കക്കുകളി നാടക വിവാദത്തിന്റെയും ‘മാസ്റ്റർപീസ്’ നോവലിനെതിരെ പരാതി വന്നതിന്റെയും പശ്ചാത്തലത്തില്‍ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ കുടുംബകോടതിയിലെ ജോലിയിൽനിന്ന് സ്വയം വിരമിച്ചിരിക്കുന്നു. ആരും പറയാതിരുന്ന 'ഒറ്റ' കഥകളാണ് ഫ്രാൻസിസ് നൊറോണ തന്റെ കൃതികളിലൂടെ വായനക്കാരനിലേക്ക് എത്തിച്ചത്. ജീവിതകയങ്ങളിൽ ഉഴറിപോവുന്ന മനുഷ്യന്റെ അതിജീവനത്തിന്റെ ഉണർത്തുപാട്ട് കൂടിയാണവയിൽ പലതും. താനുൾപ്പെടുന്ന എഴുത്തിടത്തിന്റെ അപചയത്തെക്കുറിച്ചാണ് ‘മാസ്റ്റർപീസ്’ എന്ന നോവൽ സംസാരിക്കുന്നത്. മാസ്റ്റർപീസിനെക്കുറിച്ചും നോവലുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഫ്രാൻസിസ് നൊറോണ.
മാസ്റ്റർപീസ് ചർച്ച ചെയ്യുന്നത് എഴുത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചാണ്. അതുകൊണ്ട് തന്നെയാണോ നോവൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടത്?
ഞാൻ ആറോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഒരു സിനിമയും രണ്ട് മൂന്ന് നാടകങ്ങളും ചെയ്തു. അപ്പോഴൊന്നും ഇല്ലാത്ത പരാതി ഒരു പുസ്തകത്തിനെതിരെ വരികയാണ്. എഴുത്തിടത്തിന്റെ അപചയങ്ങൾ തുറന്നുകാട്ടാൻ വേണ്ടിയാണ് മാസ്റ്റർ പീസ് എഴുതുന്നത്. എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചുള്ള എഴുത്താണിത്. എഴുത്ത് ഒരു രാജ്യമാണെങ്കിൽ ആ രാജ്യത്തെ പൗരന്മാരെക്കുറിച്ചും വ്യവസ്ഥിതിയെക്കുറിച്ചും അതിന്റെ പോരായ്മകളെക്കുറിച്ചും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. അങ്ങനെ എഴുതുമ്പോൾ അത് വായിച്ച് അസ്വസ്ഥതനായ ആരെങ്കിലുമായിരിക്കണം പരാതി നൽകിയിട്ടുണ്ടാവുക.
മാസ്റ്റർപീസിലെ എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ച് പറയാമോ?
2016ലാണ് എഴുതി തുടങ്ങുന്നത്. ഏഴു വർഷത്തെ ദൈർഘ്യം മാത്രമേ എന്റെ എഴുത്തിന്റെ കാലയളവിനുള്ളൂ. എന്നാൽ 14 വയസ്സുമുതൽ ഞാൻ വായിക്കുന്നു. വായനക്കാരനെന്ന നിലയിൽ കാണുന്ന എഴുത്തിന്റെ ലോകമുണ്ട്. നമ്മളെ വിസ്മയിപ്പിക്കുന്ന ഒരുലോകം. എന്നാൽ വായനക്കാരൻ എന്ന നിലയിൽ കണ്ട ലോകത്തെക്കാൾ എത്രയോ വ്യത്യസ്തമാണ് എഴുത്തിന്റെ ലോകമെന്നത് എന്നെ ഒരേസമയം അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമ്മൾ ഭാവനപോലും ചെയ്യാത്ത വിധം എഴുത്തിന്റെ ലോകം മലീമസപ്പെട്ടുപോയിട്ടുണ്ട്. പൊതു സമൂഹത്തെ സ്വാധീനിക്കുന്ന ഒരിടം മൂല്യച്യുതിയിലേക്ക് പോവുമ്പോൾ അതിനൊരു നവീകരണമുണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റർ പീസ് എഴുതുന്നത്. എന്റെ കഥയെയും ഈ പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്. എന്റെ ആത്മവിമർശനം കൂടിയാണിത്.
