ കഥാപാത്രം ആയിരുന്നു രാഹേലിന്റേത്. രാഹേലിനോടുള്ള അതേ എക്സൈറ്റ്മെന്റ് എനിക്ക് ബിലാലിനോടും ഉണ്ട്.
മലയാളത്തില്‍ കഥാപാത്രങ്ങളായി വല്ലാത്ത ഒരു വൈബ്രേഷന്‍ ഉണ്ടാക്കുന്ന നടന് ആണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് 'ഇയ്യോബിന്റെ പുസ്തക'ത്തിലെ അലോഷി..?
ഫഹദ് വര്‍ഷങ്ങള്‍ ആയി സുഹൃത്താണ്. ആദ്യകാലങ്ങളില്‍ ഞങ്ങള്‍ കൂടുമായിരുന്നു. ഫഹദ് ഒരു കാരക്ടറില്‍ അതിഭീകരമായി ഇന്‍വെസ്റ്റ് ചെയ്യും. എനിക്ക് ഫഹദിനെ രൂപപ്പെടുത്തേണ്ട കാര്യം ഒന്നുമില്ല. ഫഹദ്, ഷൈന്‍ ടോം പോലുള്ള ആക്ടേഴ്സിനു നമ്മള് ഒന്നും പറഞ്ഞുകൊടുക്കേണ്ട കാര്യം ഇല്ല. ഇവരെ എനിക്ക് പേടിയാണ്. ഇവരോട് ഞാന്‍ ഇടക്ക് ചില തമാശ പറയുേമ്പാൾ ഇവര്‍ വളരെ സീരിയസ് ആയി റിയാക്റ്റ് ചെയ്യും. കാരണം ഇവര്‍ ആ കാരക്ടറിന്റെ മൂഡില്‍ നില്ക്കുക ആയിരിക്കും. എന്ത് പ്രൊഫഷനല്‍ അല്ലാത്ത കാര്യം ആണ് ഞാന്‍ ചെയ്യുന്നത് എന്ന് അപ്പോള്‍ സ്വയം ചിന്തിക്കും. അപ്പന്റെയും ക്രൂരന്മാരായ മറ്റു മക്കളുടെയും ഇടയില്‍ നില്ക്കുന്ന ഒരു പാവം കാരക്ടറിന്റെ ഇമേജില്‍ ആണ് ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ ഞാന്‍ കണ്ടത്. ജിനുവും ചെമ്പന്‍ വിനോദും താടി ലാലേട്ടനും, ഈ പുലികളുടെ ഇടയില്‍ പെട്ടുപോയ പൂച്ചയാണ് ഫഹദിന്റെ അലോഷി. മറ്റുള്ളവര്‍ വയലന്റായി വളര്‍ന്നിട്ടും അലോഷി അങ്ങനെ അല്ല വളര്‍ന്നത്. എനിക്ക് ആ സിനിമയില്‍ ഫഹദിന്റെ കഥാപാത്രം വളരെ കൃത്യത ഉള്ളതായിരുന്നു.
ഇയ്യോബിന്റെ പുസ്തകം ഒരു കോസ്റ്റ്യൂം മേക്ക് അപ് ആര്‍ട്ട് ഡ്രാമ എന്നതില്‍നിന്ന് വ്യത്യസ്തമായ ഒരു പീരിയഡ് സിനിമ ആണ്. വ്യത്യസ്തമായ ഒരു ജ്യോഗ്രഫിക്കല്‍ ഇടത്തുനിന്ന് നിർമിച്ച സിനിമ. എന്തായിരുന്നു അനുഭവങ്ങള്‍?
ഞാന്‍ മൂന്നാര്‍ യാത്രകളില്‍നിന്നും കേട്ട കാര്യങ്ങളില്‍നിന്നും കുറെ കണ്ട കാര്യങ്ങളില്‍നിന്നും ഫോട്ടോഗ്രാഫുകളില്‍നിന്നും ആണ് ആ സിനിമയുടെ പല കാര്യങ്ങളും രൂപപ്പെടുത്തിയത്. ആ കഥ നടക്കുന്ന സമയം അവിടെ കൂടുതലായും ഉണ്ടായിരുന്നത് മലയാളികള്‍ ആയിരുന്നില്ല. ബ്രിട്ടീഷുകാരും മാര്‍വാഡികളും തമിഴ് വംശജരും അതിന്റെ കൂടെ മല വെട്ടി കയറിയ മലയാളികളും ഒക്കെ ആയിട്ടുള്ള ഒരു സ്ഥലം ആയിരുന്നു അക്കാലത്തെ മൂന്നാര്‍. 1860കളിലെ കുട്ടിക്കാനത്തെ ഒരു പള്ളിയില്‍ അവിടത്തെ സെമിത്തേരിയില്‍ ഒരുപാട് ബ്രിട്ടീഷുകാരുടെ ശവകുടീരങ്ങള്‍ ഉണ്ട്. അതിലെ പല ബ്രിട്ടീഷുകാരും കുട്ടിക്കാനംകാരാണ്. അവര്‍ കുട്ടിക്കാനത്ത് നിന്ന് ഫ്രാന്‍സിനെതിരെ യുദ്ധം ചെയ്യാന്‍ ആഫ്രിക്കയില്‍ പോയി മരിച്ചിട്ട് മൃതദേഹങ്ങള്‍ തിരിച്ചു കൊണ്ടുപോയത് ലണ്ടനിലേക്കോ യു.കെയിലേക്കോ അല്ല, മറിച്ചു കുട്ടിക്കാനത്തേക്ക് ആണ്. അവര്‍ അഞ്ചാറു തലമുറകള്‍ ആയി അവിടെ താമസിച്ചിരുന്നു. ആ ഒരു ജ്യോഗ്രഫി അങ്ങനെ ആയിരുന്നു. പിന്നെ കമ്യൂണിസ്റ്റുകാര്‍, റോസമ്മ പുന്നൂസ്, അക്കാമ്മ ചെറിയാന് തുടങ്ങിയവരുടെ ചരിത്രവും അവിടെ ഉണ്ട്. മൂന്നാറില്‍ ലൊക്കേഷന്‍ മാനേജര്‍ ആയി പഴയ ഒരു മണി ചേട്ടന് ഉണ്ട്. ആ സമയത്ത് ലൊക്കേഷന്‍ കാണുമ്പോള്‍ തന്നെ മണി ചേട്ടന് 75 വയസ്സുണ്ട്. അദ്ദേഹത്തിനു ഏഴു വയസ്സുള്ളപ്പോള്‍ റോസമ്മ പുന്നൂസ് നിരാഹാരം കിടക്കുമ്പോള്‍ മണി ചേട്ടന് ആയിരുന്നു രാത്രി അവര്‍ക്ക് കൂട്ടിരുന്നത്. അക്കാമ്മ ചെറിയാന് മീറ്റിങ്ങില്‍ ഉണ്ടെങ്കില്‍ നല്ല സിഗരറ്റ് കിട്ടും എന്ന് സായിപ്പ് പറയും എന്നൊക്കെ ഉള്ള കഥകളും മണി ചേട്ടനില്‍ നിന്ന് കേട്ടു. എനിക്ക് അത് ഒരു ഇന്റര്‍നാഷനല്‍ സിനിമക്കുള്ള ഒരു സ്പേസ് ആയിട്ടാണ് തോന്നിയത്.
