പുരുഷ 'ഹൃദയം' പറയുന്നത്​

കാ മ്പുള്ള രാഷ്ട്രീയവും വലിയ കലഹങ്ങളുമില്ലാതെ, അപ്രതീക്ഷിത വഴിത്തിരിവുകളും ക്രൂരന്മാരായ പ്രതിനായകരും ഇല്ലാതെ സെമി റിയലിസ്റ്റിക്​ താളത്തിൽ സംഗീതത്തിന്‍റെ മേ​െമ്പാടിയോടെ സഞ്ചരിച്ച് സുരക്ഷിതമായി അവസാനിപ്പിക്കുന്ന സിനിമകളാണ്​ വിനീത്​ ശ്രീനിവാസൻ മലയാളത്തിന്​ നൽകിയിരിക്കുന്നത്​. 2013ൽ പുറത്തിറങ്ങിയ 'തിര' മാത്രമാണ്​ ഇതിന്​ അപവാദം. നായകന്‍റെ വിവിധ കാലങ്ങൾ, പ്രണയങ്ങൾ, ആഘോഷങ്ങൾ, തിരസ്കാരങ്ങൾ എന്നിവ പകർത്തിയ ജനപ്രിയസിനിമകളുടെ വിജയഫോർമുലയുടെ തുടർച്ചയെന്ന് വിശേഷിപ്പിക്കാവുന്ന 'ഹൃദയ'വും ആഘോഷിക്കപ്പെടുകയാണ്​​. ചേരൻ സംവിധായകനായും മുഖ്യകഥാപാത്രമായും വേഷമിട്ട തമിഴ് ചിത്രം 'ഓട്ടോഗ്രാഫ്'​ (2004), അൽഫോൺസ്​ പുത്രന്‍റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ 'പ്രേമം' (2015) എന്നിവ ഇതേ ചേരുവകളാൽ വലിയ വാണിജ്യവിജയം നേടിയ സിനിമകളാണ്.​ 2006ൽ പുറത്തിറങ്ങിയ ലാൽജോസിന്‍റെ 'ക്ലാസ്​മേറ്റ്​സോ'ടെ ആരംഭിച്ച കാമ്പസ് കാലത്തേക്കുള്ള ഒത്തുചേരലും ഗൃഹാതുരതയിലേക്കുള്ള തിരിച്ചുനടത്തവും അതിന്റെ വിപണിസാധ്യതയും ഇനിയും അവസാനിച്ചിട്ടില്ലെന്ന്​ കൂടി 'ഹൃദയ'ത്തിന്‍റെ വാണിജ്യ വിജയം പറയുന്നു. ​​കോവിഡ്​ ചട്ടങ്ങൾ കൂടുതൽ സങ്കീർണമായിട്ടും ഒ.ടി.ടിയുടെ വലിയ വിപണനസാധ്യതകൾ മുന്നിലുണ്ടായിട്ടും 'ഹൃദയ'ത്തെ കൊട്ടകകളിലേക്ക്​ തുറന്നുവിടാൻ വിനീത്​ ശ്രീനിവാസന്​ ധൈര്യം പകർന്നതും അതു​തന്നെയാകും.

