''ഞാനിനി മൊട്ടയടിക്കൂല. ന്റെ തല ക്രോപ്പടിക്കാന് പോകാ...'' അഞ്ചാം ക്ലാസുകാരന്റെ തീരുമാനം ഉറച്ചതായിരുന്നു. അതുകേട്ട് കദിയുമ്മ വിഷമത്തിലായി. നാട്ടുനടപ്പനുസരിച്ച് മുസ്ലിമായ ഒരാള്‍ ക്രോപ്പടിക്കുന്നത് അത്ര നല്ല കാര്യമല്ല. മാത്രമല്ല, നിലമ്പൂരിലെ പ്രമാണിയായ ഉണ്ണീന്‍ സാഹിബിന്റെ മകന് അങ്ങനെ ചെയ്താല്‍ അത് നാട്ടിലൊരു വര്ത്തമാനമാകുകയും ചെയ്യും. തറവാട്ടിലെ കാരണവര്‍ അലവി ഹാജി ഇതറിഞ്ഞാലുള്ള പുകില് പറയുകയും വേണ്ട. അദ്ദേഹം മുസ്ലിം ലീഗിന്റെ നേതാവുകൂടിയാണ്. വല്ലാത്തൊരു വേദനയിലായി കദിയുമ്മ. അവര്‍ മകനെ അടുത്തുവിളിച്ച് പറഞ്ഞുനോക്കി. പക്ഷേ, ഓന് ബാപ്പാന്റെ മോനാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയുമാണ്. ഉച്ച തിരിഞ്ഞപ്പോള്‍ ഒസ്സാന് അയമുട്ടി കത്തിയുമായി വീട്ടിലെത്തി. തറവാട്ടിലെ കുട്ടികളെല്ലാം മൂപ്പരുടെ മുന്നില്‍ അനുസരണയുള്ള ആട്ടിന്‍കുട്ടികളായി. അപ്പോഴും കദിയുമ്മ പറഞ്ഞു നോക്കി. മുഹമ്മദെന്ന മകന് പക്ഷേ സമ്മതിക്കുന്നില്ല.
നിലമ്പൂരിന്റെ മണ്ണില്‍നിന്ന് വളര്‍ന്ന ആര്യാടന് മുഹമ്മദിന്റെ ജീവിതത്തിലെ ആദ്യ സമരമായിരുന്നു അത്. പിന്നീട് എത്രയോ സമരങ്ങളിലൂടെയും കത്തുന്ന രാഷ്ട്രീയഭൂമികകളിലൂടെയും നടന്നുപോയ ജനനേതാവിന്റെ സമരജീവിതത്തിന്റെ തുടക്കം. നാലു തവണ മന്ത്രിയും എട്ടു തവണ നിലമ്പൂര്‍ എം.എല്‍.എയുമായ ആര്യാടന് മുഹമ്മദിന്റെ ജീവിതം എന്നും സംഘര്‍ഷങ്ങള്‍ക്ക് നടുവിലായിരുന്നു. ഒന്നിനു മുന്നിലും പതറാത്ത മനസ്സ്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പൊതുപ്രവര്ത്തകന്. ഇത്തരം നിലപാടുകള്‍ പലപ്പോഴും സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും പ്രതിപക്ഷത്തും ശത്രുക്കളെയുണ്ടാക്കി. എന്നാല്‍, അതൊന്നും തളര്‍ത്തിയില്ല. ദേശത്തിന്റെ അടിവേരോളം നീണ്ടുചെല്ലുന്ന ജനപിന്തുണയല്ലാതെ മറ്റൊന്നുമായിരുന്നില്ല അതിനു കാരണവും.
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാവര്ക്കും ആര്യാടന് മുഹമ്മദ് 'കുഞ്ഞാക്ക'യാണ്. (കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത് ഒരു കുഞ്ഞാപ്പയും – പി.കെ. കുഞ്ഞാലിക്കുട്ടി – ഒരു കുഞ്ഞാക്കയുമാണെന്നൊരു ചൊല്ലുണ്ടായിരുന്നു) തേടിച്ചെല്ലുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ കുഞ്ഞാക്ക നോക്കാറില്ല. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്തു. പുലര്‍ച്ചെ ആറു മുതല്‍ തുടങ്ങി അര്‍ധരാത്രിയും പിന്നിടുന്ന സന്ദര്‍ശകരുടെ തിരക്കിനിടയിലാണ് അദ്ദേഹത്തിന്റെ ജീവിതം. നിലമ്പൂര്‍ ജനതപ്പടിയിലുള്ള വീടിന്റെ വാതിലുകള്‍ അതുകൊണ്ടുതന്നെ എപ്പോഴും തുറന്നുതന്നെ കിടക്കുന്നു. കിടപ്പുമുറിവരെ നീളുന്നു സന്ദര്‍ശകനിര. ഇന്റര്‍വ്യൂവിനു വേണ്ടി അതിരാവിലെ എത്തുമ്പോഴും തിരക്കിലായിരുന്നു കുഞ്ഞാക്ക. ആഴ്ചകള്‍ക്കു മുമ്പ് അനുവദിച്ച സമയമായിട്ടുപോലും കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞാക്കാന്റെ വിളിവന്നത്. പെട്ടെന്ന് ചോദ്യങ്ങളിലേക്ക് കടക്കണമെന്ന് നിര്‍ദേശം. ആളുകള്‍ കാത്തിരിക്കുന്നുണ്ട് പുറത്തെന്ന് ഒരിക്കല്‍ക്കൂടിയുള്ള ഓര്‍മപ്പെടുത്തല്‍.
തല മൊട്ടയടിക്കില്ലെന്ന തീരുമാനം എന്തുകൊണ്ടായിരുന്നു?
നിലമ്പൂര്‍ മാനവേദന് ഹൈസ്കൂളില്‍ ഫസ്റ്റ് സ്റ്റാൻഡേഡില് ചേര്‍ത്തപ്പോഴാണ് അങ്ങനെ തീരുമാനിച്ചത്. മൊട്ടയടിക്കുന്നത് ഒരു ഭംഗിയില്ലായ്മയാണ് എന്ന ബോധത്തില്നിന്നായിരുന്നു ആ തീരുമാനം. എന്റെ കൂടെ സ്കൂളില്‍ വരുന്ന കുട്ടികളൊക്കെ ക്രോപ്പ് ചെയ്തിട്ടാണ് വന്നിരുന്നത്. അവരെ കാണാനും നല്ല ഭംഗിയുണ്ട്. ഞാനും വേറേ ചിലരും മാത്രം മൊട്ടയടിച്ച്... അതുകൊണ്ട് മൊട്ടയടിക്കില്ലെന്ന് തീരുമാനിച്ചു.
ചെറുപ്പകാലത്തെക്കുറിച്ച് കൂടുതല്‍ പറയാമോ?
ആര്യാടന് ഉണ്ണീന്റെയും കദിയുമ്മയുടെയും രണ്ടാമത്തെ മകനായി 1935 ഏപ്രില്‍ 15നായിരുന്നു ജനനം. ഒരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ ബാപ്പയുടെ ജ്യേഷ്ഠന് അലവി ഹാജിയും കുടുംബവുമടക്കം എല്ലാവരും ഒന്നിച്ചായിരുന്നു താമസം. അലവി ഹാജിയായിരുന്നു കാരണവര്‍. ബാപ്പയും ജ്യേഷ്ഠനും തടിക്കച്ചവടമായിരുന്നു. നിലമ്പൂര്‍ കോവിലകത്തു നിന്നാണ് മരം വാങ്ങിയിരുന്നത്. അക്കാലത്ത് കോവിലകത്തുനിന്നാണ് മരം മുറിക്കാന്‍ പാസ് വാങ്ങുക. വേറെ നിയമങ്ങളൊന്നും വന്നിട്ടില്ല. പിന്നീട് 1948ല്‍ വനസംരക്ഷണ നിയമം വന്നു. അതോടെ ബാപ്പയുടെ മരക്കച്ചവടം നിന്നു. വലിയ കഷ്ടപ്പാടും പ്രയാസവും ഒക്കെയായി. കുറച്ച് കൃഷിയുണ്ടായിരുന്നതു മാത്രമായി കുടുംബത്തിന്റെ വരുമാനം. ദുരിതത്തിന്റെ നാളുകള്‍ കൂടിയായിരുന്നു അത്. കുടുംബത്തിലെ എല്ലാവരും പ്രയാസപ്പെട്ടു. എങ്കിലും അതെല്ലാം ഞങ്ങള്‍ തരണം ചെയ്യുകതന്നെ ചെയ്തു.
ബാപ്പയുടെ ജ്യേഷ്ഠന് അലവി ഹാജി ലീഗ് നേതാവ്. ബാപ്പ ഉണ്ണീന്‍ കോണ്‍ഗ്രസ്. അതെങ്ങനെയാണ് സംഭവിച്ചത്?
വീട്ടില്‍ എല്ലാവരും ലീഗായിരുന്നു. മൂത്താപ്പയായ അലവി ഹാജി ലീഗിന്റെ പ്രാദേശിക നേതാവായിരുന്നു. പാകിസ്താന് വാദം ശക്തമായി നടക്കുന്ന കാലത്ത് ഞങ്ങളുടെ തറവാട്ടിലും യോഗങ്ങളും മറ്റും നടക്കാറുണ്ടായിരുന്നു. ''പത്തണന്റെ കത്തികൊണ്ട് കുത്തിവാങ്ങും പാകിസ്താന്'' എന്നൊക്കെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ മുദ്രാവാക്യം മുഴക്കുന്നത് കുട്ടിയായ ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍, എനിക്ക് ഒരിക്കലും ലീഗിനോട് അനുഭാവം ഉണ്ടായില്ല.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്തെ ഓര്‍മകള്‍ എന്തൊക്കെയാണ്?
