കേരളത്തിലെ പരിസ്ഥിതി സമര ചരിത്രത്തിലെ കൊടിയടയാളമാണ് സൈലന്റ് വാലി. നിശ്ശബ്ദ താഴ്വരയെ സംരക്ഷിക്കാനായി ശാസ്ത്രജ്ഞരും എഴുത്തുകാരും ബുദ്ധിജീവികളും സാധാരണ ജനങ്ങളും നടത്തിയ പ്രതിരോധം. വിജയിച്ച ആദ്യത്തെ പരിസ്ഥിതി സമരം. ആദ്യം ഒറ്റയാൾ പോരാട്ടം എന്ന നിലയിലാണ് സൈലന്റ് വാലിക്കെതിരായ അക്കാദമിക പ്രതിരോധം ഉയർന്നുവന്നത്. അതിന് ദിശാബോധം നൽകിയത് സസ്യശാസ്ത്ര(ബോട്ടണി) അധ്യാപകനായ പ്രഫ. എം.കെ. പ്രസാദാണ്. അദ്ദേഹം നടത്തിയ അന്വേഷണങ്ങളും എഴുതിയ ലേഖനങ്ങളുമാണ് സൈലന്റ് വാലിയെ ലോകത്തെ അറിയിച്ചത്. കേരളത്തിന്റെ പ്രകൃതിയെ സംരക്ഷിക്കുന്നതിൽ അദ്ദേഹം നടത്തിയ അന്വേഷണങ്ങളും പഠനങ്ങളും വർത്തമാനകാലത്ത് പ്രസക്തമാണ്.
നവോത്ഥാന ചരിത്രത്തിൽ അടയാളപ്പെടുത്തിയ ദേശമാണ് ചെറായി. ബാല്യം അവിടെയാണ്. അക്കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ചെറായിയിൽ വൈദ്യന്മാരുടെ കുടുംബത്തിലായിരുന്നു ജനനം. അന്ന് ആയുർവേദ വൈദ്യന്മാർ ഇന്നത്തെപ്പോലെ മരുന്നിന് കുറിപ്പ് എഴുതി കൊടുത്തിരുന്നില്ല. മരുന്ന് ഉണ്ടാക്കികൊടുക്കുന്ന കാലമാണ്. ജനിക്കുമ്പോൾ സ്വന്തം പറമ്പ് ഒന്നര ഏക്കറോളം വരും. അവിടെ ധാരാളം മരുന്നുചെടികളുണ്ട്. അച്ഛനും അച്ഛന്റെ ജ്യേഷ്ഠനും നാട്ടിൽ അറിയപ്പെടുന്ന ആയുർവേദ വൈദ്യന്മാരാണ്. രോഗികൾക്ക് പറമ്പിൽനിന്ന് മരുന്നുകൾ പറിച്ചെടുത്ത് മരുന്ന് ഉണ്ടാക്കികൊടുക്കും. 1917ൽ സഹോദരൻ അയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിൽ അച്ഛൻ പങ്കെടുത്തിരുന്നു. അതിൽ പങ്കെടുത്ത 12 കുടുംബക്കാരെ ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കിയിരുന്നു. വിലക്ക് നിലനിൽക്കുമ്പോഴും വീടിന്റെ വേലിക്ക് പുറത്ത് വൈദ്യരേ എന്ന് വിളിച്ച് ജനങ്ങൾ വരുമായിരുന്നു. വേലിയുടെ ദ്വാരത്തിലൂടെയാണ് അന്ന് മരുന്ന് കൊടുത്തിരുന്നത്.
ചെറിയ കുട്ടിയായിരിക്കുമ്പോൾ അച്ഛന്റെ സുഹൃത്തായ സഹോദരൻ അയ്യപ്പനെ അറിയാം. എല്ലാ ഞായറാഴ്ചയും രാവിലെ സഹോദരൻ വീട്ടിൽ വരും. അച്ഛനും അച്ഛന്റെ ജ്യേഷ്ഠനും ആയി ദീർഘനേരം സംസാരിക്കും. നാട്ടിൽ നടന്ന പരിപാടികളെ കുറിച്ചാണ് പ്രധാന ചർച്ച. നിക്കറിട്ട കുട്ടികളായ ഞങ്ങൾ സഹോദരൻ അയ്യപ്പെൻറ അടുത്തു ചെന്നുനിൽക്കും. അവർ സംസാരിക്കുന്ന വിഷയങ്ങളൊന്നും അന്ന് മനസ്സിലായിരുന്നില്ല. ചെറായിയിൽ നടന്ന ആദ്യത്തെ മിശ്രഭോജനത്തിൽനിന്ന് തുടങ്ങിയതാണ് വീടുമായുള്ള സൗഹൃദം. അയ്യപ്പൻ എവിടെ പ്രസംഗിക്കാൻ പോകുമ്പോഴും അച്ഛൻ അടക്കമുള്ളവർ കൂടെ പോകുമായിരുന്നു. മിശ്രഭോജനത്തെ തുടർന്ന് ഈഴവരിൽ ഒരു വിഭാഗമായിരുന്നു സഹോദരൻ അയ്യപ്പനെതിരെ എതിർപ്പുയർത്തിയത്. അതിനാൽ സഹോദരന്റെ സുരക്ഷക്കായിരുന്നു കൂടെ പോയിരുന്നത്. കുടുംബത്തിന് വൈദ്യശാല ഉണ്ടായിരുന്നു. വീട്ടിൽ ശല്യം ഉണ്ടാകാതിരിക്കാൻ കുട്ടികളായ തന്നെയും അനുജനെയും വൈദ്യശാലയിൽ കൊണ്ടിരുത്തും. അവിടെ കടയിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ വരും. സഹോദരൻ അവരെ അഭിസംബോധന ചെയ്തു സംസാരിക്കും. ഒരു പെട്ടി അവിടെ കൊണ്ടിടും. അതിനു മുകളിൽ നിന്നാണ് സഹോദരൻ സംസാരിച്ചിരുന്നത്. ജനങ്ങളോട് അവരുടെ കാര്യങ്ങൾ നേരിട്ട് സംസാരിക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. ഇതെല്ലാം കുട്ടിക്കാലത്തെ കാഴ്ചയാണ്. അവിടെ പത്രങ്ങളെല്ലാം വരുത്തുന്നുണ്ട്. സമൂഹത്തിലെ പ്രമാണിമാർ അവിടെ വന്നാണ് പത്രം വായിക്കുന്നത്. അവർ തമ്മിൽ പല തർക്കങ്ങളും നടക്കും. അതിനെല്ലാം സാക്ഷികളായിരുന്നു കുട്ടികൾ.
സർവ ജാതിക്കാർക്കും മരുന്നു വാങ്ങാൻ കഴിയുന്നൊരു വീട് ആയിരുന്നോ?
ചെറായി ഗ്രാമത്തിലും പള്ളിപ്പുറം പഞ്ചായത്തിലും ഭൂരിപക്ഷം പ്രദേശങ്ങളിലും ഈഴവ വിഭാഗമായിരുന്നു താമസിച്ചിരുന്നത്. വൈദ്യർ എല്ലാ ജാതിക്കാർക്കും മരുന്ന് നൽകിയിരുന്നു. മരുന്ന് നൽകുന്നതിൽ ജാതി നോക്കിയിരുന്നില്ല. തറവാടിന്റെ പേര് പെരുമന എന്നാണ്. വായ് മൊഴി കഥകളനുസരിച്ച് വടക്കേ ഇന്ത്യയിൽ എവിടെയോ ഉള്ള പെരുമന എന്ന ഗ്രാമത്തിൽനിന്ന് പുറത്താക്കപ്പെട്ട ആളുകളാണ് പൂർവികർ. അവർക്ക് താമസിക്കാൻ കൊച്ചിരാജാവ് സ്ഥലം കൊടുത്തു എന്നാണ് പറയുന്നത് (മട്ടാഞ്ചേരിയിലെ ജൂതന്മാരെപോലെ). അക്കാലത്ത് വൈദ്യം പ്രാക്ടീസ് ചെയ്തിരുന്നത് ഈഴവ സമുദായമാണ്.
സസ്യശാസ്ത്രത്തോട് ആഭിമുഖ്യം ഉണ്ടായതിന് കാരണമെന്താണ്. എന്നാണ് പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് തോന്നിത്തുടങ്ങിയത്?
ഹൈസ്കൂളിൽ പഠിക്കുമ്പോൾ എം.ഐ. കുര്യാക്കോസ് സാറാണ് ജീവിതത്തെ പ്രകൃതിയിലേക്ക് തിരിച്ചുവിട്ടത്. ക്ലാസിൽ അദ്ദേഹം ചില ചെടികളെ പറ്റി സംസാരിക്കും. അത് ഇന്ന സ്ഥലത്ത് നിൽപ്പ് ഉണ്ടെന്നും സൂചിപ്പിക്കും. ക്ലാസ് കഴിയുമ്പോൾ അതെല്ലാം നോക്കണമെന്നും വിദ്യാർഥികളെ ഉപദേശിക്കും. വിദ്യാർഥികൾ അതിന്റെ ഇലയും പൂവും കായും എല്ലാം ശേഖരിച്ച് പരിശോധിച്ചിട്ട് തിരിച്ചുവരും. ഉദാഹരണമായി അന്ന് നാട്ടിൽ പനച്ചി എന്ന ഒരു മരം ഉണ്ടായിരുന്നു. അതിന്റെ കായ്ക്ക് സോപ്പിന്റെ പതയായിരുന്നു. അതിന്റെ കായ് തല്ലിപ്പൊട്ടിച്ച് വെള്ളത്തിലിട്ട് തുണി കഴുകുമായിരുന്നു. കുര്യാക്കോസ് സാർ ചെടികളെ പറ്റി വിശദീകരിക്കുമ്പോൾ വിദ്യാർഥികൾക്ക് മനസ്സിലാകാനായി ചിലവയുടെ വിത്ത് മുളപ്പിച്ച് കൊണ്ടുവരും. വിത്ത് മുളക്കുന്ന പല സ്റ്റേജുകൾ ക്ലാസിൽ കാണിച്ചു തരും. അങ്ങനെ പ്രാക്ടിക്കലായി കാര്യങ്ങൾ പറഞ്ഞു തരുന്ന കുര്യാക്കോസാണ് സസ്യശാസ്ത്രം പഠിപ്പിച്ചത്. അദ്ദേഹമാണ് പ്രകൃതിയിലേക്കും സസ്യങ്ങളുടെ ലോകത്തിലേക്കും കൈപിടിച്ച് നടത്തിയത്. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഓപ്ഷനുണ്ട്. ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാം. അന്ന് കുര്യക്കോസ് സാറിന്റെ സ്വാധീനത്താൽ സസ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. താമസിക്കുന്ന വീട്ടിൽ ഒന്നര ഏക്കറിലധികം സ്ഥലത്ത് ഒരിക്കൽ കടൽവെള്ളം പൊങ്ങി പറമ്പിൽ ഉണ്ടായിരുന്ന സസ്യങ്ങളെല്ലാം നശിച്ചു. അതൊരു പുതിയ അനുഭവമായിരുന്നു. പ്രകൃതി സംരക്ഷിക്കേണ്ടതാണ് എന്ന ബോധം ഈ അനുഭവങ്ങളിൽനിന്ന് തുടങ്ങിയെന്ന് പറയാം.
