ഛത്തിസ്ഗഢിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഗാന്ധിയനാണ് ഹിമാൻശു കുമാര്‍. ഛത്തിസ്ഗഢ് മേഖലയിലെ ഖനനമാഫിയകള്ക്കായി തദ്ദേശീയ ജനതയായ ആദിവാസികളെ ഭരണകൂടം കുടിയൊഴിപ്പിക്കുന്നതിനെതിരെ നിരവധി പോരാട്ടങ്ങള്‍ അദ്ദേഹം നടത്തി. അതുകാരണം 2009ല്‍ അദ്ദേഹത്തിന്റെ ആശ്രമം ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഛത്തിസ്ഗഢില്‍ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട കൊലകളെക്കുറിച്ച് അന്വേഷണം നടത്തുകയും 16 പേര് അറുകൊല ചെയ്യപ്പെട്ട ഗോംപാഡ് വിഷയത്തില്‍ വസ്തുതാന്വേഷണം നടത്തി, അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹിമാൻശു കുമാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഹിമാൻശു കുമാറിനെ അറസ്റ്റ് ചെയ്യണമെന്നു ഈയടുത്ത് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. കോടതി വിധിച്ച പിഴയൊടുക്കാൻ താൻ തയാറല്ലായെന്നും നേരിനുവേണ്ടി തുറുങ്കിലടക്കപ്പെടാൻ തയാറാണ് എന്നുമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാട്.
യു.എ.പി.എക്കെതിരെ കര്‍ക്കശമായ നിലപാട് എന്നും എടുത്തിട്ടുള്ള വ്യക്തിയാണ് ഹിമാൻശു കുമാര്‍. അതുകൊണ്ടുതന്നെ ഭരണകൂടം ഗാന്ധിയനായ അദ്ദേഹത്തെ മാവോവാദി എന്നാണ് വിശേഷിപ്പിക്കുന്നത്. ''ആദിവാസി ജനവിഭാഗങ്ങൾക്കെതിരെ രക്തപങ്കിലമായ യുദ്ധം ചെയ്യുന്ന ഭരണകൂടവും ഹിന്ദുത്വ ഫാഷിസ്റ്റുകളുമാണ് അങ്ങനെ വിശേഷിപ്പിക്കുന്നത് എന്നതിനാല്‍ ഞാന്‍ അതില്‍ സന്തോഷവാനാണ്'' എന്ന് അദ്ദേഹം അതേക്കുറിച്ച് പറയുന്നു. യു.എ.പി.എക്കെതിരെ പ്രഖ്യാപിത നിലപാട് ഉണ്ടെന്നു പറയുന്ന കേരളം ഭരിക്കുന്ന എൽ.ഡി.എഫ് സര്‍ക്കാര്‍ മാേവാവാദി നേതാവ് രൂപേഷിനെതിരായ കേസില്‍ ഹൈകോടതി റദ്ദാക്കിയ യു.എ.പി.എ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയെ സമീപിച്ചതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 25ന് എറണാകുളം ഹൈകോര്‍ട്ട് ജങ്ഷനില്‍ വഞ്ചി സ്ക്വയറില്‍വെച്ച് ഒരു യു.എ.പി.എ വിരുദ്ധ കൺവെന്ഷന് സംഘടിപ്പിക്കപ്പെട്ടിരുന്നു. യു.എ.പി.എ വിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനംചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹവുമായ നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ.
താങ്കൾ ഗാന്ധിയൻ രീതിയും സമരമാർഗവും തിരഞ്ഞെടുത്തത് എങ്ങനെയാണ്?
ഉത്തർപ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലാണ് ഞാന്‍ ജനിച്ചത്. അച്ഛന് 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് ഒളിവില്‍ പോയ അദ്ദേഹം മഹാത്മാഗാന്ധിക്ക് കത്തയക്കുകയും ഗാന്ധിജിയുടെ ക്ഷണം സ്വീകരിച്ച് സേവാഗ്രാം ആശ്രമത്തില്‍ പോയി 1946ല്‍ അദ്ദേഹത്തോടൊപ്പം താമസിക്കുകയുംചെയ്തു. വിനോബ ഭാവെ സർവോദയ സംഘം സ്ഥാപിച്ച് ഭൂദാന്‍ ആന്ദോളന് ഒക്കെ തുടങ്ങി വെച്ചപ്പോള്‍ അച്ഛന് അതോടൊപ്പം ചേര്‍ന്നു. ഗാന്ധിയുടെ വാക്കുകളായി അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, നമ്മള് ചെറുപ്പക്കാര്‍ ഗ്രാമങ്ങളില്‍ പോയി താമസിച്ച് അവയെ ഉന്നതിയിലേക്കെത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകണം, അങ്ങനെ മറ്റൊരു ജാതിരഹിത സമൂഹത്തെ, ചൂഷണരഹിത സമൂഹത്തെ വാർത്തെടുക്കണം എന്നാണ്. അങ്ങനെ 1992ല്‍ വിവാഹം കഴിഞ്ഞതിന്റെ 20ാമത്തെ ദിവസം ഞാനും ഭാര്യയും ഛത്തിസ്ഗഢിലേക്കു പോയി ദന്തേവാഡക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ താമസമാക്കി.