'It is not literature if unsaid things are not told' (പറയാത്ത കാര്യങ്ങൾ പറഞ്ഞിട്ടില്ലെങ്കിൽ അത് സാഹിത്യമാകുകയില്ല). നോവൽ തുടങ്ങുമ്പോൾ ഇങ്ങനെയൊരു വാചകമുണ്ട്. ഇത് എഴുത്തുകാരന്റെ നിലപാട് തന്നെയാണോ?
അതെ. വായനക്കാർക്കുള്ള ഒരു ദിശാ സൂചകമാണത്. വായനക്കാരെ നമ്മൾ പറയുന്ന ആശയത്തിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ആ വാചകം തുടക്കത്തിൽ നൽകിയത്. മലയാളത്തിൽ നിരവധി മേഖലകളെക്കുറിച്ച് സാഹിത്യരചനകൾ ഉണ്ടായിട്ടുണ്ടെങ്കിലും പൂർണമായി എഴുത്തിടത്തെ പ്രമേയമാക്കിയ നോവലുകൾ ഉണ്ടായിട്ടില്ല. വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള എഴുത്തുകാർ പരാമർശിച്ചിട്ടുണ്ടെന്നല്ലാതെ. എവിടെയാണോ അപചയമുണ്ടാവുന്നത്, എഴുത്തുകാരൻ അത് പറയണം. അത് അവനവന്റെ ഇടങ്ങളാണെങ്കിൽ പോലും. ഞാൻ ഒരു സിസ്റ്റത്തെയാണ് എതിർക്കുന്നത് വ്യക്തികളെയല്ല.
ഫേസ്ബുക്ക് കുറിപ്പിൽ മാസ്റ്റർ പീസിന്റെ താളുകൾക്കിടയിലുള്ള അജ്ഞാത ശത്രുവിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ആ വ്യക്തിയെ തിരിച്ചറിഞ്ഞോ?
പരാതി നൽകിയ വ്യക്തിയെക്കാളും അയാളുടെ ഉദ്ദേശ്യത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. എന്നെ സർക്കാർ ജോലിക്കാരനായി ഒതുക്കുകയും എന്റെ എഴുത്തിനെ തകർക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയിരിക്കുന്നത്. ഞാൻ ഒരിക്കലും ജോലി ഉപേക്ഷിക്കില്ലെന്നും പകരം എന്റെ എഴുത്തിനെ മരവിപ്പിക്കുമെന്നും കരുതിയിരിക്കണം. എഴുത്തിന്റെ ലോകത്തിലോ വ്യക്തി ജീവിതത്തിലോ എനിക്ക് ശത്രുക്കളുണ്ടായിട്ടില്ല. മാസ്റ്റർ പീസിൽ ഞാൻ ഒരു വ്യവസ്ഥിതിയെ എതിർത്തു. ആ എതിർപ്പ് ആരിലോ മനോവിഷമം ഉണ്ടാക്കിയിരിക്കണം. അതുകൊണ്ടാണ് പരാതി നൽകിയത്. അതാണ് മാസ്റ്റർപീസിലെ താളുകൾക്കിടയിലെ അജ്ഞാതൻ എന്നുകുറിച്ചത്.
ജോലിയുപേക്ഷിച്ച് എഴുത്തുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നു. എങ്ങനെയാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്?
