മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ അപർണ ബാലമുരളി നല്ല സിനിമകളെയും നല്ല േവഷങ്ങളെയും ഇഷ്ടപ്പെടുന്നു. പുരസ്കാരംനല്ല സിനിമകൾ ചെയ്യാനുള്ള മോട്ടിവേഷനാണ് എന്ന് പറയുന്ന അവർ തന്നെക്കുറിച്ചും സിനിമാ സങ്കൽപങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
'മഹേഷിന്റെ പ്രതികാര'ത്തിലെ ജിംസിയിൽ തുടങ്ങി ദേശീയ പുരസ്കാര തിളക്കത്തിലെത്തി നിൽക്കുകയാണ് അപർണ ബാലമുരളി. സുധ കൊങ്കരപ്രസാദ് സംവിധാനം ചെയ്ത 'സൂരറൈ പോട്ര്' എന്ന ചിത്രത്തിലെ ബൊമ്മിയെ തേടിയാണ് മികച്ച നടിക്കുള്ള പുരസ്കാരമെത്തിയത്. മലയാളത്തിൽനിന്ന് തമിഴിലെത്തിയാണ് അപർണയുടെ പുരസ്കാര നേട്ടം. പാട്ടും അഭിനയവും നൃത്തവുമെല്ലാമായാണ് അപർണയുടെ മുന്നോട്ടുള്ള ചുവടുകൾ. ഏതു വേഷവും അനായാസേന കൈകാര്യംചെയ്യാൻ അപർണക്കാകുമെന്ന് ഓരോ തവണയും തെളിയിച്ചുകൊണ്ടിരിക്കുന്നു. 'മഹേഷിന്റെ പ്രതികാര'ത്തിൽ ജിംസി എന്ന നാടൻ പെൺകുട്ടിയെയാണ് അവതരിപ്പിച്ചതെങ്കിൽ 'ബി.ടെക്കി'ലും 'ഒരു മുത്തശ്ശി ഗദ'യിലുമെല്ലാം ഇന്നത്തെ ജനറേഷനിലെ പെൺകുട്ടികളെയാണ് അപർണ അവതരിപ്പിച്ചത്. 'സൺഡേ ഹോളിഡേ'യിലെ അനുവായും 'സൂരറൈ പോട്രി'ലെ െബാമ്മിയായും പക്വതയുള്ള കഥാപാത്രങ്ങൾ തന്മയത്വത്തോടെ കൈകാര്യംചെയ്തു. ജിംസിയിലും അനുവിലും മുഴച്ചുനിന്ന ബ്രാൻഡ് ചെയ്യപ്പെട്ട 'നാടൻ മലയാളി പെൺകുട്ടി' എന്ന പേര് തിരുത്തിയായിരുന്നു തമിഴിലേക്കുള്ള പ്രവേശനം എന്നതാണ് ശ്രദ്ധേയമായ കാര്യം. അവിടെനിന്ന് ദേശീയ പുരസ്കാര നേട്ടത്തിലെത്താനും അപർണക്ക് കഴിഞ്ഞു. അഭിനയം മാത്രമല്ല, മികച്ച പാട്ടുകാരി കൂടിയാണ് അപർണ. ആദ്യ ശ്രദ്ധേയ ചിത്രം 'മഹേഷിന്റെ പ്രതികാര'ത്തിലെ തന്നെ ''മൗനങ്ങൾ മിണ്ടുമൊരി...'' എന്ന പാട്ട് പാടാനും അപർണക്ക് ഭാഗ്യം ലഭിച്ചിരുന്നു.
ആർക്കിടെക്ചർ എന്ന കരിയറിനൊപ്പം കൂടിയാണ് ഈ 26കാരിയുടെ മുന്നോട്ടുള്ള യാത്ര. ചെറുപ്പം മുതൽ ക്രിയേറ്റിവായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് അപർണയെ ആർക്കിടെക്ചർ കരിയറിലെത്തിച്ചത്. മലയാള സിനിമാലോകത്തുനിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയ അപർണ ബാലമുരളി സംസാരിക്കുന്നു.
'മഹേഷിന്റെ പ്രതികാര'ത്തിൽ തുടങ്ങി 'സുന്ദരി ഗാർഡൻസ്' വരെ... എന്തു പറയും?