ഗാന്ധിജി ഗ്രാമങ്ങളില്‍ പോയി താമസിച്ച് അവയെ ഉദ്ഗ്രഥിക്കാന്‍ പറഞ്ഞു. എന്നാല്‍, എന്തുകൊണ്ടാണ് സാമൂഹികപ്രവർത്തനത്തിന് ഛത്തിസ്ഗഢ് തന്നെ തിരഞ്ഞെടുത്തത്?
ഞങ്ങള്‍ ചെല്ലുന്നത് മധ്യപ്രദേശിലേക്കായിരുന്നു. അന്ന് ഛത്തിസ്ഗഢ് രൂപംകൊണ്ടിട്ടില്ല. അത് രൂപംകൊള്ളുന്നത് 2000 നവംബറിലാണ്. 1988ല്‍ ഗാന്ധിയന്മാരുടെ ഒരു ഗ്രൂപ്പ് ആ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഞാനതില്‍ അംഗമായിരുന്നു. ആ പ്രദേശം, അവിടത്തെ ആദിവാസികളുടെ അവസ്ഥ, ജീവിതസാഹചര്യങ്ങള്‍, ദുരിതങ്ങള്‍ ഒക്കെ കണ്ടപ്പോള്‍ എനിക്ക് തോന്നി ഇതാണ് ഞാന്‍ താമസിച്ചു പ്രവര്ത്തിക്കേണ്ടയിടം, എന്നെ ഇവിടെയാണാവശ്യം എന്ന്. അങ്ങനെയാണത് സംഭവിച്ചത്.
എന്തുതരം പ്രവര്‍ത്തനങ്ങളാണ് താങ്കള്‍ ഛത്തിസ്ഗഢില്‍ നടത്തിയിരുന്നത്?
തുടക്കത്തില്‍തന്നെ ഞങ്ങള്‍ ശ്രദ്ധിച്ച കാര്യങ്ങള്‍, പ്രവര്‍ത്തനരഹിതമായ സ്കൂളുകളും റേഷന്‍കടകളും ആയിരുന്നു. ജനങ്ങള്‍ക്ക് കൃത്യമായി റേഷനുകള്‍ കൊടുക്കുന്നില്ല. അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യപ്രവര്ത്തകരില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ. അപ്പോള്‍ ആദ്യംതന്നെ ഞങ്ങള്‍ അവിടത്തെ ജനങ്ങളെ, ആദിവാസികളെ ഒരുമിച്ചു ചേര്‍ത്തുകൊണ്ട് അവരുടെ അധികാരാവകാശങ്ങളെ കുറിച്ച് അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ തുടങ്ങി. ചെറിയ ചെറിയ സംഘങ്ങള്‍ രൂപവത്കരിച്ച് തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചുകൊണ്ട് അവരെ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പറഞ്ഞയച്ചു. ഈ സ്ഥാപനങ്ങളൊക്കെ നല്ലനിലയില്‍ പ്രവർത്തിപ്പിക്കുന്നതിനായി സര്‍ക്കാര്‍തലത്തില്‍ സമ്മർദം ചെലുത്തുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അന്ന് ഞങ്ങളുടെ ഈ പ്രവര്‍ത്തനരീതികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളരെ സന്തോഷം നൽകിയിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബസ്തര്‍ ഏരിയയിലേക്കു സ്ഥലംമാറ്റം കിട്ടുന്നതിനെ ഭയന്നിരുന്നു. അതിനെ ഒരു ശിക്ഷാനടപടിയായാണ് അവര്‍ കണ്ടിരുന്നത്. ആ സ്ഥാനത്ത് ഞങ്ങൾ രണ്ടുപേര്‍ സ്വമേധയാ ഡല്‍ഹിയില്‍നിന്നും ഛത്തിസ്ഗഢില്‍ വന്നു താമസിച്ച് ഈവക കാര്യങ്ങള്‍ നീക്കുന്നത് അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. സര്‍ക്കാര്‍ അവരുടെ പദ്ധതികളുടെ നടത്തിപ്പിനുവേണ്ടി അത് ഞങ്ങള്‍ക്ക് കൈമാറിയിരുന്നു. കുടിവെള്ള ടാങ്കുകള്‍ കെട്ടുന്നത്, ട്രെയ്നിങ്ങുകൾ, മറ്റു പദ്ധതികള്‍. കൂടാതെ മറ്റു ഫണ്ടിങ് ഏജൻസികളും കടന്നുവന്നു. വലിയ എൻ.ജി.ഒകളും ഞങ്ങളോടൊപ്പം പങ്കാളികളാകാനായി താൽപര്യപ്പെട്ടു വന്നു. അങ്ങനെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ 4 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഒരുസമയം ഞങ്ങള്‍ക്ക് 1000 സ്റ്റാഫുകള്‍ വരെയുണ്ടായിരുന്നു. അങ്ങനെ അതൊരു വൻ സംഘടനയായി മാറി.
എപ്പോഴാണ് ഈ അവസ്ഥക്കൊക്കെ മാറ്റം വന്നത്?
