മധ്യ തിരുവിതാംകൂറിന്റെ കടലോരജീവിതം മലയാള സാഹിത്യത്തിൽ ശക്തമായി അടയാളപ്പെട്ടത് ഫ്രാൻസിസ് നൊറോണയുടെ കൃതികളിലാണ്. നമ്മുടെ തീരദേശജീവിതം ദൈവശാസ്ത്രത്തിനും കമ്യൂണിസത്തിനും ഇടയിൽ കരപറ്റാനും ആശ്വാസം തേടാനും നീന്തുകയാണെന്ന് കരക്കാർക്കൊക്കെ അറിയാം. രണ്ടും വിശ്വാസത്തിന്റെ പ്രശ്നമാണ്. ഈ സാമൂഹിക യാഥാർഥ്യത്തെ ഒരു സോഷ്യൽ മെമ്മറി ആയി കഥകളിലും നോവലുകളിലും നൊറോണ അടക്കംചെയ്യുന്നു. ഇങ്ങനെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതാവസ്ഥകളും അനുഭവങ്ങളും സത്യസന്ധമായി വർക്ക് ഓഫ് ആർട്ടിൽ രേഖപ്പെടുത്തിയ പ്രതിഭകൾ നമുക്ക് കുറവാണ്. അനുഭവങ്ങൾ ഉരുക്കി ഒഴിച്ചതൊക്കെയും ഒരു സോഷ്യൽ അസറ്റ് ആണ്. നൊറോണ നിരന്തരം അത് ചെയ്തുകൊണ്ടിരിക്കുന്നു. 'തൊട്ടപ്പൻ', 'കാതുസൂത്രം', 'കാണി പണിയുന്ന കസേരകൾ' എന്നീ കഥാസമാഹാരങ്ങളും 'അശരണരുടെ സുവിശേഷം', 'മാസ്റ്റർ പീസ്' എന്നീ നോവലുകളും 'മുണ്ടൻ പറങ്കി' എന്ന അനുഭവക്കുറിപ്പും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സാമൂഹികമായി നാം ശീലിച്ച് വന്നതിനോടൊക്കെ ഇടഞ്ഞുനിൽക്കുന്ന മനുഷ്യരാണ് കൃതികളിൽ നിറയുന്നത്. ടോണി മോറിസൺ ആഫ്രിക്കൻ അമേരിക്കൻ ജീവിതാവസ്ഥകളെ ചിത്രീകരിച്ചതുപോലെ, നൊറോണ തന്റെ സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ജീവിതാവസ്ഥകളെ പോയറ്റിക് ആയ ഭാഷയിൽ അവതരിപ്പിക്കുന്നു. ബിൽ ക്ലിന്റനെ കുറിച്ച്, 'അമേരിക്കയുടെ ആദ്യത്തെ കറുത്ത പ്രസിഡന്റ്' എന്ന് ടോണി മോറിസൺ വിശേഷിപ്പിക്കുകയുണ്ടായി. മനുഷ്യന്റെ സങ്കടങ്ങളും ജീവിതാവസ്ഥയും പോരാട്ടവും ഇല്ലായ്മയും ഒരേപോലെ ആയിത്തീരുമ്പോൾ വെളുത്തവനും കറുത്തവനും ഒന്നായിത്തീരുന്നതുപോലെ, നൊറോണ തന്റെ സമുദായത്തെ കുറിച്ച് എഴുതുമ്പോൾ അത് മൊത്തം മനുഷ്യരാശിയെ കുറിച്ചാവുന്നത്, അതിൽ സാർവലൗകികമായ മാനവസങ്കടം ഉള്ളടങ്ങിയതിനാലാണ്. ആലപ്പുഴയെ കുറിച്ചുള്ളത് അരിസോണയിലെ മനുഷ്യർക്കും ബാധകമാകുന്നത് അതുകൊണ്ടാണ്. സങ്കടങ്ങൾക്ക് ജാതി, മത, വർണ വിവേചനമില്ല. ഈ ദർശനമാണ് നൊറോണയുടെ കൃതികളെ മഹത്തരമാക്കുന്നത്.
ദൈവശാസ്ത്രം നൽകുന്ന പാപബോധവും പ്രത്യയശാസ്ത്രം നൽകുന്ന സാമൂഹികബോധവും മനുഷ്യരിൽ സൃഷ്ടിക്കുന്ന ആത്മസംഘർഷങ്ങൾ, കടൽക്ഷോഭംപോലെ മലയാളിക്ക് അനുഭവപ്പെടുത്തിയ നൊറോണ തന്റെ ജീവിതവും എഴുത്ത് അനുഭവങ്ങളും സംസാരിക്കുന്നു. ആംഗ്ലോ ഇന്ത്യൻ, ലത്തീൻ കത്തോലിക്ക സമുദായങ്ങളുടെ മതാത്മകതയും കമ്യൂണിസവും ഉള്ളിൽ ഒരു കടൽ കൊണ്ടുനടക്കുന്ന എഴുത്തുകാരനെ എങ്ങനെ രൂപപ്പെടുത്തി എന്നും അദ്ദേഹം സംസാരിക്കുന്നു.
വീഴാതിരിക്കാൻ വേണ്ടി എല്ലാ മനുഷ്യർക്കും ഒരു താങ്ങ് ആവശ്യമാണ്. ചിലർക്കത് കഥയാവാം, സംഗീതമാവാം, അങ്ങനെയേതെങ്കിലുമൊക്കെ വർക്ക് ഓഫ് ആർട്ടാവാം. കഥയെഴുത്തുകാരൻ ആവും മുമ്പ് ഫ്രാൻസിസ് നൊറോണയെ കുട്ടിക്കാലത്തും മുതിർന്നപ്പോഴും താങ്ങിനിർത്തിയത് എന്താണ്? നിസ്സഹായരായ മനുഷ്യരുടെയും സമുദായത്തിൽ കുടുങ്ങി ഞെരുങ്ങുന്ന ജീവിതങ്ങളെയും കുറിച്ച് ധാരാളം എഴുതിയതുകൊണ്ട് ചോദിക്കുകയാണ്. എഴുത്തുകാരൻ ആവുന്നതിനു മുമ്പ് നിങ്ങളുടെ ആശ്വാസം എന്തായിരുന്നു?
നല്ല ദിവസങ്ങളുടെ ഒരു നിരപോലെ അസഹ്യമായി ഒന്നുമില്ലെന്ന് ഗോയ്ഥേ. എനിക്കു തോന്നുന്നത് ചീത്തദിവസങ്ങളുടെ നീണ്ടകാലവും അതുപോലെതന്നെ അസഹ്യമാവുമെന്നാണ്. ഒരു ബിരിയാണിച്ചെമ്പിനകത്തേക്ക് കയറിയിരുന്ന് മതിവരെ ബിരിയാണി തിന്നു തിമിർക്കുക എന്നതായിരുന്നു കുട്ടിക്കാലത്തെ വലിയൊരു ആഗ്രഹം. വിശപ്പ് അറിയിക്കാതിരിക്കാൻ അപ്പനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണിയില്ലാണ്ട് അപ്പൻ വിഷമിച്ചിരിക്കുന്നതാണ് കണ്ണും തിരുമ്മി വരുമ്പോഴുള്ള കാഴ്ച. എന്നിട്ടും, വല്ലപ്പോഴുമേ ''മോനെ ഇന്നു കഴിക്കാനൊന്നുമില്ല'' എന്ന് അമ്മ പറയാറുള്ളൂ. അപ്പോഴൊക്കെ അവരുടെ ചങ്കുനുറുങ്ങിയെത്താറുള്ള കണ്ണീര് ഇപ്പഴും എന്റെ കൺമുന്നിലുണ്ട്. പെങ്ങൾക്ക് എന്നേലും പത്തു വയസ്സിന്റെ ഇളപ്പമാണ്. രണ്ടാമത്തെ കുഞ്ഞ് വൈകാൻ കാരണം വീട്ടിലെ ദാരിദ്ര്യമായിരുന്നു. പെങ്ങളുടെ ജനനത്തോടെയാണ് വീടൊന്ന് മെച്ചപ്പെടുന്നത്. അപ്പൻ പറയും അവളാണ് ഐശ്വര്യമെന്ന്. ഇത്തിരിയൊക്കെ മിച്ചം പിടിക്കാനും വയറുനിറയെ കഴിക്കാനും അവളെത്തിയതോടെ കഴിഞ്ഞിരുന്നു. ഒന്നു സന്തോഷിച്ചുതുടങ്ങുമ്പോഴാണ് എനിക്ക് അസുഖം. എട്ടുവർഷത്തോളം നീണ്ട ചികിത്സ. ഞാനൊരു ഐശ്വര്യം കെട്ടവനാണെന്നൊരു Negative thought മനസ്സിൽ അന്നേ രൂപപ്പെട്ടിരുന്നു. വല്ലാണ്ട് ഉൾവലിയുന്ന ഒരു സ്വഭാവത്തിന്റെ ഉടമയായി. അന്തർമുഖത്വം കൂടപ്പിറപ്പും. എനിക്കുതന്നെ ഇഷ്ടപ്പെടാത്ത ഒരു Character. ഞാനെന്നെ തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വായനയിലേക്കും തുടർന്ന് എഴുത്തിലേക്കും വരുന്നത്. ഈ രണ്ടു വിലയേറിയ തുരുത്തുകളിലേക്ക് എത്തുന്നതിനു മുന്നേയുള്ള താങ്ങ് എന്തായിരുന്നു എന്നാണ് വിനോദിന്റെ ചോദ്യത്തിലെ ഒരു ഭാഗം. കേൾക്കുമ്പോൾ തമാശയായി തോന്നാം. എന്നാലും, വാസ്തവം അതാണ്. എഴുത്തിനു മുന്നേ എന്നെ താങ്ങിനിർത്തിയത് ദാനം കിട്ടിയിരുന്ന ഭക്ഷണവും കുപ്പായങ്ങളും പിന്നെ സർക്കാറാശുപത്രിയുമായിരുന്നു. വിനോദ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതുകൊണ്ടുമാത്രമാണ് ഞാനീ ദാരിദ്ര്യം പറയുന്നത്. ഇതൊന്നും കേൾക്കാൻ ആർക്കും ഇഷ്ടമുണ്ടാവില്ല. ആവർത്തിച്ച് ആരെയും മുഷിപ്പിക്കരുത് എന്നുതന്നെയാണ് എന്റെ ആഗ്രഹവും.
