നിലമ്പൂരിൻെറ മണ്ണിൽനിന്ന് വളർന്ന രാഷ്ട്രീയ നേതാവാണ് ആര്യാടൻ മുഹമ്മദ്. എന്നും സംഘർഷങ്ങൾക്ക് നടുവിലായിരുന്നു അദ്ദേഹത്തിൻെറ ജീവിതം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന പൊതുപ്രവർത്തകൻ. ഇത്തരം നിലപാടുകൾ പലപ്പോഴും സ്വന്തം പാർട്ടിയിലും മുന്നണിയിലും പ്രതിപക്ഷത്തും ശത്രുക്കളെയുണ്ടാക്കി. എന്നാൽ അതൊന്നും ആര്യാടനെ തളർത്താറില്ല. ദേശത്തിൻെറ അടിവേരോളം നീണ്ടുചെല്ലുന്ന ജനപിന്തുണയല്ലാതെ മറ്റൊന്നുമല്ല അതിനു കാരണം.
സ്വാതന്ത്ര്യ സമരകാലത്ത് ജീവിച്ച ഒരാളെന്ന നിലയിൽ അനുഭവങ്ങൾ ധാരാളം ഉണ്ടാകുമല്ലോ. അതിൽ ജ്വലിച്ചു നിൽക്കുന്ന ഓർമ ഏതാണ്?
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻെറ പ്രസംഗം കേട്ടതാണ് ഓർമയിലെ തിളക്കമുള്ള അനുഭവങ്ങളിലൊന്ന്. 1945ലാണ്. അബ്ദുറഹിമാൻ സാഹിബ് ജയിലിൽനിന്ന് വന്ന സമയം. അദ്ദേഹത്തിന് മലബാറിൽ സ്വീകരണങ്ങൾ ഒരുക്കിയ കൂട്ടത്തിൽ നിലമ്പൂരിലും ഉണ്ടായിരുന്നു. കെ.വി. കുഞ്ഞാലൻ കുട്ടിയുടെയും ടി.കെ. ചേക്കുവിൻെറയും നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി. അവരുടെ നേതൃത്വത്തിൽ ചെട്ടിയങ്ങാടിയിൽനിന്ന് ജാഥയായി ചന്തക്കുന്നിലെ സ്വീകരണസ്ഥലത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഞാനും കൂടെ ചേർന്നു. എനിക്ക് പത്തു വയസ്സുണ്ടാകും അപ്പോൾ. ഒരു രാഷ്ട്രീയ നിലപാടിെൻറയും ഭാഗമായല്ല ആ ജാഥയിൽ പങ്കെടുത്തത്. ജാഥ കാണുമ്പോൾ കുട്ടികൾ പിന്നിലൊക്കെ പോകുന്നില്ലേ, അതുപോലെ പോയതാണ്. എന്നാൽ, എനിക്ക് ആ കോൺഗ്രസ് പ്രവർത്തകരോട് ചെറിയൊരു അനുഭാവം ഉണ്ടായിരുന്നുതാനും. കോൺഗ്രസ് പാർട്ടിയോട് അനുഭാവം തോന്നുന്നത് ചെട്ടിയങ്ങാടി യു.പി സ്കൂളിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ ഹൈസ്കൂളിലെ സ്റ്റുഡൻറ്സ് കോൺഗ്രസുകാരുടെ ജാഥ പോകുന്നത് കണ്ടു. കശ്മീരിലേക്ക് ചെന്ന ജവഹർലാൽ നെഹ്റുവിനെ ബ്രിട്ടീഷ് പൊലീസ് ലാത്തിച്ചാർജ് ചെയ്തിരുന്നു. അതിൽ പ്രതിഷേധിച്ചാണ് ജാഥ. ഇതൊക്കെ പിന്നീടാണ് ഞാൻ മനസ്സിലാക്കുന്നത്. ജാഥയിൽ പങ്കെടുക്കുന്ന കുട്ടികളെ അതിഭയങ്കരമായി അടിക്കുന്നുണ്ട് പൊലീസുകാർ. ഒരു ആയുധം പോലും കൈയിലില്ലാത്ത ആ ചെറുപ്പക്കാരെ പൊലീസ് മർദിക്കുകയാണ്. എന്നിട്ടും അവർ മുദ്രാവാക്യം വിളിക്കുന്നു. ജാഥ തുടരുന്നു. ഇതു കണ്ടു നിന്ന എനിക്ക് വല്ലാത്ത വേദന തോന്നി. ജാഥ നയിക്കുന്നവരോട് ഒരനുഭാവം തോന്നി. ആ അനുഭാവമാണ് ഈ ജാഥയുടെ പിന്നിൽ ചേരാനുള്ള കാരണം. അബ്ദുറഹിമാൻ സാഹിബിെൻറ സ്വീകരണയോഗം കലക്കാൻ വേണ്ടി മുസ്ലിം ലീഗിെൻറ ആളുകൾ സംഘടിച്ചിരുന്നു. കെ.വി. കുഞ്ഞാലൻ കുട്ടിയാക്കയുടെ വീടിൻെറ മുകൾനിലയിൽ വെച്ചായിരുന്നു യോഗം. അബ്ദുറഹിമാൻെറ രൂപവും ഭാവവുംതന്നെ ആരെയും ആകർഷിക്കും. ഗൗരവമുള്ള മുഖം. മുതിർന്നവരോടൊപ്പം ഏതാനും കുട്ടികളും പ്രസംഗം കേൾക്കാൻ വന്നിരുന്നു.
