നാലുകെട്ടിന്റെ മോഹവലയങ്ങൾ

മലയാള സിനിമയിൽ എങ്ങനെയാണ്​ നാലുകെട്ടുകൾ ഇടം പിടിക്കുന്നത്​? സിനിമകളിൽ എങ്ങനെയൊക്കെയാണ്​ നാലുകെട്ടുകൾ ആവിഷ്​കരിക്കപ്പെട്ടത്​? ആ ​നാലുകെട്ടുകൾ പിന്നീട്​ എങ്ങനെയൊക്കെ മാറിത്തീർന്നു? -പഠനത്തി​ന്റെ അവസാന ഭാഗം.തൊള്ളായിരത്തി തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സവിശേഷഭാവുകത്വം തന്നെയായി നിലനിന്ന നാലുകെട്ടു ജീവിതം അടുത്ത ദശകത്തോടെ വളരെപ്പെട്ടെന്ന് ദുർബലപ്പെടുന്നത് നമുക്ക് കാണാനാവുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ മലയാള സിനിമ ആശയപരമായും ആഖ്യാനപരമായും പ്രത്യയശാസ്ത്രപരമായും വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. നാലുകെട്ടുകളുടെ മോഹവലയത്തിൽനിന്നും പുറത്തുകടന്നുകൊണ്ടായിരുന്നു ഈ...

മലയാള സിനിമയിൽ എങ്ങനെയാണ്​ നാലുകെട്ടുകൾ ഇടം പിടിക്കുന്നത്​? സിനിമകളിൽ എങ്ങനെയൊക്കെയാണ്​ നാലുകെട്ടുകൾ ആവിഷ്​കരിക്കപ്പെട്ടത്​? ആ ​നാലുകെട്ടുകൾ പിന്നീട്​ എങ്ങനെയൊക്കെ മാറിത്തീർന്നു? -പഠനത്തി​ന്റെ അവസാന ഭാഗം.

തൊള്ളായിരത്തി തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സവിശേഷഭാവുകത്വം തന്നെയായി നിലനിന്ന നാലുകെട്ടു ജീവിതം അടുത്ത ദശകത്തോടെ വളരെപ്പെട്ടെന്ന് ദുർബലപ്പെടുന്നത് നമുക്ക് കാണാനാവുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ മലയാള സിനിമ ആശയപരമായും ആഖ്യാനപരമായും പ്രത്യയശാസ്ത്രപരമായും വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്.

നാലുകെട്ടുകളുടെ മോഹവലയത്തിൽനിന്നും പുറത്തുകടന്നുകൊണ്ടായിരുന്നു ഈ മുന്നേറ്റം. ന്യൂജനറേഷൻ എന്ന് പൊതുവെ വിളിക്കപ്പെടുന്ന സിനിമകൾ തറവാടിത്തഘോഷണങ്ങളെ ചെറുത്തുകൊണ്ടാണ് പുതിയ ചലച്ചിത്രഭാവുകത്വം സ്ഥാപിച്ചെടുത്തത്. ഇത്തരമൊരു മാറ്റത്തിനു കാരണമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വിശദമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിൽ രംഗപ്രവേശംചെയ്ത ആഗോളീകരണത്തിന്റെയും നവമുതലാളിത്തത്തിന്റെയും നവ സാങ്കേതികതകളുടെയും ഫലങ്ങളും പ്രത്യാഘാതങ്ങളും തൊണ്ണൂറുകളുടെ അന്ത്യത്തിൽതന്നെ നമ്മുടെ പൊതുമണ്ഡലത്തിൽ ശക്തമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇൻഫർമേഷൻ ടെക്നോളജി തുറന്നിട്ട വിശാലമായ തൊഴിൽമേഖലയിലേക്ക് യുവജനങ്ങൾ ആവേശത്തോടെ കയറിച്ചെല്ലുന്നത് ഈ ഘട്ടത്തിൽ നമ്മൾ കാണുന്നു.

നമ്മുടെ വിദ്യാഭ്യാസമേഖലയും സാമ്പത്തികരംഗവും ജനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും കാഴ്ചപ്പാടുകളും അതനുസരിച്ച് വളരെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. വൻകിട ഐ.ടി കമ്പനികളിലെ ജോലിയും അതിന്റെ ഭാഗമായുള്ള പ്രവാസവും കേരളീയജീവിതത്തിന്റെ പൊതുസ്വഭാവമായി മാറി. ഇത്തരം മേഖലകൾ മാത്രം ലക്ഷ്യംവെക്കുന്ന ഒരു തലമുറ സ്വാഭാവികമായിത്തന്നെ ചരിത്രത്തെക്കുറിച്ചോ നാട് കടന്നുപോകുന്ന ചരിത്രസംഘർഷങ്ങളെക്കുറിച്ചോ താൽപര്യമുള്ളവരായിരുന്നില്ല.

പാഠപുസ്തകങ്ങളിൽ പഠിച്ച ചരിത്രം പാഠങ്ങളായി നിലനിൽക്കുകയല്ലാതെ ജീവിതത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കാത്ത സാഹചര്യമാണ് അതുവഴി വന്നുചേർന്നത്. സാമൂഹിക പരിണാമങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയും സാമൂഹികജീവിതത്തിലുള്ള പങ്കാളിത്തക്കുറവും നാലുകെട്ടുകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ജീവിതങ്ങളെക്കുറിച്ചുള്ള അജ്ഞതയിലേക്ക് അവരെ നയിച്ചിട്ടുണ്ട്. അവരുടെ അനുഭവങ്ങളിലോ അറിവുകളിലോ നാലുകെട്ടുകൾ കടന്നുവരുന്നില്ല. അവരുടെ മുന്നിൽ നാലുകെട്ടുകൾ ഗൃഹാതുരമായ ആകർഷണമല്ലാതായി മാറി.

