ആമുഖം ആവശ്യമില്ലാത്തവിധം കലാ ആസ്വാദകർക്ക് പരിചിതയായ നർത്തകിയാണ് ഡോ. രാജശ്രീ വാര്യർ. രാജ്യാന്തരതലത്തിൽതന്നെ അറിയപ്പെടുന്ന, ഇന്ത്യയിലെ പ്രമുഖ ഭരതനാട്യം നർത്തകിയായ അവർ, ഗവേഷക, കലാനിരൂപക, ടെലിവിഷൻ അവതാരക എന്നീ നിലകളിലും പ്രശസ്തയാണ്. പാറശ്ശാല പൊന്നമ്മാൾ, പെരുമ്പാവൂർ രവീന്ദ്രനാഥ് എന്നിവരിൽനിന്നും ചെറുപ്പത്തിലേ സംഗീതം പഠിച്ചു. വി. മൈഥിലി, ജയന്തി സുബ്രഹ്മണ്യം എന്നിവരിൽനിന്ന് നൃത്തം അഭ്യസിച്ചു. ഭരതനാട്യത്തിന്റെ ആവിഷ്കാരത്തിലും ഉള്ളടക്കത്തിലും രാജശ്രീ വാര്യർ പുതുമ വരുത്തി. സ്വന്തമായ ഭാഷയും വ്യാകരണവും കണ്ടെത്തി. ലങ്കാലക്ഷ്മി, താര, ശിഖണ്ഡി, ടെസ്, ഭഗവതിചിന്ത് തുടങ്ങി നിരവധി നൃത്തരൂപങ്ങൾ സൃഷ്ടിച്ചു. ‘നർത്തകി’, ‘നൃത്തകല’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ. കേരള സംഗീത നാടക അക്കാദമി, ദേവദാസി ദേശീയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ. ‘നേത്ര’ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുന്നു. തിരുവനന്തപുരത്താണ് താമസം.
ജീവിതം നൃത്തത്തിന് സമർപ്പിച്ചയാളാണല്ലോ താങ്കൾ, സ്വന്തം ജീവിതം ഒരു നൃത്തമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ടോ?
നൃത്തം കൊറിയോഗ്രാഫിഡ് ആണ്. അത് അരങ്ങിൽ എത്തുമ്പോൾ മനോധർമം ചേർക്കും. എന്നാൽ, ജീവിതം അങ്ങനെയല്ല, ഓരോ സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. നൃത്തത്തിന്റെ ഉള്ളടക്കം നമ്മളാണ് നിശ്ചയിക്കുന്നത്. അതിലെ ഓരോ കഥാപാത്രവും എങ്ങനെ പെരുമാറണമെന്ന് നമുക്ക് തീരുമാനിക്കാം. ജീവിതം ആകസ്മികമാണ്. നമ്മുടെ നിശ്ചയത്തിന് അനുസരിച്ചല്ല ജീവിതം മുന്നോട്ടുപോയത്. ഒരു ടൈംടേബിൾ ഉണ്ടാക്കിവെച്ച് ജീവിക്കാൻ പറ്റാത്തയാളാണ് ഞാൻ. ജീവിതത്തിൽ ആകസ്മികമായി വന്ന പലതും ആ കാലത്ത് വിഷമമുണ്ടാക്കിയിട്ടുണ്ട്. പിന്നെ നോക്കുമ്പോൾ അതെല്ലാം നല്ലതിലേക്കായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ജീവിതത്തെക്കുറിച്ച് ഇന്ന് എനിക്ക് സങ്കടവും പരാതിയുമൊന്നുമില്ല.
നൃത്തത്തെ സംബന്ധിച്ച് എന്റെ സാഹചര്യങ്ങൾ അനുകൂലമായിരുന്നു. ഒരു നിശ്ചിതവഴിയിലൂടെയാണ് എന്റെ ജീവിതം മുന്നോട്ട് പോയിരുന്നതെങ്കിൽ നൃത്തത്തോട് ഇത്ര ഭ്രാന്ത് ഉണ്ടാകുമായിരുന്നില്ല എന്ന് വിശ്വസിക്കുന്നു. അച്ഛനും അമ്മയും എന്റെ ഒരു കാര്യത്തിലും ഇടപെട്ടിരുന്നില്ല. ചില ചോദ്യങ്ങൾ ചോദിക്കും, അത് അങ്ങേയറ്റം ബാധിക്കുകയും ചെയ്യും. ഒരു പ്രായത്തിനുശേഷം തെറ്റ്, ശരി എന്ന് പറഞ്ഞിട്ടില്ല. ചെറുപ്പത്തിലേ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ പ്രേരിപ്പിച്ചു. എന്റെ കുട്ടിക്കാലം നൃത്തവും സംഗീതവും ഇത്ര ഗൗരവമായി എടുക്കാൻ പറ്റുന്നതായിരുന്നില്ല. പക്ഷേ, എന്റെ രക്ഷിതാക്കൾ മറ്റൊന്നും ചിന്തിക്കാതെ അതിലേക്കു വിട്ടു. വിദ്യാഭ്യാസത്തെക്കാൾ കലകൾക്ക് പ്രാധാന്യം നൽകി. ബന്ധുക്കളും മറ്റും ഇത് കണ്ട് കളിയാക്കുമായിരുന്നു. ഇന്ന് അവരൊക്കെ എന്നെ പ്രശംസിച്ചു സംസാരിക്കുമ്പോൾ പഴയതൊന്നും എനിക്ക് അങ്ങനെ മറക്കാൻ കഴിയുന്നില്ല. അച്ഛൻ വളരെ പുരോഗമന ചിന്തയുള്ളയാളായിരുന്നു. നന്നായി വായിച്ചിരുന്നു. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ തന്നിട്ട്, ഇത് വായിക്കൂ എന്ന് പറയുന്ന ഒരച്ഛൻ. അതൊക്കെയാണ് എന്റെ ഭാഗ്യം. അത്തരമൊരു തുറന്ന സമീപനമായിരുന്നു വീട്ടിലേത്. മകൾ ഇങ്ങനെ ജീവിക്കണം, ഇങ്ങനെ കഴിയണം എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങൾ ഒരു മിഡിൽ ക്ലാസ് കുടുംബമാണ്. അച്ഛന്റെയും അമ്മയുടെയും ജോലികൊണ്ടാണ് ജീവിച്ചത്. ജോലി ആവശ്യമുള്ളതുകൊണ്ടാണ് ചാനലിൽ ജോലി ചെയ്തത്. എപ്പോഴും ആരെയെങ്കിലും ആശ്രയിച്ചു ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ജീവിതത്തിന് ഒരു കൊറിയോഗ്രഫി ഇെല്ലന്ന്. അപ്പോൾ വരുന്നതിനെ നേരിടുക. അതാണ് ചെയ്യുന്നത്.
നൃത്തം ഒരു ജീവിതമാധ്യമമായി തിരഞ്ഞെടുക്കുമ്പോൾ, ധാരാളം പ്രതിസന്ധികളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ? നർത്തകി എന്ന നിലയിൽ നേരിട്ട അത്തരം അനുഭവങ്ങൾ എന്താണ്?
നൃത്തം പഠിച്ചുതുടങ്ങിയ ആദ്യകാലത്ത് കലാലോകത്തെ പ്രശ്നങ്ങളെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നില്ല. നൃത്തത്തിലേക്ക് സജീവമായി ഇറങ്ങിയശേഷമാണ് അതിനുള്ളിലെ വിവിധ രാഷ്ട്രീയരീതികൾ മനസ്സിലാക്കിത്തുടങ്ങുന്നത്. ക്ലാസിക്കൽ കലകൾ സങ്കേതബദ്ധമാണ്. ശരിയായി മനസ്സിലാക്കിക്കഴിഞ്ഞാൽ, അത് നമ്മുടെ ഭാഷയായിത്തന്നെ മാറും. ആ ഭാഷയിലൂടെ എന്ത് പറയണമെന്ന്, എന്ത് ആവിഷ്കരിക്കണമെന്ന് നമുക്ക് തീരുമാനിക്കാം. അതിന് നല്ല ബോധ്യം വേണം. ഞാൻ വളർന്നുവന്ന സാഹചര്യത്തിൽ നേടിയ ശരിയായ രാഷ്ട്രീയബോധ്യമാണ് നൃത്തത്തിനുള്ളിലെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ കഴിഞ്ഞത്.