കാമ്പസ്​ ചിത്രങ്ങളുടെ കഥാവൃത്തം ആർട്​സ്​ കോളജുകളിൽനിന്നും എൻജിനീയറിങ്​ കോളജുകളിലേക്ക്​ ഇറങ്ങിനടക്കുന്ന പ്രവണത കഴിഞ്ഞ ഒരു ദശാബ്​ദമായി മലയാളത്തിലുണ്ട്​. കവിതകളും എസ്​.എഫ്​.ഐയും ഗുൽമോഹർ പൂക്കളുമില്ലാത്ത കാമ്പസ്​ ചിത്രങ്ങൾ. 'ക്വീൻ' (2018), 'കൂതറ' (2014), 'ആനന്ദം' (2016), 'ബി.ടെക്' (2018), 'റോൾമോഡൽസ്​' (2017), 'ഹാപ്പിവെഡ്ഡിങ്' (2015), 'ചങ്ക്സ്' (2017), 'കലി' (2015), 'മായാനദി' (2017), 'ഒരു വടക്കൻ സെൽഫി' (2015), 'സൂപ്പർ ശരണ്യ' (2021) എന്നിവയെല്ലാം വിവിധങ്ങളായ രൂപങ്ങളിൽ എൻജിനീയറിങ്​ കോളജുകളെ പകർത്തുന്നു​. 2006 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ചെന്നൈ നഗരത്തി​ലെ എൻജിനീയറിങ്​ കോളജിലേക്ക്​ പഠിക്കാനെത്തുന്ന അരുൺ നീലകണ്ഠനെന്ന (പ്രണവ്​ മോഹൻലാൽ), ഒരുപക്ഷേ മലയാളി പുരുഷത്വത്തിന്‍റെ പുതുകാല റോൾമോഡൽ ആയേക്കാവുന്ന 'കട്ടപുരുഷന്‍റെ' കഥയാണ്​ 'ഹൃദയം'. സിനിമയുടെ തുടക്കവും ഒടുക്കവും അരുണിൽതന്നെ അവസാനിക്കുന്നു.


മലയാള സിനിമകളുടെ തൊട്ടിലും നാടുവിടുന്ന നായകൻമാരുടെ അഭയകേന്ദ്രവുമായ ചെന്നൈ നഗരമാണ്​ കഥക്ക്​ ഏറിയ പങ്കും പശ്ചാത്തലമാകുന്നത്​. ചെന്നൈയിലെ എൻജിനീയറിങ് കോളജിൽ യൗവനം ചെലവഴിച്ച സംവിധായകന്റെ ആത്മാംശങ്ങൾ ഇതിലേക്ക് നയിച്ചിരിക്കാം. ചെന്നൈയിലേക്ക്​ ചൂളംവിളിച്ചോടാനിരിക്കുന്ന ട്രെയിനിൽ തന്‍റെ കാമ്പസിലേക്ക്​ ചേരാനെത്തുന്ന കൂട്ടുകാരൻമാരെ അരുൺ പരിചയപ്പെടുന്നിടത്താണ്​ സിനിമ തുടങ്ങുന്നത്​.

ചെന്നൈ ജീവിതത്തെക്കുറിച്ച്​ തുടക്കത്തിൽ സിനിമ വാചാലമാകുന്നുണ്ടെങ്കിലും മഹാനഗരവും കാഴ്ചകളും അധികം കടന്നുവരുന്നില്ല. 80കളിൽ സിനിമാ നിർമാതാവായി മദ്രാസിലെത്തി എല്ലാം നഷ്ടപ്പെട്ടയാളിലും കടലോരക്കാഴ്ചകളിലും കൂട്ടുകാരൻ സെൽവയുടെ താമസയിടത്തിലും മാത്രമായി ചെന്നൈ നഗരം കാഴ്ചകളിൽ ഒതുങ്ങുന്നു. എൻജിനീയറിങ്​ കോളജിന്‍റെ ചുവരുകളിലും മുറ്റത്തും ഹോസ്റ്റലിലുമാണ്​ കാമറ ചുറ്റിക്കറങ്ങുന്നത്​. അരുണിന്‍റെ പ്രണയത്തിനും തിരസ്കാരങ്ങൾക്കും അഹങ്കാരത്തിനും ആഘോഷങ്ങൾക്കും ​ഹേതുവാകുന്നവരായി സ്ത്രീ കഥാപാത്രങ്ങൾ വന്നുപോകുന്നു.

അരുൺ ആദ്യ ദൃഷ്ടിയിൽതന്നെ ആകർഷിക്കപ്പെടുന്നവൾ ദർശന (ദർശന രാജേന്ദ്രൻ), പ്രണയത്തിനും വിവാഹത്തിനും മുമ്പേയുള്ള ഇടവേളയിലെ മായ മാത്രമാകുന്ന മായ (അന്നു ആന്‍റണി), എന്നെന്നേക്കുമുള്ള പങ്കാളിയായ നിത്യ (കല്യാണി പ്രിയദർശൻ). നായകന്‍റെ ജീവിതത്തിനും അനുഭവങ്ങൾക്കും സമാന്തരമായാണ്​ നായികമാർക്ക്​ പേര്​ നൽകിയിരിക്കുന്നതെന്ന്​ മനസ്സിലാക്കാം​.