ഒരു മ്യൂസിയം പീസ് എന്നതിൽ കവിഞ്ഞ ഒരു കൗതുകവും നാലുകെട്ടുകളോ തറവാടിത്തമോ അവരിൽ ജനിപ്പിക്കുന്നില്ല. ഈ തലമുറയുടെ ജീവിതത്തെ അഭിമുഖീകരിക്കാനോ അവരെ ആകർഷിക്കാനോ നാലുകെട്ടുകളുടെ പശ്ചാത്തലംകൊണ്ട് കഴിയാതെ വന്നു. അവരുടെ വൈകാരികാഭിനിവേശങ്ങളോ പ്രണയസങ്കൽപമോ ജീവിതാവേശങ്ങളോ നാലുകെട്ടുലോകങ്ങളിൽനിന്ന് ബഹുദൂരം അകലെയായിരുന്നു. നാലുകെട്ടുകളോട് ഒരു ആഭിമുഖ്യവും ഇല്ലാതായിക്കഴിഞ്ഞ ഈ തലമുറയെ അവഗണിച്ചുകൊണ്ട് വാണിജ്യസിനിമക്ക് ഒരിക്കലും മുന്നോട്ടുപോകുവാൻ കഴിയുകയില്ല.

നാലുകെട്ട് അനുഭവങ്ങൾ ഒരു ന്യൂനപക്ഷത്തിന്റേത് മാത്രമായി അവശേഷിച്ചതിനാൽ നാലുകെട്ട് വിഭവങ്ങൾകൊണ്ടുണ്ടാക്കുന്ന കലാസിനിമകൾക്കുപോലും സംവേദനക്ഷമത ഇല്ലാതാകുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇക്കാരണങ്ങളാൽ വാണിജ്യ സിനിമയും കലാസിനിമയും ഒരേപോലെ നാലുകെട്ടുകളിൽനിന്ന് വഴിമാറി നടക്കാൻ നിർബന്ധിതമായി. പ്രാചീനതയുടെ അടയാളം എന്ന നിലയിൽ ഹൊറർ സിനിമകളിൽ നാലുകെട്ടുകൾക്ക് സ്വീകാര്യത വന്നു ചേരുകയുംചെയ്തു.

മലയാള സാഹിത്യത്തിൽ ആധുനികാനന്തര ഭാവുകത്വം തൊണ്ണൂറുകളിൽതന്നെ പ്രകടമായിക്കഴിഞ്ഞിരുന്നെങ്കിലും സിനിമയിൽ അത് പ്രത്യക്ഷപ്പെടുന്നതും ശക്തിപ്പെടുന്നതും 2005നുശേഷം മാത്രമാണ്. ന്യൂജനറേഷൻ എന്ന് ഉറപ്പിച്ചു പറയാവുന്ന സിനിമകൾ മേൽക്കോയ്മ നേടുന്നതാകട്ടെ 2010നു ശേഷവും. ആധുനികാനന്തര ഭാവുകത്വത്തിന്റെ ഒരു പ്രധാന സവിശേഷതയായി ഴാങ് ല്യോത്താഡ് എന്ന ചിന്തകൻ ചൂണ്ടിക്കാണിക്കുന്നത് അത് ബൃഹദാഖ്യാനങ്ങളെ നിരാകരിക്കുകയും ഹ്രസ്വാഖ്യാനങ്ങളിൽ താൽപര്യം പുലർത്തുകയും ചെയ്യുന്നു എന്നതാണ് (Linda Hutcheon, 2002: 24).

മലയാള സിനിമയിൽ നാലുകെട്ടുകളും തറവാടിത്തവും പ്രവർത്തിച്ചിട്ടുള്ളത് ബൃഹദാഖ്യാനങ്ങൾ എന്ന നിലയിലാണ്. ആധുനികാനന്തര സിനിമ ഈ ബൃഹദാഖ്യാനങ്ങളെ നിരാകരിക്കുകയും ചെറു ചെറു ജീവിതസന്ദർഭങ്ങളിലൂടെ ഹ്രസ്വാഖ്യാനങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിന് മലയാള സിനിമയിൽനിന്ന് എടുത്തുകാണിക്കാവുന്ന ഏറ്റവും മികച്ച ഉദാഹരണമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന സിനിമ. പല രീതികളിൽ സിനിമയുടെ ബൃഹദാഖ്യാനങ്ങളെ തള്ളിക്കളഞ്ഞ സിനിമയാണ് ഇത്. അതിനുള്ള കാരണങ്ങൾ ഇവയാണ്

(ഒന്ന്) പഞ്ചസന്ധികളിലൂടെ വികസിക്കുന്ന ആദിമധ്യാന്തപ്പൊരുത്തമുള്ള ഇതിവൃത്തം ഇല്ല.

(രണ്ട്) ചെറുസന്ദർഭങ്ങൾ അടുക്കി​െവച്ച് വെറുപ്പ്, പക, ആസക്തി, ഹിംസ തുടങ്ങിയ പലതരം വൈകാരിക വിനിമയങ്ങൾ ആവിഷ്കരിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. കൃത്യമായ കാര്യകാരണബന്ധമോ പരസ്പരബന്ധമോ ഇല്ലാതെയാണ് പലപ്പോഴും ഇത്തരം സന്ദർഭങ്ങൾ സിനിമയിൽ വിന്യസിക്കപ്പെടുന്നതും. അടിപിടിയും നാടൻ ആഘോഷങ്ങളും തീറ്റയും അവയുടെ ഉന്മാദങ്ങളുമായി നടക്കുന്ന പരിവേഷങ്ങളില്ലാത്ത ചെറു ജീവിതങ്ങളിലാണ് സിനിമ കേന്ദ്രീകരിക്കുന്നത്.

