സിനിമാനടൻ ബാബു ആന്റണിയുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം. സിനിമയിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമാണ് ഈ ലക്കത്തിൽ. ഭരതൻ, എം.പി. സുകുമാരൻ നായർ, ശരത് എന്നിവരുടെ സിനിമകളിൽ വേഷമിട്ടതിന്റെ അനുഭവങ്ങളും പറയുന്നു.
മലയാളത്തില്‍ എൺപതുകളിലെയും തൊണ്ണൂറുകളിലെയും സാധാരണക്കാരുടെ സിനിമകളായി ആഘോഷിച്ചത് മധ്യവര്‍ഗ സിനിമകളായിരുന്നു. പക്ഷേ, താങ്കളുടെ സിനിമകള്‍ അത്തരം സാധാരണക്കാരില്നിന്നുംവിട്ട് തെരുവുകളിലേക്കു പോയിരുന്നു. 'ദാദ', 'ചന്ത' തുടങ്ങിയ സിനിമകള്‍ ഉദാഹരണങ്ങള്‍. 'കടല്‍' എന്ന സിനിമ പറഞ്ഞത് മുക്കുവരുടെ കഥകളായിരുന്നു?
ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത് നാട്ടിന്‍പുറങ്ങളിലാണ്. എഴുപതു ശതമാനം കാണികളും നാട്ടിന്‍പുറങ്ങളിലായിരുന്നു. അവരെ ആഹ്ലാദിപ്പിക്കുക, അതുപോലെ സിറ്റിയില്‍ ഉള്ളവര്‍ക്ക് വേണ്ടത് കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. ലോക ക്ലാസിക്കല്‍ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും ഞാന്‍ ചെയ്തത് മുഴുവന്‍ ഗ്രൗണ്ട് ലെവലിലുള്ള സാധാരണക്കാരുടെ സിനിമകളായിരുന്നു. മാസിനെ എന്റര്ടെയിന് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ആര്‍ക്കും മനസ്സിലാകാത്ത സിനിമകള്‍ ആര് കാണാനാ? ചിലപ്പോള്‍ അവാര്‍ഡ് കിട്ടുമായിരിക്കും. എനിക്ക് അവാര്‍ഡ് വേണ്ട. എന്റെ റേഞ്ച് കാണിക്കുന്നതിനു പകരം എനിക്ക് കാണികളെ ആഹ്ലാദിപ്പിക്കാനാണ് ഇഷ്ടം. അതുവഴി നിർമാതാക്കളും ടെക്നീഷ്യന്‍സും എല്ലാം പൈസ ഉണ്ടാക്കുക, അത്രതന്നെ.
ലോകസിനിമകള്‍ ഒക്കെ കണ്ട താങ്കള്‍ അഭിനയത്തിന് പുറമേ സിനിമയുടെ തിരക്കഥയുടെ മേഖലകളിലും അഭിപ്രായം പറയാറുണ്ടായിരിക്കുമല്ലോ?
ഞാന്‍ സ്ക്രിപ്റ്റില്‍ ഒരുപാട് ഇരിക്കാറുണ്ട്. ഒരിക്കല്‍ ഗാന്ധാരിയുടെ കഥ പറഞ്ഞപ്പോള്‍ ഒരു പെണ്ണിനെ മൂന്നു നാല് പേര് ഓടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ മാധവി വന്നു വെടിവെക്കുന്നു, അവര്‍ പേടിച്ചോടുകയാണ് എന്ന കഥയാണ് പറഞ്ഞത്. അപ്പോള്‍ ഞാന്‍ ചോദിച്ചത്, ഈ പേടിച്ചോടുന്ന ആള്‍ക്കാരെ എങ്ങനെയാണ് വില്ലനെ കൊല്ലാനായി മാധവി വാടകക്ക് എടുക്കുന്നത് എന്നാണ്. അവിടെ സ്റ്റക്ക് ആയി. അപ്പോൾ ആ സ്ക്രിപ്റ്റ് ഉടച്ചുവാര്‍ത്തു. 'ഭരണകൂടം' എന്ന സിനിമയിലെ കഥാപാത്രത്തിനു പണി ഒന്നും ഇല്ലായിരുന്നു. അങ്ങനെ അയാളെ പോപ് സിങ്ങര്‍ ആക്കി. അങ്ങനെ ഒരുപാടു സ്ക്രിപ്റ്റില്‍ ഞങ്ങള്‍ ടീം വര്‍ക്ക് ചെയ്തിട്ടുണ്ട്. 'ചന്ത'യുടെ സ്ക്രിപ്റ്റില്‍ ഞങ്ങള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. 'കായംകുളം കൊച്ചുണ്ണി'യില്‍, കളരി ഗുരുക്കള്‍ കണ്ടുപിടിക്കും എന്ന് പേടിച്ചിട്ട് കൊച്ചുണ്ണി മരത്തിന്റെ മുകളില്‍നിന്ന് വീഴുന്ന സീന്‍ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഒരു ഹീറോ വീഴുക എന്ന ഒരു കണ്‍സപ്റ്റ് ഇപ്പോള്‍ വര്‍ക്ക് ഔട്ട് ആകും എന്ന് തോന്നുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ സംവിധായകന് റോഷന് ആൻഡ്രൂസ് അങ്ങനെയെങ്കില്‍ വേറെ എന്താണ് ചെയ്യുക എന്ന് ചോദിച്ചു. ഒരു ഇല താഴെ വീണാല്‍ മതി. ഇല വീഴുമ്പോള്‍തന്നെ അവിടെ ആരോ ഉണ്ട് എന്ന് ഗുരുക്കള്‍ക്ക് മനസ്സിലാകും. അങ്ങനെയുള്ള തിരുത്തല്‍ ആ സീനിനു വരുത്തി. നമ്മളുടെ ചിന്തകളില്‍ പുതുമ കൊണ്ടുവരുക എന്നതാണ്. നിരീക്ഷണം അതില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഓരോ മനുഷ്യനും വളരെ വ്യത്യസ്തമായ, മനോഹരമായ ക്രിയേഷന് ആണ്. അതുകൊണ്ടാണ് ദൈവം ഉണ്ടെന്നു നമ്മള് വിശ്വസിക്കുന്നത്. പക്ഷേ, ഇതെങ്ങനെയാണ് അഭിനയമായി ഡെലിവറി ചെയ്യുക എന്ന് ചോദിച്ചാല്‍ അതിന്റെ രഹസ്യം എനിക്കറിയില്ല. അത് അങ്ങ് സംഭവിച്ചുപോവുകയാണ്. അതിനുവേണ്ടി ഞാന്‍ വലിയ ശ്രമം ഒന്നും ചെയ്യുന്നില്ല. നീ ഇപ്പോഴും ആ കഥാപാത്രമായി മനസ്സില്‍ കാണുക എന്നാണ് പാച്ചിക്ക (സംവിധായകന് ഫാസില്‍) എന്നോടു പറയുക. അത് മനസ്സില്‍നിന്ന് വിടാതിരിക്കുക. ബാക്കി തനിയെ വന്നുകൊള്ളും. പിന്നെ ഗുരുത്വമുണ്ടാവുക.