ഒന്നാം വർഷ എൻജിനീയറിങ്​ വിദ്യാർഥികളായ അരുണിന്‍റെയും ദർശനയുടെയും ആദ്യ കാഴ്ചയിൽതന്നെയുള്ള പ്രണയവും ആഘോഷവും വേർപിരിയലുമാണ്​ ആദ്യ പകുതിയെ മുന്നോട്ട്​ നടത്തുന്നത്​. നായകന്റെ പ്രണയസങ്കൽപത്തിനും പെൺഭാവനക്കുമൊത്ത പ്രതിരൂപമുള്ള നായികയായാണ്​ ദർശനയെത്തുന്നത്​. 'തട്ടത്തിൻമറയത്തി'ൽ തട്ടമിടുന്നത് നായകന്‍റെ 'വീക്ക്നെസാ'കുമ്പോൾ​ 'ഹൃദയ'ത്തിൽ അത് മുടി അഴിച്ചിടുന്നതാകുന്നു. കോളജിലെ ആൺ ഹോസ്റ്റലുകളും റാഗിങ്ങും ആണാഘോഷങ്ങളുമെല്ലാമാണ്​ ഏറിയപങ്കും സ്​​ക്രീനിലുള്ളത്​. സീനിയേഴ്​സിന്‍റെ റാഗിങ്ങിൽനിന്ന്​ നായികയെ രക്ഷിക്കുന്ന നായകൻ എന്ന ക്ലീഷേ രംഗത്തെ സിനിമ പൊളിച്ചുകാണിക്കുന്നുണ്ട്. അരുണും ദർശനയും ഒരുമിച്ചാണ്​ ഇത്തരം വെല്ലുവിളികളെ മറികടക്കുന്നത്​. എതിരാളികളുടെ തല്ല് വാങ്ങുമ്പോഴും കൈയടിക്കുള്ള വക നായകന് കൽപിച്ചുനൽകുന്നുണ്ട്​. സർവലോക സിനിമകളിലെയും ചേരുവയായ നായകനെ ഉപ​ഗ്രഹം കണക്കെ ചുറ്റിക്കറങ്ങി ജീവിക്കുന്ന സരസനായ കൂട്ടുകാരനാകാനുള്ള നിയോഗം ആന്റണി താടിക്കാരനാണ്​(അശ്വത് ലാൽ).

പ്രണവ് മോഹൻലാലും ദർശന രാജേന്ദ്രനും

അവിചാരിതമായ സാഹചര്യത്തിൽ മറ്റൊരു പെൺകുട്ടിയിൽ കാമാസക്തനാകുന്ന അരുൺ കൊച്ചി മറൈൻഡ്രൈവിൽ സല്ലപിക്കാനൊരുങ്ങുമ്പോൾ സദാചാര ആക്രമണമുണ്ടാകുകയും ഇംഗിതത്തിന് സാധിക്കാതെപോകുകയും ചെയ്യുന്നു. (2017ൽ കൊച്ചി മറൈൻഡ്രൈവിൽ നടന്ന ശിവസേനയു​ടെ സദാചാര ഗുണ്ടായിസമാണ്​ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നതെങ്കിലും പ്രേരകമാകുന്ന ഹിന്ദുത്വ രാഷ്​ട്രീയത്തെ സിനിമ തുറന്നുകാട്ടുന്നില്ല). കാമപൂർത്തീകരണത്തിനായി എത്തുന്നവരാണ് മറൈൻ ഡ്രൈവിലെ 'കുടചൂടികൾ' എല്ലാവരും എന്ന കാഴ്ചയും സിനിമ നൽകുന്നു. 'കുട'യെ സ്വകാര്യതക്കുള്ള ആയുധമായാണ് ചിത്രീകരിക്കുന്നത്. അരുണിന്റെ ചാപല്യം ദർശന അറിയാനിടയാകുന്നത്​ ഇരുവരെയും തമ്മിൽ അകറ്റുന്നു. തുടർന്ന്​ ഇരുവരും തമ്മിലുള്ള ഒളിച്ചുകളികളും പകപോക്കലുകളുമാണ്​ സിനിമയെ മു​ന്നോട്ട്​ നടത്തുന്നത്​.

