ഇത്തവണത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗജോ സംസാരിക്കുന്നു. പ്രവാസം ചിത്രീകരിക്കുന്ന അദ്ദേഹത്തിെൻറ നോവൽ അനുഭവങ്ങളാണ് മരുഭൂമിയുടെ ആത്മകഥാകാരനായ മുസഫർ അഹമ്മദിനോട് സംസാരിക്കുന്നത്.
ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗജോക്കാണ്. തെക്കൻ ഗോവയിലെ മജോർദ ഗ്രാമത്തിലിരുന്ന് അദ്ദേഹം എഴുതിയ രചനകൾ വിവർത്തനങ്ങളിലൂടെ ഇന്ന് പല ഭാഷകളിലേക്കും പടർന്നിരിക്കുന്നു. മൗജോയുടെ മാസ്റ്റർപീസെന്ന് കരുതപ്പെടുന്ന 'കാർമെലിൻ' എന്ന നോവലിനെ പ്രധാനമായും കേന്ദ്രീകരിക്കുന്ന ഒരു സംഭാഷണമാണിത്. 1981ൽ പുറത്തിറങ്ങിയ ഈ നോവൽ ഗൾഫ് പ്രവാസത്തിെൻറ ഒരേടാണ്. കുവൈത്തിൽ വീട്ടുവേലക്കാരിയായി പോകുന്ന ഗോവക്കാരിയായ കാർമെലിെൻറ ജീവിതം നോവൽ ചിത്രീകരിക്കുന്നു. 1983ൽ ഈ നോവൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി. അദ്ദേഹത്തിെൻറ രചനകളിൽ മലയാള പരിഭാഷയിലുള്ളത് 'കാർമെലി'നും ഏതാനും കഥകളും മാത്രമാണ്. മലയാളികൾക്ക് ഏറെ പരിചിതമായ ഗൾഫ് ബന്ധം, വിവർത്തനത്തിൽ ലഭ്യമായ കൃതി എന്നീ നിലയിലാണ് സംഭാഷണം കാർമെലിനെ കേന്ദ്രീകരിച്ചാക്കുന്നത്. തെൻറ എഴുത്തുരീതികൾ, വിവർത്തനം, മലയാളിബന്ധം, സമകാലിക ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹമിവിടെ സംസാരിക്കുന്നു.
കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നമുക്ക് ഈ സംഭാഷണം തുടങ്ങാമെന്ന് തോന്നുന്നു?
നിരക്ഷരയായിരുന്ന എന്നാൽ കഥ പറയാൻ അസാമാന്യമായ വൈഭവമുണ്ടായിരുന്ന എെൻറ അമ്മ പറഞ്ഞുതന്ന നാടോടിക്കഥകൾ കേട്ടുകൊണ്ടാണ് ഞാൻ വളർന്നത്. ഇന്ന് ഭാഷയിൽ നാം പറയുന്ന കുത്ത്, കോമ, അർധവിരാമം, ഉൗന്നൽ -ഇതെല്ലാം അമ്മയുടെ കഥപറച്ചിലിലുണ്ടായിരുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ് അമ്മയുടെ കഥകൾ കേൾക്കൽ നിർബന്ധമായിരുന്നു. ചിലപ്പോഴെല്ലാം മുമ്പ് പറഞ്ഞ കഥകൾ ആവർത്തിക്കും. എന്നാൽ മുമ്പ് പറഞ്ഞതിൽനിന്ന് ചില വ്യത്യാസങ്ങൾ, വിശദീകരണങ്ങളുണ്ടാകും. ഒരു കഥതന്നെ കാലം ചെല്ലുമ്പോൾ എങ്ങനെ മാറുന്നുവെന്ന് മനസ്സിലാക്കാൻ ഇതെന്നെ സഹായിച്ചു. ആ കഥ കേൾക്കൽ, അതിനെക്കുറിച്ച് ഇന്നും എനിക്കൊപ്പമുള്ള ഓർമകൾ എപ്പോഴും കഥകൾ കേൾക്കാൻ അതീവതാൽപര്യമുള്ള ഒരു കുട്ടിത്തം എന്നിൽ നിലനിർത്തുന്നു.
പുസ്തകങ്ങൾ ആദ്യമായി വായിക്കുന്നതിനെക്കുറിച്ച് കുട്ടിക്കാലത്തെ രോഗകാലവുമായി ബന്ധമുണ്ടായിരുന്നതായി താങ്കൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്?
എനിക്കന്ന് എട്ടോ പത്തോ വയസ്സു കാണും. ടൈഫോയ്ഡ് വന്നു. കിടപ്പിലായി. രോഗം മാറി കുറച്ചുകാലംകൂടി വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ കിടക്കയിൽതന്നെയായി. ആ കാലത്ത് എെൻറ വിരസതയകറ്റാൻ അച്ഛൻ രണ്ടു പുസ്തകങ്ങൾ കൊണ്ടുവന്നു തന്നു. ഒന്ന് ബാലരാമായൺ, മറ്റൊന്ന് കുട്ടികൾക്കുള്ള മഹാഭാരതം. കുട്ടികൾക്കുവേണ്ടിയുള്ളതാണെങ്കിലും ഏറക്കുറെ രാമായണ, മഹാഭാരത കഥകളെല്ലാം അതിലുണ്ടായിരുന്നു. ഞാൻ കിടക്കയിൽ കിടന്ന് പുസ്തകങ്ങൾ വായിക്കുമ്പോൾ അമ്മ അടുത്ത് വന്നിരുന്ന് ഉറക്കെ വായിക്കാൻ പറയും. അമ്മക്കുംകൂടി കഥ കേൾക്കാൻ വേണ്ടിയാണിത്. ഞാൻ മറാത്തിയിലാണ് വായിക്കുന്നത്. കാരണം ഞങ്ങളുടെ മാതൃഭാഷ കൊങ്കണി അന്ന് ഒരു സാഹിത്യഭാഷയായിരുന്നില്ല. 1684 മുതൽ 20ാം നൂറ്റാണ്ടിെൻറ തുടക്കം വരെ കൊങ്കണി ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടിരുന്നു. ഗോവയിൽ അധിനിവേശം നടത്തിയ പോർചുഗീസുകാരായിരുന്നു ഈ നിരോധനത്തിനു പിന്നിൽ. അവരുടെ ഭാഷയും സംസ്കാരവും മാത്രമേ ഗോവയിലുണ്ടാകാവൂവെന്നും പ്രാദേശിക സംസ്കാരങ്ങളും ഭാഷയും സാഹിത്യവും ഒരു നിലയിലും അംഗീകരിക്കില്ലെന്നുമുള്ള നിലപാടാണ് പോർചുഗീസുകാർക്കുണ്ടായിരുന്നത്. പോർചുഗീസ് സംസ്കാരം ഗോവക്കാരിൽ അവർ അടിച്ചേൽപിക്കുകയായിരുന്നു.
അതിനു ശേഷം താങ്കൾക്ക് വായനയിൽനിന്നും മുക്തനാകാൻ കഴിഞ്ഞിരിക്കില്ല?