മാസ്റ്റർപീസിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് എന്റെ 'കക്കുകളി' എന്ന കഥയുമായി ബന്ധപ്പെട്ട വിവാദവും ഉയർന്നുവരുന്നത്. എല്ലാനിയമങ്ങളും അനുസരിച്ചേ ഭാവിയിൽ എഴുതാൻ കഴിയൂ എന്ന സാഹചര്യം ഉണ്ടായി. അങ്ങനെയാണ് ജോലി ഉപേക്ഷിക്കാം എന്ന തീരുമാനത്തിലെത്തിയത്. ആ തീരുമാനത്തിലെത്തുക എളുപ്പമായിരുന്നില്ല. എഴുത്തുകൊണ്ട് മാത്രം ജീവിക്കാൻ കഴിയുമെന്ന് ഞാനിപ്പോഴും കരുതുന്നില്ല. കേരളത്തിൽ എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്ന വളരെ കുറച്ച് എഴുത്തുകാർ മാത്രമേ ഇപ്പോഴുള്ളൂ. ഞാൻ ഒരു വർഷത്തിൽ നാലോ അഞ്ചോ കഥകൾ മാത്രമാണ് എഴുതുന്നത്. ഇതിൽ നിന്നും തുച്ഛമായ റോയൽറ്റിയാണ് ലഭിക്കുന്നത്. എന്നാൽ അതിജീവനത്തിന്റെ പാത തിരഞ്ഞെടുക്കാൻ എനിക്കൊരു മടിയും ഉണ്ടായിരുന്നില്ല. എഴുത്തുകാരനെന്ന നിലയിലുള്ള എന്റെ നിലപാടാണ് ഈ തീരുമാനം.
വിവാദങ്ങളോട് വായനക്കാരുടെ പ്രതികരണമെന്തായിരുന്നു? പിന്തുണ ലഭിച്ചിരുന്നോ?
എന്റെ നിലപാടുകളെ പിന്തുണച്ചും അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിരവധി പേർ മുന്നോട്ട് വരുന്നുണ്ട്. പൊളിച്ചെഴുത്തുകൾ അനിവാര്യമാണെന്നും അപചയങ്ങളെ തുറന്ന് കാണിക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു. ഒരു സമൂഹം പിന്തുണയുമായി എത്തുമ്പോൾ ബാക്കിയുള്ള ദുരിതങ്ങളെ അതിജീവിക്കാൻ അത് കരുത്തു നൽകുന്നുണ്ട്.
തുടർന്നുള്ള യാത്രയെക്കുറിച്ച്?
എഴുത്ത് തുടരും എന്ന് പറയുന്നത് ഒരു പ്രതീക്ഷയാണ്. എന്നെ സംബന്ധിച്ച് എഴുത്തിന്റെ ലോകത്ത് അനിശ്ചിതത്വം നിറഞ്ഞതും അസ്ഥിരമായതുമായ ഒരു അവസ്ഥയുണ്ട്. ഒരു കഥ എഴുതി കഴിഞ്ഞാൽ മനസ് ശ്യൂന്യമാണ്. ഇനിയൊരു കഥവരുമോ എന്നുപോലും പറയാൻ കഴിയില്ല. ഒരുപക്ഷേ ഞാൻ എഴുതുന്നത് എന്റെ വായനക്കാരനെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ എനിക്ക് എഴുത്ത് നിർത്തേണ്ടിവരും.