എത്രമാത്രം അസ്വസ്ഥതയോടെയാണ് നമ്മൾ ഓരോന്ന് എഴുതുന്നത്. എഴുതുന്ന വിഷയങ്ങളിലും അസ്വസ്ഥത നിറഞ്ഞുനിൽക്കുന്നുണ്ട്. പേക്ഷ, വായനയിലേക്ക് വരുമ്പോൾ, സ്വാസ്ഥ്യം നിറഞ്ഞ ഒരുവനു മാത്രമേ ഇത്തരം അസ്വസ്ഥതകളെ സ്വസ്ഥമായി വായിക്കാൻ കഴിയൂ എന്നതാണ് യാഥാർഥ്യം. സ്വസ്ഥതയില്ലാത്ത ഒരു ജനതക്ക് പറഞ്ഞിട്ടുള്ളതല്ല സാഹിത്യവും വായനയുമൊക്കെ. ജീവിതത്തിലെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ട് മിച്ചം വരുന്നതിൽനിന്നൊരു പങ്കെടുത്താണ് നമ്മൾ പുസ്തകത്തിനായി മാറ്റിവെക്കുക. ക്ലേശകരമായ ജീവിതത്തിന്റെ പ്രാരബ്ധം നിറഞ്ഞ മണിക്കൂറുകൾ താണ്ടി ഒന്നു സ്വസ്ഥതയോടെ ഇരിക്കുമ്പോഴാണ് നമ്മളൊരു പുസ്തകമോ മാസികയോ കൈയിലെടുക്കുക. Exceptional cases ഉണ്ടാവാം. ഞാനൊരു ഭൂരിപക്ഷത്തിന്റെ കാഴ്ചയിലൂടെയാണ് സംസാരിക്കുന്നത്.
എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന സോഷ്യലിസ്റ്റ് സ്വപ്നത്തിന്റെ തണലിൽ ഇരുന്നാണ് ലോകം ഏറെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കപ്പെടുന്ന സമൂഹത്തിനാണ് ഏറ്റവും കൂടുതൽ പ്രതികരണശേഷിയും സാമൂഹികപ്രതിബദ്ധതയും ഉണ്ടാവുക. മറ്റാരെക്കാളും ഇതു നന്നായി അറിയാവുന്നത് ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കാണ്. അതുകൊണ്ടു തന്നെയാണ് മനുഷ്യരുടെ സ്വാസ്ഥ്യം നിറയേണ്ട വിനോദത്തിന്റെ എട്ടു മണിക്കൂറുകളെ അവന്റെ ജീവിതത്തിൽനിന്ന് അടർത്തിമാറ്റാൻ ഭരണകൂടം കോർപറേറ്റ് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നത്. കേന്ദ്ര-സംസ്ഥാനമെന്ന വേർതിരിവില്ലാതെ ഇന്നത്തെ ഇരു ഗവൺമെന്റുകളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ഇതൊക്കെതന്നെയാണ്.
വീണുപോയൊരു ജനതയാണ് നമ്മൾ. താങ്ങുമെന്ന് പ്രതീക്ഷയുള്ള കമ്യൂണിസം ഉൾപ്പെടെ പല സംവിധാനങ്ങളും ജനങ്ങളുടെ സ്വാസ്ഥ്യം തകർക്കുന്ന കോർപറേറ്റ് ഭരണസംവിധാനത്തിന്റെ നിഴലിൽ അമർന്നുപോയൊരു കാലം. ആർട്ടും സംഗീതവും സാഹിത്യവുമൊക്കെ ഒരു മനുഷ്യന്റെ ജീവിതത്തെ താങ്ങിനിർത്തുന്നത് നല്ലതുതന്നെ. അതിനപ്പുറം അതൊക്കെ മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെയുള്ള ഒരു പ്രതിരോധമാവുകയും അടിച്ചമർത്തപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ താങ്ങും തണലുമാവാനുള്ള ശക്തമായ ടൂൾ ആയി മാറണമെന്നാണ് എന്റെ ആഗ്രഹവും നിലപാടും.
'പെണ്ണാച്ചി' വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണ്. ഒരു അർധരാത്രി മഹാരാജാസ് കോളജിൽവെച്ച് ഈ കഥയുടെ നാടകരൂപത്തിന്റെ ഫൈനൽ റിഹേഴ്സൽ യാദൃച്ഛികമായി കാണാൻ ഇടവന്നിട്ടുണ്ട്. ഗംഭീര അവതരണമായിരുന്നു. യൂനിവേഴ്സിറ്റി കലോത്സവങ്ങളിൽ അത് ധാരാളം അവാർഡുകൾ നേടുകയും ചെയ്തു. നൊറോണയുടെ കഥയുടെ ഒരു പ്രധാന പ്രത്യേകതയായി എനിക്ക് തോന്നുന്നത് അത് മറ്റുള്ള കലാരൂപങ്ങൾക്ക് പ്രചോദനമാകുന്നതരത്തിൽ ഒരു ഫയർ സൂക്ഷിക്കുന്നുണ്ട് എന്നുള്ളതാണ്. ഒരു ക്രിയേറ്റിവിറ്റിയിൽനിന്ന് മറ്റു ക്രിയേറ്റിവിറ്റികൾക്ക് പ്രേരണയാകുന്നു. മലയാളത്തിൽ അത്തരം കഥകൾ വളരെ കുറവാണ്. സക്കറിയയുടെയും വിക്ടർ ലീനസിന്റെയും എം. കമറുദ്ദീന്റെയും കഥകളിൽ, പി.എഫ്. മാത്യൂസിന്റെ നോവലുകളിൽ അങ്ങനെയുണ്ട്. ഫയർ ഉണ്ടാക്കുന്ന ഒരു ഉറവിടം. വായനക്കാരെ മറ്റൊരു സർഗസ്രഷ്ടാവ് ആക്കുന്ന മാജിക്. സ്വന്തം കഥകൾ നിരീക്ഷിക്കുമ്പോൾ എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ..?
കോളജിലെ കുട്ടികൾ എന്റെ കഥ നാടകമായി അവതരിപ്പിച്ചതും സമ്മാനം നേടിയതുമൊക്കെ സന്തോഷമുള്ള കാര്യമാണ്. എന്നാൽ, ആ കാമ്പസ് ഇന്നെനിക്ക് അത്ര സന്തോഷം തരുന്ന ഒരിടമല്ല. ഒരു രാജ്യമായാലും ഗ്രാമമായാലും, കാമ്പസായാലും അവിടെയൊക്കെ ഒറ്റ രാഷ്ട്രീയ പാർട്ടിയുടെ ഏകാധിപത്യത്തിെന്റ തണലിൽ വരുന്നത് അത്ര നല്ലതും പുരോഗമനവുമല്ല എന്നതാണ് എന്റെ കാഴ്ചപ്പാട്. പ്രത്യേകിച്ച് കാമ്പസുകൾ. രാഷ്ട്രീയം വേണം. അതൊരു പാർട്ടിയുടെ മേൽക്കോയ്മയുടെ കീഴിലാവാൻ പാടില്ല. വളർന്നുവരുന്ന തലമുറയല്ലേ കാമ്പസിൽ. ഞാനിതൊക്കെ പറയുന്നത് ഒരു പ്രസ്ഥാനത്തോടുള്ള വിരുദ്ധതയായി കാണരുത്. എന്റെ കുടുംബം അത്തരമൊരു പ്രസ്ഥാനത്തിന്റെ തണലിലാണ് രൂപപ്പെട്ടു വന്നത്. വിനോദിന്റെ ചോദ്യത്തിൽ വന്ന കാമ്പസിനെ ഉദാഹരണമാക്കി ഈയൊരു വിഷയത്തെ അവതരിപ്പിച്ചുവെന്നേയുള്ളൂ. ഇനി മറ്റൊരു കോളജിൽ മറ്റിതര സ്റ്റുഡന്റ്സ് യൂനിയനുകളോ സംഘടനകളോ ഇത്തരത്തിലുള്ള ആധിപത്യം പുലർത്തുന്നുണ്ടെങ്കിൽ അതും ജനാധിപത്യത്തിനു നല്ലതല്ല എന്നതാണ് എന്റെ നിലപാട്.