ഇത്രയധികം സ്റ്റണ്ട് സീനുകള്‍ ഒക്കെ ചെയ്യുമ്പോള്‍ അതിനു കണക്കായിട്ടുള്ള റിസ്ക് ഫാക്ടുകളും ഉണ്ടാകുമല്ലോ? അതുപോലെ എഫർട്ടുകളും എടുത്തിട്ടുണ്ടാകുമല്ലോ?
നമ്മളൊക്കെ വലിയ ഹൈപ്പ് ക്രിയേറ്റ് ചെയ്ത് ആളായതല്ല. പകരം, കഷ്ടപ്പെട്ട് ജോലി ചെയ്തുവന്നതാണ്. അതിന്റെ ഇടയില്‍ ഒരുപാടു റിസ്ക് ഫാക്ടേഴ്സ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു ഹീറോയിസം ജനങ്ങളില്‍ ഉണ്ടാക്കാന്‍ സാധിച്ചത്. കാര്‍ണിവല്‍ എന്ന സിനിമയില്‍ മരണക്കയത്തിനകത്ത് ബൈക്ക് ഓടിച്ചു. സത്യം പറഞ്ഞാല്‍ ഇന്ന് വരെ മനസ്സിനിഷ്ടപ്പെട്ട ഒരു ഫൈറ്റ് ഞാന്‍ ചെയ്തിട്ടില്ല. എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു ഫൈറ്റ് ഞാന്‍ ഒരു ഭാഷയിലും ചെയ്തിട്ടില്ല. അന്നത്തെ ബജറ്റിനും ഫിലിം മേക്കിങ്ങിനും അതിന്റേതായ പരിമിതി ഉണ്ടായിരുന്നു. 'ഗാന്ധാരി'യിലെ ക്ലൈമാക്സ് എടുത്തത് വെറും രണ്ടു മണിക്കൂര്‍കൊണ്ടാണ്. ഒരു ഫൈറ്റിനു എനിക്ക് പരമാവധി കിട്ടുക അഞ്ചു മുതല്‍ ആറു മണിക്കൂര്‍ വരെയാണ്. അല്ലെങ്കില്‍ എട്ടു മണിക്കൂര്‍. അതിന്റെ ഇടയില്‍ പ്രാതല്‍ കഴിക്കണം, ലഞ്ച് കഴിക്കണം, ബാക്കി എല്ലാ കാര്യങ്ങളും ചെയ്യണം. എന്റെ കാലും കൈയുംകൊണ്ട് എന്തൊക്കെ കാണിക്കാന്‍ കഴിയുന്നുവോ അതൊക്കെ ചെയ്യും. വലിയ വലിയ ആക്ഷന്‍ സിനിമകളില്‍ ഒക്കെ ചെയ്യുന്നതുപോലെ കാര്‍ ചെയ്സ്, ഹെലിേകാപ്ടർ സീക്വന്‍സ്, ബോട്ട് ചെയ്സ് തുടങ്ങിയവയൊക്കെ ഉൾപ്പെടുത്തുകയാണെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. ഗ്ലാസ് പൊട്ടിക്കാനൊന്നും അന്ന് ബജറ്റ് ഉണ്ടായിരുന്നില്ല. 'മൂന്നാം മുറ'യില്‍ മോഹന്‍ലാല്‍ എന്നെ എടുത്ത് ഗ്ലാസില്‍ അടിക്കുമ്പോള്‍ എല്ലായിടത്തും മുറിഞ്ഞു. സമ്മര്‍ സോള്‍ട്ട് അടിക്കുമ്പോള്‍ തലയും കാലും ആദ്യം പോയാല്‍ അപകടമാണ്. കഴുത്തും കാലും ഗ്ലാസില്‍ തട്ടി മുറിയാന്‍ സാധ്യത ഉണ്ട്. അങ്ങനെ ഒരുപാടു റിസ്കുകള്‍ ഉണ്ട്. 'ദൗത്യ'ത്തിന്റെ തെലുഗു റീമേക്കില്‍ ഞാന്‍ അമ്പതടി പൊക്കത്തില്നിന്നാണ് ചാടിയത്. അടിയില്‍ ഒരു കുഞ്ഞു നെറ്റ് ഇങ്ങനെ വലിച്ചു പിടിച്ചിരിക്കുകയാണ്. താഴെ ബെഡ് ഒന്നുമില്ല. ഇത്തിരി അങ്ങോട്ടും ഇങ്ങോട്ടും മാറിയാല്‍ ചാട്ടം നെറ്റിനു വെളിയിലേക്ക് പോകും. ഇന്ന് ഒരുപാടു സൗകര്യങ്ങള്‍ ഉണ്ട്. ഇന്ന് അതിന്റെ നാലില്‍ ഒന്ന് എഫർട്ട് എടുത്താല്‍ പത്തിരട്ടി എഫക്റ്റ് കിട്ടും. ഞങ്ങള്‍ ഒരുപാടു പരിമിതികള്‍ക്കുള്ളില്‍നിന്നാണ് അത് ചെയ്തത്.
അതുപോലെ തമിഴിലെ 'സൂര്യന്' പോലുള്ള സിനിമകള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുറച്ചുകൂടി ബജറ്റ് കൂടും. അത്ര മാത്രമേ ഉള്ളൂ. 'സൂര്യനി'ല്‍ മുഖത്ത് പെയിന്റ് ഒക്കെ ചെയ്താണ് ആക്ഷന്‍ ചെയ്തത്. ഞാന്‍തന്നെയായിരുന്നു മുഖത്ത് പെയിന്റ് ചെയ്തത്. കൂവല്‍ കിട്ടാന്‍ അത് മതി. പക്ഷേ, അതും ഏറ്റു. ചെറുപ്പത്തില്‍ കുറെ വാട്ടര്‍ കളര്‍ ചെയ്യുമായിരുന്നു. കുടുംബത്തില്‍ എല്ലാവരും ആർട്ടിസ്റ്റുകൾ ആയിരുന്നു. പെയിന്റര്‍ ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ വര നിര്‍ത്തി ഫോട്ടോഗ്രഫിയിലേക്ക് കടന്നു.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് താങ്കളെ എങ്ങനെയാണ് സഹായിച്ചത്?
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് എന്നെ ഏറ്റവും കൂടുതല്‍ മോള്‍ഡ് ചെയ്തത്. അവരുടെ ഡിപ്ലോമ സിനിമകളില്‍ അഭിനയിക്കും. എല്ലാ ദിവസവും അവിടെ അന്താരാഷ്ട്ര സിനിമകളുടെ രണ്ടു ഷോകള്‍ ഉണ്ടാകും. ഈ രണ്ടു സിനിമകളും ലോക ക്ലാസിക്കുകള്‍ ആയിരിക്കും. ആ സിനിമകളായിരുന്നു ശരിക്കും എന്നെ രൂപപ്പെടുത്തിയത്. ഒരുപാടു ക്ലാസിക്കുകള്‍ എല്ലാം കണ്ടുവന്നിട്ടാണ് 'ചന്ത'യും 'ദാദ'യും എല്ലാം ഞാന്‍ ചെയ്തത്.
അതുപോലെ മറ്റൊരു ഭാഗത്ത് 'അപരാഹ്നം', 'സായാഹ്നം' പോലുള്ള പോപ്പുലര്‍ സിനിമകളില്‍നിന്ന് വ്യത്യസ്തമായ പാരലല്‍ സിനിമകളും ചെയ്തു?