രാജശ്രീ വാര്യരുടെ അരങ്ങേറ്റം
നൃത്തരംഗത്ത് ധാരാളം കോക്കസുകളുണ്ട്. ഏതു വഴിയാണ് അത് രൂപപ്പെടുന്നത് എന്ന് പറയാൻ കഴിയില്ല. അതിനുള്ളിൽ മതം, ജാതി, മാധ്യമസ്വാധീനം തുടങ്ങിയവയുണ്ട്. നൃത്തരംഗത്ത് ബ്രാഹ്മണ്യത്തിന്റെ ആധിപത്യം ശക്തമാണ്. അത് പലരീതികളിലൂടെയും സമീപനങ്ങളിലൂടെയുമാണ് സ്ഥാപിച്ചെടുക്കുന്നത്. വരേണ്യതയുടെ പല കൂട്ടായ്മകളുണ്ട്. അവർ ഇപ്പോൾ പുരോഗമനം പറയുന്നുണ്ട്. ഇപ്പോൾ പുരോഗമനം പറയുന്നത് തന്നെ ആ പഴയ കൂട്ടായ്മയിൽ ഉണ്ടായിരുന്നതുകൊണ്ടാണ്.
ഇതിനോട് ബന്ധപ്പെടുത്തി, എനിക്ക് സങ്കടമുണ്ടായ ചില കാര്യങ്ങൾ പറയാം. പുരോഗമനപക്ഷത്തു നിൽക്കുന്നു എന്ന് പറയുന്ന, ഇന്ത്യയിൽ സാംസ്കാരിക ഭൂമിക സൃഷ്ടിച്ചു എന്ന് വിലയിരുത്തുന്ന ഒരു ദേശീയ ദിനപത്രത്തിൽ സംഗീതത്തെ കുറിച്ചും നൃത്തത്തെ കുറിച്ചും റിവ്യൂ വരും. പക്ഷേ, അവിടെപ്പോലും എന്ത് പറയുന്നു എന്നതിനല്ല, ആര് പറയുന്നു എന്നതിനാണ് പ്രാധാന്യം നൽകുന്നത്. ഒരു അയ്യങ്കാർ അല്ലെങ്കിൽ അയ്യർ കുടുംബത്തിൽനിന്ന് ഒരാൾ പറഞ്ഞാൽ എഴുതും. സമൂഹത്തിൽ എന്ത് പൊട്ടിത്തെറിയുണ്ടാക്കുന്ന കാര്യവും പറയാം. അതിന് പുറത്തുള്ള ഒരാൾ പറഞ്ഞാൽ ആ പത്രത്തിൽ വരില്ല. അത് എന്തുതരം പുരോഗമനം? നമ്മൾ പുരോഗമനത്തിന്റെ പക്ഷത്തുനിൽക്കുന്നു എന്ന് പറഞ്ഞാൽ ആര് എഴുതിയാലും അതിൽ കൊടുക്കണം. അതാണ് മാധ്യമധർമം. ചില ഗ്രൂപ്പുകളിൽപെട്ടില്ലെങ്കിൽ നമ്മൾ പറയുന്നത് ആരും കേൾക്കില്ല, പരിഗണിക്കില്ല. കലയോടുള്ള ഇഷ്ടത്തിന്റെ പേരിലാകണം ഗ്രൂപ്പുകൾ ഉണ്ടാവാൻ.
മദ്രാസ് മ്യൂസിക് അക്കാദമി ലോകത്തെ പ്രശസ്ത കലാകേന്ദ്രമാണ്. ഒരു അഭിമുഖത്തിൽ എന്നോട് ചോദിച്ചു, അവിടെ നൃത്തം ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന്. അത് ഒരു വലിയ ചോദ്യമാണ്. ആര് കല അവതരിപ്പിക്കണമെന്ന്, ഏത് വിഭാഗത്തിൽപെട്ടവരാവണമെന്ന് മുൻകൂട്ടി തീരുമാനിച്ചിരിക്കുകയാണ്, എല്ലാവർക്കും അവർ അവസരം നൽകില്ല. കല ഇന്ന് ലോകം മുഴുവൻ പടർന്നുകഴിഞ്ഞു. എല്ലാവരും ആടുന്നു, പാടുന്നു. മദ്രാസ് മ്യൂസിക് അക്കാദമിയിൽ മാത്രമല്ല കല ഉള്ളത്. അവർ അത് മനസ്സിലാക്കണം. ദേശത്തിനും സംസ്ഥാനത്തിനും അപ്പുറത്തും കലയുണ്ട്. അല്ലെങ്കിൽ ഇവിടെ ചെമ്പൈ സ്വാമിയും നെയ്യാറ്റിൻകര വാസുദേവനും ഉണ്ടാകില്ലല്ലോ. അതുപോലെ ചിലരുടെ ചിന്ത പാലക്കാടിന് ഇപ്പുറത്തു നല്ല കല ഉണ്ടാവില്ല എന്നാണ്. എന്തു കൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഒരാൾ കലയിൽ എന്താണ് ചെയ്യുന്നതെന്ന് മാനിക്കാൻ മാത്രമുള്ള ഒരു കലാസ്വാദനം ഇനി എപ്പോഴാണ് ഇവിടെ ഉണ്ടാവുക? ഇവിടത്തെ മാധ്യമങ്ങൾ േപാലും കലയെ മുൻവിധിയോടെയാണ് കാണുന്നത്.
എന്നാൽ, മദ്രാസിനുള്ള ഒരു പ്രത്യേകത കാണാതെ പോകരുത്. അവിടെ എല്ലാത്തരം സംഗീതത്തിനും ഇടമുണ്ട് പോപുലർ, കർണാട്ടിക്, ഫോക് ഇപ്പോൾ ഒന്നിനെയും മാറ്റിനിർത്തുന്നില്ല. സവർണ വിഭാഗങ്ങൾ അത് മനസ്സിലാക്കിക്കഴിഞ്ഞു. ലോകം മുഴുവൻ മുന്നോട്ട് പോകുന്നത് തിരിച്ചറിഞ്ഞുകഴിഞ്ഞു.
ഇപ്പോൾ ഞാൻ ആലോചിക്കുന്നത് എനിക്ക് എന്തുചെയ്യാൻ കഴിയും, നമുക്ക് കുറച്ചുസമയം മാത്രമേയുള്ളൂ എന്നാണ്. നമ്മൾ വർഷങ്ങളായി കല പഠിച്ച് അവതരിപ്പിച്ചു കഴിയുമ്പോൾ മാത്രമേ, നമ്മുടെ ചിന്തകൾ അവതരിപ്പിക്കാൻ കഴിയൂ. എന്റെ അറിവിനെ അടുത്ത തലമുറക്ക് പറഞ്ഞുകൊടുക്കാനും കുറച്ചു സമയമേ ഉള്ളൂ. അത് ഞാൻ ചെയ്യുന്നു. അതിലൂടെ ഞാൻ സംതൃപ്തയാണ്. മദ്രാസിൽ പോയി നൃത്തംചെയ്യണമെന്നൊന്നും ഇല്ല. ബാലസരസ്വതിയുടെ അമ്മ ജയമ്മാളിന്റെ കച്ചേരി കേൾക്കാൻ അവരുടെ വീട്ടിലേക്ക് ആളുകൾ വരുമായിരുന്നു. നല്ല കല എവിടെയുണ്ടായാലും ആസ്വാദകർ തേടിപ്പോകും.