കാമ്പസിൽ എല്ലാത്തരം ആശയങ്ങളും ചർച്ചചെയ്യപ്പെടണം. എല്ലാവർക്കും അവിടെ സ്വീകാര്യത വേണം. ആരെയും രാഷ്ട്രീയവേർതിരിവുകളാൽ മാറ്റിനിർത്തരുത്. പക്ഷപാതമില്ലാത്ത ഒരു രാഷ്ട്രീയ അന്തരീക്ഷം നമ്മുടെ കാമ്പസുകളിൽ രൂപപ്പെടണം. അതൊരിക്കലും അനുകൂല ഭരണകൂടങ്ങളോടു ചേർന്നുപോകാതെ വേറിട്ടുനിൽക്കുന്നതുമായിരിക്കണം.
ഇനി ചോദ്യത്തിലേക്ക് വരാം. പെണ്ണാച്ചി എഴുതിയ കാലത്തിൽനിന്നും കുറച്ചുകൂടി ലോകം മുന്നോട്ടു പോയിക്കഴിഞ്ഞു. എനിക്കു തോന്നുന്നത് ഇനിയുള്ള കാലത്ത് ലിംഗവേർതിരിവുകളെ സൂചിപ്പിക്കുന്ന 'അവൻ', 'അവൾ' അല്ലെങ്കിൽ 'സ്ത്രീ', 'പുരുഷൻ' തുടങ്ങിയ പദങ്ങളെല്ലാം നമ്മൾ ഉപേക്ഷിക്കുമെന്നാണ്. ലിംഗസൂചകങ്ങളില്ലാത്ത ഒറ്റനാമത്തിൽ സ്ത്രീയെയും പുരുഷനെയും അടയാളപ്പെടുത്താവുന്ന ഒരു സുന്ദരമായ വാക്ക് ഭാഷയിൽ രൂപംകൊള്ളുന്ന സമയം വിദൂരവുമല്ല.
ബാഹ്യരൂപത്തിൽ ഒരുപോലെയിരിക്കുന്ന മനുഷ്യരുടെ ആന്തരികമായ ചേതന വ്യത്യസ്തമായിരിക്കുമെന്ന് പറയാനാണ് ഞാൻ പെണ്ണാച്ചി എഴുതുന്നത്. ബാഹ്യരൂപത്തിൽ ഒരുപോലെ നാം കാണുന്ന ഇരട്ടകളായ രണ്ടു വ്യക്തികളെ ഇതിനു ഉദാഹരണമായി എടുത്താണ് 'പെണ്ണാച്ചി'യുടെ രചന. ആണും പെണ്ണുമെന്ന രണ്ടു കാറ്റഗറിയിൽ മനുഷ്യരെ കണ്ടിരുന്ന നമ്മൾ ഇതിനിടയിലുള്ള ജെൻഡറുകളെ തിരിച്ചറിയാൻ ഏറെ വൈകി. ഒരുപോലെ കാണുന്ന മനുഷ്യരുടെ ആന്തരികതലത്തിലെ വ്യതിരിക്തതയും വ്യത്യാസവുമൊക്കെ വെളിപ്പെടുത്താനുള്ള എന്റെ ശ്രമമായിരുന്നു പെണ്ണാച്ചി.
പൗരൻമാരെ തുല്യരായി കാണുക ഭരണകൂടങ്ങളുടെ സവിശേഷതയായി നാം ഉയർത്തിപ്പിടിക്കാറുണ്ട്. പേക്ഷ, ഈ യൂനിഫോമിറ്റി തീർക്കുന്ന ഒരു അപകടാവസ്ഥയുണ്ട്. കേരളത്തിലെ ജനങ്ങളെ പരിഗണിക്കുമ്പോൾ കുടിയേറ്റ ഭൂമിയിലെ ആദിവാസികളെയും തീരദേശ മത്സ്യത്തൊഴിലാളികളെയും മെട്രോ നഗര നിവാസികളെയും തുല്യരായി കാണുമ്പോഴുള്ള പ്രശ്നം ഉദാഹരണമായി എടുത്താൽ അതിന്റെ ഭീകരത മനസ്സിലാകും. പാർശ്വവത്കരിക്കപ്പെട്ട, അന്യവത്കരിക്കപ്പെട്ട ഒരു ജനതയോടു പക്ഷംചേർന്നുള്ള സ്നേഹവും കരുതലും അനിവാര്യമാണ്. 'മാനുഷരെല്ലാരും ഒന്നുപോലെ' എന്നതാണ് നമ്മുടെ സ്വപ്നം. ആ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള വഴി ഇത്തരം മനുഷ്യരോട് പക്ഷം ചേർന്നുള്ള ഒരു ഭരണസംവിധാനംകൂടിയാണ്.
ചോദ്യത്തിന്റെ അവസാന ഭാഗത്തേക്ക് വരാം. കഥയായാലും നോവലായാലും അതിലെ വിഷ്വൽസ് കണ്ടും ആസ്വദിച്ചുമാണ് ഞാനെഴുതാറുള്ളത്. മനക്കണ്ണാലെ കാണുന്നതിന്റെ പത്തിരട്ടിയെങ്കിലും വായനക്കാർക്ക് പകർന്നുകൊടുക്കണമെന്നൊരു ആഗ്രഹം എനിക്കുണ്ട്. അത്തരത്തിൽ എഴുതുന്നതുകൊണ്ടായിരിക്കും എന്റെ കഥകൾ നാടകവും സിനിമയുംപോലുള്ള ഇതര കലാരൂപങ്ങളിലേക്ക് സന്നിവേശിപ്പിക്കാൻ പ്രേരണയാകുന്നത്.
'മുണ്ടൻപറങ്കി' ആത്മകഥാപരമായ കുറിപ്പുകളാണ്. കറുത്ത വർഗക്കാരും വെള്ളക്കാരും തമ്മിൽ നിലനിൽക്കുന്നതുപോലുള്ള വിവേചനം വെളുത്ത ആംഗ്ലോ ഇന്ത്യൻ സമൂഹവും കറുത്ത പറങ്കികളും തമ്മിലുണ്ട്. ദലിത് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന തിരസ്കൃതരുടെ ജീവിതം പ്രിൻസ് അയ്മനം 'പൊതിച്ചോർ നേർച്ച' എന്ന കഥയിൽ ശക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. കറുത്ത ആംഗ്ലോ ഇന്ത്യക്കാരുടെ ജീവിതം മലയാള സാഹിത്യത്തിന് അത്ര പരിചിതമല്ല. ഒരു എഴുത്തുകാരൻ എന്നനിലക്കും ഇടവകക്കാരൻ എന്ന സാമൂഹികനിലയിലും ഈ സമുദായം അനുഭവിക്കുന്ന സംഘർഷങ്ങളെയും വിവേചനത്തെയും പറ്റി വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടുതൽ പറയാമോ?
പത്തുവർഷത്തോളം കൊറൈഗ്രാസ് മാറ്റുകൾ നെയ്യുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആലപ്പുഴ ബിഷപ്പായിരുന്ന ചേനപ്പറമ്പിൽ പിതാവായിരുന്നു രക്ഷാധികാരി. തമിഴ്നാട്ടിലെ കരൂർ എന്ന സ്ഥലത്താണ് കൊറൈഗ്രാസുകൾ വളരുന്നത്. ഒരാൾപൊക്കത്തിലുള്ള പുല്ല് വെട്ടി, ബണ്ടിലാക്കി ലോറിയിൽ ആലപ്പുഴക്ക് കൊണ്ടുവരും. ആലപ്പുഴയിൽനിന്നത് പെട്ടിയോട്ടോയിൽ മഠങ്ങളോടു ചേർന്നു പ്രവർ ത്തിക്കുന്ന സ്മാൾ സ്കെയിൽ യൂനിറ്റുകളിൽ എത്തിക്കും. തിരിച്ചുവരുന്ന വഴി യൂനിറ്റിലെ പെണ്ണുങ്ങൾ നെയ്യുന്ന പുൽപ്പായകളും മറ്റ് അലങ്കാര വസ്തുക്കളും കേറ്റിക്കൊണ്ടുപോരും. ജോണിയെന്നൊരാളായിരുന്നു ഡ്രൈവർ. ഞാൻ അയാളോടൊപ്പം ഫ്രണ്ട് സീറ്റിലിരുന്നാണ് യൂനിറ്റുകളിൽ പോയി ഈ ജോലികളൊക്കെ ചെയ്തിരുന്നത്. ഞങ്ങൾക്കുള്ള ഭക്ഷണം മിക്കവാറും ഏതെങ്കിലുമൊരു കോൺവെന്റിൽനിന്നു കിട്ടും. ആലപ്പുഴയിലെ കുന്നുമ്മ മുതൽ ചെല്ലാനം വരെയുള്ള സകല മഠങ്ങളിൽനിന്നും ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. സമുദായവും രൂപതയുമായി എനിക്ക് ഇപ്രകാരം ഒരു തൊഴിലിൽനിന്നും രൂപപ്പെട്ടു വന്നിട്ടുള്ള ബന്ധമാണുള്ളത്.