ഇപ്പോള്‍ 'ഹെഡ് മാസ്റ്റര്‍' എന്നൊരു സിനിമ ഞാന്‍ ചെയ്തു പൂര്‍ത്തിയാക്കി. എം.ബി. ശ്രീകുമാറിന്റെ 'ശയനം', ശരത്തിന്റെ 'സായാഹ്നം', 'അപരാഹ്നം' തുടങ്ങിയ സിനിമകള്‍ മുമ്പ് ചെയ്തിരുന്നു. ആ സിനിമകളൊക്കെ ചെയ്യാന്‍ എനിക്ക് വളരെ എളുപ്പമായിരുന്നു. കമേഴ്സ്യല്‍ സിനിമകളായിരുന്നു എനിക്ക് ചെയ്യാന്‍ കുറച്ചുകൂടി ബുദ്ധിമുട്ട്.
'അപരാഹ്നം' എന്നത് വളരെ മനോഹരമായ ഒരു സ്റ്റോറി ആയിരുന്നു. എഴുപതുകളില്‍ നക്സലിസത്തിലേക്ക് പോയി തിരിച്ചുവന്നു സൊസൈറ്റിയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന മനുഷ്യരുടെ പ്ലോട്ട് ആയിരുന്നു 'അപരാഹ്നം'. എന്ത് ചെയ്താലും ഒരു നക്സലൈറ്റ് ആണ് എന്ന് ചാപ്പ കുത്തപ്പെടുന്ന ജീവിതം. 'സായാഹ്ന'ത്തിനു മുമ്പുള്ള ഒരു കൺഫ്യൂസ്ഡ് സ്റ്റേജ് ആണ് 'അപരാഹ്നം'. ഉറങ്ങണം എന്നു പറഞ്ഞാല്‍ ഉറങ്ങാന്‍ പറ്റാത്ത ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു സമയം. അങ്ങനെ ഒരു സ്റ്റേജ് ഓഫ് ലൈഫ് ആണ് അത് എന്നാണു സുകുമാരന്‍ എന്ന സംവിധായകന് എന്നോടു പറഞ്ഞത്. അതോടെ ആ കഥാപാത്രം എനിക്ക് പിടികിട്ടി. 'ശയനം' എന്ന സിനിമയിലെ തോമ കഥാപാത്രം പത്ത് കൽപനകള് ലംഘിച്ച ആളാണ്. അയാള്‍ കൊന്നിട്ടും വ്യഭിചരിച്ചിട്ടുമൊക്കെ ഉണ്ട്. പക്ഷേ, അയാളെ കുഴിച്ചിട്ടപ്പോള്‍ അയാളുടെ ശരീരം ചീയുന്നില്ല. അങ്ങനെ അയാള്‍ ഒരു പുണ്യാളന് ആകും. ആ കാരക്റ്റര്‍ അങ്ങനെ പിടികിട്ടി. പത്ത് കൽപനകള് ലംഘിച്ച ആള് പുണ്യാളന് ആകുന്നതാണ് ആ കഥ. നമ്മുടെ എസ്റ്റേറ്റില്‍ ഒക്കെ ജോലി ചെയ്യുന്ന കൊച്ചൂട്ടന് ഒക്കെയാണ് തോമ. ഞങ്ങളുടെ വീട്ടില്‍ വന്ന് ഉച്ചക്ക് കപ്പയും മീന്‍കറിയും ഒക്കെ കഴിച്ച് പണിയാന്‍ പോകുന്ന ആളാണ്.
താങ്കള്‍ ഭരതന് എന്ന സംവിധായകന്റെ സിനിമകള്‍ക്കു പുറമേ മറ്റു മാസ്റ്റേഴ്സിന്റെ കൂടെയും സിനിമ ചെയ്തു. ജോഷിയുടെ 'കൗരവര്‍' എന്ന സിനിമയിലേത് വ്യത്യസ്തമായ കഥാപാത്രമായിരുന്നു?
ജോഷി സാര്‍, ഐ.വി. ശശി സാര്‍, ശശികുമാര്‍ സാര്‍ തുടങ്ങിയവരുടെ എല്ലാം സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. ജോഷിയേട്ടന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഓരോ കഥാപാത്രത്തിനും ഓരോ വ്യക്തിത്വം കൊടുക്കുക എന്നത്. ആവശ്യമില്ലാത്ത കഥാപാത്രം ഉണ്ടാകില്ല. കൗരവര്‍ എന്ന സിനിമയില്‍ എനിക്ക് ഡയലോഗുകള്‍ ഇല്ലായിരുന്നു. ഡയലോഗുകള്‍ അനാവശ്യമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ അത് അരോചകം ആകും. ഡയലോഗിനുവേണ്ടി ഡയലോഗ് പറയുന്നത് പഴയ സംഭവമാണ്. അത് പറയേണ്ടവര്‍ പറയുകയാണെങ്കിൽ ഓകെ. ഭരതേട്ടന് സിനിമ എന്ന് പറഞ്ഞാല്‍ ഒരുപാടു റിയലിസ്റ്റിക് ആണ്. റിയലിസ്റ്റിക്കും അതേസമയം ഫിക്ഷനലും കമേഴ്സ്യലും ആയിരിക്കും. ചില സിനിമകള്‍ പോയട്രി കൂടെ ആണ്. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയ എക്സ്പോഷര്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഹോളിവുഡില്‍ പടം ചെയ്തേനെ. അതുപോലെ ജോഷിയേട്ടന്റെ ക്രാഫ്റ്റില്‍ അദ്ദേഹം മല്ലനാണ്. പക്ഷേ, അദ്ദേഹം കമേഴ്സ്യല്‍ ആകുമ്പോഴും കാരക്ടറും ലോജിക്കും നോക്കാതെ അല്ല സിനിമ ചെയ്തത്. അതുപോലെതന്നെയാണ് ഐ.വി. ശശിയും. ശശികുമാര്‍ പത്തും പന്ത്രണ്ടും ദിവസങ്ങള്‍കൊണ്ടാണ് സിനിമ പൂര്ത്തിയാക്കിക്കൊടുക്കുന്നത്. അദ്ദേഹത്തിന്റെ 'ജൈത്രയാത്ര' എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴാണെങ്കില്‍ നൂറ്റി ഇരുപതു ദിവസം ഷൂട്ട് ചെയ്താലും രണ്ടു ദിവസം പോലും പടം ഓടില്ല.