പ്രഗല്ഭരായ ഗുരുക്കന്മാരിൽനിന്നാണ് കല പഠിച്ചത്. അവരുടെ ശൈലികളിൽനിന്ന് വിമുക്തയാവാൻ ശ്രമിച്ചത് എങ്ങനെയാണ്?
അങ്ങനെ ഒരു ശ്രമം വേണ്ടിവന്നില്ല. എനിക്ക് പറയാനുള്ളത് പറഞ്ഞുതുടങ്ങിയപ്പോൾതന്നെ എന്റെ ഭാഷ കണ്ടെത്തിക്കഴിഞ്ഞു. എനിക്ക് കിട്ടിയ ശിക്ഷണം സോളിഡ് ആയിരുന്നു, പ്രത്യേകിച്ച് മൈഥിലി ടീച്ചറിൽനിന്ന്. കേരളത്തിലെ നൃത്ത അധ്യാപകർ മദിരാശിയിൽ പോയി പഠിച്ചിട്ടുവന്ന് ഇവിടെ കുട്ടികൾക്ക് വിറ്റിരുന്ന ഒരു കാലമുണ്ട്. അതല്ല എന്റെ ഗുരു ചെയ്തത്. അവർ ധാരാളം കോമ്പോസിഷൻസ് ചെയ്തിട്ടുണ്ട്. അവർക്ക് ശരിയായ ദർശനമുണ്ട്. ആ ദർശനം എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവർ ഒരിക്കലും എഴുന്നേറ്റുനിന്ന് നൃത്തം പഠിപ്പിച്ചിട്ടില്ല. പഴയ നട്ടുവരൊന്നും പെർഫോമേഴ്സ് ആയിരുന്നില്ല. ഇരുന്നുതന്നെയാണ് പഠിപ്പിച്ചത്. അതുകൊണ്ട് ഗുരുവിന്റെ ശരീരത്തിൽ ഉണ്ടാവുന്ന ചേഷ്ടകൾ, രീതികൾ അതൊന്നും അനുകരിക്കപ്പെട്ടില്ല. എന്താണോ ഗുരുവിന്റെ മുന്നിൽ നിൽക്കുന്ന ആളിലുള്ളത് അത് പുറത്തുകൊണ്ടുവരുകയാണ് ചെയ്തത്. അതാണ് എന്റെ ഗുരു ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഒന്നിൽനിന്നും മോചനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്റെ ഭാഷയെ ഉറപ്പിക്കുകയാണ് ഗുരു ചെയ്തത്.
ഇപ്പോൾ കുട്ടികൾ പലരും ദേശീയതലത്തിലൊക്കെ പ്രസിദ്ധരായ പെർഫോമിങ് ആർട്ടിസ്റ്റുകളുടെ അടുത്തുനിന്നാണ് പഠിക്കുന്നത്, അവരുടെ ചേഷ്ടകൾ ഉൾപ്പെടെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. അതാണ് ഭരതനാട്യത്തിന്റെ പഠനത്തിലുള്ള ഒരു പ്രശ്നം. ഞാൻ അവരോട് പറയും, നിങ്ങൾ പഠിക്കേണ്ടത് കലയാണ്, അല്ലാതെ ചേഷ്ടകളല്ല. ആ അറിവിലേക്ക് എത്തുംവരെ നമ്മൾ ഒരു ഗുരുവിന്റെ അടുത്തു നിൽക്കണം. ആ തിരിച്ചറിവ് എത്തുംവരെ അവിടെ നിൽക്കണം. അതിനുള്ള ക്ഷമ വേണം. കല പഠിക്കുക എന്നത് അനുകരിക്കലല്ല. ആ ബോധം കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കലാണ് ഗുരു വാസ്തവത്തിൽ ചെയ്യേണ്ടത്. എനിക്ക് അങ്ങനെ ഒരു ആവശ്യം വന്നിട്ടില്ല. ജയന്തി സുബ്രഹ്മണ്യത്തിന്റെ അടുത്തുനിന്നും പഠിച്ചു. അവരും എഴുന്നേറ്റുനിന്ന് പഠിപ്പിക്കില്ല. എല്ലാം നമ്മളെക്കൊണ്ട് ചെയ്യിക്കും. എന്നെ പോലെ നൂറുപേരെ സൃഷ്ടിക്കണം എന്നല്ല അവർ വിചാരിച്ചത്. അതിന് നന്മ വേണം.
ഈ ഗുരുക്കന്മാരെ കണ്ടെത്തിയത് എങ്ങനെയാണ്?
ഒരു അവധിക്കാലത്ത് തിരുവനന്തപുരം ജവഹർ ബാലഭവനിൽ ചേർത്തു. അവിടെ എന്നെ പല ക്ലാസിനും ചേർത്തിട്ടുണ്ട്. അവിടെ ഡാൻസ് ക്ലാസ് എടുക്കുന്നത് മൈഥിലി ടീച്ചറാണ്. ഞാൻ മറ്റു ക്ലാസിലൊന്നും പോകാതെ ടീച്ചറിന്റെ ക്ലാസിൽമാത്രം പോയിരിക്കും. ആ ക്ലാസ് കഴിഞ്ഞപ്പോൾ ടീച്ചറിന്റെ വീട്ടിൽ പോയി പഠിച്ചു. ഞാനും മൈഥിലി ടീച്ചറും തമ്മിൽ ഒരു സന്ദർഭത്തിൽ വെച്ച് അകൽച്ച ഉണ്ടായി. ആ സമയത്ത് മദ്രാസിൽ േപ്രാഗ്രാം കാണാൻ പോകുമായിരുന്നു. അവിടെവെച്ചാണ് ജയന്തി ടീച്ചറിനെ കണ്ടുമുട്ടുന്നത്. എവിടെയും ഇടിച്ചുകയറുന്ന, എപ്പോഴും വിസിബിളായ ഒരാളല്ല ടീച്ചർ. എനിക്ക് അങ്ങനെയുള്ള ഒരാളെയാണ് വേണ്ടത്. എനിക്ക് സ്വാസ്ഥ്യം വേണം. ഞാൻ ടീച്ചറിനെ കണ്ടപ്പോൾതന്നെ പറഞ്ഞു, എനിക്ക് ടീച്ചറിനെ അല്ലാതെ മറ്റൊരാളെയും ഗുരുവായി വേെണ്ടന്ന്.
എന്തിന് നൃത്തം ചെയ്യുന്നുവെന്ന് സ്വയം ആലോചിച്ചിട്ടുണ്ടോ?