പിന്നീട് ഞാൻ വളരെ ജനപ്രിയമായി മാറിക്കഴിഞ്ഞ ബാലസാഹിത്യങ്ങൾ ഒന്നിനുപിറകെ ഒന്നായി വായിക്കാൻ തുടങ്ങി. പലപ്പോഴും വൈകാരികത മുറ്റിനിറഞ്ഞവയായിരുന്നു അവ. പക്ഷേ അതെന്നിൽ ഭാവനയുടെ ലോകങ്ങൾ സൃഷ്ടിച്ചു. ഒപ്പം സംസ്കാരത്തിലേക്ക് അടുപ്പിച്ചുനിർത്തുകയും ചെയ്തു. ബാലസാഹിത്യം എന്നെ സാംസ്കാരിക മൂല്യങ്ങൾ പഠിപ്പിച്ചുവെന്ന് പിൽക്കാലത്ത് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഈ ബാലസാഹിത്യങ്ങളിൽ ഏതൊക്കെ മലയാളത്തിൽ വന്നു എനിക്ക് അറിയില്ല. സാനെ (ഗുരുജി) എന്ന പേരിലുള്ള പരമ്പര ഞാനിപ്പോഴും ഓർക്കുന്നു. 14 വയസ്സുവരെ ഞാനിങ്ങനെ തുടർന്നു. അപ്പോഴേക്കും മറാത്തിയിലെ മുതിർന്നവർക്കുള്ള പുസ്തകങ്ങളും വായിക്കാൻ തുടങ്ങി. ഇതിനിടെ ഞങ്ങൾക്ക് ഏറ്റവും അടുത്തുള്ള ചെറുപട്ടണമായ മഡ്ഗാവിലെ സ്കൂളിലേക്ക് ഞാൻ പഠിക്കാൻ പോയി. അന്ന് മഡ്ഗാവ് പട്ടണമായിത്തുടങ്ങിയിട്ടേയുള്ളൂ. ഉച്ചവരെയാണ് സ്കൂൾ. സ്കൂൾ വിട്ട് നാലു മണിക്കൂർ കഴിഞ്ഞാണ് എെൻറ ഗ്രാമമായ മജോർദയിലേക്കുള്ള െട്രയിൻ. ഈ സമയം മുഴുവൻ ഞാൻ സ്കൂൾ ലൈബ്രറിയിൽ ചെലവിടും. ഭാഗ്യവശാൽ ഞങ്ങളുടെ സ്കൂൾ ലൈബ്രറി ഗംഭീരമായിരുന്നു. നിറയെ നല്ല പുസ്തകങ്ങൾ. മറാത്തിയിലും മറ്റു ഭാഷകളിലുമുള്ള പുസ്തകങ്ങൾ. മറാത്തിയിൽ തുടങ്ങിയ ഞാൻ ഇംഗ്ലീഷിലും വായിച്ചു തുടങ്ങി. പിന്നെ വായനക്ക് ഒരിക്കലും അവസാനമുണ്ടായിട്ടില്ല. നല്ല പുസ്തകങ്ങൾ, മികച്ച എഴുത്തുകാർ. അവർ എെൻറ ജീവിതസങ്കൽപങ്ങളെ, മൂല്യങ്ങളെ സ്വാധീനിച്ചുതുടങ്ങി. യുക്തിപരമായ ചിന്ത, മതേതര കാഴ്ചപ്പാടുകൾ, സഹാനുഭൂതി തുടങ്ങിയ സംഗതികൾ പുസ്തകങ്ങളിൽനിന്നുമാണ് എന്നിലേക്ക് വന്നുചേർന്നത്.
താങ്കളുടെ മാസ്റ്റർപീസെന്ന് നിരൂപകരും വായനക്കാരും വിശേഷിപ്പിച്ചിട്ടുള്ള 'കാർമെലിൻ' എന്ന നോവലിലെ നായിക, മുഖ്യകഥാപാത്രം കാർമെലിനെ താങ്കൾ എവിടെനിന്നാണ് കണ്ടെത്തിയത്? നോവൽ വായിക്കുമ്പോൾ കാർമെലിൻ ശരിക്കുമുള്ള ഒരാളാണെന്നുതന്നെ തോന്നും. കുവൈത്തിൽ വീട്ടുജോലിക്കാരിയായി പോകുന്ന അവരുടെ ജീവിതം ഇന്ത്യക്കാരുടെ ഗൾഫിലെ തൊഴിൽ പ്രവാസത്തിെൻറ വളരെ പ്രധാനപ്പെട്ട ഒരു കാലത്തെക്കൂടി അടയാളപ്പെടുത്തുന്നുമുണ്ട്. കാർമെലിൻ ഫിക്ഷണൽ മാത്രമാണെന്ന് കരുതാൻ കഴിയുന്നില്ല..?
ആളുകൾ പറയുന്നത് എന്തായാലും അത് സഹാനുഭൂതിയോടെ കേട്ടിരിക്കുക എെൻറ ശീലങ്ങളിൽ ഒന്നാണ്. ഞാൻ മജോർദയിൽ ഒരു പച്ചക്കറി-പലവ്യഞ്ജനക്കട നടത്തിയിരുന്നു. ഒരു സൂപ്പർ സ്റ്റോർ. ഗ്രാമത്തിലുള്ള മുഴുവനാളുകളും സാധനങ്ങൾ വാങ്ങാൻ അവിടെ വരും. അവർക്കുവേണ്ടതെല്ലാം എെൻറ കടയിലുണ്ടായിരുന്നു. കടയിൽ എല്ലായിടത്തുമായി ഞാനുണ്ടാകും. പണം വാങ്ങുന്ന കൗണ്ടറിലും. കടയിൽ വരുന്നവർക്ക് എന്നോട് സംസാരിക്കാൻ സന്തോഷവും ഇഷ്ടവുമാണ്. ഞാൻ എല്ലാം കേട്ടുകൊണ്ടിരിക്കും. കട എെൻറ അച്ഛൻ തുടങ്ങിയതാണ്. ഞാൻ ബിരുദപഠനം കഴിഞ്ഞുനിൽക്കുന്ന സമയമാണ്. ഗോവ വിമോചിതമായിട്ടേ ഉള്ളൂ. സർക്കാർ ജോലികൾ കിട്ടാൻ എളുപ്പം. പക്ഷേ എനിക്കെന്തോ എെൻറ ഗ്രാമം വിട്ടുപോകാൻ തോന്നിയില്ല. ഞാൻ കട നടത്താൻ തീരുമാനിച്ചു. മറ്റു അവസരങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ഞാൻ കട നടത്തിപ്പ് ഏറ്റെടുത്തതെന്നർഥം. എനിക്കന്ന് അങ്ങനെയാണ് തോന്നിയത് എന്നു മാത്രം. അച്ഛെൻറ പാരമ്പര്യം തുടരാം എന്ന തീരുമാനം ഞാൻ കൈക്കൊണ്ടു. അതുകൊണ്ട് എനിക്ക് എെൻറ ഗ്രാമത്തിലെ എല്ലാ മനുഷ്യരുമായും അടുത്തു ജീവിക്കാൻ കഴിഞ്ഞു. എല്ലാവരേയും എനിക്കറിയാം. എല്ലാവർക്കും എന്നേയും അറിയാം.
അവിടെനിന്നും കേട്ട ജീവിതകഥകൾ, അതിൽനിന്നും 'കാർമെലി'െൻറ സൃഷ്ടിയിലേക്കെത്തിയത്. അതിനെക്കുറിച്ച് പറയാമോ?