ദിലീഷ് പോത്തൻ സംവിധാനംചെയ്ത ഫഹദ് ഫാസിൽ മുഖ്യകഥാപാത്രമായ 'മഹേഷിന്റെ പ്രതികാര'ത്തിലെ ജിംസി അഗസ്റ്റിനായിരുന്നു ശ്രദ്ധിക്കപ്പെട്ട ആദ്യ കഥാപാത്രം. എന്നാൽ, ഒരു 'സെക്കന്റ് ക്ലാസ് യാത്ര' എന്ന ചിത്രമാണ് ആദ്യ ഫീച്ചർ ഫിലിം. ഇതിൽ ഒരു പാട്ടിൽ വരുന്ന കഥാപാത്രമായിരുന്നു. അതിനുമുമ്പ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു.
നടിയും സഹസംവിധായികയുമായ ഉണ്ണിമായ പ്രസാദ് വഴിയാണ് 'മഹേഷിന്റെ പ്രതികാര'ത്തിലെത്തുന്നത്. ഓഡിഷൻ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്. ആഷിക് അബുവിന്റെ ബാനറിലുള്ള ചിത്രമാണെന്നതായിരുന്നു പ്രധാന ആകർഷണം. തുടർന്ന് ദിലീഷ് പോത്തൻ എന്ന സംവിധായകനെ അടുത്തറിഞ്ഞു. 'മഹേഷിന്റെ പ്രതികാരം' ഒരു മാജിക്കൽ മേക്കിങ് ആയിരുന്നു. ആ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നതും. ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നും അതാണ്. മാതാപിതാക്കളെ അനുസരിക്കാത്ത പെൺകുട്ടിയായ അച്ചാമ്മയായി 'കാമുകി'യിൽ വേഷമിട്ടു. അച്ചാമ്മ എന്ന കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ളതായിരുന്നു.
'സൺഡേ ഹോളിഡേ'യിലെ അനുവെന്ന കഥാപാത്രവും 'ബി.ടെക്കി'ലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ 'സർവം താളം മയം', 'വീട്ട്ല വിശേഷം' തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞു.
'മഹേഷിന്റെ പ്രതികാര'ത്തിൽ ഫഹദ് ഫാസിലിനൊപ്പം
അഭിനയജീവിതത്തിലെ മികച്ച കഥാപാത്രം, ഒടുവിൽ ദേശീയ പുരസ്കാരം... സന്തോഷം എത്രത്തോളമുണ്ട്?
ഒരുപാട് സന്തോഷം. ഭയങ്കര മാജിക്കൽ മൊമന്റായിരുന്നു അവാർഡ് ലഭിച്ച സമയം. ജീവിതത്തിൽ ഒരിക്കലും കടന്നുപോകാത്ത ഒരു നിമിഷത്തിലൂടെയായിരുന്നു അവാർഡ് പ്രഖ്യാപനദിവസം കടന്നുപോയത്. ഒത്തിരി ടെൻഷനുണ്ടായിരുന്നെങ്കിലും അങ്ങനെ ഒരുദിവസം അനുഭവിക്കാൻ കഴിഞ്ഞതിലാണ് സന്തോഷം. ഒരു ദേശീയ പുരസ്കാര പട്ടികയിൽ നമ്മുടെ പേര് വരുകയെന്ന് പറയുന്നതുതന്നെ സന്തോഷമാണല്ലോ. അത് ഒരു ഭാഷയിലും പ്രകടിപ്പിക്കാൻ കഴിയില്ല. പൊള്ളാച്ചിയിലെ സെറ്റിൽവെച്ചായിരുന്നു അവാർഡ് വിവരം അറിയുന്നത്. സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുകയായിരുന്നു അപ്പോൾ. അമ്മയെയും സുധ മാമിനെയുമാണ് ആദ്യം വിളിച്ചത്. അങ്ങനെയൊരു സിനിമയുടെ ഭാഗമാകാൻ സാധിച്ചതിനും അതിൽ അവാർഡ് ലഭിച്ചതിലുമുള്ള സന്തോഷം സുധ മാമിനെ അറിയിച്ചു. സിനിമയുടെ ഭാഗമായ നിരവധിപേർക്കും പുരസ്കാരം ലഭിച്ചതിൽ സന്തോഷം അറിയിച്ചിരുന്നു.