1991-1992ല്‍ പുതിയ സാമ്പത്തിക നയങ്ങളും അതിന്റെ ഭാഗമായി ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം എന്നിവയൊക്കെയും ഉദയംചെയ്യുന്നു. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിങ്ങനെയുള്ള വികസ്വര രാജ്യങ്ങളിലൂടെ അന്താരാഷ്ട്ര മൂലധനം ഒഴുകിയെത്തുന്നു. ഇന്ത്യ അതില്‍ സ്ഥാനംപിടിക്കുന്നത് അതിന്റെ ഛത്തിസ്ഗഢ് പോലുള്ള പ്രദേശങ്ങളിലുള്ള ധാതുലവണങ്ങളുടെ സമ്പുഷ്ടതകൊണ്ടാണ്. പ്രധാനമായും മധ്യേന്ത്യയിലെ ധാതു സമ്പുഷ്ടമായ പ്രദേശങ്ങളിലേക്കാണ് ഈ മൂലധനം കുതിച്ചെത്തിയത്. ഛത്തിസ്ഗഢില്‍ സര്‍ക്കാർ നൂറിലധികം കമ്പനികളുമായി MOUകള്‍ ഒപ്പിട്ടിട്ടുണ്ട്. ജനങ്ങള്‍ താമസിക്കുന്ന ഈ പ്രദേശങ്ങളൊക്കെ ഈ കമ്പനികള്‍ക്ക് ഖനനം ചെയ്തെടുക്കാന്വേണ്ടി, അവിടത്തെ ആളുകളെ അവിടെനിന്നും കുടിയൊഴിപ്പിക്കുന്നതിനായി അവര്‍ നിയമവിരുദ്ധമായി സല്വാജുദൂമെന്ന സേനക്ക് രൂപം കൊടുത്തു. 5000 ഗുണ്ടകളെയാണ് അതിലേക്ക് നിയമിച്ചത്. അവര്‍ക്ക് ആയുധങ്ങള്‍ കൊടുത്തു, അവരെ സ്പെഷല്‍ പൊലീസ് ഓഫിസര്‍മാര്‍ (SPO) എന്ന് വിളിച്ചു. അർധസൈനിക വിഭാഗങ്ങളും അവരെ പിന്തുണച്ചിരുന്നു. ഈ സേന ഗ്രാമങ്ങളെ കടന്നാക്രമിക്കാന്‍ ആരംഭിച്ചു. 644 ഗ്രാമങ്ങള്‍ അവര്‍ അഗ്നിക്കിരയാക്കി. ഗ്രാമവാസികളായ ആയിരങ്ങള്‍ കൊല്ലപ്പെടുകയും അത്രതന്നെ ആളുകള്‍ ജയിലിലടക്കപ്പെടുകയും അതിലേറെ സ്ത്രീകള്‍ ബലാത്സംഗംചെയ്യപ്പെടുകയും ചെയ്തു. ഞങ്ങള്‍ ഇതിനെതിരെ ശബ്ദിച്ചു. കോടതിയില്‍ കേസുകള്‍ കൊടുത്തു. പത്രമാധ്യമങ്ങളില്‍ ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുത്തി. അങ്ങനെയാണ് ക്ഷേമപ്രവർത്തനങ്ങളിൽനിന്ന് മനുഷ്യാവകാശ പ്രവർത്തനങ്ങളിലേക്ക് ഞങ്ങൾ മാറുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് പ്രിയപ്പെട്ട സംഘടന എന്ന നിലയില്‍നിന്നും അങ്ങനെ ഞങ്ങള്‍ അവരുടെ ശത്രു സംഘടനയായി മാറി. ഞങ്ങളുടെ ആശ്രമം നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ഒരു നോട്ടീസ് കിട്ടി. 2009ല്‍ ആശ്രമം അവര്‍ ബുള്‍ഡോസര്‍ കൊണ്ടുവന്ന് തകര്‍ത്ത് തരിപ്പണമാക്കി. 5 പ്രാവശ്യം പൊലീസ് എന്നെ കൊല്ലാന്‍ ശ്രമിച്ചു. ഒടുവില്‍ ശരിക്കും കൊല്ലപ്പെടുമായിരുന്ന ഒരു ആക്രമണത്തിനുശേഷം രാത്രിയില്‍ ഞങ്ങള്‍ ഛത്തിസ്ഗഢ് വിട്ടു. ഇപ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷമായി അങ്ങോട്ട് കടന്നിട്ടില്ല. 2010 ജനുവരി 4നായിരുന്നു അത്. അന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം 10 വർഷത്തേക്ക് എനിക്ക് ഛത്തിസ്ഗഢിലേക്ക് പ്രവേശനവിലക്കായിരുന്നു.
ഛത്തിസ്ഗഢിന്റെ വികസനത്തിനായാണ് സർക്കാർ റോഡുകൾ പണിയുന്നത് എന്നും വികസന വിരോധികളായ മാവോവാദികൾ അനാവശ്യമായി അതിന് എതിരു നിൽക്കുകയാണ് എന്നുമുള്ള ആരോപണത്തെ എങ്ങനെ കാണുന്നു?