കടയിൽ വരുന്നവർ പോർചുഗീസിൽ സംസാരിക്കും. ചിലർ ഇംഗ്ലീഷിൽ. എന്നാൽ മിക്കവരും സംസാരിക്കുക കൊങ്കണിയിലാണ്. അവരുടെ വ്യക്തിപരമായ കാര്യങ്ങളും കാഴ്ചപ്പാടുകളും പറയുക കൊങ്കണിയിലായിരിക്കും. അതിനു മറ്റൊരു കാരണംകൂടിയുണ്ട്. കൊങ്കണിയിൽ സംസാരിക്കുന്നവർക്കാണ് ഞാൻ മുൻഗണന കൊടുക്കുക. അതിനാൽ ഒരാൾ കൊങ്കണിയിൽ സംസാരിക്കുമ്പോൾ മറ്റു ഭാഷകളിൽ സംസാരിക്കുന്നവർ വന്നാലും എെൻറ ശ്രദ്ധ കൊങ്കണി പറയുന്നവരിലായിരിക്കും. ഇത് കടയിൽ വരുന്നവരും മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ വളരെ ഇൻറിമേറ്റായ സംസാരങ്ങൾ നടക്കുക കൊങ്കണിയിലാണ്. എെൻറ നിരവധി കഥാപാത്രങ്ങളെ ഞാൻ കണ്ടുമുട്ടിയത് ഞങ്ങളുടെ കടയിൽ വെച്ചായിരുന്നു. ഉദാഹരണത്തിന് എെൻറ 'തെരാസാസ് മെൻ' എന്ന കഥ എടുക്കുക. അതിലെ പ്രധാന കഥാപാത്രം എെൻറ കടയിൽനിന്നും രണ്ടര കിലോമീറ്റർ ദൂരെയാണ് താമസിച്ചിരുന്നത്. അയാൾ എന്നും വൈകുന്നേരം അഞ്ചരമണിക്ക് സൈക്കിളിൽ വരും. ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിക്കും. ആറു മണിവരെ എന്നോട് സംസാരിച്ചുനിൽക്കും. ആറു മണിക്ക് വാസ്കോയിൽനിന്നുള്ള െട്രയിൻ വരും. അതിൽ അയാളുടെ ഭാര്യയുണ്ടാകും. അവരെ സൈക്കിളിൽ കയറ്റി അയാൾ മടങ്ങും. ഇത് എല്ലാ ദിവസങ്ങളിലും ആവർത്തിക്കും. അയാളുടെ ഭാര്യ വാസ്കോയിൽ ജോലി ചെയ്യുന്നു. അയാൾ ജോലിക്കൊന്നും പോകുന്നില്ല. എന്നാൽ എല്ലാം തെൻറ നിയന്ത്രണത്തിലാണെന്ന പുരുഷാധിപത്യപരമായ സമീപനവുമുണ്ട്. ഞായറാഴ്ച രണ്ടാളും കൂടി വരും. സ്ത്രീ വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങിക്കും. രണ്ടു പേരും സൈക്കിളിൽതന്നെ മടങ്ങും. സത്യത്തിൽ അയാൾ വാങ്ങുന്ന സിഗരറ്റുപോലും ഭാര്യയുടെ കാശുകൊണ്ടാണ്. എന്നാൽ എല്ലാം എെൻറ നിയന്ത്രണത്തിലെന്ന്് സംസാരത്തിൽ അയാൾ എന്നെ ബോധ്യപ്പെടുത്തും. അങ്ങനെയാണ് 'തെരാസാസ് മെൻ' എന്ന കഥ പിറക്കുന്നത്.
കാർമെലിനെക്കുറിച്ച് താങ്കൾ പറഞ്ഞില്ല?
എല്ലാ കഥയെഴുത്തുകാരും തനിക്കു ചുറ്റുമുള്ള യഥാർഥ മനുഷ്യർ, സംഭവങ്ങൾ എന്നിവയെ ഉപയോഗപ്പെടുത്തിത്തന്നെയാണ് എഴുതുന്നത്. അപ്പടി ഉപയോഗിക്കുക എന്നതല്ല, കഥക്കുവേണ്ടി, നോവലിനുവേണ്ടി ആ മനുഷ്യരും അനുഭവങ്ങളും രൂപപ്പെടുകയാണ്. എെൻറ കടയിൽ 14, 15 വയസ്സുള്ള ഒരു പെൺകുട്ടി വരുമായിരുന്നു. 1970കളിലെ കാര്യമാണ് ഞാൻ പറയുന്നത്. ബി.എസ്.എ ലേഡീസ് സൈക്കിളിലാണ് വരുക. ഇന്ന് പെൺകുട്ടികൾ മോപ്പഡിലും ബൈക്കിലുമാണ് സഞ്ചരിക്കുന്നത്. അന്ന് ബി.എസ്.എ ലേഡീസ് സൈക്കിൾ അപൂർവമായിരുന്നു. പെൺകുട്ടി കടയിൽവന്ന് കുറച്ചു സമയം ചെലവഴിക്കും. ചോക്കലേറ്റ് വാങ്ങും, ചിലപ്പോൾ കൊക്കകോള കുടിക്കും. അവൾ വാങ്ങും എന്നതു മാത്രമല്ല, അവിടെയുള്ള പലർക്കും വാങ്ങിക്കൊടുക്കുകയും ചെയ്യും. പ്രത്യേകിച്ചും അവൾക്ക് പരിചയമുള്ളവർക്ക്, കൂടെ പഠിക്കുന്നവർക്ക് ഒക്കെ. രണ്ടോ മൂന്നോ കുപ്പി കോള വാങ്ങി അവിടെയുള്ളവർക്ക് കൊടുക്കുന്നത് ഏറക്കുറെ പതിവു കാഴ്ചയായിരുന്നു. ഗ്രാമത്തിലെ ഒരു ചെറിയ പെൺകുട്ടിക്ക് ഇത്രയും പോക്കറ്റുമണി എവിടെനിന്നും കിട്ടുന്നുവെന്ന് ഞാൻ ആലോചിക്കും. അത് ചിലരോട് ചോദിക്കുകയും ചെയ്തു. അപ്പോൾ ഒരാൾ പറഞ്ഞു, അവളുടെ അമ്മ ''കുവൈത്ത് കാൻ അല്ലേ'' എന്ന്.
'കുവൈത്ത് കാൻ' എന്നു പറഞ്ഞാൽ?
കുവൈത്തിലെ സ്ത്രീ എന്ന അർഥത്തിലാണ് കൊങ്കണിയിൽ അങ്ങനെ പറയുന്നത്. എന്നാൽ അത് നല്ല അർഥത്തിലല്ല. അപകീർത്തികരമായ പ്രയോഗമാണത്. എനിക്ക് ആ പ്രയോഗം ഒട്ടും ഇഷ്ടമല്ല. എഴുപതുകളിൽ ഗോവയിൽനിന്ന് സ്ത്രീകൾ ഗൾഫിലേക്ക് വീട്ടുജോലിക്കാരികളായി പോകുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽനിന്നും ഇതേ കാലത്തുതന്നെയാണ് ഗൾഫ് പ്രവാസം തുടങ്ങുന്നത്. ഗോവയിൽനിന്ന് പുരുഷന്മാരല്ല, സ്ത്രീകളാണ് ഗൾഫ് തൊഴിൽ പ്രവാസം തിരഞ്ഞെടുത്തത്. സാമ്പത്തികമായ മോശം നിലയിൽനിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ അവർ ഗൾഫ് പ്രവാസം എന്ന സഹനം തിരഞ്ഞെടുത്തു. ശരീരത്തിെൻറ കാമനകൾക്കും ചില സന്ദർഭങ്ങളിൽ വൈകൃതങ്ങൾക്കും അവർ ഇരകളാക്കപ്പെട്ടു. ഗൾഫിലേക്കു പോയവരെക്കുറിച്ചുള്ള നിരവധിയായ കഥകൾ ഞാൻ കേട്ടുകൊണ്ടിരുന്നു. രണ്ടു കഥകൾ എഴുതാൻ ഉറച്ചു. ഇതിനിടയിൽ എനിക്ക് തൊണ്ടയിൽ, ശബ്ദനാളിയിൽ ഒരു പ്രശ്നം വന്നു. ഡോക്ടർമാർ രണ്ടാഴ്ചത്തേക്ക് സംസാരിക്കാൻ പാടില്ല എന്നു പറഞ്ഞു. കടയിൽ മൗനംപാലിച്ചിരിക്കുക അസാധ്യമാണ്. ആ സമയത്ത് എെൻറ ഭാര്യ ഒരു െറസ്റ്റ്ഹൗസിൽ മുറി എടുത്ത് ആരോടും സംസാരിക്കാതെ രണ്ടാഴ്ച അവിടെ കഴിയാൻ നിർദേശിച്ചു. ഭക്ഷണം വീട്ടിൽനിന്നും കൊടുത്തയക്കും. അതു ഞാൻ സ്വീകരിച്ചു. അങ്ങനെ ആ റെസ്റ്റ് ഹൗസിലിരുന്ന് രണ്ടു കഥകൾ എഴുതാൻ തയാറെടുപ്പുകൾ നടത്തി. രണ്ടു കഥകളും ഗൾഫ് അന്തരീക്ഷത്തിലുള്ളതാണ്. ഏറക്കുറെ സമാനമായ ആമ്പിയൻസിലുള്ളവ. മൂന്നോ നാലോ മണിക്കൂർകൊണ്ട് കഥ എഴുതുന്നതാണ് എെൻറ രീതി. കഥകൾ എഴുതാനിരുന്നപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടു. സത്യത്തിലിത് ഒരു നോവലാണ്, ചെറുകഥകളല്ല എന്ന്.