കോളജ് വിദ്യാഭ്യാസകാലത്തും സസ്യശാസ്ത്രം പഠിക്കുന്നതിന് പ്രേരിപ്പിച്ച ഘടകം എന്താണ്? സ്കൂളിലുണ്ടായതുപോലെ സ്വാധീനം അവിടെയും ഉണ്ടായോ?
വൈദ്യം പഠിപ്പിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. വൈദ്യം പഠിക്കണമെങ്കിൽ സംസ്കൃതം അറിയണം. സംസ്കൃതപഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. പഠിച്ച സ്കൂളിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ സംസ്കൃതം പഠിപ്പിക്കാൻ അധ്യാപകൻ ഉണ്ടായിരുന്നു. അക്കാലത്ത് സ്കൂൾ അധ്യാപകർക്ക് സർക്കാരല്ല വേതനം കൊടുത്തത്. അത് അധ്യാപകർക്ക് ശമ്പളം നൽകാൻ വരുമാനമുണ്ടായിരുന്ന സ്കൂൾ ആയിരുന്നില്ല. സംസ്കൃതം പഠിപ്പിച്ചിരുന്ന രാഘവൻ മാസ്റ്റർ ശമ്പളം കിട്ടുന്ന മറ്റൊരു സ്കൂളിലേക്ക് മാറി. പിന്നീട് സ്കൂളിൽ സംസ്കൃത അധ്യാപകൻ ഉണ്ടായില്ല. അതോടെ സംസ്കൃതപഠനം മുടങ്ങി.
വൈദ്യം പഠിക്കണമെങ്കിൽ ഇന്റർമീഡിയറ്റ് കഴിഞ്ഞു മെഡിക്കൽ കോളജിൽ പോകണം. അന്ന് തിരുവനന്തപുരത്തും കോഴിക്കോടും മെഡിക്കൽ കോളജുണ്ട്. അഞ്ചു വർഷത്തെ കോഴ്സ് ആണ്. അതിന് അവിടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കണം. കുടുംബത്തിൽ അതിനു സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. അതിനാൽ ഇൻറർമീഡിയറ്റ് കഴിഞ്ഞപ്പോൾ മഹാരാജാസിൽ ബോട്ടണി ബി.എസ്സിക്ക് ചേർന്നു. അന്ന് ഡിഗ്രി പാസായാൽ സ്കൂൾ ടീച്ചർ ആയി ജോലി കിട്ടും. ഡിഗ്രിക്ക് പഠിപ്പിച്ചിരുന്ന എ. രാമൻ എന്ന അധ്യാപകന് വലിയ സ്നേഹമായിരുന്നു. അയ്യർ ആയിരുന്നുവെങ്കിലും അദ്ദേഹത്തിന് ജാതി ഉണ്ടായിരുന്നില്ല. അദ്ദേഹം പഠനം തുടരണമെന്ന് പ്രേരിപ്പിച്ചു. ബി.എസ്സി കൊണ്ട് കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപരിപഠനത്തിന് പോകണമെന്ന് അദ്ദേഹമാണ് നിർബന്ധിച്ചത്. അക്കാലത്ത് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ മാത്രമാണ് പി.ജി കോഴ്സുള്ളത്. അവിടെ മറ്റ് കോളജുകളിൽനിന്ന് ബി.എസ്സി പാസാകുന്നവർക്ക് പ്രവേശനം ലഭിക്കുക പ്രയാസമാണ്. അതോടെ ഉപരിപഠനം പ്രതിസന്ധിയിലായി.
പിന്നെ ഉപരിപഠനത്തിന് വഴിയൊരുങ്ങിയത് എങ്ങനെയാണ്?
രാമൻ സാറിന്റെ മകൻ ഉത്തരേന്ത്യയിലെ ബനാറസിൽ എൻജിനീയറിങ്ങിന് പഠിക്കുകയായിരുന്നു. മകൻ വെക്കേഷന് നാട്ടിൽ വന്നപ്പോൾ അയാൾക്കൊപ്പം എന്നെയും അയച്ചു. ഉത്തരേന്ത്യയിൽ ഏതെങ്കിലും കോളജിൽ ചേർന്ന് എം.എസ്സി എടുക്കണം എന്നായിരുന്നു ഗുരുവിന്റെ നിർദേശം. അവിടെയെത്തുമ്പോൾ ഒട്ടുമിക്ക കോളജുകളിലും അഡ്മിഷൻ കഴിഞ്ഞു. പിന്നീട് അടുത്ത വർഷമേ പ്രവേശനം ലഭിക്കൂ. ഇൻറർമീഡിയത്തിലും ബിഎസ്.സിക്കും കൂടെ പഠിച്ചിരുന്ന നാരായണൻ നമ്പീശന് (ഇപ്പോഴത്തെ സി.പി.എം നേതാവ് സി.പി. നാരായണന്റെ ബന്ധു) ബിർള കോളജിൽ അഡ്മിഷൻ കിട്ടിയിരുന്നു. എം.എസ്സിക്ക് പഠിക്കണമെങ്കിൽ രാജസ്ഥാനിൽ എത്താൻ അദ്ദേഹം കമ്പി അടിച്ചു. അങ്ങനെയാണ് രാജസ്ഥാനിലെ സാഗർ യൂനിവേഴ്സിറ്റിയിൽ എത്തുന്നത്. ജയ്പൂരിൽ ഡോ. പിള്ള ഉണ്ടായിരുന്നു. മലയാളിയാണെങ്കിലും അവിടത്തെ രാജാവിെൻറ ഭരണസമിതിയിൽപെട്ട ഒരാളായിരുന്നു. അദ്ദേഹമാണ് കോളജ് പ്രവേശനത്തിന് സഹായിച്ചത്. ബിർള കോളജിലാണ് പി.ജിക്ക് പ്രവേശനം നേടിയത്. അവിടത്തെ ക്ലാസിന്റെ പ്രത്യേകത ലെക്ചർ ക്ലാസ് വളരെ കുറവാണ്. സ്വന്തമായി പുസ്തകങ്ങൾ വായിച്ച് പഠനം നടത്തണം. ഏതെങ്കിലും ഒരു പ്രത്യേക ടോപ്പിക്കിൽ െലക്ചർ ക്ലാസ് എടുക്കണം. ചങ്ങനാശ്ശേരിക്കാരനായ ചന്ദ്രശേഖരൻ നായർ എന്ന അധ്യാപകൻ ഉണ്ടായിരുന്നു. അദ്ദേഹം പുറത്തു നടന്ന് സസ്യങ്ങൾ എല്ലാം ശേഖരിച്ച് ലാബിൽ പരിശോധന നടത്തുമായിരുന്നു. പ്രാക്ടിക്കൽ അറിവ് കിട്ടാൻ വേണ്ടിയുള്ള പഠനമായിരുന്നു അദ്ദേഹം നടത്തിയത്. രാവിലെ അദ്ദേഹം നടക്കാനിറങ്ങും. തിരിച്ചുവരുമ്പോൾ ഒരുപിടി ചെടികൾ കൈയിൽ ഉണ്ടാവും. അത് എന്താണെന്ന് കണ്ടുപിടിക്കാൻ വിദ്യാർഥികളെ ഏൽപ്പിക്കും. പിന്നീട് ലാബിൽ പരിശോധനയാണ്. അന്ന് അവിടെ മലേറിയയുള്ള കാലമാണ്. ശുദ്ധജലത്തിനും ബുദ്ധിമുട്ടുണ്ട്. അവിടത്തെ ഭക്ഷണരീതികളും വ്യത്യസ്തമാണ്. അതുമായെല്ലാം ക്രമേണ പൊരുത്തപ്പെട്ടു. എം.എസ്സി കഴിഞ്ഞപ്പോൾ അവിടെ തന്നെ പിഎച്ച്.ഡിക്ക് ചേരാമായിരുന്നു. ഗൈഡായ ഏതെങ്കിലും അധ്യാപകരുടെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രബന്ധം സമർപ്പിക്കണം. അന്ന് പിഎച്ച്.ഡിക്ക് ഗവേഷണ ഫെലോഷിപ്പ് ഉണ്ടായിരുന്നില്ല. സ്വന്തമായി പണം മുടക്കി തുടർപഠനം അസാധ്യമായിരുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ഡോ. എബ്രഹാം ആണ് ആകെയുണ്ടായിരുന്ന ഗൈഡ്. പിന്നീട് പി.എസ്.സി ടെസ്റ്റ് എഴുതി. അതിൽ സെലക്ഷൻ കിട്ടി. ചിറ്റൂർ ഗവൺമെൻറ് കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
സൈലന്റ് വാലിയാണ് കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ ചരിത്രത്തിൽ സാറിനെ അടയാളപ്പെടുത്തിയത്. സൈലന്റ് വാലിയിലേക്കുള്ള ആദ്യ യാത്ര എന്നാണ്? അനുഭവം എന്തായിരുന്നു?