വികസനം നല്ലതാണ്. അതിനൊപ്പമാണ് ഞാനും. പക്ഷേ ആരുടെ വികസനം? റോഡുകൾ പണിയുന്നു, അങ്ങനെ പലതും നടക്കുന്നു. ഇതെല്ലാം എന്തിനുവേണ്ടി ചെയ്യുന്നു? ഭരണകൂടം അവിടെ മുഴുവന്‍ അർധസൈനിക വിഭാഗങ്ങളെ കൊണ്ടുവന്നു വിന്യസിച്ചിരിക്കുകയാണ്. വൻ യുദ്ധസന്നാഹങ്ങളാണ് അവിടെയെല്ലാം. ആദിവാസികളുടെ സംരക്ഷണത്തിനായല്ല അവർ ഇത് ചെയ്യുന്നത്. മറിച്ച് ആ പ്രദേശങ്ങളിലുള്ള പ്രകൃതിവിഭവങ്ങളും സമ്പുഷ്ടമായ ധാതുവിഭവങ്ങളും ഖനനം ചെയ്തെടുക്കുന്നതിനായാണ്. നീലം (ബ്ലൂ ഡയമണ്ട്), റൂബി (റെഡ് ഡയമണ്ട്), ഇരുമ്പ് അയിര് എന്നിവയാണ് ഛത്തിസ്ഗഢിലെ പ്രധാനപ്പെട്ട ധാതുവിഭവങ്ങൾ. 70 ശതമാനം ശുദ്ധമായ ഇരുമ്പയിര് അവിടെയാണുള്ളത്. ഏഷ്യയില്‍ ഏറ്റവും നല്ല ക്വാളിറ്റി ഇരുമ്പ് അയിര് അവിടെയാണ് കിട്ടുക. മൊത്തം ടിൻ ഉൽപാദനത്തിന്റെ 70 ശതമാനം ദന്തേവാഡ ജില്ലയിലാണുള്ളത്. പിന്നെ അവിടെ സ്വര്‍ണവുമുണ്ട്. ഇതെല്ലാം ഖനനം ചെയ്തെടുക്കുകയാണ്. നമ്മുടെ രാജ്യത്തെ വമ്പിച്ച വികസനത്തിലേക്കും പുരോഗതിയിലേക്കുംകൊണ്ടെത്തിക്കുന്നതിനായല്ല. മറിച്ച്, പണക്കാരായ ആളുകളെ കൂടുതല്‍ പണക്കാരാക്കുന്നതിനും കോർപറേറ്റ് മുതലാളിമാരുടെ കൈയില്‍ കുമിഞ്ഞുകൂടുന്ന സമ്പത്ത് അമിതമായ തോതിൽ കൂട്ടുന്നതിനുംവേണ്ടിയാണ്. അതിനുവേണ്ടി അവരവിടെ ആദിവാസികളോട് രക്തപങ്കിലമായിതന്നെ യുദ്ധംചെയ്യുകയാണ്. അവരവിടെ നിർബാധം കൊള്ളയും കൊലയും ചെയ്യുന്നു. വംശഹത്യ നടത്തുന്നു. ബലാത്സംഗങ്ങള്‍ ചെയ്യുന്നു. ഈ സംഭവങ്ങള്‍ പുറത്തറിയാതിരിക്കാന്‍ വാര്‍ത്തകളെ മൂടിവെക്കുകയും മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളോടുമുള്ള യുദ്ധമാണ് അത്. അവരാ യുദ്ധത്തെ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദിവാസികളല്ലാത്ത ജനവിഭാഗങ്ങളിലേക്കും നാളെ ഈ യുദ്ധം വ്യാപിക്കും. കാരണം, മുതലാളിത്തത്തിന്റെ ലാഭക്കൊതി ഒരിക്കലും അടങ്ങാത്തതാണ്.
ഈ പോരാട്ടങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് എന്താണ്? അവര്‍ ഈ ജനതയെ പിന്തുണക്കുന്നുണ്ടോ?