അത് താങ്കളെ 'കാർമെലി'െൻറ രചനയിലേക്ക്് നയിച്ചു?
അതെ. ഞാൻ പിന്നീട് ഗൾഫിൽ പോയി മടങ്ങിവന്നവരെ, അവധിയിലുള്ളവരെ ഒക്കെ കാണാൻ തുടങ്ങി. അവരുമായി സംസാരിച്ചു. പലരേയും അഭിമുഖം നടത്തി. ചിലരെ 'ചോദ്യം' ചെയ്ത് നിരവധി വിവരങ്ങൾ ശേഖരിച്ചു. അവരെല്ലാവരും ഗൾഫിലെ ജീവിതം അതിഗംഭീരം എന്നാണ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. നല്ല കാര്യങ്ങൾ മാത്രമാണ് എന്നോട് പങ്കുവെച്ചത്. എന്നാൽ പല സൂചനകളും ജീവിതം അങ്ങനെ മാത്രമായിരിക്കില്ലെന്ന തോന്നൽ എന്നിലുണ്ടാക്കി. അപൂർവം ചിലർ അവിടത്തെ ജീവിതത്തിലെ പ്രശ്നങ്ങളും പറയാൻ തയാറായി. ഗൾഫ് ജീവിതത്തിലെ പ്രയാസങ്ങളെക്കുറിച്ച്, ദുഷ്കരതയെക്കുറിച്ച് ചില വിവരങ്ങൾ അവരിൽനിന്നും കിട്ടി. മിക്കയാളുകളും മറ്റുള്ളവർ ചില കുടുക്കുകളിൽ കുടുങ്ങി, എനിക്ക് മാത്രം അപകടമൊന്നുമുണ്ടായില്ല എന്നാണ് പറഞ്ഞത്. താൻ സുരക്ഷിത/തൻ, മറ്റുള്ളവർ കെണിയിൽ എന്ന തരത്തിലുള്ള ആഖ്യാനമായിരുന്നു അത്.
അതിനെ താങ്കൾ മറികടന്നിട്ടുണ്ട്. നോവൽ വായിക്കുമ്പോൾ അത് മനസ്സിലാക്കാം..?
കുവൈത്തിൽനിന്നും മടങ്ങിവന്ന, മത്സ്യബന്ധനക്കുടുംബത്തിലെ ഒരു സ്ത്രീയുണ്ടായിരുന്നു. കുട്ടിക്കാലംമുതലേ ഞാനവരെ കാണുന്നതും അറിയുന്നതുമാണ്. എന്നെ കുട്ടീ എന്നേ വിളിക്കൂ. അങ്ങനെ അടുപ്പമുണ്ട്. ഞാനവരെ കാണാൻ പോയി. ഗൾഫിൽ ജോലി ചെയ്ത് അവർ നല്ല പണമുണ്ടാക്കിയിരുന്നു. താൻ കുവൈത്തിൽ ഇല്ലിസിറ്റ് ബിസിനസിൽ ഉണ്ടായിരുന്നുവെന്ന് അവർ എന്നോടു പറഞ്ഞു. അതായത് മദ്യക്കച്ചവടത്തിൽ, ഡ്രഗ് ബിസിനസിൽ. ഒരു അറബിയുമായി ചേർന്നാണ് ഇതെല്ലാം ചെയ്തിരുന്നത്. ഇക്കാര്യങ്ങളെല്ലാം ഒരു മറയുമില്ലാതെ അവർ എന്നോട് തുറന്നുപറഞ്ഞു. ആ സംസാരം മൂന്നു മണിക്കൂർ നീണ്ടു. ഒരു ദിവസം വൈകുന്നേരം അഞ്ചുമണിക്കാണ് ഞാനവരുടെ വീട്ടിൽ ചെല്ലുന്നത്. വീട്ടിലിരുന്ന് സംസാരിക്കുന്നതിനേക്കാൾ സ്വകാര്യത ബീച്ചിലായിരിക്കുമെന്ന് പറഞ്ഞു. അങ്ങനെ കടപ്പുറത്തിരുന്ന് ഞങ്ങൾ സംസാരിച്ചു. ഗൾഫിലെ ജീവിതത്തെക്കുറിച്ച് മറയില്ലാതെ അവർ സംസാരിച്ചു. ബീച്ചിൽ ഇരുട്ടു വീണു. ഞാൻ എെൻറ നോട്ടുബുക്കിൽ അവർ പറയുന്നത് വെളിച്ചമില്ലെങ്കിലും കുറിച്ചെടുത്തുകൊണ്ടിരുന്നു. ഒരു അറബി വീടിെൻറ അകം എങ്ങനെയാണ്? സ്വീകരണ മുറിക്ക് അവർ സബല എന്നു പറയുന്നു. അകത്തെ ടോയ്്്ലെറ്റുകൾ എവിടെയാണ്? കുവൈത്തിലെ ക്രിസ്ത്യൻ പള്ളി എങ്ങനെയാണ്? അവരുടെ നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്ന അറബി വാക്കുകൾ ഏതൊക്കെയായിരുന്നു? ഇങ്ങനെ എല്ലാ തരം വിശദാംശങ്ങളിലേക്കും ആ സംസാരം കടന്നുപോയി. നോവലിെൻറ ആദ്യ വാചകത്തിൽതന്നെ വെള്ളിയാഴ്ച പ്രാർഥനയെ കുറിക്കുന്ന ജുമുഅ എന്ന പദം നിങ്ങൾ കാണുന്നു. മണൽക്കാറ്റടിക്കുന്നതിനെക്കുറിച്ച് വായിക്കുന്നു. അതെല്ലാം കുവൈത്ത് റിട്ടേണിയായ ആ സ്ത്രീയാണ് എനിക്കു പറഞ്ഞു തന്നത്. 'താൽ' പോലുള്ള അറബിപദങ്ങളും കാണാം. അവർ എനിക്ക് പറഞ്ഞു തന്ന കാര്യങ്ങൾ ചിത്രീകരിച്ചാൽ കുവൈത്ത് ജീവിതം അതിെൻറ സമ്പൂർണതയിൽ ലഭിക്കുമെന്ന് എനിക്ക് ബോധ്യമായി. അന്ന് എട്ടുമണി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. ഞാൻ ഭാര്യയോട് പറഞ്ഞു: എല്ലാം പൂർണമായിരിക്കുന്നു, നാളെ മുതൽ ഞാൻ എഴുതാനിരിക്കുകയാണ്. അങ്ങനെയാണ് 'കാർമെലിൻ' പിറന്നത്. 20 ദിവസം തുടർച്ചയായി എഴുതി, നോവൽ പൂർത്തിയാക്കി.
20 ദിവസംകൊണ്ട് ഒരു നോവൽ?
പൊതുവിൽ ഞാനൽപം വേഗത്തിൽ എഴുതുന്നയാളാണ്. ഒരു കഥ ഒറ്റയിരുപ്പിനാണ് എഴുതുക. സാധാരണ രാത്രി പത്ത്, പത്തര മണിയാകുമ്പോൾ, വീട്ടിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ എഴുതാൻ ഇരിക്കും. പുലർച്ചെ മൂന്നു-നാലു മണി വരെ. പിന്നെ ഉറങ്ങാൻ പോകും. പിന്തിരിഞ്ഞു നോക്കുക കുറവാണ്. കാരണം എഴുതാതെ തരമില്ല എന്ന ഒരു നിമിഷത്തിലാണ് ഞാൻ ആരംഭിക്കുന്നത്. അതുകൊണ്ട് ചെറുകഥകൾ ഒറ്റയിരുപ്പിൽ എഴുതും. എല്ലാം അങ്ങനെയാണെന്നല്ല. എന്നാൽ മിക്കപ്പോഴും അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. അതാണ് എെൻറ ശൈലി. സംക്ഷിപ്തതയിലൂന്നിക്കൊണ്ട് ഒരു കഥ പറയുകയാണ് എെൻറ രീതി. അതിലൂടെ വിപുലമായ ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുക. വിശദാംശങ്ങളുടെ ആധിക്യത്തിനു പകരം സൂചനകളുമായി കഥയെ മുന്നോട്ടു നയിക്കുക. ഇങ്ങനെയൊക്കെയാണ് ഞാൻ ചെയ്യുന്നത്.