പാലക്കാട് ചിറ്റൂർ കോളജിൽ എത്തിയപ്പോൾ മഹാരാജാസിൽ ബി.എസ്സിക്ക് പഠിപ്പിച്ച, ഉന്നത വിദ്യാഭ്യാസത്തിലേക്ക് പോകണമെന്ന് ഉപദേശിച്ച എ. രാമൻ സാർ സസ്യശാസ്ത്ര വകുപ്പിൽ അധ്യാപകനായി ഉണ്ടായിരുന്നു. പ്രകൃതിപഠനത്തിലേക്ക്, സസ്യശാസ്ത്ര ലോകത്തേക്ക് അദ്ദേഹം വീണ്ടും വഴികാട്ടിയായി. ശനി, ഞായർ ദിവസങ്ങളിൽ സാറിനോടൊപ്പം ചുറ്റുപാടുമുള്ള വയലുകളിലൂടെ നടക്കും. അപ്പോൾ പല സസ്യങ്ങളെയും തിരിച്ചറിഞ്ഞു. ചില പ്രത്യേകതരം സസ്യങ്ങളെ കലക്ട് ചെയ്തു കൊണ്ടുവന്നു. മൈക്രോസ്കോപ്പ് ഉപയോഗപ്പെടുത്തി സസ്യങ്ങൾ ഏതാണെന്ന് തിരിച്ചറിയും. പലതും മ്യൂസിയത്തിൽ സൂക്ഷിച്ചു. പ്രകൃതിയുമായുള്ള അടുപ്പം വരുന്നത് കൂടുതൽ ആഴത്തിലാവുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്. പല സസ്യങ്ങളും ഭൂമിയിൽ ഇല്ലാതായിത്തീരുന്നു എന്ന് അന്നുതന്നെ തിരിച്ചറിഞ്ഞു. ചെടികളൊക്കെ വളരേണ്ട സ്ഥലങ്ങൾ കെട്ടിടങ്ങൾ ആയി മാറുകയാണെന്ന് മനസ്സിലായി. ചിറ്റൂർ കോളജിൽ സഹ അധ്യാപകനായിരുന്നു രാമകൃഷ്ണൻ. സുഹൃത്തുക്കളിൽ വലിയ അടുപ്പമുള്ളയാൾ. അദ്ദേഹം ഒരുദിവസം പറഞ്ഞു, സൈലന്റ് വാലി എന്നൊരു വനമുണ്ട്. അതിനടുത്ത് ജ്യേഷ്ഠന് (രാമകൃഷ്ണന്റെ) എസ്റ്റേറ്റ് ഉണ്ട്. അവിടെപ്പോയി താമസിച്ചാൽ വനം കാണാൻ കഴിയും. അങ്ങനെ സൈലന്റ് വാലി കാണാൻ തീരുമാനിച്ചു. അന്ന് വൈദ്യുതി ബോർഡിന് സൈലന്റ്വാലിയിൽ ഡാം നിർമിക്കണമെന്ന് പ്ലാൻ ഉണ്ടായിരുന്നു. ഡാം കെട്ടിയാൽ മുങ്ങിപ്പോകുന്ന വലിയൊരു കാടുണ്ട്. അങ്ങനെയാണ് രാമകൃഷ്ണനുമായി വനം കാണാനായി പോകാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഒരു സഹപാഠി വനംവകുപ്പിൽ (ശങ്കർ) ജോലി ചെയ്തിരുന്നു. ഞങ്ങൾ ചെല്ലുന്ന വിവരം ശങ്കരനെ നേരത്തേ അറിയിച്ചു. ശങ്കരനെയും കൂട്ടിയാണ് പോയത്. വനംവകുപ്പിലായതിനാൽ ശങ്കരന് കാടിന്റെ വഴികൾ അറിയാം. ഡാം കെട്ടിയാൽ മുങ്ങി പോകാവുന്ന കാട്ടുപ്രദേശം ശങ്കരനാണ് കാണിച്ചു തന്നത്. ആ യാത്രയിലാണ് സിംഹവാലൻ കുരങ്ങുകളെ നേരിട്ട് കാണുന്നത്. ഇന്ത്യയിൽ വേറൊരിടത്തും അതില്ല. ഇവയുടെ വംശം അറ്റുപോകുമെന്ന് പഠനറിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. സിംഹവാലൻ ഒരു മരത്തിന്റെ മുകളിൽ ഇരിക്കുന്നത് ശങ്കരൻ കാണിച്ചു തന്നു. പിൽക്കാലത്ത് സിംഹവാലനെ സംരക്ഷിക്കാനാണ് സമരം നടത്തുന്നതെന്ന പരിഹാസം നേരിട്ടു.
സൈലന്റ് വാലി കാടുകൾ കണ്ടതിന് ശേഷമാണോ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലേഖനം എഴുതിയത്? അതാണല്ലോ സൈലന്റ് വാലി സംരക്ഷിക്കണമെന്ന ആശയത്തിന് ജീവൻവെച്ചത്?
സൈലന്റ് വാലി സംബന്ധിച്ച് ജനം കൂടുതൽ അറിയാൻ ഇടയായത് ആ ലേഖനം ആയിരുന്നു. 1979 ജൂൺ മൂന്നിനാണ് സൈലന്റ് വാലിയെ സംരക്ഷിക്കുക എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. ഇന്നത്തെപോലെ പാരിസ്ഥിതിക ബോധമുള്ള ജനത അന്നുണ്ടായിരുന്നില്ല. അതിനാൽ കാടിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ആവശ്യമായിരുന്നു. പാലക്കാട് ജില്ലയിൽ നീലഗിരി കുന്നുകളുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് സൈലന്റ് വാലി. സമുദ്രനിരപ്പിൽനിന്ന് 3000 തൊട്ട് 4000 അടി ഉയരത്തിലുള്ള റിസർവ് വനപ്രദേശം. ശിങ്കളം, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട് എന്നിവയുടെ ആവാസകേന്ദ്രം. ഭാരതപ്പുഴയുടെ പോഷക നദിയായ തൂതപ്പുഴ. അതിന്റെ സുപ്രധാന ശാഖയായ കുന്തിപ്പുഴ ഈ റിസർവ് പ്രദേശത്തിന് മധ്യത്തിലൂടെയാണ് ഒഴുകുന്നത്. എന്നാൽ 22,120 ഏക്കർ (8952 ഹെക്ടർ) റിസർവ് വനമുള്ള സൈലന്റ് വാലി കുന്തിപ്പുഴയുടെ വശങ്ങളിലൂടെ വ്യാപിച്ചു കിടക്കുന്നു. കുന്തിപ്പുഴയുടെ വെള്ളച്ചാട്ടത്തിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനാണ് സൈലന്റ് വാലി ജലവൈദ്യുത പദ്ധതി രൂപപ്പെടുത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഇത് ഊർജോൽപാദനത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരുന്നു. ആദ്യം കേരളത്തിൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ 1958ൽ അവിടെ അധിക പര്യവേക്ഷണം നടത്തി. 1965ൽ പദ്ധതിയെക്കുറിച്ച് റിപ്പോർട്ട് കേന്ദ്ര ജല കമീഷൻ അനുമതിക്കായി സമർപ്പിച്ചു. 1973ൽ സംസ്ഥാന വൈദ്യുതി ബോർഡിന് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിക്കാൻ കേന്ദ്ര ആസൂത്രണ കമീഷന്റെ അനുമതി ലഭിച്ചു. കൈയിൽ പണം ഇല്ലാത്തതിനാൽ പ്രവർത്തനമാരംഭിക്കാനായില്ല. 1976ൽ ഇടുക്കി പദ്ധതി കമീഷൻ ചെയ്തതിനുശേഷം ബോർഡ് സൈലന്റ് വാലിക്ക് നേരെ തിരിഞ്ഞു. തുടർന്നു റിപ്പോർട്ട് ദേശീയ സമിതിയുടെ പരിഗണനക്ക് സമർപ്പിച്ചു. പദ്ധതി ഉപേക്ഷിക്കണമെന്നും ആ പ്രദേശം ഒരു സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്നും 1974 ഏപ്രിലിൽ എ നാഷനൽ കമ്മിറ്റി ഫോർ എൻവയൺമെന്റൽ പ്ലാനിങ് ആൻഡ് കോഓഡിനേഷൻ (എൻ.സി.ഇ.പി.സി) നിയോഗിച്ച ടാസ്ക്ഫോഴ്സ് കേന്ദ്രസർക്കാറിനോട് ശിപാർശചെയ്ത കാര്യവും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ലേഖനം വലിയ കോലാഹലം ഉണ്ടാക്കിയെന്നാണല്ലോ സുഗതകുമാരി അടക്കമുള്ളവർ പിൽക്കാലത്ത് അഭിപ്രായപ്പെട്ടത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം ഉണ്ടാക്കിയെന്നതു ശരിയാണോ?
ലേഖനം പ്രസിദ്ധീകരിച്ചതോടെ പദ്ധതിയെ അനുകൂലിക്കുന്നവരും പരിസ്ഥിതി സംരക്ഷിക്കണമെന്ന് അഭിപ്രായമുള്ളവരും വിഷയം ചർച്ചചെയ്തു തുടങ്ങി. ലേഖനം കൊള്ളേണ്ടവർക്ക് കൊണ്ടു. അവർക്ക് കാര്യം മനസ്സിലായി. മലബാറിലെ വികസനം തടയാൻ വേണ്ടിയാണ് ലേഖനമെഴുതിയതെന്ന് വിമർശനമുണ്ടായി. ആ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ സ്ഥാനത്തു നിന്ന് എൻ.വി. കൃഷ്ണവാര്യരെ നീക്കി. അതൊരു മുന്നറിയിപ്പായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനം വായിച്ച് എഴുത്തുകാരിലും ബുദ്ധിജീവികളിലും അതിന്റെ ചലനങ്ങൾ ഉണ്ടായി. പദ്ധതി നടപ്പാക്കിയാൽ ഐതിഹാസികമായൊരു താഴ്വര നഷ്ടമാകുന്നുവെന്ന ദോഷം മാത്രമല്ല നമ്മുടെ സാങ്കേതിക വിദഗ്ധർ പ്രകൃതിദത്തമായ പരിസ്ഥിതി നിലനിൽപ്പിനെ എങ്ങനെ ദാരുണമായി കശാപ്പു ചെയ്യുമെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതിനു മുമ്പു തന്നെ ജോൺസി ജേക്കബിന്റെ നേതൃത്വത്തിൽ സുവോളജിക്കൽ ക്ലബ് പ്രശ്നങ്ങളിൽ ഇടപെട്ട് തുടങ്ങിയിരുന്നു. വിദ്യാർഥികൾക്ക് പാരിസ്ഥിതിക അവബോധം നൽകുകയായിരുന്നു അവരുടെ ലക്ഷ്യം. വിദ്യാർഥികൾക്കായി സഹവാസ ക്യാമ്പുകൾ നടത്തി. പൊതുജനപ്രക്ഷോഭം ആകാൻ മുൻകൈയെടുത്തത് ജോണിയുടെ ജന്തുശാസ്ത്ര ക്ലബ് ആയിരുന്നു. ജനങ്ങൾ സത്യം അറിഞ്ഞാൽ വികസനത്തെ ബാധിക്കുമെന്നാണ് ചിലർ പറഞ്ഞത്.
അക്കാലത്ത് കേരളത്തിലെ അക്കാദമിക രംഗത്തുള്ളവർ രണ്ടു ചേരിയായോ? കേരളവികസനം മുന്നോട്ടുവെക്കുന്നവരും വികസനവിരുദ്ധരും എന്ന നിലയിൽ സംവാദം നടന്നുവെന്നാണ് സുഗതകുമാരി അഭിപ്രായപ്പെട്ടത്. അത് ശരിയാണോ?