''ഈ പാകിസ്താൻകൊണ്ട് എന്തു ഗുണമാണ് ഇവിടത്തെ മുസ്ലിംകൾക്ക് കിട്ടാൻ പോകുന്നത്? കിട്ടിയാൽ അവകാശം വാങ്ങി നിങ്ങൾ അങ്ങോട്ടുപോകുമോ? നിങ്ങൾ ഇവിടെതന്നെ ജീവിക്കേണ്ട ആളുകളല്ലേ? പെറ്റുവീണ മണ്ണ് നിങ്ങൾക്കു വേണ്ടേ?'' ഈ രൂപത്തിലായിരുന്നു അബ്ദുറഹിമാൻ സാഹിബിെൻറ പ്രസംഗം. പ്രസംഗിച്ചുകൊണ്ടിരിക്കെ യോഗസ്ഥലത്തേക്ക് ലീഗുകാർ ചാണകം വാരി എറിയാൻ തുടങ്ങി. അതെല്ലാം പുഞ്ചിരിയോടെ സാഹിബ് നേരിട്ടു. ഇതൊക്കെ കുട്ടിയായ ഞാൻ കാണുകയാണ്. എനിക്ക് മനസ്സിൽ അദ്ദേഹത്തോട് ഇഷ്ടം തോന്നി. അപ്പോഴും ഒരു കോൺഗ്രസുകാരനെന്ന് എന്നെ കുറിച്ച് പറയാൻ പറ്റില്ല. അത്രക്ക് രാഷ്ട്രീയ ബോധവും ഇല്ല. എന്നാൽ ഇതൊക്കെ കോൺഗ്രസിനോട് അനുഭാവം ഉണ്ടാകാനുള്ള കാരണമായി.
കോൺഗ്രസിൻെറ സജീവ പ്രവർത്തകനാകുന്നത് എന്നു മുതലാണ്?
സ്കൂളിൽ ഒരു കേശവൻ മാഷുണ്ടായിരുന്നു. ഖദർ മുണ്ടും കുപ്പായവുമേ എപ്പോഴും ധരിക്കൂ. ആരോടും മോശമായി ഒരു വാക്കുപോലും പറയില്ല. കുട്ടികളെ അടിക്കാറില്ല. സ്നേഹത്തോടെയേ സംസാരിക്കൂ. നല്ല മാഷായതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു. മാഷ് കോൺഗ്രസുകാരനായിരുന്നു. അദ്ദേഹത്തെ പോലെ ഒരാളായിത്തീരണം എന്നായിരുന്നു എൻെറ ആഗ്രഹം. ഒരു കോൺഗ്രസ് പ്രവർത്തകൻ എങ്ങനെയാവണമെന്ന് മാഷ് ഞങ്ങളെ അദ്ദേഹത്തിൻെറ സ്വഭാവത്തിലൂടെ പഠിപ്പിക്കുകയായിരുന്നു. ഇതൊക്കെ എന്നെ കോൺഗ്രസിലേക്ക് അടുപ്പിച്ചു. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ വാർഷിക ദിനത്തിൽ ഞാനും പങ്കാളിയായി. തോരണങ്ങൾ തൂക്കിയും പായസം വിതരണംചെയ്തും ഞങ്ങൾ അതാഘോഷിച്ചു. പതാകയും തോരണവും അന്വേഷിച്ച് ഞാൻ ചെട്ടിയങ്ങാടിയിലെ കോൺഗ്രസ് ഓഫിസിലെത്തി. അവിടത്തെ നേതാക്കന്മാരെ പരിചയപ്പെട്ടു. അതൊരു തുടക്കമായിരുന്നു.