എന്തുകൊണ്ട് നൃത്തം ചെയ്യാതിരിക്കണം എന്ന് ആലോചിച്ചിട്ടുണ്ട്. എന്തിന് നൃത്തം ചെയ്യുന്നു എന്ന് അന്വേഷിക്കേണ്ടി വന്നിട്ടില്ല. നൃത്തം സത്യത്തിൽ ആത്മപ്രകാശനമാണ്. നൃത്തം ചെയ്യുമ്പോൾ മാത്രമല്ല, അതിനോട് ചേർന്ന ആശയങ്ങൾ ചിന്തിക്കുമ്പോൾപോലും മറ്റൊന്നും ആലോചിക്കാറില്ല. ആ സമയം വളരെ മെഡിറ്റേറ്റിവ് ആയിരിക്കും. മറ്റൊന്നും എന്നെ ബാധിക്കില്ല. ഈ അടുത്തകാലത്ത് ചെയ്തത് ‘താര’ എന്ന നൃത്തശിൽപമാണ്. എനിക്ക് പറയാനുള്ളതാണ് ഞാൻ ‘താര’യിൽകൂടി പറയുന്നത്. സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോൾതന്നെ അത് മനസ്സിലായി. ഞാൻ വാക്കാൽ പറയാനിരുന്ന കാര്യമാവാം ഈ നൃത്തത്തിലൂടെ പറഞ്ഞത്. അത് കഥാപാത്രത്തിന്റെ പുതപ്പിട്ട് അവതരിപ്പിക്കുകയാണ്. പറയാതെ പറയുന്നു. അത് ധ്വനിയാണ്. ഒരു കഥ പറയലല്ല, എന്ത് പറയുന്നു എന്നതാണ് കാര്യം. ഇവിടെയാണ് നമ്മുടെ വായനയും നിരീക്ഷണവും വരുന്നത്. എന്റെ സൃഷ്ടികൾ പൊളിറ്റിക്കലാണ്. ഒരു സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ എങ്ങനെ കാണിക്കാം എന്നതാണ് എന്റെ ആലോചന. എങ്ങനെ പറയണമെന്ന് ആലോചിക്കുന്നതിൽ ഒരു ഇന്റലിജൻസ് ഉണ്ട്. ആ ഇന്റലിജൻസാണ് കലയെ ഉന്നതമാക്കുന്നത്. ഇത്തരം ആലോചനകൾകൊണ്ടും അന്വേഷണങ്ങൾകൊണ്ടും ഒറ്റപ്പെടൽ ഉണ്ടാവുന്നില്ല. ഒറ്റപ്പെടുത്തലുകൾ ഉണ്ടാവുന്നുണ്ട്. അതിനെ എങ്ങനെ മറികടക്കാമെന്ന് ആലോചിക്കും. ഗുരുവിൽനിന്നും പഠിക്കുന്നതിനപ്പുറം, നമ്മൾതന്നെ നമുക്കുള്ളത് സൃഷ്ടിക്കുകയാണ്. അതുകൊണ്ട് ഒറ്റപ്പെടൽ തോന്നില്ല. പക്ഷേ, ഇത് അവതരിപ്പിക്കുമ്പോൾ ഒറ്റപ്പെടുത്തലുകൾ ഉണ്ടാവും.
ഒറ്റപ്പെടുത്തലുകൾ എന്തുകൊണ്ടാണ് ഉണ്ടാവുന്നത്?
ആദ്യമൊക്കെ എന്റെ പോരായ്മകളെ കുറിച്ചാണ് ആലോചിച്ചത്. ആരും എന്നെ പുകഴ്ത്തി പറയുകയൊന്നും വേണ്ട. ക്രിയാത്മക വിമർശനം ഉണ്ടാവണം, പോരായ്മകൾ ചൂണ്ടിക്കാട്ടാം.അവരാണ് യഥാർഥ സുഹൃത്തുക്കൾ. പക്ഷേ, പലരും എങ്ങനെ പുകച്ചു പുറത്തു ചാടിക്കാം എന്നാണ് ആലോചിക്കുന്നത്. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. ഇവരൊക്കെ ഇത്ര അരക്ഷിതർ ആണോ എന്നാണ് എനിക്ക് തോന്നിയത്. എന്റെ സമകാലികരായ കലാകാരികൾ എന്തുകൊണ്ടാണ് അസ്വസ്ഥരാകുന്നത്. അവർക്ക് പറയാൻ പറ്റാത്തത് ഞാൻ ആവിഷ്കരിക്കുന്നുണ്ടാവും. ഈ ഒറ്റപ്പെടുത്തലുകൾ എന്റെ ബോധ്യം കൂട്ടുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടൊന്നും ഒരിക്കലും എന്നെ തളർത്താൻ പറ്റില്ല.
കേരളത്തിലെ കലാകാരികളിൽനിന്നാണോ ഒറ്റപ്പെടുത്തലുകൾ ഉണ്ടാവുന്നത്?
കേരളത്തിൽ നടക്കുന്നത് ഒരുതരം ബാർട്ടർ സിസ്റ്റം, കൊടുക്കൽ വാങ്ങൽ ആണ്. പുരോഗമനപരം എന്ന് കരുതുന്ന ഭരണത്തിന്റെ കീഴിൽപോലും ഇത് നടക്കുന്നു. കുറെക്കാലമായി കുറെ ആളുകൾ ഒരേ സ്ഥലത്തിരുന്ന് കൊടുക്കൽ വാങ്ങൽ നടത്തുകയാണ്. ഇവിടെ ഒരു രാജഭരണം ആയിരുന്നെങ്കിൽ അങ്ങനെ നടക്കട്ടെ എന്ന് കരുതാം. എന്നാൽ, ജനാധിപത്യമല്ലേ ഇവിടെയുള്ളത്. അവിടെ അങ്ങനെ നടക്കുന്നത് ശരിയാേണാ? ആര് ഭരിച്ചാലും ചിലർ മാത്രം കസേര ഒഴിയാതെ ഇരിക്കുന്നു. അവർക്കു വേണ്ടപ്പെട്ടവർ മാത്രം ഇവിടെ വന്ന് കല അവതരിപ്പിച്ച് പോകുന്നു. അന്തർദേശീയതലത്തിൽ, ദേശീയതലത്തിൽ എനിക്ക് അംഗീകാരം കിട്ടുമ്പോൾ കേരളത്തിലുള്ള ചില നർത്തകർ എന്നെ കാണുന്നില്ല. അവർ ആർക്കുവേണ്ടിയാണ് ഫെസ്റ്റിവലുകൾ നടത്തുന്നത്? ഇവിടെയാണ് ബാർട്ടർ സിസ്റ്റം നടക്കുന്നത്. ഇത് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്നെ പോലുള്ള ഒരു ഭരതനാട്യം നർത്തകിയെ കൊണ്ടുവന്നാൽ കിട്ടുന്ന ഗുണമല്ല, പുറത്തുനിന്ന് ഒരാളെ ഉൾക്കൊള്ളിച്ചാൽ. ഈ കളികളൊന്നും ഭരണത്തിന് മുകളിൽ ഇരിക്കുന്നവർക്ക് അറിയില്ല. അവർക്ക് ഇതൊക്കെ നന്നായി നടത്തിക്കൊണ്ടുപോയാൽ മതി. പക്ഷേ, ഇതിനുള്ളിലെ അജണ്ട അവർക്ക് അറിയില്ല. ഹിഡൻ അജണ്ട ഒരു കലാകാരിക്ക് മനസ്സിലാവും.
നമ്മൾ വിചാരിക്കും ഇത് ഒരു തലമുറയോടെ തീരുമെന്ന്. അല്ല, അടുത്ത തലമുറയിലേക്കും അത് പടരും. എനിക്ക് എത്ര വേദികൾ ഇവിടെ കിട്ടുന്നുണ്ട്? പേക്ഷ, അതുകൊണ്ട് ഒരു ഗുണമുണ്ട്. ഞാൻ മെറ്റവിടെ വേദി കിട്ടും എന്നാലോചിക്കും. അവിടേക്കു പോകും. ഇവിടെ നടക്കുന്നത് എന്താണ് നമ്മുടെ ഭരണാധികാരികൾക്ക് മനസ്സിലാകാത്തത്? ഒരു പുരോഗമന ഭരണം എന്നുപറയുന്ന സംവിധാനത്തിൽ ഇത് കാണാതെ വരുമ്പോൾ, കണ്ടില്ലെന്നു നടിക്കുമ്പോൾ, ഒരു കലാകാരി എന്നനിലയിൽ സങ്കടമാണ്. പ്രത്യേകിച്ച് ഒരു ഭരതനാട്യം കലാകാരി എന്നനിലയിൽ. ഭരതനാട്യം പഠിച്ചവർ മോഹിനിയാട്ടം പഠിക്കാൻ പോകുന്നു. ഞാൻ ഭരതനാട്യത്തിൽതന്നെ നിൽക്കുന്നു. ഞാൻ ചെയ്യുന്നത് പലതും സോഷ്യൽ മീഡിയയിലൂടെ കാണിക്കും. എന്റെ സാന്നിധ്യത്തെ ആർക്കും മായ്ച്ച് കളയാൻ കഴിയില്ല. സോഷ്യൽ മീഡിയക്ക് അങ്ങനെ ഒരു ഗുണമുണ്ട്. ആര്, എന്ത് ചെയ്യുന്നുവെന്ന് കാണിക്കാൻ കഴിയും.