'കൗരവറി'ലെ എന്റെ മേക്ക്ഓവര്‍ ഒക്കെ മേക്കപ്പ്മാനെ കൊണ്ട് ജോഷിയേട്ടന്തന്നെ ചെയ്യിച്ചതാണ്. ആ വയസ്സിലേക്ക് വരുന്നതിന് ആ കഥാപാത്രത്തിന് ഒരു ചരിത്രം ഇങ്ങനെ കിടക്കുകയാണല്ലോ. ആ സ്ക്രിപ്റ്റിന്റെ ബലമാണത്. അവര്‍ എന്തിനാണ് ജയിലില്‍ പോയതെന്നും അവരുടെ ചരിത്രം എന്താണെന്നും ആ സ്ക്രിപ്റ്റില്‍ ബാക്ക് അപ് ഇങ്ങനെ കിടക്കുകയാണ്. കാണികള്‍ക്ക് അത് കൃത്യമായി മനസ്സിലാകും. അത് മനസ്സിലാകാതിരിക്കാന്‍ കാണികള്‍ മണ്ടന്മാര് ഒന്നുമല്ല. സിനിമ എന്നത് ഒരു മാസ് കമ്യൂണിക്കേഷന്‍ ആണല്ലോ. ആ കമ്യൂണിക്കേഷന്‍ നടന്നാല്‍ മതി. തിയറ്ററിലെ മുഴുവന്‍ ലൈറ്റും ഓഫ് ചെയ്തു വലിയ സ്ക്രീനില്‍ ഒരു നോട്ടംപോലും എടുത്തു കാണിക്കുന്ന മാധ്യമം ആണ് സിനിമ. അവിടെ അഭ്യാസങ്ങള്‍ ഒന്നും കാണിക്കേണ്ട. അതുകൊണ്ടുതന്നെ 'കൗരവറി'ലെ കഥാപാത്രവും വളരെ സട്ടില്‍ ആയിരുന്നു.
കുറെ കാലത്തെ ഇടവേളക്കുശേഷം തിരിച്ചുവന്ന 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമയിലെ കഥാപാത്രം ലുക്ക് കൊണ്ടും ഔട്ട്ലുക്ക് കൊണ്ടും വളരെ വ്യത്യസ്തനായ ബാബു ആന്റണിയെയാണ് കാണിച്ചുതന്നത്. എന്താണ് പറയാനുള്ളത്?
ആഷിക് അബു ആ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ എനിക്ക് പിടികിട്ടി. ആ സിനിമയിലെ കഥാപാത്രത്തിന്റെ ഒരു ആഗ്രഹവും നടന്നിട്ടില്ല. ഒരുപ്രാവശ്യം കല്യാണം കഴിച്ചു. കുട്ടികള്‍ ഉള്ള ഒരു സ്ത്രീയെ ആണ് അയാള്‍ കല്യാണം കഴിക്കുന്നത്. പിന്നെ അവരുടെ കീഴില്‍തന്നെ അവരുടെ റസ്റ്റോറന്റില്‍ ജോലി ചെയ്യുകയാണ്. കൂട്ടുകാര്‍ വന്നു പുറത്തുപോകണം എന്നു പറയുമ്പോഴും അയാള്‍ക്ക് ഭാര്യയെ പേടിയാണ്. പക്ഷേ, അവിടെനിന്ന് അയാള്‍ ധൈര്യമായി ഇറങ്ങിപ്പോകുന്നിടത്താണ് അയാള്‍ക്ക് കൈയടി കിട്ടിയത്. അതുപോലെ അയാള്‍ ബീച്ചില്‍ ഇരിക്കുമ്പോള്‍ പൊടിയെല്ലാംകൂടെ കണ്ണിലോട്ടു വീഴുകയാണ്. അപ്പോഴാണ് കൂട്ടുകാരന് അയാളോട് നിനക്കെന്താ ഭാര്യയെ ഇത്ര പേടി എന്ന് ചോദിക്കുന്നത്. അപ്പോള്‍ ''ഭാര്യ ഉള്ളതുകൊണ്ട്'' എന്നാണ് അയാള്‍ മറുപടി പറയുന്നത്. ചോദിക്കുന്ന ആള്‍ക്ക് ഭാര്യ ഇല്ല എന്നതാണ് രസമുള്ള കാര്യം. പിന്നെ തേനീച്ച കുത്തിയാലും മുഖത്ത് എക്സ്പ്രഷന്‍ വരില്ല എന്ന അതിനകത്തെ ഡയലോഗ് എന്റെതന്നെ ആക്ടിങ് സ്റ്റൈലിനെ കളിയാക്കിയതാണ്. അവര്‍ അത് മനഃപൂർവം ചെയ്തതാണ്. പക്ഷേ, ഞാന്‍ അത് സ്പോട്ടിവ് ആയി എടുത്തു. അതില്‍ ഞാന്‍ തേനീച്ചയെ ഉമ്മവെക്കുന്ന സീന്‍ ഉണ്ട്. അതെങ്ങാനും ഇളകിയാല്‍ ഭീകരമായ അപകടം ആയേനെ. ആ സിനിമയില്‍ എന്റെ ഭാര്യയുടെ മകനായി വരുന്നത് എന്റെ മകന്തന്നെയായ ആര്‍തര്‍ ആണ്.
അതുപോലെ 'ഉപ്പുകണ്ടം ബ്രദേഴ്സ്' എന്ന സിനിമ മലയാളത്തില്‍ ഒരു തരംഗം സൃഷ്ടിക്കുകയും താങ്കളെ ഒരു താരമായി ഉയര്‍ത്തുകയും ഹീറോ ആയി ഗ്രാജ്വേറ്റ് ചെയ്യുകയുംചെയ്ത പടമായിരുന്നു?
എന്നെ സംബന്ധിച്ച് ആ സിനിമ ഭയങ്കരം ആണെന്ന ധാരണ ഒന്നുമില്ല. ഇത്രയും വലിയ ഒരു കള്‍ട്ട് സിനിമ ആകുമെന്ന ധാരണ ഒന്നും എനിക്കുണ്ടായിരുന്നില്ല. എല്ലാ അഭിനേതാക്കളും ചര്‍ച്ചകളും മറ്റുമായി സംവിധായകന് സുരേഷ് ബാബുവിന്റെ റൂമില്‍ ആയിരുന്നു. ഞാനൊരിക്കലും പോകാറില്ല. അവസാനം ജഗദീഷ് വന്ന് എന്നോട്, ''നമ്മള് വില്ലനെ പോയി അടിക്കണോ? അതോ വില്ലന്‍ നമ്മളെ വന്ന് അടിക്കണോ?'' എന്ന് ചോദിച്ചു. നമ്മള് അങ്ങോട്ട് പോയി അടിക്കണം എന്നാണു ഞാന്‍ പറഞ്ഞത്. പക്ഷേ, എന്റെ ഹീറോയിസത്തിലേക്കുള്ള ഒരു ഗ്രാജ്വേഷന് ആയിരുന്നു ഉപ്പുകണ്ടം ബ്രദേഴ്സ് എന്ന സിനിമ. അവിടെനിന്നാണ് ഞാന്‍ ഹീറോ ആകുന്നത്. ആ സമയത്തുതന്നെയാണ് അപരാഹ്നം, ഗാന്ധാരി തുടങ്ങിയ സിനിമകള്‍ വന്നത്. ആ രണ്ടുമൂന്നു സിനിമകള്‍ എന്നെ ഹീറോ ആക്കി.
തമ്പി കണ്ണന്താനം സംവിധാനംചെയ്ത 'നാടോടി' എന്ന സിനിമയിലെ വില്ലന്‍ സോഫ്റ്റായി പെര്‍ഫോം ചെയ്ത മറ്റൊരു കഥാപാത്രമാണ്?