നിലമ്പൂർ മാനവേദൻ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് 1952ലെ തെരഞ്ഞെടുപ്പ് വന്നത്. ചാത്തുക്കുട്ടി നായർ പാർലമെൻറിലേക്കും അസംബ്ലിയിലേക്ക് അബ്ദുറഹിമാൻ സാഹിബിൻെറ അനുജൻ ഇബ്രാഹിം സാഹിബും കെ. കുഞ്ഞമ്പുവും മത്സരിക്കുന്നു. ലീഗിെൻറ ഭാഗത്ത് കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജി അസംബ്ലിയിലേക്കും ബി. പോക്കർ സാഹിബ് പാർലമെൻറിലേക്കും മത്സരിക്കുന്നു. കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി ഞാൻ കഴിയുന്നതെല്ലാം ചെയ്തു. അതായിരുന്നു എൻെറ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി.
ട്രേഡ് യൂനിയൻ പ്രവർത്തനത്തിലേക്കുള്ള വരവ് എന്നായിരുന്നു?
1954ലെ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പോടെ മുഴുവൻ സമയപ്രവർത്തകനായി. 1955ൽ വണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 1956ൽ തോട്ടം തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി േട്രഡ് യൂനിയൻ രംഗത്തേക്ക് വന്നു. റബർ തോട്ടം തൊഴിലാളി യൂനിയൻ വൈസ് പ്രസിഡൻറായി. നിലമ്പൂർ എസ്റ്റേറ്റ് ലേബർ കോൺഗ്രസ് സംഘടനയായിരുന്നു അത്. 1957ലെ തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയാണ്. ആ സമയത്ത് നിയോജക മണ്ഡലം കോൺഗ്രസ് സെക്രട്ടറി കൂടിയായിരുന്നു ഞാൻ. 1958ൽ കെ.പി.സി.സി അംഗമായി. പിന്നീട് ഇന്നുവരെ കെ.പി.സി.സിയുടെ തെരഞ്ഞെടുക്കപ്പെട്ട മെംബർ ആണ്. അക്കാലത്ത് ഞാൻ ഏറ്റവും അംഗീകരിച്ച് ബഹുമാനിച്ചിരുന്ന നേതാവ് സി.കെ. ഗോവിന്ദൻ നായരായിരുന്നു. അദ്ദേഹത്തിെൻറ ശിഷ്യത്വമാണ് എൻെറ ഉയർച്ചക്കും വളർച്ചക്കും കാരണമായത്. എന്നിൽ സോഷ്യലിസ്റ്റ് ചിന്തയും മതേതരത്വ വിശ്വാസവും വളർത്തുന്നതിൽ അദ്ദേഹത്തിൻെറ പങ്ക് മറക്കാൻ കഴിയില്ല. അദ്ദേഹത്തിൻെറ ആദർശ രാഷ്ട്രീയമാണ് എൻെറ മാതൃക.
മലപ്പുറത്ത് പ്രത്യേകിച്ച് കിഴക്കൻ ഏറനാട്ടിലെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു താങ്കൾ. ഐ.എൻ.ടി.യു.സിയിലേക്ക് വന്നതിനെ കുറിച്ച് പറയാമോ?