സൈലന്റ് വാലി വിവാദകാലത്ത് പ്ലാനിങ് ബോർഡ് അംഗങ്ങൾ തന്നെ രണ്ട് ഗ്രൂപ്പായി. കേരളം വികസിപ്പിക്കാൻ ഇത്തരം പദ്ധതികൾ വേണമെന്ന് ഒരുകൂട്ടർ വാദിച്ചു. പദ്ധതിയെ എതിർക്കുന്നത് വികസനത്തെ ബാധിക്കും എന്നായിരുന്നു അവർ കണ്ടെത്തിയ കാര്യം. എന്നാൽ, വലിയ എതിർപ്പുണ്ടായത് ഡോ. എബ്രഹാമിൽനിന്നാണ്. അദ്ദേഹം കേരള സർവകലാശാലയിലെ ബോട്ടണി വിഭാഗം മേധാവിയായിരുന്നു. ഇക്കാര്യത്തിൽ സർക്കാറിന്റെ രഹസ്യ ഉപദേശകൻ ആയിരുന്നു അദ്ദേഹം. ശാസ്ത്രം എന്താണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞു. സൈലന്റ് വാലി ഡാം നിർമിക്കുകയാണെങ്കിൽ അവിടെയുള്ള ജന്തുക്കളെയെല്ലാം സംരക്ഷിക്കാൻ മറ്റൊരു കുന്ന് ഉണ്ടാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിർദേശം. കാടു വെള്ളത്തിൽ മുങ്ങുമ്പോൾ ജന്തുക്കളെല്ലാം കുന്നിൽ പോയി രക്ഷനേടിക്കൊള്ളും എന്ന് അദ്ദേഹം വാദിച്ചു. അങ്ങനെയൊരു ശാസ്ത്ര ഉപദേശമാണ് അദ്ദേഹം സർക്കാറിന് നൽകിയത്.
ഇന്ദിര ഗാന്ധി പരിസ്ഥിതിവാദിയായ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് വിലയിരുത്തിയത്. ഇന്ദിര ഗാന്ധിയുടെ ആദ്യകാല ഇടപെടൽ എന്തായിരുന്നു?
ഇന്ദിര ഗാന്ധി പരിസ്ഥിതിവാദിയായിരുന്നു. അങ്ങനെയൊരു ആശയത്തിലേക്ക് അവർ എത്തിച്ചേർന്നതിന് ചില കാരണങ്ങളുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 1972 ജൂണിൽ സ്വീഡനിലെ സ്റ്റോക് ഹോമിൽ നടന്ന ലോക പരിസ്ഥിതി സമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ രാഷ്ട്രങ്ങളുടെയും തലവന്മാരെ വിളിച്ചിരുന്നു. എന്നാൽ, അതിൽ പങ്കെടുത്ത ഏക പ്രധാനമന്ത്രി ആയിരുന്നു ഇന്ദിര ഗാന്ധി. ആ സമ്മേളനം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ആഴത്തിൽ ചർച്ച ചെയ്തിരുന്നു. സമ്മേളനം ചർച്ച ചെയ്ത പരിസ്ഥിതി വിഷയങ്ങൾ ഇന്ദിര ഗാന്ധിയുടെ ചിന്തയെ സ്വാധീനിച്ചു. ഈ സമ്മേളനത്തെ തുടർന്നാണ് നമ്മുടെ ഭരണഘടനയിൽതന്നെ ചില ഭേദഗതികൾ വരുത്തി പരിസ്ഥിതിസംരക്ഷണം സമൂഹത്തിന്റെയും വ്യക്തികളുടെയും കടമയായി പ്രഖ്യാപിച്ചത്. തുടർന്ന് ആസൂത്രണ കമീഷനിൽ അംഗമായിരുന്ന പീതാബർ പാന്തിന്റെ അധ്യക്ഷതയിൽ ദേശീയ പരിസ്ഥിതി കമ്മിറ്റി രൂപവത്കരിച്ചു. പാന്ത് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1972ൽ തന്നെ പാരിസ്ഥിതിക ആസൂത്രണത്തിനും ഏകോപനത്തിനുമുള്ള ദേശീയ കമ്മിറ്റി (എൻ.സി.ഇ.പി.സി) നിലവിൽ വന്നു. അത് ശാസ്ത്ര-സാങ്കേതിക വകുപ്പിെൻറ കീഴിലായിരുന്നുവെങ്കിലും എല്ലാ പ്രശ്നങ്ങളിലും സർക്കാറിന് ഉപദേശം നൽകാനുള്ള ഏറ്റവും ഉയർന്ന ഏജൻസിയായി.
കേന്ദ്ര നിർദേശപ്രകാരം 1976ൽ 19 പേരടങ്ങുന്ന ടാസ്ക് ഫോഴ്സ് ആണ് സൈലന്റ് വാലിയിൽ പരിശോധന നടത്തിയത്. സഫർ ഫത്തേഹള്ളി ആയിരുന്നു സമിതിയുടെ അധ്യക്ഷൻ. അദ്ദേഹം വേൾഡ് വൈൽഡ് ഫ്രണ്ടിന്റെ ട്രസ്റ്റിയായിരുന്നു. കേരളത്തിൽനിന്നുള്ള ഏക പ്രതിനിധി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.കെ. നായർ ആയിരുന്നു. എ.കെ. മഹാജൻ ആയിരുന്നു സെക്രട്ടറി. കമ്മിറ്റിക്ക് കാടു കണ്ടപ്പോൾ സൈലന്റ് വാലിയുടെ പ്രാധാന്യം മനസ്സിലായി. സംസ്ഥാന വൈദ്യുതി ബോർഡ് 1963ൽ സൈലന്റ് വാലിയിൽ ഒരു ജലവൈദ്യുതി പദ്ധതി തുടങ്ങുന്നതിന് നിർദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാറിനും അതിൽ താൽപര്യമുണ്ടെന്നും പദ്ധതി വന്നാൽ ഈ പ്രദേശത്തെ അപൂർവ പരിസ്ഥിതി നശിക്കുമെന്നും അവർ സർക്കാറിന് റിപ്പോർട്ട് നൽകി. ഇതെല്ലാം കേന്ദ്രസർക്കാറിന്റെയും ഇന്ദിര ഗാന്ധിയുടെയും മുന്നിലുണ്ടായിരുന്നു.
ശാസ്ത്രജ്ഞരും ഇരു ചേരികളിലായി രംഗത്തുവന്നല്ലോ. എന്തുകൊണ്ടാണ് ഈ സ്ഥിതിയുണ്ടായത്?
കോഴിക്കോട് സർവകലാശാലയിലെ സസ്യശാസ്ത്ര വിഭാഗം പ്രഫസർ ആയിരുന്ന ഡോ. ബി.കെ. നായരായിരുന്നു പദ്ധതിക്ക് അനുകൂലമായി രംഗത്തുവന്ന അക്കാദമിക് പണ്ഡിതരിൽ പ്രധാനി. സൈലന്റ് വാലിയിൽ മഴക്കാടുകളില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വാദം. ഏതാനും ഹെക്ടർ കാട് വെട്ടിയാൽ കാലാവസ്ഥ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആവശ്യമെങ്കിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് പുതിയ കാട് സൃഷ്ടിക്കാമെന്നുവരെ അദ്ദേഹം മറുപടി എഴുതി. സൈലന്റ് വാലിയുടെ സവിശേഷത സംബന്ധിച്ച് പഠിക്കാൻ കെ.എസ്.ഇ.ബി ഔദ്യോഗികമായി നിയോഗിച്ചത് ബി.കെ. നായരെയാണ്. വൈദ്യുതി ബോർഡ് അംഗമായ ഇട്ടി ഡാർവിനും ഇതേ വാദവുമായി മുന്നോട്ടുവന്നു. സൈലന്റ് വാലിയിൽനിന്ന് സസ്യസമ്പത്തിനെ പറിച്ചുനട്ടു വളർത്താമെന്ന് അദ്ദേഹം വാദിച്ചു. സൈലന്റ് വാലി കാടുകൾക്ക് വിശേഷാൽ തനിമയൊന്നും ഇല്ല. സാധാരണ കാട് മാത്രമാണ് എന്ന് ബി.കെ. നായർ അഭിപ്രായപ്പെട്ടു. താൻ അവിടെ ഏഴു വട്ടം പോയിട്ടുണ്ടെന്നും ഒരൊറ്റ പുതിയ സസ്യ സ്പീഷീസിനെയും അവിടെ കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ ഡോ. കെ. രാഘവൻ നമ്പ്യാർ തയാറാക്കിയ സൈലന്റ് വാലി േപ്രാജക്ട് ഒരു അപഗ്രന്ഥനം എന്ന ലഖുലേഖ പരിസര ആസൂത്രണ സംരക്ഷണ സമിതിയുടെ പേരിൽ പ്രസിദ്ധീകരിച്ചു. അതിലെ പ്രധാന വാദങ്ങൾ - മഴ പെയ്യിക്കുന്നതിൽ കാടുകൾക്ക് കാര്യമായ പങ്കൊന്നും ഇല്ല. അതുകൊണ്ട് കാട് നഷ്ടപ്പെട്ടാൽ കാലാവസ്ഥയിൽ മാറ്റം വരുമെന്ന വാദം ശരിയല്ല. മനുഷ്യ ഇടപെടലും നിർമാണപ്രവർത്തനങ്ങളും മരുവത്കരണത്തിന് കാരണമാകുന്നു എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. സൈലന്റ് വാലി തനിമയുള്ള കാടുകൾ അല്ല. സിംഹവാലൻ കുരങ്ങുകൾക്ക് വംശനാശം വരില്ലെന്നും അദ്ദേഹം വാദിച്ചു. പൊള്ളയായ വാചകമടികളായിരുന്നു ഇവയെല്ലാമെന്ന് പിൽക്കാലത്ത് തെളിഞ്ഞു.
ട്രേഡ് യൂനിയൻ നേതാക്കളായിരുന്നല്ലോ പദ്ധതിയെ അനുകൂലിച്ച മറ്റൊരു കൂട്ടർ. അവരുടെ വാദം എന്തായിരുന്നു?
ശാസ്ത്രജ്ഞരിൽ ഒരു വിഭാഗം കഴിഞ്ഞാൽ ജനങ്ങൾക്കിടയിൽ ശക്തമായ അംഗീകാരമുള്ള ട്രേഡ് യൂനിയനുകളും മറ്റു രാഷ്ട്രീയ സംഘടനകളും ആണ് അന്ന് പദ്ധതിക്ക് അനുകൂലമായി രംഗത്തുവന്നത്. വൈദ്യുതി ബോർഡ് ജീവനക്കാരുടെ സംഘടനാ നേതാവായിരുന്ന ഇ. ബാലാനന്ദനെ പോലെയുള്ളവർ പദ്ധതി നടപ്പാക്കണമെന്ന് വാദിച്ചു. കേരളത്തിന്റെ വികസനം, പരിസ്ഥിതി സംരക്ഷണം, ഊർജ ഉപഭോഗം എന്നിവയായിരുന്നു ബാലാനന്ദന്റെ ചർച്ചാ വിഷയം. അദ്ദേഹം പ്രസിദ്ധീകരിച്ച ലഘുലേഖ പരിസ്ഥിതി നിലപാടുകളെ രൂക്ഷമായി വിമർശിച്ചു. പരിസര ആസൂത്രണ സമിതിയാണ് 1980 ഫെബ്രുവരിയിൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. സൈലന്റ് വാലിയും പരിസ്ഥിതി പരിസര സംരക്ഷണവും എന്ന ഗ്രന്ഥത്തിൽ സൈലന്റ് വാലി സംബന്ധിച്ച തൻെറ വാദങ്ങൾ ബാലനന്ദൻ വിശദീകരിച്ചു.