'കാർമെലിൻ' എങ്ങനെയാണ് കൊങ്കണി വായനക്കാർ സ്വീകരിച്ചത്?
കൊങ്കണി ഒരു സാഹിത്യ ഭാഷയാകുന്നത് വൈകിയാണെന്ന് ഞാൻ പറഞ്ഞുവല്ലോ. എെൻറ രണ്ടാമത്തെ നോവലാണ് 'കാർമെലിൻ'. 1975ൽ ആദ്യ നോവൽ 'സൂദ്' പുറത്തു വന്നു. കൊങ്കണിയിൽ അന്ന് നോവലുകൾ വളരെ കുറച്ചേയുള്ളൂ. അതിനാൽ നോവൽ പൊതുവിൽ സ്വീകരിക്കപ്പെട്ടു. എന്നാൽ നോവൽ കാത്തലിക്ക് സ്ത്രീകളെ മോശക്കാരികളാക്കുന്നുവെന്ന വിമർശനമുണ്ടായി. കാർമെലിനെ ഒരു കത്തോലിക്ക് എന്ന നിലയിലല്ല ഞാൻ കാണുന്നത്. എന്നു മാത്രമല്ല സാഹചര്യങ്ങളുടെ ഇരയായ ആ കഥാപാത്രത്തെ സഹാനുഭൂതിയോടെയാണ് അവതരിപ്പിച്ചിട്ടുള്ളതും. എന്നാൽ കാത്തോലിക്കരുടെ ഇടയിൽനിന്ന് ചിലർ നോവലിനെതിരെ രംഗത്തു വന്നു. പ്രചാരണങ്ങൾ നടത്തി. നോവൽ ഖണ്ഡശഃ വന്നുകൊണ്ടിരുന്ന പത്രം അത് നിർത്തിവെച്ചു. എന്നാൽ കൊങ്കണിയിലെ പ്രഥമ ജ്ഞാനപീഠ ജേതാവ് രവീന്ദ്ര കേലേക്കർ നോവലിനെ പിന്തുണച്ചു രംഗത്തു വന്നു. ആൽബർട്ട് മൊറാവിയോയുടെ 'വുമൺ ഓഫ് റോം' എന്ന നോവൽ നൽകുന്ന അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈ വിവാദത്തിൽ കേലേക്കർ ഇടപെട്ടത്. അദ്ദേഹം പറഞ്ഞു: ഇത് വുമൺ ഓഫ് റോം പോലെയാണ്. ഞാൻ കാർമെലിനെ ഏറെ ഇഷ്ടപ്പെടുന്നു. അവരെ എെൻറ വീട്ടിലേക്ക് ക്ഷണിക്കാനും ഒരു സഹോദരിയായി കൂടെ താമസിപ്പിക്കാനും ഞാനാഗ്രഹിക്കുന്നു. എെൻറ വിമർശകർ പറഞ്ഞതൊന്നുമായിരുന്നില്ല എെൻറ നോവലിെൻറ ഉദ്ദേശ്യം. എന്തായാലും നോവലിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. ഇതിനൊപ്പം ഒരു കാര്യംകൂടി ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിർണായകമായ കാര്യമാണിത്. കാത്തലിക്ക് പുരോഹിതനായ ഫാദർ ഡിക്കോറ്റ വിവാദ സമയത്ത് പറഞ്ഞു: എനിക്ക് നോവൽ അങ്ങേയറ്റം ഇഷ്ടമായി. കാർമെലിൻ ജീവിതത്തിെൻറ യഥാർഥ ചിത്രം നൽകുന്നു. കുവൈത്തിലേക്ക് കൊണ്ടുപോകുന്ന നിഷ്കളങ്കരായ പല യുവതികളും വഞ്ചിക്കപ്പെടുന്നുണ്ട്. അതിനെക്കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്ന രചനയാണിത്. അതിനാൽ കാർമെലിൻ ഞാൻ നടത്തുന്ന പത്രത്തിൽ മുഴുവനായും പ്രസിദ്ധീകരിക്കാൻ പോവുന്നു. എതിർക്കുന്നവർക്ക്് മുന്നോട്ടുവരാം.
'കാർമെലിൻ' നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ കൃതിയാണ്. താങ്കളുടെ മറ്റു കൃതികൾ ഒരുപക്ഷേ ഇത്തരത്തിൽ വിവർത്തനം ചെയ്യപ്പെട്ടിരിക്കില്ല..? 14 ഭാഷകളിൽ 'കാർമെലിൻ' വിവർത്തനം ചെയ്യപ്പെട്ടു. ഏറ്റവും പുതിയ വിവർത്തനം മൂന്നു മാസം മുമ്പ് മലയാളത്തിൽ വന്നു. രാജേശ്വരി ജി. നായരാണ് വിവർത്തക.മലയാള വിവർത്തനം മികച്ചതാണ്..?
ഞാൻ അതിൽ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. 'കാർമെലിനു'ൾപ്പെടെയുള്ള എെൻറ രചനകളുടെ വിവർത്തനത്തിന് പല ഭാഷകളിലും കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരങ്ങൾ കിട്ടിയിട്ടുമുണ്ട്. സമീപകാലത്തുണ്ടായ ഒരു കാര്യത്തെക്കുറിച്ചുകൂടി പറയാം. നാരായണ മൂർത്തിയുടെ നേതൃത്വത്തിൽ 'ഇന്ത്യാസ് നോവൽ കലക്ടീവ്' എന്നൊരു പ്രസ്ഥാനം പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ക്ലാസിക് ഇന്ത്യൻ നോവലുകൾ പുതിയ വിവർത്തനം, പുതിയ വിപണി, പുതിയ വിൽപന എന്നിവ ലക്ഷ്യമിട്ട് പുറത്തിറക്കുകയാണ് ഈ കലക്ടിവ് ലക്ഷ്യമിടുന്നത്. ഓരോ ഭാഷയെയും എടുത്താണ് അവരിത് ചെയ്യുന്നത്. കൊങ്കണിയാണ് ഇനി അവർ പരിഗണിക്കുന്ന ഭാഷ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ നോവൽ ക്ലാസിക്കുകളെത്തിക്കുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യത്തിൽപെടുന്നു.
മലയാളത്തിലും ഗൾഫ് കഥകൾ ട്രാജഡികളായാണ് വന്നിട്ടുള്ളത്. കാർമെലിൻ നിരവധി പ്രശ്നങ്ങളും സങ്കീർണതകളും അനുഭവിക്കുന്നു. എന്നാൽ തെൻറ മകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള സമ്പാദ്യം ഉണ്ടാക്കുന്നു. ഭർത്താവിെൻറ ജ്യേഷ്ഠന് കപ്പൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ കാൽ നഷ്ടപ്പെടുന്നു, പിന്നീട് കൃത്രിമക്കാൽ വെക്കുന്നത് കാർമെലിെൻറ സമ്പാദ്യംകൊണ്ടാണ്. ഇങ്ങനെ പീഡകളുടെയും അതിജീവനത്തിെൻറയും രണ്ടു വശങ്ങൾ നോവൽ എടുത്തുകാട്ടുന്നു. മനുഷ്യജീവിതത്തിെൻറ പൊരുൾ ഇതുതന്നെയാണെന്നാണോ താങ്കൾ കരുതുന്നത്?