'ഇയ്യോബിന്റെ പുസ്തകം' എന്റെ ഒരു സ്വകാര്യ ദുഃഖംകൂടി ആണ്. ആ സിനിമ ഞാന്‍ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതില്‍ ചെയ്യാന്‍ കുറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. സാധാരണ പീരിയഡ് സിനിമ ചെയ്യുമ്പോള്‍ കോസ്റ്റ്യൂം ആര്‍ട്ട് മേക്ക് അപ് ഡ്രാമ ആയിട്ടാണ് അത് മാറാറുള്ളത്. ഞാന്‍ ഇതിനെ കുറിച്ചു ഫഹദിനോട് ഒക്കെ സംസാരിക്കുമ്പോള്‍ നഖത്തിന്റെ ഇടയില്‍ ചളി കാണുന്ന തരത്തിലുള്ള ഡീറ്റയിലിങ് അടക്കം വേണ്ട സിനിമ ആകണം എന്ന ആഗ്രഹം പങ്കുവെച്ചിരുന്നു. പക്ഷേ ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് പലതരം പരിമിതികള്‍ ഉണ്ടായിരുന്നു. ടെക്നീഷ്യൻസിനോടു കറക്റ്റ് ആയി കമ്യൂണിക്കേറ്റ് ചെയ്യാന്‍പോലും പറ്റിയില്ല. ആ സിനിമയില്‍ കൂടുതല്‍ ജോലിചെയ്തതുകൊണ്ട് എനിക്ക് തന്നെ പല കാര്യങ്ങളിലും ശ്രദ്ധിക്കാന്‍ പറ്റിയില്ലായിരുന്നു. ടി. രാജേന്ദറിന്റെ പോലെ കാമറ, സംവിധാനം, പ്രൊഡക്ഷന്‍ എല്ലാം ഞാന്‍ തന്നെ ആയിരുന്നു ചെയ്തത്. ദിലീഷ് പോത്തന് എന്നോട് പറഞ്ഞിട്ടുണ്ട്, ഏതൊരു പടത്തിനും ഒമ്പത് മണി വരെ ഷൂട്ട് ഉണ്ടാകും പിന്നെ പാക്ക് അപ്പ് ചെയ്ത് ഒരു റിലാക്സ് ടൈം ആകണം എന്ന്. പക്ഷേ ഞാന്‍ പാക്ക് അപ്പിന് ശേഷം അസിസ്റ്റന്റ് ഡയറക്ടേഴ്സിനോടും കാമറ അസിസ്റ്റന്റ്സിനോടും ഒക്കെ മീറ്റിങ് വെച്ചു. പിന്നീട് പ്രൊഡക്ഷൻകാരും ആയി ഇരിക്കും. ഞാന്‍ തന്നെ നിർമാതാവ് ആയതുകൊണ്ട് കണക്കുമായി ഇരിക്കും. അങ്ങനെ അത്യധ്വാനം ആയതുകൊണ്ട് പടത്തിന്റെ ക്രിയേറ്റിവിറ്റിയിലെ ഡീറ്റയിലിങ്ങില്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല. അതിലും നന്നായി ചെയ്യണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ അമ്പത് ശതമാനം മാത്രമേ എനിക്ക് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇനി അത് തിരിച്ചുപോയി ചെയ്യാന്‍ കഴിയില്ല. അത് എന്റെ വ്യക്തിപരമായ വേദന ആണ്.
അടുത്തവന്റെ വീട്ടില്‍ എത്തിനോക്കുന്ന റഡാര്‍ വെക്കുന്ന ചില മലയാളി ഗ്രാമീണ സ്വഭാവങ്ങളുടെ നേരെ ആഞ്ഞടിച്ച സിനിമ ആയിരുന്നു 'വരത്തന്'. എങ്ങനെയാണ് മലയാളി സമൂഹം ആ സിനിമയോട് പ്രതികരിച്ചത്?
'കുള്ളന്റെ ഭാര്യ'യുടെ വേറൊരു രൂപം ആണ് ഒരുതരത്തില്‍ 'വരത്തന്'. കുള്ളന്റെ ഭാര്യ യഥാർഥത്തില്‍ വോയറിസം ചര്‍ച്ച ചെയ്യുന്ന സിനിമ ആണ്. അടുത്ത വീട്ടില്‍ ഉള്ളവന്റെ കാര്യത്തിലാണ് നമുക്ക് താൽപര്യം. മുംബൈയിലോ ചെൈന്നയിലോ അങ്ങനെ ഉണ്ടാകില്ല. പക്ഷേ നമ്മുടെ കേരളത്തിലെ നഗരങ്ങള്‍പോലും അത്തരം വോയറിസങ്ങളില്നിന്ന് വിമുക്തമല്ല. നമ്മള് ഓരോരുത്തരും ഇതിന്റെ ഏതെങ്കിലും ശാഖയിലൂടെ യാത്ര ചെയ്തിട്ടുണ്ട്. വരത്തന് ഞാന്‍ ഒരുപാടു കാലം ആലോചിക്കുകയും പലരോടും സംസാരിക്കുകയും ചെയ്ത പടമാണ്. ടെക്നിക്കല്‍ ആയി പോലും 'വരത്തന്' 'കുള്ളന്റെ ഭാര്യ'യും ആയി സാമ്യം ഉണ്ട്.