ആ കഥാപാത്രം എനിക്ക് വേണമെങ്കില്‍ വേറെ ഒരു രീതിയില്‍ ചെയ്യാമായിരുന്നു. വളരെ ലൗഡ് ആയി ചെയ്യാമായിരുന്നു. പക്ഷേ, ''സോഫി'' എന്ന് വിളിച്ചു വളരെ സോഫ്റ്റായാണ് ഞാന്‍ അത് ചെയ്തത്. അയാള്‍ മയക്കുമരുന്നിന് അടിമയായിട്ടാണ് അതില്‍ പറയുന്നത്. ഞാന്‍ ജീവിതത്തില്‍ മയക്കു മരുന്ന് തൊട്ടില്ലെങ്കിലും എനിക്ക് അതിനെക്കുറിച്ച് അറിയാം. കൊക്കെയിന്‍ ഒക്കെ കഴിച്ചുകഴിഞ്ഞു പിന്നീട് കിട്ടാതെ വരുമ്പോള്‍ പല്ല് പുളിക്കും. അതൊക്കെ അഡോപ്റ്റ് ചെയ്ത് ഒരു പ്രത്യേക രീതിയിലുള്ള ചിരി ഒക്കെ ചിരിച്ചാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. ഇതൊക്കെ കൂവല്‍ കിട്ടാന്‍ സാധ്യതയുള്ളതായിരുന്നു. വ്യത്യസ്തമായി അവതരിപ്പിക്കുമ്പോള്‍ റിസ്ക് ഫാക്ടര്‍ ആണ്. പക്ഷേ, ആ കഥാപാത്രം രക്ഷപ്പെട്ടു. ''യുദ്ധത്തിന്റെ നീതിശാസ്ത്രത്തില്‍ ചതിയില്ല, തന്ത്രങ്ങളേ ഉള്ളൂ'' എന്ന ഒരു ഡയലോഗ് കാണികള്‍ ഏറ്റെടുക്കുകയും ചെയ്തു. ടി.എ. റസാഖിന്റെ ഉഗ്രന്‍ ഡയലോഗ് ആയിരുന്നു അത്. ടി.എ. റസാഖിന്റെ തന്നെ 'ഉത്തമന്' എന്ന സിനിമയില്‍ ഇതിന്റെ നേരെ എതിരെ നില്ക്കുന്ന റഫ് ആയ കഥാപാത്രം ആണ്. അതും ജനങ്ങള്‍ സ്വീകരിച്ചു. അതിലെ പുളിമുറ്റത്ത് സണ്ണി എന്ന കഥാപാത്രം ഭയങ്കര ടഫ് ആയിരുന്നു.
ഗൗതം വാസുദേവ് മേനോന്റെ 'വിെണ്ണെ താണ്ടിവരുവായ' എന്ന സിനിമയില്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഇരുത്തം വന്ന പിതാവിന്റെ വേഷമാണ് അവതരിപ്പിച്ചത്?
ഗൗതം മേനോന് ഇതാണ് കഥാപാത്രം എന്ന് എനിക്ക് വിശദീകരിച്ചു തന്നു. നിങ്ങള്‍ ചെയ്തോളൂ എന്നാണ് പറഞ്ഞത്. ചില സീന്‍ ഒന്നും സ്ക്രിപ്റ്റ് ഇല്ലായിരുന്നു. അതില്‍ എന്റെ മകളായ തൃഷ ഒരു പള്ളിയിലെ കല്യാണത്തിന്റെ ഇടയില്‍നിന്നും ഇറങ്ങി ഓടുന്ന സീന്‍ ഉണ്ട്. അതിനുശേഷം വീട്ടില്‍ വരുമ്പോഴുള്ള ഒരു സീന്‍ ഉണ്ട്. അതിന്റെ സ്ക്രിപ്റ്റ് ഞാന്‍ ചോദിച്ചു. അതിനു സ്ക്രിപ്റ്റ് ഇല്ല. എന്നോടു ഗൗതം മേനോന് എന്റെ മകളാണ് അങ്ങനെ ഇറങ്ങി ഓടുന്നതെങ്കില്‍ എന്ത് ചെയ്യും എന്ന് എന്നോട് ആലോചിക്കാന്‍ പറഞ്ഞു. അപ്പോള്‍ എന്തൊക്കെ പറയും, അതൊക്കെ എന്നോടു പറയാന്‍ പറഞ്ഞു. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു. അതിനകത്തുനിന്ന് കുറെ കാര്യങ്ങള്‍ എടുത്തു. അങ്ങനെ സ്ക്രിപ്റ്റ് മാറ്റിവെച്ചു ചെയ്ത സീനുകള്‍ ഉണ്ട് ആ സിനിമയില്‍. ഞാന്‍ അതില്‍ അന്തംവിട്ടുപോയി. വളരെ നല്ല അനുഭവം തന്ന നല്ല സംവിധായകനായിരുന്നു ഗൗതം വാസുദേവ് മേനോന്.
പക്ഷേ, അറേബ്യ എന്ന പടം ഒരു പരാജയമായിരുന്നല്ലോ?
അറേബ്യ എന്ന പടം ഒരിക്കലും പൊളിഞ്ഞിട്ടില്ല. ആ പടത്തിന്റെ ചെലവ് വെറും മുപ്പത് ലക്ഷം ആയിരുന്നു. എൺപതു ലക്ഷത്തില്‍ അധികം ആ സിനിമ കലക്റ്റ് ചെയ്തു. എന്നെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആ സിനിമ തകര്‍ന്നു എന്ന പ്രചാരണം അഴിച്ചുവിട്ടത്. അറേബ്യ കഴിഞ്ഞാല്‍ ബാബു ആന്റണിയെ പിടിച്ചാല്‍ കിട്ടില്ല എന്ന് നാന വരെ എഴുതി. ആ സമയത്താണ് എന്റെ കരിയറിന് മുകളില്‍ ഉള്ള ഒരു ആക്രമണം നടത്തുന്നത്.
പത്തോളം സിനിമകള്‍ ഹിറ്റ് ആയി സ്റ്റാർഡത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ബാബു ആന്റണി എന്ന നടന് മലയാളത്തില്‍നിന്ന് മറഞ്ഞുപോകുന്നത്?
അത് എന്നെ മനഃപൂർവം തകര്‍ത്തതായിരുന്നു. അങ്ങനെയുള്ള ആക്രമണത്തിലാണ് ഞാന്‍ തകര്‍ന്നുപോയത്. എന്നെ തകര്‍ക്കുന്നത് എന്റെ പത്ത് സിനിമകള്‍ ഹിറ്റായി നില്‍ക്കുമ്പോഴാണ്. ആരൊക്കെയാണ് അതിന്റെ പിന്നില്‍ എന്ന് എനിക്ക് അറിയില്ല. എന്റെ പത്ത്-ഇരുപത് സിനിമകള്‍ കാന്‍സല്‍ ആയിപ്പോയി. അങ്ങനെ ഞാന്‍ അമേരിക്കയില്‍ പോയി. കല്യാണം കഴിച്ച് അവിടെ ജീവിതം തുടങ്ങി. ഇടക്കു വന്നു തമിഴ്, തെലുഗു സിനിമകള്‍ ചെയ്യും. പക്ഷേ, ഇരുപത്തിയഞ്ചു വര്‍ഷത്തിനുശേഷം ഞാന്‍ വീണ്ടും വന്നു ഹീറോ ആയി. ഇവിടെ കണ്ണടച്ചാല്‍ ശവമടക്ക് നടത്തുന്ന ആള്ക്കാര് ആണ്. ഇടക്ക് ഞാന്‍ തിരിച്ചുവന്ന് ഇടുക്കി ഗോള്‍ഡ്, ഗ്രാൻഡ് മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ ചെയ്തു. ഗ്രാന്‍ഡ് മാസ്റ്ററിലെ സ്കിസോഫ്രീനിക് ആയ കഥാപാത്രം വന്നപ്പോള്‍ ആര് ചെയ്യും എന്നൊരു സംശയം ആ ടീമിനുണ്ടായിരുന്നു. ആരെക്കൊണ്ടു ചെയ്യിക്കും എന്ന് മോഹന്‍ലാലും ചോദിച്ചു. അത് ബാബു ആന്റണിയെ കൊണ്ട് ചെയ്യിച്ചാല്‍ നന്നായിരിക്കും എന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും അത് ഇഷ്ടമായി. അതെങ്ങനെ ചെയ്യും എന്ന് ചോദിച്ചപ്പോള്‍ അതൊന്നും എനിക്കറിയില്ല എന്നാണു ഉണ്ണികൃഷ്ണന് പറഞ്ഞത്. അത് ബാബു അങ്ങ് ചെയ്താല്‍ മതി എന്നാണു പറഞ്ഞത്. അഭിനയിച്ചു ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു അത്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോഴാണ് എനിക്ക് ചലഞ്ചിങ്ങായി തോന്നുന്നത്.