കേരളത്തിൽ പരമ്പരാഗതമായി നൃത്തം പഠിച്ചുവരുന്നവർ പുതിയ കാഴ്ചപ്പാടുകൾ സ്വീകരിക്കുന്നുണ്ടോ?
നൃത്തം പഠിച്ചതുകൊണ്ടു മാത്രം ഒരാൾ നർത്തകിയാവില്ല. ഒരു ആർട്ടിസ്റ്റാണോ പെർഫോമറാണോ എന്നതാണ് പ്രശ്നം. നമുക്ക് ധാരാളം പെർഫോമേഴ്സുണ്ട്. പക്ഷേ, ആർട്ടിസ്റ്റുകൾ കുറവാണ്. ആർട്ടിസ്റ്റാവാൻ ധൈര്യം വേണം. ആർട്ടിസ്റ്റുകൾ അതുവരെ കണ്ട ശീലങ്ങളെ ചോദ്യംചെയ്യും. അത് സ്വാഭാവികമായി ഉണ്ടാവുന്നതുമാണ്. യാഥാസ്ഥിതികക്കണ്ണുകൾ എങ്ങനെ തങ്ങളെ കാണും, വിലയിരുത്തപ്പെടും എന്നതുകൊണ്ടാവാം പലരും പുതിയ കാഴ്ചപ്പാടുകൾ സ്വീകരിക്കാത്തത്. യഥാർഥത്തിൽ നൃത്തം മറ്റ് ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒരു നർത്തകിക്ക് നല്ല കാഴ്ചശീലങ്ങൾ വേണം. ആഴത്തിലുള്ള വായന വേണം. അത് വെറും പുസ്തകം വായിക്കലല്ല. വായിക്കാൻ വേണ്ടിയുള്ള വായനയും അല്ല. ഉൾക്കാഴ്ച സൃഷ്ടിക്കാൻ കഴിയണം. എങ്കിലേ ഒരു കലാകാരിയാവൂ, നർത്തകിയാവൂ. അതിന് എത്രപേർ തയാറാവുന്നു എന്നതാണ് പ്രശ്നം.
കേരളത്തിനുള്ളിലുള്ള നർത്തകികളുടെ കാഴ്ചപ്പാടുകൾ, ചിന്തകൾ താങ്കളെ സ്വാധീനിക്കാൻ ഇടയില്ല. പുറത്തുള്ള കലാകാരികൾ എങ്ങനെ സ്വാധീനിച്ചു?
നിരവധി കലാകാരികളുടെ ജീവിതവും കലയും ദർശനവും സ്വാധീനിച്ചിട്ടുണ്ട്. ബാല സരസ്വതി, പത്മ സുബ്രഹ്മണ്യം, ചിത്ര വിശ്വേശ്വരൻ, അമേലർ വല്ലി, ചന്ദ്രലേഖ തുടങ്ങി നിരവധി പേർ. ഇവരെല്ലാം കൂടിച്ചേരുന്നതാണ് ഭരതനാട്യം. അമേലർ വല്ലി ഓരോരുത്തർക്കും ഓരോ രീതിയാണ്. ഇന്ന് നമ്മൾ പറയുന്ന പൊളിറ്റിക്കൽ സമീപനം എന്നുപറയുന്നത് അവരൊക്കെ പണ്ടേ ചെയ്തുവെച്ചിട്ടുണ്ട്. അവർ അതൊന്നും ഉദ്ഘോഷിച്ചിട്ടില്ല, വിളിച്ചു പറഞ്ഞില്ല. അവർ ചില കീഴ് വഴക്കങ്ങളെ മാറ്റിയെടുത്തു, അതിന്റെ യാഥാസ്ഥിതിക രൂപഘടനകൾ പൊളിച്ചുകളഞ്ഞു, തനിക്ക് പറയാനുള്ളത് പറഞ്ഞു. അമേലർ വല്ലി സംഘകവിതകൾ ഭരതനാട്യത്തിൽ കൊണ്ടുവന്നു. അമേലർ വല്ലിയെക്കുറിച്ച് ഞാൻ എഴുതിയത് ഒരു കൊടുങ്കാറ്റ് എന്നാണ്. അവരൊന്നും പെർഫോമേഴ്സല്ല, ആർട്ടിസ്റ്റുകളാണ്. അവരുടെ ജീവിതം അടുത്തറിയാൻ ശ്രമിച്ചു. അവർക്ക് ഇൗ മാറ്റിമറിക്കലിന് എങ്ങനെ ധൈര്യം വന്നു എന്ന് ചിന്തിച്ചു. എല്ലാ ചോദ്യങ്ങളെയും നേരിട്ടു. അത് അവരുടെ അടിത്തറയുടെ ബലമാണ്.
എന്തിന് പറയുന്നു, എങ്ങനെ പറയുന്നു എന്ന ചോദ്യങ്ങളാണ് ആദ്യം നേരിടേണ്ടത്. അത്തരം ചോദ്യങ്ങൾ ചോദിച്ചവരാണ് ഈ കലാകാരികൾ. അവർ സൃഷ്ടിച്ചത് വലിയ നൃത്തപ്രപഞ്ചമാണ്. ചന്ദ്രലേഖ ഒന്നിനെയും ഭയന്നിരുന്നില്ല. അവർ ചിട്ടയിലൂടെ പഠിച്ചുവന്നിട്ട്, ക്രമേണ ചോദ്യംചെയ്യുകയായിരുന്നു. ധീരയായ കലാകാരിയായിരുന്നു. നമ്മളെ തന്നെ അത്ഭുതപ്പെടുത്തുന്ന നൃത്തരൂപങ്ങളാണ് ചെയ്തത്. കൊറിയോഗ്രഫി പ്ലാൻ ചെയ്യുന്നതല്ല. അത് സംഭവിക്കുന്നതാണ്. അവർ ഇതൊക്കെ ചെയ്തത് ഈ വർത്തമാനകാലത്തല്ല. കൃത്യമായ നിയമങ്ങളെ അവർ ബ്രേക്ക് ചെയ്തു. ഇതൊന്നും ഭരതനാട്യമാണെന്ന് പറഞ്ഞില്ല. പക്ഷേ, അതിന്റെ അടിസ്ഥാനം ഭരതനാട്യമാണ്. അതാണ് അവരുടെ ഭാഷ.
എല്ലാ നൃത്തരൂപങ്ങളും ഒരുപോലെയല്ല ഉണ്ടാവുന്നത്. എന്റെ ചില വർക്കുകളിൽ തിയറ്ററിന്റെ അംശങ്ങളുണ്ട്. ഞാൻ വെളിച്ചത്തെ തന്നെ കഥാപാത്രമാക്കി. വെളിച്ചത്തോടെ സംസാരിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ തിയറ്റർ കണ്ടു ശീലമില്ലാത്തവർക്ക് ആസ്വദിക്കാൻ ബുദ്ധിമുട്ടാണ്. എല്ലാ സൃഷ്ടികളും പൊതുജനത്തിനുള്ളതല്ല. കൃത്യമായ കാഴ്ചശീലങ്ങൾ ഉള്ളവർക്കാണ്.
നിരവധി സൃഷ്ടികൾ രൂപപ്പെടുത്തി അവതരിപ്പിച്ചല്ലോ? സ്വന്തം ഭാഷയും വ്യാകരണവും കണ്ടെത്തി എന്നുതോന്നിയത് എപ്പോഴാണ്?