ബാച്ചിലര്‍ പാര്‍ട്ടി ക്രിട്ടിക്കുകള്‍ ആക്രമിച്ച പടം ആയിരുന്നു കുള്ളന്റെ ഭാര്യ, ബാച്ചിലര്‍ പാര്‍ട്ടി കഴിഞ്ഞുള്ള എന്റെ അടുത്ത പടം ആണ്. കുള്ളന്റെ ഭാര്യ തിയറ്ററില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ രസകരമായ ചില സംഭവങ്ങള്‍ ഉണ്ടായി. തിയറ്ററില്‍ കുള്ളന്റെ ഭാര്യ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സമൂഹത്തിലുള്ളവര്‍ കുള്ളന്റെ ഭാര്യയെ എങ്ങനെ കണ്ടുവോ അങ്ങനെ തന്നെയാണ് തിയറ്ററിലെ കാണികളായ ക്രൗഡും കണ്ടുകൊണ്ടിരുന്നത്. കുള്ളന്‍ എതിരെ സിനിമയില്‍ ഉള്ള കമന്റുകള്‍ക്ക് കാണികളും ചിരിക്കുന്നുണ്ട്. പക്ഷേ കുള്ളനെ പൊലീസ് പിടിച്ചുകൊണ്ടുപോയി അയാളുടെ ഭാര്യ അതിലെ ദുഃഖത്തില്‍ ഇരിക്കുമ്പോള്‍ മുതല്‍ സിനിമയുടെ കാണികള്‍ സൈലന്റ് ആവുകയാണ്. പിന്നെ കാണികള്‍ ആ ഇമോഷനും ആയി കണക്റ്റ് ചെയ്തു കൈയടിക്കുക ആണ് ചെയ്യുന്നത്. കുള്ളന്റെ ഭാര്യയിലെ തിയറ്റര്‍ റിയാക്ഷന് അതായിരുന്നു. ഇത് തന്നെയാണ് ഏകദേശം വരത്തനും സംഭവിച്ചത്. ആദ്യം തിയറ്ററില്‍ ഫഹദിന്റെയും ഐശ്വര്യയുടെയും കഥപാത്രങ്ങള്ക്കെതിരെ ഉള്ള സിനിമയിലെ കമന്റുകളുടെ കൂടെ കാണികളും കമന്റ് അടിച്ചുകൊണ്ടിരിക്കുക ആയിരുന്നു. എല്ലാരുമല്ല, കുറെ പേര്. പക്ഷേ കുറെ കഴിയുമ്പോള്‍ ഏതോ ഒരു പോയന്റില്‍ അവര്‍ മാറി നായകന്റെയും നായികയുടെയും കൂടെ ആയി. അത് കാണികളുടെ ഒരു പ്രോസസിങ് ആണ്. പക്ഷേ എനിക്കത് നല്ല കാര്യം ആയിട്ടാണ് തോന്നിയത്.
എനിക്ക് തോന്നിയത് പലപ്പോഴും പല കാര്യങ്ങളും ശരിയായ രീതിയില്‍ അഡ്രസ് ചെയ്യാത്തതുകൊണ്ട് ആയിരിക്കും ആള്‍ക്കാര്‍ക്ക് മനസ്സിലാകാത്തത്. ഞാന്‍ ചിലപ്പോള്‍ ബോറടിപ്പിക്കുന്ന രീതിയിലോ അരഗന്റ് ആയ രീതിയിലോ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല. പക്ഷേ നമ്മള് അത് എന്റർടയിനിങ് ആയി ബോറടിപ്പിക്കാത്ത രീതിയില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ മനസ്സിലാകും. അതാണ് പോപുലര്‍ സിനിമയില്‍ വേണ്ട ഒരു കാര്യം എന്ന് തോന്നുന്നു. നമ്മുടെ നാട്ടിലെ പരസ്യങ്ങള്‍ തൊണ്ണൂറു ശതമാനവും ടെസ്റ്റ്മോണിയൽസ് ആണ്. ഇത് നിങ്ങള്‍ വാങ്ങിക്കൂ, ഇത് അടിപൊളി ആണ് എന്ന രീതിയില്‍ പറയുന്നതാണ്. പക്ഷേ ശരിക്കും ഉള്ള പരസ്യം എന്ന് പറഞ്ഞാല്‍ ഇമോഷനലി അടുപ്പിച്ചു കൊണ്ട് വേറെ കഥ പറഞ്ഞു അവരെ വാങ്ങിപ്പിക്കണം. അതുപോലെ സിനിമയില്‍ നമ്മള് ഒരു സാരോപദേശം തരാം എന്ന് പറഞ്ഞാല്‍ കാണികള്‍ പോയി പണി നോക്കാന്‍ പറയും. ഇയ്യോബിന്റെ പുസ്തകത്തിനു അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു. കുറച്ചു ആള്ക്കാര് എന്നോട് പറഞ്ഞു: ''എന്റെ പൊന്നു സാറേ, നിങ്ങളുടെ സിനിമക്ക് 'ഇയ്യോബിന്റെ പുസ്തകം' എന്നൊന്നും പേരിടല്ലേ. ഞങ്ങളൊക്കെ സുവിശേഷ ക്ലാസുകള്‍ കട്ട് ചെയ്തിട്ടാണ് നിങ്ങളുടെ ഒക്കെ പടം കാണാന്‍ വരുന്നത്. നിങ്ങളുടേത് ഇയ്യോബിന്റെ പുസ്തകം എന്നൊക്കെ പേരിട്ടാല്‍ അവിടെയും സാരോപദേശ ക്ലാസ് ആണോ എന്ന് വിചാരിക്കും.'' എനിക്ക് അത് കോമഡി ആയിട്ടാണ് തോന്നിയത്.
'സി.ഐ.എ' എന്ന സിനിമയില്‍ എസ്.എഫ്.ഐ ഷോവനിസത്തിനു പുറത്ത് ഇന്റർനാഷനല്‍ സിനിമകളില്‍ കാണുന്നതുപോലെ പലായനങ്ങളുടെ ചില രൂപരേഖകള്‍ കാണുന്നുണ്ട്. പലായനങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴുള്ള അനുഭവങ്ങള്‍ എന്തായിരുന്നു?