കോൺഗ്രസുകാരനായി ഞാൻ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ കെ. കുമാരനാണ് മലബാറിലെ ഐ.എൻ.ടി.യു.സിയുടെ ജനറൽ സെക്രട്ടറി. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അദ്ദേഹമാണ് യൂനിയൻ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത്. ഒരു ദിവസം അദ്ദേഹത്തിൻെറ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടി ഒരു ക്ലാസ് സംഘടിപ്പിച്ചു. ഞാനപ്പോൾ നിയോജക മണ്ഡലം സെക്രട്ടറിയാണ്. കോൺഗ്രസിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഞാൻ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുണ്ടാക്കിയിരുന്നു. അവരും ആ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിലെ എൻെറ പ്രസംഗം കേട്ട് എന്നോട് ഐ.എൻ.ടി.യു.സിയിലേക്ക് വരണം എന്നു പറഞ്ഞു. കെ. കുമാരേട്ടൻ അന്ന് രാത്രി നിലമ്പൂരിലാണ് താമസിച്ചത്. പിറ്റേന്ന് പുല്ലങ്കോട് എസ്റ്റേറ്റിൽ ഐ.എൻ.ടി.യു.സിയുടെ യോഗത്തിൽ പ്രസംഗിക്കാനുണ്ട് അദ്ദേഹത്തിന്. ഞാനും അദ്ദേഹത്തിെൻറ കൂടെ പുല്ലങ്കോട് എസ്റ്റേറ്റിലേക്ക് പോയി. അവിടം മുതൽ ഞാൻ ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി. ഏറെക്കഴിയാതെ ഐ.എൻ.ടി.യു.സി വൈസ് പ്രസിഡൻറായി. ഇടിവണ്ണയിൽ ഹുസൈനും പുല്ലങ്കോട് എസ്റ്റേറ്റിൽ കെ. കുമാരനുമായിരുന്നു ഐ.എൻ.ടി.യു.സിയുടെ നേതൃത്വം. ഈ രണ്ടു പേരുടെയും കൂടെ ഞാൻ പ്രവർത്തിച്ചു.
ഒരിക്കൽ കുമാരേട്ടന് നിലമ്പൂരിനടുത്തുള്ള ഇടിവണ്ണയിൽ വെച്ച് എ.ഐ.ടി.യു.സിക്കാരുടെ മർദനമേറ്റു. പരിക്കേറ്റ് അദ്ദേഹം കിടപ്പായി. അപ്പോൾ പുല്ലങ്കോട് എസ്റ്റേറ്റ് ഐ.എൻ.ടി.യു.സിയുടെ പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ കുമാരേട്ടൻ എന്നോട് ആവശ്യപ്പെട്ടു. അന്നു മുതൽ ഇന്നുവരെയും പ്രസ്തുത യൂനിയൻെറ പ്രസിഡൻറാണ് ഞാൻ.
മലപ്പുറം ജില്ല രൂപവത്കരണത്തെ എതിർത്ത കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു താങ്കൾ. ജില്ല രൂപവത്കരണത്തിനെതിരെ പദയാത്ര നടത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് മലപ്പുറം എന്നൊരു ജില്ല വേണ്ട എന്ന നിലപാട് എടുത്തത്?
ഒരു പ്രത്യേക വിഭാഗത്തിെൻറ ആധിപത്യത്തിന് വേണ്ടിയുള്ളതാണ് വിഭജനം എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അതാണ് എതിർത്തത്. നമ്മുടെ സെക്കുലറിസ്റ്റ് കാഴ്ചപ്പാടുമായി മലപ്പുറം ജില്ല രൂപവത്കരണം യോജിച്ചുപോകില്ല എന്ന ചിന്തയും ഉണ്ടായി. മുസ്ലിംകൾ മെയിൻസ്ട്രീമിൽ നിന്ന് മാറിപ്പോകുന്ന അവസ്ഥ ഉണ്ടാകുമോ എന്നും ഭയന്നു. ഈ ചിന്താഗതി എനിക്ക് മാത്രമല്ല മലബാറിലെ ധാരാളം കോൺഗ്രസുകാർക്ക് ഉണ്ടായിരുന്നു. നേതൃത്വം മൊയ്തു മൗലവിക്കായിരുന്നു. മൊയ്തു മൗലവിയും അന്നത്തെ കോൺഗ്രസ് ജില്ല കമ്മിറ്റിയും മലപ്പുറം ജില്ല രൂപവത്കരണത്തിന് എതിരായിരുന്നു. ജില്ല രൂപീകരിച്ചതുകൊണ്ട് വികസനം ഉണ്ടാവില്ല, ഒരു ഡവലപ്മെൻറ് അതോറിറ്റിയാണ് വേണ്ടത് എന്നായിരുന്നു ഞങ്ങളുടെ വാദം. കാരണം മലപ്പുറം പിന്നാക്ക പ്രദേശമാണ്. ഞങ്ങളുടെ വാദം ശരിയായിരുന്നു എന്ന് ജില്ല രൂപവത്കരിച്ച ശേഷമുള്ള നിരവധി വർഷത്തെ നമ്മുടെ പ്ലാൻ ഫണ്ടിൻെറയും മറ്റും കാര്യം പരിശോധിച്ചാൽ മനസ്സിലാകും. വികസനത്തിൽ പതിനാലാമത്തെ സ്ഥാനത്ത് തുടരുകയാണ് ഇന്നും മലപ്പുറം.