ഞാന്‍ ആറാം ക്ലാസില്‍ എത്തിയ വര്‍ഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. രാവിലെ സ്കൂളിലെത്തുമ്പോള്‍ മാഷന്മാര് എന്തൊക്കെയോ ഒരുക്കത്തിലാണ്. പിഷാരടി മാഷ് എല്ലാ കുട്ടികളെയും ഒരുമിച്ചുകൂട്ടി പറഞ്ഞു: ''നമ്മുടെ നാടിന് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇവിടെനിന്ന് തോറ്റോടിയിരിക്കുന്നു. ഇനി നമ്മള് വിചാരിക്കുന്നപോലെ കാര്യങ്ങള്‍ നടക്കും. ഇന്ന് സ്കൂള്‍ അവധിയാണ്. സന്തോഷത്തോടെ വീട്ടിലേക്ക് പൊയ്ക്കോളൂ... നാളെ രാവിലെ ഒമ്പതു മണിക്കുതന്നെ നല്ല ഉടുപ്പുകളൊക്കെ ഇട്ട് എല്ലാവരും വരണം...'' പിറ്റേദിവസം ഞാന്‍ സ്കൂളിലെ സ്വാതന്ത്ര്യപ്രഖ്യാപന പരിപാടിയില്‍ സജീവമായി. സ്കൂളില്‍നിന്ന് പുറപ്പെട്ട ജാഥയില്‍ പിഷാരടി മാഷ് എഴുതിത്തന്ന മുദ്രാവാക്യങ്ങള്‍ ഞാന്‍ ആവേശത്തോടെ വിളിച്ചുകൊടുത്തു – ''നേടി നാടിനു സ്വാതന്ത്ര്യം. ബ്രിട്ടീഷ് തോക്കുകള്‍ തോറ്റോടി...'' ഞാന്‍ ചൊല്ലിക്കൊടുക്കുന്നത് എന്റെ പിറകിലുള്ള കുട്ടികള്‍ ഏറ്റുപറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ ജാഥ ചെട്ടിയങ്ങാടിയിലെ കയറ്റം കയറുമ്പോള്‍ കൊടിപിടിച്ച് പതിനഞ്ചോളം ആളുകള്‍ മറ്റൊരു ജാഥയായി വന്നു. അവരില്‍ ചിലരുടെ കൈകളില്‍ ചുവന്ന കൊടികളും കറുത്ത കൊടികളും. അവര്‍ കമ്യൂണിസ്റ്റുകാരായിരുന്നു. നിലമ്പൂരിലെ അന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന സഖാവ് ടി.കെ. മാധവന്റെയും സഖാവ് കുഞ്ഞുണ്ണിയുടെയും നേതൃത്വത്തിലായിരുന്നു ആ കരിദിനാചരണമെന്ന് ഞാന്‍ മനസ്സിലാക്കി.
ഇതെല്ലാം കഴിഞ്ഞ് 1948ല്‍ ഞങ്ങള്‍ തറവാട്ടില്‍നിന്ന് മാറിത്താമസിച്ചതോടെ ഞാന്‍ കോണ്‍ഗ്രസില്‍ സജീവമായി. ആ സമയത്താണ് വീട്ടുകാരും കോണ്‍ഗ്രസാകുന്നത്. അന്നൊക്കെ മുസ്ലിം എന്നു പറഞ്ഞാല്‍ ലീഗാണ്. ലീഗാകുക എന്നത് മതത്തിന്റെ ഒരു ഭാഗമാകലാണ് എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. ലീഗില്‍ വലിയ സ്വാധീനം അക്കാലത്ത് കൊടപ്പനക്കല്‍ തറവാടിന് ഇല്ല. ഇസ്മായില്‍ സേട്ടാണ് നേതാവ്. പോക്കര് സാഹിബ്, സത്താര്‍ സേട്ടു ഇവരൊക്കെയാണ് ലീഗ് നേതാക്കള്‍. നിലമ്പൂരിലും ലീഗ് നേതാക്കള്‍ ഉണ്ടായിരുന്നു. ചന്തക്കുന്നില്‍ മാത്രം കുറച്ച് മുസ്ലിം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. അവരെല്ലാം അബ്ദുറഹ്മാന് സാഹിബിന്റെ അനുയായികളാണ്. ടി.എന്‍. ചേക്കു, കെ.വി. കുഞ്ഞാലന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് മുസ്ലിംകള്.
കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാകുന്നത് എന്നു മുതലാണ്?
സ്കൂളില്‍ ഒരു കേശവന് മാഷുണ്ടായിരുന്നു. ഖദര്‍ മുണ്ടും കുപ്പായവുമേ എപ്പോഴും ധരിക്കൂ. ആരോടും മോശമായി ഒരു വാക്കുപോലും പറയില്ല. മാഷ് കുട്ടികളെ അടിക്കാറില്ല. സ്നേഹത്തോടെയേ സംസാരിക്കൂ. നല്ല മാഷായതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു. മാഷ് കോണ്‍ഗ്രസുകാരനായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരാളായിത്തീരണം എന്നായിരുന്നു എന്റെ ആഗ്രഹം. ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് എങ്ങനെയാവണമെന്ന് മാഷ് ഞങ്ങളെ അദ്ദേഹത്തിന്റെ സ്വഭാവത്തിലൂടെ പഠിപ്പിക്കുകയായിരുന്നു. ഇതൊക്കെ എന്നെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചു. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ വാര്‍ഷിക ദിനത്തില്‍ ഞാന്‍ കൂടുതല്‍ സജീവമായി. തോരണങ്ങള്‍ തൂക്കിയും പായസം വിതരണം ചെയ്തും ഞങ്ങള്‍ അതാഘോഷിച്ചു. പതാകയും തോരണവും അന്വേഷിച്ച് ഞാന്‍ ചെട്ടിയങ്ങാടിയിലെ കോണ്‍ഗ്രസ് ഓഫിസിലെത്തി. അവിടത്തെ നേതാക്കന്മാരെ പരിചയപ്പെട്ടു. അതൊരു തുടക്കമായിരുന്നു.
നിലമ്പൂര്‍ മാനവേദന് ഹൈസ്കൂളില്‍ ചേര്‍ന്നതോടെ സജീവമായി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 1952ലെ തെരഞ്ഞെടുപ്പ് വന്നത്. ചാത്തുക്കുട്ടി നായര്‍ പാര്‍ലമെന്റിലേക്കും അസംബ്ലിയിലേക്ക് അബ്ദുറഹ്മാന് സാഹിബിന്റെ അനുജന് ഇബ്രാഹിം സാഹിബും കെ. കുഞ്ഞമ്പുവും മത്സരിക്കുന്നു. അന്ന് ലീഗിന്റെ ഭാഗത്ത് കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജി അസംബ്ലിയിലേക്കും ബി. പോക്കര് സാഹിബ് പാര്‍ലമെന്റിലേക്കും മത്സരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഞാന്‍ കഴിയുന്നതെല്ലാം ചെയ്തു. അതായിരുന്നു എന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി.
ജവഹര്‍ലാല്‍ നെഹ്റുവിനെ കണ്ട ഓര്മ?
പത്താം ക്ലാസിലേക്ക് ജയിച്ച സമയത്താണ് നെഹ്റു നിലമ്പൂരില്‍ വരുന്നത്. നെഹ്റുവിന്റെ വരവ് ഉത്സാഹത്തോടെയാണ് നിലമ്പൂരിലെ ജനങ്ങള്‍ ഏറ്റെടുത്തത്. അതിന് തുല്യമായ ഉത്സവപ്രതീതി അതിനുശേഷം ഇന്നുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. അത്ര ആവേശത്തോടെയാണ് ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. എല്ലാ വിഭാഗം ആളുകളും അന്ന് എം.എസ്.പി ഗ്രൗണ്ടില്‍ തടിച്ചുകൂടി. നെഹ്റു പോകുന്ന വഴിയിലുടനീളം ആളുകള്‍ നിറഞ്ഞു. നിലമ്പൂരില്‍ അന്ന് ജനസംഖ്യ കുറവാണ്. പക്ഷേ ഒരു വീട്ടിലും ആരും അവശേഷിക്കാത്ത രൂപത്തിലാണ് ആളുകളെത്തിയത്. രോഗികള്‍ ഒഴികെയുള്ള ആണുങ്ങളും പെണ്ണുങ്ങളും നെഹ്റുവിനെ കാണാന്‍ എത്തി. സംഘാടക സമിതിയുടെ ബാഡ്ജ് ഉള്ളതുകൊണ്ട് എനിക്ക് ധൈര്യത്തോടെ നെഹ്റു വരുന്ന വഴിയില്‍ നില്‍ക്കാനായി. അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തിനു നേരെ ഞാന്‍ കൈനീട്ടി. പുഞ്ചിരിയോടെ അദ്ദേഹം എന്റെ കൈപിടിച്ച് കുലുക്കി. നെഹ്റുവിന്റെ പ്രസംഗം ഞങ്ങളെയൊക്കെ ആവേശത്തിലാക്കി.
രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നത് എപ്പോള്‍ മുതലാണ്?
1954ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ഞാന്‍ കൂടുതല്‍ സജീവമായി. 1955ല്‍ വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 1956ല്‍ തോട്ടം തൊഴില്‍ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കി ട്രേഡ് യൂനിയന്‍ രംഗത്തേക്ക് വന്നു. റബര്‍ തോട്ടം തൊഴിലാളി യൂനിയന്‍ വൈസ് പ്രസിഡന്റായി. നിലമ്പൂര്‍ പ്രദേശത്തെ തൊഴിലാളികളെ സംഘടിപ്പിച്ച് രൂപവത്കരിച്ച നിലമ്പൂര്‍ എസ്റ്റേറ്റ് ലേബര്‍ കോണ്‍ഗ്രസായിരുന്നു അത്. 1957ലെ തെരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ ഇലക്ഷന് കമ്മിറ്റി സെക്രട്ടറിയാണ്. ആ സമയത്ത് നിയോജക മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറികൂടിയായിരുന്നു. 1958ല്‍ കെ.പി.സി.സി അംഗമായി. പിന്നീട് ഇന്നുവരെ തെരഞ്ഞെടുക്കപ്പെട്ട മെംബര്‍ ആണ്. അക്കാലത്ത് ഞാന്‍ ഏറ്റവും അംഗീകരിച്ച് ബഹുമാനിച്ചിരുന്ന നേതാവ് സി.കെ. ഗോവിന്ദന് നായരായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വമാണ് എന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും കാരണമായത്. അദ്ദേഹത്തിന്റെ കൂടെ മരണംവരെ ഞാനുണ്ടായിരുന്നു. മരിക്കുന്ന സമയത്തും കൂടെയുണ്ടായിരുന്നു. ജനറല്‍ ആശുപത്രിയില്‍ എന്റെ മടിയില്‍ കിടന്നാണ് അദ്ദേഹം മരിച്ചത്.
തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു താങ്കള്‍. ആര്യാടന് മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ചയുടെ തുടക്കം ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനമാണ്..?
കോണ്‍ഗ്രസുകാരനായി ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കെ. കുമാരനാണ് മലബാര്‍ ഐ.എന്‍.ടി.യു.സിയുടെ ജനറല്‍ സെക്രട്ടറി. സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു അദ്ദേഹം. അദ്ദേഹമാണ് യൂനിയന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത്. ഒരുദിവസം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു ക്ലാസ് സംഘടിപ്പിച്ചു. ഞാനപ്പോള്‍ നിയോജക മണ്ഡലം സെക്രട്ടറിയാണ്. കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഞാന്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുണ്ടാക്കിയിരുന്നു. അവരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.
യോഗത്തിലെ എന്റെ പ്രസംഗം കേട്ട് എന്നോട് ഐ.എന്‍.ടി.യു.സിയിലേക്ക് വരണമെന്നു പറഞ്ഞു. കെ. കുമാരേട്ടന് അന്ന് രാത്രി നിലമ്പൂരിലാണ് താമസിച്ചത്. പിറ്റേന്ന് പുല്ലങ്കോട് എസ്റ്റേറ്റില്‍ ഐ.എന്‍.ടി.യു.സിയുടെ യോഗത്തില്‍ പ്രസംഗിക്കാനുണ്ട് അദ്ദേഹത്തിന്. ഞാനും അദ്ദേഹത്തിന്റെ കൂടെ പുല്ലങ്കോട് എസ്റ്റേറ്റിലേക്ക് പോയി. അവിടം മുതല്‍ ഐ.എന്‍.ടി.യു.സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഏറെക്കഴിയാതെ ഐ.എന്‍.ടി.യു.സി വൈസ് പ്രസിഡന്റായി. ഇടിവണ്ണയില്‍ ഉസ്സന്‍ എന്ന നേതാവിനും ചുള്ളിയോട് ഭാഗത്ത് കെ. കുമാരനുമായിരുന്നു ഐ.എന്‍.ടി.യു.സിയുടെ നേതൃത്വം. ഈ രണ്ടുപേരുടെയും കൂടെ ഞാന്‍ പ്രവര്‍ത്തിച്ചു. കുമാരേട്ടനാണ് എന്നെ ഐ.എന്‍.ടി.യു.സിയിലേക്ക് കൊണ്ടുവന്നത്.
ഒരിക്കല്‍ കുമാരേട്ടന് നിലമ്പൂരിനടുത്തുള്ള ഇടിവണ്ണയില്വെച്ച് എ.ഐ.ടി.യു.സിക്കാരുടെ മര്‍ദനമേറ്റു. പരിക്കേറ്റ് അദ്ദേഹം കിടപ്പായി. എണീക്കാനൊന്നും കഴിയാത്ത സാഹചര്യമായി. അപ്പോള്‍ ഐ.എന്‍.ടി.യു.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കുമാരേട്ടന് എന്നോട് ആവശ്യപ്പെട്ടു.
തോട്ടം മേഖലയില്‍ രണ്ടു സംഘടനകളുടെ നേതാക്കളായിരുന്നു താങ്കളും കുഞ്ഞാലിയും. പിന്നീട് കുഞ്ഞാലിക്കെതിരെ താങ്കള്‍ അസംബ്ലിയിലേക്ക് മത്സരിക്കുകയും ചെയ്തു...
1965ലായിരുന്നു കുഞ്ഞാലിയുമായുള്ള എന്റെ മത്സരം. ഞാന്‍ തോറ്റു. 1963ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും കമ്യൂണിസ്റ്റ് പാര്‍ട്ടിയും യോജിച്ചാണ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് തനിച്ചാണ് മത്സരിച്ചത്. അന്ന് ലീഗ് ശോഷിച്ച അവസ്ഥയിലാണ്. ഇന്നത്തെപ്പോലെ ശക്തിയില്ല. ഇത്തരത്തിലൊരു ബന്ധം ഉണ്ടായിരുന്നതുകൊണ്ട് ലീഗുകാരില്‍ കുറെ ആളുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് വോട്ട് ചെയ്തത്. ഹമീദലി ശംനാടും കുഞ്ഞാലിയും ഞാനുമാണ് മത്സരിച്ചത്. ഷംനാടിന് 162 വോട്ടിനാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് കിട്ടിയത്. ചോക്കാട്, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളില്‍ ലീഗിന് സ്വാധീനമുണ്ട്. എന്നിട്ടും അത്ര വോട്ടേ കിട്ടിയുള്ളൂ. അത് കാണിക്കുന്നത് ലീഗുകാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുചെയ്തു എന്നാണ്. 1967 വന്നപ്പോഴും അവര്‍ തമ്മില്‍ ധാരണയായി. സപ്തകക്ഷിയായി. അപ്പോഴും ഞാനും കുഞ്ഞാലിയും തമ്മിലായിരുന്നു മത്സരം. ഞാന്‍ വീണ്ടും തോറ്റു. കുഞ്ഞാലി അക്കാലത്ത് കുറെ കേസുകളില്‍ പ്രതിയായിരുന്നു.
ഇതേ കാലത്തായിരുന്നില്ലേ നിലമ്പൂര്‍ ചെക്ക് പോസ്റ്റ് സമരം?
1967ലാണ് ചെക്ക് പോസ്റ്റ് സമരം ഉണ്ടായത്. ഭയങ്കരമായ ഭക്ഷ്യക്ഷാമം ഉണ്ടായി. നിലമ്പൂര്‍ ഏരിയയില്‍ അന്ന് നെല്‍കൃഷിയുണ്ട്. ഇവിടെനിന്ന് പുറത്തേക്ക് നെല്ല് കൊണ്ടുപോകാന്‍ കഴിയാതെയായി. ചന്തകളിലേക്ക് നെല്ല് കൊണ്ടുപോകുന്ന കര്‍ഷകരെ ചെക്ക് പോസ്റ്റില്‍ തടയാന്‍ തുടങ്ങി. മാത്രമല്ല, അവിടെ വലിയ അഴിമതി നടക്കാനും തുടങ്ങി. അതിനെതിരെ കൃഷിക്കാര്‍ ഒന്നിച്ച് അണിനിരന്നു. ഞങ്ങള്‍ സത്യഗ്രഹം നടത്തി. ചെക്ക് പോസ്റ്റിനടുത്തായിരുന്നു സത്യഗ്രഹം. വഴി തടയലോ കാര്യങ്ങളോ ഒന്നുമല്ല. എങ്കിലും പൊലീസ് ഞങ്ങളെ അറസ്റ്റുചെയ്തു. വഴി തടഞ്ഞു, യാത്രക്ക് തടസ്സമുണ്ടാക്കി എന്നൊക്കെയായിരുന്നു കേസ്. ഞാന്‍ മംഗലം ഗോപി, ബാവക്കുട്ടി തുടങ്ങി അഞ്ചു പേരെ അറസ്റ്റുചെയ്തു. ഈ കേസില്‍ പെരിന്തല്‍മണ്ണ, മഞ്ചേരി സബ്ജയിലുകളിലായി ഒരു മാസത്തോളം കിടന്നു.
സഖാവ് കുഞ്ഞാലി കൊല്ലപ്പെട്ടപ്പോള്‍ താങ്കളെയാണ് പൊലീസ് ഒന്നാം പ്രതിയാക്കിയത്. ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു എം.എല്‍.എ ആയിരുന്ന കുഞ്ഞാലിയുടെ മരണവും താങ്കളുടെ അറസ്റ്റും...
1968 കാലത്ത് സി.പി.എം ഭരണമാണ്. കുഞ്ഞാലി എം.എല്‍.എ ആണ്. ചുള്ളിയോട്ടുള്ള എബ്രഹാം എന്നയാളുടെ തോട്ടത്തില്‍ അക്കാലത്ത് ചില പ്രശ്നങ്ങളുണ്ടായി. അവിടെ ഐ.എന്‍.ടി.യു.സി യൂനിയനാണ് ഉണ്ടായിരുന്നത്. കൂലി സംബന്ധിച്ചായിരുന്നു പ്രശ്നം. ഈ സമയത്ത് അബ്രഹാം മുതലാളി കുഞ്ഞാലിയോട് സഹായം തേടി. ഇതേ പ്രശ്നം നിലനില്‍ക്കെ ഐ.എന്‍.ടി.യു.സിയില്‍പ്പെട്ട ചില തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തതായി ഓര്‍ഡര്‍ ഇറക്കി. അവര്‍ക്കു പകരം സി.ഐ.ടി.യുവിലുള്ളവരെ കൊണ്ടുപോയി ജോലി ചെയ്യിച്ചു. ഞങ്ങള്‍ ഇതിനെതിരെ ലേബര്‍ കോടതിയില്‍ പരാതികൊടുത്തു. ഒരു വര്‍ഷത്തോളം കേസുമായി നടക്കുകയായിരുന്നു. എന്നാല്‍, കുഞ്ഞാലിയുടെ തൊഴിലാളികള്‍ക്കും വിചാരിച്ചപോലെ എബ്രഹാം മുതലാളിയില്‍നിന്ന് ആനുകൂല്യങ്ങള്‍ കിട്ടിയില്ല. ചുള്ളിയോട് പ്രദേശത്തെ മറ്റെല്ലാ തൊഴിലാളികളും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരായിരുന്നു. ഈ തൊഴിലാളികളും കുഞ്ഞാലി കൊണ്ടുവന്ന തൊഴിലാളികൾ രാജിവെച്ച് എന്റെ യൂനിയനില്‍ ചേര്‍ന്നു. ഇത് കുഞ്ഞാലിക്ക് ക്ഷീണമായി. അന്നദ്ദേഹം എം.എല്‍.എകൂടിയാണെന്ന് ഓര്‍ക്കണം.