'സി.ഐ.എ'യില്‍ ദുൽഖര്‍ സല്‍മാനെ ഒരു ടിപ്പിക്കല്‍ എസ്.എഫ്.ഐക്കാരന് ആയി അല്ല കാണിച്ചത്. അയാളുടെ കൂടെ ഉള്ള ഏരിയ കമ്മിറ്റി പോസ്റ്റ് ഉള്ള ദിലീഷ് പോത്തന്റെ സഖാവ് ഉണ്ട്. പക്ഷേ ദുൽഖര്‍ അങ്ങനെ പോസ്റ്റുകള്‍ ഒന്നും ഉള്ള സഖാവ് അല്ല. അയാള്‍ പാര്‍ട്ടി ഓഫിസില്‍ കൂടുതല്‍ ആയി ചെലവഴിക്കുന്നത് ഇ.എം.എസ് ഗ്രന്ഥശാലയില്‍ ആണ്. പുള്ളി ആ സിനിമയില്‍ പോകുന്ന റൂട്ട് ചെഗുവേര ഒക്കെ പോകുന്ന റൂട്ട് ആണ്. എന്റെ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഉള്ള ഒരു സുഹൃത്തും ആയി ഞാന്‍ ബര്‍ലിന്‍ സ്കൂളില്‍ പഠിക്കാന്‍ പോയിട്ടുണ്ട്. എന്റെ സുഹൃത്ത് വിവരമുള്ള, ബോംബെയില്‍ ജീവിച്ച മനുഷ്യന് ആണ്. നമ്മള് യൂറോപ്പില്‍ പോകുമ്പോള്‍ വേറെ ഒരു ടൈപ്പ് സ്കൂളിങ് ആണ്. നമ്മള് പണ്ട് സോവിയറ്റ് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. നമ്മള്‍ക്ക് അമേരിക്കന്‍ ഹിസ്റ്ററിക്ക് പുറമേ വേറെ പല ചരിത്രങ്ങളും അറിയാം. ശ്രീനിവാസന് സാറിന്റെയും സത്യന് സാറിന്റെയും പടത്തില്‍ ഉള്ളതാണ് പോളണ്ടിനെ കുറിച്ചു ഒന്നും സംസാരിക്കരുത് എന്ന്. നമ്മള് എല്ലാവരും ചിരിച്ചിട്ടുള്ള കോമഡി ആണത്. എനിക്ക് മലയാളിയില്‍ വ്യക്തിപരമായി ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം അവര്‍ ബാര്‍ബര്‍ ഷാപ്പിലും കടത്തിണ്ണയിലും ഇരുന്നു ലോക രാഷ്ട്രീയം പറയും എന്നതാണ്. പോളണ്ടിനെ കുറിച്ചും സിറിയയെ കുറിച്ചും കടത്തിണ്ണകളില്‍ ഇരുന്നു സംസാരിക്കുന്ന ലോകത്തിലെ മറ്റൊരു സ്ഥലവും ഉണ്ടായിരിക്കില്ല അത് മലയാളിയുടെ ഒരു സ്പെസിഫിക് സ്വഭാവമാണ്. അത് കുറച്ചു ബംഗാളിക്കും ഉണ്ടായിരിക്കാം. അതില്‍ ഗള്‍ഫ് മൈഗ്രേഷന്‍ കാരണമുണ്ടാകാം, മിഷനറി വിദ്യാഭ്യാസം കാരണമാകാം, കമ്യൂണിസം.... അങ്ങനെ ഒരുപാടു കാരണങ്ങള്‍ ആയിരിക്കാം. മുമ്പുള്ള തലമുറ അത് ചര്‍ച്ചചെയ്യുന്നത് മാത്രമേ ഉള്ളൂ. പക്ഷേ ഇപ്പോഴുള്ള കുട്ടികള്‍ അതിഭീകരമായി യാത്ര ചെയ്യുന്നുമുണ്ട്. പോളണ്ടിനെ കുറിച്ചു ഒന്നും പറയരുത് എന്നതിനോടുള്ള എന്റെ ഒരു റിയാക്ഷന് കൂടി ആണ് 'സി.ഐ.എ'. ആ സിനിമ എടുക്കുന്ന സമയത്ത് ഇത്രയധികം മലയാളി കുട്ടികൾ യാത്ര ചെയ്യുന്നുണ്ടാകില്ല. പക്ഷേ, മലയാളി പിള്ളേര് വിചാരിച്ചാല്‍ എവിടെ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പോകാം എന്നാണ് ആ സിനിമ പറയുന്ന ആത്യന്തികമായ കാര്യം. അവന് അങ്ങനെ ഒരു ടിപ്പിക്കല്‍ എസ്.എഫ്.ഐക്കാരനും അല്ല. അവന് ഇടക്കുവെച്ച് ഒരാളുടെ കുഴി കുത്തുന്നുണ്ട്. പാര്‍ട്ടിക്കാരനായ ദിലീഷ് പോത്തന് വന്നു എന്താണ് നീ കുഴി കുത്തുന്നത് എന്ന് ചോദിക്കുമ്പോള്‍ ''പാര്ട്ടിക്കാരന് ഒന്നുമല്ല, ഒരു സഖാവാണ്, അയാളുടെ കുഴി ആണ് കുത്തിക്കൊണ്ടിരിക്കുന്നത്'' എന്നാണു പറയുന്നത്. അങ്ങനെ ഉള്ള ഒരു കേരള കോൺഗ്രസ് കുടുംബത്തില്‍നിന്നുള്ള ആളാണ്. അവന്റെ കണക്ഷന്സ് മുഴുവന്‍ ഇമോഷണല്‍ ആണ്.
ട്രംപ് അധികാരത്തില്‍ വന്ന ദിവസമാണ് ഞങ്ങള്‍ 'സി.ഐ.എ' ഷൂട്ട് ചെയ്യുന്നത്. ട്രംപ് അധികാരത്തില്‍ കയറുമ്പോള്‍ മെക്സിക്കന്‍ പിള്ളേര് മതില് കയറാന്‍ പ്രാക്ടീസ് ചെയ്യുന്നതിന്റെ ട്രോള്‍ ഒക്കെ അന്ന് വന്നിട്ടുണ്ട്. സൗത്ത് അമേരിക്കയിലെ ടെക്സസ് എന്ന സ്റ്റേറ്റിലെ ശരിക്കും തേജസ് എന്ന് പറയുന്ന ഒരു സ്ഥലം അമേരിക്കക്കാർ എണ്ണക്ക് വേണ്ടി മാന്തി വെച്ചിരിക്കുക ആയിരുന്നു. അതിന്റെ കുറ്റബോധത്തിലാണ് ഇപ്പോഴും മെക്സിക്കന്‍ അഭയാർഥികളെ അമേരിക്കക്കാര്‍ അവിടെ അനുവദിക്കുന്നത്. മലയാളി, ബംഗാളികളെ കേരളത്തില്‍ പണി എടുക്കാന്‍ അനുവദിക്കുന്നതിന്റെ ഒരു കണ്ണിങ് ഉണ്ട് അതിനകത്ത്. കുറഞ്ഞ വേതനത്തിന് അവരെക്കൊണ്ട് പണി എടുപ്പിക്കാം എന്ന ഒരു ഉദ്ദേശ്യം. അമേരിക്കയില്‍ താങ്ക്സ് ഗിവിങ് എന്ന ഒരു പരിപാടി ഉണ്ട്. ക്രിസ്മസിന്റെ സമയം മെക്സിക്കന്‍ ജോലിക്കാരെ വിളിച്ചു ഭക്ഷണം കൊടുത്താണ് അമേരിക്കക്കാര്‍ താങ്ക്സ് ഗിവിങ് ആചരിക്കുക. അവന്റെ അപ്പനപ്പൂപ്പന്മാരെ തള്ളിക്കൊന്നിട്ടു സ്ഥലം പിടിച്ചടക്കി അത് തിന്നിട്ട് ആണ് അവസാനം താങ്ക്സ് ഗിവിങ് എന്ന കോമഡി അവര്‍ നടത്തുന്നത്. അവരുടെ പിന്തലമുറക്കാരെ കുറഞ്ഞ വേതനത്തില്‍ വർഷം മുഴുവന്‍ പണി എടുപ്പിക്കുകയും ഒരു ദിവസം ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന പരിപാടി ആണത്.