അതായത്, അന്ന് ജില്ല വിഭജനത്തെ കോൺഗ്രസ് എതിർത്തത് ശരിയായിരുന്നു എന്നാണ് ഇപ്പോഴും താങ്കൾ കരുതുന്നത്?
അതെ. ആ നിലപാട് ശരിയായിരുന്നു എന്നതിൽ യാതൊരു സംശയവും ഇല്ല. ഡവലപ്മെൻറ് അതോറിറ്റിയാണ് വികസനത്തിന് ആവശ്യം എന്നായിരുന്നല്ലോ ഞങ്ങളുടെ വാദം. ജില്ല വന്നിട്ടും മലപ്പുറം പിന്നാക്കം തന്നെയായിരുന്നു. പിന്നീട് ഒരു ഉണർവ് കിട്ടിയത്, വികസനമുണ്ടായത് പഞ്ചായത്തീരാജ് ബില്ലും നഗരപാലികാ ബില്ലും പാസായ ശേഷമാണ്. ജനസംഖ്യാനുപാതികമായി പ്ലാൻ ഫണ്ടും ഗ്രാസ്റൂട്ട് പ്ലാനിങ്ങും വന്നതിന് ശേഷമാണ്. ഇന്നും ജില്ല ഏറെ പിന്നിലാണ്, തൊഴിലിൻെറ കാര്യത്തിലും വികസനത്തിൻെറ കാര്യത്തിലും. ഒരു മേജർ ഇറിഗേഷൻ പദ്ധതി ഇല്ലാത്ത ഏക ജില്ലയാണ് മലപ്പുറം. ജനസംഖ്യാനുപാതികമായി ചികിത്സാസൗകര്യത്തിലും ജില്ല പിന്നിലാണ്. വിദ്യാഭ്യാസ മേഖലയിൽ പക്ഷേ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.
താങ്കളെപ്പോലെ മുതിർന്ന നേതാക്കൾ ഉണ്ടായിട്ടും മലപ്പുറം ജില്ലയിൽ കോൺഗ്രസ് എപ്പോഴും മുസ്ലിം ലീഗിെൻറ നിഴലിലാണ്. കോൺഗ്രസിന് ഒരു വലിയ മുന്നേറ്റം അവിടെ ഉണ്ടാക്കാൻ കഴിയുന്നില്ല. ഇത് എന്തുകൊണ്ടാണ്?
അങ്ങനെ ഒരാളും പറയില്ല. ഞങ്ങളുടെ പാർട്ടിയുടെ വ്യക്തിത്വം നിലനിർത്തിക്കൊണ്ടല്ലാതെ ഒരു കാര്യത്തിനും ഞങ്ങൾ നിൽക്കാറില്ല. വേറൊരു പാർട്ടിയുടെ കസ്റ്റഡിയിൽ നിന്നുകൊടുക്കാനോ മറ്റൊരു പാർട്ടിയെ കസ്റ്റഡിയിൽ നിർത്താനോ ഞങ്ങൾ ശ്രമിക്കാറില്ല. ആരെങ്കിലും അങ്ങനെ ശ്രമിച്ചാൽ അതിന് സമ്മതിക്കുകയുമില്ല.
എന്നിട്ടും ലീഗിനു പിന്നിൽ നിൽക്കുന്ന അവസ്ഥയല്ലേ കോൺഗ്രസിന്?
അത് സ്വാഭാവികമല്ലേ. മലപ്പുറത്തെ സംബന്ധിച്ച് ലീഗ് വലിയ പാർട്ടി തന്നെയല്ലേ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.