ഇപ്പോൾ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് ക്രിസ്തീയ സമുദായത്തിലെ വേർതിരിവുകളെക്കുറിച്ചാണല്ലോ. ഏതൊരു മതസമൂഹത്തിനും ജാതീയതയിൽനിന്നൊരു മോചനമുണ്ടാവില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കരൂരിലുള്ള കൊറൈഗ്രാസ് പാടങ്ങളിൽ ഞാൻ പലതവണ പോയിട്ടുണ്ട്. പാടത്തോടു ചേർന്നുള്ള പള്ളികളിലായിരുന്നു താമസം. അവിടത്തെ ഗ്രാമീണ ജനതയുമായി ഇടപഴകാനുള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. കേരളത്തിനു വെളിയിലുള്ള ജനത അനുഭവിക്കുന്നതുപോലുള്ള കഠിനമായ ജാതീയ വേർതിരിവുകൾ നമുക്കിടയിൽ ഇക്കാലത്തുണ്ടോയെന്ന് സംശയമാണ്.
എല്ലാ മതങ്ങളിലുമുള്ളതുപോലെ ഉച്ചനീചത്വങ്ങൾ ക്രിസ്തീയ മതത്തിലുമുണ്ട്. ലത്തീൻ കത്തോലിക്കരുടെയും ആംഗ്ലോ ഇന്ത്യരുടെയും ജാതീയ, സാമ്പത്തിക വേർതിരിവുകളെക്കുറിച്ച് ആദ്യകാലത്ത് ഞാൻ എഴുതിയിട്ടുണ്ട്. ഇപ്പോഴുള്ള പുതുതലമുറക്ക് ഇത്തരം വേർതിരിവുകളെക്കുറിച്ച് അറിയില്ലെന്നു മാത്രമല്ല, അവരുടെ ലോകത്തിൽ അത്തരം കാര്യങ്ങൾക്കൊന്നും ഒരു പ്രാധാന്യവുമില്ലെന്നതാണ് വാസ്തവം. ജന്മദേശം എന്ന നിലയിൽ കേരളത്തിനുപോലും അവർ വലിയ പ്രാധാന്യമൊന്നും നൽകുന്നുമില്ല. പുതുതലമുറക്ക് അന്യമാകുന്ന ജാതീയവും മതപരവുമായ കാര്യങ്ങൾ നമ്മൾ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിൽ പ്രസക്തിയില്ലെന്ന് എനിക്കിപ്പോൾ തോന്നുന്നു.
തീരത്തിന്റെ ഉപ്പിലും വിയർപ്പിലും മദജലത്തിലും കുതിർന്നു പൊട്ടിത്തെറിക്കുന്ന ഒരു രതിയുടെ ക്രൗര്യവും ഉന്മാദവും ശരീരഭാഷയും മലയാളകഥ ഇതുവരെ കാണാത്തവിധങ്ങളിൽ ആഖ്യാനം ചെയ്യുന്നു എന്ന് താങ്കളുടെ കഥകളെ സക്കറിയ നിരീക്ഷിച്ചിട്ടുണ്ട്. അത് ശരിയുമാണ്. ഭയാനകസൗന്ദര്യങ്ങൾ അവ പ്രദാനംചെയ്യുന്നു. ദൈവശാസ്ത്രത്തിന്റെ ഇടപെടൽ തീരദേശ ജീവിതങ്ങളിൽ ബൗദ്ധികമായും ആത്മീയമായും ദാരിദ്ര്യം ഉണ്ടാക്കുന്നുണ്ടോ? തൊഴിൽ വ്യക്തിയുടെ സ്റ്റാറ്റസ് നിർണയിക്കുന്ന ഒരു സാമൂഹിക അവസ്ഥയിലാണ് നാം ജീവിക്കുന്നത്. പള്ളിയുടെ ഇടപെടൽ അവരുടെ സാമൂഹിക ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?
ഈ ചോദ്യം കേട്ടപ്പോൾ കോവിഡ് കാലത്തെ ഒരു സംഭവം ഓർത്തുപോയി. ആലപ്പുഴ മെഡിക്കൽ കോളജിൽ സൂപ്രണ്ടായിരുന്ന ഡോ. രാംലാൽ സാറാണ് ഇക്കാര്യമെന്നോട് പറയുന്നത്. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ കുറച്ചധികം മത്സ്യത്തൊഴിലാളികളെ ഒരുമിച്ചു അഡ്മിറ്റ് ചെയ്യേണ്ടിവന്നു. ജൂനിയർ ഡോക്ടർമാർക്ക് മത്സ്യത്തൊഴിലാളികളുടെ രീതികളുമായി പൊരുത്തപ്പെടാനാവാതെ അവിടെയൊരു അസ്വസ്ഥത നിറയുന്ന സാഹചര്യം. ആലപ്പുഴ രൂപതയിലെ സേവ്യർ കുടിയാംശ്ശേരി അച്ചനെയാണ് രാംലാൽ ഡോക്ടർ ഇക്കാര്യം പരിഹരിക്കുന്നതിനായി ക്ഷണിച്ചത്. രാംലാൽ സാറും കുടിയാംശ്ശേരിയച്ചനും എന്റെ പ്രിയപ്പെട്ട വായനക്കാരും സുഹൃത്തുക്കളുമാണ്.
മത്സ്യത്തൊഴിലാളികളെ കുറിച്ച് സമ്പന്ന കുടുംബത്തിൽനിന്നും എത്തിയവർക്കൊരു ധാരണയില്ലായിരുന്നു. അച്ചൻ ഡോക്ടേഴ്സുമായി സംസാരിച്ചു. കടലുമായി നിരന്തരം സഹവസിക്കുന്ന ഒരു ജനതയാണ് അവർ. കാറ്റിനോടും കടലിനോടും അവർ ഉച്ചത്തിലാണ് സംസാരിക്കുക. അതവരുടെ ശീലവും സ്നേഹത്തിന്റെ അടയാളവുമാണ്. അവർ ഒച്ച ഉയർത്തി സംസാരിക്കുമ്പോൾ നമുക്ക് അവരുടെ ഭാഷ മനസ്സിലാകാതെ പോകുന്നു. വഴക്കിടുന്നതായി നമ്മൾക്ക് തോന്നാം. പക്ഷേ, അതാണവരുടെ ഭാഷ. ആ ഭാഷ മനസ്സിലാകുന്നതോടെ നിങ്ങളവരെ ഒരുപാടു സ്നേഹിച്ചു തുടങ്ങും. അത്രയേറെ നിഷ്കളങ്കരായ ഒരു ജനത. പ്രളയകാലത്ത് ആ സ്നേഹം നമ്മൾ അനുഭവിച്ചറിഞ്ഞതുമാണ്. മൂന്നാലു വാചകങ്ങളിൽ ഒരു വലിയ പ്രശ്നം പരിഹരിക്കപ്പെട്ടു.
ചർച്ച് കടലിൽ ആഴ്ന്നുകിടക്കുന്ന മഞ്ഞുമലപോലെയാണ്. പാപ്പാ മുതൽ ലേമെൻ വരെ നീണ്ടുകിടക്കുന്ന ഹയറാർക്കി നിറയുന്ന ഒരു ശ്രേണീബന്ധം അതിന്റെ ഘടനയും. സഭയുടെ സിസ്റ്റത്തിനു അപചയമുണ്ടാകുമ്പോൾ അതിനുള്ളിൽനിന്നു തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കാലത്തിനു അനുയോജ്യമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ഫ്രാൻസിസ് പാപ്പായുടെ ചില പ്രവർത്തനശൈലികൾ ഇതിനൊരു ഉദാഹരണം. സഭയിൽ ഇപ്പോഴും പുരുഷനോടൊപ്പം സ്ത്രീക്കും തുല്യ പ്രാധാന്യമില്ലെന്നതാണ് വാസ്തവം. ഇതൊരു വലിയ പോരായ്മയാണ്. എന്റെ എഴുത്തിലും സഭയിലെ സ്ത്രീ-പുരുഷ വേർതിരിവുകൾ പരാമർശിക്കപ്പെടാറുണ്ട്. ഞാനടക്കമുള്ള സാധാരണക്കാരുടെ വിമർശനങ്ങളെ സഭ അസഹിഷ്ണുതയോടെയല്ല കാണുന്നതെന്നതും പോസിറ്റിവായ കാര്യമാണ്.
വാട്സ്ആപ് ഡി.പി ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്. നൊറോണ ഒരു പുണ്യാളപ്രതിമയെയോ മറ്റോ പുൽകി നിൽക്കുന്ന ചിത്രത്തിൽ അശരണരുടെ ദൈന്യമുണ്ട്. കഥകളിൽ ക്രിസ്തീയമായ ഒരു സദാചാരബോധം അന്തർലീനമായി കിടക്കുമ്പോഴും ആ നൈതികബോധത്തെ സങ്കീർണമാക്കുന്ന ഇടങ്ങളും ധാരാളം കടന്നുവരുന്നു. വിശ്വാസത്തിനുള്ളിൽ ഇരിക്കുമ്പോഴും റെബലിസം സാധ്യമാണ്. ദൈവശാസ്ത്രം ഒരു എഴുത്തുകാരൻ എന്ന നിലയിൽ വളരാൻ എത്രമാത്രം സഹായിച്ചിട്ടുണ്ട്. എഴുതുമ്പോൾ എഴുത്തുകാരന്റെ ഉള്ളിലെ വിശ്വാസിയും വിശ്വാസിയുടെ ഉള്ളിലെ എഴുത്തുകാരനും തമ്മിൽ സംഘർഷമുണ്ടോ?