ഇയ്യോബിന്റെ പുസ്തകം പോലെതന്നെ അതിന്റെ പൂർണമായ സൗന്ദര്യത്തില്‍ എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാതെപോയ ഒരു സിനിമ ആയിരുന്നു 'സി.ഐ.എ'. വ്യക്തിപരമായ വിഷമങ്ങളില്‍ ഒരെണ്ണംകൂടി ആണ് സി.ഐ.എ. ആ സിനിമയില്‍ വളരെ വ്യത്യസ്തമായ അനുഭവം എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ സ്ക്രിപ്റ്റ് പോലെ നിർമിച്ച ഒരു സീന്‍ ഉണ്ടായിരുന്നു. അമേരിക്കയിലേക്ക് ചാടാനുള്ള ഗ്രൂപ്പിനെ ഒരു ഗൈഡ് കൊണ്ടുപോകുന്നു. ഒരു രാത്രി ഇവരുടെ കാശ് അടിച്ചു മാറ്റിയിട്ടു ഗൈഡ് മുങ്ങുന്നു. അവര്‍ എന്നിട്ടും യാത്ര മുന്നോട്ട് കൊണ്ട് പോവുകയാണ്. അതില്‍ ഒന്നു രണ്ടു കുട്ടികള്‍ ഉണ്ട്. അതില്‍ ഒരു മെക്സിക്കന്‍ കുട്ടിയുടെ അമ്മ ആയിട്ട് ഒരു നടിയെ കിട്ടാത്തതുകൊണ്ട് സിനിമയില്‍ അഭിനയിക്കുന്ന കുട്ടിയുടെ അമ്മയോട് തന്നെ അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. അവരോടു ഞങ്ങള്‍ സീന്‍ വിശദീകരിച്ചു. ഒരു രാത്രിയില്‍ ഗൈഡ് പൈസ അടിച്ചു മാറ്റിയതിന്റെ സങ്കടവും കരച്ചിലുമൊക്കെ ആണ് എന്ന് ഞങ്ങള്‍ പറഞ്ഞു. അവരുടെ അമ്മ ബോര്‍ഡര്‍ കടന്നു വന്ന ഒരു മെക്സിക്കന്‍ സ്ത്രീ ആണ്. തനിക്ക് അറിയാവുന്ന അവസ്ഥ അനുസരിച്ചു ഞങ്ങളുടെ സ്ക്രിപ്റ്റിൽ ഒരു സീന്‍ യഥാർഥത്തില്‍ ഉണ്ടാകില്ല എന്നവര്‍ പറഞ്ഞു. കാരണം കുട്ടികളുമായി പലായനം ചെയ്യുമ്പോള്‍ മെക്സിക്കന്‍ സ്ത്രീകളാരും രാത്രി ഉറങ്ങാന്‍ സാധ്യത ഇല്ല. അത്രക്ക് ജാഗരൂകരായിരിക്കും അഭയാര്‍ഥികളായ അമ്മമാര്‍. അത് ഞങ്ങള്‍ക്ക് ഭയങ്കര തിരിച്ചറിവ് ആയിരുന്നു.
താങ്കള്‍ പോപുലര്‍ സിനിമ ഇഷ്ടപ്പെടുന്ന പോപുലര്‍ ഭാഷയിലൂടെ സിനിമ പറയാന്‍ ആഗ്രഹിക്കുന്നയാളാണ്. പോപുലര്‍ സിനിമകളെ പല സമൂഹങ്ങളും പലതരത്തിലും ഉപയോഗിച്ചിട്ടുണ്ട്? താങ്കള്‍ എങ്ങനെയാണ് പോപുലര്‍ സിനിമകളെ കാണുന്നത്?
ഞാന്‍ പരാശക്തി എന്ന സിനിമ വളരെ ശക്തമാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്ത് നടന്ന കാര്യമാണത്. പരാശക്തി ഒരു പോപുലര്‍ സിനിമയാണ്. കരുണാനിധി കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമ. ശിവാജി ഗണേശന് അഭിനയിച്ച സിനിമ. നാട്ടിലെ കര്‍ഷകനും അടിച്ചമർത്തപ്പെട്ടവനും ആയ ശിവാജി ഗണേശന് ഒരു ദിവസം അഭിരാമി (ദേവി) അമ്പലത്തില്‍ പ്രത്യക്ഷപ്പെടും എന്നും ഒരു ദിവസം അദ്ദേഹത്തിന്റെ എല്ലാ പ്രശ്നങ്ങളില്‍നിന്നും രക്ഷപ്പെടും എന്ന് കരുതി പ്രാർഥിച്ചു. അഭിരാമി വന്നില്ല എന്ന് മാത്രമല്ല, ഗ്രാമത്തിലെ പൂജാരി ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന അവസ്ഥയിലേക്ക് വരികയും ആണ് ചെയ്യുന്നത്. അദ്ദേഹം ബലാത്സംഗം ചെയ്തവരെ കൊല്ലുകയും കോടതിയിലെ വിചാരണക്കിടയില്‍ അദ്ദേഹത്തിന്റെ ഭാഗം വാദങ്ങള്‍ നിരത്തി സംസാരിക്കുകയുമാണ്. പരാശക്തി സിനിമ സൂപ്പര്‍ഹിറ്റ് ആയി. ഡി.എം.കെ അധികാരത്തിലേറി. ഇതിനു നമ്മള് ലാറ്റിനമേരിക്കയിലോട്ടൊന്നും പോകണ്ട. നാളെ ഉള്ള ചെറുപ്പക്കാര്‍ പോപുലര്‍ സിനിമയെ അങ്ങനെ ഭയങ്കര ടൂള്‍ ആക്കി മാറ്റും. ഇപ്പോ നമ്മള് കാണുന്നത് ഭരണകൂടം ഇങ്ങനെ പോപുലര്‍ സിനിമകളെ ടൂളുകള്‍ ആക്കി മാറ്റുന്നതാണ്. 'കശ്മീര്‍ ഫയൽസി'ല്‍ ഒക്കെ അതാണ് സംഭവിക്കുന്നത്. 'കശ്മീര്‍ ഫയല്‍സ്' ബി.ജെ.പിയുടെ അടുത്ത കാമ്പയിനിങ്ങിന്റെ തുടക്കം ആണെന്നാണ് ആള്ക്കാര് പറയുന്നത്. അങ്ങനെ പോപുലര്‍ സിനിമ വെച്ചു ബി.ജെ.പി നടത്തിയതുപോലുള്ള കാമ്പയിന് ആരും നടത്തിയിട്ടില്ല ഈ രാജ്യത്ത്. പോപുലര്‍ സിനിമക്ക് പല തരം സാധ്യതകള്‍ ഉണ്ട്. പക്ഷേ ടെസ്റ്റിമോണിയല് ആഡുകള്‍ പോലുള്ള പൊളിറ്റിക്സ് പറയുന്ന പോപുലര്‍ സിനിമ ആണോ വേണ്ടത് എന്നതാണ് ചോദ്യം. അതിനെക്കുറിച്ചു ഒന്നും പറയാന്‍ ഞാന്‍ ആളല്ല. ഞാന്‍ ഒരു പോപുലര്‍ സിനിമാക്കാരന് ആണ്. നമ്മുടെ പോപുലര്‍ സിനിമകളിലൂടെ ആണ് നമ്മുടെ മൊറാലിറ്റിയും ഇന്റഗ്രിറ്റിയും എത്തിക്സും ഒക്കെ വളര്‍ത്തിയെടുത്തത്. ഒരുതരത്തില്‍ പോപുലര്‍ സിനിമകളാണ് നമ്മളെ വളര്‍ത്തിയെടുത്തത്. നമ്മള് അതിലെ ശരികളെ ഉൾക്കൊള്ളാനും തെറ്റുകളെ വിട്ടുകളയാനും ശ്രമിച്ചിട്ടുണ്ട്.