ചിലപ്പോഴൊക്കെ സി.പി.ഐ ചില പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേപോലെയാണ്. ബി.ജെ.പി അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് അവരുടെ ചില നടപടികളെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇന്ന് കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ അവര്‍ അതേ കാര്യംതന്നെ ചെയ്യുന്നു. ഉദാഹരണത്തിന്, 2009ല്‍ ഞങ്ങള്‍ രണ്ട് കേസുകള്‍ കൊടുത്തിരുന്നു. ഒന്ന് ഗോംപാഡിലായിരുന്നു. അതിന്റെ തീരുമാനം കഴിഞ്ഞ മാസം വന്നു. മറ്റേത് സിൻഗാറാമിലായിരുന്നു. അവിടെ 19 ആദിവാസികള്‍ കൊല്ലപ്പെട്ട കേസായിരുന്നു. അതിന്റെ കേസ് ഞങ്ങള്‍ ഛത്തിസ്ഗഢ് ഹൈകോർട്ടില്‍ ഫയല്‍ചെയ്തു. കോൺഗ്രസ് അസംബ്ലിയില്‍ വാക്ക്ഔട്ട് നടത്തി. 30 കോൺഗ്രസ് എം.എൽ.എമാരെ സ്പീക്കര്‍ സസ്പെൻഡ് ചെയ്തു. ഇപ്പോള്‍ കോൺഗ്രസിനാണ് അധികാരം. അവര്‍ ഇപ്പോള്‍ പറയുന്നത് ഏറ്റുമുട്ടല്‍ വാസ്തവമാണെന്നാണ്. അന്നത്തെ മുഖ്യമന്ത്രി കുറ്റക്കാരനാണെന്നും അദ്ദേഹം സുരക്ഷാ സൈനികരെ ദുരുപയോഗം ചെയ്തുവെന്നും അതുകൊണ്ട് ആ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞാല്‍ കോൺഗ്രസിനു വളരെ നിസ്സാരമായി ഇതിനു കാരണക്കാരായ ആളുകളെ പിടിച്ചു ജയിലിനകത്തിടാം. ബി.ജെ.പി മുഖ്യമന്ത്രിയാണ് ആ കൊലപാതകത്തിന് ഉത്തരവു കൊടുത്തത്. പക്ഷേ, കോൺഗ്രസ് അയാളെ രക്ഷിച്ചെടുക്കുകയാണ്. എന്തുകൊണ്ടാണ് അവരിങ്ങനെ പരസ്പരം രക്ഷിച്ചെടുക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ഈയടുത്തായി യു.എ.പി.എ നിയമപ്രകാരം തടവിലടക്കപ്പെട്ട 121 ആദിവാസികള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റമുക്തരാക്കപ്പെട്ടു. അവരുടെ വീടുകളൊക്കെ നശിപ്പിക്കപ്പെട്ടിരുന്നു. അവരെവിടെ പോകും? അവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഞാന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു, കലക്ടറോട് സംസാരിച്ചു, ഒരു മറുപടിയും രണ്ടുപേര്ക്കുമില്ലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പദയാത്രയില്‍ അതുന്നയിക്കാനാണ് ഇപ്പോൾ ഞങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്. കന്യാകുമാരിയില്‍നിന്നും കശ്മീര്‍ വരെ അദ്ദേഹം പദയാത്ര നടത്തുന്നുണ്ട്. ഞങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്, ഈ പദയാത്രയുടെ മുന്നിലായി ഈ ആദിവാസികള്‍ സംഘടിച്ചെത്തി ഞങ്ങൾ ഭിക്ഷ യാചിച്ചു നടക്കും. കോൺഗ്രസ് ഞങ്ങളെ ആക്രമിക്കട്ടെ.
കൊച്ചിയിൽ യു.എ.പി.എ വിരുദ്ധ സമ്മേളനത്തിൽ ഹിമാൻശു കുമാർ സംസാരിക്കുന്നു
യു.എ.പി.എ നിയമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തിട്ടുള്ള ആളാണ് താങ്കൾ. മറ്റാരെല്ലാമാണ് ഇക്കാര്യത്തിൽ ആദിവാസികളെ പിന്തുണക്കുന്നത്?
എന്തിനാണ് യു.എ.പി.എ? നമുക്ക് രാജ്യത്ത് ഇന്ത്യന്‍ പീനല്‍ കോഡ് അതായത് IPC എന്നൊന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താല്‍ അവരെ വിചാരണ ചെയ്ത് ജയിലിലിടാന്‍ ഇതുതന്നെ ധാരാളമാണ്. എന്നാൽ, യു.എ.പി.എ സര്‍ക്കാറിനെ വിമര്ശിക്കുന്നവര്ക്കുവേണ്ടിയുള്ളതാണ്. സര്‍ക്കാറിന്റെ പദ്ധതികളെക്കുറിച്ച്, സാമ്പത്തിക നയങ്ങളെക്കുറിച്ച് ഒക്കെ ഗൗരവതരമായ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക്, വായിക്കുന്നവര്‍ക്ക്, പ്രവര്‍ത്തിക്കുന്നവര്‍ക്ക്. ഇവർക്കൊക്കെ വേണ്ടിയാണ് യു.എ.പി.എ എന്ന നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഈ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന ആളുകളെ മാത്രം നോക്കിയാല്‍ നമുക്ക് അത് മനസ്സിലാകും. അവരില്‍ അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എല്ലാവരുമുണ്ട്. കാരണം, അവര്‍ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നു. എന്തുകൊണ്ട്?
ആദിവാസികളുടെ പോരാട്ടത്തിന് പിന്തുണക്കാന്‍ ഇപ്പോൾ ഒരുപാട് ആളുകളൊന്നും അവശേഷിക്കുന്നില്ല. സര്‍ക്കാര്‍ ബോധപൂർവംതന്നെ എല്ലാവരെയും അതിൽനിന്ന് മാറ്റിനിർത്തുന്നു. ബിനായക് സെന്‍, പിന്നെ എന്നെയും മറ്റ് എല്ലാവരെയും. എന്നാൽ, ഇപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കൾ ഉയര്‍ന്നുവരുന്നുണ്ട്. ഈ 121 പേരുടെ കേസ് നോക്കുന്നത് ബേല ഭാട്ടിയയാണ്. പി.യു.സി.എല്ലും ഉണ്ട്.
പുതിയ നേതൃത്വങ്ങള്‍ ഉയര്‍ന്നുവന്നുവെന്ന് പറഞ്ഞത് ആദിവാസി വിഭാഗങ്ങളില്‍നിന്ന് തന്നെയാണോ?