തീർച്ചയായും. ജീവിതത്തിെൻറ വൈരുധ്യങ്ങളുണ്ടാക്കുന്ന തിരിച്ചറിവുകളാണ് ഒരാളെ എഴുത്തുകാരനോ/ എഴുത്തുകാരിയോ ആക്കുന്നത്. കൊങ്കണിയിൽ വിസംഗതി എന്നു പറയും. മലയാളത്തിൽ നിങ്ങൾ എന്താണ് പറയുക എന്നെനിക്കറിയില്ല. ഗംഭീരരായ മനുഷ്യർ പൊടുന്നനെ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നു. ആ തീരുമാനങ്ങളും അവരുടെ മുേമ്പയുള്ള ജീവിതവും അതിെൻറ വൈരുധ്യങ്ങളും സാഹിത്യത്തിന് വിഷയമാകുന്നു. സാധാരണ പറയാറില്ലേ നായ മനുഷ്യനെ കടിച്ചാൽ അതിലൊന്നുമില്ല, നേരെ തിരിച്ചാണെങ്കിൽ അതിൽ പലതുമുണ്ടെന്ന്. സാഹിത്യം സംഭവിക്കുന്നത് അങ്ങനെയാണ്. തീർത്തും അവിചാരിതമായത് സംഭവിക്കുന്ന മനുഷ്യജീവിതങ്ങളാണ് എഴുത്തിൽ എന്നെ ആകർഷിക്കുന്നത്.
ഞാൻ താങ്കളുടെ പുതിയ കഥയുടെ മലയാള വിവർത്തനം വായിച്ചു. കോവിഡ് പശ്ചാത്തലത്തിലെഴുതിയ 'ഈ ശവം ആരുടേത്' എന്ന കഥ. പതിവുപോലെ ലളിതമായി പറഞ്ഞുപോകുന്ന കഥ. പക്ഷേ, അതിലൂടെ വെളിവാക്കപ്പെടുന്ന സങ്കീർണത താങ്ങാൻ കഴിയാത്തതാണ്. സ്വന്തം നാടുകളിലേക്ക് ലോക്ഡൗൺ കാലത്ത് നടന്നുപോകേണ്ടിവന്ന സാധാരണ തൊഴിലാളിയുടെ കഥയാണല്ലോ അത്. ഗൾഫാണെങ്കിലും ആഭ്യന്തര കുടിയേറ്റമാണെങ്കിലും തൊഴിലും അന്നവും അഭയവും തേടിയുള്ള മനുഷ്യരുടെ പ്രവാസ-കുടിയേറ്റ ജീവിതത്തിെൻറ ബാക്കിയിരുപ്പ് ദുരന്തങ്ങളും വിഷമങ്ങളും മാത്രമാവുകയാണ്. ഈ ബാക്കിയിരിപ്പിനെ താങ്കൾ എങ്ങനെ കാണുന്നു?
ലോക്ഡൗൺ കാലത്ത് ഗോവയിൽ കഴിഞ്ഞ കുടിയേറ്റ തൊഴിലാളികളുടെ ജീവിതം എെൻറ ഹൃദയത്തെ മാത്രമല്ല, താങ്കളെയും സ്പർശിച്ചിരിക്കും. കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്കും വീടുകളിലേക്കും നടന്നുപോകുന്നതിെൻറ ഞെട്ടിക്കുന്ന നിരവധി ദൃശ്യങ്ങൾ ടി.വിയിൽ നമ്മളെല്ലാവരും കണ്ടു. അത് ശരിക്കുമൊരു മനുഷ്യപ്രവാഹമായിരുന്നു. ഗൾഫിലേക്കാണെങ്കിലും മറ്റു നാടുകളിലേക്കാണെങ്കിലും ഇന്ത്യക്കുള്ളിൽ തന്നെയാണെങ്കിലും ഈ തൊഴിൽ പ്രവാസത്തിൽ വേദനയുടെ വലിയൊരു അംശമുണ്ട്. താങ്കൾ പറഞ്ഞ ആ കാര്യത്തോട് ഞാൻ പൂർണമായും യോജിക്കുന്നു. എത്ര ദീർഘദൂരമാണ് ആ മനുഷ്യർ നടന്നത്. അവരിൽ എത്ര പേർ വഴിയിൽ വീണ് ഇല്ലാതായി. അതെന്നെ ഉലച്ചുകളഞ്ഞു. അങ്ങനെ ഒരു വിഷയം എെൻറ മുന്നിലൂടെ കടന്നുപോയാൽ എനിക്കതിനെക്കുറിച്ച് എഴുതാതിരിക്കാനാവില്ല. ഈ വിഷയത്തിൽ ഒരു കഥ എഴുതൂ എന്നാരെങ്കിലും എന്നോട് പറഞ്ഞാൽ അതൊരിക്കലും നടക്കില്ല, എനിക്കതിന് കഴിയില്ല. എന്നാൽ ഒരു പ്രമേയം മനസ്സിൽ ചേക്കേറിയാൽ അതെഴുതാതെ എനിക്ക് ഒരു നിമിഷംപോലും വിശ്രമിക്കാനും കഴിയില്ല. ഈ കഥയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്്. ശരിയാണ് കുടിയേറ്റങ്ങളും പ്രവാസങ്ങളും ഒരർഥത്തിൽ അവശേഷിപ്പിക്കുന്നത് ദുരന്തത്തിെൻറയും വേദനകളുടേയും കഥകളാണ്.
വിവർത്തനങ്ങളെക്കുറിച്ച് ചോദിക്കട്ടെ: തെന്നിന്ത്യൻ ഭാഷകളിലെ സാഹിത്യം വേണ്ട വിധത്തിൽ പരിഭാഷപ്പെടുത്തപ്പെടുന്നുണ്ടോ? മാർകേസും നെരൂദയും ഒക്കെ എല്ലാ ഭാഷകളിലും വിവർത്തനം ചെയ്തുവന്നിട്ടുണ്ട്. എന്നാൽ ഒരു മലയാളി കൃതിയെക്കുറിച്ച് തമിഴിലോ തെലുങ്കിലോ അറിയില്ല. ഒരു കൊങ്കണി കൃതിയെക്കുറിച്ച് മലയാളിക്കറിയില്ല. അയൽപക്ക സാഹിത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ, പരിഭാഷയിലെ കമ്മി- ഈ പ്രശ്നത്തെക്കുറിച്ച് തീർച്ചയായും മൗജോ ആലോചിച്ചിട്ടുണ്ടാവും?
താങ്കൾ ഒരു മാളിലോ ഒരു സൂപ്പർ സ്റ്റോറിലോ ഒരു സാധനം വാങ്ങാൻ, ഉദാഹരണത്തിന്, ഒരു ടി.വി വാങ്ങാൻ പോകുന്നുവെന്ന് കരുതുക. നിങ്ങൾ ഒരു പോപ്പുലർ ബ്രാൻഡ് ടി.വിയാണ് വാങ്ങുക. അതു വഴി നല്ല സർവിസ് കിട്ടുമെന്നും നിങ്ങൾ വിചാരിക്കുന്നു. വളരെ പുതിയൊരു ബ്രാൻഡ്, ഇതിനു മുമ്പ് കേട്ടിട്ടില്ലാത്ത ഒന്ന് ആ കടയിലുണ്ടെങ്കിലും നിങ്ങളത് തൊട്ടുനോക്കുകപോലും ചെയ്യില്ല. മാർകേസ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നയാളാണ്. അദ്ദേഹത്തിെൻറ പുസ്തകങ്ങൾ വിൽക്കപ്പെടുമെന്ന കാര്യത്തിൽ പ്രസാധകർക്ക് ഒരു സംശയവുമില്ല. സരമാഗൊയെപ്പോലെ, അല്ലെങ്കിൽ ആൽബർ കമു-ഇവർക്കെല്ലാം വിപണിയുടെ ഗ്യാരണ്ടികൂടി ഉണ്ട്. കമുവിെൻറ പുസ്തകങ്ങൾ ഇന്നും വായിക്കപ്പെടുന്നു. പക്ഷേ, ദാമോദർ മൗജോയെ വിവർത്തനം ചെയ്യുമ്പോൾ അതിൽ റിസ്ക്കുണ്ട്. ഇങ്ങനെ ഒരു എഴുത്തുകാരനെ ഒട്ടും അറിയാത്ത ഭാഷയിലേക്കാണ് വിവർത്തനം വരുന്നത്. വിജയിക്കുമോ പരാജയപ്പെടുമോ? ഈ പ്രശ്നം വിപണിയെയും പ്രസാധകനെയും ബാധിക്കുമെന്നതിൽ സംശയമില്ല. എന്നാൽ പലപ്പോഴും പ്രാദേശിക ഭാഷകളിലെ വിവർത്തനം വിജയിക്കുന്നുമുണ്ട്്്. ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് കൃത്യം ഉത്തരമില്ല. ഇതാണു പ്രശ്നം. ഇന്ത്യൻ ഭാഷകൾ തമ്മിൽ കൃത്യമായ വിനിമയങ്ങൾ, കൊള്ളക്കൊടുക്കകൾ ഇല്ല എന്ന പ്രശ്നവും നിലനിൽക്കുന്നു. പ്രാദേശിക ഭാഷകളിലെ സാഹിത്യം വിവർത്തനങ്ങളിലൂടെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും എത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിനന്ദനാർഹമാണ്. ഏറ്റവും പുതിയ എഴുത്തുകാർ, പഴയ തലമുറയിലെ എഴുത്തുകാർ- ഇങ്ങനെ എല്ലാ വിഭാഗം എഴുത്തുകാരെയും പരിഭാഷയിലൂടെ അവതരിപ്പിക്കാൻ മലയാളത്തിൽ ശ്രമങ്ങളുണ്ട്. മറ്റു ഭാഷകളിൽ ഇത് കേരളത്തിലെ അത്രയും കാണാനാവില്ല.