നായകനും വില്ലനുമൊക്കെ അക്കൂട്ടത്തിൽനിന്നുതന്നെ. ആദർശവത്കരിക്കപ്പെട്ട ഒരു കഥാപാത്രവും ഇതിലില്ല. ചെറുചെറു സന്ദർഭങ്ങളായി സിനിമയെ കാണുക, ആസ്വദിക്കുക എന്ന നിർദേശമാണ് ഈ സിനിമ പൊതുവെ മുന്നിൽ വെക്കുന്നത്. ഉത്തരാധുനിക ഭാവുകത്വത്തിന്റെ സ്വഭാവമായി ല്യോത്ത്യാഡ് ചൂണ്ടിക്കാണിക്കുന്ന ഹ്രസ്വാഖ്യാനതത്ത്വം ഈ സിനിമക്ക് തികച്ചും ഇണങ്ങുന്നു.

(മൂന്ന്) മലയാള സിനിമയിൽ (പൊതുവെ ഇന്ത്യൻ സിനിമയിൽ) പ്രബലമായി നിലനിൽക്കുന്ന ഒരു ബൃഹദാഖ്യാനമാണ് താരമൂല്യം. ഏതാനും താരങ്ങളെ കേന്ദ്രീകരിച്ച് സിനിമയുടെ ഘടന ആദ്യന്തം നിർണയിക്കുന്ന രീതി വാണിജ്യസിനിമ എക്കാലവും പിന്തുടർന്നുപോന്നിട്ടുണ്ട്. താരം എന്ന ബൃഹദാഖ്യാനത്തെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ കാസ്റ്റിങ് നടത്തിയിരിക്കുന്നത്. എല്ലാവരുംതന്നെ പുതുമുഖങ്ങൾ. കണ്ടു ശീലിച്ച സിനിമാശരീരങ്ങളുമായി ഒരു പൊരുത്തവും ഇല്ലാതെയാണ് ഈ പുതുശരീരങ്ങൾ സിനിമയിൽ സ്ഥാനം നേടുന്നത്.

 

വില്ലൻ എന്ന് പറയാവുന്ന ഗുണ്ടാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മെലിഞ്ഞു കുറിയ ശരീരഘടനയുള്ള ശരത് എന്ന നടനാണ്. അപ്പോഴും അതിശക്തമായ വില്ലൻ കഥാപാത്രമാവാൻ ആ ശരീരത്തിന് സാധിക്കുകയും ചെയ്യുന്നു. കാസ്റ്റിങ്ങിന്റെ കാര്യത്തിലും മലയാള സിനിമ ഹ്രസ്വാഖ്യാനങ്ങളിലേക്ക് വഴിമാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ‘അങ്കമാലി ഡയറീസ്’. ഈ സിനിമക്ക് കിട്ടിയ വമ്പിച്ച സ്വീകാര്യതയാകട്ടെ ഭാവുകത്വപരമായി മലയാള സിനിമ നടത്തിയ കുതിച്ചുചാട്ടത്തെ വിളംബരപ്പെടുത്തുകയും ചെയ്യുന്നു.

കഴിഞ്ഞ കുറെ കാലമായി മലയാള സിനിമ മുഖ്യമായും സഞ്ചരിക്കുന്നത് ഹ്രസ്വാഖ്യാനസങ്കൽപം ധീരമായി പ്രയോഗിച്ചുകൊണ്ടാണ്. ‘മലർവാടി ആർട്സ് ക്ലബ്’ (2010), ‘സാൾട്ട് ആൻഡ് പെപ്പർ’ (2011), ‘ചാപ്പ കുരിശ്’ (2011), ‘ട്രാഫിക്’ (2011), ‘ആദാമിന്റെ മകൻ അബു’ (2011), ‘വെള്ളിമൂങ്ങ’ (2014), ‘മഹേഷിന്റെ പ്രതികാരം’ (2016), ‘കമ്മട്ടിപ്പാടം’ (2016), ‘ലീല’ (2016), ‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ (2016), ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ (2017), ‘സുഡാനി ഫ്രം നൈജീരിയ’ (2018), ‘കുമ്പളങ്ങി നൈറ്റ്സ്’ ( 2019), ‘ചോല’ (2019), ‘സൂഫിയും സുജാതയും’ (2020), ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ (2021), ‘തിങ്കളാഴ്ച നിശ്ചയം’ (2021), ‘സൗദി വെള്ളക്ക’ (2022), ‘ന്നാ താൻ കേസ് കൊട്’ (2022), ‘രോമാഞ്ചം’ (2023) തുടങ്ങി കഴിഞ്ഞ 14 വർഷങ്ങൾക്കിടയിൽ പുറത്തുവന്ന നല്ലൊരു വിഭാഗം സിനിമകളും ഹ്രസ്വാഖ്യാനങ്ങളിലാണ് ഊന്നുന്നത്; ഉള്ളടക്കത്തിലും അവതരണത്തിലും.

ചെറുകഥയിൽ എന്നപോലെ ചെറിയൊരു ഇതിവൃത്തം വലിയ കെട്ടുകാഴ്ചകൾ കൂടാതെ ഒതുക്കത്തിൽ പറയാനുള്ള ശ്രമം ഈ സിനിമകളെല്ലാം നടത്തുന്നു. ഈ കാലത്തിനിടക്കും സംഭവപരമ്പരകളെ കേന്ദ്രീകരിക്കുന്നതും ഉദ്വേഗജനകമായ ഇതിവൃത്തങ്ങളോടുകൂടിയതും ഉത്സവസ്വഭാവമുള്ളതുമായ സിനിമകൾ (‘ലൂസിഫർ’, ‘ഇയ്യോബിന്റെ പുസ്തകം’, ‘പുലിമുരുകൻ’, ‘ഒടിയൻ’) ഉണ്ടാവുകയും അവ വലിയ വാണിജ്യവിജയം നേടുകയും ചെയ്യുന്നുണ്ടെങ്കിലും ഹ്രസ്വാഖ്യാന സിനിമകൾ അതേപോലെ തന്നെ മുഖ്യധാര എന്ന നിലയിൽ സ്വീകാര്യത നേടുന്നുണ്ട്.