എൻ.സി.ഇ.പി.സിയുടെ ടാസ്ക് ഫോഴ്സ് റിപ്പോർട്ടിനെയാണ് അദ്ദേഹം എതിർത്തത്. അതിൽ തൊഴിലാളിവിരുദ്ധമായ ഒട്ടേറെ ശിപാർശകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണനയാണ് പദ്ധതിക്ക് തടയിടുന്നതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''കേരളത്തിന്റെ വികസനം തടയാനുള്ള സാമ്രാജ്യത്വ ഇടപെടലാണ് കേരളത്തിൽ നടക്കുന്നത്. സൈലന്റ് വാലി തനിമയുള്ള കാടുകളല്ല. ബ്രിട്ടീഷ് ഭരണകാലം മുതൽ അവിടെ മരങ്ങൾ മുറിച്ചിട്ടുണ്ട്. പദ്ധതി സൈലന്റ് വാലി സസ്യജന്തു ജാലങ്ങളെ കാര്യമായി ബാധിക്കുകയില്ല. സിംഹള കുരങ്ങുകൾ (ബാലാനന്ദൻ പൂവാലൻ കുരങ്ങുകൾ എന്നാണ് വിളിക്കുന്നത്) ഈ മേഖലയിൽ കാര്യമായില്ല. പദ്ധതി വന്നാൽ കാലാവസ്ഥക്ക് മാറ്റമൊന്നും വരില്ലെ''ന്നായിരുന്നു ബാലാനന്ദന്റെ വാദം.
ബാലാനന്ദനും മറ്റും എടുത്ത നിലപാട് ദേശാഭിമാനിയും സ്വീകരിച്ചു. അവർ സൈലന്റ് വാലി പദ്ധതിക്ക് അനുകൂലമായി നിലയുറപ്പിച്ചു. 1979 ഡിസംബർ അഞ്ചിന് സൈലന്റ് വാലി പദ്ധതി മാർക്സിസ്റ്റ് വീക്ഷണം എന്ന തലക്കെട്ടിൽ കെ. വിദ്യാധരൻ എഴുതിയ ലേഖനം അവർ പ്രസിദ്ധീകരിച്ചു. എല്ലാം മാറ്റത്തിന് വിധേയമാണ്. ഒന്നും അതിന്റെ തനിമയിൽ നിലനിൽക്കില്ല. സൈലന്റ് വാലിയിലുള്ള ജന്തുജാലങ്ങൾ മറ്റു സ്ഥലങ്ങളിലും ഉള്ളതിനാൽ വിശേഷിച്ച് സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ലോകം സൈലന്റ് വാലിയെ ശ്രദ്ധിച്ചിരുന്നവല്ലോ? പ്രസിദ്ധ പക്ഷിശാസ്ത്രജ്ഞനായ സാലിം അലിയുമായി സൈലന്റ് വാലി സന്ദർശിച്ചതിന്റെ അനുഭവം എന്തായിരുന്നു?
ആദ്യം ഡോ. സാലിം അലി സൈലന്റ് വാലിയിൽ എത്തിയപ്പോൾ കൂടെ പോകാൻ കഴിഞ്ഞില്ല. രണ്ടാമത്തെ പ്രാവശ്യം വന്നപ്പോഴാണ് പോയത്. അദ്ദേഹത്തോടൊപ്പം ഡോ.വി.എസ്. വിജയൻ സൈലന്റ് വാലി സന്ദർശനത്തിൽ പങ്കുചേർന്നു. ഒരു പ്ലാറ്റ്ഫോംപോലെയുള്ള സ്ഥലമുണ്ട്. അവിടെനിന്നാൽ പൂർണമായും കാട് കാണാം. അന്ന് അദ്ദേഹം ലോകത്തെ പല കാടുകളും കണ്ടിട്ടുണ്ട്. ഇത്രയും സുന്ദരവും വിലപിടിപ്പുള്ളതുമായ കാട് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. അത് മുഴുവൻ മലയാളികൾക്കും നൽകിയ സന്ദേശമാണ്. അത് വലിയ പ്രചോദനമായി. ലോകത്തെവിടെയും സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട എന്തെങ്കിലും സെമിനാറുകൾ നടത്തുമ്പോൾ അവിടെയെല്ലാം സാലിം അലി സൈലന്റ് വാലിയെ കുറിച്ച് സംസാരിച്ചു. അവിടെയെല്ലാം സൈലന്റ് വാലി പദ്ധതിക്കെതിരെ പ്രമേയങ്ങൾ അവതരിപ്പിച്ചു. അത് മറ്റ് ദേശങ്ങളിൽ കേരളത്തിലെ സൈലന്റ് വാലി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എത്തിച്ചു.
ആദ്യകാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വീകരിച്ച നിലപാട് എന്തായിരുന്നു?
പരിഷത്ത് തന്നെ സൈലന്റ് വാലി പദ്ധതിക്കെതിരെയുള്ള നിലപാടിലേക്ക് വന്നത് പത്തുവർഷം കഴിഞ്ഞാണ്. 1976 കാലത്ത് സൈലന്റ് വാലി സംബന്ധിച്ച് പരിഷത്തിനുള്ളിൽ ചർച്ച ചെയ്യാൻ ശ്രമിച്ചുവെങ്കിലും അതിൽ കൂടുതൽപേരും താൽപര്യം കാണിച്ചില്ല. 1977ൽ കാലടിയിൽ ചേർന്ന ശാസ്ത്രസാഹിത്യ പരിഷത്തിലെ സംസ്ഥാന പ്രവർത്തക ക്യാമ്പിലാണ് സൈലന്റ് വാലി ചർച്ച ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുത്തില്ല. സങ്കീർണമായ ഒരു പ്രശ്നമായിട്ടാണ് പരിഷത്ത് പ്രവർത്തകർ ഇതിനെ വിലയിരുത്തിയത്. മലബാർ പ്രദേശത്തെ വികസനത്തിന് വൈദ്യുതി ആവശ്യമാണെന്നായിരുന്നു പരിഷത്ത് നിലപാട്. മലബാർ പ്രദേശത്തെ വ്യവസായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സൈലൻറ് വാലി പദ്ധതി വേണം. മൂന്നു പതിറ്റാണ്ടായി മലബാറിലെ ജനം ആറ്റുനോറ്റ് ഇരിക്കുന്ന ഒരു പദ്ധതിയാണിത്. അതു നടപ്പാക്കാതിരിക്കുന്നത് മലബാറിനോടുള്ള അവഗണന ആണെന്ന് പരിഷത്ത് കണ്ടെത്തി. ഇന്നത്തെപ്പോലെ കേന്ദ്രസർക്കാർ പദ്ധതി തടയുന്നു എന്നായിരുന്നു അന്നത്തെയും വിലയിരുത്തൽ. അതിനാൽ സൈലന്റ് വാലി കൂടുതൽ പഠനത്തിനായി മാറ്റിവെക്കുകയാണ് ഉണ്ടായത്. എം.പി. പരമേശ്വരൻ, പ്രഫ. വി.കെ. ദാമോദരൻ, ഡോ. ശ്യാമസുന്ദരൻ നായർ, ഡോ. കെ.പി. കണ്ണൻ തുടങ്ങിയവരുടെ ലേഖനങ്ങളും പഠനങ്ങളുമെല്ലാം പുറത്തുവന്നതിന് ശേഷമാണ് പരിഷത്ത് സൈലന്റ് വാലി പദ്ധതിക്ക് എതിരായ നിലപാട് സ്വീകരിച്ചത്.
സൈലന്റ് വാലിയിലെ അമൂല്യമായ ജൈവസമ്പത്ത് ചൂണ്ടിക്കാണിച്ചത് ഡോ. വി.എസ്. വിജയനാണോ?
കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ വന്യജീവി വിഭാഗം മേധാവി ആയിരുന്നു (കെ.എഫ്.ആർ.ഐ) ഡോ. വി.എസ്. വിജയൻ. സൈലന്റ് വാലിയുടെ അമൂല്യമായ ജൈവ സമ്പത്തിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് ഡോ. വിജയനാണ്. വനം വന്യജീവി വിവരപട്ടിക ലഭിക്കുന്നത് കെ.എഫ്.ആർ.ഐയിൽനിന്നാണ്. സൈലന്റ് വാലി പദ്ധതി പരിസ്ഥിതിക്ക് ദോഷമാകില്ലെന്ന് തെളിയിക്കുന്നതിന് റിപ്പോർട്ട് നൽകാനാണ് സർക്കാർ ചുമതലപ്പെടുത്തിയത്. വിജയനാകട്ടെ ശാസ്ത്രീയ അന്വേഷണമാണ് നടത്തിയത്. പദ്ധതി നടപ്പാക്കിയാൽ പരിസ്ഥിതി നശിക്കുമെന്നായിരുന്നു വിജയൻ നൽകിയ റിപ്പോർട്ട്. സർക്കാറിന് റിപ്പോർട്ട് കൈമാറിയെങ്കിലും അതിലെ വിവരങ്ങൾ ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഡോ. സതീഷ് ചന്ദ്രൻ നായരാണ് അതിന്റെകോപ്പി വിജയനിൽനിന്ന് വാങ്ങിയത്.
സമരത്തിനെതിരെ സർക്കാർ മുഴുവൻ അടവുകളും പ്രയോഗിച്ചു. അതിനുവേണ്ടി മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും നടത്തിയോ?
പരിസ്ഥിതിയെ കുറിച്ച് ലോകത്തു അന്ന് നടന്ന ചർച്ചകളൊന്നും പത്രങ്ങളെ സ്വാധീനിച്ചില്ല. മനോരമയുടെ നിലപാടും സൈലന്റ് വാലി സംരക്ഷണത്തിന് അനുകൂലമായിരുന്നില്ല. 1977 ജനുവരി 25ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം തന്നെ ഇതിന് തെളിവാണ്. കേരളത്തിന് പദ്ധതി നൽകുന്നതിനുള്ള കേന്ദ്ര ഭരണാധികാരികൾക്കുള്ള വൈമുഖ്യമാണ് സൈലന്റ് വാലി പദ്ധതി വൈകാൻ കാരണം എന്നായിരുന്നു അവരുടെ ആക്ഷേപം. പദ്ധതി നടപ്പാക്കിയാൽ പരിസ്ഥിതിക്ക് നാശം ഉണ്ടാകുമെന്ന പരിസ്ഥിതിപ്രവർത്തകരുടെ വാദത്തെ പ്രകൃതിഭംഗി നഷ്ടപ്പെടുമെന്ന് വളച്ചൊടിച്ച് വ്യാഖ്യാനിക്കാനും മനോരമ മുഖപ്രസംഗത്തിലൂടെ ശ്രമിച്ചു. എന്നാൽ, മാതൃഭൂമി സൈലന്റ് വാലി സംരക്ഷണത്തിന് എതിരായിരുന്നു. ലേഖനം പ്രസിദ്ധീകരിച്ചതോടെ ഗവേണിങ് ബോഡി ചേർന്നു. അവരുടെ തീരുമാനപ്രകാരമാണ് എൻ.വിക്ക് പുറത്തു പോകേണ്ടി വന്നത്. പത്രത്തിന്റെ നയത്തിനെതിരായി ഈ ലേഖനം പ്രസിദ്ധീകരിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റാരോപണം.
തൃശൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ് ദിനപത്രം കലവറയില്ലാതെ പിന്തുണ നൽകി. കേരളത്തിലെ ബുദ്ധിജീവികളും ശാസ്ത്രജ്ഞരും മാധ്യമങ്ങളും സൈലന്റ് വാലി കാലത്ത് രണ്ടുതട്ടിൽ ആയിരുന്നു.
സൈലന്റ് വാലി ചർച്ചാവിഷയമായപ്പോൾ നിരവധി ചെറു പരിസ്ഥിതി ഗ്രൂപ്പുകൾ ഉയർന്നുവന്നില്ലേ?
1979 ആയപ്പോഴേക്കും പദ്ധതിക്കെതിരെ നിരവധി ചെറു ഗ്രൂപ്പുകൾ ഉയർന്നുവന്നു. കോഴിക്കോട് കേന്ദ്രമാക്കി ൈസലന്റ് വാലി പ്രൊട്ടക്ഷൻ സമിതി എന്ന സംഘടന ഉണ്ടായി. അതിൽ ഞാനും അംഗമായിരുന്നു. ആ സമിതിയാണ് പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അതേവർഷം ആഗസ്റ്റ് 23 ഫ്രണ്ട്സ് ഓഫ് ട്രീസ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് ജോസഫ് ജോൺ കേസ് ഫയൽ ചെയ്തു. 1979 ആഗസ്റ്റ് 30 മുതൽ പദ്ധതിയുടെ എല്ലാ ജോലികളും നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവായി. ഇക്കാലത്ത് തിരുവനന്തപുരത്ത് സമിതി രൂപം കൊണ്ടു. ട്രിവാൻഡ്രം ഹോട്ടലിൽ നടന്ന യോഗത്തിലാണ് പരിസ്ഥിതി പ്രസ്ഥാനത്തിലേക്ക് സുഗതകുമാരി രംഗപ്രവേശനം നടത്തിയത്. എൻ.വി. കൃഷ്ണവാര്യരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, വിഷ്ണുനാരായണൻ നമ്പൂതിരി, ഒ.എൻ.വി. കുറുപ്പ്, കെ. വേലായുധൻ നായർ തുടങ്ങിയവരൊക്കെ പങ്കെടുത്തു. ഇവരാണ് പ്രകൃതിസംരക്ഷണ സമിതിക്ക് രൂപം നൽകിയത്. സൈലന്റ് വാലി സംരക്ഷണ സമിതി ഇതിൽ ലയിച്ചു.
അക്കാലത്ത് വി.ജെ.ടി ഹാളിൽ നടന്ന സമ്മേളനം വലിയ വിവാദമായല്ലോ?
1979 ഒക്ടോബർ 21ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സെമിനാർ നടത്താൻ തീരുമാനിച്ചു. സൈലന്റ് വാലി സംരക്ഷിത മേഖല (പരിസ്ഥിതി സന്തുലന സംരക്ഷണം) നിയമം ആണ് സെമിനാർ വിഷയം. ഡോ. സാലിം അലി സെമിനാർ ഉദ്ഘാടനംചെയ്യാമെന്ന് ഏറ്റു. ഡോ. ജെ.സി. ഡാനിയേൽ, എൻ.സി. നായർ തുടങ്ങിയവരും പങ്കെടുക്കാമെന്ന് അറിയിച്ചു. എന്നാൽ, വൈദ്യുതി ബോർഡ് തിരുവനന്തപുരത്തുള്ള മുൻസിഫ് കോടതിയിൽനിന്ന് സെമിനാർ തടഞ്ഞ് ഒരു ഇൻജങ്ഷൻ ഓർഡർ വാങ്ങി. വി.ജെ.ടി ഹാളിൽ അന്നേ ദിവസം സെമിനാറോ യോഗമോ പ്രബന്ധാവതരണമോ ലഘുലേഖ വിതരണമോ നടത്താൻ പാടില്ലെന്നും വി.ജെ.ടി ഹാളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തോ ഒക്ടോബർ 19 മുതൽ നാല് ദിവസത്തേക്ക് ഒരു ചർച്ചയും നടത്താൻ പാടില്ലെന്നും അതിനെപ്പറ്റി പൂർണ നിശ്ശബ്ദത പാലിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സൈലന്റ് വാലി എന്ന പദപ്രയോഗം തന്നെ രണ്ടാഴ്ചത്തേക്ക് തിരുവനന്തപുരത്ത് നിരോധിച്ചിരിക്കുന്നു എന്നായിരുന്നു ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് വി.ജെ.ടി ഹാളിന്റെ അധികാരികൾക്കും സെമിനാറിൽ പങ്കെടുക്കേണ്ട ശാസ്ത്രജ്ഞർക്കും ഒക്ടോബർ 21ന് രാവിലെ ലഭിച്ചു. ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ ശാസ്ത്രജ്ഞൻമാർ വി.ജെ.ടി ഹാളിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധസൂചകമായി വെളുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി കോടതി ഉത്തരവ് ഉയർത്തിക്കാട്ടി നിശ്ശബ്ദറാലി നടത്തി. അത്തരമൊരു പ്രതിഷേധജാഥ അതുവരെ ആരും കണ്ടിട്ടില്ല. റെയിൽവേ സ്റ്റേഷന് സമീപം യോഗം നടത്തി. നിശ്ശബ്ദ താഴ്വരയെ കുറിച്ചുള്ള നിശ്ശബ്ദറാലി എന്നാണ് അതിനെ വിളിച്ചത്. തിരുവനന്തപുരത്തെ സമ്മേളനം കോടതി ഉത്തരവിലൂടെ വൈദ്യുതി ബോർഡ് നിരോധിച്ചതു കാരണം അവർ സമ്മേളനത്തെ ഭയപ്പെട്ടു.
ഇ.കെ. നായനാരുടെ നേതൃത്വത്തിൽ സൈലന്റ് വാലി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ഗാന്ധിയെ കാണാനെത്തിയ കേരളത്തിൽനിന്നുള്ള വിദഗ്ധ സംഘത്തെ ഇറക്കിവിട്ട സംഭവം ഉണ്ടായോ?
ഇന്ദിര ഗാന്ധി ഒരിക്കൽ കോൺഗ്രസ് പാർട്ടിയുടെ യോഗത്തിന് തിരുവനന്തപുരത്ത് എത്തി. മടങ്ങിപ്പോയപ്പോൾ ഹെലികോപ്റ്റർ പറന്നത് സൈലന്റ് വാലി കാടുകൾക്ക് മുകളിലൂടെയായിരുന്നു. അവർ കാടിന്റെ സവിശേഷത തിരിച്ചറിഞ്ഞിരുന്നു. 1980ൽ രാഷ്ട്രീയ സ്ഥിതിയിൽ മാറ്റം വന്നു. തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി സർക്കാർ പുറത്തുപോയി. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിര ഗാന്ധി വീണ്ടും അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി ഇ.കെ. നായനാർ സൈലന്റ് വാലി പദ്ധതിെയ എതിർക്കുന്നവർ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കാൻ ചില ശാസ്ത്രജ്ഞരെ ഡൽഹിയിൽ കൊണ്ടുപോയി. ഡോ. ബികെ. നായരായിരുന്നു സംഘത്തെ നയിച്ചത്. സൈലന്റ് വാലിയിൽ ഡാം കെട്ടി ധാരാളമായി വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന് അവർ ഇന്ദിര ഗാന്ധിയോട് പറഞ്ഞു. അതിനെ എതിർക്കുന്ന ആളുകൾ രാജ്യദ്രോഹികൾ ആണെന്നും സൂചിപ്പിച്ചു. എനിക്ക് നിങ്ങൾ പറയുന്നത് കേൾക്കണമെന്നില്ല എന്ന് ഇന്ദിര ഗാന്ധി പറഞ്ഞു. അതോടെ ആ സംഭാഷണം അവസാനിച്ചു. അതിനുശേഷം മാധ്യമങ്ങളോട് ഇന്ദിര ഗാന്ധി പറഞ്ഞത് ഹെലികോപ്റ്ററിൽ ഇരുന്നു സൈലന്റ് വാലിയിൽ കണ്ട കാഴ്ചയാണ്. അവിടെ നിറയെ കാട് ആണെന്നും ഇന്ദിര ഗാന്ധി പറഞ്ഞു.
അവസാനം പദ്ധതി ഉപേക്ഷിക്കുന്നതിലേക്ക് നയിച്ച കാരണം എന്താണ്?
നേരത്തേ എൻ.സി.ഇ.പി.സിയുടെ രൂപവത്കരണത്തിന് നേതൃത്വം നൽകിയത് ഇന്ദിര ഗാന്ധി ആയിരുന്നു. പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ അവർക്ക് പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. അതിനാൽ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡോ. എൻ.സി. നായരെ വിളിപ്പിച്ചു. തുടർന്ന് ഇന്ദിര ഗാന്ധി സംസ്ഥാന സർക്കാറുമായി കൂടിയാലോചന നടത്തി പഠനത്തിനായി സംയുക്ത ശാസ്ത്ര സംഘത്തിന് നിയോഗിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറി ഡോ. എം.ജി.കെ. മേനോൻ ആയിരുന്നു കമ്മിറ്റിയുടെ അധ്യക്ഷൻ. ആ സംഘത്തിൽ ഡോ. എം.എസ്. സ്വാമിനാഥൻ, മാധവ് ഗാഡ്ഗിൽ, കൃഷ്ണകാന്ത് പിലുമേഡി, സീതാറാം കേസരി, സുബ്രഹ്മണ്യം സ്വാമി തുടങ്ങിയവരൊക്കെയുണ്ടായിരുന്നു. സംഘം സ്ഥലം സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പദ്ധതിക്കെതിരെ ഉയർന്ന ആശങ്കകളെല്ലാം ശരിയാണെന്നും പദ്ധതി നടപ്പാക്കിയാൽ വനമേഖലയാകെ തകരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതിന്റെഅടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ 1984 നവംബർ 23ന് നാഷനൽ പാർക്കായി (ദേശീയ ഉദ്യാനം) പ്രഖ്യാപിച്ചത്.