മനുഷ്യർക്ക് ഭയം അടിസ്ഥാനപരമായ വികാരമാണ്. പലർക്കു പലതിനോടാവും പേടി. ഉയരം കൂടിയ സ്ഥലം, ഇടുങ്ങിയ ഇടനാഴികൾ, മനുഷ്യവാസമില്ലാത്ത സ്ഥലങ്ങൾ അങ്ങനെ ഒരുപിടി ഭയങ്ങൾ എന്നോടൊപ്പമുണ്ട്. എന്റെ പ്രൊഫൈൽ പിക് വല്ലാർപാടം പള്ളിയുടെ മുകളിൽനിന്ന് മകൾ എടുത്തതാണ്. അത് പുണ്യാളനല്ല ജീസസ് ക്രൈസ്റ്റിന്റെ അമ്മച്ചിയാണ്. മറിയവുമായി ഒരു അറ്റാച്ച്മെന്റുണ്ട്. അതു കേവലം ഭക്തിയുമായി റിലേറ്റഡ് അല്ല. പാർശ്വവത്കരിക്കപ്പെട്ട ജനതക്കുവേണ്ടി ഒരു അമ്മയും മകനും അനുഭവിച്ച ദുരിതങ്ങൾ അവളുടെ രൂപങ്ങളും ചിത്രങ്ങളും കാണുമ്പോൾ ഓർമ വരും. മറിയത്തെ ഒട്ടുമിക്ക സാഹിത്യകാരൻമാർക്കും ഏറെ ഇഷ്ടമായിരുന്നു. അപ്പൻ സാറ് മധുരം നിന്റെ ജീവിതം എന്ന പേരിൽ അവരെക്കുറിച്ച് ഒരു പുസ്തകംതന്നെ എഴുതിയിട്ടുണ്ട്. ജാതി-മത വേർതിരിവില്ലാതെ ഒരു പൊതു സ്വീകാര്യത മറിയത്തിനു കേരളത്തിന്റെ മണ്ണിലുണ്ട്. അങ്ങനെയൊരു പ്രിവിലേജ് ക്രിസ്തുവിനുപോലും ഇല്ലെന്നുള്ളതാണ് വാസ്തവം. കൊരട്ടിമുത്തി, ചാത്തനാട്ടമ്മ തുടങ്ങി അനേകം പ്രാദേശിക നാമങ്ങളിലൂടെ അവൾ ഓരോ ദേശത്തും ജാതിക്കും മതത്തിനും അതീതയാകുന്നു. അശരണരുടെ ദുരിതജീവിതങ്ങളെ ഓർമപ്പെടുത്തുന്നുണ്ട് ആ അമ്മയുടെയും മകന്റെയും ജീവിതം. രക്തസാക്ഷിയായ ഒരു മകന്റെ മാതാവാണ് അവൾ. ഈയടുത്ത കാലത്ത് സാഹിത്യ അക്കാദമിയിൽ വെച്ചു നടന്ന പ്രഭാഷണത്തിൽ പ്രിയ എഴുത്തുകാരൻ സക്കറിയ പറയുന്നത് ക്രിസ്തു രക്തസാക്ഷിയായപ്പോൾ നഷ്ടം സംഭവിച്ചത് ഈ പാവം പിടിച്ച അമ്മക്കു മാത്രമായിരുന്നു എന്നാണ്. ബാക്കിയെല്ലാവരും ആ രക്തസാക്ഷിത്വംകൊണ്ടു പലതും നേടിയെന്നതും നാം ഓർക്കേണ്ടതുണ്ട്.
എന്റെ ഭാഷ മെച്ചപ്പെടുത്താൻ ബൈബിൾ സഹായിച്ചിട്ടുണ്ട്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക, രണ്ടു വസ്ത്രമുള്ളവൻ അതില്ലാത്തവന് ഒെരണ്ണം കൊടുക്കട്ടെ, സ്നേഹം മാത്രമാണ് ദൈവം എന്നിങ്ങനെയുള്ള അതിലെ വാക്കുകൾ എന്നെ മനുഷ്യപ്പറ്റു നിറഞ്ഞ ഒരാളായി നിലനിർത്തുന്നതിൽ സഹായിക്കുന്നുണ്ട്. ദൈവശാസ്ത്രംകൊണ്ട് എന്റെ എഴുത്തുജീവിതത്തിനു നേട്ടമൊന്നും ഉണ്ടായിട്ടില്ല.
ഇക്കാലത്തെ സഭയും അതിന്റെ രീതികളോടും ചേർന്ന് എനിക്കൊരു സഭാവിശ്വാസിയാകാൻ കഴിയില്ല. ഞാനെപ്പോഴും സഭക്കു പുറത്തുനിൽക്കുന്ന, അങ്ങനെ ആകാൻ ആഗ്രഹിക്കുന്ന ഒരാളാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ സഭ ഒരു സിസ്റ്റമാണ്. അതിനുള്ളിലെ വിശ്വാസിയായി നിൽക്കുക എന്ന് പറയുന്നതും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മെംബറാവുക എന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല. കമ്യൂണിസത്തോടുള്ള അല്ലെങ്കിൽ മറ്റു പ്രസ്ഥാനങ്ങളുടെ നല്ല വശങ്ങളോടുള്ള അനുഭാവം മാത്രമേ എനിക്ക് സഭയോടുമുള്ളൂ. അതുകൊണ്ടുതന്നെ വിശ്വാസിയും വിശ്വാസിയുടെ ഉള്ളിലെ എഴുത്തുകാരനുമെന്നത് എന്റെ വിഷയമല്ലാതാകുന്നു.
'മുടിയറകൾ' എന്ന നോവലിനെപ്പറ്റിയുള്ള പ്രതീക്ഷകളും അതിന്റെ എഴുത്ത് അനുഭവങ്ങളും പറയാമോ? മുൻ നോവലുകളിൽനിന്ന് അത് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്. ആലപ്പുഴ എന്ന സ്വന്തം ദേശം എഴുത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്?
'അശരണരുടെ സുവിശേഷ'ത്തിനു ശേഷം എഴുതിയ നോവലാണ് 'മുടിയറകൾ'. അഞ്ചു വർഷത്തോളമായി അതിന്റെ രചന തുടങ്ങിയിട്ട്. തീരവും ഇടനാടും മലയോരവുമൊക്കെ നിറയുന്ന ഒരു ഭൂമിക. ഞാറക്കടവ് എന്നൊരു ദേശത്തിന്റെ സാമൂഹിക, രാഷ്ട്രീയ, മതപരമായ വികാസത്തോടൊപ്പം വളരുന്ന ഒരു നോവൽകൂടിയാണ് 'മുടിയറകൾ'. അശരണരുടെ സുവിശേഷത്തിൽ എനിക്ക് പൂരിപ്പിക്കാൻ കഴിയാതിരുന്ന ഒട്ടനവധി ഇടങ്ങൾക്ക് മുടിയറകളിലൂടെ സ്പേസ് കണ്ടെത്താൻ കഴിയുന്നുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. വളരെ ചെറിയ ഒരിടമായ ആധുനിക കേരളത്തിന്റെ നവവികാസ പരിണാമങ്ങൾക്ക് സമാന്തരമായി സംഭവിക്കുന്ന മതപരവും ആത്മീയവുമായ മാറ്റങ്ങളിലൂടെയാണ് നോവൽ മുന്നോട്ടുപോകുന്നത്.
ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ രൂപംകൊണ്ട ചെറിയൊരു ഓഹരിപ്രസ്ഥാനമായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി. പിൽക്കാലത്ത് അതു വളർന്ന് അതിന്റെ കോർപറേറ്റ് സ്വഭാവം വെളിപ്പെടുത്തി അധിനിവേശത്തിലൂടെ ഇന്ത്യയുൾപ്പെടെ അനേകം രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കി. കൊളോണിയൽ കാലത്തിലേതുപോലെ പ്രത്യക്ഷയുദ്ധത്തിലൂടെ അല്ലെങ്കിലും ശാസ്ത്ര സാങ്കേതികത പുരോഗതിയിലൂടെ ലോകത്തെ മുഴുവൻ തങ്ങളുടെ വരുതിയിലാക്കുന്ന ഒരു കോർപറേറ്റ് സംവിധാനം ഇന്ന് ശക്തമാണ്. ഇതിന്റെ അടരുകൾ നമ്മുടെ മതങ്ങളിലും രാഷ്ട്രീയതലങ്ങളിലും സമൂഹത്തിലെ ഓരോ ലെയേഴ്സിലും വ്യാപിച്ചുകിടപ്പുണ്ട്. ഇത്തരമൊരു സാമൂഹിക ഘടനയിലെ സ്വാധീനങ്ങളും കോർപറേറ്റ് സ്വഭാവത്തിലുള്ള താൽപര്യങ്ങളും കൂടി അടയാളപ്പെടുത്തുക മുടിയറകൾ എന്ന നോവലിന്റെ ലക്ഷ്യമാവുന്നുണ്ട്.