മലയാള സിനിമ ഇക്കാലത്ത് നാലുകെട്ടുകളിൽനിന്നും മിക്കവാറും പുറത്തു കടന്നുകഴിഞ്ഞതായി നമുക്ക് കാണാം. നാലുകെട്ട് സിനിമകളോട് പ്രത്യേക അഭിനിവേശം പുലർത്തിയിരുന്ന സിബി മലയിൽപോലും ‘കൊത്ത് ’ (2022) എന്ന സിനിമയിലൂടെ തികച്ചും വ്യത്യസ്തമായ ആഖ്യാനസമ്പ്രദായത്തിലേക്ക് ചുവട് മാറ്റിയിരിക്കുന്നു.

ഇന്ത്യയിലെ പുതുതലമുറ സിനിമക്കാർ യാഥാർഥ്യബോധത്തോടെ വ്യത്യസ്തജീവിതങ്ങൾ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് ‘ഇന്ത്യൻ സിനിമ സൊസൈറ്റി ആൻഡ് കൾചർ’ എന്ന ഗ്രന്ഥത്തിലെ ഇന്റർ റിലേഷൻഷിപ് ഓഫ് സിനിമ ആൻഡ് സൊസൈറ്റി എന്ന ലേഖനത്തിൽ മനീത് കൗർ ചൂണ്ടിക്കാണിക്കുന്നുണ്ട് (2014:4). മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമകളെ സംബന്ധിച്ച് വളരെ കൃത്യമായ ഒരു നിരീക്ഷണമാണിത്. ബൃഹദാഖ്യാനങ്ങളെ കൈയൊഴിയുന്നതോടെ സാമൂഹികജീവിതത്തിന്റെ വ്യത്യസ്തമായ അനേകം അടരുകളും ഇടങ്ങളും സിനിമകളിലേക്ക് കയറിവരുന്നു.

അതുവഴി ഓരോ സിനിമയും വ്യത്യസ്തമായ ഒരു ജീവിതത്തിന്റെ അടയാളമായി മാറുന്നു. ന്യൂ ജനറേഷൻ സിനിമകളുടെ ഏറ്റവും വലിയ സവിശേഷത ഈ വൈവിധ്യമാണ്. ഈ വൈവിധ്യം നാലുകെട്ടുകൾക്ക് അന്യമായതുകൊണ്ടുകൂടിയാണ് നാലുകെട്ടുകൾക്ക് ന്യൂ ജനറേഷൻ സിനിമകളിൽ സ്ഥാനമില്ലാതെ പോയത്. ഗ്രാമീണജീവിതത്തിൽനിന്നുള്ള ഗതിമാറ്റവും ന്യൂ ജനറേഷൻ സിനിമകളുടെ ഒരു സവിശേഷതയായി കാണാം.

‘ലോക്കൽ റിയലിസം: ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ആസ് എ സോഷ്യോ പൊളിറ്റിക്കൽ മീഡിയം’ എന്ന ലേഖനത്തിൽ അശ്വിൻ ഇമ്മാനുവേൽ ദേവസുന്ദരം ഈ വിഷയം ചർച്ചചെയ്യുന്നുണ്ട് (ഗ്രന്ഥം: സിനിമാസ് ഓഫ് ഗ്ലോബൽ സൗത്ത്). നാഗരിക പ്രമേയങ്ങൾ, പുതുമുഖങ്ങളായ നടീനടന്മാർ, സവർണ ജനസംസ്കാരത്തിന്റെ നിരാസം ഇവ ന്യൂ ജനറേഷൻ സിനിമയുടെ സ്വഭാവമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു (2014: 161). മലയാള സിനിമക്കും തികച്ചും യോജിക്കുന്ന നിരീക്ഷണമാണിത്. ഗ്രാമീണജീവിതം വിഷയമല്ലാതാവുന്നതോടെ ഗ്രാമസംസ്കൃതിയിൽ വേരാഴ്ത്തിനിൽക്കുന്ന നാലുകെട്ടുകളും സിനിമകൾക്ക് വിഷയമല്ലാതായി മാറുന്നു.

ന്യൂജനറേഷൻ എന്ന് പൂർണമായും വിശേഷിപ്പിക്കാവുന്ന സിനിമകളുടെ വക്താവായി സാർവത്രിക സ്വീകാര്യത നേടിയ ചലച്ചിത്രകാരനാണ് ലിജോ ജോസ് പെല്ലിശ്ശേരി. തറവാടുകളുടെയും നാലുകെട്ടുകളുടെ കാൽപനികലോകങ്ങളെയും താരപ്രഭയുടെ പ്രലോഭനങ്ങളെയും വാണിജ്യസിനിമയുടെ വ്യവസ്ഥാപിതശീലങ്ങളെയും തികച്ചും നിരാകരിച്ചുകൊണ്ടും അട്ടിമറിച്ചുകൊണ്ടുമാണ് ലിജോ ജോസ് സിനിമയിൽ നിലനിൽക്കുന്നത്. വാണിജ്യസിനിമയുടെ മാത്രമല്ല, നിലനിൽക്കുന്ന കലാസിനിമയുടെ വ്യാകരണങ്ങളെയും അദ്ദേഹം മാറ്റിപ്പണിയുന്നു.