കെ.എസ്.ഇ.ബി ജീവനക്കാരുടെ സംഘടന താങ്കളെ വകവരുത്താൻ നീക്കം നടത്തിയെന്ന ആരോപണം അക്കാലത്ത് വലിയ കോലാഹലമുണ്ടാക്കിയല്ലോ. അതിലെ സത്യമെന്താണ്?
തൊഴിലാളി യൂനിയന്റെ ആളുകളും അന്ന് എന്നോട് സംസാരിക്കാൻ വന്നിരുന്നു. സൈലന്റ് വാലി നശിച്ചുപോകും എന്ന് സാറ് പറയുന്നത് ശരിയല്ലെന്ന് അവർ ഉപദേശിച്ചു. സാർ പറയുന്നതെല്ലാം നുണയാണ്. കാട് അങ്ങനെ നശിച്ചുപോവുകയില്ല. സാറിനെ ഞങ്ങൾ സൈലന്റ് വാലിയിൽ കൊണ്ടുപോയി കാട് മുഴുവൻ കാണിച്ചു തരാം. കാട് കാണാനുള്ള യാത്രക്ക് ഞാൻ സമ്മതിച്ചു. സുഹൃത്തുക്കളായ ചിലർ വിളിച്ചു. ''സാറിനെ അവർ വനത്തിനുള്ളിൽവെച്ച് തട്ടിക്കളയും. അങ്ങനെ സംഭവിച്ചാൽ ആരും അറിയില്ലെന്നും'' മുന്നറിയിപ്പ് നൽകി. അവരോടൊപ്പം കാടു കാണാൻ പോകരുതെന്ന് സുഹൃത്തുക്കൾ നിർദേശിച്ചു. പറഞ്ഞ ദിവസം വണ്ടിയുമായി അവർ എത്തി. വയറ്റിളക്കമായി കിടക്കുകയാണ് എന്ന് കളവ് പറഞ്ഞ് ഒഴിഞ്ഞു. ഇപ്പോഴും അക്കാര്യം ഓർക്കുമ്പോൾ ഭയം തോന്നും. യൂനിയൻ നേതാക്കൾ, സൈലന്റ് വാലി പദ്ധതി എതിർക്കുന്നവർ കേരളം വികസിച്ച് സമ്പന്നമാകുന്നതിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നതെന്ന് പ്രചരിപ്പിച്ചു.
അച്യുതമേനോൻ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വിലയിരുത്തുമ്പോഴും പരിസ്ഥിതിയുടെ കാര്യത്തിൽ അദ്ദേഹം അപ്പുറത്തായിരുന്നോ?
ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്നൊരു യോഗത്തിൽ സി. അച്യുതമേനോൻ ആയിരുന്നു അധ്യക്ഷത വഹിച്ചത്. അവിടെ പരിസ്ഥിതി പ്രവർത്തകർ പോയി സൈലന്റ് വാലി സംരക്ഷിക്കണോ അതല്ല വൈദ്യുതി പദ്ധതി വേണോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. അച്യുതമേനോൻ പറഞ്ഞത് സ്വന്തം പാർട്ടിയെ പരിസ്ഥിതിപ്രശ്നം പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ്. ഇങ്ങനെ കേരളത്തിൽ നടന്ന പല യോഗങ്ങളിലും രാഷ്ട്രീയ നേതാക്കൾ ഉത്തരംമുട്ടി നിന്നു. അച്യുതമേനോന് മുഖ്യമന്ത്രി എന്ന നിലയിൽ ഇതിൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. സി.പി.ഐ പദ്ധതിക്ക് അനുകൂലമായിരുന്നു. സി.പി.ഐയിൽ കെ.വി. സുരേന്ദ്രനാഥ് മാത്രമാണ് സൈലന്റ് വാലിക്ക് എതിരെ രംഗത്ത് വന്നത്.
സി.പി.എമ്മിൽ പി. ഗോവിന്ദപ്പിള്ളയും ഇതേ നിലപാട് സ്വീകരിച്ചില്ലേ?
പി. ഗോവിന്ദപ്പിള്ള സൈലന്റ് വാലി പദ്ധതിക്കെതിരെ രംഗത്തുവന്നു. തൃശൂരിൽ നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് പ്രഖ്യാപിച്ചത്. സാക്ഷാൽ കാൾ മാർക്സ് പ്രത്യക്ഷപ്പെട്ട് തന്നോട് പറഞ്ഞാലും സൈലന്റ് വാലിയുടെ കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകരോടൊപ്പം നിൽക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പരിസ്ഥിതി പ്രവർത്തകർ പറഞ്ഞാൽ കേൾക്കുന്ന പാർട്ടി അല്ല ഇന്നുള്ളത്. പാർട്ടിയുടെ പൊളിറ്റിക്സ് നിയന്ത്രിക്കാനുള്ള ശേഷി പരിസ്ഥിതി പ്രവർത്തകർക്കുമില്ല.
ഇടതുപക്ഷ രാഷ്ട്രീയം എന്നും വലതുപക്ഷ രാഷ്ട്രീയം എന്നും രണ്ടായി തിരിച്ചാണ് കേരളം ചർച്ചചെയ്യുന്നത്. പരിസ്ഥിതി പ്രശ്നങ്ങളിൽ വലതുപക്ഷം ആണോ കുറേക്കൂടി അടുത്തു നിൽക്കുന്നത്?
പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിൽ അത് ശരിയാണ്.
പിൽക്കാല പരിസ്ഥിതിപ്രവർത്തനത്തെ വിലയിരുത്തുമ്പോൾ വളരെ പ്രധാനപ്പെട്ടത് ഏതാണ്?
കേരളത്തിലെ ചാലിയാർ അടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെട്ടുവെങ്കിലും ജൈവവൈവിധ്യ രജിസ്റ്ററാണ് ചരിത്രത്തിൽ പ്രധാനപ്പെട്ടത്. പാരിസ്ഥിതിക അവബോധം കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടാകണം. അതിനുള്ള വഴിയെ കുറിച്ചാണ് അന്വേഷിച്ചത്. അവർക്കുള്ള ക്യാമ്പുകൾ സംഘടിപ്പിച്ചു. ജില്ലാ ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കുന്നതിനുള്ള പരിശ്രമം തുടങ്ങി. ഒാരോ പഞ്ചായത്തിലും വാർഡിലും കാണുന്ന സസ്യജന്തുജാലങ്ങളുടെക്കുറിച്ച് രേഖപ്പെടുത്തിയിട്ട് അത് രജിസ്റ്റർ ആക്കണം. അതിെൻറ ഗുണദോഷങ്ങളെ കുറിച്ച് ആളുകളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയും. സസ്യങ്ങളെ കൊല്ലാതിരിക്കാനും സംരക്ഷിക്കാനുമുള്ള പ്രേരണ ജനങ്ങൾക്ക് കിട്ടുന്നതിന് പരിസ്ഥിതി വിദ്യാഭ്യാസം ആവശ്യമാണ്. അത് ഉണ്ടാക്കിയാൽ ഒരു പഞ്ചായത്തിലും വാർഡിലും പ്രകൃതി പഠനത്തിൽ താൽപര്യമുള്ളവരെ വിളിച്ചുചേർത്ത് നിലവിൽ അവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യ-ജന്തുജാലങ്ങളെ കുറിച്ച് അറിവ് ലഭിക്കും. അപ്പോൾ അവ സംരക്ഷിക്കാനും കഴിയും. വംശനാശത്തിനു തടയിടാൻ ജനങ്ങൾക്ക് നേരിട്ട് കഴിയും.
അക്കാര്യത്തിൽ ജില്ലാതലത്തിൽ ഒരു സംരംഭം നടന്നു. ജില്ലയിൽനിന്ന് പഞ്ചായത്തിലേക്ക് ആ സന്ദേശം എത്തിക്കണം. അതിനായി 25 പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. പഞ്ചായത്തിലേക്ക് വളൻറിയേഴ്സിനെ പരിശീലനം നൽകി അയക്കണം. ഗ്രാമതലത്തിൽ സസ്യജന്തു ലിസ്റ്റ് ഉണ്ടാക്കണമെന്നായിരുന്നു തീരുമാനം. എറണാകുളം ജില്ലക്ക് ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കി. അന്ന് എറണാകുളം ജില്ലാ പഞ്ചായത്തിലെ ഔസേപ്പ് എന്ന സ്കൂൾ ടീച്ചർ താൽപര്യം എടുത്താണ് തയാറാക്കിയത്. അത് പിന്നീട് മുന്നോട്ടുപോയില്ല. നമ്മുടെ സ്കൂൾ അധ്യാപകരെ ഇതിന് ഉപയോഗിക്കാം. എന്നാൽ അവരെ ഒന്നിനും ഉപയോഗിക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പ് ഒന്നാം തീയതി ഭരണപരമായ കാര്യങ്ങൾക്കായി ഹെഡ്മാസ്റ്റർമാരുടെ യോഗം വിളിക്കാറുണ്ട്. ആ യോഗത്തിൽ ഇക്കാര്യം സംസാരിക്കാൻ എന്നെ കൊണ്ടുപോയി. സംസാരിച്ചു കഴിഞ്ഞപ്പോൾ അവരെല്ലാം കൈയടിച്ചു. തുടർ നടപടികളൊന്നും ഉണ്ടായില്ല. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് സ്കൂൾ ടീച്ചേഴ്സ് ആണ് ഏറ്റവും മികച്ച ശക്തി. അവരെ ഇക്കാര്യത്തിൽ വിദ്യാഭ്യാസവകുപ്പ് പ്രയോജനപ്പെടുത്തുന്നില്ല.
കേരളത്തിൽ എക്സ്പ്രസ് ഹൈവേക്ക് എതിരെ എല്ലാ വിഭാഗങ്ങളും ഒരുമിച്ചു. സർക്കാറിന് പിൻവാങ്ങേണ്ടി വന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം പുനരധിവാസം മതിയെന്ന് ഒരു വിഭാഗം തീരുമാനിച്ചപ്പോൾ പരാജയപ്പെട്ടു. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിയെക്കുറിച്ച് എന്താണ് അഭിപ്രായം?