അതേ. 12 പ്രദേശങ്ങളില്‍ ആദിവാസി ഊരുകളിൽ അവിടങ്ങളിലെ സേനാ വിന്യാസത്തിനെതിരെ, അവിടങ്ങളിൽ ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനെതിരെ, ജനങ്ങളുടെ അനുവാദമില്ലാതെ റോഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ, പെസ നിയമം പാലിക്കാത്തതിനെതിരെ ഒക്കെയാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. അവരില്‍ പലര്‍ക്കുമെതിരെ കള്ളക്കേസുകള്‍ ചുമത്തിയിട്ടുണ്ട്.
ആ ഉയര്‍ച്ചയെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
അത് വളരെ ജൈവമായ ഒരു വികാസമാണ്. പുതിയ നിലയിലുള്ള വിദ്യാഭ്യാസം, സോഷ്യല്‍ മീഡിയ, സംഘാടനം അങ്ങനെ പല ഘടകങ്ങളിലൂടെയും രൂപപ്പെട്ട ഒന്നാണ്. അതങ്ങനെ സ്വാഭാവികമായി ഉയര്‍ന്നുവന്നതാണ്. അവര്‍ പെസ നിയമം, ആദിവാസികളുടെ അവകാശങ്ങള്‍, പഞ്ചായത്തീരാജ് അങ്ങനെയുള്ള പല കാര്യങ്ങളെക്കുറിച്ചുള്ള ട്രെയ്നിങ് ക്യാമ്പുകള്‍ സ്വന്തമായിതന്നെ സംഘടിപ്പിക്കുന്നുണ്ട്. അങ്ങനെ പുതിയ നിരയെ ഉണ്ടാക്കിയെടുക്കുന്നു.
അടുത്തിടെ സുപ്രീംകോടതി താങ്കൾക്കെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നല്ലോ. എന്തായിരുന്നു ആ സുപ്രീംകോടതി കേസ്?
2005ൽ ഛത്തിസ്ഗഢ് സര്‍ക്കാര്‍ അവിടത്തെ ആദിവാസികളെ കുടിയൊഴിപ്പിച്ച് ആ ഭൂമി കോർപറേറ്റുകള്‍ക്ക് കൊടുക്കുന്നതിനുവേണ്ടി അക്രമാസക്തമായ ഒരു സായുധനടപടി ആരംഭിച്ചു. നിയമവിരുദ്ധമായി രൂപവത്കരിക്കപ്പെട്ട സല്‍വാജുദൂം അന്ന് നടത്തിയ ആ കാമ്പയിനില്‍ കൊടും ക്രൂരതകൾ ഗ്രാമീണർക്കുമേൽ നടമാടി. അതിക്രമങ്ങൾക്കിരയായ ആദിവാസികളെ ഞങ്ങള്‍ സഹായിച്ചു. അവരുടെ പ്രശ്നം പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുകയും കേസ് കോടതിയില്‍ വരുത്തുകയും ചെയ്തു. സല്‍വാജുദൂം നടത്തിയ ഈ മിലിഷ്യ ഓപറേഷന് വഴി അനേകമനേകം വംശഹത്യകള്‍ നടന്നിരുന്നു. അക്കൂട്ടത്തില്‍ ഗോംപാഡ് എന്നൊരു ഗ്രാമമുണ്ടായിരുന്നു. ഗോംപാഡ് ഇന്ന് സുക്മ ജില്ലയിലാണുള്ളത്. 16 ആദിവാസികള്‍ അവിടെ കൊല്ലപ്പെട്ടിരുന്നു. 2009ലാണത് നടന്നത്. രണ്ടു വയസ്സായ ഒരു കൊച്ചുകുട്ടിയുടെ മൂന്നു വിരലുകള്‍ അവര്‍ ഛേദിച്ചുകളഞ്ഞിരുന്നു. തലയറുത്തു കൊല്ലപ്പെട്ട തന്റെ അമ്മയുടെ മടിയില്‍ ആയിരുന്നു അവന്. അവരുടെ ഇളയസഹോദരിയും സുരക്ഷാ ജീവനക്കാരാല്‍ കൊല്ലപ്പെട്ടിരുന്നു. അവന്റെ അമ്മൂമ്മയും അപ്പൂപ്പനും കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സ്ത്രീയുടെ മുല അരിഞ്ഞുകളഞ്ഞിരുന്നു. മറ്റൊരു പുരുഷന്റെ വയര്‍ പിളർന്നിട്ടാണ് കൊന്നുകളഞ്ഞത്. ഈ കൊല്ലപ്പെട്ട ആളുകളുടെയെല്ലാം കുടുംബാംഗങ്ങളെ ഞങ്ങള്‍ പോയി കണ്ടു. അവരെ ഡൽഹിയിൽ കൊണ്ടുവന്ന് ഒരു മീറ്റിങ് സംഘടിപ്പിച്ചു. ഉടനടി ഒരു വസ്തുതാന്വേഷണ സംഘത്തെ തയാറാക്കി. പി.യു.സി.എല്‍, പി.യു.ഡി.ആര് എന്നിവരും സുധാ ഭരദ്വാജും ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായിക്കൊണ്ടുള്ള വസ്തുതാന്വേഷണ സംഘമായിരുന്നു അത്. 