ഉത്തരവാദിത്തത്തേക്കാൾ ഉപരി ഇനിയും നല്ല സിനിമകൾ ചെയ്യാനുള്ള മോട്ടിവേഷനായാണ് ഈ പുരസ്കാരത്തെ കാണുന്നത്. 'സൂരറൈ പോട്രി'ലെ അഭിനയത്തിന് അവാർഡ് ലഭിക്കുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, അത് ആശങ്കയുണ്ടാക്കുകയായിരുന്നു. അവാർഡ് ലഭിച്ചതിന് പിന്നാലെ മലയാള സിനിമയിൽനിന്നടക്കം നിരവധിപേർ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അവാർഡ് വിവരം പുറത്തുവന്ന ഉടൻതന്നെ ഒരുപാട് കാളുകളും മെസേജുകളും വന്നുകൊണ്ടിരുന്നു. അതിനൊക്കെ മറുപടി കൊടുത്തു. ടോവി ചേട്ടന്റെ മെസേജ് ഉണ്ടായിരുന്നു. ആസിഫിക്കയുടെ മിസ് കാൾ കണ്ടു. ആസിഫിക്കയെ ആണ് ആദ്യം തിരിച്ചുവിളിച്ചത്. മഞ്ജു ചേച്ചി, നമിത ഒരുപാട് പേർ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. ഭയങ്കര സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.
കരിയർഗ്രാഫ് മാറ്റിയ 'സൂരറൈ പോട്രി'നെക്കുറിച്ച്?
'സൂരറൈ പോട്രി'ന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നത്. 'ഇരുതി സുട്ര്' എന്ന ചിത്രത്തിന്റെ സംവിധായികയാണ് സുധ കൊങ്കര. ആ ചിത്രം കണ്ടതുമുതൽ ആരാധനയായിരുന്നു. ജി.വി. പ്രകാശ് കുമാറാണ് സുധ മാമിനെ പരിചയപ്പെടുത്തുന്നത്. ഓഡിഷനിലൂടെയാണ് ഈ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും. സുധ മാമിനൊപ്പം സൂര്യ എന്ന നടനും ഒന്നിക്കുന്ന ചിത്രമായതിനാൽ ആവേശത്തോടെയാണ് പൂർത്തിയാക്കിയത്. ഇവർ രണ്ടുപേരും ചേരുമ്പോൾ എന്താകുമെന്ന ആകാംക്ഷയും അതോടൊപ്പമുണ്ടായിരുന്നു.
ഒരു വർഷത്തോളം ബൊമ്മിക്കായി തയാറെടുപ്പുകൾ നടത്തിയിരുന്നു. ഓഡിഷനുശേഷം സെറ്റിൽ ബൊമ്മിയാകാനുള്ള പരിശീലനം നേടി. എല്ലാ തയാറെടുപ്പുകൾക്കും ശേഷമായിരുന്നു ഷൂട്ടിങ്. ഷൂട്ടിങ് സമയത്ത് ഡയലോഗുകൾ കാണാപാഠം പഠിച്ചിരുന്നു. നീണ്ട ഡയലോഗുകൾ ഉണ്ടായിരുന്നെങ്കിൽപോലും അതൊക്കെ എളുപ്പത്തിൽ പറയാനായി പഠിച്ചു. നാണക്കാരിയായ ഒരു പെൺകുട്ടിയല്ല ബൊമ്മി. അങ്ങനെ എന്നെ ചിത്രീകരിക്കാതിരിക്കാൻ സംവിധായിക വളരെയധികം ശ്രദ്ധിച്ചിരുന്നു. സാധാരണ സിനിമകളിൽ കാണുന്നപോലെ ക്ലീഷെ റൊമാന്റിക് രംഗങ്ങളില്ല. പാട്ടുകളിലും അവ കാണാൻ സാധിക്കില്ല. അഭിനയജീവിതത്തെ മനസ്സിലാക്കുന്നതിലും സമീപിക്കുന്നതിലും ഈ ചിത്രത്തിലൂടെ എനിക്ക് മാറ്റം വരുത്താൻ കഴിഞ്ഞു. ആത്മവിശ്വാസം കൂട്ടി.
സൂരറൈ പോട്രിൽ സൂര്യക്കൊപ്പം
'ബൊമ്മി' എന്ന ശക്തമായ കഥാപാത്രം ഒരു പ്രതീകംകൂടിയാണ്. ആ കഥാപാത്രത്തിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?
ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമായിരുന്നു ബൊമ്മി. സ്ട്രോങ് ആയ കഥാപാത്രം, കൂടാതെ ജീവിച്ചിരിക്കുന്ന ഒരു വ്യക്തി കൂടിയാണ് ബൊമ്മി. ബൊമ്മിയാകാൻ മധുര സ്ലാങ് പഠിക്കലും ആറ്റിറ്റ്യൂഡ് പകർത്തലുമായിരുന്നു പ്രയാസമേറിയ കാര്യം. മുമ്പ് ചെയ്ത് ശീലിച്ചിട്ടില്ലാത്ത കഥാപാത്രമായിരുന്നു. ഓഡിഷനിൽ മധുരഭാഷ പറയാനുള്ള പരിശീലനം ഉണ്ടായിരുന്നു. പല വാക്കുകളും കേട്ടിട്ടുപോലുമില്ല. ഡബ് ചെയ്യുന്ന സമയംവരെ വലിയ ടെൻഷനുണ്ടായിരുന്നു. എന്നാൽ, സ്ക്രീനിൽ ബൊമ്മി മികച്ചതായി നിന്നു. അതു ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. കഥാപാത്രത്തിനായി നന്നായി അധ്വാനിച്ചു. സംവിധായികക്ക് എന്നിൽ ഒരു വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു എന്നതിലാണ് സന്തോഷം. ഒരു വർഷത്തോളം അതിനായി തയാറെടുക്കാൻ സംവിധായിക സമയം തന്നിരുന്നു. അതുകൊണ്ടുതന്നെയാണ് ബൊമ്മിയെ നന്നായി അവതരിപ്പിക്കാൻ സാധിച്ചതും.
സിനിമ പുറത്തിറങ്ങിയശേഷം ക്യാപ്റ്റൻ ഗോപിനാഥ് സാറിന്റെ ട്വീറ്റ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ 'സിംപ്ലിഫൈ' എന്ന പുസ്തകത്തെയും അനുഭവങ്ങളെയും കോർത്തിണക്കിയതാണ് 'സൂരറൈ പോട്ര്'. ''എന്റെ ഭാര്യ ഭാർഗവിയുടെ കഥാപാത്രമായ ബൊമ്മിയെ അവതരിപ്പിച്ച അപർണ മനസ്സിൽ പതിഞ്ഞു. കരുത്തുള്ള, അതേസമയം മൃദുലമായ മനസ്സിന്റെ ഉടമകൂടിയായ പുരുഷനോെടാപ്പം തുല്യതയോടെ നിന്ന ആ കഥാപാത്രം ഗ്രാമീണ സ്ത്രീകൾക്കൊക്കെയും പ്രചോദനമാണ്'' -ഇതായിരുന്നു ആ ട്വീറ്റ്.
'സൂരറൈ പോട്രി'ന്റെ പ്രീ പ്രൊഡക്ഷൻ സമയത്താണ് മധുരയിലെ നാട്ടുഭാഷ പഠിക്കാൻ ആദ്യമായി മധുരയുടെ തെരുവുകളിലേക്ക് എത്തിയത്. മധുരയിലെ തെരുവുകളിലൂടെ നടക്കുമ്പോൾ ചുറ്റുംകണ്ട പലരിലും ബൊമ്മിയെ തിരഞ്ഞുകൊണ്ടേയിരുന്നു. മധുരയിലെ ഭാഷ പഠിക്കുന്നതുപോലെ ശ്രമകരംതന്നെയായിരുന്നു സംവിധായികയുടെ മനസ്സിലെ 'ബൊമ്മി' എന്ന നായികക്ക് ശരീരഭാഷയിലൂടെ ജീവൻ നൽകുന്നത്. കണ്ടുമുട്ടിയ സ്ത്രീകളുടെ കരുത്തും നോട്ടവും നടപ്പും എല്ലാം പഠിച്ചെടുക്കാനായിരുന്നു ശ്രമം.