എഴുത്തുകാരനായി തുടരാൻ കഴിഞ്ഞില്ലെങ്കിൽപോലും ഞാനീ എഴുത്തിടത്തിലുണ്ടാവും. കാരണം ഞാൻ വായനയുടെ ലോകത്തു നിന്നും എഴുത്തിന്റെ ലോകത്തിലേക്ക് വന്ന ഒരാളാണ്. ഈ രണ്ടുലോകങ്ങളും ഒന്ന് തന്നെയാണ്. അതിജീവനത്തിന്റെ കരുത്തിലാണ് ഞാൻ എന്തു വന്നാലും എഴുതുമെന്ന് പറയുന്നത്.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം (ലക്കം -1286) പ്രസിദ്ധീകരിച്ച ഫ്രാൻസിസ് നൊറോണയും വിനോദ് കൃഷ്ണയും തമ്മിലുള്ള സംഭാഷണത്തിൽ നിന്നുള്ള ഭാഗം
'മാസ്റ്റർ പീസ്' എന്ന പുതിയ നോവലിൽ ഒരു പുതിയ ശൈലിയാണ് കാണാൻ കഴിയുന്നത്. ഒരു ട്രോൾ സ്റ്റോറി ടെല്ലിങ്. സറ്റയർ അല്ല അത്. ഇതേ കാലത്തുതന്നെ അമലിന്റെ ഒരു കഥയും ഈയൊരു ഫോമിൽ വന്നിരുന്നു. സത്യാനന്തര കുമാരൻ. സിസ്റ്റത്തെ പോക്ക് ചെയ്യുന്ന കഥകൾ. സറ്റയർ അല്ലെങ്കിലും സാമൂഹികവിമർശനം അതിലുണ്ട്. ഈ ജോണറിൽ ആണ് അത് ശക്തമാകുന്നത്. 'മാസ്റ്റർ പീസ്' എഴുതാൻ ഇടയായ സാഹചര്യവും ഇങ്ങനെ ഒരു ക്രാഫ്റ്റ് തിരഞ്ഞെടുത്തതിനെ പറ്റിയും വിശദീകരിക്കാമോ?
എഴുത്തുകാർക്ക് രണ്ടു ഭാവങ്ങളാണ് ഉള്ളതെന്ന് ഒാർഹാൻ പാമുക് പറയാറുണ്ട്. ഈ ലോകത്തിൽ താൻ ഒറ്റക്കല്ല എന്നതാണ് ആദ്യത്തേത്. അതേസമയം മറ്റുള്ളവരിൽനിന്നു മുറിച്ചുമാറ്റപ്പെട്ട നിസ്സഹായനാണ് താനും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്റെ മിക്ക രചനകളിലും രണ്ടാമത്തെ ഭാവമാണ് നിഴലിക്കുന്നതെങ്കിൽ, മാസ്റ്റർപീസ് എഴുത്തിന്റെയും വായനയുടെയും ലോകത്തോടു ചേർന്നുനിന്ന് എഴുതപ്പെട്ട ഒരു നോവലാണ്. കഥാപാത്രങ്ങളോടൊപ്പം ഞാനിതിൽ നിരന്തരം സഞ്ചരിക്കുന്നു. ചിലപ്പോൾ ഞാൻ തന്നെ കഥാപാത്രമായി മാറുന്നു.
മാസ്റ്റർപീസ് എന്ന നോവൽ, എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചുള്ള ഒരു എഴുത്താണ്. വിനോദ് പറഞ്ഞത് ശരിയാണ്. അതു കേവലം ഒരു സറ്റയറല്ല. സജയ് കെ.വി ഈ നോവലിനെക്കുറിച്ച് എഴുതിയതുപോലെ ആത്മവിമർശനവും ഞാനുൾപ്പെടുന്ന എഴുത്തുലോകത്തിന്റെ പരിച്ഛേദവും കൂടിയാണ് ഈ രചന. മലിനപ്പെട്ടുപോകുന്ന എഴുത്തിടങ്ങളെക്കുറിച്ചുള്ള ആധിയും വ്യാധിയും ഇതെഴുതുമ്പോൾ എന്റെ മനസ്സിലുണ്ട്. 'മുണ്ടൻ പറുങ്കി'യെന്ന എന്റെ Memoirsനു ശേഷം എന്റെ എഴുത്തനുഭവങ്ങളെല്ലാം ചേർത്ത് ഒരു പുസ്തകം എഴുതണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു. എഴുത്തനുഭവങ്ങൾ Memoirs ആയി എഴുതുമ്പോൾ, മുണ്ടൻ പറുങ്കി എഴുതിയതുപോലെ സത്യസന്ധമായി കാര്യങ്ങൾ എഴുതേണ്ടിവരും. ഒരു തുടക്കക്കാരനായ എനിക്ക് സാഹിത്യലോകത്തിൽനിന്നും നേരിടേണ്ടി വന്ന തിക്താനുഭവങ്ങളും വേദനകളും ഒറ്റപ്പെടലുകളും ആ പുസ്തകത്തിലുണ്ടാവും. അപ്രകാരമുള്ള രചന സാഹിത്യലോകത്തിലെ പല എഴുത്തുകാരെയും അസ്വസ്ഥതപ്പെടുത്തും. അതുകൊണ്ടാണ് ആ സാഹസത്തിനു മുതിരാതെ അതൊരു Fictional writingലേക്ക് ചുരുക്കിയത്. അപ്പോഴും അതിന്റെ ഗൗരവം ഒട്ടും ചോർന്നുപോകാതെ ഞാൻ സൂക്ഷിക്കുന്നുമുണ്ട്.