പ്രണയഭംഗത്തിന് ശേഷം അക്രമാസക്തനും ആണത്തഹുങ്കുകൾ പ്രദർശിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നയാളായി അരുൺ പരിവർത്തനം ചെയ്യപ്പെടുന്നുണ്ട്. തന്‍റെ ഒഴിഞ്ഞുകിടക്കുന്ന 'കാമുക' സ്ഥാനത്തേക്ക്​ കോളജിൽ പെർഫോം ചെയ്യാനെത്തുന്ന ഗായകനെ പ്രതിഷ്ഠിക്കാൻ ദർശനയൊരുങ്ങുന്നത്​ അരുണിനെ കൂടുതൽ പ്രകോപിതനാക്കുന്നു. കോളജ്​ വിദ്യാർഥിനി തന്നെയായ മായയിലാണ്​ അരുൺ തന്‍റെ ഇടക്കാലാശ്വാസം നേടുന്നത്​. നായകന്‍റെ പ്രേമത്തിനും ലാളനകൾക്കും കൊതിക്കുന്ന വ്യക്തിത്വമില്ലാത്ത കഥാപാത്രമായി മായ ഒതുങ്ങുന്നുണ്ട്​.

മദ്യത്തിലും ലഹരിയിലും മുങ്ങുന്ന 'കലിപ്പ്' നായകനാണ്​ പിന്നീട്​ സ്ക്രീനിൽ അരങ്ങുതകർക്കുന്നത്​. ഒന്നാം വർഷത്തിൽ റാഗിങ്ങിനെതി​രെ പൊരുതിയ നായകൻതന്നെ ജൂനിയേഴ്​സിനെ അതിക്രൂരമായി റാഗ്​ ചെയ്യുന്നുണ്ട്​. എന്നാൽ നായകന്റെ ഇത്തരം പ്രവർത്തനങ്ങളെ ഗ്ലോറിഫയിങ് രൂപത്തിലല്ല ചിത്രീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്​​. ദർശനയുടെ 'കാമുകനായ' ഗായകനെ തല്ലുന്നതിലൂടെ പൗരുഷത്തിന്‍റെ ​പ്രതിരൂപമാകാനും കബളിപ്പിക്കപ്പെടുന്ന നായികയുടെ രക്ഷകനാകാനും അരുൺ ശ്രമിക്കുന്നുണ്ട്​.


മാനസാന്തരം വരുന്ന അരുൺ മദ്യവും മൂത്രവും സിഗരറ്റും ദുർഗന്ധവുമെല്ലാം നിറഞ്ഞ ഹോസ്റ്റൽ മുറിയിൽനിന്നും രക്ഷനേടുന്നു. സഹപാഠിയായ അഖിൽ സത്യന്‍റെ വീട്ടിൽ നിന്നുമുള്ള കുളിച്ചുമാറൽ പുതിയ മനുഷ്യനാകുന്നതിലേക്കും തിരിച്ചറിവിലേക്കുമുള്ള പ്രതീകാത്മക ​പ്രവർത്തനമായി കാണിക്കുന്നു. പതിയെ അരുൺ പഠനവും സൗഹൃദവും ജീവിതവും വീണ്ടെടുക്കുകയും തെറ്റുകൾക്ക്​ പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുന്നു​. ​ഒരു ട്രെയിൻ യാത്രയിൽ തുടങ്ങി മറ്റൊരു ട്രെയിൻ യാത്രയിൽ അവസാനിക്കുന്ന ആദ്യ പകുതിക്ക്​ ഒരു മുഴുനീള സിനിമയുടെ സ്വഭാവമുണ്ട്​. കോളജ്​ ജീവിതത്തിനും ആദ്യ പകുതിയോടെ തിരശ്ശീല വീഴുന്നു. മെലിഞ്ഞ പ്രകൃതമുള്ള സീനിയറിനെ ചാവാലിപ്പട്ടിയെന്ന്​ വിളിക്കുന്ന നായകന്‍റെ ബോഡിഷെയിമിങ്​ ഡയലോഗ്​ മുഴച്ചുനിൽക്കുന്നു.