കരിയറില്‍ ഇത്തരം വലിയ ഒരു ഗ്യാപ്പ് വന്നപ്പോള്‍ എങ്ങനെയാണ് അതുമായി അഡ്ജസ്റ്റ് ചെയ്തത്?
എല്ലാം പോസിറ്റിവ് ആയി കാണുന്ന ആളാണ്. ഞാന്‍ തുടര്‍ച്ചയായി കുറെ ആക്ഷന്‍ സിനിമകള്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ എനിക്ക് അപകടമൊക്കെ പറ്റി വല്ല വീല്‍ചെയറിലോ, ഒരുപക്ഷേ ഞാന്‍ നിങ്ങളോട് സംസാരിക്കാന്‍ ഇല്ലാത്ത തരത്തില്‍ ഒരു അവസ്ഥപോലും ഉണ്ടായേനെ. എല്ലാം ദൈവത്തിന്റെ കളികളാണ്. അതുപോലെ റിസ്ക് എടുത്തു ഞാന്‍ ആക്ഷന്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പൊ കുറച്ചുകൂടെ പക്വത വന്നു, ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ ചെയ്യുക. ഒരുപാടു സിനിമകള്‍ നഷ്ടമായെങ്കിലും ഒരുപാടു വര്‍ഷങ്ങള്‍ നഷ്ടമായെങ്കിലും എനിക്ക് ഇങ്ങനെയാണ് ചിന്തിക്കാന്‍ തോന്നുന്നത്. ഇങ്ങനെ പോസിറ്റിവ് ആയി ചിന്തിക്കാനുള്ള ഒരു തോന്നലുകള്‍ ഉണ്ടാകുന്നത് മാര്‍ഷ്യല്‍ ആര്‍ട്സില്‍നിന്നും ആണെന്ന് തോന്നുന്നു. എസ്.പി. മുത്തുരാമന്, ശശികുമാര്‍ തുടങ്ങി പുതിയ തലമുറയിലെ ആഷിക് അബു, റോഷന് ആൻഡ്രൂസ് വരെയുള്ള ഇന്ത്യയിലെ ഒരുപാടു സംവിധായകരുടെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റി. പുതിയ തമിഴ് സംവിധായകര്‍ ''എന്ന സാര്‍ ഉങ്കളെ എപ്പടി മറക്ക മുടിയും, അന്ത പൂവിഴി വാസലിലെ നീങ്ക എന്നാ പണ്ണിയിരുക്ക സാര്‍?'' എന്നാണ് ചോദിക്കാറ്. 'കാക്കമുട്ട'യില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ സംവിധായകന് മണികണ്ഠന് എങ്ങനെ നിങ്ങളെ മറക്കാന്‍ കഴിയും എന്നാണു ചോദിച്ചത്.
ബോളിവുഡില്‍ അഭിനയിക്കുമ്പോള്‍ അവിടത്തെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?
എനിക്ക് ഹിന്ദി അറിയാം. അതുപോലെ ഒരു യൂനിവേഴ്സല്‍ അപ്പീല്‍ ഉള്ളതുകൊണ്ട് എനിക്ക് എവിടെയും ചെല്ലാം. എനിക്ക് മറാത്തി അത്യാവശ്യം അറിയാം. അപ്പൊ അവിടെ ചെല്ലുമ്പോള്‍ എനിക്ക് ഭാഷ വലിയ ഒരു വിഷയമായിട്ട് തോന്നാറില്ല. അവിടെ വളരെ സൗഹാർദപരമായ ഒരു അന്തരീക്ഷമാണ്. മുംബൈ ഒക്കെ ഇപ്പോള്‍ കൂടുതല്‍ പ്രഫഷനലായി. മലയാളത്തിനെക്കാള്‍ കൂടുതല്‍ പ്രഫഷനലാണ് അവിടെ. ഇവിടെ സിനിമയില്‍ ഹീറോ പറയുന്നതുപോലെയാണ് കാര്യങ്ങള്‍ നടക്കുക. ഹീറോക്ക് സാറ്റലൈറ്റ് റൈറ്റ്സ് ഉള്ളതുകൊണ്ട് ഹീറോ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ നടക്കുക. ഞാന്‍ പറയുന്നതുപോലെ സിനിമ എടുത്താല്‍ അത് എന്റെ സിനിമ മാത്രമേ ആവുകയുള്ളൂ. ഞാന്‍ പറയുന്ന ആള് പ്രൊഡക്ഷന്‍ കൺട്രോളറും കോസ്റ്റ്യൂമറും ചായ കൊടുക്കുന്ന ആളും ഞാന്‍ പറയുന്ന ആള് നായികയും ആയാല്‍ അതില്‍ എന്ത് പ്രഫഷനലിസം ആണ്? ഒരു സിനിമ എന്നു പറഞ്ഞാല്‍ അത് കാണികള്‍ക്കുവേണ്ടിയുള്ളതാണ്. എന്റെ താൽപര്യത്തിനും സൗകര്യത്തിനുംവേണ്ടി എടുക്കുന്ന സിനിമ അല്ല. പക്ഷേ, ഇപ്പോള്‍ ഇത് മുഴുവന്‍ 'സ്വന്തം' സിനിമയായിട്ട് മാറുകയാണ്. ഹീറോയെക്കാള്‍ കുറച്ചുകൂടി നന്നായിട്ട് അഭിനയിക്കുന്നുണ്ടെങ്കില്‍ അവരെ അഭിനയിപ്പിക്കില്ല. അവരുടെ കൂടെ നിൽക്കുന്നവരെ മാത്രം കാസ്റ്റ് ചെയ്യുക. ഇപ്പൊ നിർമാതാക്കള്‍ക്കോ സംവിധായകര്‍ക്കോ യാതൊരുവിധ വോയ്സും ഇല്ല. നായകന്മാര്ക്ക് ഒ.ടി.ടി സാറ്റലൈറ്റ് റൈറ്റ്സ് ഉള്ളതുകൊണ്ട് നിർമാതാക്കാള്‍ ടേബിള്‍ പ്രോഫിറ്റ് കണ്ടു സിനിമ എടുക്കാന്‍ വരും. അവര്‍ക്കുവേണ്ടി പാവപ്പെട്ട എഴുത്തുകാര്‍ കഥ എഴുതും. പാവപ്പെട്ട സംവിധായകന് അതനുസരിച്ച് സിനിമ എടുക്കും. ഹീറോ ഒഴികെയുള്ള സപ്പോര്‍ട്ടിങ് ആക്ടേഴ്സ് ഇതും കാത്തിരിക്കണം. ഇതാണ് മലയാള സിനിമ. അതുകൊണ്ട് സിനിമ നന്നാകുന്നില്ല. തൊണ്ണൂറ്റി ഒമ്പതു ശതമാനം സിനിമകളും ഫ്ലോപ്പാണ്.
ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ ഇവിടംവിട്ട് അമേരിക്കയില്‍ ജീവിക്കുകയായിരുന്നു. എങ്ങനെയാണ് താങ്കളുടെ കാഴ്ചപ്പാടിലെ അമേരിക്കന്‍ സമൂഹം?
അമേരിക്കന്‍ ജീവിതത്തെക്കുറിച്ച് ഒരുപാടു തെറ്റിദ്ധാരണയുണ്ട്. ഇവിടെയുള്ള ആള്‍ക്കാരുടെ ധാരണ, അമേരിക്കയില്‍ ജീവിതമില്ല, ബന്ധങ്ങള്‍ ഇല്ല എന്നൊക്കെയാണ്. അങ്ങനെ ഒന്നുമല്ല. തൊണ്ണൂറു ശതമാനം അമേരിക്കക്കാരും കുടുംബത്തോടൊപ്പം നല്ല ജീവിതം ജീവിക്കുന്നവരാണ്. കുട്ടികളെ സ്കൂളില്‍ വിട്ടു വളര്‍ത്തി വളരെ നന്നായിട്ട് ജീവിക്കുന്നവരാണ്. അവിടെ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ എത്ര പിയെഴ്സിങ്ങും ടാറ്റൂവും ഉണ്ടെന്നാണ് ചോദിക്കുക. ടാറ്റൂ ഒന്നും അത്ര നല്ല ജോലിക്ക് ഒന്നും അക്സപ്റ്റബിൾ അല്ല. വംശീയവിദ്വേഷം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉള്ളവര്‍ ഉണ്ട്. പക്ഷേ, അങ്ങനെ ഇല്ലാത്ത ഒത്തിരി ആള്ക്കാര് ഉണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എന്നൊക്കെ പറഞ്ഞ വംശീയവിദ്വേഷം ഭയങ്കരമാണ്. പക്ഷേ, ചില ഉള്‍നാടുകളില്‍ വംശീയതയുണ്ട്. ചില നാടുകളില്‍ വെള്ളക്കാര്‍ക്കു പുറമെ ഒരു ബ്രൗണ്‍ സ്കിന്നിനെപ്പോലും അവര്‍ കണ്ടിട്ടുണ്ടാവില്ല. അങ്ങോട്ട് പോയപ്പോള്‍ കൾചറല്‍ ഷോക്ക് ഒന്നുമുണ്ടായിട്ടില്ല. ലോകത്തുള്ള എല്ലാ ആൾക്കാരും ഒരുപോലെതന്നെയാണ്. അവരുടെ അപ്രോച്ചും സെന്റിമെന്‍സും ഫീലിങ്സും എല്ലാം ഒരുപോലെയാണ്. കളര്‍ വ്യത്യാസം ഉണ്ടെന്നു മാത്രമേ ഉള്ളൂ. അങ്ങനെയാണ് എന്റെ ഇത്രയും നാളത്തെ യാത്രയില്‍ എനിക്ക് തോന്നിയത്. എന്റെ അമേരിക്കക്കാരിയായ ഭാര്യ പൊന്‍കുന്നത്ത് വന്നു അമ്മയുടെ കൂടെ ഒമ്പതു വർഷം ജീവിച്ചു. ഞങ്ങള്‍ തമ്മില്‍ പരസ്പരം കൾചറിന്റെ ഒരു പ്രശ്നം വന്നിട്ടേ ഇല്ല. നമ്മള് തമ്മില്‍ ഒരു കോൺഫ്ലിക്റ്റ്സ് പോലും ഉണ്ടായിട്ടില്ല. പുള്ളിക്കാരിക്കു വേണ്ട ആഹാരം പുള്ളിക്കാരി ഉണ്ടാക്കി കഴിക്കും. ചിലപ്പോള്‍ അവര്‍ ഞങ്ങളുടെ ഇന്ത്യന്‍ ഫുഡ് കഴിക്കും. അങ്ങനെയുള്ള വ്യത്യസ്തതകൾ എന്നല്ലാതെ ഇമോഷന്‍സ് എല്ലാം ഒരു പോലെയാണ്. അവിടെ ഉള്ള വെള്ളക്കാര്‍ കുട്ടികളെ ശ്രദ്ധയോടെ വളര്‍ത്തുന്നത് കണ്ടാല്‍ നമുക്കുതന്നെ നാണം വരും. ഞങ്ങള്‍ താമസിക്കുന്നത് ഒരു സ്കൂളിന്റെ അടുത്താണ്. അവിടെ എല്ലാവർക്കും നാലും അഞ്ചും കുട്ടികള്‍ ഉണ്ട്. അവരെ മാനേഴ്സ് പഠിപ്പിക്കുന്നത് കണ്ടാല്‍ നമ്മള് അത്ഭുതപ്പെട്ടുപോകും. അങ്ങനെ അല്ലെങ്കില്‍ ഞാന്‍ എന്റെ കുട്ടികളെയുംകൊണ്ട് അമേരിക്കയില്‍ താമസിക്കില്ല. ഇവിടെ നിന്നാല്‍ പ്രശ്നമാണെന്ന് കരുതിയാണ് ഞങ്ങള്‍ അമേരിക്കയിലേക്ക് പോയത്. ഇവിടെ സംസ്കാരം മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ അരാജകത്വം ആണെന്ന് കരുതി അതിനെ അനുകരിക്കുകയാണ് ഇവിടെയുള്ള ആൾക്കാര്. അവിടെ മയക്കുമരുന്ന് എന്നൊക്കെ പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ഒരു സ്കൂളും കോളജും അത് അംഗീകരിക്കില്ല.
പഴയ കാലത്തുനിന്ന് മാധ്യമങ്ങളുടെ സ്വഭാവം വളരെ മാറിക്കഴിഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ അത് താങ്കളെ എങ്ങനെയാണ് സ്വാധീനിച്ചത്?