പോപുലര്‍ സിനിമകളിൽ ഞരമ്പുകളിലെ രക്തംപോലെയാണ് അതിലെ സംഗീതം. ബിഗ് ബിയിലെയും ഇപ്പൊ ഭീഷ്മപർവ്വത്തിലെയും ബി.ജി.എമ്മുകള്‍ മലയാളികളുടെ സാംസ്കാരിക ഭൂപടത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. എന്ത് തോന്നുന്നു?
ഞങ്ങളുടെ പഴയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സാര്‍ പറയുന്നത് ശ്യാം പുഷ്കരന്റെ അടുത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ''പര്‍ദ പേ സാബ് കുച്ച് ദിഖതാ ഹേ'' എന്നാണത്. പര്‍ദയില്‍ എല്ലാം കാണും. പര്‍ദയില്‍ അടിവസ്ത്രം വരെ കാണും എന്നത് ബേസിക് തിയറികളില്‍ ഒന്നാണ്. സിനിമയില്‍ ഫേക്ക് ചെയ്താല്‍ നമുക്ക് അത് ഫേക്ക് ആണെന്ന് അറിയാന്‍ പറ്റും. വസ്ത്രങ്ങള്‍ ആണെങ്കിലും സംഗീതം ആണെങ്കിലും എന്റെ ഇഷ്ടങ്ങളും ടെസ്റ്റും ആണ് എന്റെ സിനിമകളില്‍ വരുന്നത്. അത് ഉയര്‍ന്നതും മോശവും ആകാം. കപ്പപ്പുഴുക്ക് എന്ന ബാച്ചിലേഴ്സ് പാര്‍ട്ടിയിലെ പാട്ട് കുട്ടപ്പന് ചേട്ടന്റെ ശിഷ്യന് പാടിയ പാട്ടാണ്. അത് എന്റെ ടെസ്റ്റ് ആണ്. ഞാന്‍ ഫിലിം ഇൻസ്റ്റിറ്റ്യട്ടില്‍ പഠിക്കുമ്പോള്‍ എന്റെ ഇപ്പുറത്ത് അസമില്‍നിന്നുള്ള അപരാജ് ഉണ്ട്. ഇപ്പുറത്ത് ഹരിയാനയില്‍നിന്നുള്ള മനു ഗൗതം ഉണ്ട്. മനു ഗൗതം രാവിലെ തന്നെ ജഗജീത് സിങ്ങിന്റെയും ചിത്ര സിങ്ങിന്റെയും ഗസല്‍ വെക്കും. അപ്പോള്‍ അപരാജും ഞാനും തെറി വിളിക്കും. ഞാന്‍ ഇപ്പുറത്ത് നിന്ന് അപ്പോള്‍ തന്നെ ഇളയരാജയും റഹ്മാനും പ്ലേ ചെയ്യും. മ്യൂസിക്ക് എന്നത് ഒരു പേഴ്സണല്‍ ടേസ്റ്റ് ആണ്. ഒരു പോപുലിസ്റ്റ് ആയ ഒരു ടേസ്റ്റ് ഉള്ള ആളാണ് ഞാന്‍. എന്റെ മ്യൂസിക് ടേസ്റ്റ് ഒട്ടും എലിറ്റിസ്റ്റ് അല്ല.
ഞാന്‍ െകാല്‍ക്കത്ത ഇൻസ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അവിടെ സത്യജിത്ത് റായി പണിത നന്ദന് വന്‍ ടൂ ത്രീ ഉണ്ട്. അവിടെ പലരും മതപരമായ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ കുര്‍ത്ത ഒക്കെ ഇട്ടു വിമര്‍ശകര്‍ വാഴ്ത്തിപ്പാടിയ സിനിമകള്‍ വന്നു കാണും. അവര്‍ കുർത്ത ഉടയാതെ പുറത്തിറങ്ങി ചര്‍ച്ച ചെയ്തുപോകും. എന്റെ അപ്പോഴുള്ള ആഗ്രഹം ഞാന്‍ സിനിമ എടുക്കുമ്പോള്‍ ഇതുപോലത്തെ കാണികള്‍ വരരുത് എന്നായിരുന്നു. ഇവരൊന്നും എന്റെ സിനിമ കാണാന്‍ വരണ്ട. എനിക്ക് ജയന് പറഞ്ഞപോലെ റിക്ഷ പുള്ളീസും കൂലികളും ഒക്കെ ആയ കാണികള്‍ വന്നാല്‍ മതി. എനിക്ക് ഐ.വി. ശശി സാറിന്റെയും ജോഷി സാറിന്റെയും സത്യന് അന്തിക്കാട് സാറിന്റെയും സിനിമകളുടെ സ്പേസ് ആണ് ഇഷ്ടം. പോപുലര്‍ സിനിമയുടെ ആ സ്പേസ് നല്ല ഒരു സ്പേസ് ആണെന്ന് എല്ലാ കാലത്തും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
ഒരുപക്ഷേ ഒരു എലിറ്റ് ക്രൗഡിന് എന്റെ സിനിമകളെ കുറിച്ച് 'ഇത്രയും ബാക്ക് ഗ്രൗണ്ട് സ്കോര്‍ എന്തിനാണ്?' എന്ന് ചോദിക്കാം. പക്ഷേ ഞാന്‍ സാധാരണക്കാരായ കാണികള്‍ക്ക് വേണ്ടിയിട്ടുള്ള മ്യൂസിക് ആണ് സൃഷ്ടിക്കുന്നത്. സുഷിനും ആയി 'ഭീഷ്മപർവ്വ'ത്തിലെ ഫൈനല്‍ റീല്‍ കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു. കണ്ണ് നിറഞ്ഞു കരഞ്ഞു. പക്ഷേ സങ്കടംകൊണ്ട് കരഞ്ഞതല്ല. ഞാന്‍ അങ്ങനെ സ്വന്തം പടത്തിലെ സങ്കടം കണ്ടു കരയുന്ന ഒരാള്‍ ഒന്നുമല്ല. അതുപോലെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പെര്‍ഫോമന്‍സ് കണ്ടു കരയുന്ന ഒരാളുമല്ല. ഞാന്‍ ഒരു മ്യുസീഷ്യന് അല്ല. ഒരു മ്യുസീഷ്യന് ആയി കമ്യൂണിക്കേറ്റ് ചെയ്യുക വലിയ ബുദ്ധിമുട്ടാണ്. എന്റെ പടത്തില്‍ സുഷിന്റെ സംഗീതം അത്ര അധികം ബ്ലെന്റ് ചെയ്തുനിന്നതുകൊണ്ടാണ് കണ്ണ് നിറഞ്ഞത്. ഭീഷ്മപർവ്വത്തിന്റെ ഫൈനല്‍ റീലിനെ സംഗീതം അങ്ങനെ ആണ് പിടിച്ചുനിര്‍ത്തിയത്. എനിക്ക് ഇന്റര്‍വല്‍ വരെ ഈ പടം ചെറിയ പേടി ഉണ്ടായിരുന്നു. നമ്മള് കാരക്ടേഴ്സിനെ എസ്റ്റാബ്ലിഷ് ചെയ്യാന്‍ കുറച്ചു സമയം എടുക്കുന്നുണ്ട്. സെക്കൻഡ് ഹാഫ് എനിക്ക് അത്ര പേടി ഇല്ലായിരുന്നു. ഇന്റര്‍വല്‍ വരെ പടം കണ്ടു. സൗബിന്റെയും അന്‍വര്‍ റഷീദിന്റെയും ഓരോ കോളുകള്‍ ഉണ്ടായിരുന്നു. അവരില്‍ നിന്നാണ് പടം ഒാക്കെ ആണെന്ന് മനസ്സിലായത്. അതിലും ഞാന്‍ കരഞ്ഞു പോയി. അത് പ്രഷര്‍ ലൂസ് ചെയ്യുന്നതിന്റെ കരച്ചില് ആയിരുന്നു.