‘ലങ്കാലക്ഷ്മി’ ചെയ്യുന്നത് ഏതാണ്ട് പത്തുവർഷം മുമ്പാണ്. അതുവരെ ഞാൻ പരമ്പരാഗത രീതിയിൽ തന്നെയാണ് സൃഷ്ടികൾ ചെയ്തുവന്നത്. അക്കാലത്താണ് തിയറ്റർ എന്ന സങ്കൽപത്തിലേക്ക് എത്തിയത്. അതുവരെ വർക്കിലേക്ക് അത് വന്നിട്ടില്ല. അതുവരെ കാഴ്ചകളിൽ ഉണ്ടായിരുന്നിരിക്കാം. ‘ലങ്കാലക്ഷ്മി’ ചെയ്തപ്പോഴാണ് ശീലങ്ങളിൽനിന്ന് മാറിയത്. അപ്പോഴാണ് തിയറ്റർ എന്റെ സൃഷ്ടികളിലേക്ക് വന്നുതുടങ്ങിയത്. അതിനുശേഷം പുതിയ ഭാഷയും വ്യാകരണവും കണ്ടെത്താൻ തുടങ്ങി. ഭരതനാട്യമാണ് ഭരതനൃത്തമല്ല. പുതിയ ഒന്നിനെ സൃഷ്ടിക്കുകയാണോ പഴയതിനെ റിവൈവ് ചെയ്യുകയാണോ എന്നറിയില്ല. എന്തായാലും എന്റെ സൃഷ്ടികളിൽ വേറിട്ട ചിലത് ഉണ്ടാവുമെന്ന് പ്രേക്ഷകർ മനസ്സിലാക്കിത്തുടങ്ങി. എന്നാൽ, അതിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല. എപ്പോഴും പുതുതായി കൂട്ടിച്ചേർക്കുന്നുമുണ്ട്. ഓരോ കഥാപാത്രവും ഓരോ രീതിയിലുള്ളതാണ്. അതനുസരിച്ച് വ്യാകരണവും ഭാഷയും മാറും.
വളരെ ശ്രദ്ധിക്കപ്പെട്ട ഒരു സൃഷ്ടിയാണ് ‘ലങ്കാലക്ഷ്മി’. രാവണനെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
രാവണനോടുള്ള സ്നേഹംകൊണ്ടാണ്. പൊതുസമൂഹം കാണുന്ന സമീപനമായിരിക്കില്ല ആ മനുഷ്യന് വേണ്ടത്. അങ്ങനെയാണ് സി.എൻ രാവണനെ കണ്ടത്. ഞാൻ സി.എന്നിന്റെ പാഠം ഉപയോഗിച്ചില്ല. നൃത്തം ആയതുകൊണ്ട് പാട്ടാണല്ലോ വേണ്ടത്. അത് ഞാൻ എഴുതിച്ചു. എന്റെ സീതക്ക് മാറ്റവും ഉണ്ടായിരുന്നു. പാട്ട് എഴുതിയത് ബി.കെ. ഹരിനാരായണനാണ്. അദ്ദേഹം ‘ലങ്കാലക്ഷ്മി’ വായിച്ചിരുന്നില്ല, വായിച്ച ഒരാൾക്ക് ഇങ്ങനെ എഴുതാൻ പറ്റില്ല. ഞങ്ങൾ വേറൊന്നിനെ സൃഷ്ടിക്കുകയാണ് ചെയ്തത്.
ഈ നാടകത്തിലേക്ക് എത്തിയത് എങ്ങനെയാണ്?
നേരത്തേ ഞാൻ ഈ നാടകം വായിച്ചിട്ടുണ്ട്. എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽനിന്ന് ഒരു ഓഫർ വന്നു, സി.എന്നിന്റെ ‘ലങ്കാലക്ഷ്മി’ ചെയ്യാമോ എന്ന് ചോദിച്ചു. ഞാൻ പെട്ടെന്നു ചെയ്യാമെന്ന് പറഞ്ഞു. ഈ നാടകം സംഭാഷണം അടിസ്ഥാനപ്പെടുത്തിയതാണ്. അത് നൃത്തമാക്കിയാൽ എല്ലാം ചോർന്നുപോകും. അങ്ങനെ എനിക്ക് വേണ്ട ഒരു രാവണനെ ഞാൻ രൂപപ്പെടുത്തി. സീതയുടെ മുന്നിൽ രാവണൻ പതറുന്നത് എന്തുകൊണ്ടാണ്? ഇത്തരം ആലോചനകളാണ് ഉണ്ടായത്. സീതയുടെ ഉറപ്പുകളാണ് രാവണനെ നിലനിർത്തുന്നത്. ഹനുമാൻ ലങ്കയിലേക്ക് വരുന്ന ഭാഗം മുതലാണ് ഞാൻ തുടങ്ങിയത്. അതിന് ഉപയോഗിച്ചത് അധ്യാത്മ രാമായണത്തിലെ ഭാഗങ്ങളാണ്. രാവണൻ, സീത... ഈ രണ്ടു മനുഷ്യരുടെ കണ്ടുമുട്ടലുകളാണ് അവതരിപ്പിച്ചത്. ഓരോ കണ്ടുമുട്ടലിലും രാവണൻ എത്രത്തോളം താഴ്ന്നു എന്നു ആലോചിച്ചു, കൃത്യമായ ഫോമിലാണ് രൂപപ്പെടുത്തിയത്. തോറ്റ രാവണനെയാണ് ഞാൻ സൃഷ്ടിച്ചത്. അതുപോലെ രാവണനും മണ്ണുമായുള്ള ബന്ധവും അവതരിപ്പിച്ചു. ഫോക്കിന് പ്രാധാന്യം നൽകി പലതരം ഘടകങ്ങൾ ചേർത്തുവെച്ചപ്പോൾ അത് തിയറ്ററിക്കലായി. ബോധപൂർവം വന്നതല്ല, ഉണ്ടായിവന്നതാണ്. അത് പ്രേക്ഷകർ തിരിച്ചറിഞ്ഞു, അല്ലെങ്കിൽ അങ്ങനെ വ്യാഖ്യാനിച്ചു.
നർത്തകിയും പ്രേക്ഷകരും തമ്മിലുള്ള സംവേദനം എങ്ങനെയാണ് നടക്കുന്നത്?
പലതരം കാണികളാണ് നമ്മുടെ മുന്നിലുള്ളത്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാൻ കഴിയില്ല. വേണമെങ്കിൽ അങ്ങനെ ചെയ്യാം. ചില വർക്കുകളിലൂടെ അങ്ങനെ ചെയ്തിട്ടുമുണ്ട്. പക്ഷേ, എനിക്ക് പറയാനുള്ള കാര്യങ്ങൾ വരുമ്പോൾ എന്റെ സൃഷ്ടികൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. ചിലപ്പോൾ എല്ലാ കഥകൾക്കും വ്യക്തമായ ഒരു അവസാനം ഉണ്ടാവണമെന്നില്ല. ഓരോ സൃഷ്ടിയും ഓരോതരത്തിൽ വായിച്ചെടുക്കണം. കേരളത്തിലെ കാണികൾ ഉയർന്ന ആസ്വാദനബോധമുള്ളവരാണ്. ഇവിടത്തെ സംഘാടകരാണ് അവരെ വഴിതെറ്റിക്കുന്നത്. നല്ല ബുദ്ധിശക്തിയുള്ളവരാണ് നമ്മുടെ കാണികൾ. പക്ഷേ, സംഘാടകർ അത് പരിഗണിക്കുന്നില്ല. മുൻവിധികളോടെയാണ് അവർ പ്രവർത്തിക്കുന്നത്. എല്ലാ സൃഷ്ടികളും എല്ലായിടത്തും ചെയ്യാനുള്ളതല്ല. ആസ്വാദക സമൂഹത്തിൽ മാറ്റങ്ങൾ വരും. എല്ലാവർക്കും വേണ്ടി കല സൃഷ്ടിക്കണമെന്ന് താൽപര്യമില്ല. ഞാൻ ചെയ്യുന്ന സൃഷ്ടികളുടെ ഭാഷ്യം ഭാഷയല്ല. ഭാഷ്യം തിരിച്ചറിയുന്ന ആസ്വാദകസമൂഹമാണ് എന്റെ ലക്ഷ്യം.