താങ്കൾക്ക് ഗോവയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധങ്ങളുണ്ട്. കേരളത്തിലെ എഴുത്തുകാരുമായി അടുപ്പമുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെക്കാമോ?
ഗോവയിലെ മലയാളികളെ എെൻറ/ ഞങ്ങളുടെ ഭാഗമായിത്തന്നെയാണ് കാണുന്നത്. അവരെ വേർതിരിച്ചുകാണുന്നില്ല. അത്രയും ഞങ്ങളുടെ ഭാഗമായവരാണ് ഇവിടത്തെ മലയാളി സമൂഹം. മലയാളി എഴുത്തുകാരുമായി ബന്ധപ്പെട്ട് പല ഓർമകളുമുണ്ട്. ഉദാഹരണത്തിന് എം.ടി. വാസുദേവൻ നായരുമായി ഒന്നിച്ച് യാത്രകൾ നടത്തിയത്. ഞങ്ങൾ പല വിഷയങ്ങളിൽ നടത്തിയ ചർച്ചകൾ. അദ്ദേഹത്തിെൻറ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. എം.ടി എെൻറ വീട്ടിലും രണ്ടു തവണ വന്നിട്ടുണ്ട്. ഇങ്ങനെയുള്ള പല ഓർമകളുമുണ്ട്. സേതുവുമായി വളരെ അടുപ്പമുണ്ട്. കെ.പി. രാമനുണ്ണി... അങ്ങനെ പല എഴുത്തുകാരുമായും ബന്ധമുണ്ട്. ഇവരെയൊന്നും മലയാളി എഴുത്തുകാർ എന്ന നിലയിലല്ല, ഇന്ത്യൻ എഴുത്തുകാർ എന്ന രീതിയിലാണ് ഞാൻ കാണുന്നത്. അങ്ങനെയാണ് ഞാനവരെ നോക്കിക്കാണുന്നത്.
2019 ജൂൺ ഒന്നിനാണ് ഞാൻ താങ്കളെ ആദ്യമായി കാണുന്നത്. മലയാളം മിഷൻ ഗോവ ചാപ്റ്റർ മഡ്ഗാവ് രവീന്ദ്രഭവനിൽ സംഘടിപ്പിച്ച ആറാമത് പ്രവാസി മലയാളി സാഹിത്യ സംഗമത്തിൽ വെച്ച്. താങ്കളായിരുന്നു മുഖ്യ പ്രഭാഷണം. അന്ന് താങ്കൾക്ക് പൊലീസ് സുരക്ഷയുണ്ടായിരുന്നു. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുത്വ സംഘടന സനാതൻ സൻസ്തയുടെ ഹിറ്റ്ലിസ്റ്റിൽ മൗജോയുടെ പേര് ഉണ്ടായിരുന്നു. 2017ൽ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ താങ്കളെടുത്ത നിലപാടായിരുന്നു ഇതിനു കാരണം. കൽബുർഗി, പൻസാരെ, ധാബോൽകർ സംഭവങ്ങളിലും രാജ്യത്തെ സെക്കുലർ ഇഴയടുപ്പം തകർക്കാൻ നടന്ന എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കാൻ മുൻനിരയിൽ നിന്ന എഴുത്തുകാരനാണ് ദാമോദർ മൗജോ. ഇന്ന് കാര്യങ്ങൾ മെച്ചപ്പെടുകയാണോ, കൂടുതൽ അപായത്തിലേക്കു പോവുകയാണോ ഉണ്ടായിട്ടുള്ളത്?
ഒരു സംശയവും വേണ്ട, കാര്യങ്ങൾ കൂടുതൽ കൂടുതൽ മോശമായിക്കൊണ്ടേയിരിക്കുന്നു. വ്യക്തിപരമായി നോക്കിയാൽ എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ചില ഭീഷണികൾ ഇടക്കാലത്തുണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. പക്ഷേ, രാജ്യം നേരിടുന്ന അവസ്ഥയെ ആത്മനിഷ്ഠമായി കാണാൻ എനിക്കാവില്ല. കുറച്ചു നാൾ മുൻപ് രണ്ട് കന്യാസ്ത്രീകൾക്കൊപ്പം െട്രയിനിൽ യാത്ര ചെയ്ത പെൺകുട്ടികളെ മതംമാറ്റാൻ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം ഓർക്കുക. ഞാനന്ന് പത്രങ്ങളിൽ അതിനെതിരെ ലേഖനങ്ങൾ എഴുതി. ഉറപ്പായും ഞാൻ പറയുന്നു, കാര്യങ്ങൾ ഒരു നിലയിലും മെച്ചപ്പെട്ടിട്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് സുരക്ഷയുടെ ആവശ്യമൊന്നുമില്ല. കാരണം, ഞാൻ എെൻറ ജനതയെ പൂർണ വിശ്വാസത്തിലെടുക്കുന്നു. പ്രാദേശികമായി എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ ഗോവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് എന്നോട് വിദ്വേഷമുണ്ട്്്. ഞാനതൊന്നും കാര്യമാക്കുന്നില്ല. ജനതക്ക് മുകളിലല്ല ഒരു സംഘടനയും. അത് എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ്. കർഷക സമരം ആ സൂചന ശക്തമായി നൽകിക്കഴിഞ്ഞല്ലോ. ഇത്തരം സംഘടനകൾക്ക് ഞാൻ നോവൽ എഴുതുന്നതോ കഥ എഴുതുന്നതോ ഒന്നും പ്രശ്നമല്ല. അവരുടെ പ്രത്യയശാസ്ത്രത്തെ ആക്രമിക്കരുത്. അതാണവരുടെ ആവശ്യം. അതിനെന്തായാലും ഞാൻ തയാറല്ല. എെൻറ എല്ലാ കാലത്തേയും ആദ്യ പരിഗണന മനുഷ്യത്വമാണ്. എന്നാൽ ഇപ്പറയുന്ന സംഘടനകളും അതിൽ പ്രവർത്തിക്കുന്ന മനുഷ്യരും മനുഷ്യത്വത്തിൽ വിശ്വസിക്കുന്നില്ല. പക്ഷേ അവർ ദൈവത്തിൽ വിശ്വസിക്കുന്നു! എന്തൊരു വിരോധാഭാസമാണത്. സമകാലിക ഇന്ത്യൻ ജീവിതത്തിലെ ഏറ്റവും വലിയ വിരോധാഭാസം. മനുഷ്യത്വത്തിൽ വിശ്വാസമില്ലാത്തവർ ദൈവത്തിൽ വിശ്വസിക്കുന്നു! ചിലർ എന്നെ വിമർശിക്കാറുണ്ട്. എനിക്കതിൽ ഒരു ഭയവുമില്ല. കാരണം ഞാൻ എന്നോടു പുലർത്തുന്ന സത്യസന്ധതതന്നെ. കാര്യങ്ങൾ മോശമായിരിക്കുകതന്നെയാണ്. പക്ഷേ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ കൊടുക്കുന്നില്ല. അതോടെ കാര്യങ്ങൾ മെച്ചപ്പെട്ടു എന്ന തോന്നലുണ്ടാകുന്നു. പക്ഷേ അത് ഒട്ടും ശരിയല്ല.