ഒരു ദിവസം കുറെ ആളുകളെ സംഘടിപ്പിച്ച് കുഞ്ഞാലി തോട്ടത്തില്‍ വന്നു. ചെലവ് കാശ് കൊടുക്കുന്ന ദിവസമായിരുന്നു അത്. മുതലാളിയുടെ വീടിനടുത്തുനിന്ന് ഞങ്ങളുടെ തൊഴിലാളികളെ അടിച്ചോടിക്കാനായിരുന്നു അവര്‍ വന്നത്. ഇങ്ങനെയൊരു സംഘര്‍ഷാവസ്ഥ ഉണ്ട് എന്നെനിക്ക് വിവരം കിട്ടി. ഞാനന്നേരം പുല്ലങ്കോട് എസ്റ്റേറ്റില്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുകയാണ്. വലിയ സംഘര്‍ഷമാണ് എന്നറിഞ്ഞപ്പോള്‍ നിലമ്പൂരില്‍ വന്ന് പൊലീസില്‍ വിവരം പറഞ്ഞു. അവര്‍ എന്റെ കൂടെ വരാന്‍ മടിച്ചു. അവസാനം നിര്‍ബന്ധത്തിന് വഴങ്ങി എന്റെ ജീപ്പില്‍ രണ്ട് പൊലീസുകാരെ അയച്ചുതന്നു. ചുള്ളിയോട്ടെ സംഘര്‍ഷാവസ്ഥ നിരീക്ഷിക്കാനായിരുന്നു അവര്‍ വന്നത്.
ചുള്ളിയോട് ഐ.എന്‍.ടി.യു.സി ഓഫിസിലേക്കായിരുന്നു ഞാന്‍ ചെന്നത്. രാത്രി എട്ടുമണി ആയിക്കാണും. ഒരു ചായപ്പീടികക്ക് മുകളിലാണ് ഓഫിസ്. ഞാനവിടെ എത്തിയപ്പോള്‍ ചുള്ളിയോട്ടെ തൊഴിലാളികളും കുറച്ച് കോണ്‍ഗ്രസുകാരും എന്നെ കാണാന്‍ വന്നു. കുറെ ആളുകള്‍ താഴെ നിന്നു. അപ്പോള്‍ രണ്ടു പൊലീസുകാരും എന്നോടു വന്നു പറഞ്ഞു, സിറ്റ്വേഷന് മോശമാണ്. ഈ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ എന്നോട് സമ്മതംചോദിച്ചു. ഞാനവരെ തടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞാലിയുടെ നേതൃത്വത്തില്‍ സി.ഐ.ടി.യുക്കാര്‍ താഴെ ബഹളംവെക്കാന്‍ തുടങ്ങി. മുകളിലേക്ക് വന്ന് ഞങ്ങളെ ആക്രമിക്കാനുള്ള ശ്രമമായിരുന്നു. അതില്‍ ഒരാളുടെ കൈയില്‍ തോക്കുണ്ട്. ഹോട്ടലിലൂടെ കയറിയിട്ട് വേണം മുകളിലേക്ക് വരാന്‍. അതിനുവേണ്ടി ശ്രമിക്കുകയാണ്. അതിനിടയിലാണ് വെടിയുടെ ശബ്ദം. താഴെ നിന്ന് സി.ഐ.ടി.യുക്കാര്‍ അട്ടഹസിച്ച് വരികയാണല്ലോ. ഈ വെടിയൊച്ച കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ധരിച്ചത് ഞങ്ങളുടെ ഭാഗത്തേക്കാണ് വെടിവെച്ചത് എന്നാണ്. ആകെ പരിഭ്രമമായി എല്ലാവര്ക്കും. കുറച്ച് കഴിഞ്ഞാണ് അറിയുന്നത് കുഞ്ഞാലിക്കാണ് വെടിയേറ്റതെന്ന്. അദ്ദേഹത്തെ ജീപ്പില്‍ കയറ്റുന്നതും കണ്ടു. കുഞ്ഞാലിക്ക് വെടിയേറ്റ വിവരം അറിഞ്ഞ സി.ഐ.ടി.യുക്കാര്‍ തടിച്ചുകൂടി. എന്നെ കൊല്ലാന്‍ വേണ്ടി കോണ്‍ഗ്രസ് ഓഫിസിന് തീവെക്കാനൊരുങ്ങി. മണ്ണെണ്ണ എടുക്കെടാ... തീവെയ്ക്കടാ എന്നൊക്കെ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അപ്പോഴേക്കും മഴ പെയ്തു. ആ മഴ രക്ഷയായി. മഴ പെയ്തപ്പോള്‍ ഇവര്‍ മുകളിലേക്ക് കയറിവരുകയാണ്. ഇനി അവനെ കൊല്ലണം എന്നുപറഞ്ഞിട്ട്. മരിക്കുകയാണെന്ന് ഞാനും ഉറപ്പിച്ചു. കോണിയുടെ പലക ചവിട്ടിയാണല്ലോ അവര്‍ വരുന്നത്. ആ സമയത്ത് ഞാനൊരു വിറകുകൊള്ളിയെടുത്ത് എടുക്കെടാ തോക്ക് എന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ മുകളിലേക്ക് കയറി വരുന്നവര്‍ പേടിച്ച് തിരിച്ചുപോയി. ഞാന്‍ താഴെ പോയി വാതിലടച്ചു. അപ്പോഴേക്കും പൊലീസെത്തി. അല്ലെങ്കില്‍ ഞാനന്ന് മരിക്കേണ്ടതായിരുന്നു. ഇതാണ് യഥാര്‍ഥ സംഭവം. അന്നത്തെ തൊഴിലാളികള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്ന് സി.ഐ.ടി.യു ആയി പിന്നീട് ഐ.എന്‍.ടി.യു.സിയിലേക്ക് വന്നവരാണ് അവരൊക്കെ. അവരൊക്കെ ഇപ്പോള്‍ കോണ്‍ഗ്രസുകാരാണ്. പോലീസെത്തി എന്നെ അറസ്റ്റുചെയ്തു കൊണ്ടുപോയി. ഞങ്ങള്‍ ഇരുപത്തഞ്ചോളം പേരുണ്ടായിരുന്നു കോണ്‍ഗ്രസ് ഓഫിസില്‍. ആ സമയത്ത് ഉള്ളവരെയെല്ലാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഞാനായിരുന്നു ഒന്നാം പ്രതി.
കുഞ്ഞാലി വധക്കേസിന് മുമ്പും പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ജയിലില്‍ കിടന്നിട്ടുണ്ട് താങ്കള്‍. ചെക്ക് പോസ്റ്റ് സമരത്തെ തുടര്‍ന്നും താങ്കള്‍ ജയിലില്‍ കിടന്നു... ആദ്യത്തെ ജയില്‍വാസം എപ്പോഴായിരുന്നു?
വിമോചന സമരകാലത്തായിരുന്നു ആദ്യത്തെ ജയില്‍വാസം. മഞ്ചേരി താലൂക്ക് ഓഫിസ് പിക്കറ്റ് ചെയ്തതിന്. 15 ദിവസം മഞ്ചേരി സബ്ജയിലില്‍ കിടന്നു. കുഞ്ഞാലി വധക്കേസില്‍ ഒമ്പത് മാസം കോഴിക്കോട് ജില്ലാ ജയിലില്‍. വിചാരണ കാലഘട്ടം മുഴുവന്‍. ജാമ്യം നിഷേധിച്ചതിനാല്‍ കേസ് വിചാരണ മുതല്‍ വിധിപറയുന്നതു വരെ കിടക്കേണ്ടി വന്നു. വിധി എനിക്ക് അനുകൂലമായിരുന്നു. എന്റെ നിരപരാധിത്വം തെളിയുകയും ചെയ്തു.
പില്ക്കാലത്ത് കുഞ്ഞാലിയുടെ ഭാര്യ സൈനബ താങ്കള്‍ക്ക് വേണ്ടി വോട്ട് പ്രചാരണത്തിന് ഇറങ്ങിയിരുന്നല്ലോ...
1977ലാണ് പിന്നീട് ഞാന്‍ മത്സരിച്ചത്. അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സെയ്താലിക്കുട്ടിയാണ് എതിര് സ്ഥാനാർഥി. ഞാന്‍ ജയിച്ചു. അതുകഴിഞ്ഞ് ഞങ്ങള്‍ ലെഫ്റ്റ് ഡമോക്രാറ്റിക് ഫ്രണ്ടായി. ആ സന്ദര്‍ഭത്തില്‍ ഞാന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് തോറ്റു. അതുകൊണ്ട് അസംബ്ലിയില്‍ മത്സരിക്കാന്‍ പറ്റിയില്ല. എന്നാല്‍ എന്നെ മന്ത്രിയാക്കി. നായനാര്‍ സര്‍ക്കാറില്‍ വനം-തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കേണ്ട സാഹചര്യം വന്നു. സി. ഹരിദാസായിരുന്നു നിലമ്പൂരില്‍നിന്ന് ജയിച്ചിരുന്നത്. അദ്ദേഹം എനിക്കുവേണ്ടി രാജിവെച്ചു. ഞാന്‍ മത്സരിച്ചു. അന്ന് മാര്‍ക്സിസ്റ്റുകാര്‍ എനിക്ക് അനുകൂലമായിരുന്നു. അവര്‍ എന്നെ സഹായിച്ചു. അതിന്റെ ഭാഗമായിരുന്നു കുഞ്ഞാലിയുടെ ഭാര്യ എനിക്കുവേണ്ടി വോട്ടുചോദിച്ച് പ്രചാരണത്തിനിറങ്ങിയത്.