ആഴ്ചപ്പതിപ്പിലൂടെ വായനക്കാരിലേക്ക് മുടിയറകൾ എത്തുകയാണ്. എന്റെ ഒരു പുസ്തകത്തിനും ആമുഖമായി ഒരു കുറിപ്പ് എഴുതുന്ന പതിവ് എനിക്കില്ല. പുതിയ നോവൽ വായനക്കാർക്ക് പൂർണമായും വിട്ടുകൊടുക്കുന്നു. അവർ സംസാരിക്കട്ടെ.
'അശരണരുടെ സുവിശേഷം' എന്ന നോവലില് ക്രിസ്മസിനു പകരം 'നത്താള്' എന്നാണ് പ്രയോഗിക്കുന്നത്. പ്രാദേശികമായ ഭാഷയുടെയും സംസ്കാരത്തിന്റെയും വാമൊഴികളുടെയും വലിയ നിധി ആ നോവലിൽ അടയാളപ്പെട്ടിട്ടുണ്ട്. ലിംഗ്വിസ്റ്റിക് പഠനത്തിനും റഫറൻസിനുമായി ഭാവിതലമുറക്ക് ഉപകാരപ്പെടുംവിധം ഒരു കൃതി. സാഹിത്യഗുണമുള്ള ഇത്തരം പരിശ്രമങ്ങളെക്കുറിച്ച് പറയാമോ?
മറ്റെല്ലാ ഇടങ്ങളെപ്പോലെയും തീരത്തിന് ഒരു ചരിത്രവും സംസ്കാരവും വേറിട്ടൊരു ഭാഷയുമുണ്ട്. തീരദേശ ഭാഷയിലെ കൗതുകവും ക്ലിഷ്ടതയും അതിന്റെ വൈവിധ്യംതന്നെയാണ്. കേരളത്തിൽ ഏകദേശം 580 കിലോമീറ്റർ ദൈർഘ്യം തീരത്തിനുണ്ട്. ഒട്ടനവധി തീരദേശ ഗ്രാമങ്ങളാണ് ഈ പഞ്ചാരമണ്ണിനോട് ഒട്ടിനിൽക്കുന്നത്. ഓരോ ഗ്രാമത്തിലെയും ഭാഷക്കും സംസ്കാരത്തിനും വ്യത്യാസമുണ്ട്. ആലപ്പുഴ തീരമെടുത്താൽ പുറക്കാടുള്ള ഭാഷയല്ല ചെത്തി കടപ്പുറത്ത് സംസാരിക്കുന്നത്, ചെല്ലാനത്തു ചെല്ലുമ്പോൾ അത് വീണ്ടും മാറുന്നു. അശരണരുടെ സുവിശേഷം പുറക്കാടു മുതൽ ഫോർട്ടുകൊച്ചി വരെ നീണ്ടുനിൽക്കുന്ന ഒരിടത്തിന്റെ കഥയാണ് പറയുന്നത്. ഈ പത്തെഴുപത് കിലോമീറ്ററിനുള്ളിൽപോലും തീരഭാഷക്ക് വൈവിധ്യമുണ്ടെന്നത് രചനയിലെ കടുപ്പമേറിയ കാര്യമായിരുന്നു.
ഡോ. കുഞ്ഞൻപിള്ളയും സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയും വേലുക്കുട്ടി അരയനുമായുള്ള ബന്ധമാണ് ഒരു രാത്രികൊണ്ട് ചെറിയഴീക്കലൊരു പള്ളിക്കൂടം രൂപപ്പെടാൻ കാരണമെന്ന് ഞാൻ വായിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശഗ്രാമങ്ങളിലെല്ലാം ഇത്തരത്തിലുള്ള നവോത്ഥാന പരിശ്രമങ്ങൾ ജാതിമത ഭേദമന്യേ ധാരാളം ഉണ്ടായിട്ടുണ്ട്. പുറക്കാടു മുതൽ ഫോർട്ടുകൊച്ചിവരെയുള്ള തീരഗ്രാമങ്ങളാണ് എന്റെ നോവലിന്റെ ഭൂമിക. പള്ളിയോടു ചേർന്നുള്ള ജീവിതമാണ് ഈ തീരഗ്രാമങ്ങളുടെ പ്രത്യേകത. അതുകൊണ്ടാണ് അശരണരുടെ സുവിശേഷം അവരെ ഫോക്കസ് ചെയ്ത് എഴുതാനിടയായത്. അവരുടെ ജീവിതം പറയുമ്പോൾ അന്നുവരെ മലയാളത്തിന് പരിചയമില്ലാത്ത ഒട്ടനവധി ലത്തീൻ പോർചുഗൽ പദങ്ങൾ എനിക്ക് ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്. അതിലെ ചില പാട്ടുകളൊക്കെ ലാറ്റിനിൽ തന്നെയാണ് എഴുതിയിരിക്കുന്നത്. ഒന്നിനും അടിക്കുറിപ്പുകൾ ഇല്ല. കുശിനി, വേസ്പര തുടങ്ങി അത്ര പരിചിതമല്ലാത്ത പദങ്ങളുടെ അർഥങ്ങൾ ആദ്യകാലത്ത് വായനക്കാർ ചോദിക്കുമായിരുന്നു. ഇപ്പോൾ കേരളത്തിലെ മുഴുവൻ ആളുകൾക്കും തീരദേശ ഗ്രാമങ്ങളിൽ ഉപയോഗിക്കുന്ന ഒട്ടനവധി പദങ്ങളറിയാം. ഭാഷയിൽ മറഞ്ഞുകിടന്ന ഒരു വാക്കിനെയെങ്കിലും വർത്തമാന കാലത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പരിചയപ്പെടുത്താനായതിന്റെ ആഹ്ലാദമുണ്ട്. ഇനിയും അനേകം വാക്കുകളെ ഇപ്രകാരം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. 'മാറ്' എന്നൊരു തീരദേശ വാക്കുണ്ട്. അതിന്റെ അർഥം 'ആഴം' എന്നാണ്. ഒരു മാറ് എന്നാൽ ഒരാൾ താഴ്ചയെന്നാണ് അർഥം. അതുപോലെ ദിശകളെ സൂചിപ്പിക്കുന്ന രണ്ടു വാക്കുകളാണ് തെൻമേലയും വടമേലയും. തെക്കു പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് എന്നതാണ് ആ വാക്കുകളുടെ അർഥം. ഞാനിതൊക്കെ ഒരു പുസ്തകത്തിൽനിന്നും പഠിച്ചതല്ല. തീരദേശത്തെ പഴമക്കാരിൽനിന്നും കേട്ടറിഞ്ഞവയാണ് ഒട്ടുമിക്ക വാക്കുകളും. ഇപ്രകാരമുള്ള തീരഭാഷയുടെ ഖനനം പല എഴുത്തുകാരും നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സെബാസ്റ്റ്യൻ പള്ളിത്തോട് എഴുതിയ 'കടലറിയുമോ കരയുമോർമകൾ' എന്ന കടലോർമകളുടെ പുസ്തകമാണ്. ഉപ്പു നിറയുന്നതാണ് കടലിന്റെ ഭാഷ. അതു നാട്ടുഭാഷയുടെ മുറിവുണക്കുകയും രുചികൂട്ടുകയും ചെയ്യുന്നു. ആ ഭാഷക്ക് പ്രാധാന്യമുണ്ടെങ്കിൽ അതിന്റെ െക്രഡിറ്റ് മുഴുവൻ എഴുത്തുകാരനല്ല, ആ ജനതക്കുമാത്രം അവകാശപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. കാലത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടൊരു ടൂൾ മാത്രമാണ് എഴുത്തുകാരൻ.
'തൊട്ടപ്പൻ' എന്ന കഥാസമാഹാരത്തിൽനിന്ന് 'കാതുസൂത്രം' എന്ന സമാഹാരത്തിൽ എത്തുമ്പോൾ ഷിഫ്റ്റ് സംഭവിച്ചതായി മനസ്സിലാകും. നൊറോണിയൻ കഥകളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് 'കാതുസൂത്ര'ത്തിലെ ഭൂമികയും വ്യാഖ്യാനവും. ഈ ഷിഫ്റ്റ് ബോധപൂർവമോ സ്വയം വിമർശനാത്മകമായതോ പുതിയ ജീവിതപരിസരം തേടി പോകലോ ഒക്കെ കൊണ്ടാവാം. തീവ്രമായ ജീവിതാനുഭവങ്ങളിൽനിന്നുള്ള ഒരു ഷിഫ്റ്റ് ആയി ഇതിനെ വ്യാഖ്യാനിച്ചാൽ നൊറോണ എന്തുപറയും. ഒരാൾ ഇന്നത് മാത്രമേ എഴുതാവൂ എന്നുള്ള അർഥത്തിൽ അല്ല ഞാൻ ഈ ചോദ്യം ചോദിക്കുന്നത്.