യാത്രകളും കാഴ്ചകളും നിറഞ്ഞ രണ്ടാം പകുതിയിലേക്കാണ്​ അരുണും പ്രേക്ഷകരും ഉണരുന്നത്. കോർപ​റേറ്റ്​ സ്ഥാപനത്തിൽനിന്നുള്ള ജോലി ഉപേക്ഷിച്ച് ​ഫോട്ടോഗ്രാഫറായി അരുൺ പരിണമിക്കുന്നു​. സമാന്തരമായി യൂട്യൂബ്​ ചാനലിലൂടെ വലിയ വരുമാനം നേടുകയും അവിവാഹിതയും സ്വതന്ത്രയുമായി പറന്നു നടക്കുന്ന ദർശനയുടെ ജീവിതവും കാണിക്കുന്നുണ്ട്​. ഒരു വിവാഹച്ചടങ്ങിൽ പരിചിതയാകുന്ന നിത്യയുമായി അരുൺ പ്രണയത്തിലാകുന്നു. വിവാഹച്ചടങ്ങിലേക്ക്​ സങ്കടവും ദേഷ്യവും ഉള്ളിലൊതുക്കി ദർശനയെത്തുന്നു. ഭാര്യയിലേക്കാണോ പഴയ കാമുകിയിലേക്കാണോ അരുണിന്‍റെ ഹൃദയസഞ്ചാരമെന്ന ചോദ്യത്തിലേക്കുള്ള ഉത്തരമാണ്​ പിന്നീടുള്ള രംഗങ്ങൾ.

മകളുടെ വരനാകാൻ പോകുന്ന നായകന്റെ പരിപാലന ശേഷിയെക്കുറിച്ച്​ ആശങ്ക പങ്കുവെക്കുന്ന അച്ഛനോട്​ (ജോണി ആന്‍റണി) നിത്യ പറയുന്നതിങ്ങനെ: ''അവനെന്തിനാ എന്നെ നോക്കുന്നേ? എന്നെ നോക്കാൻ എനിക്കറിയാം. വേണ്ടിവന്നാൽ അവന്റെ പണി പോയാൽ അവനെയും ഞാൻ നോക്കും.'' ഈ മറുപടി പുതുകാല സിനിമകളിലെ മാറ്റത്തിന്‍റെ പ്രതീകമായി തിയറ്ററുകളിലും സമൂഹമാധ്യമങ്ങളിലും ഏറെ ആഘോഷിക്കപ്പെടുന്നുണ്ട്​​. പാചകം പങ്കുവെക്കുന്നതിലെയും പരസ്പര ബഹുമാനത്തിന്‍റെയും ഇഴയടുപ്പം ഇരുവർക്കുമിടയിലുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ഭർത്താവിനെ പ്രീതിപ്പെടുത്താനായി ഭക്ഷണമുണ്ടാക്കി കാത്തിരിക്കുന്ന ക്ലീഷേ സിനിമ പെൺ 'കുശുമ്പി'യായി നിത്യയുടെ കഥാപാത്രം മാറുന്നുണ്ട്​. ഭാര്യയെ പേടിക്കുന്ന ബാലഗോപാലിന്‍റെ (ജോണി ആന്‍റണി) തമാശ, സമാധാന ജീവിതത്തിനായി സ്ത്രീകളെ ഒത്തുകളിയിലൂടെ പുറത്താക്കുന്ന പുരുഷൻമാർ തുടങ്ങിയ മലയാള സിനിമകളിലെ സ്ഥിരം പല്ലവികളും ആവർത്തിക്കപ്പെടുന്നു. നിത്യയും അരുണും തമ്മിലുള്ള രസതന്ത്രവും കോരിച്ചൊരിയുന്ന മഴയിലുള്ള ഈറനണിഞ്ഞ വിവാഹച്ചടങ്ങുമെല്ലാം പ്രേക്ഷകരിൽ അനുഭൂതി നിറക്കാൻ പോന്നതാണ്.