2009ല്‍ ഈ ആദിവാസികള്‍ ഡല്‍ഹിയില്‍ വന്നിട്ട് സുപ്രീംകോടതിയില്‍ ഒരു റിട്ട് പെറ്റിഷന്‍ കൊടുത്തു. 13 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍, ഈ പരാതി തന്നിരിക്കുന്ന ഹിമാൻശു കുമാറും ആദിവാസികളും വ്യാജമായ പരാതിയാണ് തന്നിരിക്കുന്നതെന്നും അയാളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പറഞ്ഞുകൊണ്ട് സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നു. ഇതൊരു വ്യാജ കേസാണ് എന്ന് പറഞ്ഞു സുപ്രീംകോടതി ആ പ്ലീ ഡിസ്മിസ് ചെയ്തു. എന്നോട് അഞ്ചു ലക്ഷം രൂപ ഫൈന്‍ അടക്കാന്‍ പറഞ്ഞു. പിഴയടക്കാന്‍ അവരെനിക്ക് നാല് ആഴ്ചത്തെ സമയം തന്നു. ഞാന്‍ കോടതിയില്‍ പറഞ്ഞു, ഞങ്ങള്‍ ഈ വിധി അംഗീകരിക്കുന്നില്ല. കാരണം, ഞങ്ങള്‍ ഒരു സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടു. അത് ചെയ്യാതെ നിങ്ങള്‍ക്കെങ്ങനെ ഇതൊരു വ്യാജ പരാതിയാണെന്നു കണ്ടെത്താന്‍ കഴിയും? രണ്ടാമത്, ഒരു സ്വതന്ത്രാന്വേഷണം നടത്താതെ നിങ്ങള്‍ക്ക് ഒരിക്കലും ഇത് വ്യാജമാണോ അല്ലയോ എന്ന് പറയാന്‍ കഴിയില്ല. ഈ രീതിയിൽ പരാതിക്കാരനെ ശിക്ഷിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഞങ്ങള്‍ ഈ ഫൈന്‍ അടക്കാന്‍ പോകുന്നില്ല. വേണമെങ്കില്‍ നിങ്ങള്‍ ഞങ്ങളെ ജയിലിലടച്ചോളൂ.
അതിനുശേഷം ഈ ജഡ്ജ്മെന്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നു. മാധ്യമങ്ങളില്‍ വിപുലമായ വാര്‍ത്തകള്‍ വന്നു. ആഗസ്റ്റ് 11ന് നാല് ആഴ്ചകള്‍ കഴിഞ്ഞു. പൊലീസ് വന്ന് വാതിലില്‍ മുട്ടിവിളിച്ച് പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്.
സുപ്രീംകോടതിയില്‍ എക്സ്റ്റേണൽ ഏജൻസി കേസ് അന്വേഷിക്കണമെന്ന് പറഞ്ഞല്ലോ. അത് എങ്ങനെയുള്ള ഏജന്‍സിയെയാണ് ഉദ്ദേശിച്ചത്?
ആ സമയം ഞങ്ങള്‍ ആവശ്യപ്പെട്ടത് ഒരു സ്പെഷല്‍ ഇൻവെസ്റ്റിഗേഷന്‍ ഏജൻസി ആയിട്ട് സി.ബി.ഐ വരണമെന്നാണ്. അന്ന് ഛത്തിസ്ഗഢില്‍ ബി.ജെ.പിയാണ് അധികാരത്തില്‍. കേന്ദ്രത്തിൽ കോൺഗ്രസും. അപ്പോള്‍ സി.ബി.ഐ ഒരിക്കലും ഛത്തിസ്ഗഢ് ഭരണകൂടത്തെ പിന്തുണക്കില്ല എന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ, ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞു. സി.ബി.ഐയും ബി.ജെ.പിക്ക് കീഴിലാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ്പ പോലെ ഛത്തിസ്ഗഢിലും എന്തെങ്കിലും പ്രത്യേക നിയമങ്ങള്‍ ഉണ്ടോ ?
ഛത്തിസ്ഗഢ് പബ്ലിക് സെക്യൂരിറ്റി ആക്ട് ഉണ്ട്. ഒരു അപ്രഖ്യാപിത സംരക്ഷണം സുരക്ഷാ ഉദ്യോഗസ്ഥർക്ക് അവിടെ നിലനിൽക്കുന്നുണ്ട്. ഒരു കേസില്‍പോലും സുരക്ഷാ സൈനികര്‍ക്കെതിരെ ഒരു ജഡ്ജ്മെന്റ് പോലും ഉണ്ടാകുന്നില്ല. അപ്പോള്‍ കോടതിയില്‍നിന്നും കിട്ടുന്ന ഈ സംരക്ഷണം അവര്‍ ആസ്വദിക്കുന്ന ഒരവസ്ഥ വന്നുചേരുന്നുണ്ട്.
1992ൽ നിങ്ങള്‍ അവിടെ ചെന്നപ്പോഴും ഇപ്പോഴുമുള്ള അവസ്ഥക്ക് അല്ലെങ്കില്‍ ഭരണകൂട അടിച്ചമർത്തലിന് എങ്ങനെയാണ് മാറ്റം വന്നിട്ടുള്ളത്?