അന്ന് വെറും മാഗസിനുകളും പത്രങ്ങളും മാത്രമേ ഉള്ളൂ. പിന്നെ ഒന്നോ രണ്ടോ ചാനലുകളും. അവരില്‍കൂടി പബ്ലിസിറ്റി കിട്ടാനുള്ള വ്യഗ്രത അന്ന് എല്ലാവർക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവർക്കും സ്വന്തം ഫേസ്ബുക്ക് പേജുകളും പ്രൊഫൈലുകളും എല്ലാം ഉണ്ട്. എന്നെ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ രക്ഷപ്പെടുത്തിയത് ഫേസ്ബുക്കാണ്. കുറച്ച് ആള്ക്കാര് ഫേസ്ബുക്ക് പേജിലൂടെ എന്നെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ കമന്റ് ചെയ്യാന്‍ തുടങ്ങി. അന്ന് എന്നെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങള്‍ മൂടിവെക്കപ്പെട്ടിരുന്നു. അന്ന് ബാബു ആന്റണി മറ്റുള്ളവരേക്കാള്‍ നന്നായി ഫൈറ്റ് ചെയ്യും എന്ന് പറയാന്‍ ആര്‍ക്കും ധൈര്യം ഇല്ലായിരുന്നു. പക്ഷേ, ഞാന്‍ അത് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല കേട്ടോ. പക്ഷേ, ഇപ്പോള്‍ മീഡിയ ഭയങ്കര ഓപൺ ആയി. അതുകൊണ്ട് എന്നെക്കുറിച്ചുള്ള ഒരുപാടു വായനകള്‍ പുറത്തുവരാന്‍ തുടങ്ങി. അതുപോലെ ഇപ്പോള്‍ മീഡിയയിലൂടെ സ്വന്തമായി ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. ഫേസ്ബുക്കിലൂടെയാണ് ഇത്രയും ആള്ക്കാര് എന്നെ ഇഷ്ടപ്പെടുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത്. കൊച്ചു കുട്ടികള്‍ അടക്കം എഴുതുന്ന കമന്റുകള്‍ വായിച്ച് ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. എവിട ചെന്നാലും സാര്‍ ഞാന്‍ താങ്കളുടെ വലിയ ഫാന്‍ ആണെന്ന് പറയും. ഞാന്‍ ഇവിടെ അടുത്ത് ഒരു ഹൗസ് ഓണറെ കണ്ടപ്പോള്‍ ''ഉയ്യോ സാരോ? എന്റെ മോനുണ്ടായിരുന്നെങ്കില്‍...'' എന്ന് പറഞ്ഞ് അത്ഭുതപ്പെടുകയായിരുന്നു. ഇവര്‍ക്ക് ഇതെന്തു പറ്റി എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. എവിടെയായിരുന്നു ഇവരൊക്കെ എന്നാണ് ഞാന്‍ ആലോചിച്ചത്. ആ ഒരു സന്തോഷമാണ് ഞാന്‍ ആഘോഷിക്കുന്നത്. ഫോട്ടോ എടുക്കാന്‍ ആര് വന്നാലും ഞാന്‍ അതിനു നിന്നുകൊടുക്കും.
ഇപ്പോള്‍ താങ്കള്‍ ഒരു ഹോളിവുഡ് സിനിമയിലും അഭിനയിച്ചു. എന്തായിരുന്നു അനുഭവം?
ഹോളിവുഡ് സിനിമയിൽ ഭയങ്കര പ്രഫഷനലിസമാണ്. ഇത്ര സമയത്തിനുള്ളില്‍ ഇത്ര ഷോട്ട് എടുക്കണം എന്നൊക്കെ അവിടെ ഉണ്ട്. അവര്‍ വളരെ പ്ലാനിങ്ങോടുകൂടി മുന്നോട്ടുപോകുന്നവരാണ്. ഹോളിവുഡ് സിനിമകളിലെ ഷോട്ടുകള്‍ നേരത്തേ പ്ലാന്‍ ചെയ്തുവെച്ചതായിരിക്കും. ഒരു എക്സ്ട്രാ ഷോട്ട് എടുക്കാനുള്ള ഒരു ബജറ്റ് അവര്‍ക്കില്ല. അവരുടെ ഒരു പ്രോജക്റ്റ് രണ്ടു മൂന്നു കൊല്ലം കൊണ്ടൊക്കെ പൂര്‍ത്തിയാകുന്നതാണ്. അവിടെ ഒരുപാടു സിനിമകള്‍ സ്റ്റുഡിയോക്ക് അകത്തുതന്നെയാണ് ഷൂട്ട് ചെയ്യുന്നത്. നമ്മുടെ സിനിമകള്‍ ഒക്കെ മുഴുവന്‍ ഔട്ട് ഡോര്‍ ആയിക്കഴിഞ്ഞല്ലോ. ഇപ്പോള്‍ മലയാള സിനിമയൊക്കെ കുറെ സൗകര്യത്തിനുവേണ്ടി ഇന്ഡോറിേലക്ക് വരാന്‍ തുടങ്ങി.
പുതിയകാലത്തെ തിയറ്ററുകള്‍, ഒ.ടി.ടി ഇത്തരം കാഴ്ചകളുടെ സംസ്കാരങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എന്തിനാണ് തിയറ്ററുകള്‍ ഉണ്ടാക്കിയിട്ട് അതിനകത്ത് കിടന്നു കാണുന്നത്? അങ്ങനെയാണെങ്കില്‍ നമുക്ക് വീട്ടില്‍ പോയി ബെഡില്‍ കിടന്നാല്‍ പോരേ? രണ്ടു മണിക്കൂര്‍ സിനിമ കാണാനായിട്ട് അത്യാവശ്യം ഇരിക്കാനുള്ള ചെയറും പുഷ് ബാക്കും ഒക്കെ പോരേ? തിയറ്ററില്‍ ഇന്‍വെസ്റ്റ്മെന്റ് കുറച്ചിട്ട് ആൾക്കാര്‍ക്ക് ന്യായമായ ടിക്കറ്റ് കൊടുത്തിട്ടു സിനിമ കാണിക്കുക. സാമ്പത്തികമായും സൗന്ദര്യശാസ്ത്രപരമായും സിനിമയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തിയറ്ററുകള്‍ വൃത്തിയായിരിക്കണം. പക്ഷേ , ആഡംബരം വേണമെന്നില്ല. ഒന്നാമത് ഗ്രാമങ്ങളില്‍ തിയറ്ററുകള്‍ ഇല്ല. സിറ്റിയില്‍ പോയി സിനിമ കാണാനുള്ള ചെലവാണെങ്കില്‍ വളരെ കൂടുതലും. ഒ.ടി.ടിയില്‍ മാത്രം കാണാന്‍ കഴിയുന്ന സിനിമകള്‍ ഉണ്ട്. അവക്ക് ടി.വി സീരിയലുകളുടെയും ടെലിഫിലിമുകളുടെയും നിലവാരം മാത്രമേ ഉള്ളൂ. ബിഗ് സ്ക്രീന്‍ എക്സ്പീരിയ ൻസ് വേണ്ട സിനിമകള്‍ തിയറ്ററില്‍തന്നെ കാണിക്കണം. ഇപ്പോള്‍ ഹോം എന്ന സിനിമ നമുക്ക് തിയറ്ററില്‍ കാണേണ്ട ആവശ്യമൊന്നുമില്ല. അങ്ങനെയുള്ള ഒരു വിഷ്വല്‍ ഇമ്പാക്ട് അതിനില്ല. ഭരതേട്ടന്റെ ഒരു സിനിമ എത്ര ചെറിയതാണെങ്കിലും അത് തിയറ്ററില്‍ മാത്രമേ കാണാന്‍ പറ്റൂ. ഒ.ടി.ടിയും തിയറ്ററും എല്ലാം നമുക്ക് ആവശ്യമാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.