വായിക്കുന്നവരെ പെട്ടെന്ന് കീഴ്പ്പെടുത്തുന്ന പുസ്തകങ്ങൾ കുറേ കഴിയുമ്പോൾ പെട്ടെന്ന് അപ്രത്യക്ഷപ്പെടുമെന്ന് കാണാം. ആരാലും അറിയപ്പെടാതെ ജീവിക്കുകയും മരിക്കുകയുംചെയ്ത ചിലരുടെ കൃതികൾ വർഷങ്ങൾക്കു ശേഷമാവും പ്രകാശം പരത്തിക്കൊണ്ട് ഉയിർത്തെഴുന്നേൽക്കുക. ഹെർമൻ ഹെസ്സെയാണ് പുസ്തകങ്ങളുടെ വിധിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. നീത്ഷേയുടെയും ഹേൾഡർലിന്റെയും രചനകൾ അദ്ദേഹം ഉദാഹരണമായി പറയുന്നുണ്ട്. നമുക്കറിയാം ചൈനീസ് ജ്ഞാനിയായ ലാവോത് സെ യൂറോപ്യൻ വായനലോകത്ത് എത്തിച്ചേരാൻ ആയിരക്കണക്കിനു വർഷങ്ങളാണെടുത്തത്.
'തൊട്ടപ്പൻ' സമാഹാരത്തിന്റെ ഭാഷയിലും രചനാശൈലിയിലുമുള്ള മികവിനൊപ്പം അതിലെ കഥകളെല്ലാം ജനകീയമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യ കഥാസമാഹാരമാണത്. എന്റെ ചുറ്റുപാടുകളും പരിസരങ്ങളും ജീവിതാനുഭവങ്ങളും അടയാളപ്പെടുത്തിയ കഥകൾ. വായനയുടെ ആഴങ്ങളിലേക്ക് പോയി അതിന്റെ സൗന്ദര്യവും അനുഭൂതികളും കണ്ടെത്തുക എന്ന ക്ലേശകരമായ ദൗത്യത്തിലേക്ക് വായനക്കാരനെ തള്ളിവിടാതെ അനായാസം വായിച്ചുപോകാവുന്ന കഥകൾ. ഒരു തുടക്കക്കാരൻ എന്നനിലയിൽ വായനാലോകത്തൊരു ബന്ധം സ്ഥാപിക്കാൻ എനിക്ക് അത്തരം രചനകൾ ആവശ്യവുമായിരുന്നു. എന്നാൽ, 'കാതുസൂത്രം' എന്ന രണ്ടാമത്തെ കഥാസമാഹാരത്തിലേക്ക് വരുമ്പോൾ കഥകളുടെ ഒരു ഓപൺനെസിനെക്കാൾ ഇന്നർ ബ്യൂട്ടിക്കാണ് ഞാൻ പ്രാധാന്യം കൊടുത്തിട്ടുള്ളത്. തൊട്ടപ്പനെപ്പോലെ കഥകളെ ആഘോഷിക്കുന്ന ഒരു വലിയ മാസ്റീഡേഴ്സിനെ ഇത്തരം രചനകളിൽ പ്രതീക്ഷിക്കേണ്ടതില്ല. കാതുസൂത്രത്തിലെ രചനകൾക്ക് കാലാതീതമായി നിലനിൽക്കാനുള്ള കണ്ടന്റ് ഉണ്ടെന്നാണ് എന്റെ വിശ്വാസം. കാണി പണിയുന്ന കസേരകളിലേക്ക് എത്തുമ്പോൾ, സാഹിത്യത്തിലെ അനുഭൂതികളും അനുഭവങ്ങളും എന്നുള്ള തലം കാത്തുകൊണ്ട് കുറച്ചുകൂടി സാമൂഹിക ഇടപെടലിലേക്ക് ഞാൻ കടക്കുന്നുണ്ട്. ഇതു ബോധപൂർവമായി കൊണ്ടുവന്ന മാറ്റമല്ല. മറിച്ച്, ഒരു എഴുത്തുകാരന്റെ സ്വാഭാവിക വളർച്ചയിൽ സംഭവിക്കുന്ന മാറ്റമായി കാണാനാണ് എനിക്കിഷ്ടം.
പുതിയ സമാഹാരമായ കാണി പണിയുന്ന കസേരകളുടെ ആമുഖം എഴുതിയിരിക്കുന്നത് പ്രിയ കഥാകാരൻ എസ്. ഹരീഷാണ്. എന്റെ കഥകൾക്കുണ്ടായ ഒരു വളർച്ചയും വികാസവും അവതാരികയിൽ അദ്ദേഹം സൂചിപ്പിക്കുന്നു. എഴുത്തുകാരുടെ ശത്രു അവനവനെ അനുകരിക്കുന്ന പ്രവണതയാണ്. എഴുത്തിന്റെ തുടക്കം മുതലേ ഇക്കാര്യത്തിൽ ഒരു ജാഗ്രത എന്റെ ഉള്ളിലുണ്ടായിരുന്നു. ആത്മമിത്രവും ആശാനുമായ ജെ. ജുബിറ്റിന്റെ ഇടപെടൽ ഓരോ കഥയുടെ വിഷയങ്ങളിലും അവതരണത്തിലും ഭാഷയിലും എനിക്കൊരു ദിശാബോധം നൽകുന്നതിനു സഹായിച്ചിട്ടുണ്ട്.
ഉള്ളിൽ അങ്ങനെയൊരു ജാഗ്രത കിടക്കുമ്പോഴും എഴുത്ത് പൂർണമായും ബോധപൂർവമായൊരു സർഗാത്മക പ്രവൃത്തിയാണെന്ന അഭിപ്രായം എനിക്കില്ല. നോവൽ ഒരു സ്വതന്ത്രരാജ്യമാണെന്നും കഥാപാത്രങ്ങൾ അതിലെ സ്വതന്ത്ര പൗരൻമാരുമാണെന്നും ഹരീഷ് പറയുന്നപോലെ എഴുത്ത് ചിലപ്പോഴൊക്കെ നമ്മുടെ കൈവിട്ടുപോകുന്ന മഹാത്ഭുതമായി മാറാറുണ്ട്. 'തൊട്ടപ്പനി'ൽനിന്നു 'കാതുസൂത്ര'ത്തിലൂടെ 'കാണി പണിയുന്ന കസേരകളിൽ' എത്തുമ്പോൾ കഥ പറച്ചിലിലും ഭാഷയിലും എനിക്ക് പുതുമ നിലനിർത്താൻ കഴിയുന്നു എന്ന് കേൾക്കുന്നതിൽ ഒരു ആഹ്ലാദമുണ്ട്. അതു മറ്റേതൊരു പുരസ്കാരങ്ങളെക്കാളും വിലപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. പുസ്തകലോകത്തിന്റെ മാന്ത്രികപ്രഭ അനുഭവിക്കാൻ വിധിയില്ലാത്തവർ വായനയെ കാണുന്നത് സംഗീതവാസന അൽപംപോലുമില്ലാത്തവർ സംഗീതം കേൾക്കുന്നതുപോലെയാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ധാരാളം വായിക്കപ്പെടുന്നു എന്നതുമാത്രമല്ല ഒരു കൃതിയുടെ മൂല്യം എന്നു സൂചിപ്പിക്കാൻ മാത്രമാണ് ഞാനിതിവിടെ പറയുന്നത്.
'മാസ്റ്റർ പീസ്' എന്ന പുതിയ നോവലിൽ ഒരു പുതിയ ശൈലിയാണ് കാണാൻ കഴിയുന്നത്. ഒരു ട്രോൾ സ്റ്റോറി ടെല്ലിങ്. സറ്റയർ അല്ല അത്. ഇതേ കാലത്തുതന്നെ അമലിന്റെ ഒരു കഥയും ഈയൊരു ഫോമിൽ വന്നിരുന്നു. സത്യാനന്തര കുമാരൻ. സിസ്റ്റത്തെ പോക്ക് ചെയ്യുന്ന കഥകൾ. സറ്റയർ അല്ലെങ്കിലും സാമൂഹികവിമർശനം അതിലുണ്ട്. ഈ ജോണറിൽ ആണ് അത് ശക്തമാകുന്നത്. 'മാസ്റ്റർ പീസ്' എഴുതാൻ ഇടയായ സാഹചര്യവും ഇങ്ങനെ ഒരു ക്രാഫ്റ്റ് തിരഞ്ഞെടുത്തതിനെ പറ്റിയും വിശദീകരിക്കാമോ?
എഴുത്തുകാർക്ക് രണ്ടു ഭാവങ്ങളാണ് ഉള്ളതെന്ന് ഒാർഹാൻ പാമുക് പറയാറുണ്ട്. ഈ ലോകത്തിൽ താൻ ഒറ്റക്കല്ല എന്നതാണ് ആദ്യത്തേത്. അതേസമയം മറ്റുള്ളവരിൽനിന്നു മുറിച്ചുമാറ്റപ്പെട്ട നിസ്സഹായനാണ് താനും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്റെ മിക്ക രചനകളിലും രണ്ടാമത്തെ ഭാവമാണ് നിഴലിക്കുന്നതെങ്കിൽ, മാസ്റ്റർപീസ് എഴുത്തിന്റെയും വായനയുടെയും ലോകത്തോടു ചേർന്നുനിന്ന് എഴുതപ്പെട്ട ഒരു നോവലാണ്. കഥാപാത്രങ്ങളോടൊപ്പം ഞാനിതിൽ നിരന്തരം സഞ്ചരിക്കുന്നു. ചിലപ്പോൾ ഞാൻ തന്നെ കഥാപാത്രമായി മാറുന്നു.