 

ലിൻഡ ഹച്ചോൺ

ചെറുകഥയുടേതുപോലുള്ള ആഖ്യാനഘടനയെ പോലും പൊളി​െച്ചഴുതി കവിതയുടേതുപോലുള്ള ഘടന അദ്ദേഹം സിനിമയിലേക്ക് കൊണ്ടുവരുന്നു. കവിതയിലെന്നപോലെ രൂപകഭാഷക്ക് അദ്ദേഹത്തിന്റെ സിനിമയിൽ വലിയ സ്ഥാനമാണുള്ളത്. ചെറിയൊരു ഇതിവൃത്തത്തിൽ ഒതുങ്ങിനിന്നുകൊണ്ട്, സിനിമയുടെ വർണപ്പൊലിമകളെ മുഴുവൻ മാറ്റിനിർത്തിക്കൊണ്ട് ഒരുതരം പരുക്കൻ യാഥാർഥ്യബോധത്തോടെ സിനിമാഖ്യാനം നിർവഹിക്കുകയാണ് അദ്ദേഹം ചെയ്തത്. സംഭാഷണത്തിന്റെ കാര്യത്തിലും മലയാള സിനിമയുടെ പഴയ ശീലങ്ങളെ ലിജോ ജോസ് പൊളിച്ചുകളയുന്നു. അങ്ങനെ ഹ്രസ്വാഖ്യാനകേന്ദ്രിതമായ ന്യൂജനറേഷൻ സിനിമയുടെ മുഖ്യ വക്താവായി അദ്ദേഹം മാറുന്നു.

‘ആമേൻ’, ‘സിറ്റി ഓഫ് ഗോഡ്’, ‘ഈ. മ. യൗ’, ‘ജെല്ലിക്കെട്ട്’, ‘ചുരുളി’, ‘അങ്കമാലി ഡയറീസ്’ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഇതു തെളിയിക്കുന്നുണ്ട്. ഇത്തരം സിനിമകൾ ആസ്വദിക്കാൻ കഴിയുന്ന ഒരു തലമുറ മലയാളത്തിൽ വളർന്നുവന്നു എന്നതും ഇത്തരം സിനിമകൾക്ക് നിലനിൽക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി എന്നതും മലയാള സിനിമയുടെ തലവര മാറ്റിയ ഘടകമാണ്.

ഈ ആസ്വാദനസമൂഹത്തിന് മുന്നിൽ നാലുകെട്ടു സിനിമകൾക്ക് പഴയ രീതിയിലുള്ള സ്വീകാര്യത കൈവരിക്കുക എളുപ്പമല്ല. സിനിമയിൽ നാലുകെട്ട് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽതന്നെ അതിന്റെ പ്രസക്തിയും സാധ്യതയും വളരെ വ്യത്യസ്തമായ രീതിയിലാണ്. അതിന്റെ തെളിവാണ് ‘ഭ്രമയുഗം’ എന്ന സിനിമ. സവിശേഷമായ കഥാപാത്രപ്രകൃതംകൊണ്ടും മമ്മൂട്ടിയുടെ അഭിനയംകൊണ്ടുമാണ് മുഖ്യമായും ശ്രദ്ധിക്കപ്പെട്ടത് എങ്കിലും ആ സിനിമയിലെ പശ്ചാത്തലമായ ദ്രവിച്ച നാലുകെട്ടിനും സിനിമയിൽ വളരെ സജീവമായ പങ്കാളിത്തമുണ്ട്.

നാലുകെട്ടിന്റെ പ്രലോഭനങ്ങൾ

മാനുഷിക വ്യവഹാരങ്ങളുടെ സാധാരണമായ ഇടം എന്ന നിലയിൽ സിനിമയിൽ നാലുകെട്ടുകളുടെ സ്ഥാനം മിക്കവാറും നഷ്ടപ്പെട്ടുകഴിഞ്ഞുവെങ്കിലും നാലുകെട്ടുകൾ പൊതുമനസ്സുകളിൽ അവശേഷിപ്പിച്ച കൗതുകങ്ങളും താൽപര്യങ്ങളും ഇന്നും പല രൂപങ്ങളിൽ കേരളീയ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കൂട്ടുകുടുംബങ്ങൾ പോയി അണുകുടുംബങ്ങൾ സ്ഥാപിതമായതോടെ പഴയരീതിയിലുള്ള നാലുകെട്ടുകൾ അപ്രസക്തവും അനാവശ്യവുമായി മാറി. ഈ മാറ്റത്തിന്റെ ഒന്നാം ഘട്ടത്തിൽ രണ്ടോ മൂന്നോ മുറികളും ഒരു ഹാളും ഒക്കെ ഉൾക്കൊള്ളുന്ന വാർപ്പ് വീടുകളിലേക്ക് കേരള ഗൃഹനിർമാണരീതി വഴിമാറുകയുംചെയ്തു.

കാറ്റും വെളിച്ചവും സമൃദ്ധമായി പ്രവേശിക്കുന്ന നാലോ അഞ്ചോ അംഗങ്ങൾക്ക് വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ട വീടുകൾ. എന്നാൽ, പിന്നീട് കേരളീയ വാസ്തുരീതികളിൽ ഉണ്ടായ ഒരു മാറ്റമാണ് പഴയ നാലുകെട്ടു രീതിയെ പുതിയമട്ടിൽ അവതരിപ്പിക്കുക എന്നത്. നടുമുറ്റവും പൂമുഖവും ചാരുപടിയും മരംകൊണ്ടുള്ള സീലിങ്ങുകളും ഒക്കെയാണ് ഇവയിൽ പ്രധാനം. നടുമുറ്റവും അതിനു ചുറ്റുമുള്ള വരാന്തകളും പുതിയകാലത്തെ ആർക്കിടെക്ടുകൾ അവരുടെ പ്ലാനുകളിലേക്ക് വളരെ സ്വാഭാവികമായി കൊണ്ടുവരുന്നുണ്ട്. എന്നാൽ, പഴയ നാലുകെട്ടുകളുടേതുപോലെ ഇരുണ്ട അറകളല്ല ഇത്തരം വീടുകളിലെ അകത്തളങ്ങൾ. മാത്രമല്ല കുറഞ്ഞ അംഗസംഖ്യയുള്ള കുടുംബങ്ങൾക്ക് വേണ്ടിയാണ് അത് രൂപകൽപന ചെയ്യുന്നത്.