നെഹ്റുവിനെ സ്നേഹിച്ച ഒരാളായിരുന്നു താങ്കള്‍. പിന്നീട് എങ്ങനെയാണ് ഇന്ദിരാ വിരുദ്ധനായി മാറിയത്?
നെഹ്റുവിനെയും ഇന്ദിരയെയും എനിക്ക് വളരെ ഇഷ്ടമായിരുന്നു. കാരണം നെഹ്റു നല്ലൊരു സോഷ്യലിസ്റ്റായിരുന്നു. ഞാന്‍ തുടക്കംമുതലേ സോഷ്യലിസ്റ്റ് ലൈനില്‍ ചിന്തിക്കുന്ന ആളാണ്. സി.കെ. ഗോവിന്ദന് നായരാണ് എന്റെ രാഷ്ട്രീയ ഗുരു എന്ന് പറഞ്ഞല്ലോ. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റാകുമ്പോള്‍ ഞാന്‍ ആ കമ്മിറ്റിയില്‍ അംഗമാണ്. ആ കമ്മിറ്റിയിലെ പ്രായം കുറഞ്ഞ മെംബറും ഞാനായിരുന്നു. തികഞ്ഞ സോഷ്യലിസ്റ്റായിരുന്നു ഗോവിന്ദന് നായര്‍. അതോടെയാണ് എനിക്കും ഒരു സോഷ്യലിസ്റ്റ് ലൈന്‍ വന്നത്.
ഇന്ദിര പ്രധാനമന്ത്രിയായപ്പോള്‍ പറഞ്ഞത്, എന്റെ ഗവണ്മെന്റിന്റെ നയം 'ലെഫ്റ്റ് ഓഫ് ദി സെന്റര്‍' എന്നാണ്. എന്നെ ആകര്‍ഷിച്ച ഘടകം അതായിരുന്നു. സെന്ററില്‍നിന്ന് ഇടത്തോട്ടുള്ള നയമാണ് സ്വീകരിക്കുക എന്നാണല്ലോ ഇന്ദിര പറഞ്ഞത്. അതില്‍ പല കാര്യങ്ങളും ഇന്ദിര പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പക്ഷേ, 1977ലെ തോല്‍വി വന്ന സമയത്ത് എനിക്ക് അവരോട് വ്യക്തിപരമായി വിരോധമൊന്നും ഇല്ലായിരുന്നു. നമ്മള് ഉദ്ദേശിച്ച ഒരു സോഷ്യലിസ്റ്റ് ലൈന്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഇനി സാധ്യമല്ല എന്ന ബോധം എന്നിലുണ്ടായി. അപ്പോള്‍ എനിക്ക് തോന്നിയതാണ് ഒരു ലെഫ്റ്റ് ഡമോക്രാറ്റിക് ഫ്രണ്ട് വേണം എന്ന്. അക്കാലത്ത് സി.പി.ഐയുമായി എനിക്ക് നല്ല അടുപ്പമാണ്. അവരുടേത് ഒരു ലെഫ്റ്റ് ആൻഡ് ഡമോക്രാറ്റിക് ഫ്രണ്ട് ആണ്. ഇന്ത്യയിലെ സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റ്കാരും കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും എല്ലാവരുംകൂടി അണിനിരന്ന് ഒരു ഗവണ്മെന്റ് ഇന്ത്യയില്‍ ഉണ്ടാകണം. അതൊരു ഒരു ലെഫ്റ്റ് ആൻഡ് ഡമോക്രാറ്റിക് ഫ്രണ്ട് ആകണം. അതിന് സാധ്യതയുണ്ട് എന്ന ചിന്ത. അതിന് ഇവരൊക്കെ വേണം എന്നൊരു ഫീലിങ്. ആ ചിന്താഗതിയാണ് യഥാർഥത്തില്‍ ഇന്ദിര ഗാന്ധിയുടെ എതിര്‍ഭാഗത്ത് നില്ക്കാന് കാരണമായത്.
വളരെ പ്രതീക്ഷയോടെ രൂപവത്കരിച്ച ലെഫ്റ്റ് ആൻഡ് ഡമോക്രാറ്റിക് ഫ്രണ്ടിനെ പിന്നീട് ഉപേക്ഷിക്കാന്‍ കാരണമെന്തായിരുന്നു?
അതൊരിക്കലും ഇന്ത്യയില്‍ പ്രായോഗികമല്ല എന്ന് ബോധ്യമായപ്പോഴാണ് ഉപേക്ഷിച്ചത്. ഞങ്ങളൊക്കെ മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചാണ് ഇറങ്ങിപ്പോന്നത്. സി.പി.ഐയുടെ നയം അന്നും ഇന്നുമെല്ലാം അവസരവാദപരമാണ്. നമ്മള് കാണുന്ന ഇടത് ചിന്താഗതിയൊന്നും അവരെ സംബന്ധിച്ചിടത്തോളമില്ല. ഇന്ത്യയില്‍ ഇതിനൊരു സ്കോപ്പും ഇല്ല. അതിന് ഇന്ദിരാ ഗാന്ധിക്കേ കഴിയൂ എന്ന് 1980ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തെളിയിച്ചു. അതുകൊണ്ട് ഞാനടക്കമുള്ള ഞങ്ങളുടെ പാര്‍ട്ടിയിലെ പലരും ലെഫ്റ്റ് ആൻഡ് ഡമോക്രാറ്റിക് ഫ്രണ്ട് കൂട്ടുകെട്ട് ഉപേക്ഷിച്ചു. വര്‍ഗീയതക്ക് എതിരെയും സോഷ്യലിസ്റ്റ് ചിന്താഗതിയിലും ഒരു ഗവണ്മെന്റ് ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനല്ലാതെ സാധ്യമല്ല എന്ന തോന്നലാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനുണ്ടായ കാരണം.
അടിയന്തരാവസ്ഥയെ എങ്ങനെയാണ് താങ്കള്‍ കണ്ടത്? അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് പ്രസംഗിക്കുകയും മറ്റും ചെയ്തിരുന്നല്ലോ.
അടിയന്തരാവസ്ഥയില്‍ എനിക്ക് പൂര്‍ണമായും യോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍, ചില മേഖലയില്‍ അതുകൊണ്ട് ഞാന്‍ പ്രയോജനം കണ്ടിരുന്നു. അതേസമയം തന്നെ ചില മേഖലകളില്‍ ചില ചെയ്തികള്‍ ഉണ്ടായിരുന്നു. അതായത് അധികാര ദുര്‍വിനിയോഗം ചിലര്‍ നടത്തിയിരുന്നു. അതിനോട് എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. അത് ഞാന്‍ പറയുകയും ചെയ്തിരുന്നു.
മലപ്പുറം ജില്ല രൂപവത്കരണത്തെ എതിര്‍ത്ത ഒരാളായിരുന്നു താങ്കള്‍. ജില്ല രൂപവത്കരണത്തിനെതിരെ പദയാത്രയും നടത്തി. എന്തുകൊണ്ടാണ് മലപ്പുറം ജില്ല വേണ്ട എന്ന നിലപാട് എടുത്തത്?
ഞാന്‍ മാത്രമായിരുന്നില്ല അങ്ങനെ നിലപാട് എടുത്തത്, മൊയ്തു മൗലവി അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിലേക്ക്, ഒരു പ്രദേശത്തിന്റെ വികസനമോ മറ്റോ ആയിരുന്നില്ല – ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആധിപത്യത്തിന് വേണ്ടിയുള്ളതാണ് ആ വിഭജനമെന്ന് ഒരു തോന്നല്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് എതിര്‍ത്തത്. നമ്മുടെ സെക്കുലറിസ കാഴ്ചപ്പാടുമായി മലപ്പുറം ജില്ല രൂപവത്കരണം യോജിച്ചുപോകില്ല എന്നൊരു ചിന്തയും ഉണ്ടായിരുന്നു. ഈ ചിന്താഗതി എനിക്ക് മാത്രമല്ല മലബാറിലെ ധാരാളം കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടായിരുന്നു. അതിന്റെ നേതൃത്വം മൊയ്തു മൗലവിക്കായിരുന്നു. മൊയ്തു മൗലവിയും അന്നത്തെ ജില്ലാ കോണ്‍ഗ്രസും മലപ്പുറം ജില്ല രൂപവത്കരണത്തിന് എതിരായിരുന്നു. മാത്രമല്ല, വികസനത്തിന് വേണ്ടത് ഒരു െഡവലപ്മെന്റ് അതോറിറ്റിയായിരിക്കും എന്ന കാഴ്ചപ്പാടും ഉണ്ടായിരുന്നു. മുസ്ലിംകള് മെയിന്സ്ട്രീമില്നിന്ന് മാറിപ്പോകുന്ന അവസ്ഥ ഉണ്ടാകുമോ എന്ന ഭയവും ഉണ്ടായിരുന്നു. അത് ഞാന്‍ ഇപ്പോള്‍ മറച്ചുവെച്ചിട്ട് കാര്യമൊന്നുമില്ല.
1985ലെ ശാബാനു കേസില്‍ ഇടപെട്ട് സംസാരിച്ചതിന് താങ്കളെ ശരീഅത്ത് വിരുദ്ധന്‍ എന്നാണ് വിശേഷിപ്പിച്ചത്. രാജീവ് ഗാന്ധിപോലും ശരീഅത്തിന് അനുകൂലമായിരുന്നു. പക്ഷേ, താങ്കള്‍ എതിര്‍ക്കുകയാണ് ഉണ്ടായത്...