മാസ്റ്റർപീസ് എന്ന നോവൽ, എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചുള്ള ഒരു എഴുത്താണ്. വിനോദ് പറഞ്ഞത് ശരിയാണ്. അതു കേവലം ഒരു സറ്റയറല്ല. സജയ് കെ.വി ഈ നോവലിനെക്കുറിച്ച് എഴുതിയതുപോലെ ആത്മവിമർശനവും ഞാനുൾപ്പെടുന്ന എഴുത്തുലോകത്തിന്റെ പരിച്ഛേദവും കൂടിയാണ് ഈ രചന. മലിനപ്പെട്ടുപോകുന്ന എഴുത്തിടങ്ങളെക്കുറിച്ചുള്ള ആധിയും വ്യാധിയും ഇതെഴുതുമ്പോൾ എന്റെ മനസ്സിലുണ്ട്. 'മുണ്ടൻ പറുങ്കി'യെന്ന എന്റെ Memoirsനു ശേഷം എന്റെ എഴുത്തനുഭവങ്ങളെല്ലാം ചേർത്ത് ഒരു പുസ്തകം എഴുതണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു. എഴുത്തനുഭവങ്ങൾ Memoirs ആയി എഴുതുമ്പോൾ, മുണ്ടൻ പറുങ്കി എഴുതിയതുപോലെ സത്യസന്ധമായി കാര്യങ്ങൾ എഴുതേണ്ടിവരും. ഒരു തുടക്കക്കാരനായ എനിക്ക് സാഹിത്യലോകത്തിൽനിന്നും നേരിടേണ്ടി വന്ന തിക്താനുഭവങ്ങളും വേദനകളും ഒറ്റപ്പെടലുകളും ആ പുസ്തകത്തിലുണ്ടാവും. അപ്രകാരമുള്ള രചന സാഹിത്യലോകത്തിലെ പല എഴുത്തുകാരെയും അസ്വസ്ഥതപ്പെടുത്തും. അതുകൊണ്ടാണ് ആ സാഹസത്തിനു മുതിരാതെ അതൊരു Fictional writingലേക്ക് ചുരുക്കിയത്. അപ്പോഴും അതിന്റെ ഗൗരവം ഒട്ടും ചോർന്നുപോകാതെ ഞാൻ സൂക്ഷിക്കുന്നുമുണ്ട്.
ആരെയും വേദനിപ്പിക്കാതെ ഈ ലോകം വിട്ടുപോകണമെന്ന ഒരു പ്രാർഥന എന്നും എന്റെ ഉള്ളിലുണ്ട്. ശിഹാബുദ്ദീന് അഷിത ആ അഭിമുഖം കൊടുത്തില്ലായിരുന്നുവെങ്കിൽ കുറച്ചുകാലം കൂടി അഷിത ജീവിച്ചിരുന്നേനെ എന്ന് എനിക്ക് തോന്നാറുണ്ട്. കാരണം, ആ അഭിമുഖത്തിലെ കാര്യങ്ങളൊക്കെ സത്യമാണെങ്കിലും അതൊരാവർത്തി കൂടി വായിക്കേണ്ടിവരുന്ന എഴുത്തുകാരിക്ക് അതിനെ അതിജീവിക്കുക ഏറെ പ്രയാസകരമാണെന്ന് ഞാൻ വിചാരിക്കുന്നു. പ്രത്യേകിച്ച് അവരുടെ രോഗാവസ്ഥയിൽ. ചില എഴുത്തുകൾ പോപുലർ ആകുമെങ്കിലും വേണ്ടെന്ന് വെക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്.
എഴുത്തിന്റെ വന്യവും ഭയാനകവുമായ ഒരു ലോകം ഞാൻ 'മാസ്റ്റർപീസി'ൽ വരഞ്ഞിടുന്നുണ്ട്. ആടിനെ കൊല്ലുന്ന ഒരു അറവുശാലയിൽ ഇരുന്നാണ് ഇതിലെ കഥാനായകന്റെ സർഗരചന. ഇത് എഴുതുമ്പോൾ എന്റെ മനസ്സിൽപോലും വിചാരിക്കാത്ത പല സാഹിത്യകാരൻമാരെയും വായനക്കാർ കണ്ടെത്തുന്നുണ്ട്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിലേക്ക് എത്തിയ പലരും വായനക്കാരുടെ കൺവെട്ടത്ത് വരാതെയുമിരിക്കുന്നുണ്ട്. കേവലം വ്യക്തികൾ എന്നതിനെക്കാൾ എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ച് എഴുതുമ്പോൾ വരാനിടയുള്ള സ്വതന്ത്ര കഥാപാത്രങ്ങളായി ഇതിലെ charactersനെ കാണുന്നതാവും കുറച്ചുകൂടി അഭികാമ്യം എന്നു വിചാരിക്കുന്നു.
"It is not literature if unsaid things are told" എന്നൊരു വാചകം ഈ നോവലിന്റെ തുടക്കമായി എഴുതിയിട്ടുണ്ട്. അതുതന്നെയാണ് ഇതെഴുതാനുള്ള എന്റെ പ്രചോദനവും.
'കിഴവനും കടലും' നൊറോണ എന്തായാലും വായിച്ചിട്ടുണ്ടാവുമല്ലോ. എന്നെങ്കിലും കടലിൽ പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ അനുഭവം പറയാമോ?
'കിഴവനും കടലും' പോലെ ഒരു കൃതി എന്നെങ്കിലും മലയാളത്തിൽ ഉണ്ടാവുമെന്നൊരു പ്രതീക്ഷയോടെയാണ് 'മാസ്റ്റർപീസ്' എന്ന പുതിയ നോവൽ അവസാനിക്കുന്നത്. കിഴവനും കടലും അത്രയേറെ അനുഭവിച്ചറിഞ്ഞ പുസ്തകമാണ്. 'അശരണരുടെ സുവിശേഷം' എഴുതുമ്പോൾ കടലിൽനിന്നു വരുന്നവർ കര കാണുന്നൊരു വിഷ്വലുണ്ട്. നമുക്ക് കടലിനെക്കുറിച്ച് കടൽ കാണാതെയും കടലറിവുകളെ വായിച്ചും കരയിൽനിന്ന് അതിനെ നോക്കിയും ഒരുപക്ഷേ, കടലെഴുത്ത് സാധ്യമായേക്കാം. പക്ഷേ, കടലിൽനിന്നു കയറിവരുമ്പോൾ കരയുടെ തുണ്ട് കാണുന്നവന്റെ മനോനില അറിയണമെങ്കിൽ അവനോടൊപ്പം വള്ളത്തിൽ സഞ്ചരിക്കണം. വന്യമായി വ്യാപിച്ചുകിടക്കുന്ന കടലിലെ ചെറിയൊരു സ്പേസാണ് കര. നമുക്ക് കരയാണ് പ്രിയപ്പെട്ടത്. കരയോടു ചേർന്നുനിൽക്കുമ്പോഴാണ് നമ്മൾ സ്വാസ്ഥ്യം അനുഭവിക്കുന്നതും. കടൽ ലോകമായവന് രാത്രിദീപസ്തംഭങ്ങളുടെ ഉച്ചിയിൽ കറങ്ങുന്ന നുറുങ്ങുവെട്ടത്തിനിടയിലൂടെ തെളിഞ്ഞുവരുന്ന കര മറ്റൊരു അനുഭവമാണ്. അതിന് കടലിൽനിന്നും നമ്മൾ കാണുന്ന കരയോടുള്ള attachment ഉണ്ടാവില്ലെന്നതാണ് എന്റെ അനുഭവം. ഒരിക്കലെങ്കിലും ഈ വ്യത്യാസം അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. അവർ കാണുന്നപോലെ, കേൾക്കുന്നപോലെ, അവർ അനുഭവിക്കുന്നതുപോലെ നമ്മോടു ചേരാതെ കടൽ എപ്പോഴും അകന്നുനിൽക്കും. അതിനെ വരുതിയിലാക്കാനും ഹൃദയത്തോടു ചേർക്കാനും കടലിന്റെ മകനു മാത്രമേ കഴിയൂ. കടലിൽ പോയ എന്റെ അനുഭവവും ഇതിൽനിന്ന് വ്യത്യസ്തമല്ല. നമ്മൾ അവിടെ അപരിചിതരാണ്. ആഴ്ന്നുപോകുമെന്നൊരു ഭീതി നമ്മെ വലയം ചെയ്തുകൊണ്ടിരിക്കും. അവർക്ക് കടലിൽ അലിയാനും കടലോളം അലിയാനുമുള്ള ഒരു വികാരവും വിചാരവുമുണ്ട്. അതവരുടെ ഭാഷയും രക്തവുമാണ്. അവരെപ്പോലെ അത് അനുഭവിക്കണമെങ്കിൽ കടലിൽ പോയതുകൊണ്ടോ അവരോടൊപ്പം കുറച്ചുദിവസം താമസിച്ചതുകൊണ്ടോ കഴിയില്ല. കുറച്ചുകാലം അവരോടൊപ്പമുള്ള ചേർന്നുനിൽപിൽനിന്ന് ഒരു ചിരട്ടയോളം വലുപ്പത്തിൽ ഞാൻ കോരിയെടുത്ത ഉപ്പുജലം മാത്രമാണ് 'അശരണരുടെ സുവിശേഷം'. ഇനിയും എത്രയോ ആഴങ്ങൾ ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.