സംഗീതം നന്നാവാന്‍ നമുക്ക് താൽപര്യമുള്ള മ്യൂസിക്കിന്റെ കണക്ഷന് ഉണ്ടാകണം. ബി.ജി.എം കൊണ്ട് സിനിമയുടെ സീനിലെ ഇമോഷന് എന്താണെന്ന് പറയാനും പറ്റണം. അങ്ങനെ ഒരുപാടു ഫാക്റ്റെഴ്സ് ഒരുമിച്ചു വരുമ്പോഴാണ് സംഗീതം രസമായി വരുന്നത്. ഞങ്ങള്‍ പണ്ട് മഹാരാജാസില്‍ നാടകം കളിക്കുമ്പോള്‍ മാഗ്ന സൗണ്ടിന്റെ സംഗീതം എടുത്തു ഉപയോഗിക്കും. അന്ന് മാഗ്നാ സൗണ്ട് സിനിമകളുടെ ബി.ജി.എമ്മിന്റെ കാസറ്റുകള്‍ ഇറക്കുമായിരുന്നു. ആ മ്യൂസിക് എഡിറ്റ് ചെയ്ത് അത് റഫറന്‍സ് മ്യൂസിക് ആക്കുന്ന പരിപാടി ഉണ്ടായിരുന്നു. നാച്ചുറല്‍ ബോറന് കില്ലെഴ്സ് എന്നൊക്കെ പറഞ്ഞ, ഒലിവര്‍ സ്റ്റോണിന്റെ പീറ്റര്‍ ഗബ്രിയേല്‍ മ്യൂസിക് കൊടുത്ത സാധനങ്ങള്‍ ഒക്കെ എടുത്തു നാടകത്തിനു ഉപയോഗിക്കുമായിരുന്നു. അതിന്റെ ഒരു എക്സ്ടൻഷന് ആണ് ഇപ്പോള്‍ എന്റെ സിനിമകളില്‍ നടക്കുന്നത്. പിന്നെ ചില സീനുകള്‍ ഷൂട്ട് ചെയ്യുന്നത് തന്നെ ബി.ജി.എമ്മില്‍ അത് നന്നായി വര്‍ക്ക് ചെയ്യാന്‍ പറ്റും എന്ന ധാരണയില്‍തന്നെയാണ്. സിനിമയില്‍ ഒരു ആക്ഷന്‍ സീനില്‍ ആണെങ്കിലും ഒരു ലവ് മേക്കിങ് സീനില്‍ ആണെങ്കിലും അതിന്റെ റിയാലിറ്റിയില്‍ അല്ല മറിച്ചു അതിന്റെ ബിൽഡപ്പിൽ ആണ് അതിന്റെ എക്സൈറ്റ്മെന്റ്. ഇത്തരം ബിൽഡ് അപ്പുകള്‍ സൃഷ്ടിക്കുമ്പോഴാണ് മ്യൂസിക് രസകരമാകുന്നത്. സീനുകള്‍ ചെയ്യുമ്പോള്‍ മ്യൂസിക്കുകളെ കുറിച്ച് ചില ധാരണകള്‍ ഒക്കെ ഉണ്ടായിരിക്കും.
മുമ്പ് മലയാളിക്ക് ലവ് മേക്കിങ് സീന്‍സ് തിയറ്റര്‍ സ്ക്രീനില്‍ വരുമ്പോള്‍ അത് ഷോക്കിങ് അല്ലെങ്കില്‍ കമന്റ് പറയാനുള്ള വിഷ്വല്‍സ് ആയിരുന്നു. പക്ഷേ ഭീഷ്മ എന്ന സിനിമയിലെ ലവ് മേക്കിങ് സീന്‍സ് വരുമ്പോള്‍ സാധാരണ ജീവിതസംഭവംപോലെ തിയറ്ററില്‍ മലയാളി കണ്ടുതുടങ്ങിയിട്ടുണ്ട്..?