രാജീവ് ഗാന്ധി അനുകൂലിച്ചെങ്കിലും എന്റെ വാദം ശരിയായിരുന്നു. ഇസ്ലാമില്‍ പറഞ്ഞ രൂപത്തിലല്ല വിവാഹമോചനവും വിവാഹവുമൊന്നും നടക്കുന്നത്. എന്നുമാത്രമല്ല, സമൂഹത്തിലെ പാവപ്പെട്ട ആളുകളെ ഒരുതരത്തില്‍ ചൂഷണം ചെയ്യലായിരുന്നു ഇതൊക്കെ. അതുകാരണം ധാരാളം കുടുംബങ്ങള്‍, പാവപ്പെട്ട പെണ്‍കുട്ടികള്‍ കഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഞാന്‍ എതിര്‍ത്തത്. എന്നുമാത്രമല്ല, സി.ആര്.പി.എല്‍ ആക്ട് ഇത്തരത്തിലുള്ള സ്ത്രീകളെ സംരക്ഷിക്കുന്നതിനാണ് ഇന്ദിര ഗാന്ധി കൊണ്ടുവന്നത്. അത് 12 വര്‍ഷം നമ്മുടെ രാജ്യത്ത് നിലനിന്നശേഷം ഒരു ശാബാനുവിന്റെ പേരില്‍ എതിരായിനിന്നത് ശരിയല്ല. ഇന്ന് നടക്കുന്ന വിവാഹമോചനങ്ങള്‍, ഇസ്ലാമികമായും തെറ്റാണ്. മാത്രമല്ല, സാമൂഹികമായ പിന്നാക്കാവസ്ഥ ഒരുവിഭാഗത്തില്‍ ഉണ്ടാക്കുകയാണ്. അത് ശരിയല്ല, ഇതായിരുന്നു എന്റെ അഭിപ്രായം. പക്ഷേ, രാജീവ് ഗാന്ധി ഈ വിഷയം വളരെ സമര്‍ഥമായി കൈകാര്യം ചെയ്തു. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരത്തില്‍ വിവാഹമോചനം ചെയ്താൽ മത്താഅ് (ജീവനാംശം) കൊടുക്കുന്ന രീതി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് എതിര്‍പ്പുകാര്‍ പ്രതീക്ഷിച്ചിരുന്നില്ല. പല മുസ്ലിം രാജ്യങ്ങളിലും മത്താഅ് നിയമനിർമാണം നടത്തിയിട്ടുണ്ട്. കഴിവനുസരിച്ച് ജീവനാംശം നല്‍കണമെന്ന നിയമം രാജീവ് ഗാന്ധി നടത്തി. അത് മുസ്ലിം സ്ത്രീകള്‍ക്ക് വളരെ പ്രയോജനം ചെയ്തു. നൂറോ നൂറ്റി അമ്പതോ ഇരുനൂറോ രൂപ കിട്ടേണ്ട സ്ഥാനത്ത് വലിയൊരു സംഖ്യ ഒന്നിച്ച് ലഭിക്കുകയാണ്. ഈ സംഖ്യ ബാങ്കിലിട്ടാല്തന്നെ ഇതിനേക്കാള്‍ തുക കിട്ടും. അദ്ദേഹം മുസ്ലിം വികാരത്തെ മാനിക്കുകയും ചെയ്തു. എന്നാല്‍, സ്ത്രീകളെ സംരക്ഷിക്കാന്‍ മത്താഅ് നടപ്പാക്കുകയും ചെയ്തു. യഥാർഥത്തില്‍ ഇവിടെ തോറ്റത് ഞാനല്ല, എന്നെ എതിര്‍ത്ത മതമൗലികവാദികള്തന്നെയാണ്. അത് കാലം തെളിയിക്കുകയും ചെയ്തു.
മലപ്പുറം ജില്ല രൂപവത്കരണത്തെ ഇപ്പോള്‍ പോസിറ്റിവായി, നല്ലതായി കാണുന്നുണ്ടോ?
മലപ്പുറം ജില്ല രൂപവത്കരണംകൊണ്ട് ഞങ്ങള്‍ ഭയപ്പെട്ട പോലെ ഒരു ദോഷം ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. അത് ഞാന്‍ സമ്മതിക്കുന്നു.
അറബിഭാഷാ സമരത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മജീദ്, റഹ്മാന്, കുഞ്ഞിപ്പ എന്നീ മൂന്ന് ചെറുപ്പക്കാര്‍ വെടിവെപ്പില്‍ കൊല്ലപ്പെടുകയുണ്ടായി. ആ വെടിവെപ്പിനെ ന്യായീകരിക്കുംവിധം ഒരു പ്രസ്താവന താങ്കള്‍ നടത്തിയതും വിവാദമായിരുന്നു. വെടിവെച്ചില്ലായിരുന്നെങ്കില്‍ അവര്‍ കലക്ടറേറ്റ് തകര്‍ക്കുമെന്നായിരുന്നു പറഞ്ഞത്.
അന്ന് ഞാന്‍ മന്ത്രിയാണ്. അന്നത്തെ പൊലീസ് റിപ്പോര്‍ട്ടാണ് ഞാന്‍ പറഞ്ഞത്. ടി.കെ. രാമകൃഷ്ണനാണ് ആഭ്യന്തരമന്ത്രി. അദ്ദേഹം കാബിനറ്റില്‍ പറഞ്ഞതും അതുതന്നെയായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് താങ്കള്‍ക്കെതിരെ അടിയൊഴുക്കുകള്‍ ഉണ്ടാവാറുണ്ട്. വിജയംപോലും അനിശ്ചിതത്വത്തിലാണ് എന്ന രീതിയില്‍ പ്രചാരണം ഉണ്ടാവാറുണ്ട്. എന്നാല്‍, എല്ലാ തവണയും അതെല്ലാം തകര്‍ത്ത് താങ്കള്‍ ജയിച്ചുവരുകയും ചെയ്യും. എന്താണ് ഇതിലെ മാജിക്?
മാജിക്കൊന്നുമില്ല. വര്‍ഗീയതയിലും മറ്റും ജനങ്ങള്‍ വീഴില്ല. എന്നുമാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും വോട്ടുകള്‍ എനിക്ക് കിട്ടാറുണ്ട്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളുമെല്ലാം എനിക്ക് വോട്ടുചെയ്യുന്നു. സെക്കുലര്‍ നിലപാട് എടുക്കുന്നതുകൊണ്ട് വോട്ടിന്റെ കാര്യത്തില്‍ ഒരു നഷ്ടവും എനിക്ക് സംഭവിക്കാറില്ല. മാത്രമല്ല, സെക്കുലര്‍ സമീപനത്തെ എല്ലാവരും സ്വാഗതം ചെയ്യുന്നു എന്നതാണ് എന്റെ വിജയം കാണിക്കുന്നത്. കുറച്ചുപേര്‍ എതിര്‍ക്കാറുണ്ട് എന്നത് സത്യമാണ്. പി.ഡി.പിയും ജമാഅത്തെ ഇസ്ലാമിയും എല്ലാ കാലത്തും എതിര്‍ക്കാറുണ്ട്. പൊതുവായി പറഞ്ഞാല്‍ ലീഗ് സഹായിക്കാറുണ്ട്. ലീഗ് നില്ക്കുന്ന സ്ഥലങ്ങളില്‍ ഞങ്ങളുടെ ആളുകളും സഹായിക്കാറുണ്ട്. ഒറ്റപ്പെട്ട് ചില ലീഗുകാരും എന്നെ എതിര്‍ക്കാറുണ്ട്.
മുസ്ലിം സമുദായത്തില്‍ കാന്തപുരം ഗ്രൂപ്പിനോട് പ്രത്യേക താല്പര്യം കാണിക്കാറുണ്ട് താങ്കള്‍. എല്ലാ കാലത്തും യു.ഡി.എഫ് വിരുദ്ധ നിലപാടെടുക്കുന്ന ഒരു സംഘടനയോട് എന്തുകൊണ്ടാണ് അടുപ്പം കാണിക്കുന്നത്?
എല്ലാവരോടും തുല്യ അകലം പാലിക്കുന്ന ആളാണ് ഞാന്‍. എല്ലാവരെയും ഞാന്‍ അംഗീകരിക്കും. എനിക്ക് പ്രത്യേക വിഭാഗത്തോട് വിരോധമില്ല. എല്ലാവരെയും ഒരുപോലെ കാണുന്ന ആളാണ് ഞാന്‍. സമുദായ സംഘടനകളെല്ലാം യോജിച്ച് പോരുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. സുന്നികള്‍ രണ്ട് വിഭാഗമുണ്ട്. മുജാഹിദുകളിലും പല വിഭാഗമുണ്ട്. അവരെല്ലാം യോജിക്കുന്നത് നല്ലതാണ്. അതുപോലെ ക്രിസ്ത്യന്‍ വിഭാഗങ്ങളിലും ഇതുപോലെ വേറിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അവരും ഒന്നിച്ചുനില്‍ക്കണം. എല്ലാവരുടെയും ക്ഷണം ഞാന്‍ സ്വീകരിക്കാറുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികള്‍ക്ക് പോകാറില്ല. അതൊരു മതസംഘടനയല്ല, രാഷ്ട്രീയ പാര്‍ട്ടിയാണെന്നാണ് എന്റെ അഭിപ്രായം. പി.ഡി.പി വിളിച്ചാലും പോകില്ല.
കോണ്‍ഗ്രസില്‍ വളരെ സീനിയറായ നേതാവാണ് ആര്യാടന് മുഹമ്മദ്. താങ്കള്ക്കുശേഷമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പ്രതിരോധമന്ത്രിവരെയായ എ.കെ. ആന്റണിപോലും കോണ്‍ഗ്രസില്‍ വരുന്നത്. പക്ഷേ, മന്ത്രി സ്ഥാനത്തിനപ്പുറം എ.ഐ.സി.സി സെക്രട്ടറിപോലെയുള്ള ഉന്നതമായ സ്ഥാനം ലഭിച്ചില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടില്ല. ചില പ്രത്യേക സമുദായങ്ങളെ കോണ്‍ഗ്രസ് പ്രീണിപ്പിക്കാറുണ്ടെന്നത് തെരഞ്ഞെടുപ്പിലും ചര്‍ച്ചയായിരുന്നു. മുസ്ലിം സമുദായാംഗമായതുകൊണ്ടാണോ താങ്കള്‍ തഴയപ്പെട്ടത്?