എല്ലാവരും ഒരുമിച്ച് നിൽക്കുന്ന പരിസ്ഥിതി മൂവ്മെൻറ് ഉണ്ടാകണം. സമൂഹം പരിശ്രമിച്ചാൽ അതെല്ലാം സാധ്യമാണ്. കെ-റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ്. സർക്കാർ മുന്നോട്ടുപോകുന്നത് സ്ഥലം ഏറ്റെടുക്കുന്നതിനാണ്. ട്രെയിൻ ഓടിക്കാൻ പാളം ഇടാനാണ് സർക്കാർ തീരുമാനം. പദ്ധതിയിലൂടെ കോൺട്രാക്ടേഴ്സിന് ലാഭം കിട്ടും. ഇടുക്കി പ്രോജക്ട് കഴിഞ്ഞപ്പോൾ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിക്ക് പുതിയ പദ്ധതി വേണം. നിർമാണത്തിന് ആവശ്യമായ മിഷനറി അവരെ കൈയിലുണ്ട്. ആവശ്യംപോലെ ജീവനക്കാരുമുണ്ട്. അതിനാലാണ് പുതിയ പദ്ധതി ആലോചിച്ചത്. അങ്ങനെയാണ് സൈലന്റ് വാലി വനത്തിൽ അവർ കയറിപ്പിടിച്ചത്. സൈലന്റ് വാലി വേണ്ടെന്നുെവച്ചാൽ അവർ അടുത്ത പദ്ധതി നോക്കും. കോൺട്രാക്ടർമാർക്ക് എപ്പോഴും നിർമാണ പദ്ധതികൾ ആവശ്യമാണ്. കോടിക്കണക്കിന് രൂപയുടെ ലാഭമാണ് അവരുടെ ലക്ഷ്യം. അതിനായി സർക്കാറിൽ ഏതുവഴിയും അവർ സ്വാധീനിക്കും. അഴിമതിയിൽ താൽപര്യമുള്ള ഉദ്യോഗസ്ഥർ അവരെ സഹായിക്കും. കെ-റെയിൽ ആരുടെ ഐഡിയ ആണ്. പരിസ്ഥിതി അവബോധം കൂടിയ കാലമാണിത്. പഴയകാലത്തെപ്പോലെ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് സർക്കാർ ഓർക്കണം.
കെ-റെയിലിൽ ആർ.വി.ജി. മേനോന്റെ ഇന്നത്തെ നിലപാട് പാർട്ടി സ്വാധീനത്താൽ തിരുത്തപ്പെടാൻ സാധ്യതയുണ്ടോ?
ആർ.വി.ജി. മേനോൻ നിലപാട് തിരുത്താൻ സാധ്യതയില്ല. അദ്ദേഹത്തിന് അറിയില്ലാത്ത കാര്യം അറിയില്ലെന്ന് പറയും. എം.പി. പരമേശ്വരന് ഇപ്പോൾ ശാരീരികമായി സുഖമില്ല. അദ്ദേഹമൊക്കെ പല കാര്യങ്ങളും പരമാവധി ചെയ്യാൻ പരിശ്രമിച്ചിട്ടും ഒന്നും നടന്നില്ല. ഒടുവിൽ മടങ്ങിപ്പോകുകയായിരുന്നു. പരിസ്ഥിതിപ്രവർത്തകരുടെ ശബ്ദം ദുർബലമായി. ഇടതുപക്ഷത്തിനുള്ളിൽ പരിസ്ഥിതി ആശയം ഉണർത്തിയെടുക്കാൻ ആരുമില്ല. പരിഷത്ത് ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ വർഷങ്ങളെടുക്കും. ഭാവിയിലേക്ക് ആലോചിക്കുമ്പോൾ വളരെ സങ്കടം തോന്നുന്ന ഒന്നാണ്.
പരിഷത്തിെൻറ നിലപാടിൽ പലപ്പോഴും വെള്ളം ചേർക്കുന്നത് എന്തുകൊണ്ടാണ്? പാർട്ടി ഇടപെടൽ നടത്തുന്നതുകൊണ്ടാണോ?
എന്ത് ചോദിച്ചാലും അവർ എം.കെ.പിയുമായി ചോദിക്കാൻ പറയും. ഇപ്പോൾ പാർട്ടിയും പരിഷത്തുമായി രാഷ്ടീയ ബന്ധമില്ല. പി.ടി. ഭാസ്കര പണിക്കരുടെ കാലത്താണ് പാർട്ടി നിയന്ത്രണം ഉണ്ടായിരുന്നത്. പരിഷത്ത് വാർഷികസമ്മേളനങ്ങളിൽ നേരത്തേ അജണ്ട തയാറാക്കുകയാണ്. ഒരു പ്രമാണിയെ കൊണ്ടുവന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിക്കും. അവിടെ പ്രസംഗിക്കേണ്ട, അവർ പറയേണ്ട കാര്യങ്ങളെക്കുറിച്ച് മുൻധാരണയുണ്ട്. അവരുടെ അജണ്ടക്കപ്പുറം ഒന്നും ചർച്ച ചെയ്യില്ല. കഴിഞ്ഞ വാർഷിക യോഗത്തിൽ പോയി ഏറ്റവും പിറകിലെ ബെഞ്ചിൽ ഇരുന്നു. അധ്യക്ഷ വേദിയിൽനിന്ന് എം.കെ.പി വേദിയിലേക്ക് വരണമെന്ന് പറഞ്ഞു. പരിഷത്ത് സമ്മേളനത്തിന് പോയത് എന്താണ് അവിടെ നടക്കുന്നത് എന്നറിയാനാണ്. ഭാവിയിലേക്ക് നോക്കുമ്പോൾ സങ്കടം തോന്നുകയാണ്. ഉറങ്ങിക്കിടക്കുന്ന അവരെ ഉണർത്താനും ഉണർന്നിരിക്കുന്നവരെ ശരിയായ പാതയിൽ നയിക്കാനും പരിസ്ഥിതിപ്രവർത്തകർക്ക് കഴിയണം. ഒാരോ പഞ്ചായത്തിലും മൂന്നുനാലു പരിസ്ഥിതിപ്രവർത്തകർ എങ്കിലും ഉണ്ടാകണം. അല്ലാതെ പരിസ്ഥിതിസംരക്ഷണ പ്രമേയം പാസാക്കിയിട്ട് കാര്യമില്ല. പരിസ്ഥിതി കാര്യങ്ങളിൽ വിദ്യാഭ്യാസം ഉണ്ടാക്കാൻ ശ്രമിക്കണം.
സംസ്ഥാനത്ത് നടന്ന പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തെ എങ്ങനെയാണ് വിലയിത്തുന്നത്?
സമൂഹത്തിൽ പരിസ്ഥിതിവിജ്ഞാനം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനമാണ് നടത്തേണ്ടത്. കെ. കരുണാകരന്റെ കാലത്ത് ഇറക്കിയ പല ഉത്തരവുകളും പരിസ്ഥിതിക്ക് എതിരായി. ടി.എ-ഡി.എ വാങ്ങാൻ പലരും പരിസ്ഥിതി സമിതികളിൽ കയറിപ്പറ്റി. വികസനത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ രൂപവത്കരിക്കുന്ന ബോഡികളിൽ ഭരിക്കുന്ന പാർട്ടിയുടെ ആളുകളെ മാത്രം എടുക്കരുത്. ഭരിക്കുന്ന പാർട്ടിയുടെ ആളുകളെ മാത്രം എടുത്താൽ അണ്ടനും അടകോടനെയും ഒക്കെ എടുക്കേണ്ടിവരും. പല പാർട്ടികളിൽനിന്ന് സമിതിയിൽ എത്തിയാൽ എല്ലാ പാർട്ടിയിലേക്കും ഈ ആശയം എത്തും. ഇക്കാര്യം ഭരിക്കുന്നവർ തിരിച്ചറിയണം.
ഇടതുപക്ഷം വരുംകാലത്ത് പരിസ്ഥിതി പക്ഷത്തു നിൽക്കുമെന്ന് പ്രതീക്ഷയുണ്ടോ?
പ്രതീക്ഷയില്ല.
ലോകത്തിലെ ഇടതുപക്ഷം പരിസ്ഥിതിപക്ഷത്തേക്ക് മാറുകയല്ലേ?
അത് ഇവിടത്തെ ഇടതുപക്ഷക്കാർക്ക് അറിയില്ലല്ലോ.
അഖിലേന്ത്യാതലത്തിൽ സി.പി.എമ്മിനെക്കാൾ പരിസ്ഥിതിപക്ഷത്തു നിൽക്കുന്നത് സി.പി.ഐ ആണല്ലോ. അതിനാൽ കേരളത്തിൽ അതിന്റെ പ്രതിഫലം ഉണ്ടാവേണ്ടതല്ലേ?
ഉണ്ടാവേണ്ടതാണ്. പക്ഷേ അത് കാണാൻ കഴിയുന്നില്ല.
ഠഠഠ
സംഭാഷണം മറ്റൊരു ദിവസം തുടരാമെന്ന് പറഞ്ഞപ്പോൾ ഭാര്യ ഷേർളി ടീച്ചറെത്തി. 90 വയസ്സായ പ്രസാദ് സാറിന് പഴയ പല സംഭവങ്ങളും ഇപ്പോൾ ഓർത്ത് പറയാൻ പ്രയാസമാണെന്ന് സൂചിപ്പിച്ചു. സൂറത്തിൽ പോയ കഥകൂടി ഷേർളി ടീച്ചർ കൂട്ടിച്ചേർത്തു. മകൾ അഞ്ജന സൂറത്തിലാണ്. മകളുടെ ഭർത്താവ് സൂറത്തിൽ മീത്തലിന്റെ സ്റ്റീൽ പ്ലാൻറിലെ ജനറൽ മാനേജറാണ്. സൂറത്തിൽ മകളുടെ വീട്ടിൽ പോയപ്പോൾ വാൻറീഡിന്റെ ശവക്കല്ലറ അന്വേഷിച്ചാണ് അലഞ്ഞത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ് ('മലബാറിന്റെ ഉദ്യാനം' എന്നർഥം). ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ഗവർണറായി കൊച്ചിയിൽ ജോലിചെയ്തിരുന്ന കാലത്താണ് ഹോർത്തൂസ് മലബാറിക്കസ് അദ്ദേഹം തയാറാക്കിയത്.
ആദ്യ ദിവസം അവിടെ മുഴുവൻ കല്ലറ തിരക്കി നടന്നു. അവിടെ പോർചുഗീസുകാരുടെ പള്ളിയുണ്ട്. അവിടെ അന്വേഷിച്ചു. ആർക്കും വാൻറീഡിനെ അറിയില്ല. അന്ന് നിരാശയോടെ മടങ്ങി. അടുത്ത ദിവസം മരുമകനെയും കൂട്ടി വീണ്ടും യാത്ര തുടർന്നു. അവസാനം പള്ളി കണ്ടെത്തി. പള്ളിയിലെ ഒരാളോട് സംസാരിച്ചു. ഒടുവിൽ വാൻറീഡിന്റെ കല്ലറക്ക് മുന്നിലെത്തി. കല്ലറക്ക് മുന്നിൽ നിശ്ശബ്ദനായി കുറെ നേരം നിന്നു. അപ്പോൾ പ്രസാദ് സാർ പറഞ്ഞു: ബ്രിട്ടീഷുകാർ ലോകത്തുള്ള രാജ്യങ്ങൾ എല്ലാം പിടിച്ചടക്കി കൈവശം വെക്കാൻ കാരണം നമ്മുടെ കുരുമുളകാണ്. കുരുമുളക് പച്ചമാംസം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഉപയോഗിച്ചത്. കുരുമുളകിട്ടാണ് അത് സൂക്ഷിച്ചിരുന്നത്. കേരളത്തിന്റെ സസ്യലോകം സമ്പന്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.