1984 ലാണ് അവിടെ മാവോവാദികള്‍ വരുന്നത്. അപ്പോൾ വളരെ ഒറ്റപ്പെട്ട ഏറ്റുമുട്ടൽ കൊലകൾ മാത്രമാണുണ്ടായിരുന്നത്. 2005നു ശേഷമാണത് വ്യാപകവും അത്രമാത്രം ഭീകരവുമായി മാറിയത്. അതുവരെ ആദിവാസികളെ എല്ലാ ആളുകളും സാമ്പത്തികമായും ശാരിരീകമായും ദുരുപയോഗം ചെയ്യുകയും ചൂഷണംചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുപോന്നു. കോൺട്രാക്ടര്‍മാർ, കച്ചവടക്കാർ, ഉദ്യോഗസ്ഥർ അങ്ങനെ എല്ലാ വിഭാഗത്തിലുംപെട്ട ആളുകള്‍ ഇത് ചെയ്തുപോന്നു. മാവോവാദികള്‍ വന്നശേഷം ഇത്തരത്തില്‍ ചൂഷണംചെയ്യുന്നവരെ തേടിപ്പിടിച്ച് അവര്‍ ശിക്ഷിക്കുമെന്ന ഭയംകൊണ്ട് അത്തരം ചൂഷണങ്ങള്‍ ഒക്കെ അത്ര കഠിനമായി നടക്കുന്നത് ഇല്ലാതായി. അപ്പോള്‍ ആദിവാസികള്‍ ആ സമയം മാവോവാദികളാല്‍ സംരക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് സല്വാജുദൂമും മറ്റ് സേനകളും കടന്നുവന്നതോടെ എല്ലാറ്റിനും വ്യത്യാസമുണ്ടായി. വളരെ വിപുലമായ തോതില്‍ ആക്രമണമുണ്ടായി. മാവോവാദികളും എണ്ണത്തില്‍ കൂടി. കാരണം, ആയിരത്തിലേറെ ഗ്രാമങ്ങളെ ഭരണകൂടം ആക്രമിക്കുമ്പോൾ അവരെ പ്രതിരോധിക്കാൻ ചെറുപ്പക്കാർ ഗറിലകളായി മാറുകയാണ്. അവിടെ മറ്റൊരു ഓപ്ഷൻ ഇല്ല. തങ്ങളെ ആക്രമിക്കുന്ന സേനയെ അവര്‍ എതിര്‍ക്കുന്നത് സംഘടിതരായി അമ്പും വില്ലുമൊക്കെ ഉപയോഗിച്ചാണ്. അതിനെ ജൻമിലിഷ്യ എന്നാണ് പറയുന്നത്. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ആ സേനയില്‍ ചേര്‍ന്നിട്ടുണ്ട്. മാവോവാദികളുടെ എണ്ണം കുറച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, വാസ്തവത്തില്‍ സല്വാജുദൂംകൊണ്ട് മാവോവാദികളുടെ എണ്ണത്തില്‍ വന്‍വർധനയാണ് ഉണ്ടായിട്ടുള്ളത്.
സുപ്രീംകോടതി കേസില്‍ ഇനിയെന്താണ് അടുത്തപടി?
ഞങ്ങള്‍ ഒരു റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. ജഡ്ജ്മെന്റ് തിരുത്തിയാല്‍ അതിനെ ഞങ്ങള്‍ സ്വാഗതംചെയ്യും. അല്ല മറിച്ചാണെങ്കില്‍ ജയിലില്‍ പോകും. എന്തായാലും കാത്തിരിക്കുന്നു. എന്തുതന്നെയായാലും ഞങ്ങള്‍ ജനങ്ങള്‍ക്ക് നീതിവാങ്ങി കൊടുക്കുന്നതിനും ആ പ്രദേശങ്ങളില്‍ സമാധാനമുറപ്പിക്കുന്നതിനും ആദിവാസികളുടെ ജീവിതക്ലേശങ്ങള്‍ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങളിലൂടെ കുറക്കുന്നതിനും വേണ്ടിയുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും.
ഭഗത് സിങ് തൂക്കുമരച്ചുവട്ടില്‍ നിന്നുകൊണ്ടെഴുതിയ കത്തില്‍ അദ്ദേഹം പറയുന്നുണ്ട്: ''ഈ യുദ്ധം ഞാന്‍ സ്വയം തിരഞ്ഞെടുത്തതല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വം എന്റെമേല്‍ അടിച്ചേൽപിച്ചതാണ്. അവര്‍ നമ്മുടെ വിഭവസ്രോതസ്സുകളും അധ്വാനിക്കുന്ന ജനങ്ങളുടെ അധ്വാനത്തെയും ചൂഷണംചെയ്യുന്ന ഒരു വ്യവസ്ഥിതിയാണ് നടപ്പാക്കുന്നത്. നാളെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഇവിടന്നു പോയിക്കഴിഞ്ഞാലും ഈ വ്യവസ്ഥിതി തുടരുന്ന കാലത്തോളം അതിനെതിരായുള്ള പോരാട്ടം നമുക്ക് നടത്തേണ്ടിവരും.'' ആ പോരാട്ടപാതയിലാണ് ഇപ്പോള്‍ നമ്മുടെ രാജ്യം എത്തിനില്‍ക്കുന്നത്. ആ യുദ്ധമാണിവിടെ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.