മധുര സ്ലാങ് പഠിച്ചെടുക്കലും ബൊമ്മിയുടെ ആറ്റിറ്റ്യൂഡ് പഠിക്കലും തന്നെയായിരുന്നു ഹോംവർക്കിൽ ഏറ്റവും പ്രയാസകരമായ കാര്യം. മുമ്പ് ഞാൻ ചെയ്യാത്ത, എനിക്ക് അറിയാത്ത ഒരു കഥാപാത്രമായിരുന്നു ബൊമ്മി എന്നുതന്നെ പറയാം. എല്ലാം പുതിയ അനുഭവമായിരുന്നു. ഓഡിഷനിൽ മധുരഭാഷ സംസാരിക്കാൻ പരിശീലനമെല്ലാം തന്നിരുന്നു. കുറച്ച് ബുദ്ധിമുട്ടി. പല വാക്കുകളും ആദ്യമായി കേൾക്കുന്നത്. അതിനാൽ ഒരിക്കൽകൂടി സ്ക്രിപ്റ്റ് തന്ന് വിഡിയോ അയക്കാനുള്ള അവസരം സുധ മാം തന്നു. അതാണ് ബൊമ്മിയിലേക്ക് എത്തിച്ചത്.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ സമയം മുതൽ വളരെ സമയമെടുത്തുതന്നെ പഠിച്ചെടുത്ത കഥാപാത്രമായിരുന്നു ബൊമ്മി എന്നതിനാൽ ആ കഥാപാത്രം നന്നായി മനസ്സിൽ കയറിക്കൂടി എന്നതാണ് സത്യം. അത് അഭിനയിച്ചു തുടങ്ങിയപ്പോൾതെന്ന എനിക്ക് മനസ്സിലായി. ചെറിയ മാറ്റങ്ങളേ സുധാ മാമിന് മാറ്റേണ്ടിവന്നിട്ടുള്ളൂ. അറുപത് ദിവസത്തോളമായിരുന്നു ഷൂട്ടിങ്. എല്ലായിടത്തെ സ്ത്രീകളിൽനിന്നും വ്യത്യസ്തരാണ് മധുരയിലെ സ്ത്രീകൾ എന്ന് തോന്നിയിരുന്നു. അവർ നല്ല പവർഫുൾ ആണ്.
ദേശീയ പുരസ്കാരം നേടി. ഇനി കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ മാറ്റം കൊണ്ടുവരണമെന്ന തോന്നലുണ്ടോ?
ആളുകൾ ഓർത്തിരിക്കുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. അഭിനയിക്കാൻ എന്തെങ്കിലും വേണം. നമ്മുടേതായ രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്ന മികവ് പുറത്തെടുക്കാൻ സാധിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം.
ദേശീയ അവാർഡ് ലഭിക്കുന്നതിനു മുമ്പുതന്നെ നിരവധി സിനിമകൾ തിരഞ്ഞെടുത്തിരുന്നു. അതെല്ലാം നല്ലരീതിയിൽ ചെയ്യാൻ ശ്രമിക്കും. ആ സിനിമകളിൽ എന്റെ കഴിവിന്റെ പരമാവധി ചെയ്യണമെന്നാണ് ആഗ്രഹം. ഒരു അഭിനേത്രി എന്നനിലയിൽ നമുക്ക് എന്തെങ്കിലും ക്രിയേറ്റിവ് ആയി ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനാണ് ഇഷ്ടം. എത്രത്തോളം ഭംഗിയായി ഏത് കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നോ അത് തിരഞ്ഞെടുക്കുക എന്നതാണ് എന്റെ പക്ഷം.
മലയാളം വിട്ട് മറ്റു ഭാഷകളിൽ സജീവമാകാൻ പദ്ധതിയൊന്നുമില്ല. നല്ല സിനിമകൾ വരുമ്പോൾ ചെയ്യുന്നുവെന്ന് മാത്രം. മലയാളമാണ് എപ്പോഴും കംഫർട്ടബ്ൾ. മലയാളത്തിലാകുമ്പോൾ എനിക്ക് കൂടുതൽ ഫ്രീഡം എടുക്കാനും സാധിക്കും.
സൂര്യ എന്ന നടൻ, 'നെടുമാരൻ' എന്ന കഥാപാത്രം..?
കരുതലാണ് സൂര്യയുടെ സ്വഭാവത്തിൽ ഏറ്റവും ആദരവ് തോന്നിയ കാര്യം. സൂപ്പർ സ്റ്റാർ എന്ന ഭാവം ഒരിക്കൽപോലും കാണിക്കുന്നയാളല്ല. കൂടെയുള്ള എല്ലാവരോടും വളരെ ബഹുമാനത്തോടെ മാത്രം പെരുമാറുന്നതാണ് അദ്ദേഹത്തിന്റെ രീതി. സെറ്റിൽ അദ്ദേഹത്തിനുള്ള ഭക്ഷണം എത്തുമ്പോൾ മറ്റുള്ളവർ എല്ലാവരും കഴിച്ചോ എന്ന് കരുതലോടെ അന്വേഷിക്കും. അഭിനയത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. 'സൂരറൈ പോട്ര്' സെറ്റിൽ ഓരോ നിമിഷവും അദ്ദേഹം 'നെടുമാരൻ' എന്ന കഥാപാത്രംതെന്നയായിരുന്നു. ഏത് രംഗം ചെയ്യുമ്പോഴും ആ കഥാപാത്രത്തിന്റെ വേദനയും നിസ്സഹായതയുമെല്ലാം കൃത്യമായി ഉൾക്കൊണ്ട് അദ്ദേഹം പ്രതിഫലിപ്പിച്ചു. ൈക്ലമാക്സ് സീനാണ് ഏറ്റവും കൂടുതൽ കണ്ണ് നനയിച്ചത്. മാത്രമല്ല, 19 വയസ്സുള്ള മാരന്റെ ഗെറ്റപ്പ് വരുത്താൻ അദ്ദേഹം വളരെ കഠിനമായിത്തന്നെ വർക്കൗട്ട് ചെയ്തിരുന്നു.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ ഏറെ നടക്കുന്ന സമയംകൂടിയാണ്. എങ്ങനെ നോക്കിക്കാണുന്നു?
സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും നിരവധി പ്രശ്നങ്ങളുണ്ട്. സിനിമ മേഖലയിൽ മാത്രമാണിതെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സിനിമ ഒരു ഗ്ലാമർ മേഖലയാണ്. അതിനാൽ ചെറിയ കാര്യങ്ങൾപോലും ആളുകൾ ശ്രദ്ധിക്കുകയും അറിയുകയും ചെയ്യും. അല്ലാതെ ഈ ഒരു മേഖലയിൽ മാത്രം സ്ത്രീകളോട് അവഗണനയുള്ളതായി തോന്നിയിട്ടില്ല.
സ്ത്രീക്കും പുരുഷനും സിനിമ മേഖലയിൽ തുല്യവേതനം വേണം എന്ന് പറഞ്ഞിരുന്നുവെന്ന് ചില അഭിമുഖങ്ങളിൽ വായിച്ചിരുന്നു. അതാണോ നിലപാട്?
സ്ത്രീക്കും പുരുഷനും ജെൻഡറിന്റെ അടിസ്ഥാനത്തിൽ ഒരേപോലെ പരിഗണിച്ച് തുല്യവേതനം വേണമെന്ന് പറയാൻ കഴിയില്ലല്ലോ. ഓരോരുത്തരുടെയും കഴിവിന് അനുസൃതമായി മാന്യമായ വേതനം നൽകണം. ആണിനും പെണ്ണിനും ഒരേ വേതനം വേണമെന്ന് പറയാൻ കഴിയില്ല. എന്നെക്കാൾ മുതിർന്ന ഒരുപാടുപേർ, പരിചയസമ്പത്തുള്ളവർ സിനിമയിലുണ്ട്. അവർക്കും എനിക്കും തുല്യവേതനം വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല. സിനിമകളുടെ വിജയവും മാർക്കറ്റ് വാല്യൂവുമെല്ലാം കണക്കാക്കിയാണ് വേതനം നിശ്ചയിക്കുക. എന്നാൽ, സിനിമ വിജയിക്കാത്ത ഒത്തിരിപേർക്ക് ഉയർന്നതുക നൽകുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ എല്ലാവർക്കും ന്യായമായ തുക നൽകണമെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. ഞാൻ ഒരിക്കലും എനിക്ക് കൂടുതൽ തുക വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് കൂടുതൽ പേമെന്റും വേണ്ട. അടുത്തുതന്നെ 'കാപ്പ'യിൽ അഭിനയിക്കാൻ പോകുകയാണ്. അവിടെ ഒരിക്കലും പൃഥ്വിരാജിനും എനിക്കും തുല്യവേതനം വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലല്ലോ.
നേരത്തേ നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ വന്നിരുന്നു. ജെൻഡർ അടിസ്ഥാനത്തിൽ പേമെന്റ് നൽകണമെന്നും പറയാൻ കഴിയില്ലല്ലോ. 'രാവണി'ൽ അഭിനയിക്കുമ്പോൾ ഐശ്വര്യ റായ്ക്ക് എന്നേക്കാൾ കൂടുതൽ പേമെന്റ് നൽകിയെന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് മാന്യമായ പേമെന്റ് ആണ്. കാരണം, ഐശ്വര്യ റായിയുടെ താരമൂല്യം അനുസരിച്ചാണ് അതിൽ തുക നിശ്ചയിച്ചത്. അതൊരിക്കലും പൃഥ്വിരാജിന് കുറവായതുകൊണ്ടല്ല അത് മാന്യമായ വേതനമാണെന്ന് പറയുന്നതും. പരിചയസമ്പത്ത്, സീനിയോറിറ്റി എല്ലാം അനുസരിച്ചായിരുന്നു ആ പേമെന്റ്.