'ഭീഷ്മപർവ്വ'ത്തിലെ ലവ് മേക്കിങ് സീനിനെ കുറിച്ചും ഷൈന്‍ ടോം ചാക്കോയുടെ പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ സെക്ഷ്വാലിറ്റിയെ കുറിച്ചും എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. പീറ്റര്‍ ഒരു ബൈ സെക്ഷ്വല്‍ ആണെന്നുതന്നെയാണ് ആലോചിച്ചത്. എങ്ങനെ ആണ് നമ്മുടെ ഓഡിയന്‍സ്, ഭീഷ്മപര്‍വ്വം പ്രത്യേകിച്ച് ഫാമിലി കാണാന്‍ പോകുന്നത് എന്ന പേടി ഉണ്ടായിരുന്നു. എട്ടുവർഷം മുമ്പേ ഇയ്യോബിന്റെ പുസ്തകം കണ്ടപ്പോള്‍ വന്ന ചില അഭിപ്രായങ്ങള്‍, പടം ഒക്കെ നല്ലതാണ്. പക്ഷേ ഫാമിലിക്ക് പോകാന്‍ പറ്റില്ല എന്ന ഒരു മോറലിസ്റ്റിക് രീതിയില്‍ ആയിരുന്നു. അതുപോലെ 'ബിഗ് ബി'യില്‍ മംമ്ത ഒരു പാട്ട് സീനില്‍ ബീച്ചില്‍നിന്ന് പൊങ്ങി വരുമ്പോള്‍ ഭയങ്കര ആരവം ആയിരുന്നു. ഒരു സ്കിന്‍ ഷോ പോലുമില്ലാത്ത ആ ഷോട്ടില്‍ എന്തിനാണ് ഇങ്ങനെ ആരവം എന്ന് ചിന്തിച്ചിരുന്നു. ഭീഷ്മയിലെ ലവ് മേക്കിങ് സീനില്‍ അത്തരത്തിലുള്ള ആരവവും കമന്റടിയും വരുമോ എന്ന് പേടിച്ചിരുന്നു. ഞാന്‍ പോയ ഒരു ഷോയില്‍ ഒരു അമ്പത് ശതമാനം കുടുംബം ആണ് ഉണ്ടായിരുന്നത്. സെക്ഷ്വാലിറ്റി ഫ്രെയിമില്‍ കാണുന്നതല്ല കുടുംബങ്ങളുടെ പ്രശ്നം. പക്ഷേ അതിനകത്ത് തിയറ്ററില്‍ വരുന്ന കമന്റുകള്‍ ആണ് അവര്‍ക്ക് പ്രശ്നം ആയി വരുന്നത്. എനിക്ക് അങ്ങനെ ഒരു ഓർമയുണ്ട്. ഞാന്‍ 'അമരം' സിനിമ കാണാൻ അച്ഛനും അമ്മയും ഒക്കെ ആയി പോയപ്പോള്‍ ആരോ ഒരാള്‍ ഇങ്ങനെ കമന്റ് അടിച്ചു. ആ സിനിമക്ക് അകത്ത് കാണാന്‍ പറ്റാത്തത് ആയിട്ട് ഒന്നുമില്ല. പക്ഷേ ആ കമന്റ് വല്ലാത്ത അലോസരപ്പെടുത്തുന്ന ഒരു സ്പേസിലേക്ക് കൊണ്ടുപോവുകയാണ്. പക്ഷേ 'ഭീഷ്മപർവ്വ'ത്തില്‍ അങ്ങനെ ഒന്നും ഉണ്ടായില്ല എന്നത് കേരളസമൂഹത്തിന്റെ ഒരു വളർച്ച ആയിട്ടാണ് തോന്നിയത്.
ഹിപ്പി തലമുടി, പട്ടി കോളര്‍, യെല്ലോ ഷെഡ് എന്നതാണ് മലയാള സിനിമക്ക് എൺപതുകള്‍. പേക്ഷ പൗച്ച് ബാഗ്, സൂപ്പര്‍മാർക്കറ്റ്, വാക്മാന്, കാറുകള്‍ തുടങ്ങിയ പല രീതികളിലൂടെ ആണ് 'ഭീഷ്മപർവ്വ'ത്തിലെ എണ്പത്തിയെട്ടിനെ രൂപപ്പെടുത്തിയത്. ഫലസ്തീനും യാസിര്‍ അറാഫത്തും ഒക്കെ വരുന്നുണ്ട്.
88 എന്നത് എന്റെ ഒരു ടീനേജ് കാലഘട്ടം ആയിരുന്നു. ഞാന്‍ എസ്.എസ്.എല്‍.സി ഒക്കെ കഴിഞ്ഞു മഹാരാജാസില്‍ പഠിക്കാന്‍ പോകുന്ന ഒരു കാലഘട്ടം ആയിരുന്നു. എനിക്ക് നല്ല ഓർമയുള്ള ഒരു സമയം ആണ്. ഈ ടീനേജ് ടൈമില്‍ ഉള്ള ഓർമകള്‍ ആണ് ഏറ്റവും അധികം നിലനില്ക്കുക. അന്ന് കണ്ട ഇമേജുകളും ഓർമകളും സിനിമകളും ഒക്കെ മായാതെ നില്ക്കും. ഹിപ്പി മുടികളും പട്ടിക്കോളറും ഒക്കെ ഒഴിവാക്കിയ ഒരു എണ്‍പത്തിയെട്ട് എനിക്ക് കൃത്യമായി പിടിക്കണം എന്നുണ്ടായിരുന്നു. ശ്രീനാഥ് ഭാസിയുടെ ബെൽറ്റിലെ പൗച്ച് ബാഗ്, അതുപോലെ മോടെന്‍ ബ്രട്ടിന്റെ പാക്കറ്റ്, പനാമ സിഗരറ്റ്, വാക്മാന് തുടങ്ങിയവയിലൂടെ കൂടി എൺപതുകളെ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ സമയത്തിന്റെ കൃത്യതയില്‍ ഉള്ള മേക്ക് അപ്പും കോസ്റ്റ്യൂമും ആണ് പിടിച്ചത്. കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ സമീറ സനീഷിനോട് ഞാന്‍ ഒരുപാടു നന്ദി ഉള്ളവനാണ്. മേക്ക് അപ്പ് ചെയ്ത രോണക്സും സ്റ്റൈല്‍ ചെയ്ത തിരുവല്ലക്കാരന് ആയ സ്വാമി എന്നിവരും നന്നായി ചെയ്തു. മഹാരാഷ്ട്രക്കാരന് ആയ രോഹിത് ഭട്കറെ കൊണ്ടുവന്നിട്ടാണ് മമ്മൂക്കക്ക് സ്റ്റൈല്‍ ചെയ്തത്. സ്റ്റൈലിങ്ങിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്, അത് ആ കാലഘട്ടവും ആയി യോജിച്ചുപോകണം എന്നതാണ്. ആ കാലഘട്ടത്തെ വാഹനങ്ങള്‍ ശ്രദ്ധിക്കണം ആയിരുന്നു. ലോങ് ഷോട്ടുകളിലെ മൊബൈല്‍ ഫോൺ ടവറുകളൊക്കെ മായിച്ച് കളയേണ്ടതായും വന്നു. ഈ സിനിമയില്‍ മട്ടാഞ്ചേരിയിലെ ഒരു ടോപ്പ് ആംഗിൾ ഷോട്ട് ഉണ്ടായിരുന്നു. അതില്‍ ഇപ്പോഴുള്ള ഷീറ്റുകള്‍ ഒക്കെ മാറ്റി ഗ്രാഫിക്സില്‍ ഓടിട്ട രീതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചിലരൊക്കെ സൂപ്പര്‍ മാര്‍ക്കറ്റ് ആ ടൈമില്‍ ഉള്ളതാണോ എന്ന് ചോദിച്ചിരുന്നു. പക്ഷേ ഞാന്‍ ആ സമയത്ത് വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയിട്ടുള്ള ആളാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.