അതുകൊണ്ട് സുരക്ഷിതത്വത്തിന് വേണ്ടി നടുമുറ്റത്തിനു മുകളിലെ തുറന്ന ആകാശം ഇരുമ്പ് ഗ്രില്ലുകൾകൊണ്ട് ബന്ധിക്കേണ്ടിവരുന്നു. മഴയെ പ്രതിരോധിക്കാൻ ഗ്ലാസുകൾകൊണ്ട് മൂടേണ്ടിയും വരുന്നു. നാലുകെട്ടിന്റേതായ ഒരു ഘടന വീടുകൾക്ക് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ആകർഷകത്വം. ഭവനങ്ങളെ അപേക്ഷിച്ച് ഹോട്ടലുകളും റിസോർട്ടുകളും കലാസ്ഥാപനങ്ങളുമൊക്കെയാണ് പഴയരീതിയിലുള്ള നാലുകെട്ട് സമ്പ്രദായത്തെ താൽപര്യപൂർവം പിന്തുടരുന്നത്. നാലുകെട്ട്, തറവാട്, നടുമുറ്റം തുടങ്ങിയ പേരുകളുള്ള ഹോട്ടലുകൾ ഇന്ന് പലയിടത്തും കാണാം. നാലുകെട്ടുകളെ സംബന്ധിച്ചുള്ള ഗൃഹാതുരത്വം ഉള്ളിൽ പേറുന്നവരെ ആകർഷിക്കാൻ ഇത്തരത്തിലുള്ള നിർമിതികളും പേരുകളും പ്രേരണയാവുകയും ചെയ്യുന്നുണ്ട്.

കേവലം വാസ്തുപരമായ കൗതുകം മാത്രമല്ല, ഈ പുതിയ കാലത്തെ നാലുകെട്ടുകൾക്കുള്ളത്. അതിനു പിന്നിലും പ്രത്യയശാസ്ത്രപരമായ താൽപര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒരുകാലത്ത് സമൂഹത്തിലെ ഉപരിവിഭാഗങ്ങൾക്ക് മാത്രമേ നാലുകെട്ടുകളിൽ താമസിക്കാൻ അവകാശം ഉണ്ടായിരുന്നുള്ളൂ. അത് നൽകിയിരുന്ന പദവിമൂല്യം അവർണവിഭാഗങ്ങൾക്ക് അന്യമായിരുന്നു. മാറിയ സാഹചര്യത്തിൽ ഈ പദവിമൂല്യം സ്വന്തം ഭവനത്തിന്റെ കാര്യത്തിലെങ്കിലും സ്വന്തമാക്കാൻ സവർണേതര വിഭാഗത്തിൽപെട്ട ആളുകൾ ആഗ്രഹിക്കുന്നുണ്ട്.

നാലുകെട്ടിന്റെ പാരമ്പര്യമുള്ളവർ ആ പാരമ്പര്യം എടുത്തു കാണിക്കാൻ വേണ്ടി നാലുകെട്ടു രീതികൾ പിന്തുടരുമ്പോൾ നാലുകെട്ടു സംസ്കാരത്തിന് പുറത്തായിരുന്ന അവർണ ഹിന്ദുക്കളും ഇതര മതസ്ഥരും ആ സാമൂഹിക പദവിയിൽ ഇടംകിട്ടുന്നതിനുവേണ്ടി നാലുകെട്ട് രീതികളിലേക്ക് ആകർഷിക്കപ്പെടുന്നു. വീടുകൾതന്നെ സാമൂഹികപദവിയെ നിർണയിക്കുന്ന ഇന്നത്തെ കാലത്ത് വീടുകളുടെ പാരമ്പര്യബദ്ധതക്കും ചെറുതല്ലാത്ത സാംസ്കാരികമൂല്യമുണ്ട്. പുതിയകാലത്തെ നാലുകെട്ടു നിർമിതികളുടെ സൂക്ഷ്മരാഷ്ട്രീയം ഇതാണ്. വീടുകൾ മാത്രമല്ല വീടുകളിലെ ഉപകരണങ്ങളും അലങ്കരണങ്ങളും ഫ്യൂഡൽ സംസ്കാരത്തെ ഓർമിപ്പിക്കുന്ന വിധത്തിലാവാൻ പലരും ശ്രദ്ധിക്കുന്നു.

മരത്തിന്റെ അമിതോപയോഗം, ചുവരുകൾപോലും മരംകൊണ്ട് പൊതിയുക, മരക്കോവണികൾ, കൊത്തുപണികളോടുകൂടിയ വാതിലുകൾ, മണിച്ചിത്രത്താഴ്, പൂമുഖത്ത് അലങ്കരിച്ചുവെക്കുന്ന വലിയ നിലവിളക്കുകൾ, ഉരുളികൾ, ഊഞ്ഞാൽക്കട്ടിൽ ഇങ്ങനെയുള്ള ഫ്യൂഡൽ അടയാളങ്ങൾ വഴി സ്വന്തം സാമൂഹിക സാംസ്കാരിക പദവി മെച്ചപ്പെടുത്താനുള്ള ശ്രമം മലയാളികൾ ധാരാളമായി നടത്തുന്നുണ്ട്. മലയാളിയുടെ മനസ്സിൽ ഒരു ആദിപ്രരൂപംപോലെ നാലുകെട്ടുകളും അത് പ്രതിനിധാനംചെയ്യുന്ന ഫ്യൂഡൽ അഭിനിവേശങ്ങളും പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണിത്. എന്നാൽ, ഈ താൽപര്യം എന്തുകൊണ്ട് സിനിമകളിൽ പ്രകടമാവുന്നില്ല എന്നു തോന്നാം.