നൃത്തവേദിയിൽ നിൽക്കുമ്പോൾ, നർത്തകി ഏകാകിയാണ്. അപ്പോൾ താങ്കളുടെ മാനസികാവസ്ഥ എന്താണ്?
ഒരുതരം അഹംബോധമാണ്. ‘ഞാൻ’ എന്ന ഭാവം. പെർഫോം ചെയ്തു തുടങ്ങിയാൽ പിന്നെ ഞാൻ എന്ന ഭാവത്തെ തകർക്കലാണ് ചെയ്യുന്നത്. അവിടെ നർത്തകി ഇല്ല, നൃത്തമേ ഉള്ളൂ. ജെൻഡർപോലുമില്ല. വിഭിന്ന മുഹൂർത്തങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആ നിമിഷങ്ങൾ കണ്ടുകൊണ്ടിരിക്കുന്നവർ അത് എന്റെയും കൂടി നിമിഷങ്ങളാണെന്ന് തിരിച്ചറിയുന്നു. പിന്നെ എല്ലാവരും നർത്തകരാവുന്നു. അതാണ് യഥാർഥ ആസ്വാദനം. സ്റ്റേജിൽ നിൽക്കുേമ്പാൾ നമുക്ക് കാണികളുടെ മനോനില അറിയാൻ കഴിയും. ചിലപ്പോൾ ചില സ്റ്റേജിൽ ‘ഞാൻ’ വിട്ടുപോവില്ല. അത് നമുക്ക് തിരിച്ചറിയാൻ കഴിയും. എല്ലാ പെർഫോമൻസും ഒരുപോലെയാവണമെന്നില്ല. ചില കാണികൾക്ക് അത് മനസ്സിലാവില്ല. നൃത്തം കഴിഞ്ഞിറങ്ങുമ്പോൾ ഞാൻ ഇല്ലാതാവുന്നു. അതാണ് സംഭവിക്കുന്നത്
‘ഞാൻ’ എങ്ങനെയാണ് രൂപപ്പെടുത്തിയത്?
കൃത്യമായി എനിക്ക് പറയാൻ കഴിയില്ല. കാരണം, ഞാൻ വളർന്നത് അങ്ങനെ എന്തെങ്കിലും ലക്ഷ്യംവെച്ചല്ലല്ലോ. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടാണ് വളർന്നത്. രൂപപ്പെടുത്തിയതല്ല, വന്നുപോയതാണ്. കാഴ്ചക്ക് പരിമിതിയോ പരിധിയോ ഞാനായി ഉണ്ടാക്കിയില്ല. ഒരു തുറന്ന സമീപനമാണ് സ്വീകരിച്ചത്. എന്തും വായിക്കുമായിരുന്നു. സാധാരണ മനുഷ്യരുമായാണ് ഇടപെട്ടിരുന്നത്. സർക്കാർ സ്കൂളിലാണ് പഠിച്ചത്. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനങ്ങളുമായുള്ള ബന്ധമുണ്ടായിരുന്നു, അതുപോലെ ചെറുപ്പത്തിൽതന്നെ കടമ്മനിട്ട, നരേന്ദ്ര പ്രസാദ് തുടങ്ങിയവരെ അറിയാനും കേൾക്കാനും കഴിഞ്ഞു. ‘നാട്യഗൃഹ’ത്തിന്റെ ചൊൽക്കാഴ്ചകൾ ഗുണംചെയ്തു. ചൊൽക്കാഴ്ചകളിൽ ഒന്നിനെ എങ്ങനെയാണ് ഫിസിക്കൽ ആക്കുന്നതെന്നു കാണുകയാണ്. കവിത എങ്ങനെ വേറൊരു അനുഭവം തരുന്നു, മനുഷ്യശരീരം എങ്ങനെ കവിതയാവുന്നു. കവിതക്ക് ചിറകു മുളക്കുന്നത് എങ്ങനെയാണ്, ചിറകിലൂടെ എങ്ങനെ പോകുന്നു. കവിയും ഇല്ല കവിതയും ഇല്ല. പിന്നെ നമ്മുടെ സാമ്രാജ്യം നമ്മൾ സൃഷ്ടിക്കുന്നു. എം.ആർ. ഗോപകുമാർ, എം.കെ. ഗോപാലകൃഷ്ണൻ ഇവരൊക്കെ ഉണ്ടായിരുന്നു. ഇതൊക്കെ കാണാനുള്ള മഹാഭാഗ്യം ഉണ്ടായി. ഇങ്ങനെ ആധുനികമായ ഒരു പുതിയ ഭാവുകത കിട്ടി. പിന്നീട് ഡി. വിനയചന്ദ്രന്റെ ‘അഞ്ചിതൾ വിനായകം’ എന്ന കവിത ഞാൻ ചൊൽക്കാഴ്ചയായി ചെയ്തു. ദുർഗ, ദേവി എന്നൊക്കെ കേൾക്കുമ്പോൾ കടമ്മനിട്ടയുടെ ‘ദേവിസ്തവം’ ഓർമ വരും. ഇതൊക്കെ മനസ്സിൽ കിടപ്പുണ്ട്. എന്റെ അപ്പൂപ്പൻ ഒരു യുക്തിവാദി ആയിരുന്നു. പക്ഷേ, പത്മനാഭസ്വാമി ക്ഷേത്രത്തിൽ കച്ചേരി കേൾക്കാൻ കൊണ്ടുപോകുമായിരുന്നു. ഇതെല്ലാംകൂടിയാണ് എന്നെ രൂപപ്പെടുത്തിയത്.
ധാരാളം വായിക്കാറുണ്ടല്ലോ, ഒരു നർത്തകിയുടെ വീക്ഷണത്തിലൂടെയാണോ വായിക്കുന്നത്?
എല്ലാ വായനകളും അങ്ങനെയല്ല. എനിക്ക് താൽപര്യം ഭാഷയിലാണ്. വാക്ക് ഒരു പെർഫോമൻസാണ്. വാക്കിലാണ് ഞാൻ അഭിരമിക്കുന്നത്. വാക്കിന്റെ രസത്തിന് വാക്കിനെ കാണാനും, വാക്കിനോട് സംസാരിക്കാനുമാണ് ഇഷ്ടം. അതുപോലെ എനിക്ക് വേണ്ടത് വാക്കിനകത്തുനിന്ന് എടുക്കാനും ഇഷ്ടമാണ്. അതുകൊണ്ടാവാം കവിത വായിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത്. കവിതയിൽ ഒരു വാക്ക് അവിടെ എന്തിന് വന്നുവെന്ന് അന്വേഷിക്കാൻ ഇഷ്ടമാണ്. അത് ഡാൻസിനും ഗുണം ചെയ്യും, വെറും ഒരു വാക്കില്ല. വാക്കിന് കൃത്യമായ സ്വഭാവമുണ്ട് ആരോടാണ്, എന്തിനോടാണ്, എന്തുകൊണ്ട് ഇതൊക്കെ വാക്ക് അഡ്രസ് ചെയ്യും.
നൃത്തശിൽപങ്ങൾ തിരഞ്ഞെടുപ്പാകുന്നതിന്റെ അടിസ്ഥാന ദർശനം എന്താണ്?