സുരക്ഷാജോലിക്ക് നിയോഗിക്കപ്പെട്ട ഒരു പൊലീസുകാരൻ താങ്കളുടെ ശരീരത്തെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും, പക്ഷേ താങ്കളുടെ പ്രത്യയശാസ്ത്രത്തെ രക്ഷിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല എന്നു പറഞ്ഞിരുന്നു?
പൊലീസുകാരനായ ഒരു കവിയാണ് അദ്ദേഹം. അദ്ദേഹം പറഞ്ഞത് ശരിയാണ്. നമ്മുടെ സെക്കുലർ പ്രത്യയശാസ്ത്രത്തെ നാമല്ലാതെ മറ്റാര് സംരക്ഷിക്കും, പൊലീസോ പട്ടാളമോ?
ഗോവ സാഹിത്യോൽസവത്തിെൻറ സംഘാടകരിൽ പ്രധാനിയാണ് താങ്കൾ. സാഹിത്യോൽസവ നടത്തിപ്പിെൻറ അനുഭവങ്ങളെക്കുറിച്ച് പറയാമോ?
ഗോവയിലേക്ക് വിദേശികളും സ്വദേശികളുമായ വലിയ എഴുത്തുകാരെ കൊണ്ടുവരുക, സമൂഹത്തിനു മുന്നിൽ അവരെ അവതരിപ്പിക്കുക -ഇതാണ് സാഹിത്യോൽസവത്തിെൻറ പ്രധാന ലക്ഷ്യം. സാഹിത്യത്തിലെ പുതിയ പ്രവണതകളെ തൊട്ടറിയാനുള്ള അവസരമുണ്ടാക്കുക എന്നതും മുഖ്യലക്ഷ്യംതന്നെ. ഇതിൽ സാഹിത്യോൽസവം നടത്തുന്ന ടീം വിജയിച്ചിട്ടുണ്ട്. ഇത് വ്യക്തിപരമായ വിജയമല്ല. എെൻറ സുഹൃത്ത് വിവേക് ഇതിെൻറ ക്യൂറേറ്ററാണ്. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷവും ഞങ്ങൾക്ക് സാഹിത്യോൽസവം നടത്താൻ കഴിഞ്ഞിട്ടില്ല. ഓരോ വർഷവും ഇതിന് സാക്ഷികളാകാൻ വരുന്നവരുടെ എണ്ണം കൂടുന്നു, അംഗീകാരം വർധിക്കുന്നു. അതൊരു പ്രസാദാത്മകമായ അനുഭവമാണ്.
ജ്ഞാനപീഠ പുരസ്കാരത്തോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു?
മറ്റാരേയുംപോലെ ജ്ഞാനപീഠ പുരസ്കാരം എന്നേയും സന്തോഷിപ്പിക്കുന്നു. എന്നാൽ ഒരു കാര്യം ഓർമിപ്പിക്കാൻകൂടി ആഗ്രഹിക്കുന്നു. ഈ പുരസ്കാരത്തിനർഹതയുള്ള നിരവധി എഴുത്തുകാർ ഇന്ത്യയുടെ പല ഭാഗങ്ങളിലുമുണ്ട്. ജൂറി ഈ തിരഞ്ഞെടുപ്പിൽ ശരിക്കും ക്ലേശിച്ചിട്ടുണ്ടാകും. കാരണം തുല്യനിലയിലുള്ളവരിൽനിന്നും ഒരാളെ തിരഞ്ഞെടുക്കുക എന്ന ദുഷ്കരമായ കർമമാണ് അവർക്ക് ചെയ്യാനുള്ളത്. ഈ വർഷത്തെ ജൂറി ആരൊക്കെയായിരുന്നുവെന്ന് എനിക്കറിയില്ല. ഒരു വർഷം ഞാൻ ജൂറി അംഗമായിരുന്നു. എനിക്കറിയാം വിജയിയെ നിശ്ചയിക്കുന്നത് എന്തു മാത്രം വെല്ലുവിളി ഉയർത്തുന്നതാണെന്ന്. കാരണം മറ്റൊരാളോട് അനീതി പ്രവർത്തിക്കുകയാണോ എന്ന സംശയം ജൂറിക്കുണ്ടായാൽപോലും കുറ്റം പറയാനാവില്ല. നിരവധി പേരുടെ ചുരുക്കപ്പട്ടികയിൽനിന്നുമാണ് എന്നെ തിരഞ്ഞെടുത്തത്. അതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ എന്നെപ്പോലെ പലർക്കും ഈ പുരസ്കാരത്തിനർഹതയുണ്ടെന്ന കാര്യം ഓർത്തുകൊണ്ട് എെൻറ ഈ സന്തോഷം ഞാൻ എല്ലാ എഴുത്തുകാരുമായും പങ്കുവെക്കുന്നു. ഇത് ഇന്ത്യയിലെ ലിറ്റററി ബെസ്റ്റിനുള്ള പുരസ്കാരമാണ്. അതിൽ വരുന്ന എല്ലാ എഴുത്തുകാരുമായി ഈ പുരസ്കാരവും അതിെൻറ സന്തോഷവും ഞാൻ പങ്കിടുന്നു.
താങ്കളുടെ പുതിയ രചനകളെക്കുറിച്ച്?
ജ്ഞാനപീഠം എെൻറ എഴുത്തുജീവിതത്തിെൻറ അവസാനമല്ല. ഞാൻ എഴുത്തു തുടരുകതന്നെയാണ്. ഒരു ചെറുകഥാ സമാഹാരം കോവിഡ് കാലത്ത് പുറത്തുവന്നു. പുതിയ നോവൽ ഏതായിരിക്കുമെന്നതിൽ എനിക്ക് കൃത്യത പോരാ. ഗേ ആയ രണ്ടു പേരുടെ ജീവിതത്തെ കേന്ദ്രീകരിക്കുന്ന ഒരു നോവൽ എഴുതുന്നുണ്ട്. 100 പേജായി. പക്ഷേ എഴുതിയതിൽ തൃപ്തി പോരാതെ മാറ്റിവെച്ചിരിക്കുകയാണ്. മറ്റൊന്ന്, എെൻറ ഒരു മുൻ നോവലിെൻറ തുടർച്ചയാണ്. പുറത്തു വന്ന പുതിയ നോവൽ 'ഞാൻ ആത്മഹത്യ ചെയ്യണോ, അതോ ഒരു കപ്പ് ചായ കുടിക്കണോ' ആണ്. അസ്തിത്വവാദത്തിെൻറയും സർറിയലിസത്തിെൻറയും ഛായകളുള്ള നോവലാണിത്. കഴിഞ്ഞ വർഷമാണ് ഈ നോവൽ കൊങ്കണിയിൽ വന്നത്. അടുത്തകാലത്ത് കന്നട വിവർത്തനവും വന്നു. മറാത്തിവിവർത്തനം നടക്കുന്നുണ്ട്. പ്രസിദ്ധ പരിഭാഷകൻ ജെറി പിേൻറാ നോവലിെൻറ ഇംഗ്ലീഷ് പരിഭാഷ ഏറ്റെടുത്തിട്ടുണ്ട്. ഈ നോവൽ മലയാളത്തിൽ വരുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. കാരണം മലയാളത്തിലെ റീഡർ ഷിപ്പ് അത്രയും ആകർഷകമാണ്. കാലത്തിനു മുമ്പെ വായിക്കുന്നവരാണ് മലയാളികൾ. നോവലിെൻറ പ്രമേയവും മറ്റും ഇതര ഭാഷകളിൽ വിശദീകരിക്കേണ്ടി വരും പോലെ മലയാളത്തിൽ വേണ്ടിവരില്ല. മലയാളികൾക്ക് അതെല്ലാം എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും. കേരളീയർ പുരോഗമനേച്ഛുക്കളുമാണ്. അതിനാൽ മലയാള വിവർത്തനം എന്നെ ഏറെ സന്തോഷിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.