ഞാൻ നേരത്തേ ചെയ്ത ഒരു സിനിമയിൽ വലിയ വിജയങ്ങളില്ലാത്ത, സിനിമകളില്ലാത്ത ഒരാൾക്ക് വലിയ തുക നൽകുന്നത് കണ്ടിരുന്നു. അതിൽ വലിയ രീതിയിൽ വ്യത്യാസവുമുണ്ടായിരുന്നു. ആ ഒരാൾക്ക് ഉയർന്ന തുക നൽകേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. നിർമാതാക്കൾക്ക് യാതൊരു ലാഭവും പരിഗണിച്ചായിരുന്നില്ല ആ പേമെന്റ്. അത് ശരിയല്ലെന്ന് തോന്നിയിരുന്നു. അത്തരം കാര്യങ്ങളാണ് മാറ്റേണ്ടതും.
മഞ്ജു വാര്യർ വാങ്ങുന്ന തുക വേണമെന്ന് എനിക്ക് ആവശ്യപ്പെടാൻ കഴിയില്ലല്ലോ. മാന്യമായ തുക എല്ലാവർക്കും നൽകുക അതാണ് ന്യായമായ കാര്യം. ആസിഫിക്ക, ഫഹദ്, പൃഥ്വിരാജ് എന്നിവരുടെ കൂടെ അഭിനയിക്കുമ്പോൾ അവരുടെ പേമെന്റ് വേണമെന്ന് പറയാൻ സാധിക്കില്ല. എല്ലാവർക്കും മാന്യമായ പേമെന്റ് നൽകുക. കൂടുതലോ കുറവോ വേണ്ട.
ദേശീയ അവാർഡിന് പിന്നാലെ നാഞ്ചിയമ്മക്ക് മികച്ച ഗായികക്കുള്ള അവാർഡ് നൽകിയതിനെ ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. ഇതിലെ അപർണയുടെ നിലപാട്?
നാഞ്ചിയമ്മയുടെ പാട്ട് വളരെ യുണീക്കായ ഒന്നാണ്. ആ പാട്ട് മറ്റാർക്കും അതുപോലെ വെറുതെയിരുന്നങ്ങ് പാടാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. അത് നാഞ്ചിയമ്മ മനസ്സിൽനിന്നെടുത്ത് പാടിയതാണ്. അതുതന്നെയാണ് ആ പാട്ടിന്റെ ആത്മാവും. അത് കൃത്യമായി മനസ്സിലാക്കിയാണ് സച്ചി സാറും ടീമും അത് സിനിമയിൽ ഭംഗിയായി ഉപയോഗിച്ചത്. നാഞ്ചിയമ്മക്ക് ലഭിച്ച ദേശീയ പുരസ്കാരം ആ ഒരു ടീമിന്റെകൂടി വിജയമാണ്.
നാഞ്ചിയമ്മ ഒരു ഗായികയായി സമൂഹത്തിൽ ഇല്ലാതിരുന്നതുകൊണ്ടാണ് ആരും ആ പാട്ട് ഇറങ്ങുന്നതുവരെ ശ്രദ്ധിക്കപ്പെടാതെ പോയത്. ആ കഴിവാണ് സച്ചിസാർ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുവന്നത്. അങ്ങനെ നാഞ്ചിയമ്മ നമ്മുടെയെല്ലാം പ്രിയപ്പെട്ട ഒരാളായി മാറി. ആ പാട്ട് എന്തുകൊണ്ടും വളരെ പെർഫെക്ട് ആയ ഒന്നാണ്. അതിന് വേണ്ട കൃത്യമായ ശബ്ദംതന്നെയായിരുന്നു നാഞ്ചിയമ്മയുടേത്. അവർ അത്രത്തോളം ആ അവാർഡ് അർഹിക്കുന്നുമുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
സിനിമാ മേഖലയിലെ അപർണയുടെ യാത്ര എങ്ങനെ സ്വയം വിലയിരുത്തും?