ആരെയും വേദനിപ്പിക്കാതെ ഈ ലോകം വിട്ടുപോകണമെന്ന ഒരു പ്രാർഥന എന്നും എന്റെ ഉള്ളിലുണ്ട്. ശിഹാബുദ്ദീന് അഷിത ആ അഭിമുഖം കൊടുത്തില്ലായിരുന്നുവെങ്കിൽ കുറച്ചുകാലം കൂടി അഷിത ജീവിച്ചിരുന്നേനെ എന്ന് എനിക്ക് തോന്നാറുണ്ട്. കാരണം, ആ അഭിമുഖത്തിലെ കാര്യങ്ങളൊക്കെ സത്യമാണെങ്കിലും അതൊരാവർത്തി കൂടി വായിക്കേണ്ടിവരുന്ന എഴുത്തുകാരിക്ക് അതിനെ അതിജീവിക്കുക ഏറെ പ്രയാസകരമാണെന്ന് ഞാൻ വിചാരിക്കുന്നു. പ്രത്യേകിച്ച് അവരുടെ രോഗാവസ്ഥയിൽ. ചില എഴുത്തുകൾ പോപുലർ ആകുമെങ്കിലും വേണ്ടെന്ന് വെക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്.
എഴുത്തിന്റെ വന്യവും ഭയാനകവുമായ ഒരു ലോകം ഞാൻ 'മാസ്റ്റർപീസി'ൽ വരഞ്ഞിടുന്നുണ്ട്. ആടിനെ കൊല്ലുന്ന ഒരു അറവുശാലയിൽ ഇരുന്നാണ് ഇതിലെ കഥാനായകന്റെ സർഗരചന. ഇത് എഴുതുമ്പോൾ എന്റെ മനസ്സിൽപോലും വിചാരിക്കാത്ത പല സാഹിത്യകാരൻമാരെയും വായനക്കാർ കണ്ടെത്തുന്നുണ്ട്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിലേക്ക് എത്തിയ പലരും വായനക്കാരുടെ കൺവെട്ടത്ത് വരാതെയുമിരിക്കുന്നുണ്ട്. കേവലം വ്യക്തികൾ എന്നതിനെക്കാൾ എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ച് എഴുതുമ്പോൾ വരാനിടയുള്ള സ്വതന്ത്ര കഥാപാത്രങ്ങളായി ഇതിലെ charactersനെ കാണുന്നതാവും കുറച്ചുകൂടി അഭികാമ്യം എന്നു വിചാരിക്കുന്നു.
"It is not literature if unsaid things are told" എന്നൊരു വാചകം ഈ നോവലിന്റെ തുടക്കമായി എഴുതിയിട്ടുണ്ട്. അതുതന്നെയാണ് ഇതെഴുതാനുള്ള എന്റെ പ്രചോദനവും.
'കിഴവനും കടലും' നൊറോണ എന്തായാലും വായിച്ചിട്ടുണ്ടാവുമല്ലോ. എന്നെങ്കിലും കടലിൽ പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ അനുഭവം പറയാമോ?