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും

പ്രണവ്​ മോഹൻലാലിനെ താരാധിപത്യത്തിലേക്ക്​ ഉയർത്താൻ കമ്പോളത്തിനാവശ്യമായ ചേരുവകളെല്ലാം സമം ചേർത്ത്​ ഒരുക്കിയ ഫീൽഗുഡ്​ സ്വഭാവമുള്ള ചിത്രമാണ്​ ഒറ്റവാക്കിൽ 'ഹൃദയം'. നിഷ്കളങ്കനായ വിദ്യാർഥി, കണ്ണിൽ നോക്കി ​സ്ത്രീയുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് അറിയാൻ ശേഷിയുള്ള കാമുകൻ, വേണ്ടിവന്നാൽ തല്ലാൻ ശേഷിയുള്ള പുരുഷൻ, യാത്രകളെയും ഭക്ഷണത്തെയും ഫോട്ടോഗ്രഫിയെയും സ്നേഹിക്കുന്ന യുവാവ് എന്നിങ്ങ​െന വൈവിധ്യമായ വേഷപ്പകർച്ചകളിലേക്ക് നായകനെ പകർത്തിയൊഴിക്കുന്നു. 'ആദി', 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്നീ തന്റെ ആദ്യ ചിത്രങ്ങളേക്കാൾ അഭിനയത്തിൽ കാതങ്ങൾ മുന്നേറാനും പ്രണവിനായി. 'പൗരുഷപൂർണത'യുടെ അവസാനവാക്കായ മംഗലശ്ശേരി നീലകണ്​ഠൻ റഫറൻസ് നൽകിയും 'വിന്‍റേജ് മോഹൻലാൽ' സ്മരണകളിലേക്കുള്ള ചൂണ്ടകളിട്ടും​ തിയറ്ററിൽ മോഹൻലാൽആരാധകരെ ഉണർത്താൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്​.


പുതുതലമുറയുടെ ആഘോഷങ്ങളായ യൂട്യൂബ്​ ​േവ്ലാഗിങ്, ഭക്ഷണഭ്രമം, യാത്ര, വിവാഹ ആഘോഷങ്ങൾ, സംഗീതം എന്നിവയെയെല്ലാം സമർഥമായി ഉപയോഗിക്കുന്നതിൽ വിനീത്​ വിജയിച്ചിട്ടുണ്ട്​. അതിനിടയിൽ കിട്ടുന്നിടത്തെല്ലാം 'മലയാളി'ക്ക്​ സാരോപദേശങ്ങൾ നൽകുന്ന ശ്രീനിവാസൻ സ്​റ്റൈലിനും തമിഴൻ-മലയാളി ദ്വന്ദ്വത്തിനും നന്മകളുടെ സൃഷ്ടിപ്പിനും വിനീത്​ ശ്രമിക്കുന്നു. ചിലയിടത്തെങ്കിലും ഇത്തരം രംഗങ്ങൾ മുഴച്ചുനിൽക്കുന്നുണ്ട്. കൈനിറയെ ഗാനങ്ങളുണ്ടായിട്ടും അരോചകമാകാതെ ഹൃദ്യമായി ​െപ്ലയ്​സ്​ ചെയ്ത രീതി, പാട്ടുകൾക്ക് ഉള്ളിൽ തട്ടുന്ന ഈണമിട്ട ഹിഷാം അബ്​ദുൽ വഹാബ്​, ദർശന രാജേന്ദ്രന്റെ പ്രകടനം​ എന്നിവ 'ഹൃദയ'ത്തെ വാണിജ്യവിജയമാക്കുന്നതിൽ നിർണായക പങ്കു​വഹിക്കുന്നു.

Tags:    
News Summary - hridayam movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.