'മഹേഷിന്റെ പ്രതികാര'ത്തിൽനിന്നും ഏറ്റവും പുതിയ ചിത്രമായ 'സുന്ദരി ഗാർഡൻസി'ൽ എത്തിനിൽക്കുമ്പോൾ എന്നിൽ ഒരുപാട് വ്യത്യാസങ്ങൾ സ്വയവും മറ്റുള്ളവർക്കും കാണാൻ സാധിക്കും. അതാണ് എനിക്ക് സന്തോഷമുള്ള കാര്യം. ആദ്യ ചിത്രത്തിൽ എ ടു ഇസഡ് കാര്യങ്ങളും സ്പൂൺ ഫീഡിങ് ആയിരുന്നു. 80 ശതമാനവും അവർ എനിക്ക് പറഞ്ഞുതന്നു. ഇപ്പോൾ സംവിധായകരും മറ്റുള്ളവരും പറഞ്ഞുതരുമ്പോൾ അവർക്ക് ആവശ്യമുള്ളതുപോലെ ചെയ്യാൻ സാധിക്കുന്നുണ്ട്. ഓരോ സിനിമയിൽനിന്നും പുതിയത് എന്തെങ്കിലും പഠിക്കാൻ സാധിക്കും. സിനിമയിൽ നല്ല കഥാപാത്രങ്ങൾ നല്ല രീതിയിൽ ചെയ്യണമെന്നാണ് ഇപ്പോൾ ആഗ്രഹം. അതിൽ പരിചയസമ്പത്തും ഒരു ഘടകമാണെന്ന് പറയാം.
സിനിമക്കപ്പുറമുള്ള ലോകം, പഠനം?
പഠനത്തിൽ ആർക്കിടെക്ചർ പൂർത്തിയാക്കി. പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറിലായിരുന്നു പഠനം. ചെറുപ്പം മുതലേ ക്രിയേറ്റിവായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത്യാവശ്യം വരക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് ആർക്കിടെക്ചർ തെരഞ്ഞെടുക്കുന്നത്. സിനിമയുടെ ഇടയിലായതിനാൽ രണ്ടു വർഷം ബ്രേക്ക് എടുത്താണ് കോഴ്സ് പൂർത്തിയാക്കിയത്. സ്കൂൾ, കോളജ് സുഹൃത്തുക്കളുമായെല്ലാം ഏറെ അടുപ്പം പുലർത്തുന്നുണ്ട്. പാട്ട്, ഡാൻസ്, അഭിനയം, എല്ലാം ഇഷ്ടമാണ്.
അച്ഛനും അമ്മയും മ്യുസിഷൻസ് ആണ്. പാട്ടിലെ കഴിവുകൾ കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്നാണ് ആഗ്രഹം. ആദ്യ ചിത്രത്തിൽതന്നെ പാടാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. ഓഡിഷന് പോയ സമയത്ത് എന്നെക്കൊണ്ട് പാട്ട് പാടിച്ചിരുന്നു. അങ്ങനെയാണ് ''മൗനങ്ങൾ മിണ്ടുമൊരി...'' പാട്ട് സംഭവിക്കുന്നത്. സന്തോഷവും ടെൻഷനും ഒപ്പമുണ്ടായിരുന്നു ആ സമയം. സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് ഞാൻ പാടിയ പാട്ട് തന്നെയാണ് സിനിമയിലുള്ളതെന്ന് അറിയുന്നത്. വലിയ സന്തോഷം തോന്നിയിരുന്നു. 'ഒരു മുത്തശ്ശി ഗദ'യിലെ ''തെന്നൽ നിലാവിന്റെ'', 'സൺഡേ ഹോളിഡേ'യിലെ ''മഴ പാടും'' തുടങ്ങിയ പാട്ടുകൾ പാടിയിരുന്നു.
അച്ഛനും അമ്മയും നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ഭാഗ്യം. സംഗീതജ്ഞനായ കെ.പി. ബാലമുരളിയും അഭിഭാഷകയായ ശോഭയുമാണ് മാതാപിതാക്കൾ. എനിക്ക് എന്റെ കാര്യങ്ങൾ നോക്കാനറിയാവുന്ന രീതിയിൽ അവർ ജീവിതത്തിൽ വഴികാട്ടിയായി. എല്ലാവരും വളരെ സന്തോഷമായിരിക്കുന്നു. ദേശീയ പുരസ്കാരം നേടിയതിന്റെ സന്തോഷത്തിലാണ് അവരും.
പുതിയ ചിത്രങ്ങൾ..?
സുധീഷ് രാമചന്ദ്രൻ സംവിധാനംചെയ്യുന്ന 'ഇനി ഉത്തരം' ആണ് പുറത്തിറങ്ങാനുള്ള ചിത്രം. നവാഗതനായ ചാർലി ഡേവിസ് സംവിധാനം ചെയ്യുന്ന 'സുന്ദരി ഗാർഡൻസ്' ആണ് മറ്റൊരു ചിത്രം. നീരജ് മാധവാണ് നായകൻ. പൃഥ്വിരാജിനൊപ്പമുള്ള കാപ്പ, പത്മിനി, തങ്കം എന്നിവയാണ് മറ്റു ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.