ഒരിക്കലുമല്ല. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍ട്ടി എനിക്ക് തന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. 11 വര്‍ഷം ഞാന്‍ ഡി.സി.സി പ്രസിഡന്റായി. 14 വര്‍ഷം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി. എട്ടു പ്രാവശ്യം അസംബ്ലിയിലേക്ക് ജയിച്ചു. നാലു തവണ മന്ത്രിയായി. ഇങ്ങനെയൊക്കെ ചുരുക്കം പേര്‍ക്കേ അംഗീകാരം കിട്ടിയിട്ടുള്ളൂ.
എ.കെ. ആന്റണി കെ.എസ്.യു പ്രസിഡന്റായിരുന്നപ്പോള്‍ താങ്കള്‍ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയാണ്. അന്നു മുതല്‍ തുടങ്ങിയ ബന്ധമാണ് ആന്റണിയുമായി. ആന്റണിയോടൊപ്പം കോണ്‍ഗ്രസ് വിട്ടുപോയിട്ടുമുണ്ട്...
തുടക്കം മുതലേ നല്ലൊരു ബന്ധം ആന്റണിയുമായി എനിക്കുണ്ട്. ഞാന്‍ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന കാലത്ത് ആന്റണി കെ.എസ്.യു പ്രസിഡന്റാണ്. അന്നേ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കോഴിക്കോട്ടു വന്നാല്‍ അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും. പണ്ടു മുതലേ ഈ രണ്ടു പേരെ കുറിച്ചും എനിക്ക് നല്ല മതിപ്പാണ്. ഒരിക്കല്‍ ഞാനും അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന കെ. ഗോപാലനും 'മാതൃഭൂമി'യില്‍ പോയി വി.എം. നായരെ കണ്ടു. അന്ന് വി.എം. നായര്‍ ഞങ്ങളോട് ഒരു കാര്യം പറഞ്ഞു, വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ആന്റണി മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രിയും ആകും എന്ന്. അവരുടെ കൈകളിലേക്കാണ് കേരളം പോകുന്നത്. വളരെ തലമുതിര്‍ന്ന നേതാവാണ് വി.എം. നായര്‍ എന്നോര്‍ക്കണം. അത് പുലരുന്നതും പിന്നീട് കണ്ടു.
ഇടക്കാലത്ത് ആന്റണിയുമായുള്ള സൗഹൃദത്തിന് കോട്ടം തട്ടിയിരുന്നോ?
ഒരിക്കലും ഉണ്ടായിട്ടില്ല.
കോൺഗ്രസിലേക്ക് തിരിച്ചുവന്ന കെ. മുരളീധരനെ മന്ത്രിസഭ രൂപവത്കരിക്കുമ്പോള്‍ പരിഗണിച്ചില്ലെന്ന് പരാതിയുണ്ടായിരുന്നല്ലോ. ഒരു ഗ്രൂപ്പിലും പെടാത്തതിനാലാണ് മന്ത്രിസ്ഥാനം കിട്ടാതിരുന്നത് എന്ന് മുരളിയും പറഞ്ഞിരുന്നു.
ഓരോ കാലഘട്ടത്തിലും ഓരോരുത്തര് വരുമല്ലോ. തെന്നല ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി കെ.പി.സി.സി പ്രസിഡന്റായതും അങ്ങേരാണല്ലോ. തെന്നലയും മുരളിയും എല്ലാ അർഥത്തിലും എത്രമാത്രം വ്യത്യാസമുണ്ട്. എന്നിട്ടും അത് സംഭവിച്ചില്ലേ? ഇദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് പോയി. വീണ്ടും കോണ്‍ഗ്രസിലേക്ക് വന്നു. പെട്ടെന്ന് എം.എല്‍.എ ആയില്ലേ? അങ്ങനെയുള്ള ആളുകളും കുറവല്ലേ? മന്ത്രിയാകാന്‍ യോഗ്യന്‍തന്നെ. പക്ഷേ, എല്ലാവര്ക്കും മന്ത്രിയാകാന്‍ കഴിയുമോ? കോണ്‍ഗ്രസില്‍ 38 പേരില്‍ ആരാണ് അയോഗ്യന്‍? പാര്‍ട്ടിക്ക് വിരുദ്ധനായി, ഒരു വ്യക്തിയായി തിരിച്ചുവന്നു, പ്രസ്ഥാനമായി തിരിച്ചുവന്നവര്ക്കൊക്കെ മന്ത്രിസ്ഥാനം കൊടുത്തിട്ടുണ്ട്. വ്യക്തിയായി തിരിച്ചുവന്നവര്‍ക്ക് പെട്ടെന്ന് സ്ഥാനങ്ങള്‍ കൊടുത്തിട്ടില്ല. എം.എല്‍.എ ആക്കിയതുതന്നെ മുരളി ആയതുകൊണ്ടുമാത്രമാണ്.
രാഷ്ട്രീയ ജീവിതത്തില്‍ ധാരാളം സുഹൃത്തുക്കളും ശത്രുക്കളും അങ്ങേക്ക് ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തിലെ സുഹൃത്തുക്കളെ കുറിച്ച് പറയാമോ?
ബേബി ജോണും ഞാനും നല്ല അടുപ്പമായിരുന്നു. കേരളത്തിലെ മറ്റു പാര്‍ട്ടികളുടെ നേതാക്കളില്‍ എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തി ബേബി ജോണായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഒരേ മന്ത്രിസഭയില്‍ ഇരുന്നിട്ടുണ്ട്. എന്നുമാത്രമല്ല, പ്രതിപക്ഷത്തും ഭരണപക്ഷത്തും ആയിട്ടുണ്ട്. എന്നാലും സൗഹൃദം തുടര്‍ന്നിരുന്നു. ഇതുപോലെ സുഹൃദ്ബന്ധം പുലര്‍ത്തുന്ന ഒരാളെ എനിക്ക് പിന്നീട് കാണാന്‍ സാധിച്ചിട്ടില്ല. അതുപോലെ ലീഗും ഞാനും ശത്രുക്കളാണ് എന്നൊക്കെ പറയാറുണ്ടല്ലോ. വാസ്തവത്തില്‍ എനിക്ക് സി.എച്ച്. മുഹമ്മദ് കോയയുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഞാന്‍ ആദ്യമായി നിയമസഭയില്‍ വരുമ്പോള്‍, എന്റെ കന്നി പ്രസംഗം കഴിഞ്ഞ് ഞാന്‍ ലോബിയില്‍ പോയി സിഗരറ്റ് വലിക്കുകയാണ്. സി.എച്ചും അവിടേക്ക് സിഗരറ്റ് വലിക്കാന്‍ വന്നു. എന്നെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഒഴിവു സമയങ്ങളില്‍ നിയമസഭാ ലൈബ്രറിയില്‍ പോയി പഴയ നേതാക്കളുടെ പ്രസംഗങ്ങള്‍ വായിച്ചുനോക്കണം. പിന്നീട് ഞാനങ്ങനെ ചെയ്യുമായിരുന്നു. അന്ന് ഉച്ചവരെയേ അസംബ്ലി ഉണ്ടായിരുന്നുള്ളൂ. അതുപോലെ ഞാന്‍ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ രണ്ട് ഭാഗത്താണെങ്കിലും പല കാര്യങ്ങളിലും എന്നെ ഉപദേശിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു സി.എച്ച്. മറ്റൊരാള്‍ സീതി ഹാജിയാണ്. ഞങ്ങള്‍ വളരെ അടുപ്പക്കാരായിരുന്നു. പാര്‍ട്ടിക്ക് അപ്പുറമുള്ള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. എന്‍.ഇ. ബലറാമുമായും നല്ല അടുപ്പമായിരുന്നു.
എന്നാല്‍, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളുമായി അത്തരമൊരു സൗഹൃദം ഇല്ലാത്തത് എന്തുകൊണ്ടാണ്?
മുന്‍ നേതാക്കളോടെന്നപോലെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഇപ്പോഴത്തെ നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. മറിച്ചുള്ള വിലയിരുത്തല്‍ തെറ്റാണ്. ഞാനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഒരു തരത്തിലുള്ള അകല്‍ച്ചയും ഇല്ല. പലകാര്യങ്ങളിലും ഞങ്ങള്‍ കൂടിയാലോചിച്ചാണ് തീരുമാനങ്ങളെടുക്കാറ്.
താങ്കളെപ്പോലെ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിട്ടും മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് എപ്പോഴും മുസ്ലിം ലീഗിന്റെ നിഴലിലാണ്. കോണ്‍ഗ്രസിന് ഒരു വലിയ മുന്നേറ്റം അവിടെ ഉണ്ടാക്കാന്‍ കഴിയുന്നില്ല. ഇത് എന്തുകൊണ്ടാണ്? കെ.പി.സി.സി നേതൃത്വം ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്താത്തത് കൊണ്ടാണോ?
അങ്ങനെ ഒരാളും പറയില്ല. ഞങ്ങളുടെ പാര്‍ട്ടിയുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടല്ലാതെ ഒരു കാര്യത്തിനും ഞങ്ങള്‍ നില്‍ക്കാറില്ല. വേറൊരു പാര്‍ട്ടിയുടെ കസ്റ്റഡിയില്‍ നിന്നുകൊടുക്കാനോ മറ്റൊരു പാര്‍ട്ടിയെ കസ്റ്റഡിയില്‍ നിര്‍ത്താനോ ഞങ്ങള്‍ ശ്രമിക്കാറില്ല. ആരെങ്കിലും അങ്ങനെ ശ്രമിച്ചാല്‍ അതിന് സമ്മതിക്കുകയില്ല.
ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോഴും മുസ്ലിം ലീഗിനെ താങ്കള്‍ വിമര്‍ശിക്കുമായിരുന്നു. കേരളത്തില്‍ റെയില്‍വേ വികസനം ഉണ്ടായില്ല എന്ന് താങ്കള്‍ പറഞ്ഞിരുന്നു. അതിന് ലീഗ് മറുപടി പറയുകയും ചെയ്തു.
തിരുവനന്തപുരം പ്രസ് ക്ലബില്‍ 'കേരള കൗമുദി' പത്രം നടത്തിയ ഒരു സെമിനാറിലെ എന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് ചാനലുകള്‍ അനാവശ്യമായി ഉയര്‍ത്തിയ ഒരു വിവാദമാണത്. മുന്‍ കേന്ദ്ര റെയിൽവേ മന്ത്രി ഒ. രാജഗോപാല്‍, മുന്‍ മന്ത്രി എം. വിജയകുമാര്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തിരുന്നു. അന്നത്തെ എന്റെ പ്രസംഗം ഇപ്രകാരമായിരുന്നു. ഇന്ത്യന്‍ റെയിൽവേ സാമ്പത്തികമായി ഏറെ പരാധീനതയിലും നഷ്ടത്തിലും നിന്നിരുന്ന കാലത്താണ് മൂന്നുമാസത്തേക്കാണെങ്കിലും പനമ്പിള്ളി ഗോവിന്ദ മേനോന് റെയിൽവേ മന്ത്രിയായത്. ആ സമയത്ത് ആദ്യമായി കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ ഡീസല്‍ എൻജിന് ഉപയോഗിക്കാന്‍ അദ്ദേഹം തീരുമാനമെടുക്കുകയും അത് നടപ്പാക്കുകയും ചെയ്തു. ഇത് ജനങ്ങളുടെയാകെ അഭിനന്ദനം നേടിയ കാര്യമായിരുന്നു. അന്നത്തെ സാഹചര്യമനുസരിച്ച് ഏറ്റവും വലിയ നേട്ടങ്ങളാണ് കേരളത്തിനുണ്ടായത്. മൂന്നു മാസത്തിനുള്ളില്‍ അദ്ദേഹത്തിനത് ചെയ്യാന്‍ കഴിഞ്ഞു. അതിനുശേഷം റെയിൽവേ മന്ത്രിയായ ഒ. രാജഗോപാലും കുറേയൊക്കെ കാര്യങ്ങള്‍ ചെയ്തു. പനമ്പിള്ളി ഗോവിന്ദമേനോനും രാജഗോപാലിനും അഖിലേന്ത്യാ പാര്‍ട്ടികളിലെ അംഗങ്ങളായതുകൊണ്ടാണ് അതെല്ലാം ചെയ്യാന്‍ കഴിഞ്ഞത്. രാജഗോപാലിന്റെ പാര്‍ട്ടി ചെറുതാണെങ്കിലും അഖിലേന്ത്യാ പാര്‍ട്ടിയാണ്. പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാല്‍ അവര്‍ തമിഴ്നാട്ടുകാരനും ബംഗാളിയുമൊക്കെയായി മാത്രം മാറുന്നതാണ് അനുഭവം. ഇവര്‍ക്കൊന്നും ഇന്ത്യയെ ഒന്നിച്ചുകാണാന്‍ കഴിയുന്നില്ല. ഇതാണ് ഞാന്‍ പ്രസ് ക്ലബിലെ സെമിനാറില്‍ പ്രസംഗിച്ചത്. ഇത് പറഞ്ഞപ്പോള്‍ സദസ്സില്‍നിന്നൊരാള്‍ അഹമ്മദോ എന്ന് ചോദിച്ചു. അതിനു ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. അപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി ഉയരുകയും ചെയ്തു. ഇതേക്കുറിച്ച് ഇ.ടി. മുഹമ്മദ് ബഷീറും ഭംഗ്യന്തരേണ ചില പ്രയോഗങ്ങളിലൂടെ ഇ. അഹമ്മദും എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അതിനു മറുപടി അര്‍ഹിക്കുന്നത് അല്ലാത്തതിനാല്‍ ഞാന്‍ പ്രതികരിച്ചില്ല. ഞാന്‍ സെമിനാറില്‍ പറഞ്ഞ കോണ്ടസ്റ്റും അവര്‍ മനസ്സിലാക്കിയതും രണ്ടും രണ്ടാണ്. യഥാര്‍ഥത്തില്‍ എന്താണുണ്ടായതെന്ന് അവരാരും എന്നോട് അന്വേഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഞാന്‍ മറുപടിയും പറഞ്ഞില്ല. ചിലര്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അവരുടെ സ്വാർഥ താൽപര്യങ്ങള്ക്കുവേണ്ടി ഉപയോഗിക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളും അതുകൊണ്ടൊന്നും എനിക്ക് ഒരു പ്രയാസവും ഉണ്ടായിട്ടില്ല. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ പലപ്പോഴും തുറന്നുപറയാറുണ്ട്. അതില്‍ ചിലര്‍ക്കെങ്കിലും വിരോധം തോന്നാന്‍ ഇടവരാറുണ്ട് എന്നതാണ് സത്യം.
പത്രവാര്‍ത്തകള്‍ സൂക്ഷിക്കുന്ന പതിവുണ്ടെന്ന് കേട്ടിട്ടുണ്ട്
മുപ്പതു വര്‍ഷമായി ചെയ്തു വരുന്നുണ്ട്. മന്ത്രിയായപ്പോഴും ചെയ്തിരുന്നു. ഇരുപത്തഞ്ചു വര്‍ഷം സൂക്ഷിച്ചു പോന്നവ വീക്ഷണം പത്രത്തിനു കൊടുത്തു. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ഭരണകാര്യങ്ങള്‍, പോളിസി കാര്യങ്ങള്‍, പാര്‍ട്ടികളുടെ നിറം മാറ്റങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. ഇ.എം.എസിനെപ്പോലെയുള്ളവരുടെ ലേഖനങ്ങളും എന്റെ ശേഖരത്തിലുണ്ട്.
എഴുപതോളം വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. വേദനിപ്പിച്ച അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ...
അങ്ങനെ പലതുമുണ്ട്. എന്റെ ഭാര്യയുടെ പ്രസവത്തില്‍ ഒരാണ് കുട്ടി മരിച്ചിരുന്നു. അന്ന് ഞാന്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റാണ്. പാര്‍ട്ടിയുടെ ഒരു കാര്യത്തിനുവേണ്ടി വയനാട്ടില്‍ പോയപ്പോഴായിരുന്നു മകന്റെ മരണം. ഫോണോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കാലമാണ്. അതുകാരണം ഞാനാ വിവരം അറിയുന്നത് പിറ്റേ ദിവസമാണ്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും മയ്യിത്ത് ഖബറടക്കിയിരുന്നു.
അതിനേക്കാള്‍ എന്നെ വേദനിപ്പിച്ച അനുഭവം കുഞ്ഞാലി വധക്കേസ് കാലത്താണ്. ഞാന്‍ വിചാരണത്തടവുകാരനായി കോഴിക്കോട് ജയിലില്‍ കഴിയുകയാണ്. ഭരണകക്ഷിയുടെ എം.എല്‍.എയാണ് കൊല്ലപ്പെട്ടിരുന്നത്. ഇ.എം.എസ് മുഖ്യമന്ത്രിയാണ്. ആഭ്യന്തരവും അദ്ദേഹത്തിനുതന്നെ. അതുകൊണ്ട് കൊലമരത്തിലേക്കാവും എന്റെ വിധിവരുകയെന്ന് പലപ്പോഴും തോന്നിയിരുന്നു. മക്കളൊന്നും വലുതായിട്ടില്ല. അവരുടെ കാര്യങ്ങള്‍കൂടി നോക്കിനടത്തേണ്ട സമയത്താണ് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടിവന്നത്. ഒരുദിവസം എന്നെ കാണാന്‍ ഭാര്യയും പെങ്ങളും എന്റെ മകനും ജയിലില്‍ വന്നു. അവരുടെ അടുത്തേക്ക് പൊലീസ് എന്നെ കൂട്ടിക്കൊണ്ടുപോയി. സങ്കടംകൊണ്ട് എനിക്ക് ഒരു വാക്കുപോലും അവരോട് പറയാന്‍ കഴിയുന്നില്ല. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഞാന്‍ എന്റെ മകനെ നോക്കി. എന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയോടും പെങ്ങളോടും തിരിച്ചുപോകാന്‍ പറഞ്ഞു. ആ കൂടിക്കാഴ്ച ഒരിക്കലും മറക്കാനാവാത്തതായിരുന്നു. ഇനിയൊരിക്കല്കൂടി എനിക്ക് മക്കളെയും ഭാര്യയെയും കുടുംബത്തെയും കാണാനാവുമോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു ആ നേരത്ത് എന്റെ മനസ്സില്‍.
ഷൗക്കത്ത് ഒരിക്കല്‍ എഴുതിയിരുന്നു– ആര്യാടന് മുഹമ്മദ് എന്ന നേതാവിന്റെ മകനായിരുന്നതിനാല്‍ കിട്ടേണ്ട പല അംഗീകാരങ്ങളും ലഭിച്ചില്ല എന്നും മറ്റും..?
ഒരു മകന് എന്ന നിലയില്‍ ഞാന്‍ ഷൗക്കത്തിനെ പ്രമോട്ട് ചെയ്യാറില്ല. ഞാന്‍ മന്ത്രിയായ കാലത്ത് അവന് തിരുവനന്തപുരത്ത് പഠിക്കുകയാണ്. എന്റെ കൂടെ താമസിപ്പിക്കാതെ ഹോസ്റ്റലില്‍ അയക്കുകയാണ് ചെയ്തത്. സമ്പന്നരുടെ മക്കളെപ്പോലെ അവന് വളരരുത് എന്നതുകൊണ്ടായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.