അകന്നുനിൽക്കുമ്പോൾ നാലുകെട്ടുകളോടു തോന്നുന്ന താൽപര്യവും കൗതുകവും നാലുകെട്ടു സമ്പ്രദായങ്ങൾ സ്വന്തം പരിസരങ്ങളിൽ സാധ്യമാവുമ്പോൾ നഷ്ടപ്പെട്ടുപോകുന്നു എന്നാണ് ഇതിനുള്ള ഒരു ഉത്തരം. മാത്രമല്ല, പ്രാചീനത തോന്നിപ്പിക്കുന്ന ഇടം എന്ന നിലയിലാണ് ഇന്ന് നാലുകെട്ടുകളോടുള്ള ആകർഷണം. പുതിയ വീടുകൾ നാലുകെട്ടു രീതികളെ ഒരളവോളം അനുകരിക്കുന്നുണ്ടെങ്കിലും അത് പ്രാചീനതയെ സൂചിപ്പിക്കാൻ പര്യാപ്തമാവുന്നില്ല. അതുകൊണ്ടുതന്നെ നാലുകെട്ട് എന്ന നിലയിലുള്ള നിഗൂഢതയും അവക്കില്ല.

ഫ്യൂഡൽ താൽപര്യങ്ങൾ ഗൃഹാതുരതയായി ഇപ്പോഴും സൂക്ഷിക്കുന്ന മുതിർന്ന ഒന്നോ രണ്ടോ തലമുറയാണ് ഇത്തരം ആവേശങ്ങളിൽ അഭിരമിക്കുന്നത്. അതിനാൽ ഈ തലമുറകൾ കടന്നുപോകുന്നതോടെ ഈ ആവേശവും മലയാളികൾക്ക് അന്യമാകാനാണ് സാധ്യത.

നാലുകെട്ടു സിനിമകളും കേരള സമൂഹവും

ഒരു വാസ്തുനിർമിതിയായിരിക്കെത്തന്നെ കേരളസമൂഹത്തിൽ പ്രത്യയശാസ്ത്രപരമായി നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഒരു വ്യവസ്ഥകൂടിയായിരുന്നു നാലുകെട്ടുകൾ എന്ന് പറഞ്ഞുകഴിഞ്ഞു. ജാതിബദ്ധമായ സാമൂഹികഘടനയിലും ഫ്യൂഡൽ വ്യവസ്ഥയിലും ഒരു അധികാരസ്ഥാപനമായിത്തന്നെയാണ് നാലുകെട്ടുകൾ നിലനിന്നുപോന്നത്. ജാതിശ്രേണിയിൽ മാത്രമല്ല, സാമ്പത്തികശ്രേണിയിലും ഉയർന്ന സ്ഥാനത്തിരിക്കുന്നവർക്ക് അവകാശപ്പെട്ടതായിരുന്നു നാലുകെട്ടുകൾ. കേരളത്തിന്റെ സാമൂഹികഘടനയിൽ സവർണതയും ജന്മിത്തവും നാലുകെട്ടുകളുടെ ഫ്രെയിമിലാണ് പ്രവർത്തിച്ചിരുന്നത്.

അതുകൊണ്ട് ജാതീയവും സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ അധികാരങ്ങൾ കേന്ദ്രീകരിച്ചിരുന്ന ഒരു സ്ഥാപനമായിരുന്നു നാലുകെട്ട്. കൂടാതെ സാമൂഹികമായ നിഷ്ഠകളുടെയും (തീണ്ടൽ, അയിത്തം) പലതരം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും കേന്ദ്രവുമായിരുന്നു അവ. ഇങ്ങനെ പല കാരണങ്ങളാൽ ഉപരിവർഗത്തിന്റെ അഭിമാനസ്ഥാനവും അടിമവർഗത്തിന്റെ ആദർശസ്ഥാനവും ആയിരുന്നു നാലുകെട്ടുകൾ. കാൽപനികമായ പരിവേഷങ്ങളോടെയാണ് കേരളത്തിന്റെ പൊതുബോധത്തിൽ നാലുകെട്ടുകൾ സ്ഥാനംപിടിച്ചിരുന്നത്. ഈ കാൽപനിക പരിവേഷത്തെ മുതലെടുക്കാനാണ് മലയാള സിനിമ വളരെ കാലം ശ്രമിച്ചുകൊണ്ടിരുന്നത്.

ഫ്യൂഡൽവ്യവസ്ഥ അവസാനിച്ചതിനുശേഷം നാട്ടിൻപുറങ്ങളിൽ ഒതുങ്ങേണ്ടിയിരുന്ന നാലുകെട്ടുകളെ അവിടെനിന്ന് പുറത്തെത്തിച്ച് പഴയ പരിവേഷങ്ങളോടെ നിലനിർത്തുന്നതിൽ സാഹിത്യത്തേക്കാൾ പങ്കുവഹിച്ചത് സിനിമകളായിരുന്നു. രണ്ടു മേഖലകളിലും ഈ ദൗത്യം വിദഗ്ധമായി നിർവഹിക്കുന്നതിൽ എം.ടി. വാസുദേവൻ നായർ വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല. പ്രത്യക്ഷത്തിൽ യാഥാർഥ്യങ്ങളിൽ നിലയുറപ്പിക്കുമ്പോഴും സമീപനത്തിൽ അതിവൈകാരികവും ജനപ്രിയവുമായ പ്രമേയങ്ങളിലൂടെ എം.ടി നാലുകെട്ടിനെയും നാലുകെട്ടു ജീവിതങ്ങളെയും കാൽപനികവത്കരിക്കുകയാണ് ചെയ്തത്.

തകർന്നതോ തകരാൻ തുടങ്ങുന്നതോ ആയ നാലുകെട്ടുകളാണ് എം.ടി ആവിഷ്കരിച്ചതെങ്കിലും ആ നാലുകെട്ടുകൾതന്നെ സാമാന്യജനതയുടെ കാൽപനിക താൽപര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. മലയാളത്തിലെ മറ്റു ചലച്ചിത്രകാരന്മാർ പൂർവകാല സമൃദ്ധിയുടെയോ സമകാലികമായ സമൃദ്ധിയുടെയോ അടയാളങ്ങളായും നാലുകെട്ടുകൾ അവതരിപ്പിച്ചു. കാർണിവൽ അനുഭവങ്ങളുടെ ഇടമാക്കി അവർ നാലുകെട്ടുകളെ വ്യവസ്ഥാപിക്കുകയായിരുന്നു.