'കിഴവനും കടലും' പോലെ ഒരു കൃതി എന്നെങ്കിലും മലയാളത്തിൽ ഉണ്ടാവുമെന്നൊരു പ്രതീക്ഷയോടെയാണ് 'മാസ്റ്റർപീസ്' എന്ന പുതിയ നോവൽ അവസാനിക്കുന്നത്. കിഴവനും കടലും അത്രയേറെ അനുഭവിച്ചറിഞ്ഞ പുസ്തകമാണ്. 'അശരണരുടെ സുവിശേഷം' എഴുതുമ്പോൾ കടലിൽനിന്നു വരുന്നവർ കര കാണുന്നൊരു വിഷ്വലുണ്ട്. നമുക്ക് കടലിനെക്കുറിച്ച് കടൽ കാണാതെയും കടലറിവുകളെ വായിച്ചും കരയിൽനിന്ന് അതിനെ നോക്കിയും ഒരുപക്ഷേ, കടലെഴുത്ത് സാധ്യമായേക്കാം. പക്ഷേ, കടലിൽനിന്നു കയറിവരുമ്പോൾ കരയുടെ തുണ്ട് കാണുന്നവന്റെ മനോനില അറിയണമെങ്കിൽ അവനോടൊപ്പം വള്ളത്തിൽ സഞ്ചരിക്കണം. വന്യമായി വ്യാപിച്ചുകിടക്കുന്ന കടലിലെ ചെറിയൊരു സ്പേസാണ് കര. നമുക്ക് കരയാണ് പ്രിയപ്പെട്ടത്. കരയോടു ചേർന്നുനിൽക്കുമ്പോഴാണ് നമ്മൾ സ്വാസ്ഥ്യം അനുഭവിക്കുന്നതും. കടൽ ലോകമായവന് രാത്രിദീപസ്തംഭങ്ങളുടെ ഉച്ചിയിൽ കറങ്ങുന്ന നുറുങ്ങുവെട്ടത്തിനിടയിലൂടെ തെളിഞ്ഞുവരുന്ന കര മറ്റൊരു അനുഭവമാണ്. അതിന് കടലിൽനിന്നും നമ്മൾ കാണുന്ന കരയോടുള്ള attachment ഉണ്ടാവില്ലെന്നതാണ് എന്റെ അനുഭവം. ഒരിക്കലെങ്കിലും ഈ വ്യത്യാസം അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. അവർ കാണുന്നപോലെ, കേൾക്കുന്നപോലെ, അവർ അനുഭവിക്കുന്നതുപോലെ നമ്മോടു ചേരാതെ കടൽ എപ്പോഴും അകന്നുനിൽക്കും. അതിനെ വരുതിയിലാക്കാനും ഹൃദയത്തോടു ചേർക്കാനും കടലിന്റെ മകനു മാത്രമേ കഴിയൂ. കടലിൽ പോയ എന്റെ അനുഭവവും ഇതിൽനിന്ന് വ്യത്യസ്തമല്ല. നമ്മൾ അവിടെ അപരിചിതരാണ്. ആഴ്ന്നുപോകുമെന്നൊരു ഭീതി നമ്മെ വലയം ചെയ്തുകൊണ്ടിരിക്കും. അവർക്ക് കടലിൽ അലിയാനും കടലോളം അലിയാനുമുള്ള ഒരു വികാരവും വിചാരവുമുണ്ട്. അതവരുടെ ഭാഷയും രക്തവുമാണ്. അവരെപ്പോലെ അത് അനുഭവിക്കണമെങ്കിൽ കടലിൽ പോയതുകൊണ്ടോ അവരോടൊപ്പം കുറച്ചുദിവസം താമസിച്ചതുകൊണ്ടോ കഴിയില്ല. കുറച്ചുകാലം അവരോടൊപ്പമുള്ള ചേർന്നുനിൽപിൽനിന്ന് ഒരു ചിരട്ടയോളം വലുപ്പത്തിൽ ഞാൻ കോരിയെടുത്ത ഉപ്പുജലം മാത്രമാണ് 'അശരണരുടെ സുവിശേഷം'. ഇനിയും എത്രയോ ആഴങ്ങൾ ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.