സമൂഹത്തിലെ എന്റെ കാണലിന്റെ, അന്വേഷണത്തിന്റെ പ്രതികരണങ്ങളാണ്. അത് ഒരു കഥാപാത്രത്തിലൂടെ എങ്ങനെയും പറയാം, എന്തും പറയാം. അതാണ് ചെയ്യുന്നത്. ഭരതനാട്യത്തിന്റെ ഫോമിൽനിന്നുകൊണ്ട് ഇതൊക്കെ എങ്ങനെ ചെയ്യാം എന്നാണ് ആലോചിക്കുന്നത്. ഫോമിന്റെ സ്വാതന്ത്ര്യമാണ് ഇതിലേക്കു നയിക്കുന്നത്.
പഴയ എസ്.എഫ്.ഐക്കാരിയുടെ ഊർജമാണോ ഇതിലേക്കു നയിക്കുന്നത്?
പഴയ കാലത്തെ സാമൂഹിക പ്രവർത്തനങ്ങൾ പരസ്പരം സ്വാധീനിച്ചിട്ടുണ്ട്. എന്നെ ഒരു രാഷ്ട്രീയചേരിയിലും തളച്ചിടാൻ കഴിയില്ല. ഞാൻ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും. ജനാധിപത്യപരമായ കാര്യങ്ങളേ ചെയ്യാനാവൂ. അന്നത്തെ സ്പിരിറ്റ് കൊണ്ടു മാത്രമാണ് മുന്നോട്ടുപോകുന്നതെന്ന് പറയാൻ കഴിയില്ല, അത് ഒരു കാലം മാത്രമാണ്. എന്റെ വീട്ടിലെ അന്തരീക്ഷമാണ് അതിനേക്കാൾ വലുത്. എന്റെ അച്ഛൻ നൂറുശതമാനം ഇടതുപക്ഷമാണ്. പാർട്ടിപ്രവർത്തകനാണ്. വീട്ടിലെ ഈ സാഹചര്യമാണ് എന്നെ മുന്നോട്ടു നയിച്ചത്. സംവിധാനത്തിന്റെ പോരായ്മകളെ അന്വേഷിക്കുന്നവരായിരുന്നു എന്റെ വീട്ടിൽ ഉള്ളവർ. അതാണ് എന്നെ സ്വാധീനിച്ചത്.
കവിത എഴുതാറുണ്ടല്ലോ? നൃത്തത്തിൽ പറയാൻ കഴിയാത്തതാണോ കവിതയിൽ വരുന്നത്?
ആയിരിക്കാം. ചിലതെനിക്ക് വാക്കായി വരണ്ട എന്നു തോന്നും. ചിലത് ഫിസിക്കലായി വരും. അതിനെ വാക്കിലേക്ക് തളച്ചിടാൻ ഇഷ്ടമല്ല. അത് നൃത്തമായി മാറും. നൃത്തമാണ് എന്റെ വാക്ക്. ചിലത് വരച്ചുവെക്കും.
ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ നൃത്തത്തിലൂടെ കഴിയുമോ?
കുറച്ചുനാൾ മുമ്പുവരെ നൃത്തം എന്റെ സഹയാത്രികയായിരുന്നു. അപ്പോൾ അത് പുറത്തുനിൽക്കുന്ന ഒന്നാണ്. നമുക്ക് തന്നെ നമ്മൾ കൂട്ടാവുന്നു. നമ്മുടെ ഉള്ളിലേക്ക് കയറുന്നു. അത് ചിലപ്പോൾ പുരുഷ ഊർജമാവാം, സ്ത്രീ ഉൗർജമാവാം. രണ്ടും തന്നെ ഉള്ളിലുണ്ടാവാം. നൃത്തത്തിലുള്ള ഡിപ്പെൻഡൻസി കുറഞ്ഞു. നൃത്തത്തിൽതന്നെ ലയിച്ചു ചേരുന്നു. അപ്പോൾ എനിക്ക് അത് സന്തോഷം തരുന്നുണ്ടല്ലോ. നൃത്തവും കവിതയും വരയും എല്ലാംകൂടി ചേരുന്നതാണ് ഞാൻ. പക്ഷേ, എല്ലാം പ്രദർശിപ്പിക്കുന്നില്ല, പ്രസിദ്ധപ്പെടുത്തുന്നില്ല എന്നുമാത്രം. സ്വയം കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്.
രാജശ്രീ വാര്യരും പ്രദീപ് പനങ്ങാടും
നർത്തകി എന്ന ജീവിതം പഠിപ്പിച്ച പാഠം എന്താണ്?
ഇനി പഠിക്കാനുണ്ട് എന്ന പാഠമാണ് എന്നെ പഠിപ്പിച്ചത്. ജീവിതത്തിൽ ആകസ്മിക നിമിഷങ്ങളെയും സന്ദർഭങ്ങളെയും നേരിട്ടതുകൊണ്ട് ഇവിടെ നിൽക്കാൻ കഴിയുന്നു. ഒന്നും പഠിച്ചു കഴിയുന്നില്ല. ഒരു വർക്ക് കഴിയുമ്പോൾ നമ്മൾ ശൂന്യമാവുന്നു. അതിൽനിന്ന് രക്ഷപ്പെടാനാണ് ഞാൻ വേറെ കാര്യങ്ങൾ ചെയ്യുന്നത്. നർത്തകർ വളർന്നുകഴിയുമ്പോൾ അവർ വലിയ സംഘാടകരായി മാറും. അവർ അവരുടെ ഇഷ്ടവും അനിഷ്ടവും കാണിക്കും. കോക്കസുകൾ ഉണ്ടാക്കും. ഞാൻ അങ്ങനെ ആകരുതേ എന്നൊരു പ്രാർഥനയുണ്ട്. ആ അവസ്ഥ വേണ്ട. ഞാൻ മരിക്കുംവരെ ഈ പ്രഫഷൻ കൊണ്ടുപോകും എന്നൊന്നുമില്ല. ഞാൻ എനിക്കു വേണ്ടിയാണ് കല ചെയ്യുന്നത്. എനിക്കു വേണം എന്നു തോന്നുംവരെയേ അത് നിലനിൽക്കൂ.
കലയിൽനിന്നും ജീവിതത്തിലേക്കുള്ള അകലം, ജീവിതത്തിൽനിന്നും കലയിലേക്കുള്ള അകലം എന്താണ്?
കല എന്നത് ഞാൻ തന്നെ പ്രകാശിപ്പിക്കണം എന്ന് നിർബന്ധമില്ല. കല ആസ്വദിക്കാനാണ് എന്നെ മാതാപിതാക്കൾ പഠിപ്പിച്ചത്. എന്റേത് മഹത്തായ കലയാണെന്ന് അവർ പറഞ്ഞിട്ടില്ല. ജീവിതത്തിൽനിന്ന് കലയെ മാറ്റിനിർത്താനാവില്ല. എങ്ങനെയെങ്കിലും അത് പ്രകാശിക്കും. ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയണം, അത് തുടരണമെന്ന് ആഗ്രഹമുണ്ട്.
സ്വന്തം ജീവിതത്തെ എങ്ങനെ നിർവചിക്കുന്നു?
എന്നെ എനിക്ക് ഇതുവരെയും പിടികിട്ടിയിട്ടില്ല. ഞാൻ എങ്ങനെ പെരുമാറുമെന്ന് എനിക്ക് നിശ്ചയിക്കാൻ കഴിയില്ല. പലപല തട്ടുകളിലൂടെ കടന്നുപോകുന്നു. എനിക്ക് എന്നെ നിർവചിക്കാൻ അറിയില്ല. എനിക്ക് അങ്ങനെ ഒരു നിർവചനം വേണ്ട. ഒരു നിർവചനത്തിനകത്തും നിൽക്കാൻ എനിക്ക് കഴിയില്ല.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.