ഇത്തരം സിനിമകളാണ് പൊതുസമൂഹത്തെ കൂടുതൽ ആകർഷിച്ചതും സ്വാധീനിച്ചതും അതുവഴി സൂപ്പർഹിറ്റുകളായി മാറിയതും. അതോടൊപ്പം സവർണവും വരേണ്യവുമായ ചില മൂല്യങ്ങളെ കേരളീയ ജീവിതത്തിലേക്ക് പ്രക്ഷേപിച്ചുകൊണ്ടിരിക്കുകയുംചെയ്തു ആ സിനിമകൾ.

ഈ സിനിമകൾ കേരളസമൂഹത്തിൽ ഏതുതരത്തിലുള്ള സ്വാധീനമാണ് സൃഷ്ടിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. നാലുകെട്ടുകളെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഫ്യൂഡൽ വ്യവസ്ഥയാണെന്നും ആ വ്യവസ്ഥ തകരേണ്ടതുതന്നെയാണെന്നുമുള്ള സന്ദേശം എം.ടിയുടെയും തോപ്പിൽ ഭാസിയുടെയും സിനിമകളിൽ നമ്മൾ കാണുന്നുണ്ട്. ഫ്യൂഡൽ വ്യവസ്ഥയുടെ സ്വപ്നലോകത്തുനിന്ന് താഴെ ഇറങ്ങാത്തവർക്ക് എന്തു സംഭവിക്കുമെന്ന സന്ദേശം അടൂരിന്റെ ‘എലിപ്പത്തായ’ത്തിലും തറവാടിന്റെ ആചാരബദ്ധതയുടെ തടവുകാർക്ക് എന്ത് സംഭവിക്കും എന്ന് ലോഹിതദാസിന്റെ ‘തനിയാവർത്തന’വും നമ്മളെ കാണിച്ചുതരുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇവയടക്കമുള്ള സിനിമയിലെ നാലുകെട്ടുകൾ കേരളീയ പൊതുബോധത്തിലേക്ക് പ്രക്ഷേപിച്ചുകൊണ്ടിരുന്നത് സവർണ ജീവിത പരിസരങ്ങളോടുള്ള ആഭിമുഖ്യവും അതുമായി ബന്ധപ്പെട്ട അഭിനിവേശങ്ങളുമാണ്. സാമൂഹിക നവോത്ഥാനം നിഷ്കാസനംചെയ്ത പല ആചാരങ്ങളും തിരിച്ചുകൊണ്ടു വരുന്നതിലും കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾപോലും സവർണ ജാതിപ്പേരുകൾ ചേർത്തുവെക്കുന്നതിലും സവർണ ജാതിപ്പേരുകൾ അന്തസ്സിന്റെ അടയാളമായി ഉയർത്തിക്കാട്ടുന്ന സാഹചര്യം ശക്തിപ്പെടുത്തിയതിലുമൊക്കെ ഇത്തരം സിനിമകൾ വലിയ പ്രേരണ ചെലുത്തിയിട്ടുണ്ട്.

ഒരുകാലത്ത് പേരിൽനിന്ന് ജാതിവാലുകൾ ഒഴിവാക്കിയിരുന്നവരുടെ പുതിയ തലമുറകൾ സ്വന്തം പേരിലും കുട്ടികളുടെ പേരിലുമൊക്കെ ജാതിപ്പേരുകൾ ചേർത്തുവെക്കാൻ കാണിക്കുന്ന ആവേശം ഒരു പരിധിവരെ മേൽപറഞ്ഞ സിനിമകളുടെ സ്വാധീനഫലമാണ്. നവോത്ഥാന മൂല്യങ്ങൾ വിതരണംചെയ്യാനല്ല അതിന്റെ സാമൂഹിക ഗുണഫലങ്ങളെ നിരാകരിക്കാനാണ് മലയാളത്തിലെ ഭൂരിഭാഗം നാലുകെട്ടു സിനിമകളും ഉപകരിച്ചത്.

മലയാള സിനിമ വാണിജ്യതാൽപര്യം മുൻനിർത്തിത്തന്നെ നാലുകെട്ടുകളെ കൈയൊഴിഞ്ഞുവെങ്കിലും ആ നാലുകെട്ടു സിനിമകൾ മലയാളികളിൽ വിശേഷിച്ചും സവർണബോധത്തിൽ സൃഷ്ടിച്ച ആവേശങ്ങൾ പരോക്ഷമായെങ്കിലും ഇപ്പോഴും ശക്തമായി തുടർന്നുപോരികയാണ്. സമീപകാലത്ത് ശക്തിപ്പെട്ടുവരുന്ന സവർണ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്കും പ്രവർത്തനപദ്ധതികളിലേക്കും ആ ആവേശങ്ങൾ പടർന്നു കയറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

(അവസാനിച്ചു)

സഹായക ഗ്രന്ഥങ്ങൾ:

1. Ambish Saxena, 2014, Indian Cinema Society and Culture, Krishna Publishers, New Delhi

2. Dilip M. Menon & Amir Taha, 2024, Cinemas of Global South, Routledge, New York

3. Linda Hutcheon, 2002, The Politics of Post Modernism, Routledge, London & New York

4. Ravi S. Vasudevan (Ed.), 2000, Making Meaning in Indian Cinema. Oxford University Press, New Delhi

5. Soumya Dechamma C.L & Elavarthi Sathyaprakash (Ed.), 2010, Cinemas of South India, Oxford University Press, New Delhi

6. ഭാസ്കരനുണ്ണി പി, 2012, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം.

Tags:    
News Summary - weekly culture film and theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.